2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ:


ഈ കാണുന്നതെല്ലാം എന്റെ നാലില്‍ ഒരംശം മാത്രമാണെന്ന്‍ ഭഗവാന്‍ പറയുന്നു. ഇതില്‍ ബ്രഹ്മവിഷ്ണുശിവന്മാര്‍ അടക്കം വരും. ക്ഷുദ്രദേവതകളെ നീ ഭജിയ്ക്കരുത്‍, എല്ലാം അനിത്യമാണ്‌ എന്നാണ്‌ പറയുന്നത്‍.  ഇതൊന്നുമല്ലാത്ത ബാക്കിയുള്ള മുക്കാല്‍ അംശമാണ്‌ ഞാന്‍ എന്ന ബ്രഹ്മം, അത്‍ അവിനാശിയാണ്‌, അതുകൊണ്ട്‍ എല്ലാം ത്യജിച്ച്‍ നീ എന്നിലേയ്ക്ക്‍ വാ.  

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ: 

ആത്മാവല്ലാത്ത, അനാത്മധര്‍മ്മങ്ങള്‍ മുഴുവനും ത്യജിയ്ക്കുക.  അനിത്യമായതിനെ മുഴുവനും വിട്ടുകളയുക. നിത്യമായതിനെ ഉള്‍ക്കൊള്ളുക. പ്രപഞ്ചവസ്തുക്കളെ വ്യാവഹാരിക തലത്തില്‍ മാത്രം കാണുക, ഉപയോഗിക്കുക, വ്യവഹരിക്കുക. അതിനെ ആശ്രയിക്കാന്‍ പാടില്ല. നിത്യവസ്തുവായ ആത്മാവിനെ ആശ്രയിക്കുക. അതിനെ വ്യവഹരിക്കാന്‍ പാടില്ല.  ആശ്രയയോഗ്യമായത്‍ ഒന്നേ ഉള്ളു. 

അതുകൊണ്ട് നിനക്ക്‍ ചെയ്യേണ്ടതായോ ചെയ്യിക്കേണ്ടതായോ ഒരു കര്‍മ്മവും ഇല്ല. കുരുക്ഷേത്രത്തില്‍ യുദ്ധസന്നദ്ധരായി എത്തിയിട്ടുള്ള പാണ്ഡവരും കൗരവരും വിഷയപ്രിയത്ത്വം കൊണ്ട്‍ എത്തിയിട്ടുള്ളവരാണ്‌. അര്‍ജ്ജുനന്‍ അടക്കം അതുതന്നെ. വിഷയങ്ങളാണ്‌  മനുഷ്യനെ യുദ്ധങ്ങളിലേയ്ക്ക്‍ കൊണ്ടെത്തിയ്ക്കുന്നത്‍. ഒരു ദ്ര്‌ശ്യത്തിനെ രണ്ടായി കാണേണ്ടുന്ന, രണ്ടായി അറിയേണ്ടുന്ന തലം വരുമ്പോള്‍ ഒരുവനില്‍ ആന്തരിക സംഘര്‍ഷം ഉടലെടുക്കുന്നു. അവന്‍ അവനോടുതന്നെ യുദ്ധം ചെയ്യാന്‍ തുടങ്ങുന്നു. വിഷയങ്ങളോടുള്ള രാഗമാണ്‌  സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമാകുന്നത്‍. ഒരുത്തന്റെ വിധിവിഹിതങ്ങളായ കര്‍മ്മങ്ങളാണ്‌ അവന്റെ ധര്‍മ്മം. ധര്‍മ്മാനുശാസനം പുണ്യപ്രാപ്തിയ്ക്കായിട്ടുള്ളതാണ്‌. പുണ്യപ്രാപ്തി എന്നതുതന്നെ രാഗമാണ്‌. പുണ്യപ്രാപ്തിയ്ക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുമ്പോള്‍, പുണ്യപാപസമ്മിശ്രമായ കര്‍മ്മങ്ങളും ഉടലെടുക്കും. കര്‍മ്മത്തെ പുണ്യകര്‍മ്മമെന്നും പാപകര്‍മ്മമെന്നും പുണ്യപാപസമ്മിശ്ര കര്‍മ്മമെന്നും തിരിച്ചിരിയ്ക്കുന്നു.  പുണ്യകര്‍മ്മമെന്ന്‍ പറയുമ്പോള്‍, അതില്‍ പുണ്യം മാത്രമേ ഉള്ളു എന്ന്‍ അര്‍ഥമില്ല. ഏതൊരു പുണ്യ കര്‍മ്മത്തിന്റെ കൂടെയും  അല്പമെങ്കിലും പാപത്തിന്റെ ചേരുവ ഉണ്ട്‍. പാപം ചേരാത്ത ഒരു കര്‍മ്മവുമില്ല. നീ ഒന്നും ചെയ്യണ്ട, എല്ലാ രാഗദ്വേഷങ്ങളെയും ത്യജിച്ച്‍ എന്നെ ശരണം പ്രാപിയ്ക്കുക, എന്നാണ്‌ പറയുന്നത്‍. മാമേക > മാം ഏകം > എന്നെ മാത്രം എന്നാണ്‌ ശബ്ദം. അദ്വൈതം അഥവാ ഏകേശ്വരവാദമാണ്‌ ഇവിടെ പ്രതിപാദ്യം. ഈശ്വരന്‍ ഒന്നേ ഉള്ളു. ആ ഈശ്വരനെ ശരണം പ്രാപിയ്ക്കുക.  മയ്യാസക്ത മന: പാര്‍ത്ഥ - എന്ന്‍ മറ്റൊരിടത്തും കാണാം. സദാ എന്നില്‍ മാത്രം ആസക്തനായിരിക്കുക. എന്നില്‍ അല്ലാതെ വേറെ ഒന്നിലും നീ യാതൊരുവിധ ആസക്തിയും വെയ്ക്കരുത്‍. ഇവിടെയും ഏകേശ്വരവാദം തന്നെ ആവര്‍ത്തിയ്ക്കുന്നു. യദ്‍ കരോഷി യദസ്നാസി യജ്ജുഹോഷി ദദാസിയത്‍ .................  തത്‍ കുരുഷ്വമദര്‍പ്പണം... നീ ചെയ്യുന്നത്‍ എന്തുതന്നെയാവട്ടെ, അതെല്ലാം എന്നില്‍ അര്‍പ്പിച്ചുകൊണ്ടു ചെയ്യുക, അര്‍പ്പണയോഗ്യമായി നീ എന്നെ മാത്രം കാണുക.. ഏകേശ്വരവാദം തന്നെ ഇതിലും.  ഈശ്വരനല്ലാതെ വേറെ ഒന്നില്ലാ എന്ന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‍ ഗീതയില്‍ കാണാം. 

അഭിപ്രായങ്ങളൊന്നുമില്ല: