2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

അനുഭവത്തില്‍ നിന്ന്‍ പഠിയ്ക്കണ്ടേ


അനുഭവത്തില്‍ നിന്ന്‍ പഠിയ്ക്കണ്ടേ... അതുണ്ടാകുന്നുണ്ടോ...

ശരീരത്തില്‍ സത്യമായ ഒന്ന്‍ മാത്രമേ ഉള്ളു. അത്‍ എന്റെ പ്രാണന്‍. ആ പ്രാണന്‍ എന്നിലുണ്ട്‍ എന്ന ബോധംതന്നെ എനിയ്ക്കില്ല. അതിനെ ഞാന്‍ ശ്രദ്ധിക്കുന്നില്ല. അതിനെ ഞാന്‍ കാര്യമാക്കുന്നില്ല. അതിനെ ഞാന്‍ ഗൗനിക്കുന്നില്ല. ഒരിക്കല്‍ ശ്വാസം മുട്ടിയപ്പോള്‍ അതില്ലെങ്കിലത്തെ അവസ്ഥ ഞാന്‍ അനുഭവിച്ചതാണ്‌. എന്നിട്ടും ഞാന്‍ അതില്‍നിന്ന്‍ പഠിച്ചുവോ...ഇല്ല.

മറ്റൊരാളുടെ കണ്ണില്‍നിന്ന്‍ പ്രാണന്‍ പിന്‍വാങ്ങിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിശ്ചലമാകുന്നത്‍ , അയാള്‍ അന്ധനായത്‍,  ഞാന്‍ കണ്ടതാണ്‌. ഇത്‍ എന്റെ അനുഭവമാണ്‌. വേറൊരാളുടെ കര്‍ണ്ണത്തില്‍നിന്ന്‍ പ്രാണന്‍ പിന്‍വാങ്ങിയപ്പോള്‍ അയാള്‍ ബധിരനാകുന്നത്‍ ഞാന്‍ കണ്ടതാണ്‌. ഇത്‍ എന്റെ അനുഭവമാണ്‌. ഒരാളുടെ പാദങ്ങളില്‍നിന്ന്‍ പ്രാണന്‍ പിന്‍വാങ്ങിയപ്പോള്‍ അയാളുടെ പാദങ്ങള്‍ ശുഷ്കിയ്ക്കുകയും കുഴഞ്ഞുപോയതും അയാള്‍ക്ക്‍ പോളിയോ ബാധിച്ചതും  ഞാന്‍ കണ്ടതാണ്‌. ഇതും എന്റെ അനുഭവമാണ്‌.  മറ്റൊരുത്തന്റെ മസ്തിഷ്കത്തില്‍നിന്ന്‍ പ്രാണന്‍ പിന്‍വാങ്ങിയപ്പോള്‍ ചിത്തഭ്രമം വന്നതും വേറൊരാള്‍ക്ക്‍ അള്‍സിമെഴ്‍സ്‌ രോഗം വന്നും ഞാന്‍ കണ്ടതാണ്‌. ഇതും എന്റെ അനുഭവമാണ്‌.  എന്റെ ശരീരത്തിനെയും അതിലെ സകല ഇന്ദ്രിയാദികളെയും സുശക്തവും സുസജ്ജവും സക്രിയവുമാക്കി നിലനിര്‍ത്തണമെങ്കില്‍ പ്രാണനെയാണ്‌ ഉപാസിക്കണ്ടത്‍ എന്ന്‍ ഞാന്‍ അറിയുന്നു. ഈ അറിവും എന്റെ അനുഭവമാണ്‌.  പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും സംയോജിപ്പിയ്ക്കണമെന്ന്‍ പലയിടത്തുനിന്നും ഞാന്‍ കേട്ടിട്ടുണ്ട്‍,  പഠിച്ചിട്ടുണ്ട്‍. അത്തരത്തില്‍ അറിഞ്ഞുപ്രവര്‍ത്തിയ്ക്കുന്നവനെ യോഗയുക്തനെന്ന്‍ പറയുന്നു എന്നും ഞാന്‍ ഗീതയില്‍ വായിച്ചിട്ടുണ്ട്‍ -  പ്രാണാപാന സമായുക്തൗ എന്ന്‍  ഗീതയില്‍ ഞാന്‍ വായിച്ചിട്ടുണ്ട്‍.   എനിക്ക്‍ അനുഭവവേദ്യമായിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഞാന്‍ ഒന്നും ചെയ്യില്ല. എന്താ കാരണം,  ഓ.. അതൊക്കെ വെറും അന്ധവിശ്വാസവും മൂഢത്വവും ആണ്‌ എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.  അനുഭവത്തില്‍നിന്നാണ്‌ പഠിയ്ക്കേണ്ടത്‍, അനുഭവത്തില്‍നിന്നാണ്‌ പഠിക്കുന്നത്‍. പക്ഷെ  ജീവിതം ത്രിവിധദു:ഖനിവ്ര്‌ത്തമാക്കുന്നതിനും പുരുഷാര്‍ഥചതുഷ്ടയസമ്പന്നമാകുന്നതിനും ഒന്നും ആരും അനുഭവത്തില്‍നിന്ന്‍ പഠിക്കുന്നില്ലാ എന്നത്‍ വേറെകാര്യം.

അഭിപ്രായങ്ങളൊന്നുമില്ല: