2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

സംസ്കാരം ആന്തരികമാണ്‌. ബാഹ്യസമ്മര്‍ദ്ദങ്ങള്‍കൊണ്ട്‍ മാറുന്നതല്ല. നിത്യനിരന്തരമായി ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക്‍ അടിമപ്പെട്ട്‍ കര്‍മ്മകലാപങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍നിന്ന്‍ നേടിയതെല്ലാം മറ്റൊരു സംസ്കാരമായി പരിണമിക്കുന്നു. ആ സമയത്ത്‍ചെയ്തുകൂട്ടിയതിന്റെ എല്ലാ സ്മരണകളും അവനില്‍ നിഹിതമായിത്തീരുന്നു. ആ സാഹചര്യങ്ങളില്‍ നിന്ന്‍ മാറി മറ്റൊരു സാഹചര്യത്തിലേയ്ക്ക്‍ നീങ്ങുന്ന വ്യക്തി പുതിയ സാഹചര്യത്തെ അവലംബിച്ച്‍ ജീവിക്കുന്നു. അതിന്റെ കുറെ വാസനകളും കൊണ്ട്‍ അവന്റെ ജീവിതം മുന്നോട്ടുപോകുന്നു, പ്രാരബ്ധം തീര്‍ക്കുന്നു. പൂര്‍വ്വ ജന്മ കര്‍മ്മാര്‍ജ്ജിതങ്ങളും പൂര്‍വ്വ കര്‍മ്മാജ്ജിതങ്ങളുമായ വാസനകള്‍ വ്യക്തിയെ നിത്യജീവിതത്തില്‍ വല്ലാതെ സ്വാധീനിക്കുന്നു.    കള്ളന്‍ വാത്മീകി ആയി എന്ന്‍ നമ്മുടെ കണ്ടെത്തലാണ്‌.  രത്നാകരന്‍ ഒരു ഉത്തമ ബ്രാഹ്മണനായിരുന്നു. ആ തലത്തില്‍ നിന്ന്‍ നിപതിച്ചിട്ടാണ്‌ ഒരു പിടിച്ചു പറിക്കാരനായത്‍. വീണ്ടും സാഹചര്യം മാറിയപ്പോള്‍ തിരിച്ച്‍ ബ്രാഹ്മണ്യത്തെ പുല്‍കി. താനൊരു ഉത്തമ ബ്രാഹ്മണനായിരുന്നെന്നും, ത്രിഗുണോല്പന്നമായ ആസക്തിയ്ക്ക്‍ അടിമപ്പെട്ട്‍ ആസുരീയ ചിന്തകള്‍ക്ക്‍ അധീനനായി ഒരു ശൂദ്രസ്ത്രീയുമായി ഇണചേരാനുള്ള ആഗ്രഹം ഉണ്ടാവുകയും അവളുമൊത്ത്‍ ജീവിതം നയിക്കാനും ആഗ്രഹിച്ചതിന്റെ ഫലമായി നന്മയില്‍നിന്ന്‍ തിന്മയിലേക്ക്‍, സത്തില്‍നിന്ന്‍ അസത്തിലേയ്ക്ക്‍ ഞാന്‍ അധ:പ്പതിച്ചു എന്ന്‍ വാത്മീകിതന്നെ ശ്രീരാമനോട്‌ പറയുന്നുണ്ട്‍.  തന്നെ ഉപദ്രവിക്കാന്‍ വന്ന ഒരുവനെ ഒരുത്തി വധിക്കുന്നത്‍ അവളില്‍ അന്തര്‍ലീനമായ ചോദന കൊണ്ടുതന്നെയാണ്.  അവിടെ ആവള്‍ സ്ത്രീയല്ല. അവള്‍ ശക്തിയാണ്‌. പാരുഷ്യംപൂണ്ട വ്യക്തിത്ത്വമാണ്‌ അവിടെ കാണുന്നത്‍. അവളെന്നും അവനെന്നും ഉള്ള ഭേദം മനുഷ്യന്റെ ദ്ര്‌ഷ്ടിയിലാണ്‌. ആന്തരിക സത്തയില്‍ അവനോ അവളോ ഇല്ല. ജീവാത്മാവേ ഉള്ളു.   നാലോ അഞ്ചോ വയസ്സ്‍ പ്രായമുള്ള കുട്ടികള്‍ നന്നായി പാട്ട്‍ പാടുന്നതും ഡാന്‍സ്‍ ആടുന്നതും അപാര ബുദ്ധിപ്രകടനം കാഴ്ച വെയ്ക്കുന്നതും എല്ലാം ആ കുട്ടി ഈ ജന്മത്തില്‍ പഠിച്ചെടുത്തതൊന്നുമല്ല. അവന്റെ സംസ്കാരം തന്നെയാണ്‌.  എല്ലാ കര്‍മ്മങ്ങളും അവനവന്റെ വാസനയ്ക്കനുഗുണമായേ ചെയ്യാന്‍ പറ്റൂ. അതില്‍ സാഹചര്യത്തിന്‌ വലിയ പങ്കൊന്നുമില്ല. ഓരോ കര്‍മ്മവും, കര്‍മ്മഫലവും, അതാതിന്റ് ഇന്ദ്രിയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്‍.  എന്റെ ഇന്ദ്രിയ ജനിത അനുഭവങ്ങള്‍ ഉല്പന്നമാക്കിയ/ഉല്പന്നമാക്കുന്ന വാസനകള്‍ അവിടെ കിടക്കുന്നുണ്ട്‍.  വിശേഷാകാരമായ ജാഗ്രത്‍ സാമാന്യാകാരമായ സ്വപ്നത്തിലെത്തി ശൂന്യാകാരമായ സുഷുപ്തിയെ പുല്‍കി ചാക്രികമായി സംഭവിക്കുമ്പോള്‍ ജനിമ്ര്‌തികള്‍ മാറിമാറി വരുന്നു.  ഇങ്ങനെ മാറി മാറി വരുന്ന ജനിമ്ര്‌തികള്‍ അവന്‍ ചെയ്തുകൂട്ടിയ കര്‍മ്മകലാപങ്ങളുടെ ആകത്തുകയാണ്‌. ഒന്നിനുപുറകെ മറ്റൊന്നായി അത്‍ അവന്റെ നിത്യജീവിതത്തില്‍ പ്രകടീഭൂതമായിക്കൊണ്ടിരിക്കുന്നു. ഇതിനെ സംസ്കാരം എന്ന്‍ പറയും.


അഭിപ്രായങ്ങളൊന്നുമില്ല: