2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

സത്വം രജസ്തമ ഇതി ഗുണാ ബുദ്ധേര്‍ന്ന ചാത്മന:
സത്ത്വേനാന്യതമൗ ഹന്യാത്‍ സത്ത്വം 
സത്ത്വേന ചൈവ ഹി 

സത്വം രജസ്സ്‍ തമസ്സ്‍ എന്ന ഗുണങ്ങള്‍ പ്രക്ര്‌തിയുടെ വ്യഷ്ട്യംശമായ ബുദ്ധിയുടെ ധര്‍മ്മങ്ങളാണ്‌, ആത്മധര്‍മ്മങ്ങളല്ല. ആ മൂന്ന്‍‍ ഗുണങ്ങളില്‍വെച്ച്‍ ഉത്‍ക്ര്‌ഷ്ടമായ സത്ത്വഗുണംകൊണ്ട്‍ മറ്റ്‍ രണ്ട്‍ ഗുണങ്ങളെ ആദ്യം നശിപ്പിക്കണം. പിന്നെ സത്ത്വഗുണത്തെ അതിന്റെ അതിനിര്‍മ്മലാംശത്തില്‍തന്നെ നശിപ്പിക്കാം.

മനസ്സിനെ മനസ്സുകൊണ്ടുതന്നെ അടക്കണം. വേറെ ഒരു ശക്തികൊണ്ടും മനസ്സിനെ അടക്കാന്‍ സാധ്യമല്ല.  സത്വഗുണമല്ലേ, അതല്ലേ വേണ്ടത്‍, എന്നൊക്കെ ശങ്കിക്കും. മറ്റ്‍ രണ്ട്‍ ഗുണങ്ങളെ അപേക്ഷിച്ച്‍ സത്ത്വഗുണം ഉത്‍ക്ര്‌ഷ്ടമാണെന്ന്‍ മാത്രമേ അര്‍ത്ഥമുള്ളു. കള്ളന്‍ പെരുംകള്ളന്‍ മഹാകള്ളന്‍ ഇതുപോലെയേ ഉള്ളു അത്‍. എല്ലാം കള്ളന്മാര്‍തന്നെ.  ഈ ഗുണങ്ങള്‍ ഒന്നും ആത്മാവിന്റെ അല്ല. അതെല്ലാംതന്നെ ബുദ്ധിയുടെ തലമാണ്‌. ശരീരം ജഡമായതുകൊണ്ട്‍ അതില്‍ ഇരിക്കുന്ന ബുദ്ധിയും ജഡംതന്നെ. ജഡത്തിന്റെ വിശേഷങ്ങളില്‍ കുടുങ്ങരുത്‍. ശുദ്ധചൈതന്യത്തിന്‌ യാതൊരു ഗുണങ്ങളും ഏല്‍ക്കുന്നില്ല.  (ഗുണം എന്നാല്‍ ധര്‍മ്മം എന്ന്‍ പഠിക്കണേ). സര്‍വ്വഗുണങ്ങളെയും അടക്കി വ്യക്തി മാനവനില്‍ നിന്ന്‍ മഹാമാനവനിലേക്കും അവിടുന്ന്‍ ദേവത്ത്വത്തിലേക്കും അവിടുന്ന്‍ ജഗദീശോത്സംഗത്തിലെക്കും പ്രസ്ഥാനമാവണം. സാലോക്യം സാമീപ്യം സാരൂപ്യം സായൂജ്യം ഇതാണ്‌ പടികള്‍. സര്‍വ്വഗുണസമ്പന്നന്‍ എന്നൊക്കെ ഈശ്വരനെ സംബോധന ചെയ്യുന്നത്‍ കാണാം. അതൊന്നും വാച്യര്‍ത്ഥവാചി ശബ്ദങ്ങളല്ല. ലക്ഷ്യാര്‍ത്ഥം നിര്‍ഗ്ഗുണമാണ്‌, ഗുണാതീതമാണ്‌. സര്‍വ്വഗുണങ്ങള്‍ക്കും അതീതനായവന്‍. മാനവന്‌ അപാരശക്തികളുണ്ട്‍. അതിനെ ഒന്ന്‍‌ തട്ടിയുണര്‍ത്തുകയാണാവശ്യം. ചാരംചൂടിയ കണല്‍പോലെയാണ്‌ ഓരോ വ്യക്തിയും. ഉദയസൂര്യാഭപോലെ വിളങ്ങുന്ന ഗുണാതീത തത്ത്വം പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‍, പക്ഷെ ഘനമേഘത്താല്‍ ആ സൂര്യന്‍ മറക്കപ്പെട്ടിരിക്കുന്നു. ആ സൂര്യന്റെതന്നെ ചൂടുകൊണ്ട്‍ ആ മേഘത്തെ ജലകണികകളാക്കി മാറ്റുമ്പോള്‍ മേഘമില്ലാതാവുകയും സൂര്യതേജസ്സ്‍ പ്രകടമാവുകയും ചെയ്യുന്നു. അതുപോലെ സത്വഗുണത്താധിക്യത്തോടെ രജസ്തമസ്സുകള്‍ ഗൗണമാവുകയും ക്രമേണ മൂന്നുഗുണങ്ങളും ഇല്ലാതായി ഗുണാതീതമാവുകയും ചെയ്യുന്നു. സത്സംഗങ്ങളും മഹാപുരുഷന്മാരുടെ അനുഗ്രഹങ്ങളും കുറെ സാഹായ്യമാകും. 

അഭിപ്രായങ്ങളൊന്നുമില്ല: