2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

മനസ്സിന്റെ വിലീനത ആത്മാവിന്റെ പ്രാകട്യം




സലിലെസൈന്ധവംയദ്വല്‍ സാമ്യം ഭവതി യോഗത:
തഥാത്മമനസോരൈക്യം സമാധിരഭിതീയതെ

ഉപ്പ്‍ ജലത്തോട്‍ ഏകീകരിക്കുന്നതുപോലെ മനസ്സ്‍ ആത്മാവിനോട്‍ യോഗത്താല്‍ ഐക്യത്തെ പ്രാപിക്കുന്നതാകുന്നു സമാധി. എന്നാല്‍ ജലത്തില്‍ ചേര്‍ക്കപ്പെട്ട ഉപ്പ്‍ ജലരൂപമാകുന്നതുകൊണ്ട്‍ ജലം എന്ന ഒരു രൂപം മാത്രമേ കാണുന്നുള്ളു. 


ആത്മാവും മനസ്സും ഒന്നായിത്തീരുന്ന അവസ്ഥതന്നെ സമാധി. വെള്ളത്തില്‍ ഉപ്പ്‍ കലര്‍ന്നാല്‍ വെള്ളം മാത്രം അവശേഷിക്കുന്നതുപോലെ മനസ്സിനെ ആയുധമാക്കി ആത്മാവിന്റെ അന്വേഷിക്കുമ്പോള്‍ അന്വേഷിക്കാനുപയോഗിച്ച മനസ്സ്‍ ഇല്ലാതാകുന്നു, അത്‍ ആത്മാവില്‍ വിലീനമാകുന്നു. വെള്ളത്തില്‍ ഉപ്പ്‍ ചേര്‍ന്നാല്‍ വെള്ളത്തിന്‌ ഉപ്പിന്റെ സ്വാദുണ്ടാകും. എന്നാല്‍ ആത്മാവില്‍ മനസ്സ്‍ വിലീനമാകുന്നതോടെ മനസ്സിന്റെ ഒന്നുംതന്നെ ശേഷിക്കുന്നില്ല, അത്‍ തീര്‍ത്തും ഇല്ലാതാകുന്നു. വാസ്തവത്തില്‍ മനസ്സ്‍ ഇല്ലാതാകുന്ന അവസ്ഥയാണ്‌ ആത്മദര്‍ശനം. മനസ്സ്‍ അസ്തമിയ്ക്കുന്നതോടെ ആത്മാവ്‌ പ്രകടമാകുന്നു, ബോധ്യപ്പെടുന്നു.  നല്ല ഉറക്കത്തിലും മനസ്സ്‍ ഇല്ലല്ലൊ, അവിടെ എന്താ ആത്മാവിനെ അറിയാത്തത്‍ എന്ന സംശയം ജനിയ്ക്കാം. ഉറക്കം താമസിക ഗുണമാണ്‌. ഉറക്കം ഗുണത്തിന്‌ അധീനമാണ്‌. ഉറക്കം അഗ്രഹണത്തിന്റെതാണ്‌, അവിടെ ഒന്നും ഗ്രഹിക്കുന്നില്ല. എന്നാല്‍ മനസ്സ്‍ ഇല്ലാതാകുന്നത്‍ ജാഗ്രത്തില്‍നിന്നുകൊണ്ടാണ്‌. ജാഗ്രത്ത്‍ ഗ്രഹണത്തിന്റെതാണ്‌, ഗ്രാഹ്യതലമാണ്‌. ഇതാണ്‌ വ്യത്യാസം. 






അഭിപ്രായങ്ങളൊന്നുമില്ല: