2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

അവിദ്യ - അഞ്ജാനം


സാവരണമായ ചിച്‍ഛക്തി വിപരീത ലക്ഷണമായ ദ്ര്‌ശ്യത്തെ ചിദ്‍വസ്തുവില്‍ സങ്കല്‍പിച്ചിട്ട്‍ അതിനെ അനുധാവനം ചെയ്യുന്നു. സ്വയമേ പ്രകാശവതിയാണ്‌ ആ ശക്തിയെങ്കിലും ഉപാധിസംശ്ലേഷണത്താല്‍ മങ്ങി, മനനം നിമിത്തം മനസ്സായിത്തീരുന്നു.

ആത്മാവല്ലാത്ത ശരീരാദികളില്‍ ഉദിക്കുന്ന ആത്മഭാവനയാണ്‌ അവിദ്യ.

അജ്ഞാനത്തിന്‌ എഴ്‍ ഭൂമികകളുണ്ട്‍. 

ബീജജാഗ്രത്ത്, ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ജാഗ്രത്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രത്ത്‍, സുഷുപ്തി എന്നിവയാണ്‌ അജ്ഞാനത്തിന്റെ ഏഴ്‌ തലങ്ങള്‍.

ആദിയില്‍ വിശ്വരൂപവും നിരാവരണവുമായ പരിശുദ്ധ ചിത്തത്തില്‍നിന്നും പ്രതിബിംബലക്ഷണമായ യാതൊരു ചൈതന്യം ജാഗ്രത്തിന്റെ ബീജരൂപമായും ഭവിഷ്യല്‍ക്കാലത്തില്‍ ചിത്തജീവനാദികള്‍ക്കും അവയുടെ അര്‍ത്ഥത്തിനും പാത്രീഭൂതമായതും ഉത്ഭവിക്കുന്നുവോ അത്‍ ബീജജാഗ്രത്താകുന്നു. ജീവന്റെ നൂതന അവസ്ഥയാണിത്‍. ഇതിനെയാണ്‌ ബീജജാഗ്രത്ത്‍ എന്ന്‍ പറയുന്നത്‍.

പരമാത്മബിംബത്തില്‍നിന്നും അഭിനവമായുണ്ടായ ഈ ബീജജാഗ്രത്തിന്‌ പൂര്‍വ്വാനുഭവസംസ്‍കാരങ്ങള്‍ ഇല്ലായ്‍കകൊണ്ട്‍ ഞാന്‍ അവന്‍ ഇവന്‍ എന്റേത് നിന്റേത്‍ ഇത്യാദി നൂതനമായുണ്ടായ പ്രത്യയം ജാഗ്രത്താകുന്നു. ഏത്‌ തലത്തിലാണോ ഈ ദ്വൈതം ഉത്ഭവിക്കുന്നത്‌ ആ തലത്തെ ജാഗ്രത്തെന്ന്‌ പറയും. ഈ വിഷയത്തില്‍ ജന്മാന്തരപ്രചോദിതമായ ദ്ര്‌ഡപ്രത്യയം യാതൊന്നോ അതാണ്‌ മഹാജാഗ്രത്ത്‍.

അഭ്യാസത്താല്‍ ദ്ര്‌ഡപ്പെട്ടതോ അല്ലാത്തതോ ആയി വിഷയസ്വരൂപമായ ജാഗ്രത്തിലെ മനോരാജ്യം ജാഗ്രത്‍സ്വപ്‍നം. നിദ്രയില്‍ ഞാനെന്തൊക്കെയോ കണ്ടു, അത്‍ ഇപ്രകാരമാണ്‌ എന്നെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‍ സ്വപ്‍നം.

ഒരു വസ്തു വളരെ നാള്‍ കാണാതിരുന്ന്‍ പിന്നീട്‍ കാണുമ്പോള്‍ സ്വരൂപജ്ഞാനം സ്പഷ്ടമാകാതെ ഓര്‍ത്തോര്‍ത്തിരിക്കുക, സ്വപ്നംപോലെ ജാഗ്രത്തില്‍ത്തന്നെ സ്‍ഫുരിക്കുന്ന തലം, അതിനെ സ്വപ്നജാഗ്രത്ത്‍ എന്ന്‍ പറയും. പണ്ടെപ്പോഴോ കണ്ട ഒരു ദ്ര്‌ശ്യം വളരെ കാലത്തിനുശേഷം വീണ്ടും കാണുമ്പോള്‍, "ഇത്‍ ഞാന്‍ പണ്ടെവിടെയോ കണ്ടിട്ടുണ്ടല്ലോ" എന്ന്‍ തോന്നുകയും ആ സന്ദര്‍ഭത്തെ ഓര്‍ക്കാന്‍വേണ്ടി ഭൂതത്തിലേക്ക്‍ ഒര്‍മ്മയെ കൊണ്ടുപോകുന്ന തലത്തിനെ സ്വപ്നഗാഗ്രത്ത്‍ എന്ന്‍ പറയുന്നു. 

ഉറക്കത്തില്‍ ഞാന്‍ എന്തൊക്കെയൊ കണ്ടു, അതിപ്രകാരമാണ്‌ എന്നെല്ലാം ഓര്‍മവരുന്നത്‍ സ്വപ്നം. 

ജാഗ്രത്‍ സ്വപ്‍ന അവസ്ഥകളുടെ ഭാവിദു:ഖാനുഭവത്തിന്റെ ബീജ വാസനകളോടുകൂടിയ യാതൊരു ജഡാവസ്ഥയെ ജീവന്‍ സ്വീകരിക്കുന്നുവോ, അതിന്‌ സുഷുപ്തി എന്ന്‍ പറയും. ഈ അവസ്ഥയില്‍ സര്‌വജഗത്തുക്കളും അന്ധമായ തമസ്സില്‍ മറഞ്ഞുപോകുന്നു. 

അജ്ഞാനത്തിന്‌ ഇത്രയും തലങ്ങളുണ്ടോ എന്ന്‍ വിചാരിക്കണ്ട, ഇത്രയല്ല ഉള്ളു. ഇതില്‍ ഓരോ തലവും മറ്റ്‍ ഒന്നിനോടൂ ചേര്‍ന്നോ ഒന്നില്‍ അധികത്തോട്‍ ചേര്‍ന്നോ സംജാതമാകുന്ന തലവും കൂടിയുണ്ട്‍. അപ്പോള്‍ അജ്ഞാനത്തിന്‌ അനേകം തലങ്ങളുണ്ടെന്ന്‍ മനസ്സിലാക്കാം.

ജ്ഞാനത്തിനും ഏഴു തലങ്ങളുണ്ട്‍.  ശുഭേച്ഛ സുവിചാരണ തനുമാനസ സത്വാപത്തി അസംസക്തി പദാര്‍ത്ഥാഭാവനി തുര്യഗ ഇവയാണ്‌ ജ്ഞാനത്തിന്റെ ഏഴ്‍ തലങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്ന്‍ മറ്റ്‍ ഒന്നിനോടോ ഒന്നില്‍കൂടുതലിനോടോ ചേര്‍ന്ന്‍ അനവധി തലങ്ങളായി തീരുന്നതും ജ്ഞാനത്തിന്റെ തലങ്ങള്‍ തന്നെ.  ഈ സപ്തഭൂമികയുടെ ജ്ഞാനം സാക്ഷാല്‍ ബ്രഹ്മാനുഭൂതിയല്ലാതെ മറ്റൊന്നുമല്ല. അതിനപ്പുറമുള്ളതാണ്‌ ജ്ഞേയഭൂമിക. അത്‌ പുനരാവര്‍ത്തിരഹിതമായ മോക്ഷവുമാണ്‌. 

ശാസ്ത്രജ്ഞാനം, സജ്ജനസംഗമം ഇത്യാദി ഉപായങ്ങളാല്‍ ആത്മതത്ത്വം അറിയുകതന്നെ വേണമെന്നുള്ള വൈരാഗ്യപൂര്‍ണ്ണമായ ഇച്ഛയാണ്‌ ശുഭേച്ഛ.

സജ്ജനസംഗമവും ശാസ്ത്രജ്ഞാനവും നേടി സദാചാരങ്ങളില്‍ ഊന്നി ഉറക്കുന്ന പരിശുദ്ധ മനോവ്ര്‌ത്തിയാണ്‌ സുവിചാരണ.

ശുഭേച്ഛയുടെയും ചിവാരങ്ങളുടെയും അഭ്യാസംകൊണ്ട്‍ ഏതവസ്ഥയിലാണോ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ വരക്തിഉണ്ടാകുന്നത്‍, അത്‍ തനുമാനസ.

ഈ പറഞ്ഞ മൂന്ന്‍ ഭൂമികകളും അഭ്യസിച്ച്‍ മനസ്സിന്‌ വിരക്തി വന്നാലത്തെ തലമാണ്‌ സത്വാപത്തി.

നാലിന്റെയും അഭ്യാസത്താല്‍ അസംഗമായി ദ്ര്‌ഢമായി സൂക്ഷ്മമായ ബ്രഹ്മാനന്ദത്തെ ഗഹിക്കുന്നതിന്‌ സമര്‍ത്ഥമായി തീരും. ഈ തലം അസംസക്തി എന്ന്‍ പറയും.

മുകളില്‍ സൂചിപ്പിച്ച അഞ്ച്‍ അവസ്ഥകളും കടന്ന്‍ ആത്മാവില്‍ തന്നെ രമിക്കുന്നത്‌ ശീലമാക്കിയാല്‍, ആരെങ്കിലും വളരെയധികം ഉപദ്രവിച്ചാല്‍മാത്രം ഉണരുകയും ചെയ്യുന്ന, അവസ്ഥ, പദാര്‍ത്ഥാഭാവനി.

ഈ ആറിന്റെയും അനുക്രമമായ അനുഷ്ഠാനംകൊണ്ട്‍ ഭേദഭാവന തീരെയില്ലാതെ അചഞ്ചലമായി ആത്മസ്വരൂപത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥ തുര്യഗ. 

ഇതിനെല്ലാത്തിനുമപ്പുറമുള്ള ഒരു അവസ്ഥകൂടിയുണ്ട്‍, അതിനെ തുര്യാതീതമെന്ന്‍ പറയും. 

അഭിപ്രായങ്ങളൊന്നുമില്ല: