2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

സയന്‍സ്‌ എന്ന മൂന്നക്ഷരത്തിന്റെ ഗമ



മ്ര്‌ഗബലി ഞങ്ങള്‍ കര്‍ക്കശങ്ങളായ നിയമങ്ങള്‍കൊണ്ട്‍ തടയുന്നതില്‍ വിജയിച്ചിരിയ്ക്കുന്നു. ഇപ്പൊ ഈ നാട്ടില്‍ എവിടേയും മ്ര്‌ഗബലി നടക്കുന്നില്ലാ എന്ന്‍ കൊട്ടിഘോഷിക്കാനും അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിയ്ക്കാനും ഭരണനേത്ര്‌ത്വം വെമ്പല്‍കാണിയ്ക്കാറുണ്ട്‍.  എന്നാലും അങ്ങിങ്ങായി ഒന്നോ രണ്ടോ സംഭവിയ്ക്കുന്നുമുണ്ട്‌ എന്നത്‍ സത്യവും.  ഹൈന്ദവ‍ര്‍ ഒരു മ്ര്‌തത്തെ കൊന്ന്‍ അതിന്റെ മാംസം പൂജിച്ചതിനുശേഷം ഭക്ഷിയ്ക്കുന്നതിനെയാണ്‌ മ്ര്‌ഗബലി എന്ന്‍ സാധാരണ നിയമങ്ങളെകൊണ്ട്‌ തടഞ്ഞിട്ടുള്ളത്‌.

ലക്ഷക്കണക്കിന്‌ എലികള്‍, ലക്ഷക്കണക്കിന്‌ പന്നികള്‍, മുയലുകള്‍ എന്നിവയുടെ ശരീരത്തില്‍ മാരകങ്ങളായ രസായനങ്ങള്‍ കുത്തിവെച്ച്‍ ഈ ജീവികളെ മുഴുവനും കൊന്നൊടുക്കുന്നത്‌ മ്ര്‌ഗബലി അല്ലേ എന്ന്‍ ആരും ചോദിച്ചു പോവരുത്‍.  അതില്‍ ഞങ്ങള്‍ "സയന്‍സ്‍" എന്ന മൂന്നക്ഷരം ചേര്‍ത്തുവെച്ചിട്ടുണ്ട്‍. ആദ്യം നിങ്ങളും ആ മൂന്ന്‍ അക്ഷരത്തിനായി ഹരജി കൊടുക്കുക. അപ്പോള്‍ ലൈസന്‍സ്‌ കിട്ടും.

ഓരോ ദിവസവും അറവുശാലകളില്‍ വെട്ടിക്കൊല്ലുന്ന ആടുകള്‍, പശുക്കള്‍ കാളകള്‍ പോത്തുകള്‍ പന്നികള്‍ തുടങ്ങിയ മ്ര്‌ഗങ്ങളേയും പലവിധ പക്ഷികളേയും അരിഞ്ഞ്‍ തള്ളുന്നത്‍ മ്ര്‌ഗബലിയൊന്നുമല്ല. അതൊക്കെ "സയന്‍സ്" എന്ന മൂന്നക്ഷരം ചേര്‍ത്തുവെച്ചുകൊണ്ടാണ്‌  ചെയ്യുന്നത്‍.

ബാല്യവിവാഹം കര്‍ശനമായ നിയമത്താല്‍ ഞങ്ങള്‍ തടഞ്ഞിരിയ്ക്കുന്നു. യൂണിവേഴ്‍സിറ്റി കേമ്പസ്സില്‍ ഒരു രൂപയുടെ തുട്ട്‍ യന്ത്രത്തിന്റെ ദ്വാരത്തിലൂടെ ഇട്ടാല്‍ മറ്റൊരു ദ്വാരത്തിലൂടെ ഗര്‍ഭനിരോധന ഉറകള്‍ കയ്യിലേയ്ക്ക്‍ കിട്ടുന്ന യന്ത്രങ്ങള്‍ ഘടിപ്പിച്ചിരിയ്ക്കുന്നത്‍ വിവാഹപൂര്‍വ്വമായി എന്ത്‍ തോന്നിവാസവും കാട്ടിക്കോളിന്‍ എന്ന്‍ പറയാനൊന്നുമല്ല, ബാല്യവിവാഹം തടയാനാണ്‌.   25.10.2012ന്‌ മാത്ര്‌ഭൂമി ദിനപത്രത്തില്‍ പതിമൂന്ന്‍ വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു എന്ന വാര്‍ത്ത വന്നത്‍ ബാല്യവിവാഹം തടഞ്ഞതിന്റെ ബാക്കി പത്രങ്ങളൊന്നുമല്ല. അതൊക്കെ "സയന്‍സ്‍" എന്ന മൂന്നക്ഷരം ചേര്‍ത്തുവെച്ചതുകൊണ്ടാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌.

അതിനേക്കാള്‍ കര്‍ക്കശങ്ങളായ നിയമങ്ങള്‍കൊണ്ട്‍ നരബലിയെ ഉന്മൂലനം ചെയ്യുന്നതില്‍ ഞങ്ങള്‍ വിജയിച്ചിരിയ്ക്കുന്നു.

ലക്ഷക്കണക്കിന്‌ ആ ജീവികളെ സയന്‍സ്‍ എന്ന പേരും ചേര്‍ത്തുവെച്ച്‍, അവയെയൊക്കെ കൊന്നിട്ട്‍ അതില്‍നിന്നൊന്നും ത്ര്‌പ്തിവരാതെ,  യാതൊരു കാരുണ്യവുമില്ലാതെ, യാതൊരു രോഗവുമില്ലാത്ത ആരോഗ്യവാനായ മനുഷ്യനില്‍ മരുന്നുകള്‍ പ്രയോഗിച്ച്‍ കഴിഞ്ഞ വര്‍ഷംമാത്രം  (2011) സയന്‍സ്‌ കൊന്നത്‍ ആയിരത്തിന്‌ മുകളിലാണ്‌ എന്നാണ്‌ നിയമസഭയില്‍ മന്ത്രി വിളിച്ച്‍ പറഞ്ഞത്‌. കര്‍ക്കശങ്ങളായ നിയമംകൊണ്ട്‍ ഞങ്ങള്‍ നരബലി നിരോധിച്ചിരിയ്ക്കുന്നു എന്ന്‍ വിളിച്ചു പറയുന്നതില്‍ അഭിമാനിയ്ക്കുന്ന ആധുനികന്‍, സയന്‍സ്‍ എന്ന മൂന്നക്ഷരത്തിന്റെ മുഖംമൂടിയണിഞ്ഞ്‍ ആയിരങ്ങളെ കൊന്നൊടുക്കുമ്പോള്‍ ഒരു നീതിന്യായ വ്യവസ്ഥയോ, ഒരു സുപ്രീംകോടതിയോ, ഒരു മനുഷ്യാവകാശ കമ്മീഷനോ സംഘടനകളോ,  സാംസ്കാരിക നായകന്മാരോ ചുണ്ടനക്കാനുള്ള ധൈര്യം കാണിയ്ക്കുന്നില്ല എന്ന്‍ പറയുന്നത്‍  ഈ നാട്ടില്‍ ധാര്‍മികതയ്ക്ക്‍ പറ്റിയ അപചയമാണ്‌. ഒരു മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ല. ഇതൊക്കെ തുടര്‍ന്നും ചെയ്യേണ്ടതുതന്നെയാണ്‌ എന്നാണ്‌ എല്ലാവരുടേയും സുചിന്തിതമായ അഭിപ്രായവും.

സയന്‍സ്‍ എന്ന മൂന്നക്ഷരത്തിനെ പിന്‍പറ്റി ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും വ്യാവസായികതാല്‍പര്യം കാണിയ്ക്കുന്ന കച്ചവടക്കാരും അതിന്റെ പണിയാളന്മാരും ഒക്കെ ചേര്‍ന്ന്‍ കള്ളനുംപോലീസും കളിയ്ക്കുന്നത്‌ കണ്ടുകൊണ്ട്‍ കയ്യടിയ്ക്കുന്ന പൊതുജനവും. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും വിധത്തില്‍ ഇതിനെതിരെ ഒച്ചവെച്ചാല്‍ അത്‌ ഗര്‍ദ്ദഭസദസ്സിലെ ഗന്ധര്‍വ്വഗാനംപോലെയായിതീരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: