നിയമങ്ങള്‍ നന്നാവാനുള്ളതല്ല
സ്വയം നന്നാവാന്‍ ഒരു നിയമത്തിന്റേയും ആവശ്യം ഇല്ല. സ്വയം നന്നാവുന്നതിന് നിയമങ്ങള്‍ എല്ലാം തടസ്സങ്ങളായിരിയ്ക്കും. രാവിലെ അഞ്ച്‍ മണിയ്ക്ക്‍ ഉണരുന്നത്‍ ഏത്‍ നിയമത്തിന്റെ ബലത്തിലാണ്, നിത്യകര്‍മ്മങ്ങള്‍ ചെയ്യുന്നത്‍ ഏത്‍ നിയമത്തിന്റെ ബലത്തിലാണ്, കുളിയ്ക്കുന്നത്‍ നിയമം ഉണ്ടായതുകൊണ്ടാണോ. വസ്ത്രം ധരിയ്ക്കുന്നത്‍ നിയമം കൊണ്ടാണോ. ആഹരിയ്ക്കുന്നത്‍ നിയമം കൊണ്ടാണോ. ഉറങ്ങുന്നത് നിയമത്തിനനുസ്ര്‌തമായിട്ടാണോ. മാനവന്റെ ഉന്നമനത്തിനും പ്രക്ര്‌തിയുടെ സൗരഭ്യത്തിനും വേണ്ടി ചെയ്യുന്ന ഒരു കര്‍മ്മവും മാനവ നിര്‍മ്മിതമായ ഒരു നിയമത്തിനും അധീനപ്പെട്ടിട്ടല്ല. എവിടെയൊക്കെ നിയമങ്ങളെക്കൊണ്ട്‍ ചുറ്റപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ വൈകല്യങ്ങളേ കാണാന്‍ സാധിയ്ക്കു. മനുഷ്യന് ജീവിയ്ക്കാന്‍ ഒരു നിയമവും ആവശ്യമില്ല. നൂറുരൂപ ഇന്‍കം ടാക്സ് ഈ വര്‍ഷം മുതല്‍ അടയ്ക്കേണ്ടി വരുമല്ലോ എന്ന്‍ വരുന്ന സമയത്തുമാത്രമേ ആ നിയമത്തിനെപറ്റി ചിന്തിയ്ക്കുള്ളു. അതും, അടയ്ക്കേണ്ടുന്നത്‍ ഒഴിവാക്കാനുള്ള വഴികളാണ് ആരായുന്നതും. നന്നാവാനുള്ളതല്ല. മാനവ നിര്‍മ്മിതങ്ങളായ ഏതൊരു നിയമത്തിന്റെയും അകത്തു കയറി പരിശോധിച്ചാല്‍, അതില്‍ ന്യായം എന്ന ഒന്ന്‍ ഇല്ലാ എന്നും വെറും നിയമം മാത്രമേ ഉള്ളു എന്നും ഏതൊരു മണ്ടനും മനസ്സിലാകും. ഏത്‍ രാഷ്ട്രത്തിലാണ് നിയമങ്ങള്‍ ഇല്ലാത്തത്‍. എല്ലാ നിയമങ്ങളും മനുഷ്യനെ നന്നാക്കാനുള്ളതുമാണ്. ഏതൊരു മതത്തിലാണ് നിയമങ്ങളില്ലാത്തത്‍, എല്ലാം മനുഷ്യനെ നന്നാക്കാനുള്ളതാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ എത്രയെത്ര കരാറുകളാണ് ഒപ്പിടുന്നത്‍. എത്രയെത്ര രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള കൂട്ടായ്മകളുണ്ട്‍, അതിലെല്ലാം എന്തെല്ലാം വിധത്തിലുള്ള നിയമങ്ങളുണ്ട്‍, എന്നിട്ടും എന്തേ ഈ രാഷ്ട്രങ്ങളൊന്നും ആ നിയമങ്ങള്‍ പിന്‍തുടരുന്നില്ല. നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ് മനുഷ്യന്റെ മാനുഷികത നഷ്ടമാകുന്നത്‍, കാരണം നിയമങ്ങള്‍ ഒരു വിഭാഗത്തിനോ ഒരു മതത്തിനോ ഒരു രാഷ്ട്രത്തിനോ അനുകൂലമാകുമ്പോള്‍ മറ്റേ ഭാഗത്തിന് അത്‍ പ്രതികൂലമാവാനേ തരമുള്ളു. മനുഷ്യന്‍ നന്നാവാന്‍ നിയമങ്ങള്‍ ആവശ്യമില്ല. നിലവിലുള്ള നന്മകളെ മുഴുവനും ഇല്ലാതാക്കണമെങ്കില്‍, ആ നന്മകളെ നിലനിര്‍ത്താനും സംരക്ഷിയ്ക്കാനും എന്നുമൊക്കെ പറഞ്ഞ്‍ ഒരു നിയമം ഉണ്ടാക്കിയാല്‍ മതി. അല്പ സമയം കൊണ്ട്‍ ആ നന്മകള്‍ എല്ലാം നശിച്ചുപോകുന്നത്‍ നമുക്കുതന്നെ കാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ