ശക്തിയും ശാന്തിയും രണ്ട്‍ തുറന്ന വഴികള്‍
ശക്തിയുടെയും ശാന്തിയുടെയും വഴികള്‍ നമുക്കുമുന്നില്‍ എപ്പോഴും തുറന്നു കിടക്കുന്നതാണ്. ഏത്‍ വഴിയിലൂടെ നീങ്ങണം എന്നത്‍ മനുഷ്യാത്മാവിന്റെ തീരുമാനമാണ്. ബുദ്ധി ഉപയോഗിച്ചാല്‍ ശക്തിയുടെ വഴിയായിരിക്കും സ്വീകരിക്കുന്നത്‍. ശക്തിയുടെ വഴി എന്നാല്‍ കര്‍മ്മത്തിന്റെ മാര്‍ഗ്ഗം. ലോകത്ത്‍ എന്തും നേടുന്നത്‍ കര്‍മ്മത്തിലൂടെയാണെന്നാണ് വിചാരിച്ചിരിക്കുന്നത്‍. നേടുക എന്ന തോന്നല്‍ മനുഷ്യന്റെ മസ്തിഷ്കത്തില്‍ അംഗിതമാണ്. മസ്തിഷ്കം എന്നത്‍ മുമ്പ്‍ ഇല്ലാതിരുന്നതും പിന്നീട്‍ ഭവിച്ചതുമാണ്. അതുകൊണ്ടുതന്നെ മസ്തിഷ്കം ഇല്ലാതാകുന്നതുമാണ്. മസ്തിഷ്കത്തില്‍ അംഗിതമായ തഥ്യയെ സ്വീകരിച്ച്‍ അതിനനുഗുണമായി തീരുമാനങ്ങളെടുത്ത്‍ ആജ്ഞാപിക്കുന്നപോലെ കര്‍മ്മങ്ങളെ രൂപപ്പെടുത്തി അതൊക്കെ ചെയ്ത്‍ തീര്‍ക്കുക എന്നതാണ് ശക്തിയുടെ വഴി. കര്‍മ്മങ്ങള്‍ അജ്ഞാനത്താല്‍ ആവരണം ചെയ്തതാണെന്ന്‍ ഭാരതീയ ദര്‍ശനങ്ങള്‍. ശക്തിസ്വരൂപിണിയായ ജഗദീശ്വരി കനിയുമ്പോഴാണ് മാനവപ്രക്ര്‌തി കര്‍മ്മങ്ങളിലേയ്ക്ക്‍ എടുത്തെറിയപ്പെടുന്നത്‍. അവിദ്യാസ്വരൂപിയുടെ, മായയുടെ മായാവിലാസങ്ങളായതുകൊണ്ട്‍ കര്‍മ്മങ്ങളും അതിന്റെ ആത്യന്തിക ഫലങ്ങളും സുഖദായകങ്ങളാവാന്‍ തരമില്ല. ജീവാത്മാവിനെ കര്‍മ്മത്തിലേക്ക്‍ തള്ളിയിടുന്നത്‍ മറ്റുള്ളവരൊന്നുമല്ല, അവന്റെതന്നെ ബുദ്ധിയാണ്. ആ ബുദ്ധിയാണെങ്കിലോ അജ്ഞാനാവ്ര്‌തവുമാണ്. കുടുംബവും കുട്ടികളും ഒക്കെ ഉള്ളതുകൊണ്ടാണ് ജോലി ചെയ്യേണ്ടി വരുന്നത്‍ എന്നാണ് സാധാരണ പറയാറ്. അച്ഛനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ വേണ്ടിയാണ് ജോലികള്‍ ചെയ്യുന്നത്‍ എന്നാണ് പറയാറ്‍. അങ്ങിനെയാണെങ്കില്‍, ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടുകാരും ഒന്നും ഇല്ലാത്തവരും കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടല്ലൊ. അത്‍ ആര്‍ക്കുവേണ്ടിയാണ്. കൂടും കൂട്ടായ്മയും വീടും ഒന്നുമല്ല ഒരുത്തനെ കര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത്‍. അവിദ്യാസ്വരൂപിണിയായ മായയ്ക്ക്‍ അധീനനായി കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടുന്നു. തന്റെ സ്വന്തം ബുദ്ധിയുടെ ആജ്ഞയ്ക്ക്‍ അധീനനായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. ശക്തിയുടെയും ശാന്തിയുടെയും രണ്ട്‍ വഴികള്‍ ഉള്ളതില്‍ ഏത്‍ വഴി സ്വീകരിക്കണമെന്ന്‍ വ്യക്തിയാണ് തീരുമാനിയ്ക്കേണ്ടത്‍. ആ തീരുമാനമെടുക്കാന്‍ ജീവാത്മാവ്‍ സ്വതന്ത്രനാണ്, അതാണ് ഗീതയില്‍ ഭഗവാന്‍ പറയുന്നത്‍, കര്‍മ്മണ്യേ വാഽധികാരസ്ഥേ - എന്ന്‍. കര്‍മ്മംചെയ്യാന്‍ നിനക്ക്‍ അധികാരമുണ്ട്‍ എന്ന്‍.
ശാന്തിയുടെ വഴി തിരഞ്ഞെടുക്കാനൊന്നുമില്ല. ശാന്തിയുടെ വഴിയിലൂടെയാണ് ഇപ്പൊത്തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‍. ആ ശാന്തിയുടെ വഴി ശരിയല്ല, അതില്‍ സുഖമില്ല, എന്നൊക്കെ വിചാരിച്ച്‍ ശാന്തിയുടെ വഴി വേണ്ടെന്ന്‍ വെച്ച്‍ അശാന്തിയുടെ വഴി സ്വീകരിക്കുന്നത്‍ ജീവാത്മാവാണ്. ആത്മാവ് ശാന്തിസ്വരൂപമാണ്. അതുകൊണ്ട്‍ വ്യക്തിയും ശാന്തിസ്വരൂപനാണ്. ആ ശാന്തിതമായ സ്വ-ആത്മാവിനെ അകക്കണ്ണുകൊണ്ട്‍ ദര്‍ശിക്കുക മാത്രമേ ആവശ്യമുള്ളു. ആ ശാന്തസ്വരൂപനായിരിക്കുന്ന ആത്മാവിലുണ്ടാകുന്ന സ്പന്ദനങ്ങളാണ് സ്ര്‌ഷ്ടി അല്ലെങ്കില്‍ കര്‍മ്മങ്ങള്‍. ആത്മാവ്‍ സത്ത്‍ ആയതുകൊണ്ട്‍ ആ സത്തിനെമാത്രമാണ് സന്ധാനം ചെയ്യാനുള്ളത്‍. അസത്തിനെ ആവാഹിച്ചാനയിക്കാതിരിക്കുന്നതാണ് ശാന്തി. മായയില്‍ നിന്നുള്ള മുക്തിയും ഇതുതന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ