2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കര്‍മ്മത്തിലൂടെ കര്‍മ്മമുക്തി

1. കര്‍മ്മത്തില്‍ നിന്നുള്ള മുക്തി എങ്ങിനെ. 2. ശരിയായ ഭക്തി വരാന്‍ എന്തു ചെയ്യണം, 3. വിജ്ഞാനത്തില്‍ കൂടെ അല്ലെ ജ്ഞാനം വരികയുള്ളു.

കര്‍മ്മം എന്നാല്‍ എന്താണെന്ന്‍ ക്ര്‌ത്യമായി അറിയണം. മനസ്സിന്റെ ഓരോ ആന്ദോളനങ്ങളും കര്‍മ്മമാണ്‌. ഓരോ ചിന്തകളും കര്‍മ്മമാണ്‌. അത്‍ സൂക്ഷ്മമായ കര്‍മ്മമാണെന്നുമാത്രം.  ആ ചിന്തകള്‍ വാക്കുകളായി ബഹിര്‍ഗ്ഗമിക്കുമ്പോള്‍ കുറച്ചുകൂടി സ്ഥൂലമാകുന്നു. വാക്കുകള്‍ കര്‍മ്മങ്ങളായി പരിണമിക്കുമ്പോള്‍ തികച്ചും സ്ഥൂലകര്‍മ്മമാകുന്നു.

കര്‍മ്മംകൊണ്ട്‍, അല്ലെങ്കില്‍ കര്‍മ്മത്തിലൂടെ കര്‍മ്മമുക്തി എന്നാണ്‌ കര്‍മ്മയോഗംകൊണ്ട്‍ വിവക്ഷിയ്ക്കുന്നത്‍. വേദങ്ങളില്‍ കര്‍മ്മം ചെയ്യാനാണല്ലൊ ആഹ്വാനം ചെയ്യുന്നത്‍ എന്ന്‍ സംശയം  വരാം. എന്നാല്‍ അത്‍ അങ്ങിനെയല്ല. വേദങ്ങള്‍ കര്‍മ്മം, ജ്ഞാനം, ഭക്തി എന്നിങ്ങനെ മൂന്നുവിധത്തിലാണ്‌ വിവക്ഷിക്കുന്നത്‍. വേദമന്ത്രങ്ങള്‍ പ്രത്യക്ഷവാദമല്ല, മറിച്ച്‍ പരോക്ഷവാദമാണെന്ന്‍ മനസ്സിലാക്കണം. അതുകൊണ്ടുതന്നെയാണ്‌ വേദങ്ങള്‍ നിഗൂഢങ്ങളാണ്‌, രഹസ്യങ്ങളാണ്‌ എന്ന്‍ പറയുന്നത്‍. ഭാഗവതത്തില്‍ ഇതിനെ കുറിച്ച്‍ ഉദ്ദവര്‍ക്ക്‍ തത്ത്വബോധത്തിന്റെ അറിവ്‍ പകര്‍ന്നുകൊടുക്കുമ്പോള്‍ ഭഗവാന്‍ ഇത്‍ പ്രത്യേകം പറയുന്നുണ്ട്‍. അതൊന്ന്‍ മറിച്ചുനോക്കുന്നത്‍ ശുഭോദര്‍ക്കമായിരിക്കും. കര്‍മ്മങ്ങള്‍ ചെയ്ത്‍ മുന്നേറുമ്പോള്‍ അതിലെ തത്ത്വങ്ങള്‍ മനസ്സിലാകും. അപ്പോള്‍ കര്‍മ്മങ്ങളെല്ലാം അജ്ഞാനത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു എന്ന്‍ ബോധ്യമാകും. അതോടെ എല്ലാ കര്‍മ്മങ്ങളും കാമത്തില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‍ എന്ന്‍ ബോധ്യപ്പെടും.  കാമം അജ്ഞാനത്തിന്റെ സന്തതിയുമാണ്‌. അങ്ങിനെ വരുമ്പോള്‍ അജ്ഞാനമാണ്‌ കര്‍മ്മകാരണം എന്ന്‍ തിരിച്ചറിയും. നമ്മുടെയൊക്കെ ജന്മംതന്നെ അജ്ഞാനാവ്ര്‌തമായ കാമകാരണമാണെന്ന്‍ അറിയാതെയാണ്‌ നാം വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.  ആ അജ്ഞാനമാവട്ടെ, അവനവനെത്തന്നെ അറിയാതിരിക്കലുമാണ്‌. ആ സമയം ജീവാത്മാവ്‌ മെല്ലെമെല്ലെ ഓരോ കര്‍മ്മവും ത്യജിയ്ക്കാന്‍ തുടങ്ങും. ഈ ത്യജിക്കാനുള്ള ബോധോദയം ഉണ്ടാവണമെങ്കില്‍ ആ കര്‍മ്മത്തിന്റെ വ്യര്‍ത്ഥത ബോധ്യപ്പെടണം. ആ ബോധ്യപ്പെടലില്‍ നിന്നാണ്‌ കര്‍മ്മത്യാഗം വരുന്നത്‍. കര്‍മ്മം ത്യജിയ്ക്കേണ്ടതാണെന്ന്‍ ബോധ്യപ്പെട്ട ഒരു വ്യക്തി വീണ്ടും ജീവസന്ധാരണത്തിനാവശ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‍ കാണാം. അങ്ങിനെ മറ്റുള്ളവര്‍ക്ക്‍ തോന്നുന്നുവെങ്കില്‍, മറ്റുള്ളവര്‍ കാണുന്നുവെങ്കില്‍, ആ വ്യക്തി അത്തരം കര്‍മ്മം ചെയ്യുമ്പോഴും അതില്‍നിന്ന്‍ ഒന്ന്‍ പ്രതീക്ഷിയ്ക്കുന്നില്ലെന്നും അയാള്‍ വെറും ഒരു യന്ത്രമാണെന്നും ആ യന്ത്രത്തെ പ്രവര്‍ത്തിപ്പിയ്ക്കുന്ന യന്ത്രി ഈശ്വരനാണെന്നുമുള്ള ബോധത്തിലാണ്‌ ചെയ്യുന്നത്‍.  കണ്ണിന്റെ പോള അടയ്ക്കുന്നതും തുറക്കുന്നതും ഒരു കര്‍മ്മമാണ്‌, എന്നാ‍ല്‍ വ്യക്തി അതൊന്നും അറിയാതെതന്നെ അയാള്‍ ചെയ്യുന്നു. അതുപോലെ ജീവസന്ധാരണത്തിനുള്ള അവശ്യം കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കും.

കര്‍മ്മത്തെ കര്‍മ്മംകൊണ്ട്‌ ഇല്ലാതാക്കാന്‍ സാധ്യമല്ല. താത്‍ക്കാലിക ശാന്തി ഉണ്ടായേയ്ക്കാം. ആത്യന്തിക ശുദ്ധി നേടാന്‍ പറ്റില്ല. കര്‍മ്മത്തിന്റെകൂടെ  അതിന്റെ ത്യാജ്യത്തെയും കൂടി സമന്വയിപ്പിയ്ക്കുമ്പോഴാണ്‌ ആത്മശുദ്ധി കൈവരുന്നത്‍.   തേന ത്യക്തേന ഭുഞ്ജിത: എന്ന്‍ ഈശാവാസ്യ ഉപനിഷത്ത്‍. മെല്ലെ മെല്ലെ ഓരോ കാമത്തെയും/ഇച്ഛയെയും അതിന്റെ വ്യര്‍ത്ഥത സ്വയം ബോധ്യപ്പെട്ട്‍ ത്യജിക്കുക. ബാഹ്യകാര്യങ്ങളില്‍ ഇടപെടാതിരിയ്ക്കുക. അത്യാവശ്യത്തിനുമാത്രം ഇടപെടുക. മെല്ലെമെല്ലെ അതും വേണ്ടെന്ന്‍ വെയ്ക്കുക.

ഈ പ്രപഞ്ചത്തിലുള്ള ഒരു വസ്തുവും എന്നെ സഹായിക്കില്ല. സഹായിക്കാന്‍ പറ്റില്ല. ഞാന്‍ അനുഭവിയ്ക്കെണ്ടത്‍ ഞാന്‍ തന്നെ അനുഭവിയ്ക്കണം. ഇത്‌ തീര്‍ച്ചയുള്ളതാണ്‌. മരണവും പൂര്‍വ്വ നിശ്ചിതമാണ്‌.  ഏതൊരു ബന്ധവും സ്വാര്‍ത്ഥത്തിന്റെ മാത്രമാണ്‌.  അമ്മ കുഞ്ഞിനെ സ്നേഹിയ്ക്കുന്നത്‍ കുഞ്ഞിനുവേണ്ടിയല്ല, അമ്മയ്ക്കുവേണ്ടിയാണ്‌.  ഭര്‍ത്താവ്‌ ഭാര്യയെ സ്നേഹിയ്ക്കുന്നത്‍ ഭാര്യയ്ക്കുവേണ്ടിയല്ല, ഭര്‍ത്താവിനുവേണ്ടിയാണ്‌. ഈ ലോകംതന്നെ വെറും സ്വാര്‍ത്ഥന്മാരുടെ കൂട്ടായ്മയാണ്‌, അതുകൊണ്ടുതന്നെ അത്‍ അജ്ഞാനാന്ധകാരവുമാണ്‌. അതുകൊണ്ടാണ്‌ ദാര്‍ശനികര്‍ പറയുന്നത്‍, വിഡ്ഢികളുടെ കൂട്ടഓട്ടമാണ്‌ ഈ ലോകമെന്ന്‍. ഇവിടെ ആരെയും ഒന്നിനെയും ആശ്രയിക്കാന്‍ പറ്റില്ല. ആശ്രയിയ്ക്കത്തക്കതായി ഒന്നുമില്ല. എനിയ്ക്ക്‍ എന്നിലെ അന്തര്യാമിയെ, ഞാന്‍ ഏതൊരു ശക്തിയിലാണോ എന്റെ പരിപൂര്‍ണ്ണ ശ്രദ്ധ ഇട്ടിട്ടുള്ളത്‍, അതിനെ മാത്രമേ ആശ്രയിക്കാന്‍ പറ്റു, അത്‍ ജഗദീശ്വനാണ്‌, പരമാത്മാവാണ്‌.  ലോകത്ത്‍ ഇന്നുവരെ ഇതരേതരങ്ങളായ വസ്തുക്കളെ ആരെല്ലാം ആശ്രയിച്ചുവോ, അവരെല്ലാം അവരുടെ ജീവിതത്തില്‍ ദു:ഖങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്‍, ദു:ഖങ്ങളേ ഉണ്ടായിട്ടുള്ളു എന്ന്‍ പറയുന്നതായിരിക്കും ശരി.

>ശരിയായ ഭക്തി എന്ന പ്രയോഗംതന്നെ ചിന്തനീയമാണ്‌. ശരിയായ ഭക്തി എന്ന്‍ പറയുമ്പോള്‍ ശരിയല്ലാത്ത ഭക്തി ഉണ്ട്‍ എന്ന്‍ വരുന്നു. ഭക്തി ഒന്നേ ഉള്ളു. അത്‍ സ്വസ്വരൂപ അനുസന്ധാനമാണ്‌, ഈശ്വരസമര്‍പ്പണമാണ്‌.

അതുപോല് ഭക്തി കൈവരുക എന്ന പ്രയോഗവും ശരിയല്ല. കൈ വരിക എന്ന്‍ പറയുമ്പോള്‍ എന്തൊക്കെയോ ചെയ്തുകൂട്ടിയാല്‍ കിട്ടുന്ന എന്തോ ഒന്നാണ്‌ ഭക്തി എന്ന്‍ വരുന്നു. അത്‍ ശരിയായ വീക്ഷണമല്ല. എല്ലാവരിലും  ഇപ്പൊത്തന്നെ സിദ്ധമായിട്ടുള്ളതാണ്‌ ഭക്തി.  ത്രിഗുണങ്ങളാല്‍ നിര്‍ഭരമായ ശരീരവും മനസ്സും ജാഗ്രദവസ്ഥയും സ്വപ്നവും സുഷുപ്തിയും എല്ലാം കൂടി ശുദ്ധബുദ്ധമുക്തസ്വരൂപമായ സ്നേഹാത്മാവിനെ മറച്ചിരിക്കുന്നു. ഭൗതിക കര്‍മ്മകലാപങ്ങളില്‍പെട്ട്‍ ഉഴലുന്ന മനുഷ്യന്‍ അവന്റെ സ്വസ്വരൂപത്തെ അറിയാന്‍ തുനിയുന്നില്ല. അന്തര്യാമിയായിട്ടുള്ള, സ്നേഹസ്വരൂപനായിട്ടുള്ള ഈശ്വരന്‍ സദാ വാത്സല്യം വഴിഞ്ഞുകൊണ്ടുതന്നെയാണിരിക്കുന്നത്‌. അതും ഭക്തന്റെ ഋദയമാണ്‌ പരമമായ ആവാസസ്ഥാനവും. ആ വാത്സല്യമാണെങ്കിലോ, ഘനരൂപത്തിലുള്ളതുമാണ്‌. അത്‍ സത്ത്‍, ചിത്ത്‍, ആനന്ദ സ്വരൂപമാണ്‌, ഘനരൂപമാണ്‌, ഒന്നിനോടും തുലനം ചെയ്യാന്‍ പറ്റാത്തതാണ്‌.  എന്നാല്‍ അത്‍ ദുര്‍ലഭമാണെന്നാണ്‌ നാമൊക്കെ കരുതുന്നത്‍. അല്ല. അത്‍ സുലഭമായി ലഭിച്ചിട്ടുള്ളതാണ്‌, ഇപ്പൊത്തന്നെ സിദ്ധമാണ്‌.  കരതലാമലകം പോലെ ഉള്ളംകയ്യില്‍ത്തന്നെ കിട്ടിയിട്ടുള്ളതാണ്‌. എന്നിട്ടും അതൊന്നുമറിയാതെ എവിടെയെല്ലാമോ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മൂഢന്മാരെപ്പോലെ. എന്തെങ്കിലും കുറെയൊക്കെ ചെയ്താലേ എന്തെങ്കിലും നേടാന്‍ പറ്റു എന്നത്‍ ആധുനിക ജഡിലമായ വിദ്യാഭ്യാസത്തിന്റെ സംഭാവനയാണ്‌. ഏത്‍ ഓഫീസില്‍ ചെന്നാലും കൈക്കൂലി കൊടുത്ത്‍ അതൊരു സ്വഭാവമാക്കിയവന്‌ ക്ഷേത്രത്തില്‍ പോയാലും ഒരു വഴിപാടെങ്കിലും കഴിച്ചില്ലെങ്കില്‍ എന്തോ ഒരു പന്തികാടാണ്‌. ശ്രീകോലിലിനകത്തിരിക്കുന്ന ക്ഷേത്രജ്ഞന്‌ ഒന്നിന്റെയും ആവശ്യമില്ല. ശുദ്ധഋദയം മാത്രമേ ആവശ്യപ്പെടുന്നുള്ളു. ഏവം ദുര്‍ല്ലഭ്യവസ്തുന്യപി സുലഭദയാ ഹസ്ത ലബ്ധേ, യദന്യത്തന്വാ ധിയാ വാ ഭജതി ബത ജന: ക്ഷുദ്രതൈവസ്ഫുടേയം.  ആ സച്ചിതാനന്ദഘനസ്വരൂപനും കാരുണ്യവാനുമായ ജഗദീശ്വര ഭക്തി ഋദയത്തില്‍ സ്ഫുരിച്ചുകൊണ്ടേ ഇരിയ്ക്കുന്നുണ്ട്‍. എന്നാല്‍ ആത്മാവിന്റെതന്നെ ബഹിര്‍സ്ഫുരണമായ ചിന്തകള്‍ ആ ആത്മാവിനെത്തന്നെ മറച്ചുകൊണ്ട്‍ സ്ഥിതിചെയ്യുന്നു. ആ ചിന്തകളെ കുറെശ്ശെ അകറ്റിയാല്‍ സ്ഫടികതുല്യമായ ആത്മാവ്‍ തെളിയാന്‍ തുടങ്ങും.

ക്ര്‌ത്യമായ ചിട്ടകൊണ്ട്‍ ഭക്തിയില്‍ പുരോഗതി പ്രാപിയ്ക്കാം. നാമജപമാണ്‌ ഏറ്റവും ഉത്തമം. രാവിലെ എണീറ്റാല്‍ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും പൂര്‍ണ്ണ മൗനം പാലിക്കുക. അപ്പോഴൊക്കെ നാമജപം അത്യാവശ്യം ഉറക്കെത്തന്നെ ജപിക്കുക. വീട്ടിലെ ഓരോ അംഗങ്ങളും ഉണരുന്നത്‍ നാമജപം/സങ്കീര്‍ത്തനാദികള്‍ കേട്ടുകൊണ്ടാവട്ടെ. നമ്മള്‍തന്നെ ജപിയ്ക്കണം. ആദ്യമൊക്കെ റേഡിയോ വെച്ചാല്‍ ഭക്തിഗാനം കേള്‍ക്കാമായിരുന്നു. പിന്നീട്‍ കേസെറ്റ്‍ വന്നു. അത്‍ രണ്ടും മോക്ഷം പ്രാപിച്ചു. ഇപ്പൊ സി.ഡി.പ്ലെയര്‍ ആണ്‌. അടുത്തുതന്നെ  അതിനും മോക്ഷം കിട്ടും. ഇതൊക്കെ പാടി കേട്ട ഞാന്‍ ഇപ്പോഴും എവിടെയായിരുന്നുവോ അവിടെത്തന്നെയല്ലേ, ചിന്തിക്കുക. സ്വയംതന്നെ ജപിക്കണം. നാണമില്ലാത്തവര്‍ക്കുള്ള പണിയാണിത്‍. നാണമുള്ളവരൊന്നും അതിനൊന്നും മിനക്കെടാതിരിക്കുകയാണ്‌ നല്ലത്‍.  അതൊക്കെ അത്രയും പുണ്യം ചെയ്തവര്‍ക്കുള്ളതാണ്‌. രാവിലെ നാമജപം ചെയ്യുന്നതോടെ ഈശ്വര സ്വരൂപത്തെ സ്മരിക്കുകയും ചെയ്യുക. "സൂര്യസ്പര്‍ദ്ധികിരീടമൂര്‍ദ്ധ്വതിലകപ്രോത്‍ഭാസി ഫാലാന്തരം, കാരുണ്യാകുലനേത്രമാര്‍ദ്രഹസിതോല്ലാസം സുനാസാപുടം" എന്ന ഭട്ടതിരിയുടെ വരികള്‍ ശ്രദ്ധിക്കൂ.   പത്രം മാസികകള്‍ ടി.വി ഇത്യാദികള്‍ മെല്ലെ മെല്ലെ നിര്‍ത്തുക. ആരോഗ്യമാസികകള്‍ ഒരിക്കലും വായിക്കരുത്‍. അതൊക്കെ വെറും നുണകളാണ്‌.  അതിലൊന്നും ഒന്നുമില്ലെന്ന്‍ സ്വയം ബോധ്യപ്പെട്ട്‍ നിര്‍ത്തണം. ആരെങ്കിലും പറഞ്ഞതുകൊണ്ട്‍ നിര്‍ത്തരുത്‍. വാക്ക്‍ അവശ്യം മാത്രം ഉപയോഗിക്കുക.  അദ്വേഷ്ടാ സര്‍വ്വ ഭൂതാനാം..  കാണപ്പെടുന്ന എല്ലാ ജീവികളോടും ഒരു ദേഷ്യഭാവവും തോന്നാതിരിക്കുക. കൊതുകിനെപ്പോലും തല്ലിക്കൊല്ലാതെ അകറ്റാനുള്ള ഭവന ഉണ്ടാക്കുക. അതും ഒരു ജീവിയല്ലെ. ഈശ്വരനെ സംബന്ധിച്ചിടത്തോളം കൊതുകിലും മനുഷ്യനിലും ഒരേപോലെയല്ലെ.. നരത്വം മ്ര്‌ഗത്വം മശകത്വം എല്ലാം ഒന്ന്‍തന്നെ. ഒന്നും ചിന്തിച്ച്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്‍. ഒന്നിലും ഇടപെട്ട്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്‍. ദാനം മഹത്താണ്‌. കഴിയുന്നത്ര ദാനം ചെയ്യുക. ആഹാരത്തിനുമുമ്പ്‍ അല്പം ഭൂതബലിയ്ക്കായി മാറ്റിവെയ്ക്കുക. അന്നദാനം നടത്തുക. വിശക്കുന്ന ഒരാള്‍ കഴിയ്ക്കുന്നത്‍ കാണുമ്പോള്‍ എന്റെ വയറ്‌ നിറയുന്നത്‍ അനുഭവിക്കുക.

ജ്ഞാനം എന്നത്‍ അവനവനെ അറിയലാണ്‌. ലോകത്തെ കുറിച്ച്‍ പഠിച്ചാല്‍ അറിവുണ്ടാവില്ല. അതൊക്കെ ഭുക്തിയ്ക്ക്‍ (തിന്നാന്‍) കൊള്ളാം. മുക്തിക്ക്‍ കൊള്ളില്ല. വിജ്ഞാനത്തിലൂടെ ജ്ഞാനം വരില്ല. ജ്ഞാനത്തിലൂടെ വിജ്ഞാനത്തിലെത്തും. അറിവെന്നത്‍ ആത്മാവിനെ സംബന്ധിയ്ക്കുന്ന അറിവിനെയാണ്‌ പറയുന്നത്‍. മറ്റുള്ള എല്ലാ അറിവും, വെദാദികളുടെ അറിവുകളടക്കം, അറിവില്ലായ്മയാണ്‌.

സ്വന്തം കര്‍ത്തവ്യങ്ങളെ സ്മരിക്കുക. അധികാരങ്ങളെയും അവകാശങ്ങളെയും മറക്കുക. വാസ്തവത്തില്‍ കര്‍ത്തവ്യങ്ങള്‍ മാത്രമേ ഉള്ളു. എന്തും ചെയ്യുന്നതിനുമുമ്പ്‍, ഭഗവാന്‌ സമര്‍പ്പിയ്ക്കുക. യദ്‍കരോഷി യദസ്നാസി യജ്ജുഹോഷി ദദാസിയത്‍, തത്‍ കുരുഷ്വമദര്‍പ്പണം.

അഭിപ്രായങ്ങളൊന്നുമില്ല: