വിഷയംതന്നെ വിഷം. വിഷ: പ്രാണഹര:
ശബ്ദാദിഭി: പഞ്ചഭിരേവ പഞ്ച
പഞ്ചത്വമാപു: സ്വഗുണേന ബദ്ധാ:
കുരങ്‍ഗമാതങ്‍ഗ പതങ്‍ഗ മീന-
ഭ്ര്‌ങ്‍ഗാ നര: പഞ്ചഭിരഞ്ചിത: കിം.
ശബ്ദാദി പഞ്ചഗുണ - ശബ്ദസ്പര്‍ശരൂപരസഗന്ധം തുടങ്ങിയ അഞ്ച് ഗുണങ്ങളുള്ള മാന്‍, ആന, പാറ്റ, മത്സ്യം, വണ്ട്‍, തുടങ്ങിയവ ഈ അഞ്ചുഗുണങ്ങളില്‍ ഓരോ ജീവികളും ഓരോ ഗുണങ്ങള്‍കൊണ്ട്‍ ബന്ധിതരാണ്. ഈ അഞ്ചുതരം ജീവികള്‍ക്കും അഞ്ചുഗുണങ്ങളും ഉണ്ട്‍, എന്നാലും ഇവയില്‍ ഓരോ ഗുണങ്ങള്‍ മുഖ്യമായും കാണുന്നു. വേടന്റെ നാദതാളാത്മകമായ വീണ/ഓടക്കുഴല്‍ വിളിയുടെ ശബ്ദം കേട്ട്‍, ശബ്ദസുഖവിഷയമായ ഗുണത്താല്‍ ബന്ധിതമായ മാന്‍, അരികിലേയ്ക്ക്‍ വരികയും വേടന്‍ അതിനെ അമ്പെയ്ത് കൊല്ലുകയും ഭക്ഷണമാക്കുകയും ചെയ്യുന്നു. മറ്റ് നാല് ഗുണങ്ങളും മാനില്‍ ഉണ്ടെങ്കിലും ശബ്ദഗുണമാണ് കൂടുതലുള്ളത്, അതുകൊണ്ട്‍ ആ ഗുണംതന്നെ അതിന്റെ നാശത്തിന് കാരണമാകുന്നു. ആന സ്പര്‍ശനസുഖത്താല്‍ ബന്ധിതമാണ്. കൊമ്പനാന ഒറ്റയ്ക്ക്‍ നടക്കുമ്പോള്‍ അതീവ ജാഗരൂകനും യാതൊരു അപകടങ്ങളിലും ചെന്ന്‍ പതിയ്ക്കാത്തവനുമാണ്. പച്ച മരത്തിന്റെ കൊമ്പ്‍ ഒടിച്ച്‍ അതുകൊണ്ട്‍ മനുഷ്യന്‍ തീര്‍ത്തിട്ടുള്ള വൈദ്യുതിക്കമ്പിയില്‍ അടിച്ച്‍ പൊട്ടിച്ചതിനുശേഷമേ ആന മുന്നോട്ട്‍ നീങ്ങുകയുള്ളു, ഇത്രയും ജാത്രത അത്‍ പാലിയ്ക്കുമ്പോള്‍ ചതിക്കുഴിയില്‍ വീഴുന്ന പ്രശ്നമേ ഇല്ല. എന്നാല്‍ മറ്റ്‍ ആനകളുടെ കൂട്ടത്തില് തൊട്ടുരുമ്മി നടക്കുമ്പോള്‍, പിടിയാനയെ തൊട്ടുരുമ്മി നടക്കുമ്പോള്‍, സ്പര്‍ശനവിഷയത്താല്‍ ബന്ധിതമായതുകൊണ്ട്‍, ഭാനം നഷ്ടപ്പെട്ട്‍, കുഴിയില്‍പോയി വീഴുകയും, മനുഷ്യന്‍ അതിനെ പിടിച്ചുകൊണ്ട്‍ പോവുകയും ചെയ്യുന്നു. ആനയ്ക്ക്‍ സ്പര്‍ശനവിഷയം വിഷമായി തീരുന്നു. രൂപവിഷയത്താല്‍ ബന്ധിതമായ പാറ്റ രൂപത്തില്‍ ആകര്‍ഷിക്കപ്പെട്ട്‍ തീ കത്തുന്നത്‍ കണ്ട്‍, ആ തീയില്‍ പോയി ചാടുകയും കത്തിക്കരിഞ്ഞ്‍ ചാമ്പലാവുകയും ചെയ്യുന്നു. രസമാകുന്ന വിഷയത്താല്‍ ബന്ധിതമാണ് മീന്‍, മത്സ്യം. മത്സ്യത്തിന് തിന്നാനുള്ളത്‍ ആ ജലാശയത്തില്‍ത്തന്നെ ധാരാളം കിട്ടുന്നുവെങ്കിലും, ചൂണ്ടക്കാരന്റെ ചൂണ്ടയില്‍ കോര്‍ത്തുവെച്ചിരിയ്ക്കുന്ന ഇരയില്‍ വന്ന്‍ ചൂണ്ടയിലെ കൊളുത്ത്‍ അടക്കം തിന്നുകയും ചെയ്യുമ്പോള്‍ ചൂണ്ടയിടുന്നവന്‍ അത്‍ വലിച്ചെടുത്ത്‍ അതിനെകൊണ്ടുപോയി പൊരിച്ച്‍തിന്നുകയും ചെയ്യുന്നു. ഗന്ധവിഷയത്താല്‍ ബന്ധിതമാണ് വണ്ട്‍. വിടര്‍ന്നുനില്‍ക്കുന്ന ചെമ്പകപ്പൂവിന്റെ ഗന്ധമേറ്റ് അതില്‍ വന്നിരുന്ന്‍, ചെമ്പകപ്പൂവിന്റെ തീക്ഷ്ണഗന്ധത്താല്‍ അതില്‍ത്തന്നെ ആ വണ്ട്‍ ചത്തുപോകുന്നു. തേനിന്റെ ഗന്ധമേറ്റ് താമരപ്പൂവില്‍ പോയി ഇരിയ്ക്കുകയും സൂര്യന്‍ അസ്തമിയ്ക്കുന്നതോടെ വിരിഞ്ഞുനില്‍ക്കുന്ന താമരപ്പൂവ് കൂമ്പിപ്പോവുകയും ചെയ്യുന്നു, വണ്ട്‍ അതിനകത്തിരുന്ന്‍ ചത്തുപോവുകയും ചെയ്യുന്നു. (കൂമ്പിയ താമരപ്പൂവ് ആന വന്ന്‍ തിന്നുകയും സസ്യഭുക്കായ ആന മാംസഭുക്കാവുകയും ചെയ്യുന്നു എന്നത്‍ വേറെകാര്യം). ഇങ്ങനെ വിഷയങ്ങളാകുന്ന ഓരോഗുണങ്ങളാല്‍ മാത്രം ബന്ധിതമാകുന്ന ഈ അഞ്ചുവിധം ജീവികളും കേവലം ഓരോഗുണങ്ങളാല്‍ത്തന്നെ നശിച്ചുപോകുന്നുവെങ്കില്‍, വിഷയങ്ങളാകുന്ന ഈ അഞ്ചുഗുണങ്ങളാലും അത്യന്തം ബന്ധിതനായിരിയ്ക്കുന്ന പഞ്ചപഞ്ചത്വമാപു: നര:, നരന്‍, മനുഷ്യന്‍, !!! ഹേ മനുഷ്യാ നിന്റെയൊക്കെ ഗതിയെന്താണ് ?
വിഷയവിഷം സര്‍പ്പവിഷത്തേക്കാള്‍ ഭയങ്കരം തന്നെയെന്ന്‍ ഈശ്വരോപാസനയ്ക്ക്‍ മുതിരുന്നവന്‍ മനസ്സിലാക്കണം. അതിനുശേഷമേ അതിനൊക്കെ തുനിയേണ്ടതുള്ളൂ.
ദോഷേണ തീവ്രോ വിഷയ: ക്ര്‌ഷ്ണസര്‍പ്പവിഷാദപി
വിഷം നിഹന്തി ഭോക്താരം ദ്രഷ്ടാരം ചക്ഷുഷാപ്യയം
കരിമൂര്‍ഖന്‍പാമ്പിന്റെ വിഷത്തേക്കാള്‍ കടുത്ത ദോഷം ചെയ്യുന്നതാണ് വിഷയം എന്ന വിഷം. പാമ്പിന്റെ വിഷം അത് കഴിയ്ക്കുന്നവനെ, പാമ്പ് കടിയ്ക്കുന്നവനെ മാത്രമേ കൊല്ലുന്നുള്ളു, വിഷയമാണെങ്കിലോ, നിഹന്തി ദ്രഷ്ടാരം, കാണുന്നവനെപോലും കൊല്ലുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ