2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പരമാത്മാവും പരാശക്തിയും


പരോപിശക്തിരഹിത: ശക്ത്യയുക്തോ ഭവേദ്യദി
സ്ര്‌ഷ്ടിസ്ഥിതിലയാന്‍ കര്‍ത്തുമശക്ത: ശക്ത ഏവഹി

പരമാത്മാവും ശക്തിയോടുകൂടിയെങ്കില്‍ സ്ര്‌ഷ്ടിപ്പാനും രക്ഷിപ്പാനും സംഹരിപ്പാനും സമര്‍ത്ഥനായിത്തീരുന്നു., ശക്തിയോടുകൂടിയിട്ടില്ലെങ്കില്‍ മേല്പറഞ്ഞ ക്ര്‌ത്യങ്ങള്‍ക്ക്‍ കഴികയില്ല, തീര്‍ച്ചതന്നെ.

സമഷ്ടിസത്തയില്‍ പരമാത്മാവും വ്യഷ്ടിസത്തയില്‍ ആത്മാവും. വ്യഷ്ടിസത്തയില്‍ ആത്മാവിനെ ദര്‍ശിയ്ക്കാന്‍ നേത്രേന്ദ്രിയത്താല്‍ സാധ്യമല്ല. ബാഹ്യനേത്രത്തിന്‌ ഒന്നും കാണാനുള്ള കഴിവില്ല. എന്തിനെയും കാണുന്നത്‍ മനസ്സാണ്‌. കാണുന്നമാത്രയില്‍ മനസ്സ്‍ അവിടെ ഇല്ലെങ്കില്‍ ഒന്നും കാണാന്‍ സാധ്യവുമല്ല.  നേത്രത്തിനെ, നേത്രേന്ദിയത്തെ ഒരു ഉപാധിയാക്കി അതിലൂടെ മനസ്സാണ്‌ കാണുന്നത്‍. കാണുന്നതിന്‌ കണ്ണ്‍ എന്ന അവയവം ആവശ്യമില്ല. കാണാന്‍ കണ്ണ്‍ ആവശ്യമാണെങ്കില്‍ അന്ധന്‍ ഒന്നും കാണുന്നില്ലാ എന്ന്‍ പറയേണ്ടിവരും. അന്ധനും കാണുന്നുണ്ട്‌ എന്ന്‍ സുവിദിതമാണല്ലൊ. ബാഹ്യമായ നേത്രമെന്ന അവയവം ദ്ര്‌ശ്യത്തിന്റെ രൂപത്തിനെ മാത്രമേ ഉള്‍ക്കൊള്ളുന്നു, അതിന്റെ സത്തയെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ല. ബാഹ്യരൂപത്തില്‍നിന്ന്‍ അതിന്റെ സത്തയെ ഉള്‍ക്കൊള്ളുന്നത്‍ നേത്രത്തിന്റെ ദേവതയാണ്‌, ഇന്ദ്രിയമാണ്‌. ആ ഉള്‍ക്കൊണ്ട സത്തിനെ മനസ്സുകൊണ്ട്‍ സങ്കല്‍പ്പിച്ച്‍ അതിന്‌ ഭാവഹാവാദികള്‍ മനസ്സ്‍ പ്രദാനം ചെയ്യുന്നു. ഇതേ സിദ്ധാന്തംതന്നെ മറ്റ്‍ എല്ല ജ്ഞാനേന്ദ്രിയങ്ങള്‍ക്കും ബാധകമാണ്‌.  അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങളും ഈ വിധത്തില്‍ പരിമിതപ്പെട്ടിരിയ്ക്കുന്നതുകൊണ്ട്‍ അതിലൂടെ ജീവന്‍ ആര്‍ജ്ജിയ്ക്കുന്ന വര്‍ണ്ണനകളൊന്നും പൂര്‍ണ്ണമല്ല. അതിന്‌ മനസ്സാണ്‌ പൂര്‍ണ്ണത്വം കല്‍പ്പിക്കുന്നത്‍. മനസ്സ്‍ നല്‍കുന്ന പൂര്‍ണ്ണത്വം വ്യക്തിയുടെ പൂര്‍വ്വ കര്‍മ്മ വാസനകളാല്‍ അലംക്ര്‌തവുമാണ്‌. വാസനാബന്ധനായ മനസ്സിന്റെ ജഡത്വം മൂലം അത്‍ ചാര്‍ത്തിക്കൊടുക്കുന്ന പൂര്‍ണ്ണത്വം അപൂര്‍ണ്ണത്വത്തിലാവാനേ തരമുള്ളു. മനസ്സിന്റെ സങ്കല്പങ്ങള്‍ പൂര്‍ണ്ണത്വത്തെ പ്രാപിക്കുന്നത്‍ എപ്പോഴാണോ അത്‍ ബാഹ്യപ്രപഞ്ചത്തിലെ ദ്ര്‌ശ്യവിന്യാസങ്ങളില്‍ രമിയ്ക്കാതിരിക്കുന്നത്‍, അപ്പോഴേ സാധ്യമാക.

ബാഹ്യവ്യവഹാരങ്ങളില്‍ രമിയ്ക്കുന്നതിനെയാണ്‌ സ്ര്‌ഷ്ടി എന്ന്‍ പറയുന്നത്‍. സ്വ-ആത്മാവില്‍ സദാ നിരതമായിരിക്കേണ്ടുന്ന മനസ്സ്‍ ബാഹ്യവ്യവഹാരങ്ങളില്‍ വിഹരിയ്ക്കുമ്പോഴാണ്‌ സ്ര്‌ഷ്ടി ഉണ്ടാകുന്നത്‍. എല്ലാത്തിനെയും സ്ര്‌ഷ്ടിയ്ക്കുന്നത്‍ മനസ്സുതന്നെ. ബാഹ്യത്തില്‍ ചരിക്കുമ്പോള്‍ മനസ്സിന്‌ എവിടെയെങ്കിലും ഒന്നില്‍ ഒട്ടിക്കൊണ്ടേ നില്‍ക്കാന്‍ പറ്റു. ഒന്നിലും ഒട്ടാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍, അതിന്‌ ഒട്ടാന്‍ തക്കതായ ദ്ര്‌ശ്യത്തെ മനസ്സ്‍ തന്നെ സ്ര്‌ഷ്ടിച്ചിട്ട്‍ അതില്‍ നില്‍ക്കുന്നു. അവിടുന്ന്‍ വീണ്ടും പ്രയാണം തുടങ്ങും.  ഇടയ്ക്കിടയ്ക്ക്‍ ആത്മവിലേക്ക്‍തന്നെ തിരിഞ്ഞു നോക്കുകയും ചെയ്യും. ആ സമയത്ത്‍ സ്ര്‌ഷ്ടിയില്ല. പുറത്തേക്ക്‍ പോയാല്‍ സ്ര്‌ഷ്ടിയായി.

അഭിപ്രായങ്ങളൊന്നുമില്ല: