2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

അന്ധം തമ പ്രവിശന്തിയേഽവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം രത !  

അവിദ്യയെ ഉപാസിയ്ക്കുന്നവര്‍ അന്ധകാരത്തിന്റെ ഗര്‍ത്തങ്ങളില്‍ പതിയ്ക്കുന്നു. എന്നാല്‍ വിദ്യാരതന്മാര്‍ അതിനേക്കാള്‍ വലിയ കൂരിരുട്ടില്‍ പതിയ്ക്കുന്നു, - എന്ന്‍ ഇതിന്‌ വാച്യര്‍ഥം. വിദ്യാഭ്യാസമുള്ളവര്‍ കൂടുതല്‍ കൂരിരുട്ടില്‍ പതിയ്ക്കുന്നു എന്ന്‍അര്‍ഥം.

ഇതിനെ മറ്റൊരു തലത്തില്‍ മനനം ചെയ്താല്‍ -

ദ്ര്‌ശ്യപ്രപഞ്ചത്തെ മുഴുവനും പഠിച്ചിട്ടും ഇനിയും എന്തോ ഒരു ശൂന്യം, എന്തിന്റേയോ പ്രക്ര്‌ഷ്ടമായ ഒരു കുറവ്‌, എവിടേയോ ഇനിയും നികന്നിട്ടില്ലാത്ത ഒരു അവസ്ഥ, അനുഭവപ്പെടും. ഇതിന്‌ കാരണം, ഒന്നിനെകുറിച്ച്‍ പഠിയ്ക്കുമ്പോള്‍ അത്‍ അതിനുമുമ്പ്‍ പഠിച്ച മറ്റ്‍ ഏതോ ആശയങ്ങള്‍ക്കോ, സിദ്ധാന്തങ്ങള്‍ക്കോ വിരുദ്ധമാണ്‌ എന്ന്‍ തോന്നുന്നു. വീണ്ടും വേറൊന്നിനെ പഠിയ്ക്കുമ്പോള്‍ അത്‍ ആദ്യത്തേതിന്‌ വിപരീതമാണെന്ന്‍ തോന്നുന്നു. അതുകൊണ്ട്‍ പഠനങ്ങളെല്ലാം നേടിത്തരുന്നത്‌ ദു:ഖം മാത്രമാണെന്ന്‍ തിരിച്ചറിയുന്നു. ഇതാണ്‌ പ്രാപഞ്ചിക പഠനങ്ങളുടെ ആത്യന്തിക ഫലം.  പഠനങ്ങളെല്ലാം എനിയ്ക്ക്‍ ശാന്തി നേടാനായിരുന്നുവല്ലൊ. എന്നിട്ടും ഇത്രയൊക്കെ പഠിച്ചിട്ടും ആ ശാന്തിമാത്രം എനിയ്ക്ക്‍ എന്തുകൊണ്ട്‍ പ്രാപ്തമായില്ല. അന്വേഷകനില്‍, അഥവാ പഠിതാവില്‍ എന്തോ ഏതോ പ്രക്ര്‌ഷ്ടമായ ഒരു ശൂന്യം നിലനില്‍ക്കുകയും ചെയ്യുന്നു. ആ അപൂര്‍ണ്ണത നിലനില്‍ക്കുന്നിടത്തോളം അബോധപൂര്‍വമോ ബോധപൂര്‍വമോ അവന്റെ അന്വേഷണത്തിന്റെ ഗതി അല്ലെങ്കില്‍ ദിശ മാറുന്നു. അപ്പോഴാണ്‌, അറിയേണ്ടതിനെ അറിഞ്ഞവര്‍ ആരെങ്കിലുമുണ്ടോ എന്ന ഒരു ബോധം ഉദയം ചെയ്യുന്നതും അങ്ങിനത്ത ഒന്നിനെ/ഒരാളെ അന്വേഷിയ്ക്കാന്‍ തുടങ്ങുന്നതും. പഠിച്ചതില്‍നിന്നൊന്നും എനിയ്ക്ക്‍ വേണ്ടുന്നത്‍ കിട്ടിയില്ല എന്നുമാത്രമല്ല അശാന്തി ധാരാളം കിട്ടുകയും ചെയ്തു. ഒന്നും പഠിയ്ക്കാനോ അപഗ്രഥിയ്ക്കാനോ പോകേണ്ടായിരുന്നു. അപഗ്രഥനാത്മകബുദ്ധി ഒരിയ്ക്കലും ശാന്തിയെ പ്രദാനം ചെയ്യില്ലെന്ന്‍ പഠിച്ചുകഴിഞ്ഞപ്പൊ മനസ്സിലായി. ആശയങ്ങളുടെ ലാളിത്യത്താലാണ്‌ ജീവിതം ആനന്ദപ്രദമാകുന്നത്‍.  അതിനെയാണ്‌ സാഹിത്യമെന്ന്‍ പറയുക. കഠിനങ്ങളായ ആശയങ്ങള്‍ ജഡിലമാണ്‌. ജഡിലങ്ങളെല്ലാം നിര്‍ജ്ജീവമാണ്‌. സംയോജകാത്മക ബുദ്ധിയിലായിരുന്നു ഞാന്‍ ആദ്യം വര്‍ത്തിച്ചിരുന്നത്‍. (സംയോജകാത്മകം - integrative) (അപഗ്രഥനാത്മകം =  differentiating). സമഗ്രമായൊരു തലത്തില്‍ മാത്രമേ സുഖവും ശാന്തിയും ഉള്ളു. എല്ലാത്തിനേയും അപഗ്രഥനാത്മക തലത്തില്‍ സമീപിയ്ക്കുമ്പോള്‍, എല്ലാ സദ്‍ഗുണങ്ങളും നശിയ്ക്കുന്നു. ഒരു പുഷ്പമെടുത്ത്‍ അതിന്റെ കൊറോളയും പെറ്റലും റിസെപ്റ്റക്ക്‌ളും കാര്‍പ്പെലും സിപ്പലും സ്റ്റൈലും ഫിലമെന്റും സ്റ്റിഗ്‍മയും എല്ലാം വേര്‍പെടുത്തി പഠനവിധേയമാക്കുമ്പോള്‍ ആ ഫുല്ലപുഷ്പത്തിന്റെ മുഗ്ദ്ധസൗരഭ്യം നശിയ്ക്കുന്നു. അതിന്റെ സമഗ്രതയില്‍ അതിന്‌ കിട്ടുന്ന സാര്‍വലൗകികത്ത്വം, അതിനോടുള്ള സാമീപ്യാവേശം, അതിനെ സ്വന്തമാക്കാനുള്ള മറ്റുള്ളവരുടെ വ്യഗ്രത, അതിലെ ഭൈഷജ്യപ്രയോജനം, അതിലെ വിഭാഗഗുണം അതിന്റെ സൗന്ദര്യം എന്നുതുടങ്ങി എല്ലാം നശിയ്ക്കുന്നു. സമഗ്രതയിലും സംയോജകാത്മകതയിലും എന്ത്‍ ഉണ്ടോ, അതൊന്നും അപഗ്രഥനാത്മകതയില്‍ ഇല്ലെന്നുമാത്രമല്ല, എല്ലാ സന്തോഷവും ശാന്തിയും നഷ്ടപ്പെടുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: