ന പ്രാണേന നാപാനേന മര്‍ത്യോ ജീവതി കശ്ചന
ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ
പ്രാണാപാനങ്ങളെക്കൊണ്ടല്ല ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നത്‍, ഇവക്ക്‍ രണ്ടിനും ആശ്രയമായ വേറൊന്നിനാലാകുന്നു.
അപാനന്‍ എന്നത്‍ അകത്തേയ്ക്കെടുക്കുനതും പ്രാണന്‍ പുറത്തേക്ക്‍ പോകുന്നതുമാണ്. ഇത്‍ ഒരു ഇന്ദ്രിയത്തിന്റെ ധര്‍മ്മമാണ്. ഘ്രാണേന്ദ്രിയം ശ്വാസപ്രശ്വാസങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു, നിത്യ നിരന്തരമായിട്ട്‍. ജനനത്തിനുമുമ്പ്‍ തന്നെ ഘ്രാണേന്ദ്രിയം ഈ പ്രക്രിയ തുടങ്ങുന്നു. ഒരിക്കലും മനുഷ്യന്‍ ശ്രദ്ധിയ്ക്കാത്ത ഒരു കര്‍മ്മം അവന്‍ സദാ ചെയ്തുകൊണ്ടേ ഇരിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളില്‍ ഒന്നാണ് ഘ്രാണേന്ദ്രിയം. അതുകൊണ്ടുതന്നെ അതിലൂടെ അകത്തേയ്ക്ക്‍ എടുക്കുന്ന വായു ശരീരത്തിന്റെ ആഹാരമാണ്. കണ്ണ്‍ ചെവി നാവ്‍ ത്വക്ക്‍ എന്നീ നാല് ഇന്ദ്രിയങ്ങളിലൂടെ അകത്തേയ്ക്ക്‍ എടുക്കുന്നതും ആഹാരം തന്നെ. വായിലൂടെ അകത്തേക്ക്‍ എടുക്കുന്നത്‍ മാത്രമല്ല ആഹാരം. ഈ ഒരു തലത്തില്‍ ചിന്തിച്ചാല്‍ കണ്ണുകൊണ്ട്‍ കാണുന്ന ആഹാരംകൊണ്ടോ ചെവികൊണ്ട് കേള്‍ക്കുന്ന ആഹാരംകൊണ്ടോ വായിലൂടെ കഴിക്കുന്ന ആഹാരം കൊണ്ടോ ത്വക്കിലൂടെ സ്പര്‍ശിക്കുന്ന ആഹാരംകൊണ്ടോ മാത്രം മനുഷ്യന്‍ ജീവിക്കില്ല എന്നാണ്. ഈ കര്‍മ്മങ്ങളൊക്കെ ശരീരത്തിന്റെ വിവിധ ധര്‍മ്മങ്ങളില്‍ ചിലതുമാത്രമാണ്. ആഹാരം കഴിക്കാതെ എത്രയോ ദിവസങ്ങളോളം പലരും ജീവിക്കുന്നുണ്ട്‍, പ്രത്യേകിച്ച്‍ യോഗികള്‍. അകത്തേക്ക്‍ എടുക്കുന്ന അപാനനെ ഉള്ളില്‍ത്തന്നെ പ്രാണനില്‍ വിലയം ചെയ്യിച്ച്‍ ദിവസങ്ങളോളം ജീവിക്കുന്നവരുണ്ട്‍. ഇതേപോലെ കര്‍ണ്ണേന്ദ്രിയത്തെയും നേത്രേന്ദ്രിയത്തെയും നിയമിച്ച്‍ ദിവസങ്ങളോളം വ്യക്തി ജീവിക്കുന്നുണ്ട്‍. ശ്വാസപ്രശ്വാസത്തിനെ വ്യക്തിയ്ക്ക്‍ അഭ്യാസത്തിലൂടെ നിരോധിക്കാനുള്ള കഴിവുണ്ടാകുന്നു. മണിക്കൂറുകളോളമോ ദിവസങ്ങളോളമോ വര്‍ഷങ്ങളോളമോ ഇന്ദ്രിയങ്ങളൊന്നുംതന്നെ അതാതുകളുടെ ധര്‍മ്മം നിര്‍വ്വഹിക്കാതെത്തന്നെ വ്യക്തി ജീവിക്കും. നാല് ഇന്ദ്രിയങ്ങളിലൂടെയുള്ള ആഹാരങ്ങള്‍ ഇല്ലെങ്കിലും ഘ്രാണെന്ദ്രിയത്തിലൂടെയുള്ള ശ്വാസപ്രശ്ശ്വാസമാകുന്ന ആഹാരം ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല എന്നാണ് പറയുക. എന്നാല്‍ അതും അത്ര പ്രമുഖമൊന്നുമല്ല. അതിനെയും അതിക്രമിച്ചുകൊണ്ട്‍ വേറെ എന്തോ ഒന്ന്‍ ശരീരത്തിലിരിക്കുന്നു. അതിന്റെ മഹാനതയിലാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്‍. അതാണ് ആത്മാവ്‍ എന്നും ഞാന്‍ എന്നും മറ്റും വിവിധ ശബ്ദങ്ങളാല്‍ വിവക്ഷിതപ്പെടുന്നത്‍. ത്വക്ക്‍ രക്തം മാംസം മജ്ജ ഇത്യാദികളുടെ സംഘാതമാണ് ഈ ശരീരം. ഈ സംഘാതം നിലനില്‍ക്കുന്നതുതന്നെ ആ ആത്മാവിനുവേണ്ടിയാണ്. ആത്മാവ് ശരീരത്തിനുവേണ്ടിയല്ല നില്‍ക്കുന്നത്‍. അതുകൊണ്ടാണ് ജ്ഞാനേന്ദ്രിയങ്ങളും ആത്മാവിനുവേണ്ടിയാണ് നിലനില്‍ക്കുന്നത്‍ എന്ന അര്‍ഥത്തില്‍ മുകളില്‍ സൂചിപ്പിച്ച വരികള്‍.
ഹരി ഓം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ