2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

അപഹരതി പാപം ഇതി ഹര


ഹരഹരോ ഹര

കാമ്‍നകള്‍കൊണ്ട്, ആഗ്രഹങ്ങള്‍കൊണ്ട്‍ അവിശുദ്ധമായ തലത്തിലാണ്‌ ജനനം. ഗര്‍ഭസ്ഥിതമായിരിയ്ക്കുന്ന ജന്തുവിനും ആഗ്രഹങ്ങളുണ്ട്‌, അച്ഛനമ്മമാര്‍ക്കും ആഗ്രഹങ്ങളുണ്ട്‍. കാമമെന്ന പാപത്തിന്റെ സ്പര്‍ശമില്ലാതെ കര്‍മമേഖല ഇല്ല. അങ്ങിനെയെങ്കില്‍ ജീവിതം അസഹ്യമല്ലെ. എല്ലാ കര്‍മ്മവും അജ്ഞാനാന്തര്‍ഗ്ഗതമായ കാമമെന്ന പാപംകൊണ്ട് അല്പമെങ്കിലും സ്പര്‍ശിയാണെങ്കില്‍ എങ്ങിനെ കര്‍മ്മം ചെയ്യും.

ആ പാപത്തെ ഹരിയ്ക്കണം, നശിപ്പിയ്ക്കണം. സര്‍വ്വപാപഹരനായ, ഹരനെന്ന ഭഗവാനെ, സമീപിയ്ക്കണം.

ഹരതി അപഹരതി പാപം ഇതി ഹര:  എന്ന്‍ വ്യുല്‍പ്പത്തി.

എല്ലാ പാപങ്ങളേയും നശിപ്പിയ്ക്കുന്നവന്‍, അപഹരിച്ച്‍ ഇല്ലാതാക്കുന്നവന്‍ ആരോ അവന്‍ ഹരന്‍.  പാപം ചെയ്തവനില്‍നിന്ന്‍ ആ പാപങ്ങളെ മുഴുവനും അപഹരിച്ച്‍ ഇല്ലാതാക്കുന്നു. കാണാതെ, അറിയാതെ എടുക്കുക എന്ന സാമാന്യമായൊരു അര്‍ഥമല്ല അപഹരിയ്ക്കുക എന്നതിന്‌. മറ്റുള്ളവര്‍ കാണ്‌കെ, മധ്യത്തില്‍നിന്നുതന്നെ ബലംപ്രയോഗിച്ച്‍ തട്ടിക്കൊണ്ടുപോകുന്നതാണ്‌ അപഹരിയ്ക്കല്. ഭക്തന്റെ, ഉപാസകന്റെ, പ്രാര്‍ഥനയോ, ആഗ്രഹമോ ആജ്ഞയോ ഇല്ലാതെത്തന്നെ ഏറ്റെടുത്ത്‍ നശിപ്പിയ്ക്കുന്നു. ഭക്തന്റെ ചിത്തത്തെ അപഹരിയ്ക്കുന്നവനാണ്‌ ഭഗവാന്‍. കള്ളന്മാരില്‍വെച്ച്‍ ഏറ്റവും വലിയ കള്ളനാണ്‌ ഭഗവാന്‍. അതുകൊണ്ടുതന്നെ ആ മഹാകള്ളനെ നമിയ്ക്കുന്നതും സനാതനധര്‍മ്മിയ്ക്ക്‍ ഒരു മന്ത്രമാണ്‌. ഓം തസ്കരാണാം പതയേ നമ: എന്ന മന്ത്രം ഉത്തമോദാഹരണമാണ്‌.   ഭഗവാന്‍ ഭക്തന്‌ അടിമയാകുന്ന തലമാണ്‌ ഇത്‍. ഭക്തന്‍ വേണ്ടെന്ന്‍ വെച്ചാലും ചെയ്യാതിരിയ്ക്കാന്‍ പറ്റില്ല. സര്‍വ്വശക്തനായ ജഗദീശ്വരന്‍ ഭക്തന്റെ അധീശത്വത്തില്‍ വര്‍ത്തിയ്ക്കുന്ന ഒരു തലം. ആ അവസ്ഥ ഒന്ന്‍ ഭാവന ചെയ്ത്‌ നോക്കുക.

ഹരതി സംഹരതി ഇതി വിശ്വം, എന്നും ഹര ശബ്ദത്തിന്‌ വ്യുല്‍പ്പത്തിയുണ്ട്‍.

സംഹാരമെന്നാല്‍ കൊല്ലുക എന്നല്ല അര്‍ഥം. സംഹാരമെന്നാല്‍ പ്രസാരിതമായ ഭുവനത്തിന്റെ ഉപസംഹാരം എന്ന്‍ അര്‍ഥം. തന്നില്‍നിന്നുളവായ പ്രപഞ്ചത്തെ തന്നിലേയ്ക്ക്‍ തിരിച്ചെടുക്കുക.  ഒരു ഇന്ദ്രജാലക്കാരന്‍ പലതും ഉണ്ടാക്കിക്കാണിയ്ക്കും. അതിനുശേഷം അവന്‍തന്നെ അതിനെ ഉപസംഹരിയ്ക്കും. തന്നില്‍നിന്നുല്പന്നമായ നൂലുകൊണ്ട്‍ വലകെട്ടി, ആ വല തന്നിലേയ്ക്കുതന്നെ ലയിപ്പിയ്ക്കുന്നതാണ്‌ എട്ടുകാലിയുടെ പ്രത്യേകത.  തന്നില്‍നിന്ന്‍ പ്രസാരിതമായ ഈ വിശ്വത്തെ തന്നിലേയ്ക്കുതന്നെ ലയിപ്പിയ്ക്കുന്നു. ഈ ദ്ര്‌ഷ്ടപ്രപഞ്ചത്തെ സംഹരിയ്ക്കുന്നു, അതുകൊണ്ട്‍ ഹരന്‍.

ഈ കാണുന്ന പ്രപഞ്ചവും, ഇതിലെ സകല കര്‍മ്മകലാപങ്ങളും എന്റെ സ്വപ്നത്തിലാണ്‌, എന്റെ ഭാവനയിലാണ്‌, എന്റെ സങ്കല്‍പ്പത്തിലാണ്‌.  എന്നിലെ ഞാനില്‍നിന്ന്‍ ഞാന്‍ അകന്നുപോകുമ്പോള്‍ മാത്രമേ  എനിയ്ക്ക്‍ ഞാനും എന്റെ ചുറ്റുപാടുകളും ഉള്ളു.   എന്റേതെന്ന്‍ ഞാന്‍ അഭിമാനിയ്ക്കുന്ന ഭാര്യയോ ഭര്‍ത്താവോ അച്ഛനോ അമ്മയോ മക്കളോ വീടോ സമ്പത്തോ ഐശ്വര്യമോ ഉദ്ദ്യോഗമോ എല്ലാം ഞാന്‍തന്നെ ഉണ്ടാക്കിയതാണ്‌, ഞാന്‍ സ്വയം അതിനുള്ളില്‍ കയറി അതിന്റെ നൂലാമാലകളില്‍ കെട്ടിപ്പിണഞ്ഞ്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്നു. അത്‌ ഒരു കെട്ടിപ്പിണഞ്ഞ്‍ കിടത്തമാണെന്ന്‍ മനസ്സിലാക്കുന്നില്ല, അറിയുന്നില്ല. തിരിച്ചറിഞ്ഞാലും, അതില്‍നിന്ന്‍ ഊരിപ്പോരാനും തയ്യാറല്ല, അതിനുള്ള ധൈര്യമില്ലാതാവുന്നു.  എന്റെ ചുറ്റുപാടുകളില്‍ എനിയ്ക്ക്‍ ദ്ര്‌ഷ്ടമാകുന്ന ഈ പ്രപഞ്ചം എന്റെ ഗാഢസുഷുപ്തിയില്‍ ഞാന്‍ എന്നിലേയ്ക്കുതന്നെ ലയിപ്പിയ്ക്കുന്നു, എന്നിലേയ്ക്കുതന്നെ ലയിയ്ക്കുന്നു.

പകല്‍ തുടങ്ങുന്നതോടെ എന്തെല്ലാം കര്‍മ്മങ്ങളിലൂടെയാണ്‌ മനുഷ്യന്‍ അവന്റെ ജാഗ്രത്തിലും സ്വപ്നത്തിലും സ്ര്‌ഷ്ടിയ്ക്കുന്നത്‌. അതെല്ലാംകൂടി രാത്രിയുടെ സുഷുപ്തിയിലേയ്ക്ക്‍ വഴുതിവീഴുന്നതോടെ സംഹ്ര്‌തമാകുന്നു. അങ്ങിനെ വിശ്വത്തെ രചിയ്ക്കുകയും വിശ്വത്തെ സംഹരിയ്ക്കുകയും ചെയ്യുന്നവന്‍ ഹരന്‍. പ്രപഞ്ചത്തെ പ്രകര്‍ഷേണ വിലയം (പ്രളയം) പ്രാപിപ്പിയ്ക്കുന്ന വ്ര്‌ത്തിയാണ്‌ തന്നാല്‍ പ്രസാരിതമായ ഈ ഭുവനത്തെ തന്നിലേയ്ക്ക്‍ ഉപസംഹരിയ്ക്കുന്ന ഹരണം.  മനുഷ്യന്റെ ജാഗ്രത്‍സ്വപ്നങ്ങളില്‍ അവന്‍ സ്ര്‌ഷ്ടിച്ച വിശ്വത്തെ, അവന്‍തന്നെ അവന്റെ സുഷുപ്തിയിലേയ്ക്ക്‍ കൊണ്ടുപോയി സംഹരിയ്ക്കുന്നു. സുഷുപ്തികാലേ സകലേ വിലീനേ എന്ന്‍ പ്രമാണവും.

സുഷുപ്തിയില്‍ ജീവന്‍ വിശ്രമിയ്ക്കുന്ന പുത്‌ എന്ന സങ്കേതം സര്‍വ്വദാ ഉത്തമോത്തമമായിരിയ്ക്കണം. ഉറക്കം കിട്ടുന്നില്ലെങ്കില്‍, പുത്‌ എന്ന സങ്കേതം വികലമാണെന്നാണ്‌ അര്‍ഥം. അതിന്‌ ഗുളികകള്‍ കഴിച്ചിട്ട്‍ കാര്യമില്ല. അത്‌ ആ സങ്കേതത്തെ കൂടുതല്‍ വികലമാക്കാനേ ഉതകൂ. ഗുളികകളെക്കൊണ്ട്‍ ചിന്തകളെ അടക്കിയാല്‍ ക്ഷീണമുണ്ടാകും.  ആ പുത്‍ എന്ന സങ്കേതത്തിനെ എങ്ങിനെ ഉത്തമോത്തമമാക്കാം. ജാഗ്രത്തിലും സ്വപ്നത്തിലും ഞാന്‍ എത്രയോ പശുക്കളെ തുറന്നുവിട്ടിട്ടുണ്ട്‍. പശു എന്നാല്‍, സര്‍വ്വാന്‍ അവിശേഷേണ പശ്യതി ഇതി പശു. വിശേഷബുദ്ധിയില്ലാതെ എല്ലാത്തിനേയും  തിന്നുന്നതാണ്‌ പശു. ആ സ്വഭാവമാണ്‌ പശുത. ജാഗ്രത്തില്‍ ഞാന്‍ തുറന്നുവിട്ട എല്ലാ പശുക്കളും തെണ്ടി നടക്കും, അവയെ കൂടണയ്ക്കണം. ഓരോന്നിനേയും ആട്ടിത്തെളിച്ച്‍ കൊണ്ടുവരണം. ഓരോ ചിന്തകളേയും അപഗ്രഥിയ്ക്കണം. അപ്പൊ വഴികളൊക്കെ തിരിച്ചറിയും, തിരിച്ചറിഞ്ഞാല്‍ എന്നിലേയ്ക്കുതന്നെ തിരിച്ചുപോരും, കൂടണയും. നമ്മുടെ ബോധത്തില്‍നിന്ന്‍ ജനിച്ചത്‌ നമ്മുടെ ബോധത്തില്‍തന്നെവേണം ലയിക്കാന്‍.

ഏന്റെ ജീവിതത്തിലെ ഓരോ ജാഗ്രത്തിനെയും  ഓരോ സ്വപ്നത്തിനേയും സുഷുപ്തിയിലേയ്ക്ക്‍ എത്തിച്ച്‍ വീണ്ടും വളര്‍ന്നുവരുമ്പോള്‍ എന്തിനെയാണ്‌ ഹരിയ്ക്കുന്നത്‌.   ആ ജാഗ്രത്തിലെ, സ്വപ്നത്തിലെ, കര്‍മ്മകലാപങ്ങളില്‍നിന്നുത്ഭൂതമായ, ജന്മാന്തര പാപങ്ങളെയാണ്‌ ഹരിയ്ക്കുന്നത്‍. എത്രയോ ജന്മങ്ങളിലൂടെയാണ്‌ പാപവും പുണ്യവും സംഗ്രഹിയ്ക്കുന്നത്‍. അതിനെയാണ്‌ ഹരിയ്ക്കുന്നത്‍. ജന്മാന്തര പാപങ്ങളെ ഹരിയ്ക്കാന്‍ അവനവനല്ലാതെ മറ്റാര്‍ക്കുംതന്നെ സാധ്യമല്ല. അതിനെ അനുഭവിയ്ക്കുന്നത്‍ കേവലം ഏകനായിട്ടുതന്നെയാണ്‌. കൂട്ടുകാരോ വീട്ടുകാരോ നാട്ടുകാരോ, കൂട്ടായ്മകളോ, സാമൂഹികതയോ ഒന്നുംതന്നെ അതില്‍ ഒരുവന്‌ സാഹായ്യ്യമാകുന്നില്ല. മാനവദേഹമെടുത്ത്‍ അവതരിച്ച സ്വയം ഭഗവാന്‍ ക്ര്‌ഷ്ണന്‌  ആറ്‌ സഹോദര മ്ര്‌ത്യു കഴിഞ്ഞിട്ടേ ജനിയ്ക്കാന്‍ സാധിച്ചുള്ളു. അതും കല്‍ത്തുറുങ്കില്‍.  ആ കല്‍ത്തുറുങ്ക്‍ എന്ന്‍ പറയുന്നതുതന്നെ പാപപങ്കിലമായതുകൊണ്ടാണ്‌. ജന്മാന്തര പാപത്തിന്റെ പ്രബലതയാണ്‌ കല്‍ത്തുറുങ്കിലെ ജനനം. ആറ്‌ ജ്യേഷ്ഠസഹോദരമ്ര്‌ത്യു എന്നത്‍ എന്റെ തന്നെ പൂര്‍വ്വപാപങ്ങളാണ്‌. എന്തുകൊണ്ട്‍ ആ മ്ര്‌ത്യുവിനെയൊന്നും ശ്രീക്ര്‌ഷ്ണന്‌ തടുക്കാന്‍ പറ്റിയില്ല. അതൊക്കെ സ്വയം അനുഭവിച്ചുതന്നെ തീര്‍ക്കണം. അതിന്‌  വേറെ കുറുക്കുവഴികളില്ല.





അഭിപ്രായങ്ങളൊന്നുമില്ല: