2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

എങ്ങിനെ ജ്ഞാനം കൈവരിയ്ക്കാം



മരിക്കുന്നതിനു മുമ്പ്‍ ജ്ഞാനംകൊണ്ട്‍ ദേഹത്തിനെ ദഹിപ്പിക്കണം, ദേഹത്തിനെ നീക്കണം. നീക്കിയിട്ടില്ലെങ്കില്‍ മരണംകൊണ്ട്‍ ദേഹം നീങ്ങിപ്പോകില്ല. വേറെ ദേഹധാരണം ചെയ്യേണ്ടിവരുമെന്ന്‍ അര്‍ഥം. (അസ്പര്‍ശയോഗം എന്ന്‍ പറയും) അതുകൊണ്ട്‍ ഈ ദേഹം നശിയ്ക്കുന്നതിനുമുമ്പുതന്നെ - നാഽഹം ദേഹം - ഈ ദേഹം ഞാനല്ല, എന്ന്‍ ദ്ര്‌ഢമായി ഉറയ്ക്കണം. ജഗദീശ്വരമാഹാത്മ്യത്തെ ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍, അത്‍ ഉറയ്ക്കും. മനസ്സില്‍ തോന്നിയത്‍ ബുദ്ധിയില്‍ ഉറയ്ക്കണം. ഇരുപതോ ഇരുപത്തിരണ്ടോ വര്‍ഷം അച്ഛന്റെയും അമ്മയുടെയും അനുജന്റെയുമൊക്കെ കൂടെ ജീവിച്ച്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി, അവളുടെ വിവാഹശേഷം ദൂരെ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക്‍ പോകുന്നു. തിരിച്ച്‍ വീട്ടിലേയ്ക്ക്‍ വരുമ്പോള്‍ ഒന്നോ രണ്ടോ ദിവസം താമസിയ്ക്കും. ഇരുപത്തിരണ്ട്‍ വര്‍ഷം താമസിച്ചിട്ടും ആ വീട്ടില്‍ അവള്‍ക്ക്‍ താമസിയ്ക്കാന്‍ പറ്റുന്നില്ല. അയ്യോ, പറ്റില്ല, വേഗം പോണം എന്ന്‍ എപ്പോഴും മനസ്സില്‍ ഉണ്ടാവും. കാരണം ഭര്‍ത്താവിന്റെ വീടാണ്‌ തന്റെ വീട്‍ എന്ന്‍ അവളുടെ ബുദ്ധിയില്‍ ഉറച്ചുകഴിഞ്ഞിരിക്കുന്നു. ഇരുപതോ ഇരുപത്തിരണ്ടോ വര്‍ഷം, അതും, ഇന്നലെവരെ ഏതൊരു വീട്ടിലായിരുന്നുവോ അത് തന്റേതല്ലെന്നും, തന്റെ വീട്‍ അങ്ങ്‍ ദൂരത്തുള്ള മറ്റേതാണെന്നും ബുദ്ധിയില്‍ ഉറപ്പിച്ചുകഴിഞ്ഞു. മനസ്സില്‍ തോന്നിയാല്‍ മാത്രം പോരാ, അതിനെ തീവ്ര ഇച്ഛയോടെ ബുദ്ധിയില്‍ ഉറപ്പിയ്ക്കണം.

ജ്ഞാനം ആര്‍ജ്ജിയ്ക്കാനുള്ള തീവ്ര ഇച്ഛ ഉണ്ടാവുക എന്നതാണ്‌ പ്രധാനം. ജ്ഞാനേന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ സദാ രമിക്കുന്നു. അതിന്‌ പരിമിതി കല്പിയ്ക്കുകതന്നെവേണം. മനസ്സിനെ വിഷയങ്ങളിലേയ്ക്ക്‍ തള്ളിയിടുന്ന യാതൊന്നും കാണില്ല, അത്തരത്തിലുള്ളതൊന്നും സ്പര്‍ശിക്കില്ല, ആഹാരമാക്കില്ല, ഇത്യാദി ദ്ര്‌ഢമായ പ്രതിജ്ഞതന്നെ എടുക്കണം. വിഷയങ്ങളില്‍ രമിയ്ക്കുന്നു എന്ന്‍ പറഞ്ഞാല്‍ എന്റെ ഓരോ ഇന്ദ്രിയവും, കണ്ണ്‍ മൂക്ക്‍ ചെവി നാവ്‌ ത്വക്ക്‍ ഇത്യാദികളും മനസ്സും (മനസ്സ്‍ എന്ന്‍ പറയുമ്പോള്‍ മനസ്സിന്റെ നാല്‌ ഭാഗങ്ങളും - മനസ്സ്‍ ബുദ്ദി ചിത്തം അഹങ്കാരം) എല്ലാമെന്ന്‍ അറിയണം. ഏതെങ്കിലും ഒരു ബാഹ്യശക്തിയെ ബോധിപ്പിയ്ക്കാനോ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ വേണ്ടിയല്ല, തനിയ്ക്കുതന്നെ വേണ്ടിയിട്ടാണ്‌ എന്ന്‍ ബോധ്യപ്പെടുകതന്നെ വേണം.  ആദ്യമാദ്യം ദിവസേന രാവിലെ ഒരു ഇരുപത്‍ മിനുട്ടെങ്കിലും നാമജപം ചെയ്യുക.  മെല്ലെമെല്ലെ സമയം നീട്ടിക്കൊണ്ടു പോവുക. ആറ്‍ മാസംകൊണ്ട്‍ രാവിലെ മുപ്പത്‍ മിനിട്ടെങ്കിലും നാമജപം ചെയ്യാന്‍ കഴിയണം. ഈശ്വരനുമായി സംസാരിക്കുക. കുറെ ദു:ഖങ്ങളും ആവശ്യങ്ങളും പറയുകയല്ല, മറിച്ച്‍ ഇവിടെ നീ അല്ലാതെ എന്താണുള്ളത്‍, എല്ലാം നീതന്നെയാണ്‌, എല്ലാം നിന്റെതാണ്‌, ഈ ശരീരവും എന്റെതല്ല, അതും നിന്റെതാണ്‌, എല്ലാം നിന്റെ രൂപഭേദങ്ങള്‍ മാത്രം, എല്ലാ പേരുകളും നിന്റെതന്നെ എന്നൊക്കെ ആ ശക്തിയോട്‍ ചൊല്ലിപ്പറയുക. നീ എത്ര ക്ര്‌പാലുവാണ്‌, ഞാന്‍ എന്തെല്ലാം വേണ്ടാത്തരങ്ങളാണ്‌ ഓരോ ദിവസവും ചെയ്യുന്നത്‍, എന്തെല്ലാം വേണ്ടാത്തരങ്ങളാണ്‌ ഞാന്‍ ചിന്തിയ്ക്കുന്നത്‍, മനസ്സുകൊണ്ട്‍ സങ്കല്‍പ്പിയ്ക്കുന്നത്‍, എന്തെല്ലാം പാപങ്ങളാണ്‌ ഞാന്‍ ചെയ്യുന്നത്‍,  ഹേ ജഗദീശ്വരാ, എന്നിട്ടും നീ എന്നെ ശിക്ഷിയ്ക്കുന്നില്ലല്ലൊ, മാത്രമല്ല, ഞാന്‍ ചോദിച്ചതും ചോദിയ്ക്കാത്തതും ആഗ്രഹിച്ചതും ആഗ്രഹിയ്ക്കാത്തതും ഒക്കെ നീ എനിയ്ക്ക്‍ തരുന്നുവല്ലൊ, നിന്റെ ക്ര്‌പ അപാരംതന്നെ. രാവും പകലും ഒരുപോലെ നിന്റെ സ്മരണ എന്നില്‍ ഉണ്ടാവാന്‍, നിന്റെ നാമം എപ്പോഴും നാവിന്‍തുമ്പത്ത്‍ വരാന്‍, എന്നില്‍ കനിവുണ്ടാവണേ, അനുഗ്രഹിയ്ക്കണേ. ഞാന്‍ നിന്നെ മറക്കുന്ന സമയത്ത്‍, നിന്റെ നാമം ചൊല്ലാത്ത സമയത്ത്‍, എന്നെ തീര്‍ച്ചയായും നീ ഓര്‍മ്മപ്പെടുത്തണേ എന്നൊക്കെ ഭാവനയോടുകൂടി പറയുക.

സുഖവും ദു:ഖവും രണ്ട്‍ വൈരുധ്യങ്ങളല്ല. രണ്ടും ആനന്ദപ്രദായകങ്ങളാക്കി മാറ്റിയെടുക്കാനുള്ള സാമര്‍ത്ഥ്യമാണ്‌ വേണ്ടത്‍. ബോധപൂര്‍വ്വകം സുഖത്തെയും ആനന്ദത്തെയും നോക്കിക്കാണാനുള്ള കഴിവാണ്‌ വേണ്ടത്‍. എനിയ്ക്ക്‍ അജ്ഞാതമായ, എന്നില്‍ നിന്നും അന്യമായ, വൈകുണ്ഠത്തിലോ കൈലാസത്തിലോ ഒക്കെയാണെന്ന്‍ ഞാന്‍ സങ്കല്പിയ്ക്കുന്ന, എന്നേക്കാള്‍ ശക്തനായ ഒരു ശക്തിയെ, ദു:ഖം വരുമ്പോള്‍ മാത്രം വിളിച്ചു കറയുക എന്നത്‍ എത്ര നീചവും നിക്ര്‌ഷ്ടവുമാണ്‌ എന്ന്‍ സ്വയം ബോധ്യംവരുക. സുഖത്തിന്റെ നാളുകളില്‍, ഈശ്വരനെ ഓര്‍ക്കാതിരിക്കുകയും, ഈ സുഖത്തിന്‌ കാരണമായിട്ടുള്ളത്‍ മുഴുവനും എന്റെ പരിശ്രമമാണെന്ന്‍ അഹങ്കരിയ്ക്കാതിരിക്കുകയും ചെയ്യുക. ജീവാത്മാവിന്റെ ഏതൊരു പരിശ്രമവും തുലോം തുച്ഛമാണ്‌ എന്ന്‍ തിരിച്ചറിയുക. അതിനുപിന്നില്‍ ഈശ്വര ഇച്ഛയാണ്‌ നടന്നത്‍ എന്ന്‍ ഓര്‍ക്കുക, ആ ബ്രഹ്മത്തിനായിക്കൊണ്ട്‌ നമസ്കരിക്കുക, അതിനെ സ്തുതിക്കുക, ക്ര്‌തജ്ഞത ഉള്ളവനായിരിക്കുക. ഈശ്വരാനുഗ്രഹംകൊണ്ടുമാത്രമേ ഇത്‍ കരഗതമാവൂ. ഈശ്വരാനുഗ്രഹത്തിനാണെങ്കിലോ, ഈശ്വരന്റെ സര്‍വ്വവ്യാപിത്വവും സര്‍വ്വശക്തിത്ത്വവും അറിയണം. പ്രപഞ്ചത്തിലെ സകലതും അത്ഭുതങ്ങള്‍ ഉളവാക്കുന്നതാണ്‌. എത്രയോ ചെറിയ ഒരു പ്രാണി, ഒരു പാറ്റ, ഉറുമ്പ്‍, എത്രയോ ചെറിയ ഒരു മണല്‍ത്തരി, ഒരു ചെടി, ഒരു വ്ര്‌ഷം, ഒരു ജീവി, ജലം വായു അഗ്നി ഇടി മഴ ഈ ഭൂമി, കുളം വലിയ ജലാശയം പുഴകള്‍ സമുദ്രം കുന്ന്‍ മല പര്‍വ്വതം ഇങ്ങനെ ഓരോന്നും, ഇതൊന്നും മനുഷ്യനെക്കൊണ്ട്‍ നിര്‍മ്മിയ്ക്കാന്‍ പറ്റില്ല. ഇതൊന്ന്‍ ചിന്തിച്ചുനോക്കുക. പത്തോ അമ്പതോ നിലകളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ച്‍ അതിനെ ഗിന്നസ്സ്‍ പുസ്തകത്തില്‍ പെടുത്തി വീമ്പിളക്കുന്ന മനുഷ്യന്റെ അഹങ്കാരം എത്രയാണ്‌.  ഈ പ്രപഞ്ചവും സൂര്യചന്ദ്രതാരകങ്ങളെയുമെല്ലാം ഉണ്ടാക്കിയിട്ടും ആ ഉണ്ടാക്കിയവനെ ഒരിടത്തും കാണാന്‍പോലുമില്ല. ആ ശക്തിയ്ക്ക്‍ ആരുടെയും അംഗീകാരമോ ഒരു പ്രമാണപത്രമോ certificate ആവശ്യമില്ല. എന്നാല്‍ ഒരു വീട്‍ വെച്ചിട്ട്‍ അത്‍ ഞാനാണ്‌ വെച്ചത്‍ എന്ന്‍ അഹങ്കരിക്കുന്ന മനുഷ്യന്‍ എത്ര നിസ്സാരനാണ്‌, അവന്റെ അറിവില്ലായ്മ എത്ര മടങ്ങുണ്ട്‍ എന്ന്‍ ചിന്തിയ്ക്കുക.  ഒരു ചെടിയില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടോ അതൊക്കെ എന്റെ മുന്നില്‍ വെച്ചു തന്നാല്‍ എനിയ്ക്ക്‍ ഒരു ചെടിയെ ഉണ്ടാക്കാന്‍ പറ്റുമോ, ഒരിയ്ക്കലുമില്ല. അതേപോലെ ഒരു പ്രാണിയെ ഉണ്ടാക്കാന്‍ പറ്റുമോ, ഇല്ല. എല്ലാംകൊണ്ടും വീമ്പിളക്കുന്ന ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ മാനവ സമൂഹത്തിന്‌ വെറും വിദ്വേഷവും അഹങ്കാരവും മാത്രമല്ലേ നേടാന്‍ സാധിച്ചിട്ടുള്ളു എന്ന്‍ ചിന്തിയ്ക്കുക.     അങ്ങിനെ ഈശ്വര സ്ര്‌ഷ്ടിയിലെ ഓരോന്നും.  ഇങ്ങനെ ഈശ്വരന്റെ സര്‍വ്വശക്തിത്വത്തിനെ അറിയുക.

ഒരുപക്ഷെ വാസനാഫലം കൊണ്ട്‍ വീണ്ടും ഒരു ജന്മമെടുക്കേണ്ടി വന്നാലും ഈ ജന്മത്തില്‍ത്തന്നെ ദേഹം ഞാനല്ല, എന്റേതല്ല, എനിക്കുവേണ്ടിയല്ല എന്ന ബോധത്തില്‍ മരിച്ചുപോയാലും  ഈ സ്മ്ര്‌തി അടുത്ത ദേഹത്തിലിരിക്കുമ്പോഴും ഉണ്ടാകും. ആ അടുത്ത ദേഹത്തിലെങ്കിലും മുക്താവസ്ഥ കരഗതമാകും.

മുക്താവസ്ഥയിലെത്തിയവന്‌ ശരീരം അനന്തതയിലേക്ക്‍ പ്രവേശിക്കാനുള്ള ഒരു കവാടം മത്രമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: