2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

സഗുണ നിര്‍ഗ്ഗുണ ഉപാസന - SAGUNA NIRGUNA UPASANA



ഉപാസന എന്ന വാക്ക്‍ കേള്‍ക്കുമ്പോള്‍തന്നെ എന്തോ ഒരു കാര്യം  ചെയ്ത്‍ എന്തോ ഒന്ന്‍ നേടിയെടുക്കാനുള്ളതാണെന്നാണ്‌ സാധാരണ മനസ്സിലേക്ക്‍ ഓടിയെത്തുന്നത്‍.  ഉപ ആസീത്‍ ഇതി ഉപാസന. ഉപ എന്ന വാക്കിന്‌ സമീപത്ത്‍, കൂടെ, ഏറ്റവും ചേര്‍ന്നത്‍, ഏറ്റവും അടുത്ത്‍, ചേര്‍ന്ന്‍, എന്നൊക്കെ അര്‍ഥം. ആസീത്‍ എന്നതിന്‌ ഇരിക്കുന്നത്‍, ഉള്ളത്‍, സ്ഥിതി(ചെയ്യുന്നത്‍) എന്നൊക്കെ അര്‍ഥം. ഏറ്റവും ചേര്‍ന്നിരിക്കുന്നത്‍ എന്ന്‍ സാമാന്യമായി അര്‍ഥം പറയാം.

ആര്‌, ചേര്‍ന്നിരിക്കുന്നു, എന്ത്‍ ചേര്‍ന്നിരിക്കുന്നു, ആരോട്‍, എന്തിനോട്‍ ചേര്‍ന്നിരിക്കുന്നു എന്ന്‍ അതില്‍നിന്നുള്ള സംശയം. 

ജീവാത്മാവ്‍ പരമാത്മാവിനോട്‌ ഏറ്റവുമടുത്ത്‍ ചേര്‍ന്നിരിക്കുക എന്ന്‍ ഉപാസന എന്ന വാക്കിനര്‍ഥം വരുന്നു. 

അപ്പൊ ഇങ്ങനെ രണ്ടെണ്ണം ഉണ്ടോ എന്ന്‍ സംശയം വരാം. അതിനുള്ള ഉത്തരം വ്യവഹാരതലത്തില്‍ ഉണ്ട്‍ എന്നും പാരമാര്‍ത്ഥിക തലത്തില്‍ ഇല്ലാ എന്നും ഉത്തരം. അതായത്‍ വ്യാവഹാരിക തലത്തില്‍ ആത്മാവ്‍ എന്ന ഒന്ന്‍ ഉണ്ട്‍ എന്ന്‍ മനസ്സിലാക്കി, ആ ആത്മാവിനെ അറിയുമ്പോള്‍ ആത്മാവെന്നും പരമാത്മാവെന്നും രണ്ടില്ല, ഒന്നേയുള്ളു എന്ന്‍ മനസ്സിലാകുന്നു. ആത്മാവ്‍ എന്നത്‍ പരമാത്മാവിന്റെ അംശംതന്നെ എന്ന്‍ വ്യാവഹാരിക തലത്തില്‍ തോന്നുന്നത്‍ അജ്ഞാനത്താല്‍ ആവരണം ചെയ്കകൊണ്ടാണ്‌. അതിനുള്ള ഉദാഹരണമായി പറയുന്നതാണ്‌ മണ്ണുകൊണ്ടുള്ള ഘടം, ഘടമായിത്തന്നെ ഇരിക്കുമ്പോള്‍ അതിനുള്ളിലും ആകാശമുണ്ട്‍, ആ ഘടം പൊട്ടിയാല്‍ അതിനുള്ളിലുള്ള ആകാശം എവിടെപോകുന്നു. അത്‍ എവിടെയും പോകുന്നില്ല, അത്‍ അവിടെത്തന്നെ ഉണ്ട്‍, മഹാകാശമായിത്തന്നെ നില്‍ക്കുന്നു. ഘടത്തിനുള്ളിലാകുമ്പോഴും ഘടം പൊട്ടിയതിനുശേഷവും ആതിലെ ആകാശത്തിന്‌ ഒന്നും സംഭവിക്കുന്നില്ലാത്തതുപോലെ അത്‍ രണ്ടും ഒന്നുതന്നെയാണെന്ന്‍ അറിയുന്നു. അതുപോലെ വ്യാവഹാരികതലത്തില്‍ ആത്മാവെന്നത്‍ പ്രത്യേകം നിലനില്‍ക്കുന്നതുപോലെ തോന്നുന്നു, അജ്ഞാനത്താല്‍. സമുദ്രത്തിലെ കുമിള പൊട്ടിയാല്‍ അത്‍ എവിടെ നിലനില്‍ക്കുന്നുവോ അതുപോലെ എന്നും പറയാം. കുമിളയും ജലവും വേറെ വേറെ വ്യാവഹാരികതലത്തില്‍ കാണപ്പെടുന്നുവെങ്കിലും അത്‍ രണ്ടല്ല ഒന്നുതന്നെ.

സഗുണോപാസന എന്ന്‍ പറയുന്നത്‍ ബ്രഹ്മത്തിന്‌ എന്തെങ്കിലും ഒരു പേരും ഒരു രൂപവും സങ്കല്‍പിച്ച്‍, അതിനെ എന്തെങ്കിലും ഒരു ദ്രവ്യത്തില്‍ ആ രൂപമുണ്ടാക്കി, ദ്രവ്യങ്ങളെക്കൊണ്ട്‍ അര്‍ച്ചനാരാധനാദികളും മന്ത്രങ്ങളാലും ജലപുഷ്പദീപധൂപങ്ങളാലുമൊക്കെ അര്‍ച്ചിച്ച്‍ നമസ്കാരം വന്ദനം പ്രദക്ഷിണം ഇത്യാദികളാല്‍ പ്രീതിപ്പെടുത്തുന്ന ഒരു രീതി.  രണ്ട്‍ അതേ രൂപത്തിനെ മനസ്സില്‍ ധ്യാനിച്ച്‍ അവിടെത്തന്നെ മനസ്സുകൊണ്ട്‍ പൂജിക്കുന്ന രീതി. മൂന്ന്‍ അതേ രൂപത്തെ അതേ നാമത്താല്‍, അതേ മന്ത്രത്താല്‍ പൂജ അര്‍ച്ചനാദികളൊന്നുമില്ലാതെ ധ്യാനിക്കുന്ന രീതി. ഇത്‍ മൂന്നും സഗുണോപാസന. അതില്‍ അവസാനത്തേത്‍ ഉത്തമം.

നിര്‍ഗ്ഗുണോപാസനയില്‍ രൂപമോ നാമമോ ഒന്നുമില്ല. ഈ ശരീരസംഘാതത്തില്‍ ആവാസിയ്ക്കുന്ന ചൈതന്യത്തെ, ഞാന്‍ ഞാന്‍ എന്ന്‍ സ്പൂരിക്കുന്ന ആ തത്ത്വത്തെ ശരീരത്തിനകത്തുതന്നെ കണ്ടെത്തുക. അത്‍ അന്തര്യാമിയായി വിളങ്ങുന്നു എന്ന്‍ കണ്ടെത്തുന്നതിനെ നിര്‍ഗ്ഗുണോപാസന എന്ന്‍ പറയാം.

സഗുണോപാസനയിലൂടെ മുന്നോട്ടുനീങ്ങിയാല്‍, ഇതൊക്കെ വ്യര്‍ത്ഥമാണെന്ന തിരിച്ചറിവിലേക്ക്‍ എത്തും. അപ്പോള്‍ അതിനപ്പുറം എന്തുണ്ടെന്ന്‍ ചിന്തിക്കുമ്പോള്‍ നിര്‍ഗ്ഗുണോപാസന തുടങ്ങും. നിര്‍ഗ്ഗുണോപാസനയിലൂടെ മുന്നോട്ടുനീങ്ങിയാല്‍ ഒരിടത്ത്‍ ചെന്ന്‍ വഴിമുട്ടും. അപ്പോള്‍ ഒരു ആചാര്യന്റെ അഭാവം അനുഭവപ്പെടും. തീവ്രേച്ഛയാല്‍ ആചാര്യനെ കണ്ടെത്തും. 

അവിടെവെച്ച്‍ ആചാര്യന്‍ പറയും, 

ഇവിടെയെല്ലാം എന്തെല്ലാമോ ചെയ്യാനുണ്ടെന്ന ഒരു തോന്നല്‍ മനുഷ്യനുണ്ടാകുന്നു. ആ തോന്നലാണ്‌ അവനെ സങ്കടപ്പെടുത്തുന്നത്‍. വാസ്തവത്തില്‍ ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലാണ്‌  ഉപാസനയുടെ വിജയം.  

അഭിപ്രായങ്ങളൊന്നുമില്ല: