സത്യയുഗം ദ്വാപരയുഗം ത്രേതായുഗം കലിയുഗം തുടങ്ങി യുഗ കല്പനകള്‍ എല്ലാം മനസ്സിന്റെ സങ്കല്പം മാത്രം.
എന്തെല്ലാം ചിന്തകളുടെ ധാരകളാണ് ഇവിടെ നാം കാണുന്നത്. എത്രയെത്ര തത്ത്വശാസ്ത്രങ്ങളും കൊണ്ടാണ് നാം ഓരോരുത്തരും കഴിയുന്നത്. ആധ്യാത്മിക ലോകത്താണെങ്കില്‍, കാര്യം വളരെ ഗൗരവം കൂടുന്നു. ഞാന്‍ ഈശ്വര വിശ്വാസിയാണെന്ന്‍ ഒരുവന്‍ പറയുന്നു, അപ്പൊ, ഞാന്‍ ഈശ്വര വിശ്വാസി അല്ലാ എന്ന്‍ വേറൊരുത്തന്‍ വിളിച്ചോതുന്നു. ഈശ്വരനുണ്ട് എന്ന് പറയുന്നവനെ കേള്‍ക്കാന്‍ ആളുകള്‍ വന്നുചേരുന്നു. ഈശ്വരന്‍ ഇല്ലാ എന്ന്‍ പറയുന്നവന്റെ മുമ്പിലും ഒരു മൈക്കും വെച്ചുകൊടുത്ത്‍ പത്ത്‍ ആളുകളെയും കേള്‍ക്കാനായിട്ട്‍ നിര്‍ത്തിക്കൊടുക്കുന്നു. രണ്ടും ഈശ്വരന്‍ തന്നെ ചെയ്യുന്നു. ഈശ്വരന്‍ ഇല്ലെന്ന്‍ പറയുന്നവന്റെ മുന്നിലും എന്തിനാ ആളെ കൂട്ടിക്കൊടുക്കുന്നത്‍ എന്ന്‍ ഈശ്വരനോട്‍ ചോദിച്ചാല്‍ ഈശ്വരന്‍ പറയും, അതിനെന്താ, രണ്ടാളും ഒന്നുതന്നെയല്ലെ പറയുന്നത്‍, എന്നെക്കുറിച്ചുതന്നെയല്ലെ പറയുന്നത്‍, അതുകൊണ്ട് രണ്ടുപേരും എനിയ്ക്ക്‍ സമമാണ്. നമുക്കോ...
പൂര്‍ണ്ണമായി ഈശ്വരവിശ്വാസി എന്ന ആരും ഈ ലോകത്തില്ല. അതുപോലെ പൂര്‍ണ്ണമായി ഈശ്വരവിശ്വാസിയല്ലാത്തതായും ആരും ഈ ലോകത്തില്ല. ഒരാള്‍, അയാള്‍ക്ക്‍ ഒരു ദു:ഖം വരുമ്പോള്‍, ഒരു ആവശ്യം വരുമ്പോള്‍, ഹേ ഈശ്വരാ, എന്റെ ആ കാര്യം ഭംഗിയായി നിറവേറാന്‍ അവിടുന്ന് സഹായിയ്ക്കണേ എന്ന്‍ പ്രാര്‍ത്ഥിയ്ക്കും. ആ വ്യക്തി ഈശ്വര വിശ്വാസിയാണെന്ന്‍ അയാള്‍ പറയും. ഈശ്വര വിശ്വാസി അല്ലാത്ത ആളും പ്രാര്‍ത്ഥിയ്ക്കുന്നത് അതുതന്നെയാണ്, പക്ഷേ, ഹേ ഈശ്വരാ എന്ന്‍ വിളിയ്ക്കുന്നില്ലാ എന്ന്‍ മാത്രം. ഈശ്വരവിശ്വാസിയ്ക്കും ഈശ്വര വിശ്വാസി അല്ല എന്ന്‍ പറയുന്നവനും ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം ഒന്നുതന്നെ. ഈശ്വരവിശ്വാസി അല്ല എന്ന്‍ പറയുന്നവനും ആഗ്രഹിയ്ക്കുന്നുണ്ട്‍. ആഗ്രഹങ്ങള്‍ എല്ലാം പ്രാര്‍ത്ഥനകള്‍ തന്നെയാണ്.
ഒരു ഈശ്വര വിശ്വാസിയുടെ കഥ നോക്കാം. നടന്ന സംഭവമാണ് ഇത്‍. 1972ല്‍ നടന്നതാണ് ഈ സംഭവം. ബീഹാറിലെ ഒരു ചെറിയ ഗ്രാമം. അവിടെ ഒരു ഭാഗവതസപ്താഹം നടക്കുന്നു. ഏഴ് ദിവസത്തെ കാര്യപരിപാടികളാണ്. ഏഴുദിവസവും ഭാഗവതംകഥ ഒരു മഹാത്മാവ് വര്‍ണിയ്ക്കും. അതില്‍ സ്വന്തം അമ്മയുടെയും അച്ഛന്റെയും കൂടെ ഏഴ് വയസ്സ്‍ പ്രായമുള്ള ഒരു കുട്ടിയും കഥ കേള്‍ക്കാന്‍ പോവും. ആ കുട്ടിയുടെ പേരാണ് പള്‍ട്ടു. ഏഴുദിവസത്തെ കഥ പറയുന്നതിനിടയില്‍, പ്രഭാഷകന്‍ ബദരീനാഥന്റെ കഥ വര്‍ണ്ണിച്ചു. ബദരീനാഥചരിത്രവും ബദരീ വാത്സല്യവും, ബദരീ സ്ഥലമാഹാത്മ്യവും അവിടുത്തെ ആചാര അനുഷ്ഠാനങ്ങളും, പൂജാരിയുടെ ക്ര്‌ത്യനിഷ്ഠകളും ഒക്കെ വര്‍ണ്ണിച്ചു. ഏഴ്‍ വയസ്സുള്ള പള്‍ട്ടുവിന് ബദരീനാഥില്‍ പോണമെന്നും ഭഗവാന്റെ ദര്‍ശനം നടത്തണമെന്നുമൊക്കെ, ആ കുരുന്നു മനസ്സില്‍ ആഗ്രഹം ജനിച്ചു. നാട്ടിന്‍ പുറത്തെ പാവപ്പെട്ട ഒരു കര്‍ഷക കുടുംബമായിരുന്നു പള്‍ട്ടുവിന്റെത്. തന്റെ ആഗ്രഹം ആരോടും പറയാതെ രഹസ്യമായി പള്‍ട്ടു മനസ്സില്‍ സൂക്ഷിച്ചു, കാരണം ആ കുട്ടിയ്ക്കറിയാമായിരുന്നു, അവന്റെ വീട്ടുകാര്‍ ഒരു പാവപ്പെട്ട നിര്‍ധന കുടുംബമാണെന്ന്‍. കുട്ടി വളര്‍ന്നു വലുതായി, ഒരു പാവം കര്‍ഷകന്‍. വിവാഹമൊക്കെ കഴിഞ്ഞു, ഭാര്യയും കുട്ടികളുമായി ജീവിയ്ക്കാന്‍ തുടങ്ങി. എന്നാല്‍ പള്‍ട്ടുവിന്റെ മനസ്സിലെ ബദരികേശന്‍ എല്ലായിപ്പോഴും പള്‍ട്ടുവിനെ അലട്ടിക്കൊണ്ടിരുന്നു. പത്ത് പൈസയും ഇരുപത് പൈസയുമൊക്കെയായി, പള്‍ട്ടു, കുറേശ്ശെ കാശ് സ്വരൂപിയ്ക്കാന്‍ തുടങ്ങി. ബദരീനാഥിലേയ്ക്ക്‍ പോകാന്‍ പ്രത്യേക വസ്ത്രങ്ങളൊക്കെ വേണം. കമ്പിളികൊണ്ടുള്ള ഉടുപ്പും പുതപ്പും ഒക്കെ വേണം. പോയി വരാനുള്ള യാത്രാ ചെലവും മറ്റുമായി വേറേയും. ഏഴ് വയസ്സുമുതല്‍ ബദരീനാഥനെ തന്റെ ഋദയാന്തര്‍ഭാഗത്ത്‍ കുടിയിരുത്തിയ പള്‍ട്ടുവിന്റെ ആഗ്രഹം, അയാള്‍ക്ക്‍ എഴുപത്തിഅഞ്ച് വയസ്സായപ്പോഴാണ് സഫലീകരിച്ചത്. താന്‍ കഷ്ടപ്പെട്ട്‍ സ്വരൂപിച്ച ചില്ലറ കാശുമായി പള്‍ട്ടു ബദരീദര്‍ശനത്തിനായി കാല്‍നടയായി യാത്ര തുടങ്ങി. ദിവസങ്ങള്‍ക്കുശേഷം ബദരിയിലെത്തി.
ബദരീനാഥന്റെ ക്ഷേത്രമുറ്റത്തെത്തിയപ്പോള്‍, ക്ഷേത്രത്തിലെ പൂജാരി, ഭക്തര്‍ക്കുള്ള ആ സീസണിലെ ദര്‍ശന ദിവസങ്ങള്‍ കഴിഞ്ഞ്‍ ക്ഷേത്രനട അടച്ച്‍ പുറത്തിറങ്ങുകയായിരുന്നു. ബദരിയില്‍ ക്ഷേത്രം അടച്ചാല്‍ പിന്നെ ആറ്‍ മാസം കഴിഞ്ഞേ നട തുറക്കൂ എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ. ക്ഷേത്രനട അടയ്ക്കുന്നത് രാജാവിന്റെയും പൂജാരിയുടേയും മറ്റ് ചില മഹദ്‍ വ്യക്തികളുടേയുമൊക്കെ സാന്നിധ്യത്തിലാണ്. എല്ലാവരും അവിടെ ഉണ്ടായിരുന്നു. ആ സമയത്താണ് പള്‍ട്ടു എന്ന സാധുഭക്തന്‍ അവിടെ എത്തുന്നത്. ക്ഷേത്രവാതില്‍ അടച്ച്‍ തഴുതിട്ട്‍ പൂട്ടി, പോകാനായി തിരിഞ്ഞപ്പോഴാണ് പൂജാരി പള്‍ട്ടുവിനെ കാണുന്നത്. നടയടച്ച്‍ പോകാനൊരുങ്ങുന്ന പൂജാരിയുടെ കാല് പിടിച്ച്‍ കരഞ്ഞുകൊണ്ട്‍ പള്‍ട്ടു പറഞ്ഞു, റാവല്‍ ജീ, ഞാന്‍ ബീഹാറില്‍ നിന്ന്‍ നടന്നിട്ടാണ് വരുന്നത്, എന്തെങ്കിലും ചെയ്ത് എനിയ്ക്ക്‍ ബദരീനാഥനെ ഒന്ന്‍ ദര്‍ശിയ്ക്കാനുള്ള സദ്‍ഭാഗ്യം ഉണ്ടാക്കിത്തരണം. അവിടുത്തെ പൂജാരിയ്ക്ക്‍ റാവല്‍ എന്നാണ് പറയുക. കേരളത്തിലെ നമ്പൂതിരിമാരാണ് ബദരിയില്‍ പൂജാദികള്‍ ചെയ്യുന്നത്. ശ്രീമദ്‍ ശങ്കരാചാര്യര്‍ തീര്‍ത്തതാണ് ഈ ആചാരം എന്നാണ് പറയുന്നത്. പള്‍ട്ടു പറഞ്ഞു, ഹേ റാവല്‍ജീ, ഞാന്‍ ഏഴു വയസ്സുമുതല്‍ എന്റെ ഋദയത്തില്‍ വെച്ച്‍ താലോലിച്ച്‍ അതിനെ എന്റെ അശ്രുകൊണ്ട് നനച്ച്‍ വളര്‍ത്തി വലുതാക്കിയതാണ് ഈ മോഹം. ജീവിതകാലം മുഴുവനും വെച്ച്‍ സൂക്ഷിച്ച ഒരാഗ്രഹമാണ്, അത് ഇന്നാണ് പൂവണിഞ്ഞത്. എന്നാല്‍ ബദരികേശന്റെ ദര്‍ശനം കിട്ടാതെ എനിയ്ക്ക്‍ മടങ്ങാന്‍ സാധ്യമല്ല, അടുത്ത ആറ് മാസം വരെ ഇവിടെ താമസിയ്ക്കാനും എനിയ്ക്ക്‍ സാധ്യമല്ല. അതുകൊണ്ട്‍ താങ്കള്‍ എന്നോട് ക്ര്‌പ കാണിയ്ക്കണം. എങ്ങിനെയെങ്കിലും എനിയ്ക്ക്‍ ഒരിയ്ക്കല്‍ ഭഗവാനെ ഒന്ന്‍ കാണാന്‍ അവസരം തരണം. പള്‍ട്ടുവിന്റെ സങ്കടം കണ്ടപ്പൊ, റാവലിനും കരച്ചില്‍ വന്നു. പക്ഷേ റാവല്‍ പറഞ്ഞു, ഹേ സാധൂ, ഇത്‍ നിയമമാണ്, ഇതാ രാജാവും മറ്റ് വിശിഷ്ഠ വ്യക്തികളും ഒക്കെ ഇവിടെ ഉണ്ടല്ലോ, അവരുടെയൊക്കെ സാന്നിധ്യത്തിലല്ലേ നട അടച്ചത്, ഇനി, ആറ് മാസം കഴിഞ്ഞേ നട തുറക്കൂ. ഇതൊക്കെ വളരെ ചിട്ടയോടെ സാമ്പ്രദായികമായി നടത്തുന്നതാണ്. ക്ഷേത്രത്തിന്റെ നിയമമാണ്, നിയമം മാറ്റാന്‍ എനിയ്ക്ക്‍ പറ്റില്ല. അതിനിടയില്‍ നട തുറക്കാനും പറ്റില്ല. നിങ്ങള്‍ ആറ് മാസം കഴിഞ്ഞ്‍ വരൂ. അപ്പോള്‍ ദര്‍ശനം കിട്ടും. ഇങ്ങിനെ പറഞ്ഞ്‍ പൂജാരിയും മറ്റുള്ളവരുമൊക്കെ പോയി. റാവല്‍ജിയുടെ കാല് പിടിച്ച്‍ കരഞ്ഞുകൊണ്ട്‍, ആ കര്‍ഷകന്‍ എന്തുചെയ്യണമെന്നറിയാതെ, അവിടെ മൂര്‍ഛിച്ചു വീണു, ബോധംകെട്ട്‍ വീണു. എല്ലാവരും പോയി. റാവല്‍ജിയും പോയി, അയാളുടെ മനസ്സില്‍ വല്ലാത്ത വിഷമം. അടുത്ത ആറ്‍ മാസവും അതേ വിഷമവുമായിട്ടാണ് റാവല്‍ കഴിച്ചുകൂട്ടിയത്. പള്‍ട്ടു മൂര്‍ച്ഛിച്ച്‍ ബദരീകേശന്റെ മുന്നില്‍ മുറ്റത്ത്‍ കിടക്കുന്ന ദ്ര്‌ശ്യവും മനസ്സിലേറ്റി ആറ്‍ മാസം കഴിഞ്ഞ്‍ റാവല്‍ വന്ന്‍ നട തുറന്നു. നട തുറക്കാന്‍ വന്നപ്പൊ, ആ സാധു സന്തോഷത്തോടെ, റാവല്‍ജി വന്ന്‍ നട തുറന്ന്‍, വിളക്കെല്ലാം തെളിയിച്ച്‍ ദര്‍ശനത്തിനായി തുറന്നപ്പൊ, കുറേ നേരം ബദരീനാഥന്റെ മുന്നില്‍നിന്ന്‍ തൊഴുത് മതിവരുവോളം ദര്‍ശനം ചെയ്തു. എന്നിട്ട്‍ റാവല്‍ജിയെ നമസ്കരിച്ച്‍ കാലില്‍ കെട്ടിപ്പിടിച്ച്കൊണ്ട്‍ സന്തോഷാശ്രു പൊഴിച്ചുകൊണ്ട്‍ പള്‍ട്ടു പറഞ്ഞു, അങ്ങ് ഒരു മഹാകാരുണ്യമാണ് എന്നോട്‍ ചെയ്തത്‍, 6 മാസം കഴിഞ്ഞേ നട തുറക്കൂ എന്ന്‍ പറഞ്ഞിട്ട്‍, അങ്ങ്‍ ഇതാ ഇപ്പൊ രാവിലെത്തന്നെ വന്നിട്ട്‍ എനിയ്ക്ക്‍ വേണ്ടി നട തുറന്നില്ലെ. വലിയ കാരുണ്യമാണ് അങ്ങ് എനിയ്ക്ക്‍ വേണ്ടി കാണിച്ചത്. പള്‍ട്ടു അതീവ സന്തോഷത്താല്‍ ക്ഷേത്രമുറ്റത്തൊക്കെ വീണുരുളുകയായിരുന്നു, റാവല്‍ജിയ്ക്ക്‍ നന്ദി പറഞ്ഞുകൊണ്ട്‍. റാവല്‍ജിയ്ക്ക്‍ ഒന്നും മനസ്സിലായില്ല. പള്‍ട്ടുവിന്റെ മനസ്സ്‍ അല്‍പം ശാന്തമായപ്പോള്‍, മെല്ലെ അടുത്തുവന്ന്‍ റാവല്‍ജി പതുക്കെ ചോദിച്ചു, എന്താ നടന്നത്, എന്ത് സംഭവിച്ചു, എന്ന്‍. റാവല്‍ 6 മാസം മുമ്പ്‍ പോയപ്പൊ, ഇയാള്‍ അവിടെ ബോധം കെട്ടു വീണതാണല്ലൊ, അയാള്‍ക്ക്‍ ഒരു രാത്രിയേ കഴിഞ്ഞിട്ടുള്ളൂ. റാവലിന്റെ ചോദ്യത്തിന് യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ പള്‍ട്ടു പറഞ്ഞു, ഞാന്‍ കുറച്ചുനേരം ബോധമില്ലാതെ കിടന്നു, പിന്നെ കുറച്ചു കഴിഞ്ഞപ്പൊ ഒരു പയ്യന്‍, മലയിലൊക്കെ താമസിയ്ക്കുന്ന ഒരു പയ്യന്‍, വന്നിട്ട്‍ പറഞ്ഞു, ബാബാജീ വരൂ, ഇവിടെ കിടക്കണ്ട, വലിയ തണുപ്പാണ്, ഇവിടെ അടുത്തുതന്നെ ഒരു പാറക്കെട്ടുണ്ട്‍, അതില്‍ ഒരു ചെറിയ ഗുഹയുണ്ട്‍, നമുക്ക്‍ അവിടെ രാത്രി കഴിച്ചുകൂട്ടാം, നാളെ രാവിലെ ചിലപ്പൊ, അവരൊക്കെ വരും, ക്ഷേത്രം തുറക്കും, അപ്പൊ ദര്‍ശനത്തിന് പോകാം എന്ന്‍ പറഞ്ഞ്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ആ ഗുഹയില്‍ പോയി, നല്ല തണുപ്പുണ്ടായിരുന്നു, കുറച്ച്‍ തീയ് കത്തിച്ച്‍ ചൂട്‍ ഏറ്റു. പിന്നെ ഞങ്ങള്‍ തീ കാഞ്ഞുകൊണ്ട്‍, പകിട കളിയ്ക്കാന്‍ തുടങ്ങി. രാത്രി മുഴുവനും പകിട കളിച്ചുകൊണ്ടിരുന്നു. ആ ഒരു രാത്രികൊണ്ട്‍ ഇവിടെ ആറ്‍ മാസം പോയി.
ആറ്‍ മാസം വെറും ഒരു രാത്രികൊണ്ട്‍ കഴിഞ്ഞു, എവിടെയാണ് കാലം.
ആ കാലാതീതനായ ജഗദീശ്വരന്‍തന്നെയാണ് കാലവും കാലനും എല്ലാം. ഗീതയിലും ഇതിന്റെ മാറ്റൊളി നമുക്ക് കേള്‍ക്കാം, എന്താണ് കാലം, ആരാണ് കാലം, എന്നൊക്കെ ഭഗവാന്‍ പറയുന്നൂ,
കാലോസ്മി ലോകക്ഷയക്ര്‌ത് പ്രവ്ര്‌ദ്ധോ
ലോകാന്‍ സമാഹര്‍ത്തുമിഹ പ്രവ്ര്‌ത്ത:
സകലത്തിനും ക്ഷയം വരുത്തുന്ന കാലന്‍ ഞാന്‍തന്നെയാണ് എന്ന്‍ ഭഗവാന്‍ പറയുന്നു.
കാലം എന്ന ഒന്ന്‍ ഉണ്ടോ. ആറ്‍ മാസവും പള്‍ട്ടു കാലാതീതനായ ആ ബദരീനാഥന്റെ കൂടെയായിരുന്നു.
ശ്രീ നാരായണഗുരു ഈ അവസരത്തില്‍ പറയുന്നു, -
പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
ആറുമാസം എവിടെപോയി.
ആ പാല് ഒന്ന് നുകരാനുള്ള ഭാഗ്യംകെട്ടവനോ , അര നിമിഷം ഒരു ആയിരം വര്‍ഷംപോലെയും തോന്നും. ഇതൊക്കെ ആ ജഗദീശ്വരിയുടെ മായാവിലാസമാണ്. ഇവിടെ ആര് പണ്ഡിതന്‍, ആര് പാമരന്‍ !! ആ സര്‍വ്വേശ്വരിയുടെ മടിയില്‍ എല്ലാം വെറും കീടങ്ങള്‍ മാത്രം. വെറും ക്ര്‌മികള്‍ മാത്രം.
പരയുടെ പാല് നുകര്‍ന്ന ഭാഗ്യവാന്മാര്‍ക്കൊരു
പതിനായിരമാണ്ടൊരല്‍പനേരം
അറിവപരപ്രക്ര്‌തിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും -
ഏതാണ്ട്‍ നേരം വെളുക്കാറായി, പകിട കളിയും കഴിഞ്ഞു, അപ്പൊ ആ പയ്യന്‍ പള്‍ട്ടുവിനോട്‍ പറഞ്ഞു, ചിലപ്പൊ അവര്‍ ഇന്ന്‍ വന്ന്‍ അമ്പലം തുറക്കും, നേരം വെളിച്ചായിരിയ്ക്കുന്നു, എനിയ്ക്ക്‍ പണിയ്ക്ക്‍ പോകാനുണ്ട്‍, നിങ്ങള്‍ അമ്പലംവരെ പോയിനോക്കൂ എന്ന്‍ പറഞ്ഞ്‍ പള്‍ട്ടുവിനെ പറഞ്ഞയച്ച്‍, ആ മലയന്‍ പയ്യന്‍ എങ്ങോട്ടോ പോയി.
ഒരു പ്രതീക്ഷയുമില്ലാതെയാണ് പാവം ആ വയസ്സന്‍ വന്നത്‍, ഇവിടെ വന്ന്‍ നോക്കുമ്പൊ, റാവല്‍ അമ്പലം തുറക്കുന്നതാണ്‍ കണ്ടത്‍, ഇത്രയേഉള്ളു, 6 മാസം, ഒറൊറ്റ രാത്രി. ആ വിശ്വേശ്വരന്റെ ലീലയാണ് കാലം -
കാലാദിയായ മ്ര്‌ദു നൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്
മേലാകെ മൂടുമതിനാലാരുമുള്ളതറിവീലാഗമാന്തനിലയേ !
ആ ജഗദംബികയുടെ വസ്ത്രം - ലീലാപടം - കളിയ്ക്കുപയോഗിയ്ക്കുന്ന വെറും തിരശ്ശീല. കാലം ദേശം ഇതൊക്കെ ആ കാലാതീതമായ പ്രപഞ്ചേശ്വരിയുടെ ഒരു ലീലമാത്രം. അതിന്റെ നൂലുകൊണ്ടാണ് ഈ പ്രപഞ്ചത്തെത്തന്നെ നെയ്തുണ്ടാക്കിയിട്ടുള്ളത്. പാല് കുടിയ്ക്കാന്‍ വേണ്ടി അമ്മ കുട്ടിയ്ക്ക്‍ കള്ളക്കഥ പറഞ്ഞുകൊടുക്കുന്നപോലെ പരബ്രഹ്മസ്വരൂപിണിയായ ആ മായ ജീവനെ മടിയിലിട്ട്‍ പറഞ്ഞുകൊടുക്കുന്ന ഒരു കടങ്കഥയാണ് ഈ വിശ്വം. വാസ്തവത്തില്‍ ഇല്ല. ഉള്ളത്‍ ആ ഈശ്വരന്‍ മാത്രം. ആ ജഗദീശ്വരന്‍തന്നെ, നമ്മെ ഒന്ന്‍ രസിപ്പിയ്ക്കാന്‍ വേണ്ടി പറഞ്ഞുതരുന്ന ഒരു കള്ളക്കഥ. ആ കഥയില്‍ ഈ കാലവും ദേശവും ഒക്കെ വന്ന്‍, വന്നുപൊയ്‍ക്കൊണ്ടിരിയ്ക്കുന്നു. ഇവിടെ കാലമില്ല, ദേശവുമില്ല. ഇതെല്ലാം ആ ജഗദീശ്വരന്റെ മായ ഒന്നുമാത്രമാണ്. കാണാന്‍ എല്ലാമുണ്ട്‍, അഴിച്ചപഗ്രഥിച്ചാല്‍ ഒന്നുമില്ല, ആ ഒന്നുമാത്രമേ ഉള്ളു - നാരായണഗുരു പറയും -
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്‍മതി
മറന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലിലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയിലമര്‍ന്നാവിരാഭ പടരും
ചിന്നാഭയില്‍ ത്രിപുടിയെന്നാണറും പടി കലര്‍ന്നാറിടുന്നു ജനനീ !
ഒന്നുമാത്രമായിട്ടിരിയ്ക്കേണ്ട എന്റെ മതിയില്‍നിന്ന്‍ ഒരായിരം ത്രിപുടികളുയര്‍ന്ന്‍വന്ന്‍, അല്ലെങ്കില്‍ ഞാന്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന്, എന്റേതന്നെ മതിയെ മറന്ന്‍, ക്ഷുദ്രമായ അന്നാദിയില്‍, അന്നം തുടങ്ങി രസം ജനിപ്പിയ്ക്കുന്ന ഇന്ദ്രിയമടക്കം അഞ്ച്‍ ഇന്ദ്രിയങ്ങള്‍ക്കും പ്രിയമുള്ളതൊക്കെ ചെയ്ത്, ആടലാം കടലില്‍, ദു:ഖസാഗരത്തില്‍ വീണ് വലയുന്ന ജീവന്, ത്രിപുടി എന്നാണറുന്നത്‍ - എന്നാണീ സംസാരസാഗരത്തിലെ ദു:ഖത്തില്‍നിന്ന്‍ കയറാനാവുക.
മാനവ സങ്കല്‍പ്പങ്ങള്‍ ചിറകുവിരിച്ച്‍ പാറിപ്പറന്ന്‍ രസിയ്ക്കുന്ന ചിത്രം നമുക്ക്‍ പള്‍ട്ടുവിന്റെ ചരിത്രത്തില്‍നിന്ന്‍ പഠിയ്ക്കാം.
1 അഭിപ്രായം:
വിജയൻ ജി 1972 ൽ നടന്ന കഥയിലെ ഏഴ് വയസ്സുകാരൾ,ഇപ്പോൾ പോലും 75 ആയിട്ടുണ്ടാവില്ലല്ലോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ