വിശ്വം മുഴുവനും പ്രേമസ്വരൂപമായി അനുഭവവേദ്യമാകുന്നത്‍ കര്‍മ്മമുക്തി വരുമ്പോഴാണ്. കര്‍മ്മത്തില്‍ നില്‍ക്കുന്നവന് സകലതിനെയും പ്രേമസ്വരൂപമായി കാണാന്‍ സാധ്യമല്ല. ഇത് ഗീതയുടെ സത്തയാണ്. കര്‍മ്മം വേറെയും കര്‍മ്മയോഗം വെറെയുമാണ്.
ത്രൈഗുണ്യവിഷയാ വേദാ, നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന - 3.45
ഹേ അര്‍ജ്ജുനാ, വിഷയസംബന്ധികളായ അറിവുകള്‍ മുഴുവനും ത്രിഗുണങ്ങളാല്‍ നിറഞ്ഞതാണ്. നീ അതില്‍നിന്നെല്ലാം മുക്തനാവുക. നിസ്ത്രൈഗുണ്യോ ഭവ:, മൂന്നുഗുണങ്ങള്‍ക്കും അതീതനാവുക.
മാനവനെ കര്‍മ്മങ്ങളിലേയ്ക്ക്‍ തള്ളിവിടുന്നത്‍ അവന്റെ ത്രിഗുണാത്മികയായ പ്രക്ര്‌തിയാണ്. വിഷയസംബന്ധികളായ അറിവാണ് പരമപ്രധാനമെന്ന്‍ കരുതി ഗുണങ്ങള്‍ക്കധീനനായി, കര്‍മ്മം ചെയ്യണമെന്ന്‍ തീരുമാനിയ്ക്കുന്നു. അങ്ങിനെ കര്‍മ്മം ചെയ്താല്‍ അതില്‍നിന്നാണ് അറിവുണ്ടാവുന്നത്‍ എന്ന ധാരണയാണ് സംശയത്തിന് ആധാരം. ആ വിധം കര്‍മ്മം ചെയ്യുമ്പോള്‍, അറിയുക എന്ന പ്രക്രിയയും അറിയപ്പെടേണ്ട ദ്രവ്യവും അറിയുന്ന വ്യക്തിയും എന്ന തലത്തെ തമസ്കരിച്ച്‍ അറിയപ്പെടേണ്ട വസ്തുവിനെ മാത്രം മുന്നില്‍ക്കണ്ട്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അങ്ങിനെ ചെയ്യുന്ന കര്‍മ്മത്തില്‍ കര്‍ത്ര്‌ത്വ ഭോക്‌ത്ര്‌ത്വ ഭാവങ്ങള്‍ നിലനില്‍ക്കുന്നു.. ഞാന്‍ ചെയ്യുന്നൂ എന്നും ഞാന്‍ അനുഭവിയ്ക്കുന്നൂ എന്നും രണ്ട്‍ തലം നിലനില്‍ക്കുന്നു. ഇത്‍ അഹങ്കാരജന്യമായി പരിണമിയ്ക്കുന്നു.
മുകളില്‍ സൂചിപ്പിച്ച ഭഗവത്‍ വചനത്തെ, ഗീത പഠിയ്ക്കുന്ന ഞാന്‍ കണ്ടില്ല, കണ്ടാല്‍ത്തനെ, മനസ്സിലാക്കിയില്ല. കര്‍മ്മംതന്നെയാണ് കര്‍മ്മയോഗം എന്ന്‍ ഞാന്‍ വിചാരിച്ചു. അത്‍ ഗീതാകാരന്റെയോ അര്‍ജ്ജുനന്റെയോ പരിമിതിയല്ല, പഠിതാവായ എന്റെ പരിമിതിയാണ്. ആ പരിമിതിയ്ക്ക്‍ കാരണം ഞാന്‍ ഈ പറയപ്പെട്ട മൂന്നുഗുണങ്ങള്‍ക്കും അധീനനാണ്. അതീതനല്ല. അജ്ഞാനത്തില്‍നിന്നുകൊണ്ട്‍ അജ്ഞാനാന്തര്‍ഗ്ഗതമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജ്ഞാനമോ വിജ്ഞാനമോ ഒന്നും തെളിയില്ല. ത്രിഗുണങ്ങള്‍ക്കും അതീതനാവുക എന്ന്‍ പറയുമ്പോള്‍ കര്‍മ്മം ചെയ്യണ്ട എന്നല്ല ധരിയ്ക്കേണ്ടത്‍, ഗുണങ്ങള്‍ക്ക്‍ അടിമപ്പെട്ട്ഒന്നും ചെയ്യരുത്‍ എന്നാണ്. ഗുണങ്ങള്‍ക്ക്‍ അതീതനായി കര്‍മ്മം ചെയ്യുക എന്നുതന്നെയാണ്. അപ്പോള്‍ എല്ലാം ചെയ്തിട്ടും ഒന്നും ചെയ്തില്ല എന്ന്‍ ബോധിയ്ക്കും.
ഗീതയില്‍ മറ്റൊരിടത്ത്‍ ഭഗവാന്‍ തന്നെ പറയുന്നു -
ന ഹി ദേഹഭ്ര്‌താ ശക്യം ത്യക്തും കര്‍മ്മാണ്യശേഷത: - എന്ന്‍. 18.11.
ദേഹിയാല്‍ കര്‍മ്മങ്ങള്‍ മുഴുവന്‍ ത്യജിയ്ക്കുന്നതിന് സാധിയ്ക്കുന്നതല്ല, എന്ന്‍ ഉറപ്പിച്ചുതന്നെ പറയുന്നു.
മറ്റൊരിടത്ത്‍ ഭഗവാന്‍ ആഹ്വാനം ചെയ്യുന്നു, ഹേ അര്‍ജ്ജുനാ :
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ:
നീ എല്ലാ കര്‍മ്മങ്ങളും പരിത്യജിച്ച്‍ എന്നെ മാത്രം ശരണം പ്രാപിയ്ക്കുക എന്ന്‍.
ഒരിടത്ത്‍ ദേഹിയ്ക്ക്‍ കര്‍മ്മത്തെ പരിപൂര്‍ണ്ണമായി ത്യജിയ്ക്കാന്‍ സാധ്യമല്ലെന്ന്‍ പറയുമ്പോള്‍, നീ എല്ലാ കര്‍മ്മങ്ങളും ത്യജിച്ച്‍ എന്നിലേക്ക്‍ വാ... എന്ന്‍ പറയുന്നു. ഇതിന്റെ അര്‍ഥം എന്തോ ചില വിശേഷവ്ര്‌ത്തികളാല്‍ കര്‍മ്മത്തെ ത്യജിയ്ക്കാന്‍ സാധ്യമാണ്, എന്നുതന്നെയാണ്.
അതേ ഭഗവത്‍ ഗീതയില്‍ വേറൊരിടത്ത്‍ പറയുന്നു,
സ്വധര്‍മ്മേ നിധനം ശ്രേയ പരധര്‍മ്മോ ഭയാവഹ: എന്ന്‍.
സ്വകര്‍മ്മങ്ങളെ വിധിയാംവണ്ണം നിറവേറ്റുന്നത്‍ ശ്രേയസ്കരവും, മറ്റുള്ളവര്‍ക്ക്‍ വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഭയാവഹവും ആണ് എന്ന്‍. യത്‍ശ്രേയസ്സ്വം നിശ്ചിതം ബ്രൂഹിതന്മേ ശിഷ്യസ്തേഹം ശാധിമാം പ്രപന്നം. അതുകൊണ്ട്‍ എന്റെ ശ്രേയസ്സിന് ഉതകുന്നത്‍ എന്തോണോ, അത്‍ എനിയ്ക്ക്‍ തീര്‍ച്ചയായും പറഞ്ഞുതന്നാലും എന്നാണല്ലോ അര്‍ജ്ജുനന്‍ ചോദിച്ചത്‍. അപ്പോള്‍ ശ്രേയസ്സിനുള്ളതാണ് പറഞ്ഞത്‍.
വീണ്ടും പറയുന്നു,
കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന - എന്ന്‍.
കര്‍മ്മത്തില്‍, പ്രവ്ര്‌ത്തിയില്‍ മാത്രമേ നിനക്ക്‍ അധികാരമുള്ളു, അതിന്റെ ഫലത്തില്‍ അധികാരമില്ലാ എന്ന്‍. ഇവിടെയും കര്‍മ്മത്തെയല്ല നിഷേധിയ്ക്കുന്നത്‍, എന്നാല്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ഗുണാതീതനായി ചെയ്യുക എന്നാണ്.
ഇത്തരം വൈരുധ്യാത്മകത നിറഞ്ഞതാണ് ഗീത എന്ന്‍ അതിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക്‍ ആദ്യമാദ്യം അനുഭവപ്പെടാം. അതില്‍നിന്ന്‍ അര്‍ജ്ജുനനും മുക്തനൊന്നുമല്ല. പ്രമാണം -
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേനെ ശ്രേയോഽഹമാപൊതയാം 3.2
പരസ്പരവിരുദ്ധമെന്ന്‍ തോന്നുന്ന വാക്കുകള്‍കൊണ്ട്‍ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിയ്ക്കുന്നതുപോലെ തോന്നുന്നു എന്ന്‍ അര്‍ജ്ജുനന്‍തന്നെ ഭഗവാനോട്‍ പറയുന്നു.
ഞാന്‍ ചെയ്യാനുദ്ദേശിയ്ക്കുന്ന കര്‍മ്മം എന്നിലാണ് ജനിയ്ക്കുന്നത്‍. ജനിയ്ക്കുന്നത്‍ എന്ന്‍ പറയുമ്പോള്‍ എന്നിലാണ് ഉണ്ടാകുന്നതാണ് എന്നര്‍ഥം. ഉണ്ടാകുന്നതാകുമ്പോള്‍ അതിന് ഇല്ലാതാകുന്ന തലവും ഉണ്ട്‍. അതിന് മുമ്പും പിമ്പും ഉണ്ട്‍. മുമ്പും പിമ്പും ഉണ്ടെങ്കില്‍ മധ്യവും ഉണ്ട്‍. ഏതൊരു കര്‍മ്മവും ഈ തല്ലത്തിലേ പെടു. കര്‍മ്മവും കര്‍മ്മയോഗവും ഒന്നല്ലാ എന്ന്‍ പാഠകരും പഠിതാക്കളും മനസ്സിലാക്കുന്നില്ലെന്ന്‍ തോന്നുന്നു. കര്‍മ്മത്തിന്റെ ത്യാഗമാണ്, കര്‍മ്മത്തിന്റെ അന്തമാണ്, കര്‍മ്മത്തിന്റെ വിലീനതയാണ്. ഏതുവിധത്തിലാണോ സുഷുപ്തിയില്‍ സകലകര്‍മ്മങ്ങളും ലയിയ്ക്കുന്നത്‍, അതുപോലെ എന്നര്‍ഥം. സുഷുപ്തികാലേ മനസി പ്രലീനേ, എന്ന്‍ ശ്രീശങ്കരാചാര്യര്‍. കര്‍മ്മയോഗത്തില്‍ മുമ്പും പിമ്പും ഇല്ല.
പ്രാണാപാനങ്ങളെക്കൊണ്ടാണ് മനുഷ്യന്‍ ജീവിയ്ക്കുന്നത്‍ എന്നത്‍ സംഹിതാഭാഗത്ത്‍ കാണാം. എന്നാല്‍ വേദം നിരസിയ്ക്കുന്നതാണ് അത്‍. സിദ്ധാന്തപക്ഷത്ത്‍ അതിനൊന്നും പ്രസക്തിയില്ല...
ന പ്രാണേന നാപാനേന മര്‍ത്യോ ജീവതി കശ്ചന
ഇതരേണ തു ജീവന്തി യസ്മിന്നേതാവ്ര്‌പാശ്രിതൗ
എന്ന്‍ ശ്രുതി അരുളും. പ്രാണാപാനങ്ങളെക്കൊണ്ടല്ല ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നത്‍. ഇവയ്ക്ക്‍ രണ്ടിനും ആശ്രയമായ വേറൊന്നിനാലാകുന്നു എന്ന്‍ വേദത്തിന്റെ അവസാനവാക്കായ വേദാന്തംതന്നെ പറയുന്നു.
ത്രിമൂര്‍ത്തി സങ്കല്‍പ്പങ്ങളെല്ലാം ദേവതാ സങ്കല്‍പ്പങ്ങളാണ്. അതെല്ലാം പരബ്രഹ്മവും കഴിഞ്ഞ്‍, അക്ഷരപുരുഷനും കഴിഞ്ഞ്‍, ക്ഷരപുരുഷനും കഴിഞ്ഞ്‍ വരുന്നതാണ്. ത്രിമൂര്‍ത്തി സങ്കല്‍പ്പങ്ങളൊന്നും വേദവേദാംഗത്തിന്റെയോ ഉപനിഷത്തിന്റെയോ ഗീതയുടെയോ തലങ്ങളല്ല, അതുകൊണ്ടുതന്നെ അറിവിന്റെ തലങ്ങളും അല്ല. ദേവഗണങ്ങളെല്ലാം ക്ഷരപുരുഷനിലാണ് നിലകൊള്ളുന്നത്‍, അക്ഷരബ്രഹ്മത്തില്‍, അല്ലെങ്കില്‍, പരബ്രഹ്മത്തിലല്ല എന്ന്‍ ഗീതയില്‍ത്തന്നെ കാണാം -
അമീ ഹി ത്വാം സുരസംഘാ വിശന്തി.. 11 21.
ഈ ദേവഗണങ്ങളെല്ലാം അങ്ങയില്‍ ലയിയ്ക്കുന്നതായി കാണുന്നു. ത്രിമൂര്‍ത്തിസങ്കല്‍പ്പങ്ങളെല്ലാം ആദ്യന്തമുള്ളതാണ്.
കാലോഽസ്മി ലോകക്ഷയക്ര്‌ത്‍പ്രവ്ര്‌ദ്ധോ, ലോകാന്‍സമാഹര്‍തുമിഹ പ്രവ്ര്‌ത്ത: 11.32
ഞാന്‍ കാലനാണ്, കാലപുരുഷനാണ്, ക്ഷരപുരുഷനാണ്, ഞാന്‍ ലോകസംഹാരക്ര്‌ത്യത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കയാണ്. ശ്രീക്ര്‌ഷ്ണനായി അവതരിച്ച്‍ കുരുക്ഷേത്രാംഗണത്തില്‍ വിശ്വരൂപം കാണിച്ചു കൊടുക്കുന്ന സമയത്ത്‍ അര്‍ജ്ജുനനോട്‍ പറയുന്നതാണീ വരികള്‍. ഞാന്‍ കാലമാണ്, കാലനാണ് എന്ന്‍. ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ ഉണ്ടായി നിലനിന്ന്‍ നശിക്കുന്നതാണ് ആ സങ്കല്‍പം. ഞാന്‍ കാലപുരുഷനാണ്, ക്ഷരപുരുഷനാണ് എന്ന്‍. അകാലപുരുഷനല്ല, അക്ഷരപുരുഷനല്ല, എന്ന്‍ പറയുന്നു.
ആ കര്‍മ്മം ആചരിയ്ക്കേണ്ടുന്നത്‍ ഏത്‍ വിധത്തിലായിരിയ്ക്കണമെന്ന്‍ വീണ്ടൂം വീണ്ടും പറയുന്നുണ്ട്‍
മത്‍കര്‍മക്ര്‌ത്‍മത്‍പരമോ മദ്‍ഭക്ത: സംഗവര്‍ജ്ജിത:
സര്‍വ്വസംഗവും വിട്ട്‍ എന്നെ പ്രാപ്യസ്ഥാനമായി കണ്ട് കര്‍മ്മം ചെയ്യുക.
സംഗം ഉണ്ടാകുന്നത്‍ ഗുണങ്ങളാലാണ്. ഗുണാതീതനാകുമ്പോള്‍ നിസ്സംഗതയില്‍ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കും. അത് ബ്രഹ്മപ്രാപ്തിയാണ്. കര്‍മ്മയോഗത്തിന്റെ സൂക്ഷ്മതയും അതുതന്നെ.
ഒരു കര്‍മ്മത്താലും ആ പ്രേമസ്വരൂപത്തെ, ബ്രഹ്മത്തെ, അറിയാന്‍ സാധ്യമല്ലാ എന്ന്‍ വേദം പുന:പുന ഓതുന്നുണ്ട്‍ -
നായമാത്മാ പ്രവചനേന ലഭ്യോ, ന മേധയാ ന ബഹുനാ ശ്രുതേന, യമേവൈഷ വ്ര്‌ണുതേ തേന ലഭ്യസ്തസൈഷ ആത്മാ വിവ്ര്‌ണുതേ തനും സ്വാം.
വാക്കുകളിലൂടെയോ ബുദ്ധിയിലൂടെയോ ഒന്നും അതിനെ പ്രാപിയ്ക്കാന്‍ സാധ്യമല്ല, അതിനെകുറിച്ച്‍ കുറെ വായിച്ചതുകൊണ്ടോ ശ്രവിച്ചതുകൊണ്ടോ ഒന്നും അതിനെ അറിയാന്‍ പറ്റില്ലാ എന്ന്‍ ഘോഷിയ്ക്കുമ്പോള്‍ എന്റെ സകല കര്‍മ്മങ്ങളും പ്രേമസ്വരൂപത്തെ അറിയാന്‍ കൊള്ളാത്തതുതന്നെയാണ് എന്നുതന്നെയാണ് അര്‍ഥം. ഇത് പഠിതാക്കള്‍ വിട്ടുപോകുന്നു.
കുര്‍വന്നേവേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാ: - കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട്‍ നൂറ്‍ സംവത്സരം ജീവിയ്ക്കട്ടെ, എന്ന്‍ വേദത്തില്‍ത്തന്നെ (യജുര്‍വേദം) പറയുന്നുണ്ടല്ലോ എന്ന്‍ തോന്നിയേയ്ക്കാം. അവിടെ കര്‍മ്മകാണ്ഡപ്രചോദിതമായിട്ടുള്ള ഉപദേശമാണ് അത്‍. വിധിവിഹിതങ്ങളായ കര്‍മ്മങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ആ മന്ത്രം. വിധിവിഹിത കര്‍മ്മങ്ങള്‍ തദനുഗുണമായി നിവര്‍ത്തിച്ചാല്‍, കര്‍മ്മപ്രാപ്തിയാണ് സംഭവിയ്ക്കുക. ഇതിനെയാണ് അവിടെ കര്‍മ്മയോഗമെന്ന്‍ പറയുന്നത്‍.
അജ്ഞാനത്തില്‍നിന്നുത്ഭൂതമാകുന്നതാണ് സര്‍വ്വ കര്‍മ്മങ്ങളും. ആ കര്‍മ്മങ്ങള്‍ ചെയ്യുന്നവന് എങ്ങിനെ അവന്റെ സ്വരൂപത്തെ മനസ്സിലാക്കാനാവും. കര്‍മ്മങ്ങള്‍ എല്ലാം പ്രേയസ്സിനുള്ളതാണ്. ശ്രേയസ്സിന് കൊള്ളില്ല. ഭുക്തിയ്ക്ക്‍ കൊള്ളാം, മുക്തിയ്ക്ക്‍ കൊള്ളില്ലാ എന്ന്‍ സാമാന്യമായി അര്‍ഥം പറയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ