2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വിഷയാന്‍ ധ്യായതശ്ചിത്തം
വിഷയെഷു വിഷജ്ജതേ
മാമനുസ്‍മരതശ്ചിത്തം
മയ്യേവ പ്രവിലീയതേ           

വിഷയസുഖങ്ങളെത്തന്നെ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‍ വിഷയങ്ങളില്‍ ലയിച്ച്‍ വിഷയങ്ങളായിട്ടുതന്നെ പരിണമിക്കുന്നു. എന്നെത്തന്നെ എപ്പോഴും സ്മരിക്കുന്നവന്റെ മനസ്സ്‍ എന്നില്‍ത്തന്നെ വിലയംപ്രാപിക്കുന്നു.

ചെവി കണ്ണ് മൂക്ക്‍ നാക്ക്‍ ത്വക്ക്‍ എന്ന അഞ്ച്‍ അവയവങ്ങളുടെ ഇന്ദ്രിയങ്ങളെന്ന്‍ പറയുന്ന അഞ്ച ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ്‌ മനുഷ്യന്‍ വിഷയങ്ങളുമായി ബന്ധപ്പെടുന്നത്‍. ഈ അഞ്ച്‍ ഇന്ദ്രിയങ്ങളും ജഡമാണ്‌, നിര്‍ജ്ജീവമാണ്‌. ഇവ അഞ്ചും ശരീരത്തില്‍ ഉണ്ടായിട്ട്‍ കാര്യമില്ല, അവ വിഷയങ്ങളുമായി ബന്ധപ്പെട്ട്‍ അത്‍ ഇന്നതാണെന്ന്‍ തിരിച്ചറിയണമെങ്കില്‍, അതില്‍ നിന്ന്‍ ഇന്ന സുഖം കിട്ടുമെന്ന്‍ അറിയണമെങ്കില്‍, അവ വിഷയങ്ങളുമായി ബന്ധപ്പെടുന്ന സമയത്ത്‍ അവിടെ മനസ്സിന്റെ സാന്നിധ്യം ആവശ്യമാണ്‌. രണ്ടുപേര്‍ ഇരിക്കുമ്പോള്‍ അവരുടെ കണ്ണിന്റെ മുന്നിലൂടെ കടന്നുപോയ ഒരു വ്യക്തിയെ, ഒരാള്‍ കാണുകയും മറ്റേയാള്‍ കാണാതിരിക്കുകയും ചെയ്യും. വ്യക്തി അതിലെ പോകാത്തതുകൊണ്ടല്ല മറ്റേയാള്‍ കാണാതിരുന്നത്‍, അയാളുടെ മനസ്സ്‍ മറ്റെന്തോ വ്യാപാരത്തിലായിരുന്നതുകൊണ്ടാണ്‌. മനസ്സാന്നിധ്യം അവിടെ ഇല്ലായിരുന്നു. അപ്പോള്‍ വിഷയങ്ങളല്ല മനുഷ്യനെ സുഖദു:ഖങ്ങളിലേയ്ക്ക്‍ കൊണ്ടെത്തിക്കുന്നത്‍, മറിച്ച്‍ അവന്റെ മനസ്സാണ്‌.  ഏതൊരു വിഷയത്തെകുറിച്ചും നിരന്തരം സ്മരിക്കുമ്പോള്‍ സ്മരിക്കുന്നവന്റെ മനസ്സ്‍ ആ വിഷയമായി പരിണമിക്കുകയാണ്‌ ചെയ്യുന്നത്‍. അവന്‍തന്നെ ആ വിഷയമായി തീരുന്നു. ഒരു വിഷയത്തെ അനുഭവിക്കണമെന്ന്‍ തീവ്രമായ ഇച്ഛയുണ്ടായാല്‍, ആ വിഷയത്തിന്റെ അഭാവത്തില്‍ത്തന്നെ ആ വിഷയത്തിനെ മനസ്സില്‍ ചേര്‍ത്തുവെച്ച്‍ അതിനെ അനുഭവിക്കുന്നു, അതിന്റെ അനുഭവാനന്തര സുഖത്തെ ചിന്തിക്കുകയും ചെയ്യുന്നു. തീവ്രമായ ഇച്ഛയുണ്ടാകുന്നതോടെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. വിഷയസുഖങ്ങളുടെ ഉപഭോഗം ശാശ്വത സുഖത്തെ തരുന്നില്ലെന്ന്‍ അനുഭവത്തില്‍നിന്ന്‍ പഠിക്കണം. മനസ്സിന്റെ സങ്കല്‍പ്പങ്ങളെ മനസ്സുകൊണ്ടുതന്നെ മനനം ചെയ്ത്‍ ശമിപ്പിക്കണം. വിഷയസുഖങ്ങളുടെ വ്യര്‍ത്ഥത സ്വയം അനുഭവപ്പെടണം. ശാശ്വതസുഖം എവിടെനിന്ന്‍ കിട്ടും. എവിടെനിന്നും കിട്ടാനൊന്നുമില്ല, നേടേണ്ടതൊന്നുമല്ല, അത്‍ ഇപ്പൊത്തന്നെ കിട്ടിയിട്ടുള്ളതാണ്‌, സിദ്ധമാണ്‌. ഓരോരുത്തരിലും അത്‍ ഉണ്ട്‍. അതിന്‌ ആകെ വേണ്ടത്‍ വിഷയസുഖങ്ങളില്‍ ഓടിക്കിതക്കുന്ന മനസ്സിനെ ഈശ്വരോന്മുഖമാക്കുക, അതിനെ സ്മരിക്കുക, ആ അസ്പ‍ര്‍ശമരൂപമവ്യയമായ സത്‍ചിത്ത്‍ആനന്ദസ്വരൂപമായ ബ്രഹ്മത്തെ സ്മരിക്കുക. വെറുതെ സ്മരിച്ചതുകൊണ്ട്‍ ശാശ്വത സുഖം അനുഭവമാകുമോ, അതെ, വെറുതെ സ്മരിച്ചാല്‍മതി. നിത്യനിരന്തരമായി സ്മരിക്കണമെന്നുമാത്രം. എന്നാല്‍ - മാമനുസ്‍മരതശ്ചിത്തം - എന്നെ അനുസ്യൂതം സ്മരിക്കുന്ന മനസ്സ്‍ 
-മയ്യേവ പ്രവിലീയതേ- എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു. ചിത്തവ്ര്‌ത്തികള്‍ ഓരോന്നോരോന്നായി ഓടിമറയുന്നത്‍ നമുക്ക്‍തന്നെ കണാം. അപ്പോള്‍  അവന്‍  -മയ്യേവ പ്രവിലീയതേ- ഞാന്‍തന്നെയായി തീരുന്നു, എന്ന്‍ ഭഗവദ്‍വചനം. 

അഭിപ്രായങ്ങളൊന്നുമില്ല: