അതിരാവിലെ അടുക്കളയില്‍ കയറി ആഹാരപാചകത്തിനുള്ള പണികള്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴാണ് കണ്ടത്‍, തലേ ദിവസം ഉണ്ടാക്കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അടുപ്പിനുചുറ്റും വീണുകിടക്കുന്നതില്‍ കുറെ ഉറുമ്പുകള്‍ വന്നിരിക്കുന്നു. അടുപ്പില്‍ തീ നല്ലപോലെ കത്തിയതുകൊണ്ട്‍ ധാരാളം തീക്കണലുകള്‍ ഉണ്ട്‍. ഒരു തുണിക്കഷണമെടുത്ത്‍, ആ ഉറുമ്പുകളെ മുഴുവനും തുടച്ച്‍ ഒന്നായിട്ട്‍ അവറ്റിനെയൊക്കപ്പാടെ അടുപ്പിലേക്കിട്ടു. ആ കണലില്‍ കിടന്ന്‍ അവ ചടപട പൊട്ടുന്നതും കണ്ട്‍ കൊച്ചമ്മ സന്തോഷിച്ചുകൊണ്ട്‍ പറഞ്ഞു, നിങ്ങള്‍ക്കൊക്കെ അങ്ങിനെത്തന്നെ വേണം, വേറെ സ്ഥലമൊന്നും കിട്ടീലേ.. വേഗം ഭക്ഷണമൊക്കെ ഉണ്ടാക്കി, ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കുളിപ്പിച്ച്‍ ഡ്രസ്സ്‍ ചെയ്ത്‍ ഭക്ഷണവും കൊടുത്ത്‍, ബാഗ്‍ കുട വാട്ടര്‍ ബോട്ടല്‍, എല്ലാം റെഡിയാക്കി, കുട്ടിയുടെ കയ്യും പിടിച്ച്‍ ബസ്‍സ്റ്റാന്റിലേക്ക്‍ നടന്നു. സ്കൂള്‍ ബസ്‍ വരാന്‍ സമയമുണ്ട്‍. കൂട്ടുകാരിയും കുട്ടിയെയും കൊണ്ട്‍ എത്തി. കൊച്ചമ്മ കൂട്ടുകാരിയുമായി വര്‍ത്തമാനം പറയുന്നതിനിടയില്‍ കുട്ടിയുടെ കൈ വിട്ടു. റോഡിന്റെ മറുപുറത്താണ് ബസ്‍ സ്റ്റാന്റ്‍. അവിടെ കുട്ടിയുതെ മറ്റൊരു ക്ലാസ്‍മേറ്റ്‍ നില്‍ക്കുന്നു. അവന്റെ അരികിലേക്ക്‍ റോഡ്‍ ക്രോസ്‍ ചെയ്ത്‍ ഒരു ഓട്ടം. ആ സമയത്താണ് വേറൊരു വാഹനം അതിലെ വന്നത്‍. കുട്ടിയുടെ ശരീരത്തിലൂടെ വണ്ടിയുടെ ചക്രങ്ങല്‍ ചക്രം കയറി മറിഞ്ഞപ്പോള്‍ ചടപടാ എന്ന്‍ നാല് പൊട്ട്‍. കൊച്ചമ്മ ആര്‍ത്തു വിളിച്ച്‍ കരയാന്‍ തുടങ്ങി..
രാവിലെ അടുക്കളയില്‍ ആയിരക്കണക്കിന് ഉറുമ്പുകളെ തീക്കണലിലേക്ക്‍ കോരിയിട്ടപ്പോള്‍ കേട്ട ചടപടയില്‍ സന്തോഷിച്ച കൊച്ചമ്മ, കുഞ്ഞ്‍ വാഹനത്തിനടിയില്‍പെട്ട്‍ ചടപട പൊട്ടിയതില്‍ എന്തിനാ ദു:ഖിയ്ക്കണത്‍, എന്തിന് കരയണം. ആയിരക്കണക്കിന് ഉറുമ്പുകളെ ഒറ്റയടിയ്ക്ക്‍ ചുട്ടുകളഞ്ഞതില്‍ യാതൊരു ദു:ഖവും തോന്നിയില്ല. ഏതൊരു ജഗദീശ്വരനാണോ എന്നെ സ്ര്‌ഷ്ടിച്ചത്‍, അതേ ജഗദീശ്വരന്‍തന്നെയല്ലേ ഉറുമ്പിനേയും സ്ര്‌ഷ്ടിച്ചത്‍.
എനിയ്ക്ക്‍ ഉപയോഗമില്ലാത്തതിനെ മുഴുവനും, എനിയ്ക്ക്‍ ഉപദ്രവമുള്ളതിനെ മുഴുവനും കൊന്നൊടുക്കാനാണ് ശാസ്ത്രം പഠിപ്പിയ്ക്കുന്നത്. ചെറുപ്പം മുതല്‍ക്കുള്ള വിദ്യാഭ്യാസം ഈ ഒരു ലക്ഷ്യത്തിലേയ്ക്കാണ് കുട്ടികളെ കൊണ്ടുപോകുന്നത്‍. കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്‍, അതുകൊണ്ട് ലോകത്തിലെ കൊതുകുകളെ മുഴുവനും കൊല്ലുക. എലികളാണ് രോഗവാഹകര്‍, അതുകൊണ്ട്‍ എലികളെ മുഴുവനും കൊല്ലുക. മരങ്ങളാണ് വികസനത്തിന് തടസ്സം, അതുകൊണ്ട്‍ മരങ്ങള്‍ മുറിച്ചു തള്ളുക. കുന്നുകള്‍ നിരത്തിയാല്‍ വികസനമുണ്ടാവും, അതുകൊണ്ട് കുന്നുകളൊക്കെ ഇടിച്ചുനിരത്തുക. അവിടെയുള്ള എല്ലാ ജീവികളെയും മനുഷ്യന്റെ സ്വാര്‍ത്ഥത്തിനായിക്കൊണ്ട്‍ കൊല്ലുക.
അടുക്കളയില്‍ അടുപ്പിനുചുറ്റും, മറ്റ്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലുമൊക്കെ ഉറുമ്പുകളെ കൂട്ടംകൂട്ടമായി കണ്ടപ്പൊ, മുമ്പത്തെ ഒരമ്മ, അയ്യോ , ഈ മാസം ഉറുമ്പ്‍ ചോറ്‍ വെച്ചുകൊടുത്തില്ലല്ലോ, ഈശ്വരാ, മാപ്പ്‍ തരണേ, എന്ന്‍ പ്രാര്‍ത്ഥിച്ച്‍, വേഗം കുറച്ച്‍ പൊടിയരിയുമെടുത്ത്‍ ആ ഉറുമ്പിന്‍ കൂട്ടത്തിന്റെ മുകളിലൂടെ തന്റെ കൈ ഒന്ന്‍ വട്ടം വീശിച്ചിട്ട്‍, വേഗം പുറത്ത്‍ പോയി മുറ്റത്ത്‍ ഒരു മൂലയ്ക്ക്‍ ആ പൊടിയരി ഇട്ട്‍ കൊടുത്തിട്ട്‍ പറയും, ഉറുമ്പേ, നിങ്ങളെല്ലാവരും ഇങ്ങോട്ട്‍ പുറത്തേയ്ക്ക്‍ പോരിന്‍, ഇവിടെ തിന്നാനുള്ളത്‍ ഇട്ടിട്ടുണ്ട്‍. നിങ്ങളും കുട്ടികളും ഇവിടെ കഴിഞ്ഞോളിന്‍, ഞാനും എന്റെ മക്കളും അകത്ത്‍ കഴിഞ്ഞോട്ടെ..
വീട്ടിലെ ഓരോ ജീവികളുമായും, ഈച്ചയും, കൊതുകും, എലിയും എന്നുവേണ്ട, ഈ പ്രക്ര്‌തിയിലെ ഓരോ ജീവജാലങ്ങളുമായി സാമഞ്ജസ്യത്തോടെ മുമ്പത്തെ തലമുറ ജീവിച്ച്‍ കാണിച്ച്‍ തന്നിട്ടും അതൊക്കെ അന്ധവിശ്വാസവും, അന്ധവിശ്വാസജടിലമായ ആധുനിക ശാസ്ത്രം പറയുന്നതൊക്കെ സത്യവും എന്ന്‍ ധരിക്കുന്ന ഒരു തലമുറ... നമസ്കാരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ