ആത്മാവ്/പരമാത്മാവ്‍ ശുദ്ധബുദ്ധമുക്തസ്വഭാവിയാണ്.
പുരുഷന്‍-പരമാത്മാവ്‍- ശുദ്ധബുദ്ധമുക്ത സ്വരൂപനാണ്.
ശുദ്ധത സ്വഭാവമായിരിക്കുന്നവനാണ് ശുദ്ധസ്വഭാവി. സ്വഭാവ ശബ്ദത്തിന് സ്വ-ഭാവം, സ്വന്തം ഭാവം എന്നര്‍ഥം. ഭാവ ശബ്ദത്തിന് "അയിരിക്കുന്നത്" എന്നും "ഉണ്മ" എന്നും അര്‍ഥം. പുരുഷന് മാറ്റം വരുന്നില്ല. മാറ്റം വന്നാല്‍ അശുദ്ധമാകും. മാറ്റം വരാത്തതുകൊണ്ട്‍ അശുദ്ധത വരുന്നില്ല. അതുകൊണ്ട്‍ ശുദ്ധസ്വഭാവം പുരുഷലക്ഷണമാണ്. പരിണാമവിധേയമല്ലാത്തതുകൊണ്ട്‍ ശുദ്ധതയായി തുടരുന്നു. പരിണാമവിധേയമായാല്‍ ശുദ്ധത നശിക്കുകയും അശുദ്ധമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട്‍ ശുദ്ധസ്വരൂപം.
ബുദ്ധശബ്ദത്തിന് ജ്ഞാനസ്വരൂപം എന്നും ചേതനാസ്വരൂപമെന്നും അര്‍ഥം. ചേതനാതത്വം അചേതനമാവുകയില്ല. ചൈതന്യമുള്ളതിന് അചേതനത്വമോ ചൈതന്യമില്ലായ്മയോ സംഭവിക്കുന്നില്ല. ചൈതന്യത്തില്‍ ജഡമായതിന്റെ ഉല്‍പത്തി ഉണ്ടാകില്ല. ജഡമായതില്‍ നിന്ന്‍ ചൈതന്യമുള്ളതും ഉത്ഭവിക്കയില്ല. അത്തരത്തിലുള്ള പരിണാമമൊന്നും നടക്കില്ല. ചേതനം എന്നും ചേതനവും, ജഡം എന്നും ജഡവും തന്നെ. അജ്ഞാനം കലരാത്തതുകൊണ്ട്‍ ജ്ഞാനസ്വരൂപമായിത്തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ട് ബുദ്ധസ്വരൂപം.
മുക്തമെന്ന പദത്തിന് വിടുതല്‍ ഉള്ളത്‍, അകല്‍ച്ചയുള്ളത്‍ എന്നര്‍ഥം. ഏതില്‍നിന്നാണ് ഈ വിടുതല്‍ .? ഏതില്‍ നിന്നാണ് അകല്‍ച്ച ? പ്രക്ര്‌തിയുടെ പ്രഭാവം ദു:ഖസംയോഗമാണ്. ആത്മാവ് പ്രക്ര്‌തിയോടും ദു:ഖസുഖാദികളോടും ചേര്‍ന്നുനില്‍ക്കുന്നതാണ് അനുഭവം. പ്രക്ര്‌തിയോട് ചേര്‍ന്ന് ദു:ഖിതനായിരിക്കുമ്പോഴും ആത്മാവ്‍ പ്രക്ര്‌തിയുടെ രൂപം ധരിക്കുന്നില്ല. അപ്പോഴും അത്‍ പ്രക്ര്‌തിയില്‍നിന്നും തീര്‍ത്തും ഭിന്നമായിതന്നെ ഇരിക്കുന്നു. ഈ ഭിന്നാവസ്ഥ സദാ നിലനില്‍ക്കുന്നു. ഈ ഭിന്നാവസ്ഥക്ക്‍ ഒരിക്കലും മറിച്ചൊന്ന്‍ സംഭവിക്കുന്നില്ലെ. ഒന്നിനോടും ഒട്ടാത്തതും എല്ലാറ്റില്‍നിന്നും വേറിട്ടു നില്‍ക്കുന്നതുമാണ് ആത്മ-പരമാത്മസ്വരുപം. അതുകൊണ്ട്‍ മുക്തസ്വരൂപം.
ചൈതന്യത്തില്‍നിന്ന്‍ ജഡമോ ജഡത്തില്‍നിന്ന്‍ ചൈതന്യമോ ഉണ്ടാവുകയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ