ഒരു പ്രഹ്ലാദ സ്മരണ
അച്ഛന്‍ മകനെ പഠിയ്ക്കാന്‍ വിട്ടു, അച്ഛന്‍ ഒരു സാധാരണ അച്ഛനൊന്നുമല്ല. ചക്രവര്‍ത്തിയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്കൂളില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളാണെന്ന്‍ കേട്ടാല്‍ കുട്ടികളെ അവിടെ പഠിപ്പിയ്ക്കാന്‍ മത്സരമാണ്.
ഇവിടേയും കണ്ടിട്ടില്ലേ, ചില സ്കൂളുകളില്‍, ഈ Anglo Indians ആണ് പഠിപ്പിയ്ക്കുന്നത്‍ എന്നൊക്കെ കേട്ടാല്‍ രക്ഷിതാക്കളുടെ തിരക്ക്‍ കണ്ടിട്ടില്ലേ. ഇപ്പൊ ഒരു സ്കൂളുണ്ടല്ലൊ പുതിയതായി വന്നത്‍, Aura Edify എന്ന പേരില്‍, ഫുള്‍ എയര്‍കണ്ടീഷന്‍ ചെയ്തത്, ക്ലാസ്‍മുറി എ.സി, ബസ്സും എ.സി., കേന്റീനും എ.സി., ഫൈവ്‍സ്റ്റാര്‍ ഭക്ഷണം, എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള സ്കൂള്‍. അത്‍ സ്കൂളാണോ എന്തോ. എന്തായാലും ശരി, എല്ലാവര്‍ക്കും ഇഷ്ടാണ് കുട്ടികളെ ഏറ്റവും നല്ല സ്കൂളില്‍ പഠിപ്പിയ്ക്കാന്‍, അല്ലേ. പഠിച്ച്‍ പഠിച്ച്‍ എങ്ങോട്ടാ പോണ് എന്നേ അറിയാത്തുള്ളു.
ഇതും അതുപോലെ ഒന്ന്‍ തന്നെ. അതോ, പഠിപ്പിയ്ക്കുന്ന അധ്യാപകരാണെങ്കിലോ, പേര് കേട്ടാത്തന്നെ ഞെട്ടും. ശണ്ഠന്‍, അമര്‍ക്കന്‍ എന്നൊക്കെയാണ് പ്രിന്‍സിപ്പാലിന്റേയും ഹെഡ്‍ മാസ്റ്ററുടേയും ഒക്കെ പേര്. ഒരു വിധം കുട്ടികളൊന്നും അങ്ങട്‍ പോവില്ല, പേടിച്ചിട്ട്‍. ഇന്നത്തെപ്പോലത്തെ പി.ടി.എ. ഒന്നും അവിടെ ഇല്ല. പി.ടി.എ. എന്നത്‍ കലികാലത്തിലെ സൂത്രപ്പണിയാണ്. സ്കൂളിന്റെ ആവശ്യങ്ങളെ രക്ഷിതാക്കളുടെ കാശ്‍കൊണ്ട്‍ നടത്തുക. സ്കൂളിന് ഫീസ്‍ ഇനത്തിലും മറ്റുമായി വരുന്ന വരുമാനങ്ങളൊക്കെ മേനേജറുടെ കീശയിലേയ്ക്കും.. അതില്‍ പി.ടി.ഏ. പ്രസിഡന്റിനും ഒച്ചവെയ്ക്കുന്ന മറ്റ്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും, ഓരോ ചോക്ലേറ്റ്‍ വാങ്ങികൊടുത്താല്‍ കാര്യം ഖുശാല്‍.
നിങ്ങള്‍ക്കും തോന്ന്‍ണില്ലേ, എല്ലാ സ്കൂളും ഇന്ന്‍ ശണ്ഠ-അമര്‍ക്കന്മാരാണ് നടത്തുന്നത്‍ എന്ന്‍, കുട്ടികള്‍ക്കൊക്കെ സ്കൂളില്‍ പോവാന്‍ ഭയമാണ്. അവര് പിഴിയുന്ന പിഴിച്ചില് കാണുമ്പോ അച്ഛനും അമ്മയ്ക്കും ഒക്കെ ഉറക്കത്തില്‍കൂടി ഞെട്ടലാണ്. . Time Table നും കൂടി ഫീസ്‍ വാങ്ങുന്ന സ്കൂളുകളാണ് ഒട്ടുമുക്കാലും എന്ന്‍ തോന്നുന്നു.
ചക്രവര്‍ത്തി കുട്ടീനെ അങ്ങനത്തൊരു സ്കൂളിലേയ്ക്ക്‍ വിട്ടു. കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങുന്നതിനുമുമ്പ്‍ തന്നെ എന്തൊക്കെയോ കുറെ പഠിച്ച പയ്യനാണ്. മഹാ തല്ലുകൊള്ളികളാവും അങ്ങിനത്തവര്‍. സ്കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് പാഠ്യസംബന്ധമായ ഒന്നും പഠിപ്പിയ്ക്കരുത്‍ എന്ന്‍ ഭാരതീയ ചിന്ത. അങ്ങിനെ പഠിപ്പിച്ചാല്‍ സ്കൂളിലെത്തിയാല്‍ അവന്‍ അധ്യാപകനെ പഠിപ്പിയ്ക്കാന്‍ തുടങ്ങും. കുട്ടിയ്ക്ക്‍ അഹങ്കാരം കൂടും, അധ്യാപകന് ഒരു തരം വിദ്വേഷവും. രണ്ടും അറിവിനെ നശിപ്പിയ്ക്കാനേ ഉതകൂ. വിദ്യാഭ്യാസത്തിന് പോകുന്നതിനുമുമ്പ്‍ കുട്ടികളെ ഒന്നും പാഠ്യസംബന്ധമായ വിഷയങ്ങള്‍ ഒന്നും പഠിപ്പിയ്ക്കരുത്‍.
ഈ സ്കൂളില്‍, അധ്യാപകന്‍ പറഞ്ഞുകൊടുത്തതൊക്കെ കുട്ടി പെട്ടെന്ന്‍ പഠിച്ച്‍ ചോദ്യങ്ങള്‍ക്കെല്ലാം മണിമണിപോലെ ഉത്തരം കൊടുക്കും.
യത്തത്ര ഗുരുണാ പ്രോക്തം ശുശ്രുവേഽനു പപാഠ ച
അഞ്ച്‍ ചോദ്യങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതാന്‍ അധ്യാപകന്‍ പറഞ്ഞാല്‍, സ്വാമി രാമതീര്‍ഥരെപ്പോലെ, അഞ്ച് ഉത്തരങ്ങള്‍ എഴുതി വെച്ചിട്ട്‍, ഉത്തരക്കടലാസില്‍ എഴുതും, ഏതേങ്കിലും മൂന്നെണ്ണം നോക്കിക്കൊള്ളുക എന്ന്‍. ശണ്ഠനും അമര്‍ക്കനും ഈ പയ്യനെ പഠിപ്പിയ്ക്കാന്‍ നല്ല ബുദ്ധിമുട്ടായി. കുട്ടിയ്ക്ക്‍ അറിയാത്തതായി ഒന്നും ഇല്ല. ഇനി എന്ത്‍ പഠിപ്പിയ്ക്കാനാ.. എന്തെങ്കിലും പറയാന്‍ പറ്റുമോ, ചക്രവര്‍ത്തീടെ മകനല്ലേ.. ആ ചക്രവര്‍ത്തി കൊടുക്കുന്ന ശമ്പളംകൊണ്ടല്ലേ അവരുടെയൊക്കെ ജീവിതം നടന്നുപോകുന്നത്‍. റേഷന്‍ വാങ്ങണെങ്കി ഇവനെ പഠിപ്പിച്ചല്ലേ പറ്റു.
കുറച്ച്‍ ദിവസം കഴിഞ്ഞപ്പൊ കുട്ടിയെ ഒന്ന്‍ കാണണമെന്ന്‍ തോന്നി, അച്ചന്‍ കുട്ടീനെ വിളിപ്പിച്ചു. പയ്യന്‍ വന്നു. പിടിച്ച്‍ മടീലിരുത്തി, അച്ഛന്‍ പറഞ്ഞു, മോനേ നീ പഠിച്ചതിലെ നല്ലതെന്തെങ്കിലുമുണ്ടെങ്കില്‍ അത് പറ, അച്ഛന്‍ കേക്കട്ടെ. ശണ്ഠനും അമര്‍ക്കനും പഠിപ്പിച്ചതല്ല അച്ഛന്‍ ചോദിച്ചത്‍, നീ പഠിച്ചതിലെ നല്ലത്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറ എന്നാണ് പറഞ്ഞത്.
അതിന് കുട്ടിയുടെ പടപടാ മറുപടി വന്നു - എന്താ പറഞ്ഞ് -
സുഖമൈന്ദ്രിയകം ദൈത്യാ, ദേഹ യോഗേന ദേഹിനാം
സര്‍വ്വത്ര ലഭ്യതേ ദൈവാദ്‍, യഥാ ദു:ഖം അയത്നതാ
ഹേ ദൈത്യാ - ഹേ അസുര രാജാവേ - ദേഹി ദേഹത്തോട്‍ ചേരുന്നതാണ് സു:ഖം, എന്നാലോ ദു:ഖം പ്രയത്നിയ്ക്കാതെ തന്നെ എല്ലായിടത്തും കിട്ടുകയും ചെയ്യും
ഈ ശരീരത്തിലിരിയ്ക്കുന്ന ദേഹി, ഞാനെന്ന ബോധം, ആ ബോധം മറയുകയും ഞാന്‍ ഈ ശരീരമാണെന്ന്‍ ധരിയ്ക്കുകയും ചെയ്യുമ്പൊ അനുഭവപ്പെടുന്ന തോന്നലാണ് സു:ഖം. എന്നാല്‍ ദു:ഖം എവിടെയായാലും ഒരു പണിയുമെടുക്കാതെ ലഭിയ്ക്കുകയും ചെയ്യും. ആ നഴ്‌സറി ക്ലാസുകാരന്റെ ഒരു മണ്ടെയ്‍, അപാരം ല്ലേ.. ഇന്ന്‍ ഇങ്ങനത്തെ തത്ത്വങ്ങളൊക്കെ തൊണ്ണൂറ്‍ കഴിഞ്ഞാലും നാവീന്ന്‍ വരില്ല്യ, ല്ലേ... .
ദു:ഖത്തിന് ഒരു പണിയും എടുക്കണ്ട, കാരണം അതൊക്കെ ഓരോരുത്തരുടെ കര്‍മ്മഫലപ്രാപ്തിയാണ്. ഇന്ന്‍ നമ്മളൊന്നും അങ്ങിനെയല്ല ധരിയ്ക്കുന്നത്. ആ കഴുവേറിയാണ് എന്റെ ദു:ഖങ്ങള്‍ക്കൊക്കെ കാരണം, ഇവന്റെയൊക്കെ കൂടെ കെട്ടിയെടുത്തപ്പൊ പോയി എന്റെ സുഖമെല്ലാം, കാലമാടന്‍ ഒരിയ്ക്കലും കൊണം പിടിയ്ക്കില്ല. ഇതാണ് നമ്മുടെ പുരോഗമനയുഗത്തിലെ കണ്ടെത്തലുകളൊക്കെ.
ഇതിലെ കുട്ടി സംസ്ക്ര്‌തത്തിലാണ് പറഞ്ഞത്. ചക്രവര്‍ത്തി സംസ്ക്ര്‌തത്തിലൊക്കെ നല്ല പാണ്ഡിത്യമുള്ളയാളാണ്, അന്നത്തെ ഭാഷ അതായിരിന്നു എന്ന്‍ തോന്നുന്നു.
ഇന്ന്‍ സംസ്ക്ര്‌തം എന്ന്‍ പറഞ്ഞാല്‍ അത്‍ തീവ്രവാദികളെ സ്ര്‌ഷ്ടിയ്ക്കാനുള്ള ഭാഷയാണെന്നാണ് കണ്ടെത്തല്‍. ഏതെങ്കിലും കുട്ടി ഒരു ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയാല്‍ അവനൊക്കെ തീവ്രവാദിയാവാനുള്ളവനാണ് എന്നാണല്ലൊ പുതിയ കണ്ടെത്തല്‍. അതും പറഞ്ഞതാരാ, ആ ഉണ്ണിക്കണ്ണന്റെതന്നെ അച്ഛന്‍. വിഷ്ണു. ശ്ശോ! എന്തൊരു കാലാണ് വന്നിരിയ്ക്കണത് ന്ന്‍ അറിയിണില്ല, ല്ലേ..
നമ്മളൊക്കെ ഇങ്ങനെത്തന്നെ. ഇടയ്ക്കൊക്കെ കുട്ടീനെ പടിച്ച് മടിയിലിരുത്തി ചോദിയ്ക്കും, എന്തൊക്കേ പഠിച്ചത്‍ മോന്‍ പറയൂ, എന്നൊക്കെ. അപ്പൊ കുട്ടി പറയും -
അച്ഛാ, എന്റെ അടുത്തിരിയ്ക്കുന്ന ആ രാജു ഇല്ല്യേ, അവനേയ്‍ ഒരു പുത്യേ മൊബൈല് കൊണ്ടു വന്നിരിയ്ക്കുന്നു, അവന്റെ അച്ഛന്‍ യൂഎസ്സിന്ന്‍ കൊടുത്തയച്ചതാത്രേ.. നല്ല മൊബൈലാ!! എനിയ്ക്കും വേണം അതേ പോലത്തെ ഒന്ന്, ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങും, അപ്പൊ അച്ഛനും ദേഷ്യം വരും, കുട്ടീനെ പിടിച്ച്‍ തൂക്കി താഴെയ്ക്കിടും, അല്ലേ..
ഇവിടെയും അതു തന്നെ സംഭവിച്ചു. കുട്ടിയോട്‍ ചോദിച്ചപ്പൊ കുട്ടി പറഞ്ഞത് ; ഹേ ദൈത്യാ !! ഹേ അസുരശ്രേഷ്ടാ ...
സുഖമൈന്ദ്രിയം ദൈത്യാ, ദേഹ യോഗേന ദേഹിനാം : എന്നാണ്
ആരാ പറഞ്ഞത് - പ്രഹ്ലാദന്‍.
ആരാ പ്രഹ്ലാദന്‍ - എല്ലാവരേയും എപ്പോഴും ഹ്ലാദനം ചെയ്യിയ്ക്കുന്നവന്‍, സന്തോഷിപ്പിയ്ക്കുന്നവന്‍, ഹിതം ഇച്ഛിയ്ക്കുന്നവന്‍ എന്നര്‍ഥം. പ്രകര്‍ഷേണ ഹ്ലാദനം ചെയ്യിപ്പിയ്ക്കുന്നവന്‍ എന്ന്‍ അര്‍ഥം.
മറ്റൊരാളെ ഹ്ലാദനം ചെയ്യിപ്പിയ്ക്കണമെങ്കില്‍, ചെയ്യിപ്പിയ്ക്കുന്നവന്‍ സദാ ആഹ്ലാദത്തിലായിരിയ്ക്കണം. അല്ലാത്തവര്‍ക്കത്‍ പറ്റില്ല. സ്വബോധത്തിലിരിയ്ക്കുന്നവനു മാത്രമേ മറ്റുള്ളവരെ ആഹ്ലാദിപ്പിയ്ക്കാന്‍ പറ്റൂ. ആഹ്ലാദം ആനന്ദം തന്നെ. സുഖമല്ല ആനന്ദം. സുഖത്തിന് പ്രതിദ്വന്ദി ശബ്ദമുണ്ട്, വിപരീതപദമുണ്ട്‍, ദു:ഖം. ആനന്ദത്തിന് അതില്ല. അത് അന്തിമശബ്ദമാണ്.
കുട്ടി ആരോടാ പറഞ്ഞത് - ചക്രവര്ത്തിയായ ഹിരണ്യ കശിപുവിനോട്. ധൈര്യത്തോടെ പറഞ്ഞു. അതെ, സ്വബോധത്തിലിരിയ്ക്കുന്നവന്, സ്വയം ആനന്ദത്തിന്റെ പീയൂഷത്താല്‍ ആപ്ലാവിതമായിരിയ്ക്കുന്നവന് ആരെ ഭയക്കണം. അത്‍ അച്ഛനാണോ മുത്തച്ഛനാണോ എന്നൊന്നുമല്ല കുട്ടി നോക്കിയത്, ഹേ ദൈത്യാ എന്നാണ് വിളിച്ചത്‍, അസുര ശ്രേഷ്ഠാ എന്നാണ് വിളിച്ചത്. അല്ലയോ രാജാവേ എന്നുകൂടിയല്ല സംബോധന. അസുരശ്രേഷ്ഠാ എന്നാണ്.
എന്താ ഹിരണ്യ കശിപു എന്ന്‍ പറഞ്ഞാ -
ഹിരണ്യം = സ്വര്‍ണ്ണം
കശിപു = മെത്ത
സ്വര്‍ണ്ണമെത്തയില്‍ ശയിയ്ക്കുന്നവന്‍. ദേഹ യോഗേന ദേഹിനാം. ദേഹം ദേഹിയുമായി സംയോഗിയ്ക്കുമ്പോള്‍ എല്ലാം ഹിരണ്യമയമെന്ന്‍ തോന്നും.
ചക്രവര്‍ത്തിയ്ക്ക്‍ എപ്പോഴും സ്വര്‍ണ്ണത്തിലാണ് കണ്ണ്‍. മായ എന്ന്‍ പറയും. രാജാവ് മാത്രമല്ല ഹിരണ്യകശിപുവായിട്ടുള്ളത്‍. ഇന്ന്‍ എവിടെ നോക്കിയാലും ഹിരണ്യകശിപുമാരെ മാത്രമേ കാണാന്‍ കഴിയുന്നുള്ളു. എല്ലാവരുടെയും കണ്ണ്‍ കല്യാണ്‍ ജ്വല്ലേഴ്‍സിലും ആലുക്കാസിലും ഒക്കെയാണ്. ഹിരണ്യത്തിലാണ് കണ്ണ്‍. അതുകൊണ്ടൊരു മെത്തയുണ്ടാക്കി അതില്‍ കിടക്കാനാണ് എല്ലാവരും ഓടണത്‍.
അച്ഛന് അത്‍ കേട്ടപ്പൊ ദേഷ്യം വന്നു, തൂക്കി ഒരേറ്‍ വെച്ചു കൊടുത്തു. ഈ ഓട്ടം മുഴുവനും ഓടിയതും ഓടുന്നതും നാല് പവന്‍ ഉണ്ടാക്കാനാണ്. എന്റെ ഈ കഷ്ടപ്പാടൊക്കെയുണ്ടോ ഈ ജന്തു അറിയുന്നു. അച്ഛന്റെ ആത്മഗതം...
ദേഹം എന്നാല്‍ ഈ കാണുന്ന ശരീരം. ദഹ്യതേ ഇതി ദേഹ:, ദഹിച്ചുപോകുന്നതുകൊണ്ട്‍ ദേഹം. അന്നം കഴിച്ച്‍ അതില്‍ നിന്നുണ്ടാകുന്ന രക്തം രസം മാസം അസ്തി, മേദസ്സ്‍ മജ്ജ ശുക്ലം എന്നീ ഏഴ്‍ ധാതുക്കളോട്‍ കൂടിയതും കാണപ്പെടുന്നതുമായ ഈ ശരീരത്തിനെ ദേഹമെന്ന്‍ പറയും. ശരീരം മൂന്നെണ്ണമുണ്ടെന്ന്‍ അറിവുള്ളവര്‍ പറയുന്നു. സ്ഥൂലശരീരം സൂക്ഷ്‍മശരീരം കാരണ്ശരീരം. എല്ലും തോലും മാംസവും ഒക്കെക്കൂടിയുള്ള നാം കാണുന്ന ഈ ശരീരമാണ് സ്ഥൂലശരീരം.
ഈ ശരീരത്തിനകത്ത്‍ ഞാന്‍ ഞാന്‍ എന്ന്‍ സദാ സ്ഫുരിച്ചുകൊണ്ടിരിയ്ക്കുന്നത്‍ ദേഹി. സുഖം എന്നത്‍ ഐന്ദ്രിയപരമാണ്, ഇന്ദ്രിയവേദ്യമാണ്. അന്തര്യാമിയായിരിയ്ക്കുന്ന ദേഹിയെ അറിയാതിരിയ്ക്കുന്ന സമയത്ത്‍ മാത്രമേ സു:ഖം അനുഭവപ്പെടുന്നുള്ളു. അന്തര്യാമിയെ ചിന്തിയ്ക്കുന്നവന് സു:ഖാനുഭവമല്ല, മറിച്ച്‍ ആനന്ദാനുഭൂതിയാണ് ഉണ്ടാകുന്നത്. ഏതൊരു സുഖത്തിന്റേയും കൂടെ ദു:ഖവും ഉണ്ട്‍. അതുകൊണ്ട്‍ ദേഹിയെ അവഗണിയ്ക്കുമ്പോള്‍ ദേഹം മറ്റൊരു വസ്തുവുമായി സംയോജിയ്ക്കുന്നു. ഏതൊരു ഇന്ദ്രിയത്തെക്കൊണ്ടാണോ ആ വസ്തുവുമായി ബന്ധപ്പെടുന്നത്‍ ആ ഇന്ദ്രിയത്തിന് അപ്പോള്‍ സുഖം അല്ലെങ്കില്‍ ദു:ഖം ഭാസിയ്ക്കുന്നു.
ക്രോധിതനായ രാജാവ്‍ ശണ്ഠാമര്‍ക്കന്മാരെ ഉടന്‍ വിളിച്ചുവരുത്തി. അവരോട്‍ ക്രോധത്തോടെ പറഞ്ഞു, ഇതാണോ കുട്ടിയെ പഠിപ്പിയ്ക്കുന്നത്‍ നിങ്ങളൊക്കെ. ഇതിനാണോ ശമ്പളം തരുന്നത്‍ നിങ്ങള്‍ക്കൊക്കെ!! വിവര ദോഷികള്‍. ഇവന്‍ പറഞ്ഞത്‍ കേട്ടില്ലേ നിങ്ങള്‍.. ! ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിയ്ക്കുന്നത്.
ഇന്നത്തെ പി.ടി.എ. മീറ്റിങ്ങില്‍ ചില രക്ഷിതാക്കള്‍ പറയണപോലെത്തന്നെ, അല്ലേ.. കുട്ടികള്‍ക്ക്‍ നല്ല ആചാരങ്ങളോ, മറ്റുള്ളവരെ ബഹുമാനിയ്ക്കാനോ, ആദരിയ്ക്കാനോ, വിനയത്തോടെ പെറുമാറാനോ, ഈശ്വരഭക്തിയോ, ഒന്നും ഉപദേശിയ്ക്കാതെ, സ്കൂളുകളിലേയ്ക്ക്‍ പറഞ്ഞുവിടും. അവിടെനിന്ന്‍ പഠിയ്ക്കുന്ന പല തോന്നിവാസങ്ങളും വീട്ടില്‍ വന്ന്‍ പയറ്റും. കുട്ടി എന്ത്‍ വേണ്ടാത്തരം കാണിച്ചാലും, ഒക്കെ സ്കൂളിന്റെ കൊള്ളരുതായ്‍മ. അതിന് ഹെഡ്‍മാസ്റ്ററെ തെറിവിളിയ്ക്കാനും അയാളുടെ കുത്തിന് പിടിയ്ക്കാനും വഴക്കിടാനുമൊക്കെ പോകും.
അവര്‍ പറഞ്ഞു, അയ്യോ തമ്പ്രാനേ, ഇതൊന്നും ഞങ്ങള്‍ പഠിപ്പിച്ചതല്ലെ, ഞങ്ങള്‍ക്കറിയില്ല, ഇവന്‍ ഇതൊക്കെ എവിടുന്നാണ് പഠിയ്ക്കുന്നത്‍ എന്ന്‍. ഞങ്ങളുടെ സ്കൂളില്‍ ഇത്തരത്തിലുള്ളതൊന്നും പഠിപ്പിയ്ക്കാറില്ല. സരസ്വതിയേയും ഗണപതിയേയും വിഷ്ണുവിനേയും ഒന്നും ഞങ്ങള്‍ വണങ്ങാറില്ല. വീണയും വിളക്കും ഒന്നും ഞങ്ങള്‍ വെയ്ക്കാറില്ല. ഞങ്ങള്‍ പഠിപ്പിയ്ക്കുന്നതൊക്കെ ഇവന്‍ നന്നായി പഠിയ്ക്കുന്നുണ്ട്‍, എല്ലാ പരീക്ഷയിലും ഫുള്‍ മാര്‍ക്കാണ്. എന്നിട്ടും തമ്പ്രാന്‍ ചോദിച്ചപ്പൊ എവിടുന്നാ ഇത്തരത്തിലുള്ളതൊക്കെ പറേണത്, ഞങ്ങക്കറിയില്ലാ ഏമാനേ... ഒന്ന്‍ ചിന്തിച്ച്‍ നോക്കൂ, കുട്ടിയുടെ തോന്നിവാസത്തിന് ടീച്ചറെ ശിക്ഷിയ്ക്കുന്ന രീതി ആധുനികന്റെ അറിവില്ലായ്‍മയില്‍ രൂപപ്പെട്ടതാണെന്നൊന്നും വിചാരിയ്ക്കണ്ട, അതൊക്കെ പണ്ടുതന്നെ ഉള്ളതാണ്. കാരണം അറിവില്ലായ്‍മയ്ക്ക്‍ പ്രാചീനമെന്നോ അര്‍വ്വാചീനമെന്നോ പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഒന്നും ഇല്ലല്ലൊ. അത്‍ പരമാത്മാവും പ്രക്ര്‌തിയും പോലെത്തന്നെയാണ്. രാജാവ്‍ പറഞ്ഞു, ഓ.. ശരി ശരി, അധികം ഒന്നും പറയണ്ട, വേഗം കൊണ്ടുപൊയ്ക്കൊള്ളിന്‍ ഈ തല്ലുകൊള്ളിയെ. ഇവനെ എന്തെങ്കിലും നല്ലതൊക്കെ പഠിപ്പിയ്ക്കണം.
വീണ്ടും ഒരു മാസം കഴിഞ്ഞപ്പൊ കുട്ടീനെ കാണാന്‍ തോന്നി, അച്ഛന്‍ വിളിപ്പിച്ചു. വന്നപ്പൊ, സ്നേഹത്തൊടെ കുട്ടിയെ വാരി എടുത്ത്‍, മടിയിലിരുത്തി, ഒരു ഉമ്മയൊക്കെ കൊടുത്ത്‍ അതേ ചോദ്യം തന്നെ ചോദിച്ചു .
നമ്മുടെ വീട്ടില്‍ ആരെങ്കിലും മാന്യന്മാരൊക്കെ വന്നാല്‍ നമ്മളും കുട്ടികളെകൊണ്ട്‍ അവരുടെ മുന്നില്‍ വെച്ച്‍ ഇങ്ങനെയൊക്കെ ചോദിയ്ക്കും. വല്ല അമ്പലക്കമ്മിറ്റി പ്രസിഡന്റോ വല്ല ഭക്തനോ ഒക്കെയാണ് വന്നിട്ടുള്ളതെങ്കില്‍ ഭഗവത്‍ ഗീതയിലെ ശ്ലോകം ചൊല്ലാന്‍ പറയും.
വല്ല രാഷ്ട്രീയക്കാരൊക്കെയാണെങ്കില്‍, കമ്മ്യൂണിസ്റ്റ്‍കാരനൊക്കെ ആണെങ്കില്‍, ദാസ്‍ കേപ്പിറ്റലില്‍ നിന്നൊക്കെ എന്തെങ്കിലും കുട്ടിയെക്കൊണ്ട്‍ പറയിപ്പിയ്ക്കും. അല്ലെങ്കില്‍ കീറ്റ്‍സിന്റെയും ഏംഗല്‍സിന്റെയോ ഒക്കെ കഥ പറയാന്‍ പറയും.... അല്ലെങ്കില്‍ മോശമല്ലേ..
കോണ്‍ഗ്രസ്സ്‍ കാരനാണെങ്കില്‍ ഗാന്ധിജിയെ കുറിച്ച്‍ പറയണം. ബി.ജെ.പി.ക്കാരനാണെങ്കില്‍ അയോധ്യാക്ഷേത്രത്തെ പറ്റി പറയണം
ആ കുട്ടിയുടെ പരുങ്ങലും മുഖഭാവവും ഒക്കെ കാണുമ്പൊ, എങ്ങനേങ്കിലും വിഷയം മാറ്റി അവിടുന്നൊന്ന്‍ രക്ഷപ്പെട്ടാ മതിയാര്‍ന്നൂ എന്ന്‍ നമുക്ക്‍ തോന്നും. ഇല്ല്യേ...
ഇങ്ങിനെയൊക്കെ ചെയ്യുമ്പൊ ആ കുട്ടിയുടെ നൈസര്‍ഗ്ഗികമായ സ്വാതന്ത്ര്യത്തോട്‍കൂടിയുള്ള കുട്ടിയുടെ പഠന ശേഷിയെ ഇല്ലാതാക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്‍. കഴിവിനെ പ്രോത്സാഹിപ്പിയ്ക്കുകയല്ല, മറിച്ച്‍ കഴിവേറിയാക്കുകയാണ് ചെയ്യുന്നത്‍. ഇതൊന്നും ഇന്നത്തെ രക്ഷിതാക്കള്‍ക്ക്‍ ബോധിയ്ക്കാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല. അവരും ശണ്ഠാമര്‍ക്കന്മാരുടെ സ്കൂളില്‍നിന്നുതന്നെയാണോ പഠിച്ചത്‍ എന്ന്‍ തോന്നുണു. ഇങ്ങനെ ഒരിയ്ക്കലും ചെയ്യരുത്.
ചക്രവര്‍ത്തി ചോദിച്ചു, മോനേ, നീ പഠിച്ചതില്‍ ഏറ്റവും നല്ലത്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത്‍ പറയൂ, അച്ഛന്‍ കേള്‍ക്കട്ടെ... !! ചക്രവര്‍ത്തി ചോദിച്ചപ്പൊ, ഒരു ഉശിരന്‍ ഉത്തരമാണ് കുട്ടി പറഞ്ഞത് -
ഹേ ദൈത്യാ ...
ശ്രവണം കീര്‍ത്തനം വിഷ്ണോര്‍സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം സഖ്യം ആത്മ നിവേദനം
ഇത്‍ രണ്ടാമത്തെ പാഠം.
കുട്ടി പറഞ്ഞത്, ആദ്യത്തെ പാഠം ശരിയ്ക്ക്‍ മനസ്സിലാക്കിയാല്‍, ശരിയ്ക്ക്‍ ഉള്‍ക്കൊണ്ടാല്‍, രണ്ടാമത്തേത്‍ എളുപ്പത്തില്‍ മനസ്സിലാക്കാം.
ചക്രവര്‍ത്തിയ്ക്ക്‍ ദേഷ്യം വന്നു. ശണ്ഠ അമര്‍ക്കന്മാരെ വിളിച്ച്‍ ചീത്ത പറഞ്ഞു. ഞങ്ങള്‍ ഇനിയും ശ്രദ്ധിച്ചോളാം ഏമാനേ എന്ന്‍ പറഞ്ഞു.
ചക്രവര്‍ത്തി പറഞ്ഞു, വളരെ ശ്രദ്ധിയ്ക്കണം. കുറെ അലവലാതികള്‍ ഈയിടെയായി ഇതിലെയൊക്കെ വിലസുണ്ട്‍ എന്ന്‍ കേട്ടു. അവരൊക്കെ ആയിരിയ്ക്കും ഇങ്ങനെ കുട്ടികളുടെ തല കറക്കുന്ന പണി എടുക്കുന്നത്
ഇന്നും അങ്ങനെത്തന്നെ, അല്ലേ... ഇന്നാണെങ്കില്‍ പറയും എ.ബി.വി.പി.ക്കാരോ, ആര്‍.എസ്സ്‍.എസ്സ്‍.കാരോ ഒക്കെ ഇതിലെയൊക്കെ കറങ്ങുന്നുണ്ട്‍ ഈയിടെയായിട്ട്‍, അവന്മാരായിരിയ്ക്കും ഇങ്ങനെ കുട്ടികളെ കറക്കിയെടുക്കുന്നത്‍ എന്ന്‍...
ചക്രവര്‍ത്തിയും ഒന്ന്‍ ആലോചിച്ചു. അമ്മയുടെ ഗര്‍ഭത്തിലായിരുന്നപ്പോള്‍ ഏതോ ഒരു ഏഷണിക്കാരന്‍ എന്തൊക്കെയോ പറഞ്ഞത്‍ വയറ്റില്‍ കിടന്നുകൊണ്ട്‍ അവന്‍ കേട്ടിട്ടുണ്ടത്രെ... അതിന് വല്ല സാംഗത്യവുമുണ്ടോ... ഏയ്, അതൊക്കെ വെറുതെ പറയ്വാ.. ഈ മണ്ടയില്ലാത്തോന്മാര് പറയണതാ അതൊക്കെ.
കുട്ടി അച്ഛനോട്‍ പറഞ്ഞത് എത്രവലിയൊരു തത്ത്വമാണ്. എന്തിനാ സ്കൂളിലൊക്കെ പോണത്‍. ഇത്‍ അവിടെയൊക്കെ പോയി വല്ല ചോക്ലേറ്റും വാങ്ങിത്തിന്നാ കിട്ടണതാണോ..
ശ്രവണം കീര്‍ത്തനം വിഷ്ണോര്‍ഽസ്മരണം
പാദസേവനം അര്‍ച്ചനം വന്ദനം
ദാസ്യം സഖ്യം ആത്മനിവേദനം
ഒമ്പത്‍ തരം ഭക്തിയുടെ പ്രകടീഭാവം ഉണ്ടെന്ന്‍ ആചാര്യന്മാര്‍ ഘോഷിച്ചിട്ടുണ്ട്‍. ഇത്‍ ബ്രഹ്മത്തിന്റെ ജാഗ്രത്‍ സ്വപ്ന സുഷുപ്തി തുര്യഗ എന്ന നാല് പാദങ്ങളാണ്. ശ്രവണമനനാദികളിലൂടെ സഞ്ചരിച്ച്‍ പ്രാരബ്ധ സിദ്ധാന്തങ്ങളായ കര്‍മ്മങ്ങള്‍ വിധിവിഹിതമായി നിര്‍വഹിച്ച്‍ ജഗദീശ്വരന്റെ സൗഹ്ര്‌ദസമ്പാദനത്താല്‍ ആ ആത്യന്തിക ശക്തിയുമായി, ജഗത്ത്‍ മുഴുവനും ജഗദീശ്വര ക്ര്‌തികള്‍ തന്നെയെന്ന്‍ മനസ്സിലാക്കി ചരാചരങ്ങളുടെ ദാസ്യപ്രവര്‍ത്തിയിലൂടെ അവയുമായി താദാത്മ്യം പ്രാപിച്ച്‍, സ്വയം ഈ പ്രക്ര്‌തിയ്ക്കായി അവനവനെ സമര്‍പ്പിയ്ക്കുന്ന തലത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ബന്ധനഹേതുവായ സകല കര്‍മ്മങ്ങളില്‍നിന്നും കര്‍മ്മമുക്തികൈവരികയും ഉദാത്തവും ഉത്‍ക്ര്‌ഷ്ടവുമായ ആത്മസമര്‍പ്പണത്തിന്റെ തലം സംജാതമാകുന്നതോടെ, സകല യോഗക്ഷേമങ്ങളും ഭഗവാന്‍ സ്വയം ഏറ്റെടുക്കുകയും തന്റെ സ്വധാമത്തിലേയ്ക്ക്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
നാം ഓരോരുത്തരും ഈശ്വരങ്കലേയ്ക്കുള്ള പ്രയാണത്തിലാണ്. എത്രയോ ജന്മങ്ങളായി തുടരുന്നതാണ് ഈ യാത്ര. ഇനിയും അങ്ങോട്ട്‍ എത്തിയിട്ടില്ല. ജന്മജന്മാന്തരങ്ങളായി നേടിയെടുത്തിട്ടുള്ള കര്‍മ്മഫലങ്ങളെ മുഴുവനും നശിപ്പിയ്ക്കണം. നാം ഓരോരുത്തരും ഓരോ പ്രഹ്ലാദന്മാരാണ്. പക്ഷെ നമ്മളില്‍ വസിയ്ക്കുന്നത്‍ ഹിരണ്യകശിപുമാരാണ്. ഇരയും ഇണയും മാത്രമാണ് ഹിരണ്യകശിപുക്കളുടെ വായ്‌പ്പാട്ട്‍. അവരുടെ ഉപദേശങ്ങളും അതില്‍നിന്നും ഭിന്നമാവാന്‍ സാദ്ധ്യമല്ല. പ്രഹ്ലാദന്റെ പൂര്‍വ്വദേഹിയാണ് ഹിരണ്യകശിപു. ഈശ്വരനിലേയ്ക്കെത്താന്‍ ഓരോ പ്രഹ്ലാദനേയും ഹിരണ്യകശിപു വഴിമുടക്കുന്നു. ഓരോരുത്തരും അവനവന്റെ പൗര്‍വ്വദേഹിയെ, പ്രാഗ്‍രൂപത്തെ, നശിപ്പിയ്ക്കണം. പൗര്‍വ്വദേഹിയുടെ നാശമെന്നാല്‍, ജന്മാന്തരങ്ങളായി ആര്‍ജ്ജിച്ചിട്ടുള്ള പാപങ്ങളെ ഹരിയ്ക്കുക എന്നര്‍ത്ഥം. അതിനായിക്കൊണ്ട്‍ പശ്ചാത്തപിയ്ക്കുക, ജഗദീശ്വരനോട്‍ പ്രാര്‍ത്ഥിയ്ക്കുക, അതിനെ ഈശ്വരനിലേയ്ക്ക്‍ എത്തിയ്ക്കുക. പ്രഹ്ലാദന് സ്വന്തം അച്ഛനായിരുന്നു വഴിമുടക്കി. ആ വഴിമുടക്കിയായ ഹിരണ്യകശിപുവിനെ ജഗദീശ്വരനിലേയ്ക്ക്‍ അടുപ്പിയ്ക്കാന്‍ ഈശ്വരനെത്തന്നെ കൂട്ടു പിടിച്ചു. മറ്റ് ആരാണ് അശരണര്‍ക്ക്‍ കൂട്ടിനുള്ളത്‍. പരിപൂര്‍ണ്ണ നിരാധാരമായാല്‍ ആധാരം തനിയെ കിട്ടും. ജന്മജന്മാന്തരങ്ങളുടെ പാപസഞ്ചയത്തെ നശിപ്പിയ്ക്കാന്‍ സാക്ഷാല്‍ ജഗദീശ്വരനെത്തന്നെ ശരണം പ്രാപിച്ചു. പിതാവിനെ പുത്‍ എന്ന നരകത്തില്‍നിന്ന്‍ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍. സ്വന്തം പിതാവിനെ മായയുടെ പിടിയില്‍നിന്നും മോചിപ്പിച്ച്‍ ശുദ്ധബുദ്ധമുക്തസ്വരൂപവും സച്ചിതാനന്ദഘനവുമായ പരബ്രഹ്മത്തിലേയ്ക്ക ആഹ്ലാദോന്മത്തനായി ഹിരണ്യകശിപുവിനെ നയിച്ചതുകൊണ്ട്‍ പ്രഹ്ലാദന്‍. ഇന്ന്‍ ഹിരണ്യകശിപുമാരും സംഘവും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിയ്ക്കുന്നു. അസഹ്യമായ ഒരു തലത്തിലേയ്ക്ക്‍ ഭാരതവാസികള്‍ എത്തിയിരിയ്ക്കുന്നു. പ്രഹ്ലാദന്മാരുടെ അഭാവം നാം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. നാളെത്തെ ഭാരതത്തിനെ നയിയ്ക്കേണ്ടുന്ന യുവപ്രഹ്ലാദന്മാര്‍ പഞ്ചപുച്ഛമടക്കി ആരെയൊക്കെയോ ഭയന്ന്‍ ജീവിയ്ക്കുന്നു. ഭാരതത്തിന്റെ യജ്ഞസങ്കല്‍പ്പം സജീവമാകണം. ഓരോ വ്യക്തിയും ഓരോ പ്രഹ്ലാദന്മാരാവട്ടെ. അവരുടെ ഓരോ യജ്ഞവും ഈ ഭാരതമാതാവിനെ ദു:ഖത്തില്‍നിന്ന്‍ കരകയറ്റാനുതകുന്നതാവട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ