2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ഭുവനജ്ഞാനം സൂര്യേ സംയമാത്‌ - യോഗദര്‍ശനം - സൂത്രം 26

ഭുവനജ്ഞാനം സൂര്യേ സംയമാത്‌  - യോഗദര്‍ശനം  - സൂത്രം 26

സൂര്യേ സംയമാത്‍ = സൂര്യനില്‍ സംയമം ചെയ്താല്‍
ഭുവനജ്ഞാനം = ഭുവനങ്ങളെ കുറിച്ചുള്ള യഥാര്‍ഥ ജ്ഞാനം കിട്ടുന്നു

സൂര്യനില്‍ സംയമം ചെയ്താല്‍ ഊര്‍ധ്വലോകങ്ങളേയും അധ്:സ്ഥിത ലോകങ്ങളേയും കുറിച്ചുള്ള ജ്ഞാനം യോഗിക്ക്‍ ഉണ്ടാകുന്നതാണ്‌. സൂര്യ ശബ്ദത്തിന്‌ ബാഹ്യലോകത്തുള്ള സൂര്യന്‍ എന്ന അര്‍ഥം മാത്രമല്ല. സൂര്യന്‍, ചന്ദ്രന്‍ എന്നൊക്കെ യോഗശാസ്ത്രത്തില്‍ ഇഡ, പിംഗള നാഡികളെയാണ്‌ പറയുന്നത്‍. അവ ശരീരത്തിലുള്ള സൂര്യചന്ദ്രന്മാരാണ്‌.

വലതുനാസാദ്വാരത്തിലൂടെ വളരെ മെല്ലെ ശ്വാസം ഉള്ളിലേയ്ക്കെടുത്ത്‍ അതിലാഘവത്തോടെ വളരെ പതുക്കെ ശബ്ദമില്ലാതെ പ്രാണനെ ഇടത്‍ നാസാദ്വാരത്തിലൂടെ മുഴുവനായും പുറത്തേയ്ക്ക്‍ വിടുക. ഇതിനെ സൂര്യഭേദി പ്രാണായാമം എന്ന്‍ പറയും. ഇങ്ങിനെ ചെയ്യുമ്പോള്‍ സൗരയൂഥത്തിനെ സങ്കല്‍പ്പിയ്ക്കണം. മധ്യത്തില്‍ സൂര്യനും അതിന്‌ ചുറ്റും, കറങ്ങുന്ന മറ്റ്‍ ഗ്രഹങ്ങളെയും സങ്കല്‍പ്പിച്ച്‍, മെല്ലെമെല്ലെ ആ സൂര്യനില്‍ തന്നെ മനസ്സുറപ്പിയ്ക്കുക. ചെയ്യുന്ന വ്യക്തി ആ സൗരയൂഥത്തിനടുത്ത്‍, സൂര്യന്‌ സമീപമാണ്‌ ഇരിയ്ക്കുന്നതെന്ന്‍ സങ്കല്‍പ്പിയ്ക്കണം. ഒരു പത്തോ ഇരുപതോ തവണ ഈ സങ്കല്‍പ്പംവെച്ചുകൊണ്ട്‍ ഈ പ്രാണായാമം ചെയ്താല്‍, ശരീരത്തിന്‌ ചൂട്‍ അനുഭവപ്പെടാന്‍ തുടങ്ങും. കൂടുതല്‍തവണ ചെയ്താല്‍ ശരീരത്തില്‍നിന്ന്‍ വിയര്‍പ്പ്‍ പൊട്ടാന്‍ തുടങ്ങും. പിന്നീട്‍ സൂര്യന്റെ അപാരമായ ചൂട്‌ തോന്നിത്തുടങ്ങും. ശരീരം ചുട്ടുപൊള്ളുന്നപോലെ തോന്നും. തണുപ്പുകാലത്ത്‍ ഈ പ്രാണായാമം ചെയ്യുന്ന വ്യക്തിയ്ക്ക്‍, യാതൊരു വിധ തണുപ്പും ഏല്‍ക്കില്ല. സാധാരണ നിഗുര വ്യക്തികള്‍ ഈ പ്രാണായാമം ചെയ്യരുത്‍ എന്ന്‍ ആചാര്യമതമുണ്ട്‍. ശരീരത്തിന്‌, വിശിഷ്യാ ഉദരത്തില്‍, അത്യധികമായ അഗ്നിയുടെ പ്രഭാവം ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട്‍, അത്‍ ആമാശയഭിത്തികളെ ദഹിപ്പിയ്ക്കാനുള്ള സാധ്യത ഉണ്ട്‍. അപ്പോള്‍ വെളുക്കാന്‍ തേച്ചത്‍ പാണ്ടാവും. അതുകൊണ്ട് ആ അഗ്നിയെ ഏതൊരു അമ്ര്‌ത്‍ തളിച്ച്‍ തണുപ്പിയ്ക്കണമെന്ന്‍ ഗുരുവചനമായ അറിവുണ്ടാവണം. ഈ പ്രാണായാമം നാളെ വരാനിരിയ്ക്കുന്നതിനെ - ഭാവിയെ - അറിയാനും സഹായിയ്ക്കും.  ഒരു ഇരുപതോ മുപ്പതോ പ്രാവശ്യം മാത്രം ചെയ്യുക.

ശരീരത്തില്‍ കഴുത്ത്, നെഞ്ച്‍ വയറ്‌ എന്നിവയുടെ പിന്‍ഭാഗത്തുകൂടി ഗുദാസ്ഥിവരെ വന്നു ചേരുന്ന ഒരു നാഡി ഉള്ളതിനെയാണ്‌ പിംഗളാനാഡി അഥവാ സൂര്യനാഡി എന്ന്‍ പറയുന്നത്‍. ഇത്‍ ശരീരത്തിന്റെ വലതു ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതുപോലത്തെ മറ്റൊരു നാഡി ഇടതുഭാഗത്തുമുണ്ട്‍, അതിനെ ഇഡ അഥവാ ചന്ദ്രനാഡി എന്ന്‌ പറയുന്നു.  സംയമം ഈ പിംഗളാനാഡിയില്‍ ചെയ്താല്‍ ഭുവനങ്ങളെകുറിച്ചുള്ള ജ്ഞാനം ഉണ്ടാകുന്നു.

ആകാശത്തെ സൂര്യനില്‍ സംയമം ചെയ്താല്‍ എല്ലാ ലോകങ്ങളുടേയും അറിവ്‌ ലഭിയ്ക്കുമെന്ന്‍ പറയുന്നു. പ്രകാശത്തിന്‌ കാരണക്കാരനായ സൂര്യനില്‍ സംയമം ചെയ്താല്‍ ഭൂലോകം ഭുവര്‍ലോകം  സ്വര്‍ലോകം എന്നിവിടങ്ങളില്‍ എത്ര ഭുവനങ്ങളുണ്ടോ അവയെകുറിച്ചെല്ലാം യോഗിയ്ക്ക്‍ അറിയാന്‍ കഴിയുന്നു എന്ന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ അതലം സുതലം വിതലം തുടങ്ങിയ അധോലോകങ്ങളെകുറിച്ചുള്ള പരിപൂര്‍ണ്ണജ്ഞാനവും ലഭിയ്ക്കുന്നു. ശരീരം സൂര്യതേജസ്സുപോലെ തിളങ്ങിവിളങ്ങുകയും കണ്ണുകളില്‍നിന്ന്‍ പ്രകാശം വമിയ്ക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: