കൈലാസനാഥന്‍ വ്ര്‌ന്ദാവനത്തില്‍
അലഹബാദിലെ പ്രയാഗയിലാണ് ത്രിവേണി. ഗംഗ യമുന സരസ്വതീ എന്നീ മഹാനദികളുടെ സംഗമസ്ഥാനമാണ് പ്രയാഗ. ഭക്തി ജ്ഞാനം വൈരാഗ്യം എന്നീ ഗുണങ്ങളുടെ പ്രതീകമാണ് ഈ മൂന്ന്‍ നദികള്‍. ആ പ്രയാഗയില്‍ മുങ്ങിക്കുളിച്ചാല്‍ സര്‍വപാപമോചനം എന്ന്‍ മഹദ്വചനം.
പ്രയാഗയില്‍ ഭരദ്വാജമുനിയുടെ ആശ്രമം. അവിടെ യാജ്ഞവല്‍ക്യ മഹര്‍ഷി ശ്രീരാമ കഥ ഭരദ്വാജനെ കേള്‍പ്പിയ്ക്കുന്നു. മറ്റ് ശിഷ്യഗണങ്ങളും, പരമഹംസരായ മഹാത്മാക്കളും ആ കഥാശ്രവണം ചെയ്തുകൊണ്ടിരിയ്ക്കുന്നു. ആ കഥാഗാനം ഇന്നും തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു എന്ന്‍ ശ്രീരാമ ഭക്തര്‍ വിശ്വസിയ്ക്കുന്നു.
വ്യാസപുത്രനും ഭാഗവതോത്തമനുമായ ശ്രീശുകബ്രഹ്മര്‍ഷി നൈമിശാരണ്യത്തില്‍ ഭാഗവതം കഥ പറഞ്ഞുകൊണ്ടേ ഇരിയ്ക്കുന്നു. അധികാരികളായ ശിഷ്യന്മാര്‍ ശ്രീക്ര്‌ഷ്ണഗാഥഥ ശ്രവണം ചെയ്തുകൊണ്ടുമിരിയ്ക്കുന്നു. ഇത് അനവരതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു എന്ന്‍ ഭാഗവതഭക്തര്‍ വിശ്വസിയ്ക്കുന്നു.
വ്ര്‌ന്ദാവനത്തില്‍ എല്ലാ പൗര്‍ണ്ണമി ദിവസവും, ചന്ദ്രികാചര്‍ച്ചിതമായ രാവില്‍ ശ്രീക്ര്‌ഷ്ണപരമാത്മാവ് ഗോപികമാരൊത്ത്‍ രാസലീലാന്ര്‌ത്തം ചെയ്യുന്നു എന്ന്‍ ക്ര്‌ഷ്ണഭക്തര്‍ വിശ്വസിയ്ക്കുന്നു. പൗര്‍ണമി ദിവസം വ്ര്‌ന്ദാവനത്തിലേയ്ക്ക്‍ പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നു. കാരണം അന്ന്‍ അവിടെ ഗോപികമാരൊത്ത്‍ ശ്രീക്ര്‌ഷ്ണന്‍ രാസന്ര്‌ത്തം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം, ഹിമവല്‍ശ്ര്‌ങ്‍ഗമായ ഹിമധവളിമമായ കൈലാസം. ചന്ദ്രന്‍ തന്റെ കിരണങ്ങള്‍ വാരിവിതറി. കൈലാസവും ഹിമവല്‍പ്രദേശവും മിന്നിത്തിളങ്ങുന്നു. ചന്ദ്രകിരണങ്ങളിലൂടെ ഒഴുകിയെത്തുന്ന സോമരസാമ്ര്‌തം ആസ്വദിച്ചുകൊണ്ട് പരമശിവന്‍ കൈലാസാചലേ വിമലാലയേ രത്നപീഠേ സംവിഷ്ഠം ധ്യാനനിഷ്ഠനായി സ്ഥിതികൊള്ളുന്നു. സമയം സന്ധ്യ മയങ്ങി. തന്റെ നിത്യകാര്യങ്ങളില്‍നിന്നും നിവ്ര്‌ത്തയായി, പാര്‍വതീദേവി നടനവേഷങ്ങളണിഞ്ഞ്‍ എങ്ങോട്ടോ യാത്രപോകാന്‍ തയ്യാറായി. ധ്യാനത്തില്‍നിന്നുണര്‍ന്ന പരമശിവന്‍ പാര്‍വതിയോട് ചോദിച്ചു,
ചന്ദ്രികാ ചര്‍ച്ചിത രാത്രിയിലിങ്ങനെ-
യെല്ലാ വാവിനും പോകുന്നതെങ്ങോട്ടാ-
ണെന്നോ, ടൊന്നുമേ പറയാതെയെങ്ങോട്ടാ-
ണെന്നേ, ക്കൂടെ കൂട്ടാതെയെങ്ങോട്ടാ
പരമശിവന്‍ പറഞ്ഞു, അല്ലാ ദേവീ, എല്ലാ വെളുത്ത വാവ്‍ ദിവസവും, ഉടുത്തൊരുങ്ങി ആഭരണങ്ങളെല്ലാം അണിഞ്ഞ്‍, എങ്ങോട്ടാണ് പോകുന്നത്. എന്നെക്കൂടി എന്തുകൊണ്ടാണ് കൂട്ടാത്തത്.
പാര്‍വതി പറഞ്ഞു:
വ്ര്‌ന്ദാ വനമതിലുണ്ടൊരു കണ്ണന്‍
നന്ദ നന്ദനനായൊരു ദേവന്‍
ദേവീ മാരൊത്ത്‍ കേളികളാടൂം
ഗോപീ മാരൊത്ത്‍ ലീലകളാടും
ഹേ ദേവാദിദേവാ, അങ്ങ്‍ ദൂരെ വ്ര്‌ന്ദാവനത്തില്‍ നന്ദഗോപരുടെ നന്ദനനായ ശ്രീക്ര്‌ഷ്ണന്‍ ദേവസ്ത്രീകളും ഗോപികമാരുമൊക്കെ കൂടി രാസലീലാന്ര്‌ത്തം ചെയ്യുന്നുണ്ട്‍. അത്‍ എല്ലാ പൗര്‍ണമി നാളിനും നടക്കുന്നു. ഞാനും അതില്‍ പങ്കെടുക്കാനായിട്ടാണ് എല്ലാ വെളുത്ത വാവിനും പോകുന്നത്.
പരമശിവന്‍ പറഞ്ഞു, ഓ, അങ്ങനെയാണോ. എന്നാല്‍ ഇന്ന്‍ ദേവി എന്നേയും കൊണ്ടുപോണം. എനിയ്ക്കും ആ രാസന്ര്‌ത്തത്തില്‍ ചേരണം.
പാര്‍വതി പറഞ്ഞു, സ്വാമീ, അത് പറ്റില്ല. അവിടെ സ്ത്രീകള്‍ക്ക്‍ മാത്രേ പ്രവേശനമുള്ളു. പുരുഷന്മാര്‍ക്ക്‍ പ്രവേശനം നിഷിദ്ധാണ്. ഒരേ ഒരു പുരുഷനേ അവിടെ ഉള്ളു, അത് ശ്രീക്ര്‌ഷ്ണന്‍ മാത്രം. ഹൗ, എന്തൊരു രസാണ് ആ രാസലീലാ ന്ന്‍ അറിയ്വോ...
ഭഗവാന്‍ പറഞ്ഞു, അതൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിയ്ക്കും പോണം. ഒരു പ്രാവശ്യമെങ്കിലും എനിയ്ക്ക്‍ അതിലൊന്ന്‍ പങ്കെടുക്കണം. പാര്‍വതി പറഞ്ഞു, ആത്‍ പറ്റില്ല സ്വാമീ. അയ്യോ ദേവീ, അങ്ങിനെ പറയരുത്, എനിയ്ക്കും അതില്‍ പങ്കെടുക്കണം. എന്തെങ്കിലും ചെയ്ത് തരൂ, എങ്ങിനെയെങ്കിലും എന്നെക്കൂടി കൊണ്ടുപോകൂ.
പാര്‍വതി ആലോചിച്ചു, എന്ത്‍ ചെയ്യും... പരമശിവനോട്‍ പറഞ്ഞു, സ്വമീ, ഒരു കാര്യം ചെയ്യാം, അങ്ങ്‍ വേഷം മാറണം. സ്ത്രീവേഷം ധരിയ്ക്കണം. (എങ്ങനെയുണ്ടാവും ശിവനെ സ്ത്രീവേഷം കെട്ടിച്ചാല്‍!!) ശിവന്‍ പറഞ്ഞു, തയ്യാര്‍.. അണിയിച്ചോളൂ!! പാര്‍വതി പരമശിവനെ വേഷംകെട്ടിയ്ക്കാന്‍ തുടങ്ങി.
കൈലാസത്തില്‍ ഇന്നിതാ ഒരു പുതിയ പൂജാരി, പരമശിവനെ അണിയിച്ചൊരുക്കുന്നു. എന്തൊരു ബുദ്ധിമുട്ടാണ്, ശരീരത്തിലൊക്കെ കുറെ പാമ്പുകളും, നിറയെ ഭസ്മവും, മുണ്ഡമാലയും, ഡമരുവും, ഒക്കപ്പാടെ എങ്ങനെയാ സാരി ഉടുപ്പിയ്ക്കുക. ഒരു ഭാഗത്ത്‍ പാമ്പുകളെ മുഴുവനും ഉള്ളിലാക്കി സാരി ഉടുപ്പിയ്ക്കും, അപ്പോഴേയ്ക്കും മറ്റേ ഭാഗത്ത്‍ പാമ്പുകള്‍ പുറത്തേയ്ക്ക്‍ തല കാണിയ്ക്കും. ആകെ കുടുങ്ങി. പാര്‍വതി പറഞ്ഞു, സ്വാമീ, ഈ പാമ്പുകളെയൊക്കെ കുറച്ച്‍ നേരത്തേയ്ക്ക്‍ എടുത്ത്‍ കളഞ്ഞൂടേ.. ശിവന്‍ പറഞ്ഞു, എന്റെ കല്യാണത്തിനുംകൂടി ഇവറ്റയെയൊന്നും ഞാന്‍ മാറ്റിയിട്ടില്ല, ഇതൊക്കെ എന്റെ കൂടെ ഉള്ളതാണ്, ഒരു ന്ര്‌ത്തത്തിന് പോവാനായിട്ട്‍ ഇതൊക്കെ വേറെയാക്കാന്‍ പറ്റില്ലാ ദേവീ. എത്രയൊക്കെ പണിപ്പെട്ട്‍ പാര്‍വതി സാരി ഉടുപ്പിച്ചു, പൊട്ട്‍ തൊടീച്ചു, കാതില്‍ ആഭരണങ്ങളൊക്കെ അണിയിച്ചു, ഒരു പൂമാല കഴുത്തിലും ഇട്ടുകൊടുത്തു.
തലമുടി ശരിയാക്കാന്‍ തുടങ്ങിയപ്പോഴാണ് അവിടെ വേറെ എന്തോ കണ്ടത്. പാര്‍വതിയ്ക്ക്‍ ഒന്നും മനസ്സിലായില്ല. അത്യന്തം തേജസ്സെഴുന്ന മുഖവും കഞ്ജലോചനങ്ങളും കണ്ട പാര്‍വതി തെല്ലൊന്ന്‍ ഭയന്നുകൊണ്ട്‍ പരമേശ്വരനോട്‍ ഇതെന്താണെന്ന്‍ ചോദിയ്ക്കുന്നു. അത്യന്തം രസാവഹമായ സംശയങ്ങളും തത്ത്വചിന്താപരങ്ങളായ ശംഭുവിന്റെ സംശയനിവാരണങ്ങളും മനം കുളുര്‍ക്കുന്നതാണ്. കവിഭാവനയുടെ ചാരുത ഒന്ന്‍ ശ്രദ്ധിയ്ക്കൂ -
തിരുമുടി ജടയില്‍ സുരവാഹിനിയുടെ
തിരുമുഖവും കുളുര്‍കൊങ്കദ്വയവും
പരിചൊടുകണ്ടു സഹിയ്ക്കരുതാഞ്ഞു
പുരഹരനോടഥ ചോദ്യം ചെയ്തു
“തിനുമുടി ജടയുടെ നടുവില്‍ വിളങ്ങി-
പ്പരിചൊടു കാണുവതെന്തൊരു വസ്തു“
ഹരനരുള്‍ ചെയ്തിതു “നമ്മുടെ ജടയില്‍
പെരുകിന വെള്ളം വേര്‍പെടുകില്ല“
“കുരള കഥിയ്ക്കരുതെന്നൊടു നാഥാ !
സരസം മുഖമിഹ കാണാകുന്നു“
“മുഖമല്ലതഹോ ജലമതിലുളവാം
വികചസരോജമിതെന്നു വരേണം“
“വികചസരോജേ കുറുനിര നികരം
പരിചൊടു കാണ്മാനെന്തവകാശം“ ?
“കുറുനിരയല്ലതു മധുപാനത്തിനു
വരിവണ്ടുകള്‍ വന്നിണ കൂടുന്നു“
“പുരികക്കൊടിമുനയുഗളമിദാനീം
പരിചൊടു കാണ്മാനെന്തവകാശം“?
“പുരികക്കൊടിയല്ലവിരള മുളകും
ചെറുതിരയത്രേ അചല തനൂജേ“ !
“സരസമതാകിന ലോചനയുഗളം
പരിചൊടു കാണ്മാനെന്തവകാശം“?
“ഗിരിവരതനയേ ! ലോചനമല്ലതു
കരിമീനിണ കളിയാടുകയത്രേ“
“കരികുംഭാക്ര്‌തി കുളുര്‍മുലയുഗളം
പരിചൊടുകാണ്മാനെന്തവകാശം“ ?
“കുളുര്‍മുലയല്ലതു കോകദ്വന്ദ്വം
നളിന സമീപേ വിളയാടുന്നു“ !!
ഇത്തരം സംശയങ്ങളെല്ലാം ചോദിച്ചുകൊണ്ട്‍ ശ്രീപാര്‍വ്വതി പരമശിവന്റെ ജടയൊക്കെ ചീകിയൊതുക്കി, എരുക്കിന്‍ പൂവ്‌കൊണ്ടുള്ള മാലയും തലയില്‍ ചൂടിച്ചു, ഒരു ക്ര്‌ത്രിമ സ്ത്രീയുടെ രൂപം നല്കി.
ശിവ ശ്ര്‌ങ്ഗാരമെല്ലാം കഴിഞ്ഞു, പാര്‍വതിയ്ക്ക്‍ സമധാനമായി. ഭര്‍ത്താവിന്റെ കൂടെ നന്ദിയുടെ പുറത്ത്‍ കയറി രണ്ടുപേരും കൂടി വ്ര്‌ന്ദാവനത്തിലേയ്ക്ക്‍ യാത്ര തിരിച്ചു. യാത്രാമദ്ധ്യേ ഹിമാലയ പര്‍വ്വതനിരകളും ചോലകളും അരുവികളും കാടുകളും മറ്റും നോക്കി രസിച്ചുകൊണ്ടാണ് യാത്ര. എന്തെല്ലാമാണ് കാഴ്ചയില്‍ പെടുന്നത്‍ എന്ന്‍ ശ്രദ്ധിയ്ക്കൂ -
അത്യുന്നതം ഗന്ധമാദന പര്‍വ്വതം
അത്യന്ത വിസ്താരമത്യത്ഭുതം പരം
ഉത്തുംഗ ശ്ര്‌ങ്‍ഗങ്ങള്‍ നക്ഷത്ര മാര്‍ഗത്തില്‍
എത്തുന്നതൊട്ടല്ല പത്തുനൂറായിരം
കുത്തിയൊഴുകുന്ന പൂഞ്ചോല വാരിയില്‍
തത്തിക്കളിയ്ക്കുന്ന മത്സ്യ നക്രങ്ങളും
അത്തിയുമിത്തിയും പിന്നെ പ്പരുത്തിയും
പൂത്തെലഞ്ഞീ ക്ര്‌തമാല ജാലങ്ങളും
മന്ദാര കുന്ദ കുരണ്ഡ കൂട്ടങ്ങളും
കന്ദരാളങ്ങളും കാട്ടു പുഷ്പങ്ങളും
ചൂതം പനസവും ശിംബികാ ചമ്പകം
മാതുലംഗങ്ങളും മാകന്ദ വ്ര്‌ന്ദവും
പുന്നാഗനാഗപ്രയാള ദ്രുമങ്ങളും
പിന്നെബ്ബകുളകള്‍ പൂപ്പാതിരികളും
ഈട്ടിയും തേക്കും തിലകദ്രുമങ്ങളും
ചോട്ടില്‍ പതിയ്ക്കും ചുഴലി വ്ര്‌ക്ഷങ്ങളും
തുംബീലതകളും താംബൂലിക്കൂട്ടവും
ഗുഞ്ജാനികുഞ്ജവും മല്ലികാ വല്ലിയും
അര്‍ജ്ജുനം കേസരം നീലം പലാശവും
സര്‍ജ്ജകം ഖര്‍ജ്ജരം കാരാസ്കരങ്ങളും
വാത വേഗങ്ങളാം മാനും കലകളും
മാതംഗയൂഥവും സിംഹഗണങ്ങളും
വള്ളിപ്പുലികള്‍ വരിയന്‍ പുലികളും
പുള്ളിപ്പുലികള്‍ കരിമ്പുലിക്കൂട്ടവും
ഒടുവില്‍ വ്ര്‌ന്ദാവനത്തില്‍ രാസലീലാ മൈതാനത്തിലെത്തിയ പരമശിവന്‍ ചുറ്റും നോക്കിയപ്പോള്‍ കണ്ടത്‍ -
ദേവസ്ത്രീകളും ലോകസ്ത്രീകളും എല്ലാം ഗോപികമാരുടെ വേഷത്തില്‍ രാസലീലയ്ക്കായി വട്ടത്തില്‍ നില്‍ക്കുന്നു. മധുരോദാത്തമായ രാസലീല കാണാനായി ആകാശത്ത്‍ ദേവതകളെല്ലാവരും കയ്യില്‍ പൂക്കളുമായി വരിവരിയായി നില്‍ക്കുന്നു. പൂര്‍ണ്ണചന്ദ്രപ്രഭയില്‍ വ്ര്‌ന്ദാവനം അതിന്റെ ഭംഗിയുടെ പാരമ്യതയില്‍ എത്തിയിരിയ്ക്കുന്നു. വ്ര്‌ന്ദാവനത്തിലെ വ്ര്‌ക്ഷലതാദികളൊക്കെ നിശ്ചലരായി ക്ര്‌ഷ്ണസ്വരൂപത്തിലേയ്ക്ക്‍ തന്നെ ഉറ്റുനോക്കുന്നു. അതില്‍ ചില വ്ര്‌ക്ഷങ്ങള്‍ നിര്‍ബീജസമാധിയിലെത്തിയതുപോലെ, ഒരു ഇലപോലും ഇളകാതെ നില്‍ക്കുന്നു. പൂത്തുനില്‍ക്കുന്ന മരങ്ങള്‍, ആനന്ദത്തിന്റെ അലയടികളെന്നോണം അതിലെ പൂക്കളില്‍നിന്ന്‍ തേന്‍ പുറത്തേയ്ക്ക്‍ ഒഴുക്കാന്‍ തുടങ്ങി. പൂക്കളുടെ സുഗന്ധവും തേനിന്റെ മാധുര്യവും കൊണ്ട്‍ വ്ര്‌ന്ദാവനത്തിനുതന്നെ മത്ത്‍ പിടിച്ചു. അതോടൊപ്പം തൂവെള്ള നിലാവിന്റെ ശീതളിമയില്‍ വ്ര്‌ന്ദാവനം കോരിത്തരിച്ചു. ആ കോരിത്തരിപ്പില്‍ വ്ര്‌ന്ദാവനത്തിന്റെ കാലുകള്‍ ന്ര്‌ത്തത്തിന്റെ ചുവടുകള്‍ വെയ്ക്കാന്‍ തുടങ്ങി. അപ്പൊ, അലൗകികമായ ആ രാസന്ര്‌ത്തം ചെയ്യാന്‍ വ്ര്‌ന്ദാവനവും ഒരു ഗോപസ്ത്രീയുടെ വേഷം ധരിച്ച്‍ ഗോപികമാരുടെകൂടെ കൂടി.
ആ വട്ടത്തിന് നടുക്ക്‍ അതാ മുരളീമനോഹരനായ ശ്രീക്ര്‌ഷ്ണന്‍. ആ പരബ്രഹ്മസ്വരൂപത്തെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും, അതിന്റെ സങ്കല്‍പ്പത്തിലൂടെ, അകക്കണ്ണുകൊണ്ടൊന്ന്‍ നോക്കിക്കാണാന്‍ സാധിച്ചാല്‍, ആ രംഗം ഇതാ നോക്കൂ -
ത്ര്‌ക്കാല്‍രണ്ടും പിണച്ചത്തിരുമുഖകമലം ദക്ഷിണേ ചായ്‍ച്ചുവെച്ചും
ത്ര്‌ക്കയ്യില്‍ കാഞ്ചനോടക്കുഴലുമഥപിടിച്ചൂതി മന്ദം ഹസിച്ചും
തക്കത്തില്‍പീലിചൂടിക്കരിമുകിലൊളിയും പൂണ്ടു നില്‍ക്കും മുകുന്ദന്‍
നല്‍ക്കാരുണ്യേനനിത്യം മമഹ്ര്‌ദി കളിയാടീടുവാന്‍ കൈതൊഴുന്നേന്‍
ദേവതകള്‍ എല്ലാവരുംകൂടി ശ്രീക്ര്‌ഷ്ണന്റെ അലൗകികരൂപം കണ്ട് സ്തുതിയ്ക്കാന്‍ തുടങ്ങി.
രാസലീലയ്ക്കുള്ള ചുവടുകള്‍ വെച്ചുകൊണ്ട്‍ ഓരോ ഗോപികമാരും ന്ര്‌ത്തം ചെയ്യാന്‍ തുടങ്ങി. പാര്‍വതി പരമശിവന്റെ കൈ പിടിച്ചുകൊണ്ട്‍ വരിയില്‍ ഒരിടത്ത്‍ കയറിക്കൂടി. പാര്‍വതി ശിവനോട്‍ പറഞ്ഞു, സ്വാമീ, വളരെ ശ്രദ്ധിച്ച്‍ വേണം, ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ പ്രശ്നാവും. പരമശിവന്റെ ശരീരത്തിലെ സാരി കുറച്ചുകൂടി താഴോട്ട്‍ വലിച്ചിറക്കി. വട്ടത്തില്‍ വട്ടത്തില്‍ കറങ്ങുന്ന സമയത്ത്‍ പരമശിവന് ന്ര്‌ത്തത്തിന്റെ താളം കിട്ടുന്നില്ല. ഇടയ്ക്കൊക്കെ കുറേശ്ശെ അടികള്‍ തെറ്റുന്നുണ്ട്‍. പാര്‍വതി പറഞ്ഞു, സ്വാമീ, ചുവടുകള്‍ പിഴയ്ക്കുന്നുണ്ട്‍, ആരൊക്കെയോ നോക്കുന്നുണ്ട്‍. ശ്രദ്ധയോടെ കാലുകള്‍ ചുവട്‍ വെച്ച്‍ മെല്ലെമെല്ലെ നീങ്ങിയാല്‍ മതി. പരമശിവന്‍ പറഞ്ഞു, ദേവീ, എനിയ്ക്ക്‍ എക്സ്‍പീരിയന്‍സ്‍ ഇല്ലാത്തതുകൊണ്ടാണ്, ഒന്നുരണ്ടു വ്ര്‌ത്തം കഴിഞ്ഞാല്‍ ഒക്കെ ശരിയാവും. രാസന്ര്‌ത്തം വളരെ ഉത്സാഹത്തോടെ അതിന്റെ വേഗത മെല്ലെ മെല്ലെ കൂടിവന്നു. പരമശിവന്‍ ബുദ്ധിമുട്ടിലായി. സാരിത്തുമ്പ്‍ കാലിന്റെ ഭാഗത്തുനിന്ന്‍ കുറച്ച്‍ മേലോട്ട്‍ പൊങ്ങി. അപ്പോഴെയ്ക്കും ഒരു സര്‍പ്പം കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തേയ്ക്ക്‍ നോക്കി. മെല്ലെ അതിനെ സാരിത്തുമ്പുകൊണ്ട്‍ മറച്ചു. ശിവന്‍ ആകെക്കൂടി വലിയ പ്രയാസത്തില്‍. ആ സമയത്ത്‍ താളം തെറ്റി ചുവടുവെയ്ക്കുന്ന ഗോപികയെ ശ്രീക്ര്‌ഷ്ണന്‍ കണ്ടു. രാധയോട്‍ പറഞ്ഞു, രാധേ, നീ കണ്ട്വോ .. ‘എന്താ‘ ? ഇന്ന്‍ ഏതോ ഒരു പുതിയ ഗോപിക വന്നിട്ടുണ്ടല്ലോ. രാധ പറഞ്ഞു, അവരൊക്കെ എന്നും വരുന്നവര്‍ തന്നെയാണ്. അല്ല, പുതിയ ഗോപികയാണ്. രാധയോട് പറഞ്ഞു, രാധേ, അത് സ്ത്രീ അല്ല. അത്‍ സ്ത്രീവേഷത്തില്‍ ഒരു പുരുഷനാണ്. “ക്ര്‌ത്രിമസ്ത്രീയുടെ വേഷവിധാനേ ഇ-ത്രിപുരാന്തകനെന്നിവിടെക്കാണ്മൂ...“ ?
ശ്രീക്ര്‌ഷ്ണന്‍ മെല്ലെ ശിവന്റെ അരികിലെത്തി, കൈ പിടിച്ച്‍ വ്ര്‌ത്തത്തിന്റെ നടുവിലേയ്ക്ക്‍ കൊണ്ടുവന്നു. രണ്ടുപേരും പരസ്പരം വന്ദിച്ചു, ആലിംഗനം ചെയ്തു. ഹരിഹര സംഗമം വ്ര്‌ന്ദാവനത്തില്‍ സമാഗതമായി. ദേവതകള്‍ ആകാശത്തുനിന്ന്‍ പുഷ്പവ്ര്‌ഷ്ടി ചെയ്തു. ദുന്ദുഭി ആദി വാദ്യഘോഷങ്ങള്‍ മുഴക്കി.
ശ്രീക്ര്‌ഷ്ണന്‍ പരമശിവന്റെ കൈകള്‍ പിടിച്ചതോടെ, ശിവന്‍ സ്വമേധയാ സമാധിഷ്ടനായി -
അഹം നിര്‍വ്വികല്‍പോ നിരാകാര രൂപോ
വിഭുര്‍വ്യാപ്യ സര്‍വ്വത്ര സര്‍വ്വേന്ദ്രിയാണാം
സദാ മേ സമത്വം ന ബന്ധുര്‍ ന മിത്രം
ചിദാനന്ദരൂപം ശിവോഹം ശിവോഹം
മഹേശം സുരേശം സുരാരാര്‍ത്തിനാശം
വിഭും വിശ്വനാഥം വിഭൂത്സ്യംഗഭൂഷം
വിരൂപാക്ഷമിന്ദര്‍ക്ക വഹ്നിത്രിനേത്രം
സദാനന്ദമീഡേ പ്രഭൂം പഞ്ചവക്ത്രം
ഗിരീശം ഗണേശം ഗളേ നീല വര്‍ണ്ണം
ഗവേന്ദ്രാദിരൂഢം ഗണാതീതരൂപം
ഭവം ഭാസ്വരം ഭസ്മനാഭൂഷിതാംഗം
ഭവാനീകളത്രം ഭജേ പഞ്ചവക്ത്രം
സമാധിസ്ഥനായ പരമശിവനെ ശ്രീക്ര്‌ഷ്ണന്‍ വ്ര്‌ന്ദാവനത്തില്‍ പൂജ അര്‍ച്ചനാദികള്‍ ചെയ്ത് വണങ്ങി. പെട്ടെന്നൊരു ഇളം കാറ്റ്‍ വീശി. പുഷ്പനികുഞ്ജങ്ങളാല്‍ തലതാഴ്ത്തിയ വ്ര്‌ക്ഷങ്ങളില്‍നിന്ന്‍ പൂക്കള്‍ ഹരിഹരന്മാരുടെ വിഗ്രഹത്തില്‍ വീണു. ദേവതകളെല്ലാവരും കൂടി പരമശിവനെ സ്തുതിച്ചു. വരൂ, നമുക്കും അ സ്തുതിയില്‍ ചേര്‍ന്നുകൂടേ...
യസ്യാങ്ഗേ ച വിഭാതി മധുരസുതാ ദേവാപഗാ മസ്തകേ
ഭാലേ ബാലവിധുര്‍ഗ്ഗളേ ച ഗരളം യസ്യോരസി വ്യാളരാട്
സോ/യം ഭൂതിവിഭൂഷണ: സുരവര: സര്‍വാധിപ: സര്‍വദാ
ശര്‍വ: സര്‍വഗത: ശിവ: ശശിനിഭ: ശ്രീശങ്‍കര: പാതു മാമ്
പരമശിവന്റെ ആ സമാധി അവസ്ഥയില്‍ ശ്രീക്ര്‌ഷ്ണ പരമാത്മാവ്‍ വ്ര്‌ന്ദാവനത്തില്‍ പൂജ ചെയ്തതുകൊണ്ട്‍ ഗോപേശ്വര്‍ ശിവ് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചു. ഇന്നും പരമശിവന്‍ ഗോപേശ്വര്‍ ശിവ് എന്ന സങ്കല്‍പ്പത്തില്‍ വ്ര്‌ന്ദാവനത്തില്‍ വാഴുന്നു. ഈ പേരില്‍ ആ ക്ഷേത്രം പ്രസിദ്ധിനേടിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ