ജ്ഞാനമെന്ന പദത്തിന് സ്വസ്വരൂപജ്ഞാനം, ആത്മജ്ഞാനം എന്നൊക്കെ അര്‍ത്ഥം. അറിയുന്നവനെ കുറിച്ച്‍ അറിയാതിരിയ്ക്കയും എന്നാല്‍ ലോകത്തിലെ എല്ലാറ്റിനേയും കുറിച്ച്‍ അറിവുണ്ടാവുകയും ചെയ്യുന്നതിനെ അജ്ഞാനമെന്ന്‍ പറയുന്നു. അതിന് കാരണം, ലോകത്തെകുറിച്ച്‍ അറിയുന്തോറും താപം/ദു:ഖം കൂടുകയെ ഉള്ളു. താപത്രയത്തിന്റെ നാശം അറിയുന്നവനെ കുറിച്ച്‍ അറിയുമ്പോള്‍ മാത്രമാണ്. മാത്രമല്ല ലോകത്തെ കുറിച്ച്‍ അറിയുക എന്നതുതന്നെ ഒരു കര്‍മ്മമാണ്. സകല കര്‍മ്മങ്ങളും അജ്ഞാനത്തില്‍ നിന്ന്‍ ഉത്ഭവിയ്ക്കുന്നു.
ലോകത്തെകുറിച്ചുള്ള അറിവിനെ അപരവിദ്യയുടെ അറിവ്‍ എന്ന്‍ പറയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ വസ്തുവിനെയും കുറിച്ചുള്ള പഠനപാഠനങ്ങളെല്ലാം അപരാവിദ്യയാണ്. സ്വന്തം ദേഹത്തെകുറിച്ചും അതിന്റെ അവയവങ്ങളെകുറിച്ചും മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, ഇത്യാദികളെകുറിച്ചെല്ലാമുള്ള അറിവുകളും അപരാവിദ്യയാണ്. നാലുവേദങ്ങളും വേദാംഗങ്ങളും എന്നുവേണ്ട ബാഹ്യമായി എന്തെല്ലാമുണ്ടോ അതൊക്കെ അപരാവിദ്യയില്‍ പെടുന്നു. അപരാവിദ്യയുടെ അറിവില്ലായ്മ വലിയ ദോഷം ചെയ്യില്ല. ലോകത്തെ കുറിച്ചുള്ള അറിവ്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമേ ചെയ്യു. ആ ദോഷമാണെങ്കിലോ മാനവനുമാത്രമായി ഒതുങ്ങുകയുമില്ല. ഈ പ്രപഞ്ചത്തിനുതന്നെ ദോഷമായിട്ടേ പരിണമിയ്ക്കു. അപരാവിദ്യയുടെ അറിവില്‍നിന്നുള്ള ഗുണവും ദോഷവും താരതമ്യം ചെയ്ത്‍ പഠിച്ചാല്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് സംഭാവന ചെയ്തിട്ടുള്ളത്‍ എന്ന്‍ മനസ്സിലാക്കാം. ലോകത്തെകുറിച്ച്‍ നല്ല അറിവുള്ളവരാണ് ഏറ്റവും അധികം ദോഷം ചെയ്യുന്നത്‍. ന്യൂക്ലിയര്‍ ബോംബ് ആറ്റം ബോംബ് ഇത്യാദികളെകുറിച്ചൊക്കെയുള്ള അറിവുനേടിയവരാണ് ഏറ്റവും കൂടുതല്‍ ദോഷം. വേദവേദാംഗ ശാസ്ത്രാദികളിലെല്ലാം പാണ്ഡിത്യം നേടിയ വിപ്രനാണെങ്കിലും ആ പാണ്ഡിത്യം അവിദ്യയാണ്, അജ്ഞാനമാണ്. സ്വാത്മാവിനെ അറിയുന്നതാണ് അറിവ്‍. ഒരു കര്‍മ്മംകൊണ്ടും ഇത്‍ സാധ്യമല്ലതാനും. കര്‍മ്മത്തില്‍നിന്നുള്ള വിമുക്തിയാണ് അത്മജ്ഞാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ