2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മായയില്‍ നിന്ന്‍ മുക്തി - FREE FROM MAAYA


മായയില്‍ നിന്ന്‍ എങ്ങിനെ മുക്തി നേടാം

ഞാന്‍ മായയുടെ പിടിയിലാണ്‌ എന്ന്‍ ബോധ്യപ്പെടുമ്പോഴാണ്‌ ഈ ചിന്ത ഉണ്ടാകുന്നത്‍.  മായയില്‍ നിന്ന്‍ എങ്ങിനെ മുക്തി നേടാം എന്ന്‌, അധ്യാത്മമായി ചിന്തിയ്ക്കുന്നവര്‍ക്ക്‍ പലപ്പോഴും തോന്നുന്നതാണ്‌. ചിലര്‍ക്ക്‍ വളരെ തീവ്രമായിത്തന്നെ ഈ തോന്നല്‍ ഉണ്ടാകും. എന്നാലും അതില്‍നിന്ന്‍ മുക്തി നേടാന്‍ കഴിയുന്നില്ല. അധ്യാത്മപാതയില്‍ അല്ലാത്തവരോട്‍ മായയെ കുറിച്ച്‍ പറഞ്ഞാല്‍, ഭക്ഷണത്തിലെ മായം ചേര്‍ക്കലുപോലത്തെ എന്തോ ഒന്നാണെന്ന്‍ തോന്നും. അവര്‍ക്ക്‍ മായയും മായവും എല്ലാം ഒന്ന്‍. 

സൂക്ഷ്മതലത്തില്‍ത്തന്നെ മായ എന്താണ്‌ എന്നാണ്‌ പലരും അന്വേഷിക്കുന്നത്‍. സ്ഥൂല തലത്തില്‍ ഒരുവിധമൊക്കെ മായയെ എല്ലാവരും അറിയുന്നുണ്ട്‍. ഞാനെന്നും എന്റെതെന്നും എനിക്കുവേണ്ടിയെന്നുമുള്ള ഭാവത്തെയാണ്‌ സാധാരണ മായ എന്ന്‍ മനസ്സിലാക്കുന്നത്‍. മായയെ കുറിച്ച്‍ ആര്‍ക്കും നിര്‍വ്വചിയ്ക്കാനൊന്നും കഴിയില്ല. എന്നാല്‍ മായ എന്താണെന്ന്‍ ഒരു ഏകദേശ നിര്‍വ്വചനം പല പണ്ഡിതരും തന്നിട്ടുണ്ട്. 

ഏതൊന്നാണോ പാരമാര്‍ത്ഥിക തലത്തില്‍ ഇല്ലാത്തതും എന്നാല്‍ വ്യാവഹാരിക തലത്തില്‍ ഉണ്ടെന്ന്‍ തോന്നുനതും, അതിനെ മായ എന്ന്‍ പറയുന്നു എന്ന്‍ പണ്ഡിതര്‍ അര്‍ഥം കല്പിച്ചിട്ടുണ്ട്‍. യാ മ സ മായ . യാ = ഏതൊന്ന്‌. മ = ഇല്ലാത്തത്‍, സ = അത്‍, മായ.  ഇങ്ങിനെയാണ്‌ അര്‍ഥവിശകലനം ചെയ്തിട്ടുള്ളത്‍. പാരമാര്‍ഥിക തലത്തില്‍ ഇല്ലാത്തത്‍ എന്ന്‍ പറയുമ്പോള്‍, ഏതൊന്നിന്നെ അന്വേഷിച്ച്‍ അന്വേഷിച്ച്‍, ചികഞ്ഞ്‍ ചികഞ്ഞ്‍ മുന്നോട്ടു പോയാല്‍ അങ്ങിനെയൊന്ന്‍ ഇല്ലാ എന്ന്‍ സുതരാം വെളിപ്പെടുന്നുവോ, അതിനെയാണ്‌ പാരമാ‍ത്ഥികതലത്തില്‍ അസ്തിത്വമില്ലാത്തത്‍, അങ്ങിനെയൊന്നില്ല, എന്ന്‍ ബോധ്യപ്പെടുന്നത്‍. ഈ ബോധ്യപ്പെടല്‍ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ അല്ല, ആരുതന്നെ അതിനെ അന്വേഷിച്ച്‍ പോയാലും അങ്ങിനെഒന്ന്‍ ഇല്ലെന്ന്‍ ബോധ്യമാകും. അതേസമയം, നിത്യജീവിതത്തില്‍, വ്യാവഹാരിക തലത്തില്‍ അത്‍ അനുഭവവേദ്യമാവുകയും ചെയ്യുന്നുണ്ട്‍. അതിനെയാണ്‌ മായ എന്ന്‍ പറയുന്നത്‍.

മായയ്ക്ക്‍ രണ്ട്‍ തലങ്ങളുണ്ട്‍. ഒന്ന്‍ അവിദ്യാമായ, രണ്ട്‍ വിദ്യാമായ. അവിദ്യാ മായയാണ്‌
സകല ദു:ഖത്തിന്റെയും ഉറവിടം,  ത്രിവിധ ദു:ഖങ്ങളും മായയാലാണ്‌ അനുഭവപ്പെടുന്നത്‍. താപത്രയങ്ങളാണ്‌ ദു:ഖങ്ങള്‍. ആ ദു:ഖങ്ങളില്‍നിന്നുള്ള നിവ്ര്‌ത്തിയാണ്‌ മായയെ അതിക്രമിച്ച അവസ്ഥ. അത്തരത്തിലുള്ളവരെ മായാതീതര്‍ എന്ന്‍ പറയും. ഈ പ്രക്ര്‌തിതന്നെ കീഴ്‍മേല്‍ മറിഞ്ഞാലും മായാതീതനെ അതൊന്നും ബാധിക്കുന്നില്ല. ബാധിക്കുന്നുവെങ്കില്‍ അവന്‍ മായാതീതനായിട്ടില്ല, ഇപ്പോഴും മായയുടെ പിടിയില്‍ത്തന്നെ എന്നര്‍ത്ഥം. അത്‍ ഭയങ്കരമായ രൂപമാണ്‌, അത്‍ പുറമേക്ക്‍ കാണാം. ആ രൂപമാണ്‌ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന്‍ കാണുന്നത്‍ - ആഖ്യാഹിമേ കോ ഭവാനുഗ്രരൂപോ എന്ന്‍. ഭഗവാനേ ഈ രൂപം എന്നെ ഭയപ്പെടുത്തുന്നു.  ചുറ്റുപാടും നോക്കിയാല്‍ ഇതിനെ കാണാം. പ്രക്ര്‌തിയുടെ ഈ ഉഗ്രരൂപം നമുക്കു ചുറ്റുപാടും നിത്യേന എന്നപോലെ നാം കാണുന്നുണ്ട്‍. എന്നാല്‍ അതിലൊന്നും നാം അത്ര ശ്രദ്ധിയ്ക്കാറില്ല. ശ്രദ്ധിച്ചാല്‍തന്നെ അത്‍ ആ അവിദ്യാമായയുടെ ഉഗ്രരൂപമാണെന്ന്‍ കരുതാറുമില്ല.   വിദ്യാരുപിയായ മായ ശാന്തസ്വരൂപിണിയാണ്‌. 

അഘടിത ഘടിതാ പടീയസീ ഇതി മായ  -  ഘടിപ്പിയ്ക്കാന്‍ പറ്റാത്തതിനെ ഘടിപ്പിച്ചു കാണിയ്ക്കുന്നതാണ്‌ മായ എന്ന്‍ ശ്രീമദ്‍ ശങ്കരാചാര്യര്‍ മായയ്ക്ക്‍ നിര്‍വ്വചനം കൊടുത്തിട്ടുണ്ട്‍. അത്യന്തം ചാരുവും സരളവുമായ ഒരു വിശദീകരണമാണ്‌ ഇത്‍

അനാത്മവസ്തുക്കളിലുള്ള ആസക്തിയ്ക്ക്‍ മായ എന്ന്‍ പറയാമെന്ന്‍ തോന്നുന്നു. ലളിതമായി ഇത്രയേ പറയാന്‍ പറ്റു.  അനാത്മവസ്തുക്കള്‍ എന്തെല്ലാമാണ്‌, ആസക്തി എന്നാല്‍ എന്താണ്‌, എങ്ങിനെ ആസക്തി ഉണ്ടാകുന്നു,  ആസക്തി ഉണ്ടാകാതിരിക്കാനുള്ള പോംവഴികള്‍ എന്തെല്ലാമാണ്‌ ഇത്യാദികളെല്ലാം പഠിച്ചും ചിന്തിച്ചും വേര്‍തിരിച്ച്‍  അറിയേണ്ടതാണ്‌. 

ശരീരത്തിലുള്ള അഭിമാനം, ഞാനെന്ന അഹങ്കാരം, അതെന്റേതാണ്‌, ഇതെന്റേതാണ്‌ എന്ന തോന്നല്‍, വസ്തുക്കളെ ഉപഭോഗം ചെയ്യാനുള്ള വാഞ്ച, ഇതില്‍ നിന്നെല്ലാം വിട്ടുപോകണമെന്ന്‍ പലര്‍ക്കും തോന്നുന്നുണ്ട്‍, എന്നാല്‍ കഴിയുന്നില്ല.  മായയില്‍ നില്‍ക്കുന്ന വ്യക്തി മറ്റൊരുത്തനോട്‌ മായയെ കുറിച്ച്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും, അത്‍ അസാദ്ധ്യമാണ്‌. പറയുന്നവനും കേള്‍ക്കുന്നവനും മായയില്‍ നിന്നുകൊണ്ടാണ്‌ അതിന്‌ തുനിയുന്നത്‍. മായയില്‍ നിന്ന്‍ മോചിക്കപ്പെട്ടവനു മാത്രമേ അതിനെ കുറിച്ച്‍ ആധികാരികമായി പറയാന്‍ കഴിയൂ.  മുമ്പൊക്കെ കുലദേവതയും കുലഗുരുവും ഉണ്ടായിരുന്നു. അതൊക്കെ അസ്തപ്രജ്ഞമായതോടെ മനുഷ്യരെല്ലാം ദു:ഖക്കയത്തിലേയ്ക്ക്‍ എടുത്തെറിയപ്പെട്ടു. ആധുനിക വിദ്യാഭ്യാസം ദു:ഖം മാത്രം തന്നുകൊണ്ടിരിക്കുന്നു. മായയാല്‍ ആവ്ര്‌തമാക്കപ്പെട്ടതാണ്‌ ആധുനിക വിദ്യാഭ്യാസം എന്ന്‍ നിസ്സംശയം പറയാം.  അതിന്‌ ഒരു പ്രത്യക്ഷമായി പറയാവുന്ന കാരണം, ദ്ര്‌ഷ്ടമായ ദ്രവ്യങ്ങളെ കുറിച്ച്‍ മാത്രം പഠിപ്പിക്കുന്നതാണ്‌ ആധുനിക വിദ്യാഭ്യാസം. education is the study of the visibles in terms of calculables. സകല ദ്ര്‌ശ്യങ്ങളും മായയുടേതാണ്‌, മായാധീനമാണ്‌.  

ഓരോ വസ്തുവിന്റെയും ഉപയോഗം,  വീണ്ടും വീണ്ടുമുള്ള ഉപയോഗം, അത്‍ എന്നെ എത്രകണ്ട്‍ ദു:ഖത്തിലേയ്ക്ക്‍ കൊണ്ടെത്തിച്ചു എന്ന്‍ വിശദമായി ചിന്തിച്ച്‍ ഉറപ്പാക്കുക, ബോധ്യപ്പെടുക, ബുദ്ധികൊണ്ട്‍ ഉറക്കുക.   മായയെകുറിച്ച്‍ കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക്‍ അയാള്‍ ഇപ്പൊ എങ്ങിനെയാണോ ജീവിക്കുന്നത്‍, അതുതന്നെയാണ്‌ അവന്റെ ജീവിതം. അതിനപ്പുറം ഒരു ജീവിതചര്യ ഇല്ലെന്നാണ്‌ കരുതുന്നത്‍. എന്നാല്‍ ഇപ്പോള്‍ തുടരുന്ന ജീവിതം ദു:ഖപൂരിതവും വിരസത ഉളവാക്കുന്നതുമൊക്കെയാണെന്ന്‍ ബോധ്യപ്പെടുമ്പോഴാണ്‌ ഇതിനേക്കാള്‍ നല്ലൊരു ജീവിതം ഉണ്ടോ എന്ന അന്വേഷണാത്മകമായ ബുദ്ധി പ്രവര്‍ത്തിക്കുന്നത്‍. ഇപ്പോഴത്തെ ജീവിതത്തില്‍  നിന്നുപരിയായി എന്തെല്ലാമോ അറിയാന്‍ ബാക്കിയുണ്ട്‍ എന്ന ഒരു തോന്നല്‍,എന്തോ ഒരു അപൂര്‍ണ്ണത, അനുഭവപ്പെടുമ്പോഴാണ്‌ ആത്മീയമായ ഒരു വഴിത്തിരിവിലേയ്ക്ക്‍ തിരിയുന്നത്‍. ആത്മീയമായ അന്വേഷണങ്ങളിലൂടെ നീങ്ങിത്തുടങ്ങുമ്പോള്‍ അന്നേവരെ കേട്ടിട്ടില്ലാത്ത പലതും കേട്ടുതുടങ്ങുന്നു. ആത്മീയ പുരോഗതിയ്ക്ക്‍ വിഘാതമായി നില്‍ക്കുന്നത്‍ മായയാണെന്ന്‍ അവന്‍ ആദ്യമേ കേള്‍ക്കുന്നു, മനസ്സിലാക്കുന്നു. 

ഇക്കാലമത്രയും ഒരുവന്‍ കൊണ്ടുനടന്ന, നിറവേറ്റിപ്പോന്ന ജീവിതചര്യയിലൂടെയാണ്‌ മായ പ്രബലമായത്‍ എന്ന്‍ സ്വയം ചിന്തിച്ചാല്‍ മനസ്സിലാകുന്നു. ഒരു ചെറിയ കുട്ടിയ്ക്കാണ്‌ ആധ്യാത്മിക ചിന്ത ഉദിയ്ക്കുന്നതെങ്കില്‍, മുതിര്‍ന്നവരെ വലയ്ക്കുന്നതുപോലെ ആ കുട്ടിയെ മായ അത്രയ്ക്ക്‍ വലക്കുന്നില്ലെന്ന്‍ മനസ്സിലാകും.  ഇന്നേവരെ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ നിന്ന്‍ സഞ്ചിതമായിട്ടുള്ള കര്‍മ്മഫലങ്ങള്‍ സംസ്കാരമായും വാസനയായും എന്നില്‍ കിടക്കുന്നതുകൊണ്ടാണ്‌ എന്ന്‍ സൂക്ഷ്മമായി നോക്കിയാല്‍ കാണാം. ചെറിയ കുട്ടി കൂടുതല്‍ കര്‍മ്മങ്ങളൊന്നും ചെയ്ത്‍ തീര്‍ത്തിട്ടില്ലാത്തതുകൊണ്ട്‍ അവന്‌ മായയെ അതിക്രമിയ്ക്കാന്‍ എളുപ്പമാണെന്നും കാണാം. എന്നാല്‍ അവന്റെയും പൂര്‍വ്വ ജന്മാര്‍ജ്ജിതമായ കര്‍മ്മഫലങ്ങള്‍ അവനെ മായയില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‍.  ഇതില്‍നിന്നും കര്‍മ്മങ്ങളാണ്‌ ജീവാത്മാവിനെ മായയില്‍ ബന്ധിപ്പിക്കുന്നത്‍ എന്ന്‍ മനസ്സിലാക്കാം. അതിന്‌ ഇനി എന്തുചെയ്യും. അനാവശ്യമായി ഞാന്‍ തന്നെ എടുത്ത്‍ തലയില്‍ വെച്ചിട്ടുള്ള എല്ലാ കര്‍മ്മങ്ങളും മെല്ലെമെല്ലെ വേണ്ടെന്നു വെയ്ക്കുക. ആദ്യം സാമൂഹ്യമായ കാര്യങ്ങളില്‍നിന്ന്‍ വിട്ടു നില്‍ക്കുക. പിന്നീട്‌ സാമുദായികമായ കാര്യങ്ങളില്‍ നിന്നും പിന്നീട്‍ കുടുംബകാര്യങ്ങളില്‍ നിന്നും പിന്നീട്‍ സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ നിന്നും മെല്ലെ മെല്ലെ പിന്മാറുക. ഇപ്പൊ എന്ത്‍ ഉണ്ടോ അതില്‍ ത്ര്‌പ്തിയടയുക. ആരോടും വിദ്വേഷമോ വിരോധമോ വെയ്ക്കാതിരിക്കുക. എന്തെങ്കിലുമൊക്കെ നേടിയെടുക്കണമെന്ന വാഞ്ച ഉപേക്ഷിക്കുക. ഭൗതികമായി ഉയരണമെന്ന മോഹം ത്യജിക്കുക.  ആഹാരാദികളില്‍ സ്വാദ്‌ അനുഭവിക്കുന്നതിനു പകരം ശരീരത്തിനും മനസ്സിനും ഉതകുന്നവയ്ക്ക്‍ പ്രാധാന്യം നല്‍കുക. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ മാത്രം വായിക്കുക. മഹാത്മാക്കളുമായി മാത്രം കൂട്ടുചേരുക. ആധ്യാത്മിക സ്ഥാപനങ്ങളിലും മറ്റും നടക്കുന്ന സത്സംഗാദികളില്‍ മുഴുകുക. സമൂഹത്തില്‍നിന്ന്‍ ഒന്നും പ്രതീക്ഷിക്കാതിരിക്കുക. ഒന്നും ആഗ്രഹിക്കാതെ കഴിയാവുന്നത്ര സേവനങ്ങളില്‍ ഏര്‍പ്പെടുക.  അങ്ങയുടെ മായ എന്നെ തീണ്ടരുതേ എന്ന്‍ ജഗദീശ്വരനോട്‍ പ്രാര്‍ത്ഥിക്കുക. സാക്ഷാല്‍ ജഗദീശ്വരിതന്നെയാണ്‌ മായ, അതുകൊണ്ട്‍ ആ ജഗദീശ്വരിയെ ഉപാസിക്കുക, സ്മരിക്കുക, കീര്‍ത്തിക്കുക. മായാമുക്തിയ്ക്കുവേണ്ടി.  ഏകാന്തതയില്‍ ഇരിക്കുക. അവനവനിലേക്ക്‍ നോക്കുക. ഓരോ ചിത്തവ്ര്‌ത്തികളെയും നിരീക്ഷിക്കുക. അത്‍ എവിടുന്ന്‍ പൊങ്ങുന്നു എന്ന്‍ വീക്ഷിക്കുക.

അപരാപ്രക്ര്‌തിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ഒരിക്കലും സ്വതന്ത്രനല്ല. മായയില്‍ നിന്ന്‍ മുക്തി നേടുക എന്നതിനേക്കാള്‍ അവിദ്യാസ്വരൂപിണിയായ ഉഗ്രരൂപിയായ ആ മായയെ ശാന്തസ്വരൂപിണിയായി ഉപാസന ചെയ്താല്‍ ഉഗ്രരൂപമെല്ലാം ശാന്തിയുള്ളതായിത്തീരുകയും സാവധാനം മായതന്നെ ആ മായയെ മറച്ചുകൊണ്ട്‍ നില്‍ക്കും, അപ്പോള്‍ മാനവന്‌ മുക്തി. എത്രയോ മഹാത്മാക്കള്‍,  ഉദാഹരണമായി ശ്രീരാമക്ര്‌ഷ്ണ പരമഹംസരുടെയും മറ്റും ജീവിതാനുഭവങ്ങള്‍, ഇത്തരത്തിലുള്ളതായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല: