ഓം ശ്രീ രാമചന്ദ്രായ നമ: ഓം ശ്രീ ഹനുമതേ നമ:
ഉര്‍മിളയോട്‍ അപരാധമോ !!
ആദി കാവ്യമായ ശ്രീ രാമായണത്തില്‍ അനേകം സ്ത്രീ കഥാപാത്രങ്ങളെ നമുക്കു പരിചയപ്പെടാന്‍ കഴിയുന്നുണ്ട്. ദശരഥപത്നിമാരായ കൈകേയി, കൗസല്യ, സുമിത്ര തുടങ്ങിയവര്‍ നമുക്ക് സുപരിചിതമാണല്ലൊ. കേകയ രാജാവിന്റെ പുത്രിയായ കൈകേയിയുടെ തോഴിയായിരുന്ന മന്ഥര, കൈകേയിയുടെ വിവാഹാനന്തരം കൈകേയിയുടെകൂടെ സൂര്യവംശത്തിലേയ്ക്കെത്തി. ആ മന്ഥരയെ നമുക്കെല്ലാം അറിയാം. കര്‍ദ്ദമപ്രജാപതിയുടേയും ദേവഹൂതിയുടേയും പുത്രിയും, വ്യാസപിതാവായ പരാശര മഹര്‍ഷിയുടെ മുത്തശ്ശിയും മാര്‍ത്താണ്ഡകുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ പത്നിയുമായ അരുന്ധതീ ദേവിയേയും നമുക്ക് പരിചയമുണ്ട്.
വിശ്വാമിത്ര മഹര്‍ഷിയ്ക്കൊപ്പം യാഗരക്ഷാര്‍ത്ഥം വനത്തിലേയ്ക്ക് യാത്രപോകുമ്പോള്‍, പദ്ധതിമദ്ധ്യേ പ്രത്യക്ഷപ്പെടുന്ന താടക എന്ന സ്ത്രീ കഥാപാത്രം മുതല്‍, ശബരി, കേകസി, മണ്ഡോദരി, സുനയന, അഹല്യ, അനസൂയ, സീത, ഊര്‍മിള, മാണ്ഡവി, ശ്രുതകീര്‍ത്തി, താര, ത്രിജട, ശൂര്‍പ്പണഖ തുടങ്ങി ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ കാവ്യകര്‍ത്താവ്‍ നമുക്ക് പരിചയപ്പെടുത്തുണ്ട്.
രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും അത്യന്തം മഹനീയവും ഉല്‍ക്ര്‌ഷ്ടഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരവരുടേതായ ഗ്രന്ഥങ്ങള്‍ മറ്റുള്ള രാഷ്ട്രക്കാര്‍ക്കായി കാണിച്ചുകൊടുക്കാന്‍ ഉണ്ടായിരിയ്ക്കാം. എന്നാല്‍ രാമായണം എന്ന ഗ്രന്ഥം സ്വമേധയാ സപ്തസാഗരങ്ങളും കടന്ന് ഓരൊ രാഷ്ട്രങ്ങളിലും ചെന്നെത്തിയിട്ടുണ്ട് എന്നത് ചരിത്ര സത്യം, ആ ഗ്രന്ഥത്തിന്റെ മഹനീയതയെ കുറിയ്ക്കുന്നു. ശതകോടി രാമായണങ്ങളുണ്ടെന്ന് പലയിടത്തും സുചിപ്പിച്ചു കാണുന്നുണ്ട്. എന്നാലും ഭാരതീയ രാമായണ ഗ്രന്ഥം ജനപ്രിയം നേടിയിരിയ്ക്കുന്നു, ലോകമെമ്പാടും.
രാമായണ കാവ്യത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഭാരതീയരും അഭാരതീയരുമായ എത്രയോ വ്യക്തികള്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കധീനമായി അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈങ്‍ഗികതയുടെ ദുഷ്‍പ്രവണതയില്‍ ചീഞ്ഞുനാറുന്ന പാശ്ചാത്യ സംസ്കാരത്തിനടിമപ്പെട്ട ഭാരതീയരും അഭാരതീയരുമായ പലരും രാമായണത്തിനെ അത്തരം ഒരു പുസ്തകമായി കണ്ടിട്ടുണ്ട്. എന്നാല്‍ രാമായണമാകുന്ന ഗംഗാപ്രവാഹം നിത്യനൈരന്തര്യതയോടെ ഭാരതത്തിലെ വീടുകളില്‍ ഒഴുകിക്കൊണ്ടിരിയ്ക്കുന്നു എന്നത് വിസ്മയാവഹവും... ശിവശീര്‍ഷത്തുനിന്നുത്ഭവിച്ച്, ഗോമുഖത്തു പ്രകടീഭവിച്ച്, പതീതപാവനിയായ ഗംഗ ബംഗാള്‍ ഉള്‍ക്കടലില്‍ പതിയ്ക്കുന്നതുവരെ എത്രയോ തവണ വളഞ്ഞും പുളഞ്ഞും തിരിഞ്ഞും ഒഴുകി, വഴിയിലുള്ള എല്ലാവിധ മാലിന്യങ്ങളേയും ഉള്‍ക്കൊണ്ട്, സകലവിധ ഔഷധഗുണങ്ങളേയും ഉള്‍ക്കൊണ്ട്, പണ്ഡിതനേയും പാമരനേയും, സജീവനേയും നിര്‍ജ്ജീവനേയും, ചേതനയേയും ജഡത്തേയും എല്ലാം തന്നിലേയ്ക്കാവാഹിച്ച്, തന്നെ അഭയം പ്രാപിച്ച ഒന്നിനേയും തിരസ്കരിക്കാതെ, ലക്ഷോപലക്ഷം ജീവജാലങ്ങള്‍ക്കും പ്രക്ര്‌തിയ്ക്കും ശീതളിമയുടേയും സേചനത്തിന്റേയും പരോപകാരം ചെയ്ത് എല്ലാവരേയും ശിവപാദാന്തത്തിലെത്തിച്ച്‍, നിരന്തരമായി ഒഴുകിയിട്ടും, കടലില്‍ പതിയ്ക്കുന്നതുവരെ, തന്റെ ധര്‍മ്മത്തില്‍നിന്ന്‍ തെല്ലും പതറാതെ, തന്റെ പാവനത്വം കാത്തുസൂക്ഷിച്ച്, നിത്യനിരന്തരതയോടെ യാത്രതുടരുകയും, സാഗരത്തില്‍ വിലയം പ്രാപിച്ച് നിത്യമുക്തയായിത്തീരുകയും ചെയ്യുന്നു. അതുപോലെ, അനുകൂലമായതിനേക്കാള്‍ ഒരുപക്ഷേ പ്രതികൂലമായി, എത്രയെത്ര വിഘ്നങ്ങള്‍, എത്രയെത്ര വിമര്‍ശനങ്ങള്‍, എത്രയെത്ര നിരൂപണങ്ങള്‍, എത്രയെത്ര പഠനപാഠനങ്ങള്‍, രാമായണത്തെക്കുറിച്ച് നടന്നു, നടന്നുകൊണ്ടിരിയ്ക്കുന്നു..! ഇതും വിസ്‍മയാവഹം തന്നെ എന്നത് ആരേയും അതിശയിപ്പിയ്ക്കുന്നതാണ്.
ഒരിയ്ക്കല്‍ ഒരു സദ്‍ഹ്ര്‌ദയന്‍ ചോദിയ്ക്കുകയുണ്ടായി - എന്തുകൊണ്ട് രാമായണം പഴയതാകുന്നില്ലാ എന്ന്. അതിനുത്തരമായി പറഞ്ഞത് , രാമായണത്തിന് ഗംഗയുടെ ഉപമയാണ് കൊടുത്തിട്ടുള്ളത്, ഗംഗ എന്നും നിത്യനവീനമായിരിയ്ക്കുന്നുവല്ലോ, ഗംഗ എന്ന്‍ പഴകുന്നുവോ, അതും പഴകും.
മാനവ ജീവിതത്തില്‍ നല്ലതും ചീത്തതും, ശുഭവും അശുഭവും, ദു:ഖവും സുഖവും, അനുകൂലവും പ്രതികൂലവും ആയ പല പല കാര്യങ്ങളും സംഭവ്യമാണ്. താന്‍ ചെല്ലുന്നിടത്തെയെല്ലാം, താന്‍ സ്പര്‍ശിയ്ക്കുന്നതിനെയെല്ലാം, തന്നിലേയ്കാഗമിയ്ക്കുന്നതിനെയെല്ലാം പാവനമാക്കിത്തീര്‍ക്കുക, മുക്തിയുടെ പന്ഥാവിലേയ്ക്കെത്തിയ്ക്കുക, ആശ്രയം നല്‍കുക, അഭയം നല്‍കുക, എന്ന ഗംഗാധര്‍മ്മം പോലെ, നമ്മുടെ ജീവിതവും ഗംഗയുടെ ധര്‍മ്മം ഉള്‍ക്കൊണ്ട് മാനവജീവിതം ധന്യമാക്കുന്നത് വിവേകം. ഗംഗയുടെ മൂലസ്ഥാനമായ മഹാസാഗരത്തില്‍ അവള്‍ ഒടുവില്‍ വിലയം പ്രാപിയ്ക്കുന്നതുപോലെ മാനവന്‍ ജീവിതാവസാനത്തോടെ സ്വവ്യക്തിത്വം മൂലപ്രക്ര്‌തിയില്‍ ലയിപ്പിയ്ക്കണം.
രാമായണത്തിലെ അതിപാവനപരിശുദ്ധമായ ഒരു സ്ത്രീ കഥാപാത്രമാണ് ജനകനന്ദിനിയായ സീത. കുശദ്ധ്വജ മഹര്‍ഷിയുടെ പുത്രിയായിരുന്ന വേദവതിയുടെ തുടര്‍ജന്മമാണ് സീത എന്ന് അനുബന്ധ ഗ്രന്ഥങ്ങളില്‍ കാണാം. രാമായണം കഥയെ അതിന്റെ പാരമ്യത്തിലെത്തിയ്ക്കുന്നത്‍ സീത എന്ന കഥാപാത്രമാണ്. രാമായണത്തില്‍നിന്ന് സീത എന്ന കഥാപാത്രത്തെ മാറ്റിനിര്‍ത്തിയാല്‍, രാമലക്ഷ്മണന്മാരുടെ വിശ്വാമിത്ര യാഗരക്ഷവരെ ചെന്ന്, രാമായണം അവസാനിയ്ക്കുമായിരുന്നു. രാമായണത്തെ ഒരു കവചമായി കാണുന്നവര്‍ക്ക്, അതിലെ ഋഷിയും ദേവതയും ഛന്ദസ്സും സ്വരവും പ്ലൂതവും എല്ലാം സീത തന്നെയാണ് എന്ന് പറയുന്നത് ഉചിതമായിരിയ്‌ക്കും. മിഥിലാവാസികള്‍ക്ക്‍ സീതയോടുള്ള സ്നേഹവും ആദരവും അപാരംതന്നെയാണ്. അവിടുത്തെ കഥാകാരന്മാര്‍ സീതാസ്വയംവരത്തെക്കുറിച്ച് വര്‍ണ്ണിച്ച്‍ രാമായണം കഥ അവസാനിപ്പിയ്ക്കും, കാരണം ചോദിച്ചാല്‍ അവര്‍ പറയും, ഞങ്ങള്‍ സീതയെ വിവാഹംകഴിപ്പിച്ച്‍ അയോധ്യയിലേയ്ക്ക്‍ അയയ്ക്കില്ല, കാരണം അയോധ്യയിലെത്തിയാല്‍ ഞങ്ങളുടെ കിശോരിയ്ക്ക്‍മേല്‍ ദു:ഖത്തിന്റെ വര്‍ഷമാണ്. അതുകൊണ്ട്‍ സീതാരാമവിവാഹം വരെയേ കഥ പറയൂ.. ഒന്നാലോചിച്ചുനോക്കൂ, അവര്‍ക്ക്‍ സീതയോടുള്ള ബഹുമാനവും ഭക്തിയും. ഇത് ഇപ്പോള്‍, നടക്കുന്നതാണ്.
ഭഗവാന്‍ വേദവ്യാസക്ര്‌തമായ അദ്ധ്യാത്മരാമായണം മൂലത്തിന്റെ പുനര്‍വായനയാണ് മലയാളത്തില്‍ ലഭ്യമായ തുഞ്ചത്ത്‍ രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. എല്ലാ രാമായണങ്ങളിലും മൂലപ്രക്ര്‌തിയായി ഭഗവതി സീതയെ പ്രകീര്‍ത്തിച്ചിരിയ്ക്കുന്നു. സീതയുടെ രൂപലാവണ്യത്തേയും സ്വഭാവ വൈശിഷ്ട്യത്തേയുമെല്ലാം അത്യന്തം ചാരുതയോടെ അവതരിപ്പിയ്ക്കുന്നതില്‍ എഴുത്തച്ഛനും തീരെ ലോപം കാണിച്ചിട്ടില്ല. കയ്യില്‍ വരണമാല്യവുമേന്തി മന്ദംമന്ദം ശ്രീരാമന്റെ അരികിലേയ്ക്കെത്തുന്ന മൈഥിലിയെ എഴുത്തച്ഛന്‍ വരച്ചുകാണിയ്ക്കുന്നത്‍ നോക്കൂ..
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞൂ ശോഭയോടെ
സ്വര്‍ണ്ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രന്‍ മുമ്പില്‍ സത്രപം വിനീതയായ്‍
വന്നുടന്‍ നേത്രോല്‍പല മാലയുമിട്ടീടിനാള്‍ മുന്നേ,
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടിടിനാള്‍
ജനകമഹാരാജാവിന്റെ ചാപയജ്ഞത്തില്‍ പങ്കുകൊള്ളാന്‍ എഴുത്തച്ഛനും സന്നിഹിതനായിരുന്നു എന്ന് തോന്നും, ഈ പ്രത്യക്ഷ പ്രതിപാദനം കാണുമ്പോള്‍.
വീണ്ടും തന്റെ ഇഷ്ടദേവനായ ശ്രീരാമന്റെ സൗന്ദര്യത്തെ വര്‍ണ്ണിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, എഴുത്തച്ഛന് വാക്കുകളൊന്നും കിട്ടിയില്ല. കാരണം തന്റെ ഇഷ്ടദേവന്റെ വിവാഹത്തിന് മിഥിലയില്‍ സന്നിഹിതനാവാന്‍ സാധിച്ചില്ലല്ലോ എന്ന ദു:ഖം. സീതാസൗന്ദര്യവര്‍ണ്ണന തീര്‍ന്നപ്പോള്‍, തന്റെ നാരായം (എഴുത്താണി) കയ്യില്‍നിന്നും താഴെ വീണു, മുന്‍പോട്ട് എഴുതാന്‍ പറ്റാതെ ദു:ഖിതനായി എഴുത്തച്ഛന്‍ ഒരേ ഒരു ഇരിപ്പ് ഇരുന്നു. തന്റെ ശ്രീരാമഉപാസന പൂര്‍ത്തീകരിയ്ക്കാനാവാത്ത വ്യാകുലതയും, ശ്രീരാമന്റെ സൗന്ദര്യം വര്‍ണ്ണിയ്ക്കാന്‍ കെല്പില്ലാതാവുകയും, കാവ്യം അപൂര്‍ണ്ണമായിത്തീരുമോ എന്നുമൊക്കെയുള്ള സങ്കടത്തില്‍ ദിവസങ്ങള്‍ മാറിമറിഞ്ഞത്‍ എഴുത്തച്ഛന്‍ അറിഞ്ഞില്ല. നിളയിലെ ജലനിരപ്പ്‍ ഉയരാന്‍ തുടങ്ങി. കാറ്റിന്റെ വേഗതയ്ക്ക് ആക്കം കൂടി. തുഞ്ചന്‍ പറമ്പിന്റെ അന്തരീക്ഷം മാറി. മന്ദാരമലര്‍ഗന്ധം പരന്നു. അതിസുന്ദരമായ നിമിഷങ്ങള്‍ എഴുത്തച്ഛനെ വലയം ചെയ്തു. തുഞ്ചന്റെ ശാരികപ്പൈതല്‍ ഗദ്‍ഗതംകൊണ്ടുകൊണ്ട് തന്റെ ചിറകുകള്‍ കുടഞ്ഞ് ആനന്ദം രേഖപ്പെടുത്തി. എന്തെന്നില്ലാത്തൊരു പ്രകാശം തുഞ്ചന്‍ പറമ്പില്‍ പരന്നു. ശരീരമാസകലം പുളകംകൊള്ളുന്ന അനുഭൂതി. എഴുത്തച്ഛന്‍ കണ്ട ആ തേജോ പുഞ്ജത്തെ എഴുത്തച്ഛന്റെതന്നെ വരികളില്‍ -
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിര്‍മല മകുടവും സുന്ദര ചികുരവുമളകസുഷമയും
കാരുണ്യാമ്ര്‌തരസ സമ്പൂര്‍ണ്ണനയനവുമാരുണ്യാംബരപരിശോഭിത ജഘനവും
തന്റെ ഇഷ്ടദേവനായ സാക്ഷാല്‍ ശ്രീ രാമദേവന്‍ സീതാസഹിതം എഴുത്തച്ഛന്റെ മുമ്പില്‍ പ്രത്യക്ഷമായി. ഭക്തിപാരവശ്യത്താല്‍ എല്ലാം മറന്ന്‍ ഭഗവദ്‍ പാദാരവിന്ദങ്ങളില്‍ വീണ് നമസ്കരിച്ചു. കണ്ണുനീര്‍കൊണ്ട് ത്ര്‌പ്പാദങ്ങള്‍ കഴുകി പാദപൂജ ചെയ്തു. കണ്ണുനീരാകുന്ന അര്‍ഘ്യം, കണ്ണുനീര്‍ത്തുള്ളികള്‍ പുഷ്പം, ശ്വാസനിശ്വാസങ്ങള്‍ ധൂപം, എഴുതാനുപയോഗിയ്ക്കുന്ന പദാര്‍ത്ഥങ്ങള്‍ നിവേദ്യം, ഇത്യാദികളെക്കൊണ്ട് ഉപചാരാദികള്‍ നിര്‍വഹിച്ചു.
എന്തിനാണോ താന്‍ ശ്രീരാമനെ സ്മരിച്ചത്‍, ആ സത്യം എഴുത്തച്ഛന്‍ വിസ്മരിച്ചു, കണ്ണില്‍നിന്ന്‍ പ്രേമാശ്രു ധാരധാരയായി ഒഴുകി തുഞ്ചന്‍ പറമ്പിനെ പാവനമാക്കി. ഭക്തന്‍ തന്നില്‍ സംഭരിച്ചുവെയ്ക്കുന്നത്‍, ഭക്തന്റെ സമ്പത്ത്‍ അവന്റെ അശ്രുകണങ്ങള്‍ മാത്രമാണ്.
ഭഗവാന്‍ പറഞ്ഞു, അല്ലയോ രാമാനുജാ, എന്റെ വിവാഹത്തിന് അങ്ങേയ്ക്ക് പങ്കുകൊള്ളാന്‍ പറ്റാത്ത സങ്കടം ഞാന്‍ മനസ്സിലാക്കുന്നു, പക്ഷെ, അങ്ങ് അന്ന്‍ ആ വേദിയില്‍ ഉണ്ടായിരുന്നു. സീതയുടെ മുടിയില്‍ അണിഞ്ഞിരുന്ന പൂക്കള്‍ക്കിടയില്‍ ഒരു ചെറിയ ഭ്രമരമായി ഇരുന്ന്‍, അങ്ങ്‍ ആ രംഗം കാണുന്നുണ്ടായിരുന്നു.
എഴുത്തച്ഛന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നിര്‍വികല്പസമാധി അവസ്ഥയില്‍ ആനന്ദം അനുഭവിയ്ക്കുകയായിരുന്നു . എഴുത്തച്ഛനില്‍നിന്ന്‍ പ്രതികരണങ്ങള്‍ ഒന്നും കാണാതായപ്പോള്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നിലത്തുകിടക്കുന്ന എഴുത്താണി എടുക്കാന്‍ കുമ്പിട്ടു. ഭഗവാന്‍ കുമ്പിടുന്നതുകണ്ടപ്പോള്‍ എഴുത്തച്ഛന്‍ സമാധിഅവസ്ഥയില്‍നിന്നുണര്‍ന്ന് വീണ്ടും ഭഗവാനെ നമസ്കരിച്ചു.
ശ്രീരാമചന്ദ്രന്‍ എഴുത്താണി എടുത്ത്‍ ഉത്തരാര്‍ദ്ധം പൂരിപ്പിച്ചു -
മാലയും ധരിച്ചു നീലോല്പലകാന്തിതേടും
ബാലകന്‍ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍ .
ശ്രീരാമന്‍ ഇത്രയും എഴുതിച്ചേര്‍ത്തതുകൊണ്ട് പരമ സന്തോഷം തോന്നിയെങ്കിലും എഴുത്തച്ഛന് ത്ര്‌പ്തി വന്നില്ല. കാരണം, ഇതുപോരാ, എന്റെ ഇഷ്ടദേവന് ഇത്രയ്ക്കൊന്നും സൗന്ദര്യമല്ല ഉള്ളു. ഇതിനേക്കാള്‍ എത്രയോ കൂടുതലുണ്ട്‍.
മര്യാദാ പുരുഷോത്തമനായ തന്റെ ഇഷ്ടദേവന്‍ ശ്രീരാമനെ വര്‍ണ്ണിയ്ക്കുമ്പോള്‍, വര്‍ണ്ണിയ്ക്കുന്നവന്‍ വര്‍ണ്ണനയുടെ മരിയാദകള്‍ പാലിയ്ക്കണമെന്ന്‍ എഴുത്തച്ഛന് നിര്‍ബന്ധവുമുണ്ട്. സീതയുടെ വര്‍ണ്ണനയിലും നല്ലപോലെ മരിയാദ പാലിച്ചിട്ടുണ്ട് എഴുത്തച്ഛന്‍ കാരണം സീതയെ മാതാവായി എഴുത്തച്ഛന്‍ കാണുന്നുണ്ട്. ഒരു മകന്‍ സ്വന്തം അമ്മയുടെ സൗന്ദര്യം വര്‍ണ്ണിയ്ക്കാന്‍ പാടില്ല എന്ന സനാതധര്‍മ്മ മരിയാദ എഴുത്തച്ഛന്‍ രാമായണത്തിലുടനീളം പാലിച്ചിട്ടുണ്ട്. സന്യാസിയ്ക്കും കാവിവസ്ത്രത്തിനും ഭസ്മത്തിനുമൊക്കെ എഴുത്തച്ഛന്‍ നല്‍കിയിട്ടുള്ള ശ്രേഷ്ഠത ഉജ്ജ്വലങ്ങളാണ്. കാഷായവസ്ത്രധാരിയായി, ഫാലത്തിലും ദേഹംമുഴുവനും ഭസ്മം ധരിച്ച്, രുദ്രാക്ഷമാലയുമണിഞ്ഞ് കയ്യില്‍ കമണ്ഡലുവുമെടുത്ത്‍ ഭിക്ഷയെടുക്കുന്ന സന്യാസിയുടെ വേഷത്തിലാണ് രാവണന്‍ സീതയെ കൊണ്ടുപോകാന്‍ പഞ്ചവടിയിലെത്തുന്നത്. എന്നാല്‍ സീതയെ കൊണ്ടുപോകാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാവണന്‍ ആ രൂപം വെടിഞ്ഞ് രാക്ഷസരൂപത്തിലേയ്ക്ക് വരുന്നു. എന്താ! കാഷായ വേഷത്തില്‍ത്തന്നെ സീതയെ പിടിച്ചുകൊണ്ടുപോകാമായിരുന്നില്ലേ രാവണന്. എഴുത്തച്ഛന്‍ നമ്മെ പഠിപ്പിയ്ക്കുന്നു, നമ്മെ ഓര്‍മ്മപ്പെടുത്തുന്നു, അരുത്, കാഷായ വേഷത്തില്‍ കക്കരുത്. ഭസ്മം ധരിച്ചവനും ജനോവ് (പൂണുനൂല്‍) ധരിച്ചവനും കമണ്ഡലു ഏന്തിയവനും സന്യാസവേഷധാരിയും ഒന്നും, അധര്‍മ്മം പ്രവര്‍ത്തിച്ചുകൂടാ. കാഷായവസ്ത്രം, ഭസ്മം രുദ്രാക്ഷം പൂണൂല്‍ കമണ്ഡലു തുടങ്ങിയ പവിത്രസാധനങ്ങള്‍ ദേഹധാരണം ചെയ്യുമ്പോള്‍ , ആ സാധനങ്ങള്‍ നമ്മെ പലപല അധാര്‍മ്മിക കര്‍മ്മങ്ങളില്‍നിന്നും പിന്‍തിരിപ്പിയ്ക്കും. കാഷായത്തിന്റെ മറപിടിച്ച്‍ ഒട്ടനവധി അധാര്‍മ്മിക വ്ര്‌ത്തികള്‍ നടന്നുവരുന്ന കാലമാണിത്‍. അത് ഈ ദ്രവ്യങ്ങളുടെ ഇകഴ്‍ത്തല്‍ മാത്രമല്ല, മറിച്ച് ഭാരതീയ സംസ്കാരത്തിനെത്തന്നെ വെല്ലുവിളിയ്ക്കുന്നതാണ്. സനാതനധര്‍മ്മത്തിന്റെ മക്കളെ ഒന്നടങ്കം പരിഹസിയ്ക്കുന്നതാണ്. ദ്ര്‌ശ്യമാധ്യമങ്ങളില്‍ കാഷായവേഷമണിഞ്ഞ് സ്വാമിമാരുടെ വേഷംകെട്ടി പലരും അതിനെ നിന്ദിയ്ക്കുന്നത് ഒരു ഫേഷനായി മാറിയിരിയ്ക്കുന്നു: അതിന് പുരോഗമനത്തിന്റെ മുഖംമൂടി ചാര്‍ത്തിക്കൊടുക്കാന്‍ പെടാപ്പാട്‍ പെടുന്നവരും ധാരാളം. വരാനിരിയ്ക്കുന്ന നാളത്തെ സമൂഹത്തിന് ആ വസ്ത്രത്തിനോട്‍ അവജ്ഞ സംജാതമാകാന്‍ ഇത്തരം കോപ്രായങ്ങള്‍ വഴിമരുന്നിടുന്നു. എത്രതന്നെ ആരെല്ലാം കിണഞ്ഞു പരിശ്രമിച്ചാലും കാഷായത്തിന്റെ പവിത്രതയ്ക്ക് കോട്ടമൊന്നും സംഭവിയ്ക്കില്ല കാരണം അത് ഭാരതീയ സംസ്കാരത്തിന്റെ ആണിവേരാണ്. കാഷായവസ്ത്രത്തിനെ ആരെല്ലാം എത്രതന്നെ നിന്ദിച്ചാലും, ഇകഴ്ത്തിയാലും ആ നിറമണിഞ്ഞവന്റെ മുമ്പില്‍പെട്ടാല്‍, ഭയഭക്തിബഹുമാനത്തോടെ ശിരസ്സ്‍ കുനിയുന്നുണ്ട് എന്നത്‍ ആ നിറത്തിന്റെ പ്രത്യേകതയെ സൂചിപ്പിയ്ക്കുന്നു. സീരിയലുകളിലൂടെയും ചലചിത്രങ്ങളിലൂടേയുമെല്ലാം ഇതിനെയൊക്കെ നിന്ദിയ്ക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണം, പ്രതികരിയ്ക്കണം. മാധ്യമങ്ങളിലൂടെയായാലും മറ്റ് എവിടെയായാലും, കാഷായവസ്ത്രത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട് എന്നത്‍ എല്ലാവരും സമ്മതിയ്ക്കുന്നുമുണ്ട്. അല്ലെങ്കില്‍ അതിനെ ഭയക്കേണ്ടതില്ലല്ലോ. ഇന്ന്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‍ കാഷായത്തെയാണല്ലോ...... .
ഭക്തിയുടെ പാരമ്യതയില്‍ എത്തുമ്പോള്‍ സൗന്ദര്യവര്‍ണ്ണന അതിരുകടക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തില്‍തന്നെ നമുക്കു കാണാം. ഭക്തനും ഭഗവാനും ഒന്നായിത്തീരുന്ന വേളയില്‍ കീര്‍ത്തിയ്ക്കുന്നതെന്താണെന്ന്‍ ഭക്തനും ഭഗവാനും നോക്കാറില്ല, അതിലെ ഭാവന മാത്രമാണ് സാങ്‍ഗത്യം. പ്രേമത്തില്‍ നേമ(നിയമ)ങ്ങളില്ലല്ലോ....
ശ്രീരാമ ഭക്തനായ എഴുത്തച്ഛന്റെ മനോവ്യഥ മനസ്സിലാക്കിയ ഭഗവതി സീത, ബാക്കി ഭാഗം എഴുതിച്ചേര്‍ത്തു -
ഭൂമിനന്ദനയ്ക്കനുരൂപനായ്‍ ശോഭിച്ചീടും
ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും
ആനന്ദാംബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍
മാനവവീരന്‍ വാഴ്കെന്നാശിയും ചൊല്ലീടിനാര്‍
സീത എഴുത്തച്ഛനോട്‍ പറയാതെ പറയുകയായിരുന്നു, അഹോ മഹാത്മാവേ, അങ്ങ്‍ എന്നെക്കുറിച്ച്‍ വര്‍ണ്ണിച്ചതും ശ്രീരാമന്‍ പൂരിപ്പിച്ചതും ശരിയാണ്. അങ്ങയുടെ കാവ്യത്തിനും എനിയ്ക്കും അനുരൂപമായിട്ടുതന്നെയാണ് ഈ രചന.
യജ്ഞവേദിയില്‍ സന്നിഹിതരായിരുന്നവര്‍ എല്ലാവരും മംഗളാശംസകള്‍ നേര്‍ന്നു എന്ന്‍ ഭഗവതി എഴുതിച്ചേര്‍ത്തു.
ഭഗവാന്‍ ചോദിച്ചു, ഇപ്പോള്‍ ത്ര്‌പ്തിയായില്ലേ എഴുത്തച്ഛന് ?
അതിന് എഴുത്തച്ഛന്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ്‍ തന്റെ ഓമനക്കിളിയായ ശാരിക പറഞ്ഞു, എല്ലാം ശുഭം മംഗളം ആയില്ല്യേ, ഇനി എന്തുവര്‍ണ്ണിയ്ക്കാന്‍.
രാമസീതാ വിവാഹാനന്തരം ജനകപുരിയില്‍നിന്ന്‍ അയോധ്യയിലേയ്ക്ക്‍ പോകുമ്പോള്‍ സീതയ്ക്ക്‍ പാരിതോഷികമായി മറ്റ്‍ പലതും കൊടുത്തയച്ചതിന്റെ കൂട്ടത്തില്‍ കുറെ ആനകളും ഉണ്ടായിരുന്നു. അയോധ്യയില്‍ എത്തിയതിനുശേഷം ആനകള്‍ അവയുടെ തീറ്റയും കുടിയുമൊക്കെ നിര്‍ത്തി. ദശരഥമഹാരാജാവിനെ കാര്യം അറിയിച്ചു. കുലഗുരുവായ വസിഷ്ഠനുമായി ആലോചിച്ചു. വസിഷ്ഠന്‍ പറഞ്ഞു, ആനകള്‍ അയോധ്യയിലെ ആഹാരം കഴിയ്ക്കില്ല കാരണം അയോധ്യയിലേയ്ക്ക് അവരുടെ പുത്രിയായ സീതയെ കൊടുത്തതാണ്. പുത്രിയെ വിവാഹം കഴിച്ചുകൊടുത്ത വീട്ടില്‍നിന്നോ ആ ദേശത്തുനിന്നോ കന്യാപക്ഷക്കാര്‍ ഒന്നും കഴിയ്ക്കാനോ എടുക്കാനോ പാടില്ല. കൊടുത്താലും വാങ്ങില്ല. എന്റെ മകളെ വിവാഹംചെയ്തുകൊടുത്ത വീട്ടില്‍ ചെന്നാല്‍ അവിടുന്നു ഒന്നും കഴിയ്ക്കരുത്‍, അവിടേയ്ക്ക് എന്റെ പുത്രിയെ കൊടുത്തതാണ്, കഴിയുന്നത്ര കൊടുക്കാനേ പാടൂ, അവിടുന്ന്‍ ഒന്നും സ്വീകരിക്കരുത്. നമുക്ക്‍ ഇത്‍ കേട്ടാല്‍ പുച്ഛം തോന്നും. പക്ഷേ അതിന്റെ പിന്നിലുള്ള ഭാവന ഒന്നുനോക്കൂ. ഭാരതത്തില്‍ ഇന്നും ഇത്‍ ധാരാളം അനുഷ്ഠിയ്ക്കുന്നുണ്ട്.
ആനകള്‍ അന്നപാനാദികള്‍ സ്വീകരിയ്ക്കുന്നില്ല എന്ന വിവരം ദശരഥമഹാരാജാവ്‍ ജനകനെ അറിയിച്ചു. ആനകള്‍ ജീവിച്ചിരിയ്ക്കുന്നതുവരെ അവര്‍ക്കുള്ള അന്നവും ജലവും ജനകപുരിയില്‍നിന്ന് കൊടുത്തയയ്ക്കാന്‍ ജനകമഹാരാജാവ്‍ ഉത്തരവിട്ടു. പക്ഷിമ്ര്‌ഗാദികള്‍വരെ അവരവരുടെ ധര്‍മ്മം പാലിയ്ക്കുന്നിടത്ത് മാനവന്‍ അവന്റെ ധര്‍മ്മത്തില്‍നിന്ന് വ്യതിചലിയ്ക്കുന്നു.
എല്ലാ രാമായണവ്യാഖ്യാതാക്കളും, ശ്രീരാമഭക്തരും ഭക്തകവികളും രാമായണത്തിലെ ഓരോ കഥാപാത്രങ്ങളേയും അതീവ ചാരുതയോടെ അവതരിപ്പിച്ചിട്ടുള്ളതായി നമുക്ക്‍ കാണാം.
രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ സീതയ്ക്ക്‍ അമിതപ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന്‍ പല രാമായണചിന്തകരും അഭിപ്രായപ്പെട്ടുകാണാറുണ്ട്. അതുകൊണ്ടുതന്നെ, ഊര്‍മിള എന്ന കഥാപാത്രത്തിനോട്‍ പക്ഷപാതം കാണിച്ചതായും പറയുന്നു. ഇത്തരം ഒരു ചിന്തയ്ക്ക്‍ രാമായണത്തിലെവിടേയും ഇടം കാണുന്നില്ല. യത്ര നാരീ/സ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത: എന്ന്‍ പാടിയ മഹര്‍ഷീശ്വരന്മാര്‍ ആരെ താത്തിക്കെട്ടാന്‍ !! ഭഗവാന്‍ വേദവ്യാസനും ആദികവിയായ വാത്മീകിയും തുളസീദാസും കമ്പരും തുഞ്ചത്തെഴുത്തച്ഛനും എല്ലാം ഉര്‍മിളയെക്കുറിച്ച്‍ കവനത്തിനൊരുങ്ങിയതാണ്. എന്നാല്‍ അവരുടെയെല്ലാം തൂലിക അവിടെയെത്തുമ്പൊള്‍ നിശ്ചലമായിപ്പോയി അഥവാ വീണുപോയി എന്ന്‍ പറയുന്നതാവും ഉത്തമം. വിശിഷ്ട കഥാപാത്രങ്ങളെ വര്‍ണ്ണിയ്ക്കാന്‍ വിശിഷ്ടമായ ഭാഷ അനിവാര്യമാണ്. വിശിഷ്ടതയില്‍ വിശിഷ്ടമായ ഭാഷ എന്ന ഒന്ന്‍ ഉണ്ടെങ്കില്‍ അത്‍ മൗനമാണ്. ഉര്‍മിളയെ വിവരിച്ചിരിയ്ക്കുന്നത്‍ മൗനത്തിലൂടെയാണ്. ആദികവിയുടേയും എഴുത്തച്ഛന്റേയുമൊക്കെ മൗനത്തെ നാം മനസ്സിലാക്കിയാല്‍, അക്ഷേപം തീര്‍ന്നു.
ഓരോ കഥാപാത്രങ്ങളുടേയും മാഹാത്മ്യം വേണ്ടുന്ന രീതിയില്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ഈ വക അഭിപ്രായപ്രകടനങ്ങള്‍ എന്ന്‍ തോന്നുന്നു. ലക്ഷ്മണപത്നിയായ ഊര്‍മിളയുടെ ത്യാഗവും സമര്‍പ്പണവും ഉജ്ജ്വലവും അസീമവും അതീവ ശ്രേഷ്ടവുമാണ്. ഒരു ഉപവ്യാഖ്യാനം നമുക്ക്‍ നോക്കാം -
ശ്രീരാമന്റെ വനവാസമാണ് കാലം. പഞ്ചവടിയില്‍ രാമസീതാലക്ഷ്മണന്മാര്‍ കഴിയുന്നു. ഒരു ദിവസം സമയം അര്‍ദ്ധരാത്രിയോടടുത്തു. രാമനും സീതയും പര്‍ണ്ണശാലയില്‍ നിദ്രയിലാണ്. ലക്ഷ്മണന്‍ സീതാരാം സീതാരാം എന്ന മന്ത്രവും ചൊല്ലി, പര്‍ണ്ണശാലയ്ക്ക് പ്രദക്ഷിണം വെയ്ക്കുന്നു. ഒരു പ്രദക്ഷിണം പൂര്‍ത്തിയായാല്‍ പര്‍ണ്ണശാലയുടെ കവാടത്തില്‍ വീണ് നമസ്കരിയ്ക്കും, വീണ്ടും പ്രദക്ഷിണം തുടരും. കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി തുടരുന്ന പ്രക്രിയയാണിത്. പതിമൂന്നുവര്‍ഷം കഴിഞ്ഞ്, പതിനാലാമത്തെ വര്‍ഷം ആദ്യത്തെ രാത്രി. തന്റെ പദക്ഷിണ വഴിയില്‍ വെള്ളവസ്ത്രധാരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു.
ലക്ഷ്മണന്‍ ചിന്തിച്ചു, ആരാണിത്‍ ..? ഒരു സ്ത്രീയാണല്ലോ, ഈ അര്‍ദ്ധരാത്രിയ്ക്ക്‍ , അതും ഈ വനത്തിനുള്ളില്‍...? എന്തായിരിയ്ക്കും അവരുടെ ഉദ്ദേശ്യം.. ? ഈയിടെയായി ശൂര്‍പ്പണഖ ഇതിലെയൊക്കെ അലയുന്നുണ്ടെന്ന് ശ്രുതിയുണ്ട്. മായാവിയായ അവളെങ്ങാനും വേഷം മാറി വന്നതായിരിയ്ക്കുമോ..? ഇത്തരം പല ചിന്തകളും മിന്നിമറഞ്ഞു.
എന്തുതന്നെയായാലും വേണ്ടില്ല, അവളുടെ മനസ്സില്‍ എന്തെങ്കിലും ചീത്ത വിചാരങ്ങള്‍ ഉണ്ടെങ്കില്‍, അതിനെ ഖണ്ഡിയ്ക്കാനെന്നവണ്ണം, ലക്ഷ്മണന്‍ കൈകള്‍ കൂപ്പി സവിനയം പറഞ്ഞു, അമ്മേ, ശ്രീരാമദാസനായ ലക്ഷ്മണന്‍ അമ്മയെ പ്രണമിയ്ക്കുന്നു. ദേവി ആരാണ്, എന്താണ് ഈ അസമയത്ത്‍ ഇവിടെ വരാനുള്ള കാരണം, എന്നെല്ലാം അറിയാന്‍ താല്പര്യമുണ്ട്‍..
ആ സ്ത്രീ പറഞ്ഞു, ലക്ഷ്മണാ, ഞാന്‍ നിദ്രാദേവിയാണ്. കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി നീ നിദ്രാവിഹീനനായി - ഉറക്കമൊഴിച്ച്‍ - സീതാരാമ സേവനവുമായി കഴിയുന്നു. നിദ്രയെ ജയിച്ചതില്‍ ഞാന്‍ അത്യധികം സന്തുഷ്ടയാണ്, എന്നാല്‍ ഉറക്കമില്ലാത്തതുകാരണം നിനക്ക്‍ ക്ഷീണം സംഭവിച്ചിരിയ്ക്കുന്നു. അതുകൊണ്ട്‍ നിന്റെ ക്ഷീണം ഇല്ലാതാക്കാന്‍, നിനക്കുവേണ്ടി എന്തെങ്കിലും ഒരു സേവനം ചെയ്യാന്‍ എന്നെ അനുവദിയ്ക്കണം. ഇതെന്റെ പ്രാര്‍ത്ഥനയാണ്.
ലക്ഷ്മണന്‍ പറഞ്ഞു, ദേവീ, അങ്ങയുടെ മഹാമനസ്കതയ്ക്കുമുമ്പില്‍ ഞാന്‍ ശിരസ്സുകുനിയ്ക്കുന്നു. പക്ഷേ, എനിയ്ക്ക് ക്ഷീണം പറ്റിയിട്ടുണ്ടെന്നുള്ള ഈ തെറ്റായ സൂചന ആരാണ് ദേവിയ്ക്ക്‍ തന്നത്‍ ...
പര്‍ണ്ണശാലയില്‍ നിദ്രയിലിരുന്ന ശ്രീരാമന് ആരോ എന്തോ സംസാരിയ്ക്കുന്നതുപോലെ തോന്നി. വേഗം സീതയെ വിളിച്ചുണര്‍ത്തി, പറഞ്ഞു, സീതേ, ലക്ഷ്മണന്‍ ഈ അര്‍ദ്ധരാത്രിയില്‍ ആരോടോ സംസാരിയ്ക്കുന്നപോലെ തോന്നുന്നു. ഒന്ന് പോയിനോക്കാം
രാമനും സീതയും പര്‍ണ്ണശാലയ്ക്ക്‍ പുറത്ത്‍ വന്നപ്പോള്‍ കണ്ടത്‍, ലക്ഷ്മണനും നിദ്രാദേവിയും തമ്മിലുള്ള സംഭാഷണമാണ്.
സംഭാഷണം തുടരുന്നു... ലക്ഷ്മണന്‍ പറഞ്ഞു, എനിയ്ക്ക് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല.
നിദ്രാദേവി : അത്‍ അങ്ങയുടെ മഹാനതയാണ്. ക്ഷീണം ഉണ്ട്. അതുകൊണ്ട്‍ എന്തെങ്കിലും സേവനം ചെയ്യാന്‍ എന്നെ അനുവദിയ്ക്കണം.
ലക്ഷ്മണന്‍ പറഞ്ഞു, ദേവീ, എനിയ്ക്ക്‍ യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല. ഏതൊരുവന്റെ കണ്‍മുന്നില്‍ ഇരുപത്തിനാലുമണിക്കൂറും പ്രത്യക്ഷ സീതാരാമന്മാരുണ്ടോ, ആ ജീവിയ്ക്ക്‍ എന്ത്‍ ക്ഷീണം സംഭവിയ്ക്കാന്‍. ദേവിയ്ക്ക്‍ പോകാം.
നിദ്രാദേവി : ലക്ഷ്മണാ, ഞാന്‍ വിവശയാണ്, എന്തെങ്കിലും സേവനം ചെയ്യാതെ എനിയ്ക്ക്‍ ഇവിടുന്ന്‍ പോകാന്‍ പറ്റില്ല. ഒന്നുമില്ലെങ്കില്‍ എന്റെ ഈ വസ്ത്രത്തിന്റെ അറ്റം കൊണ്ട്‍ അങ്ങയുടെ ശിരസ്സിനുമുകളില്‍ ഒരുപ്രാവശ്യമെങ്കിലും ചുറ്റട്ടെ. അത്രയെങ്കിലും സേവനം ചെയ്യാന്‍ എന്നെ അനുവദിയ്ക്കണം.
ലക്ഷ്മണന്‍ പറഞ്ഞു, ദേവീ, അതു പറ്റില്ല. വേണ്ട, എനിയ്ക്ക്‍ യാതൊരു വിധ ക്ഷീണവുമില്ല. അതുമാത്രമല്ല, ഞാന്‍ ആരുടേയും സേവനം സ്വീകരിയ്ക്കാറില്ല കാരണം ഞാന്‍ സ്വയം ഒരു സേവകനാണ്, ഞാന്‍ സീതാരാമ സേവകനാണ്. ദേവിയ്ക്ക്‍ പോകാം.
നിദ്രാദേവി : മഹാത്മാവേ, എന്റെ വിവശത എന്നെ ചുട്ടെരിയ്ക്കുന്നു. സേവനത്തിന് എന്നെ അനുവദിയ്ക്കണം.
ലക്ഷ്മണന്‍ പറഞ്ഞു, ദേവീ, എനിയ്ക്ക്‍ യാതൊരു സേവനവും വേണ്ട, ഒരു ക്ഷീണവുമില്ല, എന്റെ കണ്‍മുന്നില്‍ ശ്രീരാമനും ഭഗവതി സീതയും ഉണ്ട്‍. അങ്ങയ്ക്ക്‍ അത്ര നിര്‍ബന്ധമാണെങ്കില്‍, അയോധ്യയിലെ രാജധാനിയുടെ അംഗണത്തില്‍ ഒറ്റക്കാലില്‍നിന്നുകൊണ്ട് ഊര്‍മിള കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി തപസ്സുചെയ്യുന്നുണ്ട്‍. അവളുടെ മുന്നില്‍ രാമനും സീതയും പ്രത്യക്ഷത്തിലില്ല. അവള്‍ക്ക്‍ വല്ല ക്ഷീണവും സംഭവിച്ചിട്ടുണ്ടെങ്കില്‍, അവള്‍ക്ക്‍ എന്തെങ്കിലും സേവനത്തിന്റെ ആവശ്യമുണ്ടെങ്കില്‍, ദേവിയ്ക്ക്‍ അങ്ങോട്ട്‍ പോകാം.
സംഭഷണം കേട്ടുകൊണ്ടിരുന്ന ശ്രീരാമന്‍ സീതയോട്‍ പറഞ്ഞു, സീതേ, ഇത്രയും വര്‍ഷമായി നമ്മള്‍ ഊര്‍മിളയെക്കുറിച്ച്‍ ഓര്‍ത്തതുപോലുമില്ല. മഹാ അപരാധം തന്നെ. നമുക്ക്‍ ഉടനെത്തന്നെ അയോധ്യയിലെത്തണം.
സമയം അര്‍ദ്ധരാത്രി. അയോധ്യയിലെ രാജകൊട്ടാരത്തിന്റെ വിശാലമായ മുറ്റം. അതിനുമുന്നിലെ പൂന്തോട്ടവും അതിനടുത്ത ജലാശയവും, ഒരു പുല്‍ത്തകിടിയും. പൗര്‍ണ്ണമി നാളിലെ പൂര്‍ണ്ണചന്ദ്രന്‍ സോമരസമായ തന്റെ ചന്ദ്രികകൊണ്ട്‍ ഊര്‍മിളയെ മൂടിയിരിയ്ക്കുന്നു. ജലാശയത്തില്‍ പതിയ്ക്കുന്ന ചന്ദ്രബിംബത്തില്‍നിന്നും പ്രതിഫലിയ്ക്കുന്ന പ്രകാശകിരണങ്ങള്‍ ജീവിതസായൂജ്യത്തിനെന്നപോലെ, ഉര്‍മിളയുടെ മുഖത്തെ പ്രഭാപൂരിതമാക്കിത്തീര്‍ക്കുന്നു. മാര്‍ത്താണ്ഡകുലത്തിന്റെ മുകുടത്തില്‍ചാര്‍ത്തിയ വൈഡൂര്യംപോലെ വിളങ്ങുന്ന സ്ത്രീ കന്യക ഊര്‍മിള ആ പുല്‍ത്തകിടിയില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്, ഓം സീതാറാം ഓം സീതാറാം ഓം എന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിയ്ക്കുന്നു. ശ്രീരാമന്‍ സീതാസമേതനായി ഊര്‍മിളയുടെ മുന്നില്‍ .....
ശ്രീരാമന്‍ - പുത്രീ .... ഉര്‍മിളേ... ഉര്‍മിള കണ്ണുതുറന്നു. നോക്കിയപ്പോള്‍ കണ്ടത്‍ ഭഗവതി സീതയും രാമനും മുന്നില്‍ നില്‍ക്കുന്നു. ഹേ ... എന്ത്‍, ഞാന്‍ സ്വപ്നത്തിലാണോ.... ഉര്‍മിള കണ്ണുകള്‍ തിരുമ്മി. അല്ല, സ്വപ്നമല്ല, സാക്ഷാത്‍ തന്നെ. ഗദ്‍ഗതചിത്തയായി, അശ്രു ധാരധാരയായൊഴുകി. അധരങ്ങള്‍ മന്ത്രിച്ചു, സീതാറാം .... സീതാറാം... ശ്രീരാമന്‍ വീണ്ടും വിളിച്ചു, പുത്രീ...
ഉര്‍മിള : ഭഗവന്‍ .... !!
അതെ പുത്രി, ഞാന്‍ തന്നെ. ഇതാ നോക്ക് ..... സീതയുമുണ്ട്‍ കൂടെ... പുത്രീ, ഇന്ന്‍ ഞങ്ങള്‍ക്ക്‍ ഇവിടം വരെ വരേണ്ടി വന്നു.
ഉര്‍മിള : ഭഗവന്‍ .... !! ( എന്ത്‍ , എന്തിന് എന്ന അര്‍ത്ഥത്തില്‍)
ഉര്‍മിളേ, നിന്റെ സൗഭാഗ്യം (ഭര്‍ത്താവ്‍) ഞങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണ്. പുകഴ്ത്താന്‍ പറ്റാത്തതാണ്. ലക്ഷ്മണനും നിദ്രാദേവിയും തമ്മിലുണ്ടായ സംഭാഷണം ശ്രീരാമന്‍ ഉര്‍മിളയോട്‍ പറഞ്ഞു. ആ സംഭാഷണത്തിനിടയില്‍ ലക്ഷ്മണന്‍ ഉര്‍മിളയെ സ്മരിയ്ക്കുന്ന രംഗവും ഉര്‍മിളയോട്‍ പറഞ്ഞു.
അതിനുശേഷം ഭഗവാന്‍ പറഞ്ഞു, പുത്രീ നിന്റെ ത്യാഗത്തിലും തപസ്സിലും ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്തു വരമാണ് നിനക്കുവേണ്ടത്‍, അത്‍ ചോദിച്ചുകൊള്ളൂ..
ഊര്‍മിള - ഭഗവന്‍ എനിയ്ക്ക്‍ ഒന്നും വേണ്ട. രഘുകുലത്തിന്റെ പുത്രവധുവാകാനുള്ള സത്‍ഭാഗ്യം സിദ്ധിച്ചതില്‍ കൂടുതലായി ഇനി എനിയ്ക്കെന്തു വേണം. ഒന്നും വേണ്ട. അങ്ങയുടെ സന്തുഷ്ടിതന്നെയാണ് എന്റേയും സന്തുഷ്ടി.
ആ കുലത്തിന്റെ മഹിമ അപാരമാണ്. അതുകൊണ്ടുതന്നെയാണല്ലോ രഘുവംശത്തെക്കുറിച്ചുള്ള ഗ്രന്ഥത്തെപ്പറ്റി ഇത്രയും ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം നടക്കുന്നത്. അതുകൊണ്ടുതന്നെയാണല്ലോ, കൈലാസനാഥനായ പരമശിവന്‍ ആ കഥ എപ്പോഴും പാടുന്നത്‍, അല്ലെങ്കില്‍ എന്താ പരമശിവന് വേറെ പണിയൊന്നുമില്ലെ. മഹാകവി കാളിദാസന്റെ രഘുവംശം തുറന്നുനോക്കിയാല്‍ ആ വംശത്തിന്റെ മാഹാത്മ്യം അറിയാം.
ഭഗവാന്‍ പറഞ്ഞു, അതു ശരിതന്നെ ഉര്‍മിളേ, എന്നാലും എന്റെ സംത്ര്‌പ്തിയ്ക്കായി എന്തെങ്കിലും വരം വരിച്ചുകൊള്ളു. ഉര്‍മിള പറഞ്ഞു, വേണ്ട ഭഗവന്‍, എനിയ്ക്ക്‍ ഒന്നും വേണ്ട. അതു പറ്റില്ലെന്നായി ശ്രീരാമന്‍.
എന്തെങ്കിലും ചോദിച്ചേ പറ്റൂ എന്ന അവസ്ഥ വന്നപ്പോള്‍ ഉര്‍മിള പറഞ്ഞു. ശരി, ഭഗവന്‍, ഒരു വരം ചോദിയ്ക്കാന്‍ ഇച്ഛിയ്ക്കുന്നു. ആ, പറയൂ ഉര്‍മിളേ ...
ഉര്‍മിള പറഞ്ഞു, ഭഗവന്‍, കഴിഞ്ഞ പതിമൂന്നു വര്‍ഷത്തിനുള്ളില്‍ എന്റെ സ്വാമി എന്നെ ഒരു പ്രാവശ്യം ഓര്‍ത്തു എന്നാണല്ലോ അങ്ങ്‍ പറഞ്ഞത്‍. അതുകൊണ്ട്, പതിനാലു വര്‍ഷത്തെ വനവാസവും കഴിഞ്ഞ്‍ അയോധ്യയില്‍ തിരിച്ചെത്തി, അങ്ങയുടെ രാജ്യാഭിഷേകം കഴിയുന്നതുവരെ എന്റെ ഭര്‍ത്താവിന് എന്നെക്കുറിച്ചുള്ള സ്മരണ ഒരിക്കലെങ്കിലും ഉണ്ടാവാതിരിയ്ക്കട്ടെ, വരാതിരിയ്ക്കട്ടെ, അതിനായിട്ടുള്ളൊരു വരം തന്ന്‍ എന്നെ അനുഗ്രഹിച്ചാലും. ഉര്‍മിളയുടെ ആവശ്യം ശ്രവിച്ച സീതയ്ക്ക്‍ ഒരു ഞെട്ടല്‍ അനുഭവപ്പെട്ടുവോ...? ശ്രീരാമന്‍ ചോദിച്ചു, ഉര്‍മിളേ.. എന്താണ് ഇത്തരത്തില്‍ വിചിത്രമായ ഒരു ആവശ്യം !! ഉര്‍മിള പറഞ്ഞു, ഭഗവന്‍ ! കാരണം പതിമൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു തവണ എന്റെ ഭര്‍ത്താവിന് എന്നെക്കുറിച്ചുള്ള സ്മരണ ഉണ്ടായതുകൊണ്ട്, അങ്ങേയ്ക്കും സീതയ്ക്കും രൂപം മാറി ഇവിടം വരെ വരേണ്ടിവന്നു, അത്രയും പ്രയത്നം വേണ്ടിവന്നു. ഭഗവന്‍ !! ഒരു നിമിഷത്തേയ്ക്കെങ്കിലും എന്റെ ഭര്‍ത്താവിന്റെ ഭഗവല്‍സ്മരണ വിസ്മ്ര്‌തമായിത്തീര്‍ന്നപ്പോള്‍ ഭഗവല്‍സ്മരണയ്ക്ക് വിഘ്നം വരികയും അങ്ങയ്ക്ക്‍ പ്രയാസം നേരിടുകയും ചെയ്തു. ഭഗവന്‍ അതുകൊണ്ട്‍ എന്റെ ഭര്‍ത്താവിന്റെ ഈശ്വരസ്മരണ അഖണ്ഡമായിരിയ്ക്കട്ടെ, അങ്ങയ്ക്ക്‍ പ്രയാസങ്ങള്‍ ഇല്ലാതേയുമിരിയ്ക്കട്ടെ, ഇതാണ് എന്റെ ഇച്ഛ.
തഥാസ്തു എന്ന്‍ പറഞ്ഞനുഗ്രഹിച്ച്, രാമനും സീതയും അപ്രത്യക്ഷമായി.
ഒന്ന്‍ ആലോചിച്ചുനോക്കൂ, ഈ കഥാപാത്രത്തെ എങ്ങിനെയാണ് തൂലികത്തുമ്പിലൂടെ വര്‍ണ്ണിയ്ക്കുക, എങ്ങിനെയാണ് ഒരു തൂലികകൊണ്ട് വരയ്ക്കുക, ഏതുവിധം അതിന് ചായംപൂശും, അസാധ്യമാണ്. ഉര്‍മിളയോട്‍ ആര്‍ക്ക് വിരോധം, എന്തിന് വിരോധം. എന്ത്‍ അപരാധം. ഓരോ കഥാപാത്രവും മികച്ചതും ശ്രേഷ്ടവുമാണ്. ശ്രീരാമന്‍ എന്ന ധ്വജം നില്‍ക്കുന്നത്‍ ലക്ഷ്മണന്‍ എന്ന ധ്വജസ്ഥംഭത്തിന്മേലാണ്. ആ സ്ഥംഭം ഉറപ്പിച്ചിരിയ്ക്കുന്നത് ഉര്‍മിള എന്ന അടിത്തറ (ഫൗണ്ടേഷന്‍)യിലാണ്. കെട്ടിടത്തിന്റെ മുകള്‍ഭാഗവും ചുമരും എല്ലാം ചായമടിയ്ക്കും, എന്നാല്‍ അടിത്തറയ്ക്ക് ആരും ചായമടിയ്ക്കാറില്ലല്ലോ. അടിത്തറയ്ക്ക്‍ ചായമടിയ്ക്കുക എന്നത്‍ ആ കെട്ടിടത്തിനെ വീഴ്ത്താനുള്ള പണിയാവും. രാമായണത്തിന്റെ ഫൗണ്ടേഷനാണ് ഉര്‍മിള എന്ന്‍ മനസ്സിലാക്കിയാല്‍ അപരാധം ഉര്‍മിളയോടല്ല, അപരാധം എന്റെ ദ്ര്‌ഷ്ടിയിലാണെന്ന്‍ അറിയാം.
ഹൈന്ദവ ദേവീദേവന്മാരേയും ഹൈന്ദവ ഗ്രന്ഥങ്ങളേയൂം തന്നിഷ്ടം മുന്നിഷ്ടമെന്ന പ്രമാണത്തില്‍ ഏതുവിധത്തിലും ചിത്രീകരിയ്ക്കാനും, ഹൈന്ദവ ധര്‍മ്മത്തെ സ്ഥാനത്തും അസ്ഥാനത്തും വെച്ച്‍ ഇകഴ്ത്തിക്കെട്ടാനും ഹൈന്ദവരെ മുഴുവന്‍ ഭൂരിപക്ഷഭീകരതയുടേയും മറ്റും പേരില്‍ അവഹേളിയ്ക്കാനും, അവന്റെ ആത്മധൈര്യം നശിപ്പിയ്ക്കാനും, ഹൈന്ദവ കൂട്ടായ്മയെ തകര്‍ക്കാനും, ഹൈന്ദവന്റെ പ്രാണനാഡിയായ ഭഗവദ്‍ഗീതയ്ക്ക്‍ വിലക്ക്‍ കല്‍പിയ്ക്കാനും, ഒക്കെ കച്ചകെട്ടിത്തിരിച്ചിട്ടുള്ള കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ്‍, കാലാനുസ്ര്‌തമായി, രാഷ്ട്രഹിതത്തിനായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രസ്നേഹിയ്ക്കുവേണ്ടി മനം നൊന്തുന്നില്ലേ നിങ്ങള്‍ക്കാര്‍ക്കും. കള്ളഉറക്കം നടിച്ച് കിടക്കുന്ന ഹൈന്ദവ സഹോദരീസഹോദരന്മാരേ... ഛത്രപതി ശിവാജിയും സ്വാമി വിവേകാനന്ദനും ജനിച്ച മണ്ണല്ലേ ഇത്. അവരുടെയൊക്കെ സിംഹഗര്‍ജ്ജനങ്ങള്‍ ഈ അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങുന്നത് എന്തേ കേള്‍ക്കുന്നില്ലേ ആരും. ഈ മാത്ര്‌ഭൂമിയെ, ഈ ഭാരതമാതാവിനെ ബലാല്‍സംഗം ചെയ്ത് ഭാരതാംബയുടെ എല്ലും തോലും മാംസവും രക്തവും മജ്ജയും എല്ലാമെല്ലാം കവര്‍ന്നെടുത്ത് കമ്പോളച്ചരക്കാക്കി മാറ്റുന്ന ചെന്നായ്ക്കളെ ആരും കാണാതെ പോകുന്നതെന്തേ... ശ്രീരാമന്‍ ജനിച്ചിട്ടേ ഇല്ല എന്നും രാമസേതു എന്നത്‍ സങ്കല്‍പം മാത്രമാണെന്നുമൊക്കെ ഉന്നത നീതിപീഠത്തില്‍ സത്യവാങ്‍മൂലം നല്‍കാന്‍ സന്നദ്ധത കാണിച്ച ഭരണകര്‍ത്താക്കളും അവര്‍ക്ക് സ്തുതിഗീതങ്ങളാലപിയ്ക്കുന്ന ഉദ്യോഗസ്ഥവ്ര്‌ന്ദവും, ബാലഗോകുലം തീവ്രവാദികളെ സ്ര്‌ഷ്ടിക്കുന്ന സംഘടനയാണെന്നുമൊക്കെ ഇവിടുത്തെ രാഷ്ട്രീയനേതാക്കന്മാരും സാഹിത്യനായകന്മാരും സാമൂഹ്യപരിഷ്കര്‍ത്താക്കളെന്ന കാടന്മാരും എല്ലാംകൂടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കോമഡിഷോകളും കണ്ട്‌രസിച്ച് കയ്യടിയ്ക്കുന്ന ആധ്യാത്മികത നശിച്ച ഞാനും .... ഏതൊരു നാളെയെയാണ് നാമൊക്കെ പ്രതീക്ഷിയ്ക്കുന്നത്.. ആരെയാണ് ഉറ്റുനോക്കുന്നത്‍.. ആരിലാണ് വിശ്വാസങ്ങളെയെല്ലാം സമര്‍പ്പിച്ചിരിയ്ക്കുന്നത്‍. ഒരുവന്‍ അവനില്‍തന്നെ വിശ്വസിയ്ക്കുമ്പോഴാണ്, അവന്റെ ആത്മാവുതന്നെയാണ് പരമാത്മാവ്‍ എന്ന്‍ തിരിച്ചറിയുമ്പോഴാണ്, അറിവും വിവേകവും ധൈര്യവും കൈവരുന്നത്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ