2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പ്രാണേന ഹീദം സ‍വമുത്തബ്‍ധം.


ബ്ര്‌ഹദാരണ്യ ഉപനിഷത്തില്‍ പറയുന്നു :

പ്രാണേന ഹീദം സ‍വമുത്തബ്‍ധം.
ഈ ജഗത്തെല്ലാം പ്രാണനാലാണ്‌ താങ്ങിനിറുത്തപ്പെട്ടിരിക്കുന്നത്‍.

ഈ ശരീരത്തിനെ സ്ര്‌ഷ്ടിച്ചതിനുശേഷം ഇതിലെ ഓരോ ദേവതകളും അഹങ്കരിയ്ക്കാന്‍ തുടങ്ങി. ദേവതകള്‍ എന്ന്‍ പറഞ്ഞാല്‍, ഓരോ ഇന്ദ്രിയങ്ങളുടെയും അടിസ്ഥാന ദേവതകള്‍, ഇന്റലിജന്‍സ് എന്ന്‍ അര്‍ഥം. ചെവിയുടെ ഇന്ദ്രിയം, കണ്ണിന്റെ ഇന്ദ്രിയം തുടങ്ങിയവ. ഓരോ ഇന്ദ്രിയത്തിനും അതാതിന്റെ ദേവതകളെ സങ്കല്‍പ്പിച്ചിരിക്കുന്നു.  അപ്പോള്‍ അല്പം അകലെയായി മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടു. അതിനെ ദക്ഷന്‍ എന്ന്‍ പറയുന്നു. ഇന്ദ്രിയദേവതകള്‍ ദക്ഷനെ കണ്ടു. പരസ്പരം ആശ്ചര്യത്തോടെ അവര്‍ നോക്കി. എന്നിട്ട്‍ അവര്‍ പറഞ്ഞു, അതാരാണ്‌, ആ ദക്ഷന്‍ അരാണ്‌ എന്ന്‍. ആരുംതന്നെ ആതാരാണെന്ന്‍ നോക്കാന്‍ തുനിഞ്ഞില്ല. അവര്‍ തമ്മില്‍ പറഞ്ഞു, ആര്‌ ആ ദക്ഷനെ അറിഞ്ഞുവരും. കണ്ണിന്റെ ദേവതയോട്‍ പറഞ്ഞു, നീ പോയി ആ ദക്ഷനെ അറിഞ്ഞു വരിക എന്ന്‍. കണ്ണ്‌ ശരീരത്തില്‍നിന്ന്‍ വിട്ടുപോയി, അല്പകാലം കഴിഞ്ഞ്‍ തിരിച്ചുവന്നു. കണ്ണിന്റെ ദേവത തിരിച്ചു വന്നപ്പോള്‍, ഈ ശരീരം പഴയപോലെത്തന്നെ ഉണ്ട്‍. കണ്ണ്‍ ചോദിച്ചു, ഞാന്‍ പോയപ്പോള്‍ നിങ്ങള്‍ എങ്ങിനെ നിലനിന്നു എന്ന്‍. മറ്റുള്ളവര്‍ പറഞ്ഞു, അതിനെന്താ,  ഏതുവിധം കണ്ണ്‍ ഇല്ലെങ്കിലും, അന്ധന്‍ ജീവിക്കുന്നുവോ അതുപോലെ ജീവിച്ചു, ഒന്നും സംഭവിച്ചില്ല, സംഭവിക്കുകയുമില്ല, എന്ന്‍. കണ്ണിന്റെ ദേവന്‌ ആ ദക്ഷനെ അറിയാന്‍ സാധിച്ചില്ല.  ഇതേ പോലെ ശരീരത്തിലെ ഓരോ അധിഷ്ഠാന ദേവതകളും ആ ദക്ഷനെ അറിയുന്നതിനുവേണ്ടി ശരീരത്തിനെ വിട്ടുപോയി, തിരിച്ചു വന്നു. അവര്‍ തിരിച്ചു വന്നപ്പോഴെല്ലാം ഈ ശരീരം സുഖമായിത്തന്നെ ഇരിക്കുന്നതു കണ്ടു. ഓരോ ദേവതമാരും ഞാനാണ്‌ ഈ ശരീരത്തിലെ മുഖ്യന്‍ എന്നാണ്‌ അഹങ്കരിച്ചിരുന്നത്‍. എന്നാല്‍ ഓരോരുത്തരുടെയും വിട്ടുപോകല്‍ ഉണ്ടായപ്പോഴും ഈ ശരീരം ഉണ്ടായിരുന്നതുപോലെത്തന്നെ വര്‍ത്തിച്ചു. ഒടുവില്‍ പ്രാണന്റെ ദേവതയെ ദക്ഷനെ അറിഞ്ഞുവരുന്നതിനായി നിയോഗിച്ചു. പ്രാണന്‍ ഒരിക്കലും ഈ ശരീരത്തില്‍ താനാണ്‌ മുഖ്യന്‍ എന്ന്‍ അഹങ്കരിച്ചിരുന്നില്ല. ദക്ഷനെ അറിഞ്ഞുവരുന്നതിനായി പ്രാണന്‍ ശരീരം വിടുന്നതിന്‌ മെല്ലെ എഴുന്നേറ്റു. അതോടെ മറ്റ്‍ ദേവതകളെല്ലാം ദു:ഖിതരായി, ആകെ വെപ്രാളപ്പെടാന്‍ തുടങ്ങി. പ്രാണനോട്‍ പറഞ്ഞു, അരുത്‌, നീ ഈ ശരീരം വിട്ട്‍ പോകരുത്‍, പോയാല്‍ ഞങ്ങളില്‍ ആരുംതന്നെ ബാക്കിയുണ്ടാവില്ല, എന്ന്‍. പ്രാണന്‍ അതുകേട്ട്‍ ശരീരത്തില്‍ത്തന്നെ നിരഹങ്കാരനായി ഇരുന്നു. കാരണം പ്രാണന്‌ അറിയാമായിരുന്നു, പുറത്തുള്ള ആ ദക്ഷന്‍ മറ്റാരുമല്ല, ഉള്ളിലുള്ള അത്മാവുതന്നെയാണ്‌ ദക്ഷനായി വന്നിട്ടുള്ളത്‍ എന്ന്‍.  ആത്മാവിനെ അറിയുന്നവനായതുകൊണ്ട്‍ പ്രാണന്‍തന്നെ, ഉപസനയ്ക്ക്‍ പാത്രം.

നമുക്കെല്ലാം അറിയാം പ്രാണന്‍ ശരീരത്തില്‍ ഇല്ലെങ്കില്‍ പിന്നെ ഈ പറയുന്നവനും ഇല്ല, ഇത്‍ വായിക്കുന്നവനും ഇല്ല. ഏറ്റവും ആദ്യമായി അറിയേണ്ടതും വരേണ്യമായിട്ടുള്ളതും പ്രാണന്‍ തന്നെ. പ്രാണന്‍ മാത്രമേ  ആത്മാവിനെ അറിയുന്നുള്ളു.   പ്രാണനെ വീക്ഷിക്കുക, പ്രാണനെ ശ്രദ്ധിക്കുക, പ്രാണോപാസനയില്‍ മുഴുകുക.

വ്യഷ്ടിയില്‍ ഏതുവിധമാണോ പ്രാണന്‍ മുഖ്യനാകുന്നത്‍, അതുപോലെത്തന്നെ സമഷ്ടിയിലും മുഖ്യമായിട്ടുള്ളത്‍ പ്രാണന്‍ തന്നെ. ബഹിരംഗോപാസനയായാലും അന്തരംഗോപാസനയായാലും ഉപാസനയ്ക്ക്‍ പ്രാണന്‍തന്നെ മഹത്വമുള്ളത്‍. പ്രാണജ്ഞാനം ഉണ്ടായാല്‍ ആത്മജ്ഞാനം സ്വയമേവാഗതമാകുന്നു. കാരണം വ്യഷ്ടിയില്‍ പ്രാണന്‍ ആത്മാവിനെയും സമഷ്ടിയില്‍ പ്രാണന്‍ പരമാത്മാവിനെയും അറിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: