2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

യോഽസൗ ഗുണൈര്‍വിരചിതോ ദേഹോഽയം പുരുഷസ്യ ഹി
സംസാരസ്തന്നിബന്ധോഽയം പുംസോ വിദ്യാച്ഛിദാത്മന:

വ്യക്തിയുടെ ദേഹം സത്വാദിഗുണങ്ങളില്‍ നിന്നുണ്ടായ പഞ്ചഭൂതങ്ങളാലാണോ  ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നത്‍,  അതെ, ഈ സംസാരം/പ്രപഞ്ചം, അതു നിമിത്തം ഉണ്ടായതാകുന്നു. ആത്മജ്ഞാനം ഇതിനെ നശിപ്പിയ്ക്കുന്നു.  


യഥാ ബ്രഹ്മാണ്ഡേ തഥാ പിണ്ഡാണ്ടേ എന്നാണല്ലൊ ശ്രുതി. ബ്രഹ്മാണ്ഡം/ഈ പ്രക്ര്‌തി എന്തുകൊണ്ടാണോ നിര്‍മ്മിതമായിരിയ്ക്കുന്നത്‍, അതേ തത്ത്വങ്ങളാലാണ്‌ പിണ്ഡാണ്ഡവും നിര്‍മ്മിതമായിരിക്കുന്നത്‍.  അത്‌ പഞ്ചഭൂതങ്ങളുടെ പഞ്ചീകരണത്താലാണ്‌.  പ്രക്ര്‌തിയില്‍ സംഭവിയ്ക്കുന്ന  നേരിയ വ്യതിയാനങ്ങള്‍കൂടി, ഋതുഭേദാദികളടക്കം,  ശരീരത്തിന്‌ അനുഭവപ്പെടുന്നത്‍ ഇത്‍ രണ്ടും ഒരേതത്ത്വമായതുകൊണ്ടാണ്‌. ഈ ശരീരം പ്രക്ര്‌തിയുടെതാണ്‌, എന്റേതല്ല എന്ന്‍ മനനാത്‍ ബോധ്യം വരേണ്ടതുണ്ട്‍.  പ്രക്ര്‌തി ജഡസ്വരൂപമാണ്‌, അതുപോലെ ഈ ശരീരവും ജഡസ്വരൂപമാണ്‌.  ജഡശരീരത്തെ ആശ്രയിച്ച്‍ ആത്മാവ്‌ തിളങ്ങിക്കൊണ്ടിരിയ്ക്കുന്നുണ്ട്‍. സത്വരജസ്തമസ്സ്‍ എന്നീ ത്രിഗുണങ്ങളാല്‍ ആത്മാവ്‍ മറയ്ക്കപ്പെട്ടിരിയ്ക്കുന്നതിനാല്‍ അതിനെ അറിയുന്നില്ലെന്ന്‍ മാത്രം. ശരീരവും എല്ലാ ഇന്ദ്രിയങ്ങളും മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം ഋദയം എല്ലാം ജഡമാണ്‌. ഇതില്‍ ഒന്നും ചൈതന്യമില്ല. ഇതൊന്നും സ്വയമേവ ചലിയ്ക്കുന്നില്ല, സ്പന്ദിയ്ക്കുന്നില്ല, സ്ഫുരിക്കുന്നില്ല. ചൈതന്യാത്മകമായ ആത്മാവ്‌ ത്രസിക്കുമ്പോള്‍ മനസ്സ്‍ ആവിര്‍ഭവിക്കുകയും അത്‍ മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരാദികളായി വിഹരിക്കുകയും അതിന്റെതന്നെ സ്ഫുരണകളായ ജ്ഞാനം ഇച്ഛ ക്രിയാശക്തികളായി ഭവിക്കുകയും ചെയ്യുന്നു.    ജാഗ്രത്‍ സ്വപ്ന സുഷുപ്തികള്‍ക്ക്‍ അതീതമായ തുരീയാവസ്ഥയും കടന്ന്‍ തിരീയാതീത അവസ്ഥ എന്ന ഒന്നുണ്ട്‍. ജാഗ്രത്ത്‍-സ്വപ്ന-സുഷുപ്തി ഇത്‍ മൂന്നും ഗുണിയാണ്‌. ത്രി-ഗുണങ്ങളുടെ തിരുവെഴുത്തോടുകൂടിയതാണ്‌. അതിലെല്ലാം തമസ്സാണ്‌ അധികവും.  നിസ്ത്രൈഗുണ്യോ ഭവ:ഽര്‍ജ്ജുന - ഹേ അര്‍ജ്ജുനാ, നീ മൂന്നുഗുണങ്ങള്‍ക്കും അതീതനായിത്തീര്‌! എന്ന്‍ ഗീതയിലും കാണാം.  പഞ്ചഭൂതാത്മകമായ പ്രക്ര്‌തി ശിവത്തിന്റെ ക്രിയാശക്തിയാണ്‌. ആ ക്രിയാശക്തി തന്നെയാണ്‌ അതേ തത്ത്വത്താല്‍ നിര്‍മ്മിതമായ ഈ ശരീരവും. പ്രക്ര്‌തി സ്ത്രീയായതുകൊണ്ട്‍ ഈ ശരീരവും പൂര്‍ണ്ണമായും സ്ത്രീയാണ്‌. ആ ക്രിയാശക്തിയെ ശൈവത്തിന്റെ ഇച്ഛാശക്തിയാകുന്ന പ്രാണനാല്‍  നശിപ്പിച്ച്‍ ശൈവമാകുന്ന ജ്ഞാനശക്തിയില്‍ ഉപസ്ഥിതമാകണം. ഗുണങ്ങളെ അതിക്രമിയ്ക്കുമ്പോള്‍ മാത്രമെ അഹംഎന്നകാരം നശിച്ച്‍ അഹംബോധത്തില്‍ രമിയ്ക്കു. 

അഭിപ്രായങ്ങളൊന്നുമില്ല: