ആത്മ കഥ അസാധ്യം
സ്വന്തം ജീവ ചരിത്രത്തെ സ്വയം എഴുതിയതിനെയാണ് ആത്മ കഥ എന്ന്‍ പറയുന്നത്. ആ വാക്ക്‍തന്നെ തെറ്റാണ്, കാരണം ആത്മാവിന് കഥ ഇല്ല. കഥ ഇല്ലാത്തതിനെ കഥാരൂപത്തിലാക്കാന്‍ പറ്റില്ല. അത് എഴുതുന്നവന്റെ കഥയില്ലായ്മ എന്നേ പറയാന്‍ പറ്റു.
സ്വന്തം ജീവചരിത്രത്തെ എഴുതുക എന്നത് അത്യന്തം ക്ലിഷ്ടമാണ്. മനുഷ്യനെന്നത് ജാഗ്രത്, സ്വപ്ന സുഷിപ്തി എന്ന മൂന്ന്‍ തലങ്ങളുടെ സംയോജനമാണ്.
എന്റെ ജാഗ്രത്തിനേയും സ്വപ്നത്തിനേയും ചേര്‍ത്തുവെച്ച് എഴുതിയാലേ അത് എന്റെ കഥയാവൂ. ജാഗ്രത്തിനെ കുറച്ചൊക്കെ സത്യസന്ധമായി എഴുതാം. മുഴുവനും എഴുതാന്‍ സാധ്യമല്ല. കാരണം ജാഗ്രത്തില്‍ ഞാന്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ എഴുതാന്‍ ആരെങ്കിലും മുതിരുമോ, ധൈര്യം കാണിയ്ക്കുമോ. സ്വപ്നത്തിനെ എഴുതാന്‍ ആരും തയ്യാറാവുകയുമില്ല. കാരണം അതിലെ ഒട്ടുമുക്കാലും എഴുതാന്‍ പറ്റാത്തതാണ്. അത്യന്തം നിക്ര്‌ഷ്ടവും അധാര്‍മ്മികത നിറഞ്ഞതും അസത്യമായതുമൊക്കെയാണ് സ്വാപ്നിക തലം. അതുകൊണ്ട് അത്‍ എഴുതാന്‍ ആരും ധൈര്യപ്പെടില്ല. ആധുനികരില്‍ ആരും ഇന്നേവരെ അവന്റെ സ്വാപ്നികലോകത്തെ എഴുതാന്‍ മുതിര്‍ന്നിട്ടില്ല. ജാഗ്രത്തിലെ അനുഭവങ്ങളേക്കാള്‍ ബലം കൂടുന്നതാണ് സ്വപ്നത്തിലെ അനുഭവങ്ങള്‍. അതൊക്കെ സത്യസന്ധമായി എഴുതിയാല്‍ അവന്‍ അവനല്ലാതാവും, അല്ലെങ്കില്‍ സമൂഹം അവനെ ഇല്ലാതാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ