2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

യം യം വാപി സ്മരേന്‍ ഭാവം


ഏതൊന്നിനെ സ്മരിച്ചുകൊണ്ടാണോ മരിയ്ക്കുന്നത്‍, ആ ജീവന്‍ അതായി അടുത്ത ജന്മം സ്വീകരിയ്ക്കുന്നു എന്ന്‍ ഭാരതീയ സിദ്ധാന്തം.  

യം യം വാപി സ്മരേന്‍ ഭാവം 
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ 
സദാ തദ്‍ഭാവഭാവിത: (ഭ.ഗീത)

ഏതേതു ഭാവം സ്മരിച്ചുകൊണ്ടാണോ ജീവാത്മാവ്‌ ശരീരത്യാഗം ചെയ്യുന്നത്‍, അതാത്‌ ഭാവത്തെത്തന്നെ പ്രാപിയ്ക്കുന്നു. 

ഈ ജന്മാന്തത്തില്‍, മരണസമയത്ത്‍ ഏതൊന്നിനെ സ്മരിച്ചുകൊണ്ടാണോ ശരീരത്യാഗം ചെയ്യുന്നത്‍, ആ ജീവാത്മാവ്‌ അതായിത്തന്നെ അതിന്റെ അടുത്ത ജന്മത്തില്‍ ജനിയ്ക്കുന്നു.  ഇത്‌ മനുഷ്യന്‌ മാത്രമുള്ളതല്ല. ഓരോ ജീവിയ്ക്കും ഉള്ളതാണ്‌. ഒരു പശുവിനെ കൊല്ലുന്ന സമയത്ത്‍ ആ പശു കൊല്ലുന്നവനെയാണ്‌ കാണുന്നതും, സ്മരിയ്ക്കുന്നതും. ആ സ്മരണ വിദ്വേഷഭാവത്തിലാണ്‌. ആ പശുവിന്റെ അടുത്ത ജന്മം മനുഷ്യനായിട്ടാണെങ്കില്‍, അവന്‍ അവന്റെ പൂര്‍വ്വജന്മത്തില്‍ പശുവായിരുന്ന സമയത്ത്‍ അതിനെ കൊന്നവനെ, ഈ ജന്മത്തില്‍ കണ്ടെത്തുന്നു. ആ ജീവന്‍ പശുവിന്റെ ശരീരത്തിലായിരുന്നപ്പോള്‍ ആരാണോ അതിനെ കൊന്നത്‍, അതിന്റെ അടുത്ത ജന്മം ഒരു മനുഷ്യനായിട്ടാണെങ്കില്‍,  അവനെത്തന്നെ കണ്ടെത്തുന്നു. അവന്‍ മനുഷ്യനായിട്ടല്ല, മറ്റേതെങ്കിലും ജീവിയായിട്ടാണെങ്കില്‍ അ ജീവിയെ കണ്ടെത്തുകയും  അവനുമായി സംഘട്ടനങ്ങളുണ്ടാവുകയും അവനെ വക വരുത്തുകയും ചെയ്യുന്നു. എന്നിട്ട്‍ അവന്‍ മറ്റവനെ കുത്തിക്കൊന്നു എന്ന്‍ സമൂഹം പറയുന്നു. ഒരു കോഴിയെ കൊല്ലുന്നവനും ഇങ്ങിനെത്തന്നെ സംഭവിയ്ക്കുന്നു. ഓരോ ജീവിയ്ക്കും ഇത്‌ ബാധകമാണെന്ന്‍ സാരം. 

സ്ര്‌ഷ്ടിയും സംഹാരവും, ജനനവും മരണവും നിശ്ശബ്ദതയില്‍ നടക്കണം. സനാതനസംസ്കാരത്തില്‍  സംഹാരമെന്നാല്‍ നശിപ്പിക്കുക എന്ന അര്‍ഥത്തിലല്ല ഉപയോഗിക്കുന്നത്‍. വാസ്ഥവത്തില്‍ നശിപ്പിക്കുക എന്ന ഒന്ന്‍ ഇല്ല. പുന:സ്ര്‌ഷ്ടിയാണ്‌ നടക്കുന്നത്‍. അതുകൊണ്ട്‍ പരിണാമപ്രക്രിയയെയാണ്‌ സംഹാരമെന്ന്‍ അര്‍ഥമാക്കുന്നത്‍. സംഹാരത്തില്‍ നശിപ്പിക്കുക എന്ന അര്‍ഥവും ഉണ്ട്‍. അവിടെ നശിപ്പിക്കുന്നത്‍ ജീവിയെയല്ല, ജീവിയിലെ പാപസഞ്ചയത്തെയാണ്‌ നശിപ്പിക്കുന്നത്‍.  ഹര ശബ്ദമാണ്‌ ഒന്നിനെയും നശിപ്പിക്കാനോ ഇല്ലാതാക്കാനോ പറ്റുകയില്ല; അതിനെ പരിണമിപ്പിക്കാന്‍ മാതമേ കഴിയൂ.  വ്യക്തി നിശ്ശബ്ദനാകുമ്പോള്‍, മൗനിയാകുമ്പോള്‍, മനസ്സ്‍ ശാന്തമാകുന്നു. മനസ്സില്‍ സ്ര്‌ഷ്ടികള്‍ കുറയുന്നു. നിശ്ശബ്ദതയില്‍ നിന്നാണ്‌ എല്ലാം ഉണ്ടാകുന്നത്‍. നിശ്ശബ്ദത എന്നത്‌ ശൂന്യാവസ്ഥയാണ്‌. ശൂന്യം ആകാശമാണ്‌, ആകാശം ഓംകാരമാണ്‌. ഓംകാരം ബ്രഹ്മമാണ്‌. ഓംകാരം ശബ്ദമാണ്‌. ശബ്ദത്തില്‍നിന്നാണ്‌ സകല ഭൂതാദികളും ഉത്ഭവിക്കുന്നത്‍. ശബ്ദബ്രഹ്മത്തിന്റെ പ്രകടീഭാവമാണ്‌ ഈ ജഗത്‍.    നിശ്ശബ്ദത സുഖവും സമാധാനവും ആത്യന്തികമായ ശാന്തിയും ആണ്‌. നിശ്ശബ്ദത അറിവിന്റെ അഗാഥ തലങ്ങളെ കുറിയ്ക്കുന്നു. മൗനമാകാനുള്ള ഏതൊരു അവസരവും ആരും പാഴാക്കരുത്‌. എത്രകണ്ട്‍ മനുഷ്യന്‍ നിശ്ശബ്ദതയെ വിട്ട്‍ ശബ്ദകോലാഹലങ്ങളില്‍ രമിക്കുന്നുവൊ, അവന്റെ അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങളും അതില്‍ ഉന്മത്തമാവുകയും ശരീരവും മനസ്സും ക്ഷയിക്കുകയും ചെയ്യുന്നു. 

ആംബുലന്‍സും, ആശുപത്രിയും, ജീവനക്കാരും, ഡോക്‍ടര്‍മാരും, നഴ്‍സുമാരും, കത്തികളും കത്രികകളും കുന്തങ്ങളും കൊടിലുകളും, നൂലും സൂചിയും, വെട്ടലും കീറലും മുറിയ്ക്കലും തുന്നലും, കുറെ ഒട്ടിയ്ക്കലും പറ്റിയ്ക്കലും, മൂക്കിന്‌ ഒരു അടപ്പ്‍, ചെവിയ്ക്ക്‍ വെറൊരു അടപ്പ്‍, വായിലൂടെ ഒരു പൈപ്പ്‍, ദേഹത്തൊക്കെ കുറെ പൈപ്പുകള്‍, മൂത്രത്തിന്‌ പൈപ്പ്‍, ഇഞ്ചക്‍ഷന്റെ വേദന, ആകപ്പാടെ ഒച്ചയും ബഹളവും കര്‍മ്മകലാപങ്ങളും മാത്രം. അതിന്റെ നടുവില്‍ ജീവന്‍ ത്യജിയ്ക്കുന്ന വ്യക്തി അടുത്ത പത്താം മാസത്തില്‍ ജനിയ്ക്കുന്നതും അതേ അന്തരീക്ഷത്തില്‍ തന്നെ.   ഹേ അര്‍ജ്ജുനാ, ഏതൊന്നിനെ സ്മ്‍രിച്ചുകൊണ്ട്‍ നീ ശരീരം വിടുന്നുവോ, അതായിക്കൊണ്ട്‍ വീണ്ടും ജനിയ്ക്കുന്നു. ആ വചനങ്ങളെ ഓര്‍മ്മപ്പെടുത്താനായിട്ടെങ്കിലും ഈ കോലാഹലങ്ങളും ബഹളങ്ങളുമൊക്കെ അനിവാര്യമാണെന്ന്‍ വരുന്നു.  കഴിയുന്നത്ര സമയം മൗനമായി ചെലവഴിയ്ക്കാന്‍ ശ്രമിയ്ക്കുക. ഒരുപാട്‌ ദു:ഖങ്ങള്‍ നിവര്‍ത്തിയ്ക്കപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല: