സരസ്വതീദേവിയെ ഹംസവാഹിനിയായി ചിത്രീകരിയ്ക്കുന്നതിലെ സാംഗത്യം എന്താണെന്ന്‍ അറിയുന്നത്‍ നന്നായിരിയ്ക്കുമെന്ന്‍ തോന്നുന്നു.
ഹംസം എന്നത്‍ പ്രണവമാണ്, ഓംകാരമാണ്. പ്രണവത്തിനുമേലെയാണ് സരസ്വതീപ്രയാണം. പ്രണവത്തെ വാഹനമാക്കിയവളാണ് സരസ്വതി എന്ന നാദബ്രഹം.
അകാരോ ദക്ഷിണ: പക്ഷ, ഉകാരസ്തുത്തര സ്മ്ര്‌ത:
മകാരം പ്ര്‌ച്ഛമിത്യാഹുരര്‍ദ്ധമാത്രാ തു മസ്തകം
ഓംകാരത്തിലെ അ കാരം ദക്ഷിണപക്ഷം, വലത്തെ ചിറകാണ്. ഉ കാരം , ഉത്തരപക്ഷം, ഇടത്തേ ചിറകാണ്. മ കാരം വാലാണ്. പ്രണവത്തിന്റെ അര്‍ധമാത്ര ഹംസത്തിന്റെ ശിരസ്സാണ്.
സത്വഗുണം ഹംസത്തിന്റെ ശരീരമാണ്. രജോഗുണവും തമോഗുണവും രണ്ടു കാലുകളാണ്. പ്രണവമാകുന്ന ഹംസത്തിന്റെ നാഭി മഹര്‍ലോകവും, കടിപ്രദേശം സ്വര്‍ലോകവും, മുട്ടുകള്‍ ഭുവര്‍ലോകവും കാലുകള്‍ ഭൂലോകവും. ഋദയം ജനലോകവും, കണ്ഠം തപോലോകവും, പുരികമധ്യമായ ലലാടം സത്യലോകവും ആകുന്നു. ഈ ഒരു വൈദിക വര്‍ണനയില്‍ നിന്നാണ് ഋഷി ഒരു ഭാവനാസമ്പന്നനായ ചിത്രകാരനായി തീരുന്നത്‍. ആദ്യം ഋഷീശ്വരന്മാരുടെ അന്തരംഗത്തില്‍ വിളങ്ങിയ ഈ ഒരു ചിത്രം ചിത്രകാരന്‍ അതിനൊരു രൂപം നല്‍കി. ആ രൂപം, അജ്ഞാനികളായവര്‍ക്ക്‍ എളുപ്പത്തില്‍ മനസ്സിലാവാന്‍ വേണ്ടി രൂപപ്പെടുത്തിയതാണ്. എല്ലാ ശബ്ദങ്ങള്‍ക്കും രൂപമുണ്ട്‍. അതുപോലെ ഇതിനേയും ഇത്തരത്തിലൊരു രൂപമുള്ളതാക്കി തീര്‍ത്തതാണ്.
ഹംസത്തിന് അജപ എന്നും പറയും. നാഭിയില്‍ നിന്ന്‍ പ്രാണാപാനന്മാരുടെ ഗമനാഗമനത്താല്‍ ഹം സ, ഹം സ, എന്ന്‍ സദാ ജപിച്ചുകൊണ്ടിരിയ്ക്കുന്നു.
ഹംസ ഏവ പരം വാക്യം, ഹംസ ഏവ തു വാദികം
ഹംസ ഏവ പരോ രുദ്ര, ഹംസ ഏവ പരാത്‍ പരം
അതുകൊണ്ട്‍ അത്‍ ഹംസമാണെന്ന്‍ ഭാരതീയ ദര്‍ശനം. ഈ ഹംസത്തെ അറിയുന്നതാണ് നാദം എന്ന്‍ പറയുന്ന നാദബ്രഹ്മം. അതിനെ ബിന്ദു എന്ന് പേരിട്ടുവിളിയ്ക്കുന്നു. ബിന്ദുമണ്ഡലത്തിലാണ് വിദ്യാസ്വരൂപിണിയായ ദേവി വസിയ്ക്കുന്നത്‍.
ഓഢ്യാണ പീഠ നിലയാ ബിന്ദുമണ്ഡല വാസിനീ,
എന്നും,
ബിന്ദുസ്തിതേ ബിന്ദു കലൈക രൂപേ, ബിന്ദ്വാത്മികേ ബ്ര്‌മ്‍ഹിത ചിത്‍ പ്രകാശേ
എന്നുമൊക്കെ അതിന് പ്രമാണം. ഇത്‍ അറിയുന്നതിന് ബ്രഹ്മനാഡിയില്‍, സുഷുമ്നയില്‍, ഉപാസന ചെയ്യണം.
അകാരം അഗ്നി മണ്ഡലവും ഉകാരം വായുമണ്ഡലവും മകാരം സൂര്യമണ്ഡലവും അര്‍ധമാത്ര വരുണ മണ്ഡലവുമായിട്ടാണ് അവിടെ ഉപാസകന്‍ നീങ്ങേണ്ടത് എന്ന്‍ ആചാര്യന്മാര്‍ പറയും. ഈ നാലു മണ്ഡലത്തിലും മുമ്മൂന്നു കലകളുണ്ട്‍. അതുകൊണ്ട്‍ അവിടെ ഓംകാരം ദ്വാദശകലാത്മകമെന്ന്‍ പറയുന്നു. അതിനെ ദ്വാദശാക്ഷരി എന്ന്‍ വിശേഷമായി നാമകരണം ചെയ്തിരിയ്ക്കുന്നു. ആ പന്ത്രണ്ട്‍ കലകള്‍ക്കും നല്‍കിയിട്ടുള്ള പേരുകള്‍ ഘോഷിണി, വിദ്യുന്മാല, പതംഗിനി, വായുവേഗിനി, നാമധേയ, ഐന്ദ്രി, വൈഷ്ണവി, ശംകരി, മഹതി, ധ്ര്‌തി, മൗനി, ബ്രാഹ്മി, ഇതൊക്കെയാണ് ആ കലകളുടെ നാമങ്ങള്‍. ഇത്‍ വ്യഷ്ട്യധിഷ്ഠിതമാണ്.
വിശ്വാധികയും വേദവേദ്യയും സമഷ്ട്യധിഷ്ഠിതയുമായ സരസ്വതീ തത്ത്വം വിന്ധ്യാചലത്തിലാണ് നിവാസം ചെയ്യുന്നത്‍. അതുകൊണ്ട്‍ വിന്ധ്യാചലവാസിനീ എന്ന്‍ വിളിയ്ക്കും.
വിന്ധ്യാചല പര്‍വ്വതവും (മദ്ധ്യപ്രദേശ്) അതിന്റെ ചുറ്റുപാടുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലത്തിനെ, മുകളില്‍നിന്ന്‍ നോക്കിയാല്‍, ആകാശത്തുനിന്ന്‍ നോക്കിയാല്‍. വിടര്‍ന്നുനില്‍ക്കുന്ന പതിനാറ്‍ ദളങ്ങളുള്ള താമരയായിട്ടാണ് കാണുന്നത്‍ എന്ന്‍ ഭാരതീയ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍. വിന്ധ്യനും അതിനു ചുറ്റുപാടുമൊക്കെ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദി ആ താമരയുടെ തണ്ടായും ആണ് കാണുന്നത്‍.
വിന്ധ്യന്‍മുതല്‍, അവിടെ കാണുന്ന വിന്ധ്യാചല വാസിനീ മുതലായ ക്ഷേത്രങ്ങളും ഉദയഗിരി കോട്ടയുമൊക്കെ പ്രതാപ ഐശ്വരങ്ങളോടുകൂടി നലിനിന്നിരുന്ന അത്യുജ്ജ്വലമായൊരു സാംസ്കാരിക ജീവിതത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നവും ഉയര്‍ത്തുന്നവയുമാണ്. ആ ഭൂപ്രദേശത്തെ പതിനാറ് ദളങ്ങളോടുകൂടിയ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദിയെ താമരയുടെ തണ്ടായും കാണുവാന്‍ കഴിയുന്ന ഭാവനാ വിശേഷമുള്ളവന്‍ വിന്ധ്യനിലിരുന്നു തപം ചെയ്യുമ്പോള്‍ വിന്ധ്യാചലവാസിനിയായ ദേവി അവന് പ്രത്യക്ഷയാവും, അവന്റെ ഋദ്‍കമലത്തില്‍ അവള് കയറി ഇരിയ്ക്കും. വാഗ്‍ദേവീ ഉപാസനയുടെ രഹസ്യമറിയുന്നവന്‍ അതിനെ ആനുഭൗതികമെന്ന്‍ പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ ഭാന്ത്‍ എന്ന്‍ പറഞ്ഞുപോകും. ആനുഭൗതിക സത്തയുടെ അന്തരിന്ദ്രിയദ്ര്‌ഷ്ടി പിത്ര്‌പൈതാമഹ സമ്പ്രാപ്തമായി ലഭിച്ചവന്റെ അറിവില്‍ അത്‍ അനുഭൂതിയും അതില്ലാത്തവന്റെ ഭൗതിക ദ്ര്‌ഷ്ടികോണത്തില്‍ അത്‍ ഭ്രാന്തുമാണ്. അത് സരസ്വതിയുടെ ഇരിപ്പിടമാണ്. ആനുഭൗതികമായി അത്‍ അറിഞ്ഞവന്റെ നാവില്‍ സരസ്വതി തത്തിക്കളിയ്ക്കും.
രേവാം രക്ഷസ്സ്യുപലവിഷമേ സിന്ധു പാദേ...........
എന്നൊക്കെ മഹാകവി കാളിദാസന്‍ അതിനെ വര്‍ണ്ണിയ്ക്കുന്നത്‍ നോക്കൂ :
രേവാനദിയുടെ ജലത്തുള്ളികള്‍ വിന്ധ്യന്റെ കാല്‍പാദങ്ങളില്‍ വന്ന്‍ തട്ടിത്തെറിച്ച്‍ മണിമുത്തുകളായി വീഴുന്നു എന്ന്‍ എഴുതുമ്പോള്‍ കാളിദാസ ഭാവനയും മറ്റും സരസ്വതീ ഉപാസനയായി കാണാനുള്ള ഉള്‍ക്കണ്ണ്‍ കിട്ടിയാല്‍ അവന്‍ സ്വയം ഹംസവാഹനനായി പരിണമിയ്ക്കും.
അതൊക്കെ ഒരു സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ ആധുനികനായൊരു കവി പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യം പഠിച്ച്‍ ക്ലാസില്‍ പഠിപ്പിച്ചാല്‍, ഒരു ആടു മേയ്ക്കുന്നവന്റെ നാവില്‍, അടഞ്ഞുകിടന്നിരുന്ന വാതില്‍പാളികളുടെ ഇടയിലൂടെ വാളിന്‍ തുമ്പുകൊണ്ട്‍ എഴുതിയ ദേവതാ സങ്കല്‍പ്പത്തിന്റെ അത്യുദാരങ്ങളായ ഭാവങ്ങള്‍ കാവ്യസരിത്തിലൊഴുകുന്നത്‍ അനുഭൂതി വിശേഷമായി മനസ്സിലാക്കാനാവില്ല. അതിന്റെ അനുഭൂതികള്‍ക്ക്‍ ഭാവോന്മീലനം വരണമെന്നുണ്ടെങ്കില്‍ കാളിദാസരുടെ പാരമ്പര്യപ്രതിഷ്ഠിതമായ വാഗ്‍ദേവീഉപാസനയുടെ അന്ത:സ്ഥിത ചൈതന്യത്തിലൂടെ തേരോടിക്കുവാനുള്ള കഴിവുനേടി പഠിയ്ക്കണം. അതുകൊണ്ടാണ് പൗരാണിക ഭാരതം കുട്ടികളെ കുട്ടിക്കാലത്തുതന്നെ വിന്ധ്യാചലത്തില്‍ കൊണ്ടുപോയി ഇരുത്തി കാളിദാസാദി കവികുലം കണ്ട ലോകങ്ങളെ വര്‍ണ്ണിച്ചു കടന്നുപോന്നിരുന്നത്‍.
ഇത്തരത്തിലൊക്കെയുള്ള വൈദിക വര്‍ണനകളില്‍നിന്നാണ് സരസ്വതിയെ ഹംസത്തിന്റെ മേലെ ചിത്രകാരന്മാര്‍ ഇരുത്തിയത്. ആ ഇരിയ്ക്കുന്ന ഹംസവും സരസ്വതിയും തമ്മില്‍ മേല്‍പറഞ്ഞ രീതിയില്‍ വേണം ദര്‍ശിയ്ക്കാന്‍. ഇതേപോലെ വീണയും ഗ്രന്ഥവും ഒക്കെ ഓരോന്നിനെ പ്രതിനിധീകരിയ്ക്കുന്നു. മറ്റുള്ള ദേവീദേവന്മാരുടെ ആയുധങ്ങളും വാഹനങ്ങളുമൊക്കെ ഇത്തരത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളതിനെ വരച്ചുണ്ടാക്കിയതാണെന്ന്‍ ധരിയ്ക്കണം. അപ്പോള്‍ അതെന്താണെന്ന്‍ അറിയാനുള്ള യാത്രയുടെ പ്രയാണം ആരംഭിയ്ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ