അറിവ് തപസ്സില്‍ നിന്നുണ്ടാകുന്നു എന്ന്‍ ഭാരതീയ പഠനം. സംവാദങ്ങളില്‍നിന്നും -debates- പഠന പാഠനങ്ങളില്‍ നിന്നും അറിവുണ്ടാകുന്നു എന്ന്‍ ആധുനിക പഠനം. പഠന പാഠനങ്ങളില്‍ നിന്നും ഡിബേറ്റുകളില്‍നിന്നും അറിവില്ലായ്മയാണ് കിട്ടുന്നത്‍. ലോകത്തെ കുറിച്ചുള്ള അറിവാണ് അതില്‍നിന്നൊക്കെ കിട്ടുന്നത്‍. അതെല്ലാം വേണ്ടതുതന്നെ, പക്ഷെ പഠിതാവിനെ കുറിച്ചുള്ള അറിവിനെയാണ് ഭാരതീയമായി അറിവെന്ന്‍ പറയുന്നത്‍. സ്വസ്വരൂപ അനുസന്ധാനം ചെയ്ത്‍ ആന്തരികമായി സത്യദര്‍ശനം ഉണ്ടാകുന്നതിനെയാണ് അറിവെന്ന്‍ പറയുന്നത്‍. അങ്ങിനത്തെ അറിവ്‍ ലോകത്തിനും ലോകര്‍ക്കും ഉപകാരപ്രദമായിരിക്കും. ലോകത്തിലെ സകലതിനെയും കുറിച്ച്‍ പഠിച്ച്‍ അതൊക്കെ തലയില്‍ കയറ്റിവെച്ചിട്ട്‍ തലയുടെ ഘനം കൂട്ടുന്നു എന്നല്ലാതെ, സുഖമോ സന്തോഷമോ ശാന്തിയോ കിട്ടില്ല. എന്നാല്‍ അവനവനെ അറിയുന്നതോടെ ലോകത്തിലെ എല്ലാം അറിഞ്ഞുകഴിഞ്ഞു എന്നും, പൂര്‍ണ്ണ ത്ര്‌പ്തി കൈവന്നുവെന്നും ബോധ്യപ്പെടുന്നു. എല്ലാ അന്വേഷണങ്ങളും, എല്ലാ ത്ര്‌ഷ്ണയും അതോടെ ശമിക്കുകയും പൂര്‍ണ്ണ ശാന്തിയും സമാധാനവും അനുഭവിക്കുകയും ചെയ്യുന്നു.
ഏകാന്തത സ്വീകരിയ്ക്കാതെ മുന്നേറ്റമില്ല. ശബ്ദകോലാഹലങ്ങളില്‍ ഒന്നും നേടാന്‍ പറ്റില്ല. പ്രത്യേകിച്ച്‍ വീട്ടില്‍ ഇരുന്നുകൊണ്ട് അസാധ്യംതന്നെയാണ്. വേദാന്തവാക്യങ്ങളെ പിന്‍പറ്റി പലരും പറയുന്നുണ്ട്‍, വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പറ്റുമെന്ന്‍. ഏതെങ്കിലും ഒരാള്‍ക്ക്‍ പറ്റിയതായി പറയാന്‍ പറഞ്ഞാല്‍, അത്‍... അത്‍ പിന്നെ.... അത്‍ ഇപ്പൊ...
കഴിഞ്ഞു. വെറുതെ വാചക കസര്‍ത്ത്‍. ഏകാന്തതയെ ആശ്രയിക്കാതെ ആര്‍ക്കും ലഭിച്ചിട്ടില്ല. ലഭിയ്ക്കുകയുമില്ല. ഏകാന്തത അതിന്റെ പടികളില്‍ ഒന്നാണ്. പടികയറാതെ എത്തുകയും ഇല്ല.
കണ്ണില്‍കണ്ടതെല്ലാം വായിച്ച്‍ പഠിച്ച്‍ അവസാനം കിടക്കയില്‍ കിടക്കുമ്പോളേ അറിയുള്ളു, വായിക്കാനായി ചെലവഴിച്ച നേരം മുഴുവനും നാമം ചൊല്ലിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ ഗതികേട് വരില്ല്യായിരുന്നു, ഈശ്വരനെ ഇപ്പൊഴെങ്കിലും കാണാമായിരുന്നു എന്ന്‍ (ഇത്‍ 82 വയസ്സുള്ള ഒരാള്‍ മരണക്കിടക്കയില്‍ കിടന്നുകൊണ്ട്‍ അവസാനവാക്കായി എന്നോട്‍ പറഞ്ഞതാണ്) മരണകാലേ തവ തരുണാരുണസമ ചരണസരോരുഹ സ്മരണമുണ്ടാവാനായ്‍, തരിക വരം മമ കരുണാകരാ ഹരേ... ഇതുതന്നെയാണ് ഋതം സത്യം പരംബ്രഹ്മ പുരുഷം ക്ര്‌ഷ്ണപിംഗളം, ഊര്‍ദ്ധ്വരേതം വിരൂപാക്ഷം വിശ്വരൂപായ വൈ നമോ നമ:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ