അപ്പം തിന്നാല്‍ പോരെ, കുഴി എണ്ണണോ...
വേണ്ട, എന്നാണ് സ്ഫുരിയ്ക്കുന്നത്‍ എന്നത്‍ ശരിതന്നെ. അത്‍ അതിന്റെ ഗുണമല്ല. എന്റെ വിഗുണമാണ്. ഈ ചൊല്ല് കുഴി എണ്ണണ്ട എന്ന അര്‍ഥത്തിലാണ് ഉപയോഗിയ്ക്കുന്നത്‍. അതല്ല ശരിയ്ക്ക്‍ അതിന്റെ അര്‍ഥം. ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണണ്ട എന്ന്‍ പറയുന്നതുപോലെയാണ് ഇതും ഉപയോഗിയ്ക്കുന്നത്‍. വാസ്തവത്തില്‍ ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണിനോക്കണ്ട ആവശ്യം വരുന്നില്ല, വരില്ല, വരാന്‍ പാടില്ല. കാരണം ദാനം കൊടുക്കുന്നത്‍ ഏറ്റവും ഉത്തമമായത്‍ മാത്രമായിരിയ്ക്കണം. അപ്പൊ പശുവിന് എല്ലാ പല്ലും ഉണ്ടാവും, എല്ലാ ഇന്ദ്രിയവും സക്രിയവും സുസജ്ജവും ആയിരിയ്ക്കും. നല്ലതുമാത്രമേ ദാനത്തിന് അര്‍ഹതനേടുന്നുള്ളു എന്നതാണ് ദാനത്തിന്റെ നിയമം. അതേപോലെ അപ്പമുണ്ടാക്കുന്ന കാരോല്, ശുദ്ധമുള്ളതാവണം. അത് അതിഥിയാകുന്ന ദേവന് -അതിഥി ദേവോ ഭവ: - നിവേദിയ്ക്കാനുള്ളതാണ്. നെയ്യില്‍ വാര്‍ത്തെടുക്കുന്ന അപ്പം ഒരിയ്ക്കലും അശുദ്ധി ഉണ്ടാവില്ല. അത്‍ വളരെ നന്നായിരിയ്ക്കും. അതുകൊണ്ട്‍ അത്‍ വാര്‍ത്തെടുത്ത കാരോലിന്റെ കുഴി എണ്ണണ്ട ആവശ്യമേ ഇല്ല എന്ന അര്‍ഥത്തിലാണ് പ്രയോഗിയ്ക്കേണ്ടത്‍. ഇന്ന്‍ നാം അതൊക്കെ മറന്നു. കാട്ടിലെ കോവിലില്‍ എന്ത്‍ സംക്രാന്തി എന്നതിനു പകരം കാട്ടിലെ കോഴിയ്ക്ക്‍ എന്ത് സംക്രാന്തി എന്ന്‍ ലോപിച്ച്‍ അര്‍ഥമില്ലാത്തതായി. കാട്ടിലെ കോഴിയ്ക്ക്‍ എന്ത് സംക്രാന്തി, എന്ന്‍ പറഞ്ഞാല്‍, നാട്ടിലെ കോഴിയ്ക്ക്‍ സംക്രാന്തി ഉണ്ട്‍ എന്നാണര്‍ഥം. അതുണ്ടോ, ഇല്ല തന്നെ. അതുപോലെ ഇതും ആയി. ആധ്യാത്മികതയില്‍ കുഴി എണ്ണണം. ആരാണ് ഉണ്ടാക്കിയത്‍, പാത്രം തേച്ച്‍ കഴുകിയതാണോ, വ്ര്‌ത്തിയുണ്ടോ, ദ്രവ്യശുദ്ധിയുണ്ടോ എന്നൊക്കെ നോക്കിയതിനുശേഷമേ അപ്പം കഴിയ്ക്കാവൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ