ആന്തരിക സത്യ നിഷേധം
ഒരു ദിവസം എത്ര പ്രാവശ്യം ബാഹ്യമായ കാര്യങ്ങളില്‍ ഞാന്‍ വ്യാപ്ര്‌തനാകുന്നുവോ, അത്രയും തവണ, അത്രയും സമയം, എന്റെ ആന്തരിക സത്യത്തെ ഞാന്‍ നിഷേധിയ്ക്കുന്നു. ജാഗ്രത്തായി വര്‍ത്തിയ്ക്കേണ്ടുന്ന അന്ത:രിന്ദ്രിയം, അതിനെ ബാഹ്യപ്രചോദനത്താല്‍ മറച്ച്‍, കണ്ടതിനേയും കേട്ടതിനേയും എതിരെ പ്രതികരിയ്ക്കുന്നു. ഓരോ പ്രതികരണത്തിനും വേണ്ടി ഞാന്‍ എന്റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്നു. പ്രതികരിയ്ക്കുമ്പോള്‍, ഏതൊരു ആശയത്തിനോടാണോ പ്രതികരിയ്ക്കുന്നത്‍, ആ ആശയം ഞാന്‍തന്നെയായി മാറുന്നു. അങ്ങിനെ മാറുമ്പോള്‍ മാത്രമേ പ്രതികരിയ്ക്കാനും പറ്റു. അപ്പോഴെല്ലാം, എന്റെ അന്തസ്ഥിത ചൈതന്യത്തെ ഞാന്‍ നിഷേധിയ്ക്കുന്നു. എന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ആസക്തിയുടെ അസ്തമനമാണ് ആത്മസാക്ഷാത്‍കാരം. ഏതുവരെ ആസക്തി സജീവമായി നിലനില്‍ക്കുന്നുവോ, അതുവരെ ആത്മസാക്ഷാത്‍കാരം ഇല്ല. ആസക്തിയിലൂടെ അനാസക്തി എന്ന പാതയ്ക്ക്‍ നീളം കൂടും. അടുത്തൊരു ജന്മത്തിനുംകൂടിയുള്ള ബീജാപാവം ചെയ്തു എന്ന്‍ സാരം.
ഏതൊന്നിലാണോ ആസക്തി, അതിനെയായിരിയ്ക്കും ധ്യാനിയ്ക്കുന്നത്‍. അതില്‍നിന്ന്‍ ലഭ്യമാകുന്നത്‍ ആനന്ദം എന്ന ഒരു ഭ്രമം മാത്രം. അത്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ തരും. താത്‍കാലികമായിട്ട്‍ കിട്ടുന്നതൊന്നുമല്ല ആത്മസാക്ഷാത്‍കാരം. താത്‍കാലികമായിട്ട്‍ കിട്ടുന്നത്‍ ആനന്ദവും അല്ല. സുഖമെന്ന തോന്നലാണ്. അത്‍ ഐന്ദ്രിയപരമാണ്. ആനന്ദം ഇന്ദ്രിയാതീതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ