2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഭവന്തി ഇതി ഭൂതാനി


പ്രപഞ്ച പ്രതിഭാസത്തിനു കാരണമായ ആ ബോധത്തിന്റെ തലം അനുമിച്ചാല്‍, അത്‍  -യത്ര സര്‍വ്വാണി ഭൂതാനി-എന്നാണെന്ന്‍ വെളിവാകുന്നു. ആ ബോധം ത്രസിച്ച്‍ മനസ്സായിത്തീര്‍ന്നു. മനസ്സ്‍ പഞ്ചഭൂതങ്ങളായി തീര്‍ന്നു. മനസ്സ്‍ ഭാവദ്രവ്യമായി. ആദിമരൂപത്തില്‍ അത്‍ മനസ്സാണ്‌. ആ മനസ്‍ പഞ്ചഭൂതങ്ങളായപ്പോള്‍ ഭാവദ്രവ്യമായി. ആ ദ്രവ്യങ്ങളുടെ സമീചീനമായ ചേര്‍ച്ച ഈ പ്രപഞ്ചമായി, അങ്ങിനെ പ്രപഞ്ചബോധമായി, ഭൂതങ്ങളായി.  ഭവന്തി ഇതി ഭൂതാനി എന്ന പ്രമാണത്തില്‍ ഭൂതങ്ങളായി.

========================================================================

കര്‍ക്കിടകമാസത്തിലെ കറുത്ത വാവ്‍. രാത്രിയില്‍ ഏതാണ്ട്‍ രണ്ടുമണിയോടടുത്തിരിക്കുന്നു. മുറിയുടെ വാതിലുകളും ജനലുകളും എല്ലാം അടച്ചിരിക്കുന്നു. ഞാന്‍ മുറിയില്‍ ഇരിക്കുന്നു. എന്തെങ്കിലും കാണാനോ കേള്‍ക്കാനോ തൊടാനോ/സ്പര്‍ശിക്കാനോ സ്വാദറിയാനോ മണക്കാനോ ഇല്ല.  ഈ നിലയില്‍ എന്നിലെ ചിച്ഛക്തിയ്ക്ക്‍ ആന്ദോളനം വരികയും ഞാനിരിക്കുന്ന സ്ഥലത്തെയും മുറിയെയും വീടിനെയും പരിസരത്തെയും ഈ ലോകത്തെയും ഈ പ്രപഞ്ചത്തെയും അതില്‍ നടക്കുന്ന കര്‍മ്മകലാപങ്ങളെയും ഞാന്‍ ഇരിക്കുന്ന ഇരിപ്പില്‍ എന്നില്‍ത്തന്നെ സ്ര്‌ഷ്ടിക്കുന്നു. ഈ പ്രപഞ്ചമല്ല അതൊക്കെ എന്നില്‍ സ്ര്‌ഷ്ടിച്ചത്‍. ഞാന്‍ തന്നെയാണ്‌ അതൊക്കെ സ്ര്‌ഷ്ടിച്ചത്‍. ഞാനില്ലാതെ ഈ പ്രപഞ്ചമില്ല. ഈ പ്രപഞ്ചമൊന്നുമില്ലാതെ ഞാന്‍ ഉണ്ട്‍ താനും. ധനമോ വീടോ ഭാര്യയോ മക്കളോ മറ്റുള്ളവരോ ഒന്നുമല്ല എന്നെ ദു:ഖിപ്പിക്കുന്നതും ഞാന്‍ അനുഭവിയ്ക്കുന്നതും.  വിലീനമായി കിടക്കുന്ന എന്റെ ചിച്ഛക്തി ത്രസിച്ചിട്ടാണ്‌ ഇതൊക്കെ ഉണ്ടാകുന്നത്‍.  ഇതിനെ നോക്കിക്കണ്ടാല്‍, അതൊരു നവ്യാനുഭൂതിയായി തോന്നും. അനുഭൂതിയുടെ ഉദാത്തമായ നിമിഷങ്ങളില്‍ അനുഭവവേദ്യമാകുന്നതാണ്‌ ഊര്‍ജ്ജപ്രസരംപോലെ ത്രസിച്ച്‍ പ്രപഞ്ചത്തെ പടുത്തുയര്‍ത്തുന്ന വൈകല്യഹേതുവായ കര്‍മ്മങ്ങളും, ആന്ദോളനങ്ങളൊന്നുമില്ലാത്ത ആ ബോധത്തിലാകുമ്പോള്‍ കൈവല്യഹേതുകമായ തലവും.  ഇന്ന്‍ ആ ദിവസമാണ്‌. ഇന്ന്‌ രാത്രി രണ്ട്‍ മണിക്ക്‍ ഒരു ശബ്ദവുമുണ്ടാക്കാതെ, ഒറ്റയ്ക്ക്‍ ഒരു മുറിയില്‍ ഒന്ന്‍ ഇരുന്നുനോക്കുക, ഒരു മണിക്കൂറെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല: