2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അറിയുന്നവന്റെ അറിവില്ലായ്മ - ALL THAT KNOW IS BELOW THE KNOWER

ഏതൊരു വിഷയത്തെ കുറിച്ച്‍ നാം അറിയുന്നുവോ ആ വിഷയം നമ്മെക്കാള്‍ താഴെയാകുന്നു, നമുക്ക്‍ അധീനമാകുന്നു.

അറിയുന്ന വിഷയങ്ങള്‍ മുഴുവനും അറിയുന്നവന്‌ വിഷയീഭവിക്കുന്നതുകൊണ്ട്‍ വിഷയങ്ങളെല്ലാം അറിയുന്നവനേക്കാള്‍ താഴെയാണ്‌. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ അറിയാന്‍ ശ്രമിക്കുക എന്നത്‍ അറിവില്ലായ്മയുടെ തീവ്രത രേഖപ്പെടുത്തുന്നു. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെകുറിച്ച്‍ അറിയാനുള്ള തത്രപ്പാടാണ്‌ ആധുനിക ശാസ്ത്രം മുഴുവനും. അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ കുറിച്ച്‍ അറിഞ്ഞതിന്റെ അഹങ്കാരവും പേറിക്കൊണ്ടാണ്‌ എല്ലാവരും നടക്കുന്നത്‍. അതിനാണ്‌ ലോകം മുഴുവനും അംഗീകാരം കൊടുക്കുന്നതും. അതുകൊണ്ടാണ്‌ മണ്ടന്മാരുടെ കൂട്ടയോട്ടമാണ്‌  ഈ ലോകം  എന്ന്‌ പറയുന്നത്‍. 
അറിയുന്നവനേക്കാള്‍ താഴെയുള്ളതിനെ അറിയാന്‍ എന്തിരിക്കുന്നു. ഇന്നുവരെ അറിഞ്ഞതെല്ലാം അറിഞ്ഞവനേക്കാള്‍ താഴെയാണെന്ന്‍ അറിഞ്ഞപ്പോള്‍ അറിഞ്ഞുവല്ലൊ. പിന്നെ എന്തിനാ വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നത്‍. 

ഈശ്വരനെകൂടി അളന്ന്‍ തിട്ടപ്പെടുത്തുന്നവരുടെ ഇടയിലാണ്‌ നാം ജീവിക്കുന്നത്‍. ഈശ്വര ചൈതന്യത്തെ അളന്നു തിട്ടപ്പെടുത്തുമ്പോള്‍ അളക്കുന്നവന്‍ മീതെയും അളക്കപ്പെടുന്ന ബ്രഹ്മചൈതന്യം അളക്കുന്നവനു വിഷയീഭവിക്കുന്നതുകൊണ്ട്‍ അത്‍ താഴെയുമാണ്‌. അതുകൊണ്ടുതന്നെ ഈശ്വരനെന്നും ബ്രഹ്മമെന്നുമൊക്കെ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ ജനങ്ങളുടെ മനസ്സില്‍ കാര്യമായി യാതൊരു ചലനങ്ങളോ ആന്ദോളനങ്ങളോ ഭാവനകളോ ഉണ്ടാക്കുന്നില്ല, മാത്രമല്ല, ആ തത്ത്വത്തിനെത്തന്നെ ചോദ്യംചെയ്യാനുള്ള പ്രവണത ഉടലെടുക്കുകയും ചെയ്യുന്നു.


ബ്രഹ്മം എന്നു പറഞ്ഞാല്‍ ഊര്‍ജ്ജമാണെന്നും ആ ഊര്‍ജ്ജം ഇത്ര കിലൊ, ഇത്ര ടണ്‍ എന്നൊക്കെ അളന്നു തിട്ടപ്പെടുത്താമെന്നുമാണ്‌ ആധുനികന്റെ നിഗമനം. ബ്രഹ്മമാണ്‌ സകല സ്ര്‌ഷ്ട്രിക്കും ഈ പ്രപഞ്ചത്തിലെ സകല കര്‍മ്മകലാപങ്ങള്‍ക്കും കാരണം എന്ന്‍ മാനവന്റെ പരിമിതമായ 
മനോബുദ്ധികളെക്കൊണ്ട്‍ ആറ്റിക്കുറുക്കി മനസ്സിലാക്കുമ്പോള്‍, ഈ ബ്രഹ്മത്തിന്‌ ഇത്രയൊക്കെ ശക്തിയേ ഉള്ളു, ഇത്രയൊക്കെ കഴിവേ ഉള്ളു എന്ന്‍ വരുന്നു.  ഒരു വിഗ്രഹത്തില്‍ ഇത്ര
ടണ്‍ എനര്‍ജ്ജിയാണുള്ളതെന്ന്‍ അളന്നു തിട്ടപ്പെടുത്തുമ്പോള്‍, ബ്രഹ്മത്തിന്‌ ഇത്രയേ അളവുള്ളുവോ എന്നാണ്‌ മനസ്സിലുദിക്കുന്നത്‍. ആ എനര്‍ജ്ജിയുടെ ഒരു അംശമാണ്‌ എന്നിലേക്ക്‍ എത്തുന്നത്‍, അതിനായിക്കൊണ്ട്‍ വിഗ്രഹത്തിനെ വന്ദിക്കണം, എന്നൊക്കെ പറയുമ്പോള്‍, എനര്‍ജിയ്ക്ക്‍  നല്ല ഭക്ഷണം കഴിച്ചാ പോരേ, അല്ലെങ്കില്‍ ഹോര്‍ലിക്സോ ബൂസ്റ്റോ ഒക്കെ  കുടിച്ചാല്‍ പോരേ എന്നൊരു സംശയം ഉദിക്കുന്നു.
അങ്ങിനെയാണെങ്കില്‍, അത്‍ കേവലം എനര്‍ജിയാണെങ്കില്‍
ആ ബ്രഹ്മതേജസ്സിനെ അളന്നു തിട്ടപ്പെടുത്തിയെന്ന്‍ പറയുന്നവനെ വേണ്ടേ പൂജിയ്ക്കാനും നമസ്കരിക്കാനുമൊക്കെ. കാരണം അവന്‍ ആ ശക്തിയേക്കാള്‍ മീതെയല്ലെ വിരാജിക്കുന്നത്‍.  

അറിയപ്പെട്ടതൊന്നും ബ്രഹ്മമല്ലെന്ന്‍ തിരിച്ചറിയുന്ന നിമിഷം ബ്രഹ്മത്തെ അളക്കാനുപയോഗിച്ച അളവുകോലുകളെല്ലാം വലിച്ചെറിഞ്ഞ്‍, സ്വന്തം വിഡ്ഡിത്തരങ്ങളെ മനസ്സിലാക്കുകയും, അവനവനോടുതന്നെ പുച്ഛം തോന്നുകയും ചെയ്യും. മാത്രമല്ല ലോകരെ പറഞ്ഞ്‍ തെറ്റിദ്ധരിപ്പിയ്ക്കാന്‍ എത്ര പാടുപെട്ടു എന്ന്‍ ചിന്തിച്ച്‍ ശേഷജീവിതം മുഴുവനും മാനസികമായി ദു:ഖിച്ച്‍ സ്വയം നീറി നീറി ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ നിര്‍ബ്ബദ്ധിതനാവുകയും ചെയ്യും. 

ആ ശക്തിയെ അറിയാന്‍ ശ്രമിക്കുമ്പോള്‍തന്നെ വ്യക്തി അവന്റെ   വൈയ്യക്തിക സത്തയില്‍നിന്നുയര്‍ന്ന്‍ ഒരു  സാമാജികസത്തയിലേക്കുള്ള പ്രയാണം തുടങ്ങുന്നു.
അവന്‍ അവനറിയാതെത്തന്നെ അതായി തീരുന്നു. 

അറിയുന്ന വിഷയവും  അറിയുന്നതിനുള്ള സാമഗ്രിയും അറിയുക എന്ന പ്രക്രിയയും എല്ലാം ഒന്നിച്ച്‌ ഒരു ആദിമഹസ്സ്‍ മാത്രമായിത്തീരുന്നതാണ്‌ അറിവ്‍ എന്ന്‍ ഗുരുദേവന്റെ വരികളില്‍ ഇങ്ങിനെ  പറയും

അറിവുമറിഞ്ഞിടുമര്‍ഥവും പുമാന്‍തന്നറിവും

ഒരാദിമഹസ്സുമാത്രമായിടും.

ബ്രഹ്മവിദ്‍ ബ്രഹ്മൈവ ഭവതി. അതോടെ വ്യക്തിയുടെ  സകല സംശയങ്ങളും, സര്‍വ്വവിധ അന്വേഷണങ്ങളും അസ്തമിക്കുകയും  ആ ആദിമ മഹസ്സില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു.




അഭിപ്രായങ്ങളൊന്നുമില്ല: