കാലാകാലങ്ങളില്‍ മഹത്മാക്കള്‍ ഭാരതമണ്ണില്‍ ജനിയ്ക്കുന്നു. ഈ ഭൂമാവ് അത്യന്തം ശ്രേഷ്ഠമാണെന്ന് പലയിടത്തും വിളിച്ചോതുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു, ക്ര്‌ഷ്ണഭക്തയായ മീരയുടെ ജനനം. മീരയുടെ ജനനത്തെകുറിച്ചും, ജീവിതത്തെകുറിച്ചും പല ചിന്തകരും പല വിധേന പറഞ്ഞിട്ടുണ്ട്‍. മീരയെകുറിച്ച്‍ കേള്‍ക്കാത്തവര്‍ ഭാരതത്തില്‍ ഉണ്ടോ എന്ന്‍ സംശയമാണ്. ഈ എഴുത്തിലൂടെ മീരയെ വായനക്കാര്‍ക്ക്‍ കുറച്ചുകൂടി അടുത്തറിയാന്‍ ഉപകരിയ്ക്കുമെന്ന പ്രതീക്ഷയോടെ.
രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ കുര്‍ക്കി ഗ്രാമത്തില്‍ 1494ല്‍ രാഥോഡ് രാജവംശത്തിലെ രത്തന്‍ സിംങിന് ഒരു പുത്രി ജനിച്ചു. അവള്‍ക്ക്‍ മീര എന്ന പേര്. ഈ ഗ്രാമം ഇപ്പോള്‍ പാലി ജില്ലയിലാണ്. മീരയ്ക്ക്‍ ഏതാണ്ട്‍ അഞ്ച്‍ വയസ്സ്‍ പ്രായം. ഒരു ദിവസം ഒരു സാധു സംന്യാസി മീരയുടെ വീട്ടില്‍ വന്നു. മീരയുടെ മാതാവ് അദ്ദേഹത്തെ താണുതൊഴുതുകൊണ്ട്‍ പറഞ്ഞു, അങ്ങയുടെ ആഗമനത്താല്‍ ഞങ്ങളുടെ വീടും നഗരവും ധന്യമായി. സന്ധ്യാസമയത്തോടടുത്തതുകൊണ്ട്, സന്യാസി അന്ന്‍ അവിടെ തങ്ങാന്‍ തീരുമാനിച്ചു. സ്നാനാദികളെല്ലാം കഴിഞ്ഞ്‍ സന്ധ്യാ വന്ദനത്തിനായി, തന്റെ സഞ്ചിയില്‍ നിന്ന്‍ ഒരു ശ്രീക്ര്‌ഷ്ണ പ്രതിമ പുറത്തെടുത്ത് അതിന്മേല്‍ അര്‍ച്ചന ചെയ്തു. ഭംഗിയായി ക്ര്‌ഷ്ണ കീര്‍ത്തനങ്ങള്‍ ഉരുവിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന മീരയ്ക്ക്‍ ക്ര്‌ഷ്ണന്റെ ആ മൂര്‌ത്തിയില്‍ പ്രതിപത്തി തോന്നി. തന്റെ പൂര്‍വ്വ ജന്മ സ്മരണകള്‍ ഉണര്‍ന്നതുപോലെ എന്നവണ്ണം ആ കുരുന്നു ഹ്ര്‌ദയം ആ മൂര്‍ത്തിയ്ക്കായി കേണു, അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു, ഹാ, ആ മൂര്‍ത്തി എന്റേതാണ്, ആ മൂര്‍ത്തി എന്റേതാണ്. അവള്‍ ഉറക്കെ പറഞ്ഞു, ആ മൂര്‍ത്തി എന്റേതാണ്. ശബ്ദം കേട്ട്‍ ഓടി വന്ന അമ്മ, രണ്ടു നയനങ്ങളില്‍നിന്നും ധാരധാരയായി അശ്രു ഒഴുകുന്ന മീരയെയാണ് കണ്ടത്. സംന്യാസി അദ്ദേഹത്തിന്റെ ധ്യാനത്തില്‍ മുഴുകിയിരിയ്ക്കുന്നതായും കണ്ടു. കരയുന്ന മീരയോടായി അമ്മ പറഞ്ഞു, മീരാ, ആ മൂര്‍ത്തി ആ സംന്യാസിയുടേതാണ്, ആ സാധുവിന്റേതാണ്, നിന്റെയല്ല. അത് എടുക്കാന്‍ പാടില്ല. അത്‍ തോടാന്‍ പാടില്ല. അതിനായിക്കൊണ്ട് വാശിപിടിയ്ക്കരുത്, സംന്യാസിയ്ക്ക്‍ അത്‍ ഇഷ്ടപ്പെടില്ല. മീര ഒന്നും കേള്‍ക്കുന്നില്ലായിരുന്നു. നാവിലും ചുണ്ടിലും ഒരേ നാമം, ആ മൂര്‍ത്തി എന്റേതാണ്, അതെനിയ്ക്കുവേണം.
അമ്മ പുത്രിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചത് മുഴുവനും ചേമ്പിന്റെ ഇലയിലൊഴിച്ച വെള്ളം പോലെയായി. ആ നിമിഷം മുതല്‍ മീര മറ്റൊന്നും ചെയ്യാതായി. കളിയില്ല, കുളിയില്ല, കഴിയ്ക്കില്ല, ഒന്ന്‍ മാത്രം, അത് എന്റെ ക്ര്‌ഷ്ണനാണ്, എന്റെ ഗോപാലനാണ്, അതെന്റേതാണ്, അതെനിയ്ക്ക്‍ വേണം. അച്ഛനും അമ്മയും മകളെ പറഞ്ഞ്‍ ധരിപ്പിക്കാന്‍ ശ്രമിച്ചതെല്ലാം വ്ര്‌ഥാവിലായി. എന്റെ മോള് എന്തെങ്കിലും കഴിയ്ക്ക്‍, ബാക്കിയെല്ലാം ശരിയാവും. മീരയ്ക്ക്‍ ഒന്നിനോടും താല്‍പര്യമില്ലായിരുന്നു. അവളുടെ മനസ്സില്‍ ആ മൂര്‍ത്തി സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ശ്രീക്ര്‌ഷ്ണ ഭക്തി ബാധിച്ചാല്‍ പിന്നെ എന്ത്‍ ഭക്ഷണം. ബാഹ്യ വിഷയങ്ങളെല്ലാം പിന്നെ വിഷമായി തീരുന്നു. മറ്റുള്ളവരുടെ ഓരോ വാക്കും അവള്‍ക്ക്‍ വിഷമായി തോന്നാന്‍ തുടങ്ങി. ശ്രീക്ര്‌ഷ്ണാവതാര സമയത്തെ, തന്റെ ഗോപികമാരില്‍ ഒരാളുടെ പുനര്‍ജ്ജന്മമായിട്ടാണ് മീര വന്നിരിയ്ക്കുന്നത് എന്ന്‍ പാവം ആ അച്ഛനും അമ്മയ്ക്കും മനസ്സിലാക്കാന്‍ പറ്റിയില്ല. സമൂഹത്തിനും അത് പിടികിട്ടിയില്ല.
ഒരു ദിവസം അവിടെ തങ്ങിയതിനുശേഷം, പിറ്റേന്ന്‍ രാവിലെ സംന്യാസി അദ്ദേഹത്തിന്റെ വഴിക്ക്‍ പോയി. പക്ഷേ ആ ക്ര്‌ഷ്ണവിഗ്രഹത്തിനായി മീര ദാഹിച്ചു. ഒന്നും ചെയ്യാതെ വീട്ടില്‍ ക്ര്‌ഷ്ണധ്യാനത്തില്‍ നിരതയായി.
പകല്‍ മുഴുവനും നടന്ന്‍ ഭിക്ഷയെടുത്ത സംന്യാസി, വൈകുന്നേരത്തോടെ ഏതോ സ്ഥലത്തെത്തി, അവിടെ അന്തിയുറങ്ങി. ലോകം മുഴുവനും കുടുംബമായി കാണുന്നവന് എന്ത്‍ സ്ഥലം, എന്ത് ഗ്ര്‌ഹം. കാണുന്നതെല്ലാം ഒന്നുകില്‍ തന്റേത്, അല്ലെങ്കില്‍ എല്ലാം ഭഗവാന്റെ. ദ്വാരകാനാഥനായ ശ്രീക്ര്‌ഷ്ണനെ ധ്യാനിച്ച്‍ സംന്യാസി സുഷുപ്തിയിലേയ്ക്ക്‍ നീങ്ങി. സാക്ഷാല്‍ ദ്വാരകാധീശന്‍ ശ്രീക്ര്‌ഷ്ണന്‍ സ്വപ്നത്തില്‍ സംന്യാസിയുടെ അരികില്‍ പ്രത്യക്ഷമായി. ഭഗവാന്‍ പറഞ്ഞു, അല്ലയോ പ്രിയ സാധൂ, നിന്റെ കൈവശം ഇരിയ്ക്കുന്ന ആ മൂര്‍ത്തി വാസ്തവത്തില്‍ നിന്റേതല്ല. അത് ആ കുട്ടിയുടേതാണ്. ആ മൂര്‍ത്തിയെ സംരക്ഷിയ്ക്കാനായിട്ടാണ് നിന്റെ കയ്യില്‍ ഞാനത് ഏല്‍പ്പിച്ചത്. തിരിച്ചുപോയി ആ കുട്ടിയ്ക്ക്‍ മൂര്‍ത്തി കൊടുക്കൂ... ഭഗവാന്‍ അപ്രത്യക്ഷമായി. സംന്യാസി ആ സ്വപ്നം അത്ര കാര്യമാക്കിയില്ല. അതൊരു സ്വപ്നമല്ലെ, അങ്ങിനെ എന്തെല്ലാം സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ജാഗ്രത്തില്‍ പ്രത്യക്ഷമായി അനുഭവപ്പെടുന്ന ഈ ജഗത്ത്‍തന്നെ സന്യാസിക്ക്‍ മിഥ്യയാണ്. എന്നിട്ടാണോ സ്വപ്നത്തിന്റെ കാര്യം. സ്വപ്നത്തിലെ അനുഭവങ്ങളും ജാഗ്രത്തിലെ അനുഭവങ്ങളും തമ്മില്‍ ഒരു ഭേദവുമില്ലല്ലൊ. രണ്ടും ഒന്നുതന്നെയാണ്. ജാഗ്രത്തില്‍ ഞാന്‍ അറിഞ്ഞുകൊണ്ട്‍ ദ്ര്‌ശ്യങ്ങളെ കാണുന്നു, സ്വപ്നത്തില്‍ മനസ്സുതന്നെ അതിന്റെ സ്വശക്തികൊണ്ട്‍ ജാഗ്രത്‍സമാനമായ മറ്റൊരു ജഗത്തിനെ സ്ര്‌ഷ്ടിക്കുന്നു. അപ്പോള്‍ രണ്ടും ഒന്നുതന്നെ, രണ്ടും മിഥ്യതന്നെ എന്ന്‍ വിചാരിച്ച്‍ ആശ്വസിച്ചു. അടുത്ത ദിവസവും പകല്‍മുഴുവനും ഭിക്ഷാടനവും തീര്‍ഥാടനവും എല്ലാം കഴിഞ്ഞ്‍ എവിടെയോ എത്തി. അന്നുരാത്രി അവിടെ തങ്ങി. പിറ്റേ ദിവസവും ഉറക്കത്തില്‍ അതേ സ്വപ്നം വീണ്ടും കണ്ടു. സംന്യാസി ആകെ പരിഭ്രാന്തിയിലായി. എന്നിട്ടും വിശ്വാസം വന്നില്ല. ദ്വാരകാധീശനെ മനസാ ധ്യാനിച്ചുകൊണ്ട്‍ ഉറങ്ങി. മൂന്നാമത്തെ ദിവസം വീണ്ടും അതേ സ്വപ്നം. മൂര്‍ത്തി ആ പെണ്‍കുട്ടിയ്ക്ക്‍ കൊണ്ടുകൊടുക്കൂ, സാധൂ. അത് അവളുടേതാണ്.
മൂന്നുദിവസം കഴിഞ്ഞു, സംന്യാസി തിരിച്ച്‍ കുര്‍ക്കിയില്‍ മീരയുടെ വീട്ടിലെത്തി. മൂര്‍ത്തി ഉമ്മറത്ത്‍ ഒരു പലകപ്പുറത്ത്‍ വെച്ചു. എന്നിട്ട്‍ പറഞ്ഞു, ഇത് ഈ കുട്ടിയുടേതാണ്. മീരയുടെ അമ്മയും അച്ഛനും സാധുവിന്റെ കാല്‍ക്കല്‍ വീണ് മാപ്പ്‍ ചോദിച്ചു, അങ്ങേയ്ക്ക്‍ കഷ്ടപ്പാടുണ്ടാക്കിയതില്‍ ക്ഷമിയ്ക്കണം. അങ്ങ് ക്ര്‌പാലുവാണ്. ഇവളെക്കൊണ്ട് ഞങ്ങള്‍ എന്തുചെയ്യണമെന്ന്‍ അറിയാതെ വിഷമിയ്ക്കുകയായിരുന്നു. ഒന്നും കഴിയ്ക്കുന്നില്ല, ഒന്നും ചെയ്യുന്നില്ല, ആകെ ഒരു മ്ലാനത മാത്രം. അങ്ങേയ്ക്ക്‍ ഏതു വിധത്തിലാണ് നന്ദി രേഖപ്പെടുത്തേണ്ടത്‍ എന്ന്‍ അറിയുന്നില്ല. സംന്യാസി തന്റെ ക്ര്‌പാദ്ര്‌ഷ്ടി മീരയില്‍ ചൊരിഞ്ഞു, മീരയെ അനുഗ്രഹിച്ച്‍ അദ്ദേഹത്തിന്റെ വഴിയ്ക്ക് പോയി. ഏതോ പൂര്‍വ്വനിശ്ചിതമായ പ്രാരബ്ധകാരണത്താല്‍, പൂര്‍വ്വജന്മാര്‍ജ്ജിതമായ പുണ്യബലത്താല്‍, ആ സന്യാസിയുടെ ക്ര്‌പാദ്ര്‌ഷ്ടിക്ക്‍ മീര പാത്രമായി. മീര അദ്ദേഹത്തിനെ തന്റെ ആത്മീയഗുരുവായി കണ്ടിരിക്കാം. ആ വിഗ്രഹം കയ്യില്‍ കിട്ടിയതോടെ മീരയുടെ സന്തോഷത്തിന്റെ എല്ലാ അതിര്‍വരമ്പുകളും പൊട്ടി, അവള്‍ ആനന്ദത്താല്‍ ന്ര്‌ത്തം ചെയ്യാന്‍ തുടങ്ങി. കാലില്‍ ധരിച്ചിട്ടുള്ള പാദസ്സരത്തിന് കൂട്ടായി ഒരു ചിലങ്കയും കെട്ടി, അന്ന്‍ തുടങ്ങിയ ആ ന്ര്‌ത്തം മീരയുടെ അന്ത്യം വരെ നിലച്ചിട്ടില്ല. അന്ന്‍ തന്റെ നാവിന്‍തുമ്പത്ത്‍ പിറന്നുവീണ ശബ്ദം - മേരാ തൊ ഗിരിധര് ഗോപാല്‍, ദൂസരോ ന കോയീ - ഗിരിധരനായ ഗോപാല്‍ മാത്രമാണ് എന്റേത്‍, വേറെ ആരുമല്ല എന്ന ഗാനം അവള്‍ അന്ന്‍ പാടിത്തുടങ്ങിയതാണ്. പിന്നെ നടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ആ മൂര്‍ത്തിയും കൂടെ ഉണ്ടാവും. കുളിയ്ക്കുന്നതിനു മുമ്പായി ആദ്യം ശ്രീക്ര്‌ഷ്ണനെ കുളിപ്പിയ്ക്കും. പിന്നീട്‍ അവളും കുളിയ്ക്കും. ഭക്ഷണം കഴിയ്ക്കുന്നതിനു മുമ്പായി മൂര്‍ത്തിയ്ക്ക്‍ ആദ്യം ബ്രഹ്മാര്‍പ്പണം ചെയ്യും. പിന്നെ മീര കഴിയ്ക്കും. ആദ്യം കണ്ണനെ ഉറക്കും, പിന്നീട്‍ കണ്ണനെ കെട്ടിപ്പിടിച്ച്‍ സ്വയം ഉറങ്ങും. ശരീരത്തിലെ ഓരോ ഞെരമ്പിലും കണ്ണന്‍, ഓരോ കോശത്തിലും കണ്ണന്‍, ഓരോ രോമകൂപത്തിലും കണ്ണന്‍, ഓരോ ശബ്ദത്തിലും കണ്ണന്‍, ഓരോ നോട്ടത്തിലും കണ്ണന്‍, കണ്ണില്‍കാണുന്ന സകലത്തിലും മീര കണ്ണനെ കണ്ടു. ഹാ!! ഹാ!! എന്തൊരു അനുഭൂതിയാണ് അഞ്ചുവയസ്സുമാത്രം പ്രായമായ ആ പിഞ്ചുമനസ്സ്‍ അനുഭവിയ്ക്കുന്നത്. കംസന്റെ മഥുരയും കൊട്ടാരങ്ങളും, കാരാഗ്രഹവും അതില്‍ കഴിയുന്ന വസുദേവരും ദേവകിയും, ശ്രീക്ര്‌ഷ്ണ അവതാരവും എല്ലാം മീരയുടെ സ്മ്ര്‌തിമണ്ഡലത്തിലേയ്ക്ക്‍ സ്വമേധയാ ഒഴുകിയെത്തി. ഗോകുലത്തിലെ നന്ദഗോപരും യശോദയും മീരയുടെ മനസ്സിലേയ്ക്കോടിയെത്തി. ഗോകുലവും പശുക്കൂട്ടങ്ങളും പശുക്കുട്ടികളും അതിലൊന്നിനെ ചാരിനില്‍ക്കുന്ന മുരളീമനോഹരനായ കണ്ണനും, ഗോപികമാരും എല്ലാമെല്ലാം മീരയുടെ ഓര്‍മകളിലൂടെ മിന്നിമറിയാന്‍ തുടങ്ങി. കാളിന്ദിയും കാളിയനും ഓടക്കുഴല്‍ വിളിയ്ക്കുന്ന കണ്ണനും കദംബവും ഗോവര്‍ദ്ധന പര്‍വ്വതവും മീര തന്റെ ഓര്‍മകളില്‍ പ്രത്യക്ഷമായി അനുഭവിച്ചു. കാലുരണ്ടും പിണച്ചുവെച്ച്‍ ശിരസ്സ്‍ അല്പം വലത്തോട്ട്‍ ചെരിച്ച്‍ മുടിയിലൊരു മയില്‍പീലിയും ചൂടി കയ്യില്‍ ഓടക്കുഴലുമായി പശുക്കിടാവിനെ ചാരി നില്‍ക്കുന്ന കണ്ണനെ ഇതാ ഒന്ന്‍ നോക്കൂ...
ത്ര്‌ക്കാല്‍ രണ്ടും പിണച്ചത്തിരുമുഖകമലം ദക്ഷിണേ ചായ്‍ച്ചുവെച്ചും
ത്ര്‌ക്കയ്യില്‍കാഞ്ചനോടക്കുഴലൂമഥപിടിച്ചൂടി മന്ദം ഹസിച്ചും
തക്കത്തില്‍ പീലി ചൂടിക്കരിമുകിലൊളിയും പൂണ്ടുനില്‍ക്കും മുകുന്ദന്‍
നല്‍ക്കാരുണ്യേനനിത്യം മമഹ്ര്‌ദി കളിയാടീടുവാന്‍ കൈതൊഴുന്നേന്‍
ഒരു ദിവസം ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി, അമ്മയുടെ കൈവിരല്‍ പിടിച്ചുകൊണ്ട്‍ മീരയും പോയി. നല്ല ഭംഗിയില്‍ അലങ്കരിച്ച വധു, രാജകീയ പ്രതാപത്തോടെ കുതിരപ്പുറത്തു കയറി വരുന്ന വരന്‍. മീരയ്ക്ക്‍ നന്നെ രസിച്ചു. അഞ്ചു വയസ്സ്‍ പ്രായമുള്ള മീര അമ്മയോട്‍ ചോദിച്ചു, അമ്മേ, ഇതെന്താണ്. അമ്മ പറഞ്ഞു, മോളേ, ഇത്‍ ആ പെണ്‍കുട്ടിയുടെ വിവാഹമാണ്, കുതിരപ്പുറത്തു കയറി വരുന്ന അവനാണ് വരന്‍. അവന്റെ കൂടെയാണ് അവളുടെ കല്യാണം നടക്കുന്നത്. മീര ചിന്തിച്ചു, അവന്റെകൂടെ അവന്റെ കല്യാണം..... മീര വീണ്ടും അമ്മയോട് ചോദിച്ചു, അമ്മേ അമ്മേ, എന്റെ കല്ല്യാണവും ഉണ്ടാവുമോ.. അമ്മ പറഞ്ഞു, പിന്നേ, അതില്ലാതിരിയ്ക്കാന്‍ പറ്റില്ലല്ലോ.. പ്രത്യേകിച്ചും നീ ഒരു പെണ്‍കുട്ടികൂടി അല്ലേ.. വീണ്ടും പല പല ബാലിശങ്ങളായ ചോദ്യങ്ങളും ചോദിച്ചപ്പോള്‍ അമ്മയ്ക്ക്‍ കുട്ടിയോട് അല്‍പം ദേഷ്യം തോന്നി. ബാലസഹജമായ വീണ്ടുമൊരു ചോദ്യം, അമ്മേ, എന്റെ കല്യാണം ആരുടെ കൂടെയാ ഉണ്ടാവുക. കുറച്ച്‍ ദേഷ്യപ്പെട്ടുകൊണ്ട്‍ അമ്മ, മീരയുടെ കയ്യിലുണ്ടായിരുന്ന ശ്രീക്ര്‌ഷ്ണന്റെ മൂര്‍ത്തിയെ ചൂണ്ടിക്കാണിച്ചുകൊണ്ട്‍ പറഞ്ഞു, നിന്റെ കല്ല്യാണം ഈ മൂര്‍ത്തിയുടെകൂടെ !!! പാവം ആ അമ്മയ്ക്കറിയില്ലായിരുന്നു, തന്റെ തമാശയുടെ വാക്കുകള്‍ മീരയ്ക്ക്‍ ഒരു മഹാമന്ത്രമായിതീരുമെന്ന്‍. അന്ന്‍ മീരയ്ക്ക്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി, എന്റെ വിവാഹം ഈ മൂര്‍ത്തിയുടെ കൂടെ്!!! അമ്മയുടെ ആ വാക്കുകള്‍, വെറും അഞ്ച്‍ വയസ്സ്‍മാത്രം പ്രായമായ ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അന്തരാളങ്ങളില്‍ തട്ടി പ്രകമ്പനം കൊണ്ടു, അതൊരു മന്ത്രമായി മാറി.
കാലം ആര്‍ക്കും വേണ്ടി കാത്തിരിയ്ക്കുകയില്ലല്ലോ. മെല്ലെമെല്ലെ മീര വളര്‍ന്നു. വിവാഹപ്രായമാകുന്നതിനു മുമ്പുതന്നെ അവളുടെ വിവാഹം നിശ്ചയിച്ചു. ചിത്തോര്‍ഗഡിലെ രാജാവായ റാണ സംഗയുടെ പുത്രന്‍ രാജകുമാരന്‍ ഭോജരാജനുമായുള്ള വിവാഹം കഴിഞ്ഞു. ഒരു കയ്യില്‍ ശ്രീക്ര്‌ഷ്ണ വിഗ്രഹവുമെടുത്ത്‍ മീര അഗ്നികുണ്ഡത്തിന് പ്രദക്ഷിണം ചെയ്തു. മീര തന്റെ വരന്റെ കൂടെ വിവാഹപ്പന്തലില്‍നിന്ന്‍ പല്ലക്കില്‍ കയറി, ചിത്തോര്‍ഗഡ്ഡിലേയ്ക്ക്‍. മീരയുടെ ഭര്‍ത്താവായ ഭോജരാജ്‍ വളരെ നല്ല വ്യക്തിയായിരുന്നു എന്ന്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരു ഹ്രസ്വകാല ദാമ്പത്യത്തോടെ, മീരയുടെ ഭര്‍ത്താവ്‍ മരണപ്പെട്ടു. ഭര്‍ത്താവിനെ സ്നേഹിയ്ക്കാനും ഭര്‍ത്ര്‌സേവനത്തിനുമെല്ലാം വേണ്ടി ചെലവഴിച്ചിരുന്ന സമയം കണ്ണനുവേണ്ടി ചെലവഴിയ്ക്കാന്‍ തുടങ്ങി. കുറച്ച്‍ കാലം കഴിഞ്ഞു, ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മരിച്ചു. അവര്‍ക്കായി ചെലവിട്ടിരുന്ന സമയം മുഴുവനും ക്ര്‌ഷ്ണസ്മരണക്കായി ചെലവാക്കി. അല്പം കഴിഞ്ഞതോടെ മീരയുടെ സ്വന്തം അച്ഛനും അമ്മയും മരിച്ചു. മീരയുടെ ജീവിതത്തില്‍ അഞ്ച്‍ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. കുടുംബജീവിതത്തിലെ എല്ലാ ബന്ധങ്ങളും അറ്റു. എല്ലായിടത്തുമുണ്ടായിരുന്ന മമത മുഴുവനും ക്ര്‌ഷണനിലേയ്ക്കൊഴുകി. സാമൂഹ്യ ബാധ്യതകളെല്ലാം ഒഴിഞ്ഞു, സകല ബന്ധങ്ങളുടേയും ചരട് പൊട്ടി, ആ ചരടുകൊണ്ട്‍ മീര കണ്ണനെ കെട്ടിയിട്ടു, സ്വയം അതില്‍ കോര്‍ത്തൊരു മുത്തായി, ഒരു മണിയായിക്കൊണ്ട്. നീയൊരു നൂലാണെങ്കില്‍, നീയൊരു മാലയാണെങ്കില്‍, ഞാന്‍ അതിലെ ഒരു മണിയാണ്, ഞാന്‍ അതിലെ ഒരു മുത്താണ്, നീ ജലമാണെങ്കില്‍ ഞാന്‍ അതിലെ മീനാണ് എന്നൊക്കെയുള്ള മീരയുടെ ഭജനയിലെ വരികള്‍ ഭാവാതീതമാണ്.
രാജകൊട്ടാരത്തിന്റെ അന്ത:പ്പുരത്തില്‍ മീരയോടൊത്ത്‍ ധാരാളം പേര്‍ ശ്രീക്ര്‌ഷ്ണ ഭജനയിലും കീര്‍ത്തനങ്ങളിലും ആരാധനയിലും മുഴുകി. നാടിന്റെ പല ഭാഗത്തുനിന്നും സംന്യാസി വ്ര്‌ന്ദം ഒഴുകിയെത്തി. ആയിരക്കണക്കിന് ഭക്തരുടെ നടുക്ക്‍ രജപുത്ര കുടുംബത്തിലെ ഒരു യുവാവായ സ്ത്രീ, അതും എത്രയോ ഒതുങ്ങി കഴിയേണ്ടുന്ന, ഒളിഞ്ഞും മറഞ്ഞും കഴിയേണ്ടുന്ന, രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങേണ്ടുന്ന ആ കാലത്ത്‍, മീര പരസ്യമായി ആടാനും പാടാനും ന്ര്‌ത്തംവെയ്ക്കാനും തുടങ്ങി. അന്ത:പ്പുരത്തിന്റെ ഓരോ മുക്കിലും മൂലയിലും മീരയുടെ പാദസ്പര്‍ശനങ്ങള്‍ സംഗീതമൊഴുക്കി. രാജകൊട്ടാരത്തിന്റെ ചുമരുകളിലെ ഓരോ കല്ലും മീരയ്ക്ക്‍ താങ്ങും തണലുമായി നിലകൊണ്ടു. കൊട്ടാര അങ്‍ഗണത്തിലെ ഓരോ മണല്‍ത്തരിയും മീരയുടെ പാദസ്പര്‍ശനത്താല്‍ പവിത്രമായി. ഓരോ മണല്‍ത്തരിയും ക്ര്‌ഷ്ണഗീതം പൊഴിക്കുന്നപോലെ ആ ഭക്തക്ക്‍ അനുഭവപ്പെട്ടു. ചിലങ്കയുടേയും പാദസ്സരത്തിന്റേയും മധുരധ്വനിയേറ്റ്‍ രാജസ്ഥാനിലെ ഭൂമി പുളകംകൊണ്ടു. മീരയുടെ പാദപാംസുക്കള്‍ ഭക്തജനങ്ങള്‍ക്ക്‍ പാപസംഹാരകമായി. എന്നാല്‍ മീരയുടെ ക്ര്‌ഷ്ണപ്രേമം, രാജകീയ പ്രൗഢിയെ വെല്ലുവിളിയ്ക്കുന്നതായി ക്ഷത്രിയരായ മാന്യന്മാര്‍ക്ക്‍ അനുഭവപ്പെട്ടു. ഭര്‍ത്താവിന്റെ സഹോദരന്‍ മീരയോട് ആക്രോശിച്ചു, എടീ മീരേ, നീ കുലമര്യാദകള്‍ ഭേദിയ്ക്കുന്നു, സാധുസംന്യാസിമാരുടെ കൂടെ ന്ര്‌ത്തം ചവിട്ടുന്ന നീ വേശ്യയാണ്, ഇത്‍ ഞാന്‍ അനുവദിയ്ക്കില്ല, കുലത്തിന്റെ അഭിമാനം കെടുത്തുന്ന നിന്നെ വെച്ചുപുലര്‍ത്താന്‍ പറ്റില്ല. ഇത്‍ നിര്‍ത്തി മരിയാദയ്ക്ക് ഇവിടെ ജീവിച്ചോളണം, അല്ലെങ്കില്‍ ക്ഷത്രിയരായ രജപുത്രര്‍ക്ക്‍ രണ്ടാമതൊരുവട്ടംകൂടി ചിന്തിയ്ക്കേണ്ടി വരില്ല... ഇതെന്റെ തീരുമാനമാണ്. മീരയ്ക്ക്‍ യാതൊരു കൂസലും ഉണ്ടായില്ല. സാക്ഷാല്‍ ഭഗവാന്‍ തന്നെ കൂടെയുള്ളപ്പോള്‍ എന്ത്‍ ക്ഷത്രിയന്‍, എന്ത്‍ രാജാവ്‍, എന്ത്‍ കുലം. ആര്‍ക്ക്‍ വേണം ഇതൊക്കെ. जिस्का कॊई नहीं उस्का तॊ खुदा है याऱॊ ആര്‍ക്കാണോ ആരുമില്ലാത്തത് അവന് അവനുണ്ട്‍. (ഈശ്വരനുണ്ട്) പല വിധത്തിലും മീരയെ അവര്‍ ഉപദ്രവിച്ചു. തിളച്ച വെള്ളം ദേഹത്തിലൊഴിച്ചു. അത്‍ കാളിന്ദിയിലെ ജലം പോലെ തണുത്ത്‍ കോരിത്തരിപ്പിച്ചു. പാലില്‍ വിഷം കലക്കി മീരയെ കുടിപ്പിച്ചു.മീര സന്തോഷത്തോടെ വിഷം വാങ്ങി കുടിച്ചു. വിഷം സ്വയം മീരയ്ക്ക് അമ്ര്‌തായി മാറി. പാല് വിഷയമായിട്ടുകൂടി മീരക്ക്‍ വിഷയങ്ങളൊന്നും വിഷമായി അനുഭവപ്പെട്ടില്ല. അതെ, വിഷത്തിനുതന്നെ തോന്നി, എത്രകാലമായി ഞാന്‍ വിഷം ആയി ജീവിയ്ക്കുന്നു, ഈശ്വര ക്ര്‌പ എനിയ്ക്കും കിട്ടും, ഞാനും മോക്ഷത്തിലേയ്ക്കെത്തും, അതിനുള്ള ഒരു വഴിയായിരിയ്ക്കും ഇത്‍ എന്ന്‍ കരുതി, മീരയുടെ ഉള്ളില്‍ എത്തിയ വിഷം അമ്ര്‌തായി ഭവിച്ചു. വിഷത്തിനും മോക്ഷം കൊടുക്കുന്ന ഭാരതഭൂമി, വിഷത്തിനെപോലും ക്ര്‌ഷ്ണഭക്തിയില്‍ ആറാടിയ്ക്കുന്ന ഈ ഭാരതാംബയുടെ മഹത്വം.. ഏത് വാക്കുകൊണ്ട് വര്‍ണ്ണിയ്ക്കും, ആരെക്കൊണ്ട്‍ വര്‍ണ്ണിയ്ക്കാനാകും.? പാലാഴി മഥനത്തില്‍ വാസുകി ഛര്‍ദ്ദിച്ച കാളകൂട വിഷം ഈ നാട്ടിലെ ഒരു തെണ്ടി വാങ്ങി കുടിച്ചില്ലേ... അതും അമ്ര്‌തായി മാറി.
അപ്പോഴേയ്ക്കും കൊട്ടാരത്തിലെ ജീവിതം ദു:സ്സഹമാവുകയും, ഇവിടംകൊണ്ട്‍ അവസാനിയ്ക്കുന്നതല്ല തന്റെ ജീവിതം എന്ന തിരിച്ചറിവും മീരയെ രാജസ്ഥാനിലെ തെരുവുകളിലേയ്ക്കും അങ്ങാടികളിലേയ്ക്കും ആനയിച്ചു. മേവാറിലെ ഓരോ മണല്‍ത്തരിയും മീരയുടെ കാലിലെ ചിലമ്പൊളികള്‍ തിരിച്ചറിഞ്ഞു, മേവാര്‍ നഗരവും രാജസ്ഥാനും ക്ര്‌ഷ്ണഗീതയാലും ക്ര്‌ഷ്ണഭക്തിയാലും എത്രയോ ഭക്തരുടെ പാദസ്പര്‍ശനത്താലും പുളകിതമായി. എന്നാലും, ചില അഭിമാനികളായ രാജാക്കന്മാരുടേയും മറ്റും പലരുടേയും സമ്മര്‍ദ്ദത്താല്‍ മീരയ്ക്ക് രാജസ്ഥാനില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതി സംജാതമായി. തന്റെ രണ്ടു കൈകളും ഉയര്‍ത്തി മീര ക്ര്‌ഷ്ണനോട്‍ ചോദിച്ചു, എന്റെ കണ്ണാ, നീ പറയ്, ഞാനെന്തു ചെയ്യണം. ഞാന്‍ എങ്ങോട്ട്‍ പോകും. നിസ്സഹായയും നിരാലംബയുമായ ഒരു ഭക്തയുടെ തേങ്ങല്‍. ഉള്ളില്‍നിന്നൊരു അനാഹതം ഉണര്‍ന്നു, മീരേ നീ വ്ര്‌ന്ദാവനത്തിലേയ്ക്ക്‍ പൊയ്ക്കോ.. അവിടെ ആശ്രയം കിട്ടും. ജനിച്ചു വളര്‍ന്ന സ്വന്തംമണ്ണ് ഒരു ഭക്തയെ അവിടെനിന്ന് ആട്ടിപ്പായിച്ചു. രാജസ്ഥാനില്‍നിന്ന്‍ മീരയെ സമൂഹം തുരത്തി.
ഒന്ന്‍ നോക്കൂ, ഒരു ഈശ്വരഭക്തയുടെ ഗതി. മഹാത്മാക്കള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ സമൂഹം അവരെക്കൊണ്ട് കഴിയാവുന്ന തരത്തിലൊക്കെ വേദനിപ്പിച്ചിട്ടേ ഉള്ളു. സ്വന്തം സ്വാര്‍ഥവും ധിക്കാരവും അഭിമാനവും അഹങ്കാരവും എല്ലാം, സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ അവന് അലങ്കാരവും ആയുധവുമാണെന്ന്‍ തോന്നുന്നു. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്ക്കുന്നത് മഹാപുരുഷന്മാരാണ്, ഈശ്വരഭക്തരാണ്. ഭാരതീയ സംസ്ക്ര്‌തിയ്ക്ക്‍ വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആരെല്ലാമുണ്ടോ അവരെയൊക്കെ ഈ സമൂഹം കാളകൂട വിഷം കുടിപ്പിച്ചിട്ടുണ്ട്. സീതയെ ഘോരവനത്തിലേയ്ക്കയച്ചതും ക്ര്‌ഷ്ണനെ അമ്പെയ്തു കൊന്നതും, രാമക്ര്‌ഷ്ണ പരമഹംസരെ ചെരിപ്പുമാല അണിയിച്ചതും അങ്ങിനെ എത്രയെത്ര... ഇതെല്ലാം ഈ സമൂഹംതന്നെയാണ് ചെയ്തത്. മഹാത്മാക്കള്‍ വര്‌ത്തമാനത്തിലിരിയ്ക്കുമ്പോള്‍, അവരെ സമൂഹം വിഷമിപ്പിയ്ക്കും, വിഷം കുടിപ്പിയ്ക്കും. എന്നാലോ അവരുടെയൊക്കെ തിരോധാനശേഷം ആ മഹാത്മാക്കളെ പൂജിയ്ക്കുകയും ചെയ്യുന്നു അതേ സമൂഹം. ക്ര്‌ഷി ഉണങ്ങിയിട്ട്‍ വര്‍ഷം വരുന്നതുപോലെ സമൂഹം പ്രവര്‍ത്തിയ്ക്കും.
ഉത്തര്‍പ്രദേശിലെ വ്ര്‌ന്ദാവനത്തില്‍ എത്തിയ മീരയ്ക്ക്‍ ഗംഭീര സ്വീകരണം കിട്ടി. തന്റെ സംഗീതവും പാട്ടും ന്ര്‌ത്തവും നാമസങ്കീര്‌ത്തനങ്ങളും കൊണ്ട്‍ ആ ധന്യ, വ്ര്‌ന്ദാവനത്തെ ഉന്മത്തമാക്കി. വ്ര്‌ന്ദാവനത്തിലൂടെ ഒരു ഭ്രാന്തത്തിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കണ്ണാ കണ്ണാ എന്ന്‍ ആര്‍ത്തുവിളിച്ചുകൊണ്ട്‍ മണ്ടുന്ന മീരയെ എപ്പോഴും കാണാമായിരുന്നു. ആയിരക്കണക്കിന് ശ്രീക്ര്‌ഷ്ണ ക്ഷേത്രങ്ങളുള്ള വ്ര്‌ന്ദാവനത്തിലും മീരയ്ക്ക്‍ സമാധാനമായി ഈശ്വരഭജന ചെയ്യാന്‍ കഴിയാതെ വന്നു. അവിടുത്തെ പ്രസിദ്ധമായ ഒരു അമ്പലത്തിലെ പൂജാരി, അദ്ദേഹം സ്ത്രീകളെ നോക്കില്ല. സ്ത്രീകളെ കാണാന്‍ പറ്റില്ല, പാടില്ല. അത്‍ ആ ക്ഷേത്രത്തിലെ പൂജാരിയുടെ വ്രതമാണ്. ഒരിയ്ക്കല്‍ ഭക്തവ്ര്‌ന്ദത്തോടൊപ്പം ന്ര്‌ത്തം ചവിട്ടി നീങ്ങിയ മീര ആ പൂജാരിയുടെ മുന്നിലൂടെ കടന്നുപോയി. പോയതിനുശേഷമാണ് ബോധമുദിച്ചത്, ഓ .. ഞാന്‍ സ്ത്രീയെ കണ്ടുവല്ലൊ. എന്റെ തപസ്സെല്ലാം പോയി. അദ്ദേഹം കോപത്തോടെ മീരയോട് പറഞ്ഞു, മീരേ, നിനക്ക്‍ ഇവിടെ വരാന്‍ പറ്റില്ല. എനിയ്ക്ക്‍ സ്ത്രീകളെ കാണാന്‍ പാടില്ല. സ്ത്രീകളെ കണ്ടാല്‍ എന്റെ വ്രതത്തിന് ഭംഗം വരും, ഞാനൊരു പുരുഷനാണ്. അട്ടഹസിച്ചുകൊണ്ട്‍ മീര ചോദിച്ചു, എന്ത്... നിങ്ങളും പുരുഷനാണോ.. ഞാന്‍ ഇതാദ്യമായി കേള്‍ക്കുകയാണ് നിങ്ങളും ഒരു പുരുഷനാണെന്ന്‍. ഞാന്‍ വിചാരിച്ചിരുന്നത് കേവലം എന്റെ ക്ര്‌ഷ്ണന്‍ മാത്രമാണ് പുരുഷനായിട്ടുള്ളത്‍ എന്നാണ്, ബാക്കി എല്ലാവരും അവന്റെ ഗോപികമാരാണെന്നാണ്, ഇന്ന്‍ എന്നെ അതിശയിപ്പിയ്ക്കുന്ന ഒരു വാര്‍ത്ത ഞാന്‍ കേട്ടു, നിങ്ങളും പുരുഷനാണോ.. ഉറക്കെ ചിരിച്ചുകൊണ്ട് മീര പറഞ്ഞു, അതിശയം, നിങ്ങളും പുരുഷനാണോ..
എന്തോ, ആ വ്യക്തിയുടെ ഒരു മഹത്ത്വം കൊണ്ടോ, മറ്റെന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍കൊണ്ടോ, ആവാം, മീരയെ വ്ര്‌ന്ദാവനത്തില്‍നിന്നും പുറത്താക്കി. ശ്രീക്ര്‌ഷ്ണന്റെ ജന്മസ്ഥലമായ ഉത്തര്‍പ്രദേശില്‍നിന്നും സമൂഹം ഒരു ക്ര്‌ഷ്ണഭക്തയെ ആട്ടിപ്പായിച്ചു. എന്തെല്ലാം ക്രൂരതകളാണ് സമൂഹം മഹാത്മാക്കളോട് ചെയ്യുന്നത്‍ എന്ന്‍ ഒന്ന്‍ ചിന്തിയ്ക്കുക.
ശ്രീക്ര്‌ഷ്ണന്റെ വിഹാരഭൂമിയായ വ്ര്‌ന്ദാവനം, ആ വ്ര്‌ന്ദാവനത്തില്‍നിന്ന്‍ പുറംതള്ളപ്പെട്ട, ഉത്തര്‍പ്രദേശില്‍നിന്ന്‍ പുറത്താക്കപ്പെട്ട ഒരു ക്ര്‌ഷ്ണഭക്ത, മുകളിലേയ്ക്ക്‍ നോക്കി രണ്ടുകയ്യും ഉയര്‍ത്തി ഭഗവാനോട്‍ ചോദിച്ചു, ഇനി ഞാന്‍ എന്തുചെയ്യും, എങ്ങോട്ട്‍ പോകും. നീ പറയ്, നിന്റെ നാമം പാടി എന്നത് ഇത്ര വലിയ അപരാധമോ.. വരാനിരിയ്ക്കുന്ന ഭാരതഭൂവില്‍ ആരുംതന്നെ നിന്റെ നാമം പാടാതിരിയ്ക്കാനാണോ എന്റെമേല്‍ പതിയ്ക്കുന്ന ഈ ദ്രോഹങ്ങള്‍.. എന്റെ മുരളീവാലേ.. എനിയ്ക്കുത്തരം താ... മീര തന്റെ നിസ്സഹായത ക്ര്‌ഷ്ണന്റെ മുന്നില്‍ വെച്ചു.
ഭാരതത്തിന്റെ പശ്ചിമഭാഗം. ഗുര്‍ജ്ജരം എന്ന ഗുജറാത്ത്‍. കാഠ്യാവാഡ്‍ എന്ന കത്തിയാവാര്‍. രാജ്‍കോട്ട്‍ എന്ന ഭൂപ്രദേശം. കാഠ്യാവാഡിലെ ജാംനഗര്‍ ജില്ലയിലാണ് പ്രശസ്തമായ ദ്വാരക സ്ഥിതി ചെയ്യുന്നത്. കാഠ്യാവാഡ് ഇരുകൈകളും നീട്ടി മീരയ്ക്ക്‍ സ്വാഗതമേകി. ശ്രീക്ര്‌ഷ്ണ പരമാത്മാവിന്റെ രാജധാനിയും കൊട്ടാരവും പ്രൗഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഭൂപ്രദേശം. പെരുമ്പറകൊട്ടിക്കൊണ്ട്‍ മീരയോട് പറഞ്ഞു, മീരേ, ഇങ്ങോട്ട്‍ വന്നോളൂ, ഇവിടെ നിനയ്ക്ക്‍ ആശ്രയം ലഭിയ്ക്കും. നര്‍സി മേത്തയുടേയും, ഭക്തകവി ജലാറാമിന്റേയും രണ്‍ഛോഡ്‍റായിയുടേയും, മറ്റ് അനവധി ഭക്തരുടേയും ചരണസ്പര്‍ശങ്ങളാല്‍ പുണ്യവതിയായ സൗരാഷ്ട്ര, ഗീര്‍ വനങ്ങളും ജ്യോതിര്‍ലിംഗങ്ങളിലൊന്നായ സോമനാഥക്ഷേത്രവും കുടികൊള്ളുന്ന ഭാരതാംബയുടെ ഹ്ര്‌ദയഭാഗത്തേയ്ക്ക്‍, മീര ആനയിയ്ക്കപ്പെട്ടു. കടലോരപ്രദേശമായ ദ്വാരകയിലെ ശ്രീക്ര്‌ഷ്ണ ക്ഷേത്രത്തില്‍ ദ്വാരകാധീശന്റെ മടിത്തട്ടില്‍ ആ ഭക്ത ആനന്ദത്തോടെ കഴിഞ്ഞു.
വര്‍ഷങ്ങള്‍ പലതും നീങ്ങി. രാജസ്ഥാനില്‍ ഭരണനേത്ര്‌ത്വത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. ഒരു സജ്ജനായ, പ്രജാതല്‍പ്പരനായ രാജാവിന്റെ ഭരണം നിലവില്‍ വന്നു. ആ നാട്ടില്‍ ഗംഭീര വരള്‍ച്ചയും ഭയങ്കര ദാരിദ്യവും അനുഭവപ്പെട്ട്‍ പ്രജകള്‍ ദു:ഖിതരായി. രാജാവ്‍ അഹോരാത്രം പ്രജകള്‍ക്കായി പണിയെടുത്തു. പ്രജകളുടെ ദു:ഖകാരണം ദൈവജ്ഞരോട് ആരാഞ്ഞു. ഏതോ മഹത്മാവിനോട്‍ ചെയ്ത പാപത്തിന്റെ പരിണതിയാണ് ഈ ഘോരമായ വരള്‍ച്ച എന്ന്‍ രാജാവിനെ അറിയിച്ചു. മീരയോട് സമൂഹം ചെയ്ത ദുഷ്‍കര്‍മ്മങ്ങളുടെ ഫലമായിട്ടാണ് പ്രക്ര്‌തി കോപിച്ചിരിയ്ക്കുന്നത്‍ എന്ന്‍ തിരിച്ചറിഞ്ഞു. ഉടന്‍ മീരയ്ക്കായി അന്വേഷണങ്ങള്‍ ആരംഭിച്ചു, മീര ദ്വാരകയില്‍ ഉണ്ടെന്ന്‍ അറിഞ്ഞു. മീരയെ രാജസ്ഥാനിലേയ്ക്ക്‍ തന്നെ കൂട്ടിക്കൊണ്ടുവരാന്‍, രാജാവ്‍, കുറച്ച്‍ ബ്രാഹ്മണരെ ചുമതലപ്പെടുത്തി. ആ ബ്രാഹ്മണര്‍ ദ്വാരകയിലെത്തി മീരയോട്‍ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ മീരയ്ക്ക്‍ സമ്മതമല്ലായിരുന്നു. മീര പറഞ്ഞു, പൂജ്യരേ, എന്നെ ഇവിടെ ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ മതി. മറ്റൊന്നും വേണ്ട. വന്നവര്‍ തിരിച്ചു പോയി. രാജാവ്‍ വീണ്ടും ചിലരെ അതിനായി നിയോഗിച്ചു. അതും വിഫലമായി. ഒടുവില്‍ എങ്ങിനെയെങ്കിലും പറഞ്ഞ്‍ സമാധാനിപ്പിച്ച്‍ മീരയെ തിരിച്ച്‍ രാജസ്ഥാനിലേയ്ക്ക്‍ കൊണ്ടുവരാനായി ഏഴ് ബ്രാഹ്മണര്‍ അടങ്ങുന്ന ഒരു സംഘത്തെ രാജസ്ഥാനില്‍നിന്ന്‍ രാജാവ്‍ ദ്വാരകയിലേയ്ക്കയച്ചു. ആ വ്ര്‌ന്ദം ദ്വാരകയിലെത്തി മീരയോട് താണുകേണപേക്ഷിച്ചു. ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ബ്രാഹ്മണര്‍ പറഞ്ഞു, ഇന്നുമുതല്‍ ഞങ്ങള്‍, ദ്വാരകാധീശന്റെ ശ്രീകോവിലിനു മുന്നില്‍ നിരാഹാരം ഇരിയ്ക്കുകയാണ്, നീ തിരിച്ച്‍ രാജസ്ഥാനിലേയ്ക്ക്‍ വരുന്നതു വരെ. ബ്രാഹ്മണരുടെ ആ തീരുമാനം മീരയ്ക്ക്‍ സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. രണ്ട്‍മൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ ബ്രാഹ്മണരുടെ ദയനീയ അവസ്ഥയില്‍ ദു:ഖിതയായ മീര പറഞ്ഞു, എന്റെ പൂജ്യ-ബ്രാഹ്മണരേ.. ഞാന്‍ രാജസ്ഥാനിലേയ്ക്ക്‍ മടങ്ങിവരാം, പക്ഷേ അതിനുമുമ്പ്‍, ഞാന്‍ എന്റെ ക്ര്‌ഷ്ണനോട് ഒന്ന്‍ സമ്മതം ചോദിച്ചോട്ടേ.. ക്ര്‌ഷ്ണന്‍ സമ്മതം തന്നാല്‍ ഞാന്‍ നിങ്ങളോടൊപ്പം വരാം. നിങ്ങള്‍ എന്നെ അനുഗ്രഹിയ്ക്കണം. ബ്രാഹ്മണര്‍ പറഞ്ഞു, ചോദിച്ച്‍ അനുമതി വാങ്ങിച്ചോളൂ, ഞങ്ങള്‍ കാത്തിരിയ്ക്കം.
അങ്ങിനെ ദ്വാരകാധീശന്റെ മുറ്റത്ത്‍, ബ്രാഹ്മണരുടെ അനുഗ്രഹം വാങ്ങിച്ച്, ദ്വാരകാധീശന്റെ പ്രതിഷ്ഠയിരിയ്ക്കുന്ന ശ്രീകോവിലിലേയ്ക്ക് മീര നടന്നു കയറി. ശ്രീ കോവിലിന്റെ വാതിലുകള്‍ താനേ അടഞ്ഞു, അതാരും ശ്രദ്ധിച്ചില്ല. ബ്രാഹ്മണര്‍ പുറത്ത്‍ മീരയെ കാത്ത്‍ നിരാഹാരത്തില്‍ ഇരിയ്ക്കുന്നു. സമയം കടന്നുപോയി. നിമിഷങ്ങള്‍ മണിക്കൂറുകളായി. മീര പുറത്തേയ്ക്ക്‍ വരുന്നില്ല. ശ്രീ കോവിലിന്റെ വാതില്‍ തുറന്നുനോക്കിയപ്പോള്‍ ക്ര്‌പാകടാക്ഷം പൊഴിഞ്ഞ്‍ നില്‍ക്കുന്ന ശ്രീക്ര്‌ഷ്ണ വിഗ്രഹം കണ്ടു, പക്ഷേ അവിടെ മീരയെ കണ്ടില്ല. ജനം പരിഭാന്തിയിലായി, മീര എവിടെപ്പോയി.. അവള്‍ പിന്നീട്‍ പുറത്തുവന്നില്ല. എന്താണ് മീരയ്ക്ക്‍ സംഭവിച്ചത്‍ എന്ന്‍ ഇന്നും നിഗൂഢമായി നില്‍ക്കുന്നു.
എന്താണ് മീരയ്ക്ക്‍ സംഭവിച്ചത്‍. നാട്ടുകാരൊക്കെ ഓടിക്കൂടി. എന്ത്‍ പ്രയോജനം. ശ്രീകോവിലില്‍ കയറിയ മീര ദ്വാരകാധീശനോട് ചോദിച്ചിട്ടുണ്ടാകും, രണ്ടു കൈകളും ഉയര്‍ത്തി ആ മനസ്സ്‍ നൊന്ത്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും, പറയ്, നീ പറയ്, ഞാന്‍ എന്തു ചെയ്യണം. കുട്ടിക്കാലത്ത്‍ ഓര്‍മ്മ വെച്ച നാള്‍മുതല്‍ തുടങ്ങിയതാണ്, ഞാന്‍ നിന്നേയും വിളിച്ച്‍ നടക്കുന്നു. നിന്റെ മൂര്‍ത്തിയുംകൊണ്ട്‍ നടക്കുന്നു. അല്ല, എന്നെ നീ ചുമക്കുന്നു. ഇന്ന്‍ എനിയ്ക്ക്‍മേല്‍ ഒരു സങ്കടം വന്നുപെട്ടിരിയ്ക്കുന്നു. നിന്നെ വിട്ട്‍ ഞാന്‍ മേവാറിലേയ്ക്ക്‍ പോണോ... നീ എന്നെ കൈവിടുന്നുവോ.. മീര തന്റെ സങ്കടം പറയാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ ഭഗവാന്‍ തന്റെ രണ്ട് കൈകളും നീട്ടി, ആ ഭക്തയെ കോരിയെടുത്ത്‍ തന്നിലേയ്ക്ക്‍ തന്നെ ആവാഹിച്ചു, മീര ക്ര്‌ഷ്ണനില്‍ സമാഗമിച്ചു, അവള്‍ ക്ര്‌ഷ്ണനില്‍ ലയിച്ചു. ഉടലോടെ ക്ര്‌ഷ്ണവിഗ്രഹത്തില്‍ ലയിച്ചു.
അതെ, ഇതൊരു കടം വീട്ടലുംകൂടി ആയിരുന്നു. വെറും അഞ്ച് വയസ്സ്‍ മാത്രം പ്രായമുണ്ടായിരുന്ന അന്നുമുതല്‍ തന്റെ കോശകോശാന്തരങ്ങളില്‍, തന്റെ രോമരോമങ്ങളില്‍ ക്ര്‌ഷ്ണനെ സമന്വയിപ്പിച്ചവളെ, എന്താ, ഒരിയ്ക്കലെങ്കിലും തന്നിലേയ്ക്ക്‍ ചേര്‍ക്കേണ്ടത്‍ ഇന്ന്‍ ക്ര്‌ഷ്ണന്റേയും കര്‍ത്തവ്യമായിരുന്നില്ലേ...
ഭൗതികമായോ ബൗദ്ധികമായോ ഉത്തരം കണ്ടെത്താന്‍ പറ്റാത്ത തലമാണ് ഭക്തിയുടേത്‍. ബുദ്ധികൊണ്ടറിയുന്നതൊന്നും ഭക്തികൊണ്ടറിയാന്‍ പറ്റില്ല. മഹാത്മാക്കളുടെ ക്ര്‌പാകടാക്ഷത്താല്‍ ബുദ്ധി ദീക്ഷിതമായിക്കഴിഞ്ഞാല്‍ ജഡമായ ബുദ്ധി ചൈതന്യവത്തായി മാറും, ശുദ്ധബുദ്ധിയായിത്തീരും. ജഗദീശ്വര സ്മരണയ്ക്ക്‍ ആവശ്യം ശുദ്ധിയാണ്, അതുണ്ടെങ്കില്‍ പ്രത്യക്ഷമായി കാണാം, അനുഭവിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ