സന്താന സൗഖ്യം വരുത്തേണമീശ്വരാ
സന്താപമെല്ലാമകറ്റേണമീശ്വരാ
സന്തത സന്താപം എന്നാണ് സന്താനം എന്ന വാക്കിനര്‍ഥം. സന്തത സന്താപം വേണമെന്ന്‍ പ്രാര്‍ത്ഥിയ്ക്കുകയും അതോടൊപ്പ്ം സന്താപമെല്ലാം അകറ്റണമെന്ന്‍ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നത് എങ്ങിനെ യോജിയ്ക്കും. സംഭവ്യമാണോ...
ശിവപുരാണത്തിലെ വരികളായതുകൊണ്ട്‍ ആ തലത്തില്‍ ഇതിനെ നോക്കിക്കാണണം.
പരമശിവന് സന്താനങ്ങളുണ്ട്‍. പക്ഷെ സന്താപങ്ങളില്ല. സന്താനങ്ങളുണ്ടായാല്‍ പോരാ അത് ധര്‍മ്മത്തില്‍നിന്ന്‍ ജനിച്ചവരുംകൂടി ആവണം. ധര്‍മ്മജനേ ഉണ്ടാവാന്‍ പാടുള്ളു. കാമജര്‍ ഉണ്ടാവരുത്. ധര്‍മ്മജനുണ്ടായാല്‍ അത് എന്നും എല്ലാവരാലും എല്ലായിടത്തും പൂജനീയനാവും, അവന്‍ സംശയങ്ങളെ മുഴുവന്‍ നശിപ്പിച്ചവനും നശിപ്പിയ്ക്കുന്നവനും അതുകൊണ്ട് സംശയാതീതനുമാവും. കുമാരനാണെങ്കിലും എല്ലാവരാലും ആദരണീയനാവും. ദേവസൈന്യാധിപനായിത്തീരും. കുമാരനെന്നാല്‍ മാരന്‍ കുമാര്‍ഗ്ഗത്തിലായവന്‍, കുമാര്‍ഗ്ഗത്തിലാവാന്‍ സാധ്യതയുള്ളവന്‍ എന്നൊക്കെ അര്‍ഥം പറയും. അതുകൊണ്ട്‍ കുമാരന്‍. മാരന്‍ കാമദേവനാണ്. കാമം അത്യന്തം തപിപ്പിയ്ക്കുന്നത് യൗവ്വനത്തിലാണ്, കുമാരാവസ്ഥയിലാണ്. സംശയങ്ങളുടെ വിളനിലവും കൗമാരം തന്നെ. ആ സംശയങ്ങളെ മുഴുവന്‍ നശിപ്പിയ്ക്കുന്നവനാണ് കുമാരനെന്ന കാര്‍ത്തികേയന്‍, വേലായുധന്‍, പഴനിമലസ്വാമി.
സതിയുടെ ദേഹത്യാഗം കഴിഞ്ഞ്, പരമശിവന്‍ തപസ്സിലേയ്ക്ക്‍ പോയി. ബീത്തേ സഹസ് സത്യാസി - എണ്‍പത്തി ഏഴായിരം സംവത്സരം തപസ്സു ചെയ്തു എന്ന്‍ പൗരാണിക പ്രമാണം. ആ സമയത്താണ് സതിയുടെ അടുത്ത ജന്മമായി ഹിമാലയന്റെ പുത്രിയായി പാര്‍വ്വതി ജനിയ്ക്കുന്നത്. പാര്‍വ്വതി കൗമാരപ്രായത്തിലെത്തി, യൗവ്വനയുക്തയായി പിതാവിന്റെ കൂടെ കഴിയുന്നു. തന്റെജന്മം ശിവാര്‍പ്പണമാകാനുള്ളതാണെന്നറിഞ്ഞ പാര്‍വ്വതി തപസ്സിന് പോകുന്നതും മറ്റും പ്രസിദ്ധമായ കഥയാണല്ലൊ. പാര്‍വ്വതി ശിവനെ മനസാ വരിച്ചു കഴിഞ്ഞിരുന്നു.
ഭവാനി ശങ്കരൗ വന്ദേ ശ്രദ്ധാ വിശ്വാസ രൂപിണൗ
യാഭ്യാം വിനാ ന പശ്യന്തി സിദ്ധ്വാ സ്വഽന്തസ്ഥമീശ്വര:
ഭവാനി ശ്രദ്ധയുടേയും ശങ്കരന്‍ വിശ്വാസത്തിന്റേയും പ്രതീകമായിട്ടാണ് കാണിച്ചിട്ടുള്ളത്. ഭര്‍ത്താവ് എന്ന വിശ്വാസം, വിശ്വാസരൂപിയായ ഭര്‍ത്താവ് തപസ്സിലിരിയ്ക്കുന്നു. ശ്രദ്ധാരൂപിയായിട്ടുള്ള ഭവാനി യൗവ്വനയുക്തയായി ഇരിയ്ക്കുന്നു.
ആ സമയത്താണ് ലോകത്ത്‍ താരകാസുരന്റെ ജനനം. താരകാസുരനെ ധര്‍മ്മഗ്രന്ഥങ്ങളില്‍ സംശയത്തിന്റെ പ്രതീകമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.
വിശ്വാസം കണ്ണടക്കുകയും ശ്രദ്ധ കുമാരിയായിരിയ്ക്കുകയും ചെയ്യുമ്പോള്‍ സംസാരത്തില്‍ സംശയം ഉടലെടുക്കുന്നു. കണ്ണടച്ച്‍ വിശ്വസിയ്ക്കുന്ന ഒരു ഭര്‍ത്താവും, യൗവ്വനയുക്തയും സുന്ദരിയുമായ ഭാര്യ, തന്നിഷ്ടംപോലെ പ്രവര്‍ത്തിയ്ക്കുകയും, പോക്കുവരവുകളും ഒക്കെ ഇഷ്ടാനുസരണം ചെയ്യുകയും ഒക്കെ ആവുമ്പോള്‍, ഒന്നിനും ഭര്‍ത്താവിന് യാതൊരു പ്രതികരണങ്ങളും ഇല്ലാതിരിയ്ക്കുകയും ചെയ്താല്‍, സ്വാഭാവികമായി നാട്ടില്‍ താരകാസുരന്മാര്‍ ജനിയ്ക്കും. സംശയങ്ങള്‍ ഉദിയ്ക്കും. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രജീവിതത്തിലും ഇതുതന്നെയാണ് കാണുക. ഇതേ കാണാന്‍ പറ്റു. ആ സംശയങ്ങള്‍ ഇല്ലാതാവണമെങ്കില്‍, വിശ്വാസത്തിനും ശ്രദ്ധയ്ക്കും ഒരു കുഞ്ഞ്‍ ജനിയ്ക്കണം. അപ്പോള്‍ സംശയങ്ങള്‍ നശിയ്ക്കും. താരാകസുരനെ കാര്‍ത്തികേയസ്വാമി നിഗ്രഹിയ്ക്കുന്നു. ധര്‍മ്മജനായതുകൊണ്ട് പൂജ്യനായി. പ്രപഞ്ചത്തിലെ ഒരേ ഒരു ഗ്രഹസ്ഥാശ്രമ കുടുംബമാണ് ശ്രീപരമേശ്വരന്റേത്, അതില്‍ എല്ലാവരും പൂജിയ്ക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും അവരുടെ വാഹനങ്ങളും എന്നുവേണ്ട ആഭരണങ്ങള്‍ അടക്കം. കാരണം ധര്‍മ്മജരാണെല്ലാം. ധര്‍മ്മജന്‍ ജനിയ്ക്കണേ എന്ന്‍ പ്രാര്‍ഥനയുടെ പൊരുള്‍.
പുരാണപ്രസിദ്ധങ്ങളായ കഥകളും സ്തോത്രങ്ങളും പഠിയ്ക്കുമ്പോള്‍ ഇത്തരത്തിലൊക്കെ ചിന്തനീയമാക്കേണ്ടതുണ്ട്‍ എന്നുകൂടി സൂചിപ്പിയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ