ആത്മസാക്ഷാത്കാരം അതി ലളിതം
ഒരാള്‍ക്ക്‍ ഒരു ആത്മാവേ ഉള്ളു. സാക്ഷാല്‍ ആത്മാവായിട്ടാണ് ഓരോരുത്തരും ഇരിക്കുന്നത്‍തന്നെ. ഉറക്കത്തില്‍ ഉണര്‍ന്നതിനുശേഷം മാത്രമേ ഞാനെന്നും നിങ്ങളെന്നും, നല്ലതെന്നും നല്ലതല്ലാത്തതെന്നുമൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുന്നുള്ളു. ഉറക്കത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല, യാതൊരു ആവശ്യങ്ങളുമില്ല. ഈശ്വരവിശ്വാസി എന്ന്‍ പറയുന്നവനും ഈശ്വരനില്‍ വിശ്വസിക്കുന്നില്ല എന്ന്‍ പറയുന്നവനും ഈശ്വരനെയാണ് സ്മരിക്കുന്നത്‍, എന്നാല്‍ ആരും ഉറക്കത്തില്‍ ഒന്നും പറയുന്നില്ല, കാരണം എല്ലാവരും ആത്മാവില്‍ത്തന്നെയാണ്, സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് ഇരിക്കുന്നത്‍. ആരെയും ഒന്നിനെയും ആരും സക്ഷാല്‍ക്കരിക്കേണ്ടതായിട്ടില്ല. സാക്ഷാത്‍ ആത്മാവായിട്ടാണ് എല്ലാവരും ഉള്ളത്‍. അനാത്മാവായിട്ടുള്ള വസ്തുക്കളെ, ആത്മാവല്ലാത്തതിനെ, ആത്മാവായിട്ട്‍ കരുതുന്നതുകൊണ്ടാണ് ആത്മാവിനെ കുറിച്ച്‍ ചിന്തിക്കുന്നതും, അതിനെ അറിയണമെന്ന്‍ കരുതുന്നതും, പറയുന്നതുമൊക്കെ. അനാത്മാവായിരിക്കുന്നതിനെ ചിന്തിയ്ക്കാതിരുന്നാല്‍, പിന്നെ ഉള്ളത്‍ ആത്മാവ്‍ മാത്രം. അത്‍ നിത്യോപലബ്ധമാണുതാനും. ആര്‍ക്കും അവനവനെത്തന്നെ സാക്ഷാത്‍ക്കരിക്കാന്‍ പറ്റില്ല. ഞാനെന്ന ഒരു ആത്മാവും ഏതൊന്നിനെ സാക്ഷാല്ക്കരിക്കണമെന്ന വ്യഗ്രതയുണ്ടോ ആ ഒരു ആത്മാവും, അങ്ങിനെ രണ്ട്‍ ആത്മാവ്‍ ഇല്ലല്ലൊ. പിന്നെ എന്തിനെയാണ് സാക്ഷാല്‍ക്കരിക്കാനുള്ളത്‍. ഉള്ളത്‍ ഒന്നേ ഉള്ളു, അത്‍ ഇപ്പൊത്തന്നെ സാക്ഷാത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അനാത്മവസ്തുക്കള്‍ അതിനൊരു ആവരണമായി ഭാസിക്കുന്നു എന്നുമാത്രം. ആ അനാത്മവസ്തുക്കളെ കാണാതിരിക്കുക, അപ്പൊ ആത്മാവിനെ കാണാം. ഇപ്പോള്‍ അപരോക്ഷമെന്നോ പരോക്ഷമെന്നോ ഒക്കെ തോന്നുന്നുവെങ്കില്‍, അപ്പോഴും നാം അതിനെ എന്തോ ഒരു ആവരണത്തോടുകൂടി കണ്ടുകൊണ്ടിരിക്കുന്നു. ഇല്ലാത്തതാണെങ്കിലും ഉള്ളതാണെന്ന്‍ തോന്നിപ്പിച്ച്‍, ഉള്ളതിനെ, അതായത്‍ ആത്മാവിനെ, മറയ്ക്കാന്‍ പര്യാപ്തമായ അനാത്മാകാരങ്ങളെ നിരാകരിക്കുകയാണ് അത്മസാക്ഷാത്‍കാരം. കണ്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ് അതിന് പരോക്ഷമെന്ന ശബ്ദപ്രയോഗംതന്നെ വരുന്നത്‍. അക്ഷമെന്ന ശബ്ദത്തിന് കണ്ണ്‍ എന്നര്‍ത്ഥം. ആ ആവരണംതന്നെയാണ് അനാത്മവസ്തുവായിട്ടുള്ളത്‍. അതിനെ കാണാതെ ആത്മാവിനെ കാണുക. അത്‍ പ്രത്യക്ഷത്തിലുള്ളതാണ്. പ്രതി അക്ഷം - കണ്ണിന് തൊട്ടു മുന്നില്‍ നില്‍ക്കുന്നു.
അതിനെ കണ്ടപ്പഴാണ് ഭട്ടതിരി വിളിച്ച്‍ പറഞ്ഞത്‍, ഇതാ ഇതാ ഇവിടെ, ഹേ ലോകരേ ഇങ്ങോട്ട്‍ നോക്കിന്‍, ഇതാ കണ്ടോളൂ പ്രത്യക്ഷത്തില് വിളങ്ങ്‌ണ് കണ്ടോളൂ -
അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം, പീയൂഷാപ്ലാവിതോഽഹം, തദനു തദുദരേ ദിവ്യകൈശോരവേഷം, താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദ രോമാഞ്ചിതാംഗൈ-രാവീതം നാരദാദ്യൈര്‍ വിലസദുപനിഷത്‍ സുന്ദരീ മണ്ഡലൈശ്ച.
ഭട്ടതിരിപ്പാടും കണ്ടത്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ത്തന്നെയായിരുന്നു. ആ സദ്‍ഭാഗ്യം നമുക്കും വേണ്ടേ.. ശ്രമിച്ച്‍ നോക്കൂ.. വെറും നാമജപംകൊണ്ട്‍ സാധിയ്ക്കാവുന്നതേ ഉള്ളു ഇത്‍. ഉള്ളില്‍ ആര്‍ത്ത്‍ വിളിയ്ക്കുക, ഈശ്വരനാമജപം കൊണ്ട്‍ കോശകോശാന്തരങ്ങള്‍ ഉന്മത്തമാവട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ