2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അഷ്ടാവക്രീയം നാന്ദി

അഷ്ടാവക്രീയം നാന്ദി

മഹാഭാരതം വനപര്‍വ്വത്തില്‍ തീര്‍ഥയാത്രാ ഉപപര്‍വ്വം 132 മുതല്‍ 134 അധ്യായം വരെയുള്ളതാണ്‌ അഷ്ടാവക്രീയം എന്ന അഷ്ടാവക്ര ഗീത. ലോമശ്ശ ഋഷി ആയിരക്കണക്കിന്‌ തീര്‍ഥാടനകേന്ദ്രങ്ങളുടെ മഹത്വം  വര്‍ണ്ണിയ്ക്കമ്പോള്‍ പറയുന്നു, ഹേ യുധിഷ്ഠിരാ -

ഇങ്ങീ യുഗേ ബ്രഹ്മകര്‍ത്താക്കളാര്യ-
രുണ്ടായിരുന്നൂ മാതുല ഭാഗിനേയര്‍
അഷ്ടാവക്രന്‍ താന്‍ കഹോഡന്റെ പുത്ര-
നൗദ്ദാലകന്‍ പിന്നെയാ ശ്വേതകേതു

വിദേഹരാജന്റെ മഖസ്ഥലത്തി-
ലാ വിപ്രന്മാര്‍ മാതുല ഭാഗിനേയര്‍
കടന്നു വെന്നീട്ടുടനപ്രമേയര്‍
വാദം കൊണ്ടാ വന്ദിയെ നിഗ്രഹിച്ചാര്‍*
(*നിഗ്രഹിച്ചാര്‍ = പരാജയപ്പെടുത്തി)

ലോമശ്ശ ഋഷി പറഞ്ഞു, ഈ (ദ്വാപര) യുഗത്തില്‍ ബ്രഹ്മഞാനികളായ ശ്രേഷ്ടവ്യക്തികളായിട്ട് ശ്വേതകേതു എന്ന ഒരു അമ്മാവനും, ഉദ്ദാലകന്റെ മരുമകനും കഹോഡപുത്രനുമായ അഷ്ടാവക്രനുമുണ്ടായിരുന്നു. അഷ്ടാവക്രനും അമ്മാവനായ ശ്വേതകേതുവും ജനകന്റെ രാജധാനിയിലെത്തി, വാദം കൊണ്ട്‍  വന്ദിയെ തോല്‍പിച്ചു എന്ന്‍ കേട്ടപ്പോള്‍ യുധിഷ്ഠിരന്‌ കൂടുതല്‍ സംശയം ജനിച്ചു.

ഇവിടെ വിദേഹരാജന്‍ എന്ന്‍ കൊടുത്തിട്ടുള്ളത്‌ ജനക മഹാരാജാവാണ്‌. പുരാണപ്രസിദ്ധനായ ജനകമഹാരാജാവുതന്നെയാണ്‌ ഈ വിദേഹരാജന്‍ എന്ന്‍  അനുമാനിയ്ക്കുന്നതില്‍ സാംഗത്യമുണ്ടെന്ന്‍ പണ്ഡിതമതം.

 ലോമശ്ശനോട്‍ തന്റെ സംശയം ഉണര്‍ത്തിച്ചുകൊണ്ട്‍ യുധിഷ്ഠിരന്‍ പറയുന്നു :-

കഥം പ്രഭാവ: സ ബഭൂവ വിപ്രസ്തഥാ
യുക്തം യോ നിജഗ്രാഹ ബന്ദിം
അഷ്ടാവക്ര: കേന ചാസൗ ബഭൂവ
തത്‍സര്‍വ്വം മേ ലോമശ ശംശ തത്ത്വം        3/132/5

വിവര്‍ത്തനം
പ്രഭാവമെന്തേന്തിയോനാദ്വിജേന്ദ്ര-
നിമ്മട്ടുള്ളാ വന്ദിയെ വെന്ന വിദ്വാന്‍
എന്താണഷ്ടാവക്രനാവാനുമയാള്‍ ?
ചൊല്ലേണമേ ലോമശ, തത്ത്വമെല്ലാം.

അല്ലയോ ലേമശ്ശ മഹര്‍ഷേ, ആ ബ്രാഹ്മണശ്രേഷ്ഠന്‍ അഷ്ടാവക്രന്‍ എന്തിനാണ്‌ വന്ദിയുമായി വാദത്തില്‍ ഏര്‍പ്പെട്ടത്‍, എങ്ങിനെയാണ്‌ അദ്ദേഹം അഷ്ടാവക്രനായാത്‌, എട്ട്‍ വളവുകളോടുകൂടിയുള്ളവനായത്‍, ഇതെല്ലാം വിശദമായി പറഞ്ഞുതന്നാലും.

യുധിഷ്ഠിരന്റെ ഈ സംശയ നിവാരണിയായിട്ട്  ലോമശ്ശന്റെ മറുപടിയാണ്‌  അഷ്ടാവക്രീയം എന്ന പേരില്‍ മൂന്ന്‍ അധ്യായങ്ങളായി മഹാഭാരതത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്‍.  അഷ്ടാവക്ര ഗീയയുടെ പൂര്‍വപീഠിക അത്യധികം നാടകീയമായും കാവ്യാത്മകമായും വ്യാസഭഗവാന്‍ വരച്ചു കാണിയ്ക്കുന്നു.

ഉപനിഷദ്‍പ്രസിദ്ധനും ബ്രഹ്മജ്ഞാനിയും ലോകപ്രസിദ്ധനുമായ  ഉദ്ദാലക ഋഷിയുടെ പുണ്യാശ്രമം. അസംഖ്യം ശിഷ്യരുമൊത്ത്‍ ആശ്രമത്തില്‍ കഴിയുന്നു. സ്വാധ്യായാദികളിലും വേദാധ്യായനാധ്യാപനാദികളിലും അതീവ നിഷ്ഠയോടെ കഴിയുന്ന കാലം. ഗുരുശുശ്രൂഷാദികളില്‍ അത്യന്തം തല്‍പ്പരനായ കഹോഡന്‍ എന്നു പേരുള്ള  ശിഷ്യനില്‍ ഉദ്ദാലകന്‍ അതീവ സംപ്രീതനായി.

ഉദ്ദാലകസ്യ നിയത: ശിഷ്യ ഏകോ നാമ്നാ കഹോഡേതി ബഭൂവ രാജന്‍
ശുശ്രൂഷുരാചാര്യവശാനുവര്‍തീ ദീര്‍ഘം കാലം സോ/ദ്ധ്യായനം ചകാര  132/6

ഉദ്ദാലകന്നുള്ളിണങ്ങുന്ന ശിഷ്യന്‍
കഹോഡനെന്നേകനുണ്ടായിരുന്നു

ശുശ്രൂഷുവാചാര്യവശസ്ഥനായാ-
ളൊട്ടേറെ നാളദ്ധ്യയനം കഴിച്ചു
ശുശ്രൂഷിച്ചാനവനേ ശ്ശിഷ്യവിപ്രന്‍
ശുശ്രൂഷയാല്‍ പ്രീതനായ്‌ദ്ദേശികേന്ദ്രന്‍

കഹോഡന്റെ ഗുരുശുശ്രൂഷയില്‍ അത്യധികം പ്രീതനായ ഉദ്ദാലകന്‍ ശിഷ്യനെ ഋദയപൂര്‍വ്വം അനുഗ്രഹിച്ചു, ഗുരുക്ര്‌പ ചൊരിഞ്ഞു.

എന്നിട്ടും, ഉദ്ദാലകന്‌ പൂര്‍ണ ത്ര്‌പ്തിയായില്ല. അപ്പോള്‍ ആ മഹാത്മാവ്‌ :-

ക്ഷിപ്രം നല്കീശ്രുതമാശ്ശിഷ്യനായി-
സ്സുജാതയാം തന്നുടെ പുത്രിയേയും

തന്റെ പുത്രിയായ സുജാതയെ കഹോഡന്‌ വിവാഹം ചെയ്തുകൊടുത്തു.

ബ്രഹ്മചര്യാശ്രമം കഴിഞ്ഞ കഹോഡന്‍ ഗ്ര്‌ഹസ്ഥാശ്രമത്തിലേയ്ക്ക്‍ പ്രവേശിച്ചു. ഗുരുവിനെ വണങ്ങി, അനുഗ്രഹാശിസ്സുകള്‍ ഏറ്റുകൊണ്ട്‍, മറ്റൊരിടത്ത്‍ താമസം തുടങ്ങി. കുറെ ശിഷ്യന്മാരുമൊത്ത്‍ വേദാധ്യായനങ്ങളും അധ്യാപനങ്ങളും ആരംഭിച്ചു.

ഭാരതീയ സംസ്ക്ര്‌തിയില്‍ ഒരു ഗുരുവും ശിഷ്യനെ സ്ര്‌ഷ്ടിയ്ക്കുന്നില്ല.  ഗുരു മറ്റൊരു ഗുരുവിനെ സ്ര്‌ഷ്ടിയ്ക്കുന്നു. അവിടെ കഴിയുന്ന  കാലത്ത്‍ ഒരു ദിവസം രാത്രിയില്‍ വേദാധ്യയനം ചെയ്യുകയും ശിഷ്യരെ പഠിപ്പിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍, പത്നിയായ സുജാതയുടെ ഗര്‍ഭത്തിലിരിയ്ക്കുന്ന കുട്ടി,  പിതാവ്‍ പഠിപ്പിയ്ക്കുന്നത്‍ കേട്ടുകൊണ്ടിരുന്നു.  പിതാവ്‍ വേദാധ്യയനം ചെയ്യാന്‍ സ്വീകരിച്ച സമയവും, അധ്യയനത്തില്‍ വന്ന തെറ്റും ഗര്‍ഭസ്ഥനായ കുട്ടി തിരിച്ചറിഞ്ഞു.  രാത്രികാലങ്ങളില്‍ വേദാധ്യാപനം നിഷിദ്ധമാണ്‌.

തസ്യ ഗര്ഭ: സമഭവദഗ്നികല്‍പ:
സോ/ധീയാന്‍ പിതരമഥാഭ്യുവാച

വിവ:
അവള്ക്കുണ്ടായ്‍ ഗര്‍ഭമങ്ങഗ്നിതുല്യ-
നവന്‍ ചൊന്നാനച്ഛനോടിപ്രകാരം

സുജാതയുടെ ഗര്‍ഭത്തിലിരുന്നുകൊണ്ട്  അഗ്നിതുല്യം പ്രഭാവനായ ആ കുട്ടി അച്ഛനോടായി പറഞ്ഞു:-


സര്‍വാം രാത്രിമധ്യയനം കരോഷിനേദം
പിത സമ്യഗിവോപവര്‍തതേ

വിവ:
"രാവൊക്കെയധ്യയനം ചെയ്‍വതങ്ങു-
ന്നിതെന്നച്ഛാ നല്ല ചൊവ്വാവതില്ല"

എന്റെ പിതാവേ, രാത്രിയിലെല്ലാം അങ്ങ്‍ വേദാധ്യയനം ചെയ്യുന്നുവല്ലോ, അതും ശരിയല്ലാതെ !!

ഉപാലബ്ധ: ശിഷ്യമധ്യേ മഹര്‍ഷി: സ തം കോപാദുദരസ്ഥം ശശാപ
യസ്‍മാ കുക്ഷൗ വര്‍തമാനോ ബ്രവീഷി തസ്‍മാദ്‍വക്രോ ഭവിതാസ്യഷ്ടക്ര്‌ത്വ:   3/132/9

വിവ:
ശിഷ്യാന്തികേ താനുപാലംഭമേറ്റു
കോപാല്‍ ശാപം നല്‍കി ഗര്‍ഭസ്ഥനച്ഛന്‍
"വയറ്റില്‍ വാണീവിധം ചൊല്‍കയാല്‍ നീ
ജനിക്കുമിങ്ങെട്ടു വളച്ചിലോടും"

കഹോഢ മഹര്‍ഷി രാത്രിസമയത്ത്‍ ശിഷ്യരോടൊത്ത്‍ വേദാധ്യയനം ചെയ്യുന്ന്ത്‌ ശരിയല്ലെന്നും, അതും തെറ്റായി അധ്യയനം ചെയ്യുന്നൂ എന്നും തിരിച്ചറിഞ്ഞ്‌, മാതാവിന്റെ ഗര്‍ഭത്തിലിരുന്നുകൊണ്ട്‍ അത്‍ ശരിയല്ലെന്ന്‍ ഗര്‍ഭസ്ഥ ശിശു പറഞ്ഞപ്പോള്‍, പിതാവിന്‌ രോഷം വരികയും, ഗര്‍ഭത്തിലിരിയ്ക്കുന്ന ശിശുവിനെ "നീ ഗര്‍ഭത്തിലിരുന്നുകൊണ്ട് എന്നെ ശാസിയ്ക്കുന്നുവോ എന്ന്‍ പറഞ്ഞ്‍കൊണ്ട്‍, ജനിയ്ക്കുമ്പോള്‍ നീ എട്ട്‌ വളവുകളോടെ ജനിയ്ക്കുമാറാകട്ടെ" എന്ന്‍ ശാപരൂപേണ പറയുകയും ചെയ്തു.

ഇന്നത്തെ ഗര്‍ഭിണികള്‍ക്ക്‍ ഇതില്‍നിന്ന്‍ ഒരുപാട്‍ പഠിയ്ക്കാനുണ്ട്‍.  ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച, ജനനശേഷം ആ ശിശുവിന്‌ സംഭവിയ്ക്കുന്ന പരിണാമങ്ങള്‍, ഇത്യാദികളെല്ലാം, ഗര്‍ഭാവസ്ഥയില്‍തന്നെ തീരുമാനിയ്ക്കപ്പെടുന്നു. പുറംലോകത്ത്‍ നടക്കുന്ന എല്ലാ ചലനങ്ങളും ഗര്‍ഭസ്ഥശിശു അറിയുന്നു. വീട്ടില്‍ ഉണ്ടാകുന്ന എല്ലാ സംഭാഷണങ്ങളും ഗര്‍ഭസ്ഥശിശു അറിയുകയും പഠിയ്ക്കുകയും ചെയ്യുന്നു.  മാതാവ്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍, കാണുന്ന ദ്ര്‌ശ്യങ്ങള്‍, മണക്കുന്ന ഗന്ധങ്ങള്‍, രസിയ്ക്കുന്ന (കഴിയ്ക്കുന്ന) ഭക്ഷണങ്ങള്‍, സ്പര്‍ശിയ്ക്കുന്ന തലങ്ങള്‍, ആഹാരവിഹാരാദികള്‍ , സത്യപാലനം, കുളി, ശൗചം, ദയ ക്ഷമ ദാനം ക്രോധം മോഹം ഇത്യാദികളെല്ലാം ഗര്‍ഭത്തിലിരിയ്ക്കുന്ന ഭ്രൂണം അഥവാ ശിശു അനുഭവിയ്ക്കുന്നു. ഗര്‍ഭസ്ഥശിശുവിന്‌ ഇഷ്ടപ്പെടാത്ത ഒരു ആഹാരം മാതാവ്‍ കഴിച്ചാല്‍, ഇഷ്ടപ്പെടാത്ത ഒരു വസ്ത്രം മാതാവ്‍ ധരിച്ചാല്‍, ആ ശിശു ഉടനെ പ്രതികരിയ്ക്കുന്നു.  ചില ഗര്‍ഭിണികള്‍ പറയാറുണ്ട്‍, കുട്ടി വല്ലാതെ ഓടിക്കളിയ്ക്കുന്നു, ചാടിക്കളിയ്ക്കുന്നു, കുത്തി മറിയുന്നു എന്നൊക്കെ. അത്‍ അനുഭവിച്ചുകൊണ്ട്‍ അവര്‍ സന്തോഷിയ്ക്കാറുമുണ്ട്‍. എന്നാല്‍ അത്‌ സന്തോഷത്തിന്റെ നിമിഷങ്ങളാണോ, അതോ ആ ഗര്‍ഭിണിയുടെ ആഹാരവിഹാരാദികളില്‍ ഏതോ ചിലത്‍ ഗര്‍ഭസ്ഥശിശുവിന്‌ പിടിയ്ക്കാത്തതുകൊണ്ട്‍, അത്‍ പ്രതികരിയ്ക്കുകയാണോ, എന്നൊന്നും ചിന്തിയ്ക്കാറില്ല.

പിതാവായ കഹോഡന്റെ ശാപവാക്കുകള്‍ കേട്ട ശിശുവിന്‌ അത്‍ ഏറ്റവും അസഹ്യമായി തോന്നി. ഗര്‍ഭത്തില്‍ കിടന്നുകൊണ്ട്‍ കുത്തിമറയാന്‍ തുടങ്ങി ;

വയറ്റില്‍ വായ്‍ക്കുന്ന മകന്റെ പീഡ
പെരുത്തു കൊണ്ടോരു സുജാതയപ്പോള്‍

ഗര്‍ഭസ്ഥശിശുവിന്റെ പീഡ കൂടിയ നേരത്ത്‍ സുജാത ഭര്‍ത്താവിനെ സമീപിച്ച്‍ പറഞ്ഞു,

ഞാനെന്തു ചെയ്യും ധമെന്യേ മഹര്‍ഷേ
പത്താം മാസം വന്നിതെനിയ്ക്കിദാനീം

ധനം ഭവാനൊട്ടുമില്ലിങ്ങു പെറ്റാലെ-
നിയ്ക്കുള്ളാപ്പാടു തീര്‍ക്കുന്നതിന്നും

അല്ലയോ മഹര്‍ഷേ, സ്വാമീ, എനിയ്ക്ക്‍ ഗര്‍ഭം പത്ത്‍ മാസമായി. ഏത്‍ നിമിഷവും പ്രസവിയ്ക്കാമെന്ന സ്ഥിതിയാണ്‌.  ആശ്രമത്തില്‍ നിത്യനിദാനങ്ങള്‍ക്കായി പണം ഒന്നുമില്ല. എന്തെല്ലാം ചെലവുകളുണ്ട്‍, അതും ഒരു പ്രസവംകൂടി ഉണ്ടെങ്കില്‍ പിന്നെ പറയാനുണ്ടോ..?   കഹോഡന്‍ അലോചിച്ചു, ഭാര്യയുടെ പ്രസവത്തിനും മറ്റ്‍ കാര്യങ്ങള്‍ക്കുമൊക്കെ കാശ്‍ വേണം. എന്ത്‍ ചെയ്യും.  രാജാവിനെ സമീപിയ്ക്കാമെന്ന്‍ നിശ്ചയിച്ചു.

ദ്രവ്യരൂപേണ ഒന്നും സംഭരിച്ചു വെച്ചിരുന്നില്ല നമ്മുടെ ഋഷീശ്വരന്മാര്‍ എന്നതിന്‌ പ്രമാണമാണ്‌  സുജാതയുടെ ഈ വരികള്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്‍ നേടുക, അതില്‍ മിച്ചം വരുന്നത്‍ ദാനം ചെയ്യുക, ഇതാണ്‌ ഭാരതീയ രീതി.

രാജ്യത്തിന്റെ രാജാവായ ജനകനെ സമീപിച്ചു. വേദാധ്യായനം അധ്യാപനം എല്ലാം ചെയ്യുന്ന വ്യക്തികളുടെ ക്ഷേമൈശ്വര്യങ്ങള്‍ പരിപാലിയ്ക്കേണ്ടത്‍ രാജാവിന്റെ കര്‍ത്തവ്യമാണ്‌ എന്ന്‍ ഭാരതീയ ശാസ്ത്രം. രാജ്യത്ത്‍ ആരും, വിശിഷ്യാ  ആചാര്യന്മാരും പുരോഹിതരും ബ്രാഹ്മണരും ഒന്നും ധനത്തിന്റെ അഭാവംകൊണ്ട്‍ ബുദ്ധിമുട്ടാന്‍ പാടില്ല. അതിന്റെ ദോഷം രാജാവിനും രാജകുടുംബത്തിനും രാഷ്ട്രത്തിലെ മറ്റ് പ്രജകള്‍ക്കുമാണ്‌. ജീവിതത്തിലെ ഓരോ ശ്വാസോച്ഛ്വാസവും ലോക ഹിതത്തിനായി പ്രയോജനപ്പെടുത്തുന്ന മഹാത്മാക്കളുടെ ക്ഷേമം രാജകര്‍ത്തവ്യമാണ്‌.
 അതുകൊണ്ടാണ്‌ രാജാവിനെ സമീപിയ്ക്കാന്‍ തീരുമാനിച്ചത്‍. ഒന്നും ചോദിച്ചു വാങ്ങാത്തവരും വെറുതെ കിട്ടിയാലും വാങ്ങിയ്ക്കാത്തവരും ഒക്കെയാണവര്‍.  യഥാ രാജാ തഥാ പ്രജ.

അങ്ങിനെ ഋഷി കഹോഡന്‍ ജനകമഹാരാജാവിന്റെ രാജധാനിയില്‍ പോകാന്‍ തീരുമാനിച്ചു. അവിടെ രാജസദസ്സില്‍ വന്ദി എന്ന ഒരു പണ്ഡിതനുണ്ട്, വന്ദിയെ വാദത്തില്‍ പരാജയപ്പെടുത്തിയാല്‍ രാജാവ്‍ ധാരാളം ധനം തരും. അതുംകൊണ്ട് മടങ്ങാമെന്ന് കരുതി ജനകന്റെ രാജധാനിയിലേയ്ക്ക് തിരിച്ചു. ജനകരാജസദസ്സില്‍ എത്തിയ കഹോഡന്‍ വന്ദിയുമായി ശാസ്ത്രാര്‍ഥം ചെയ്യാന്‍ തുടങ്ങി.

ആ വിപ്രനേ വന്ദി വാദിച്ചു തോല്‍പി-
ച്ചംഭസ്സിങ്കല്‍ത്താന്‍ പിടിച്ചങ്ങു താഴ്‍ത്തീ

വന്ദിയുമായുള്ള വാദത്തില്‍  കഹോഡന്‍ പരാജയപ്പെട്ടു. വാദനിയമപ്രകാരം വന്ദി കഹോഡനെ സമുദ്രത്തില്‍ താഴ്‍ത്തി.

കഹോഡന്റെ പത്നി സുജാത ഒരു പുത്രന്‌ ജന്മം നല്‍കി. അവന്‍ ജനിച്ചപ്പോള്‍തന്നെ പിതാവായ കഹോഡന്റെ സങ്കല്‍പശക്തിയാല്‍ എട്ട്‍ വളവുകളുണ്ടായിരുന്നു.  കഹോഡന്റെ  മരണവ്ര്‌ത്താന്തം കുട്ടിയായ അഷ്ടാവക്രനെ അറിയിയ്ക്കരുത്‍ എന്ന്‍ പിതാവ്‍ സുജാതയോട്‍ പറഞ്ഞു.  അഷ്ടാവക്രന്‍ ഉദ്ദാലകന്റെ ശിക്ഷണത്തില്‍ വളര്‍ന്നു. അഷ്ടാവക്രന്‌ സമപ്രായമായി ഉദ്ദാലകന്റെ പുത്രനായ ശ്വേതകേതുവും ഒരുമിച്ച്‍ വളര്‍ന്നു. ഉദ്ദാലകന്‍ മാതാവിന്റെ അച്ഛനാണെന്നോ ശ്വേതകേതു അമ്മാവനാണെന്നോ അഷ്ടാവക്രന്‌ അറിയില്ലായിരുന്നു. ഉദ്ദാലകന്‍ തന്റെ പിതാവും ശ്വേതകേതു സഹോദരനും ആണ്‌ എന്നാണ്‌ അഷ്ടാവക്രന്‍ ധരിച്ചിരുന്നത്‌.

ഉദ്ദാലകന്‍ ജനകന്‍, ശ്വേതകേതു
സോദര്യ, നെന്നോര്‍ത്തുപോന്നൂ കുമാരന്‍

അഷ്ടാവക്രന്‍ ഒരു ദിവസം ഉദ്ദാലകന്റെ മടിയില്‍ കയറി ഇരിയ്ക്കുകയായിരുന്നു. ആ സമയത്ത്‍ ശ്വേതകേതു വന്നു, അഷ്ടാവക്രനോട്‍ പറഞ്ഞു, ഇത്‍ നിന്റെ അച്ഛന്റെ മടിത്തട്ടല്ല, എന്റെ അച്ഛനാണ്‌. അഷ്ടാവക്രന്‍ താഴെ ഇറങ്ങി നേരെ അമ്മയുടെ ആടുത്തെത്തി, തന്റെ അച്ഛനാരാണ്‌, എവിടെയാണ്‌ എന്നൊക്കെ അമ്മയോട്‍ ചോദിച്ചു.

ഗ്ര്‌ഹം പൂകീട്ടമ്മയെച്ചെന്നു കണ്ടി-
ട്ടെന്നച്ഛനെങ്ങെന്നു ചോദ്യം തുടങ്ങീ

ഭര്‍ത്താവായ കഹോഡന്റെ‍ മരണവ്ര്‌ത്താന്തം കുട്ടിയായ അഷ്ടാവക്രനെ അറിയിയ്ക്കരുത്‍ എന്ന്‍ പിതാവായ ഉദ്ദാലകന്‍ സുജാതയോട്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും, പണ്ട്‌ അച്ഛന്‍ ചെറുതായൊന്ന്‍ കോപിച്ചതിന്‌ ഗര്‍ഭത്തില്‍ കിടന്നുകൊണ്ട് തന്നെ പീഡിപ്പിച്ചത്‍ പെട്ടെന്ന്‍ സുജാത ഓര്‍ത്തു, സത്യം പറഞ്ഞില്ലെങ്കില്‍ ശപിച്ചുകളയുമോ എന്ന ഭീതിയാല്‍ സുജാത വ്ര്‌ത്താന്തങ്ങളെല്ലാം അഷ്ടാവക്രനോട്‍ പറഞ്ഞു.

തത: സുജാതാ പരമാര്‍ത്തരൂപാ ശാപാദ്‍ഭീതാ സര്‍വമേവാചചക്ഷേ  132/18

വിവ:
അത്യാര്‍ത്തയായിട്ടു സുജാതയപ്പോള്‍
ശാപം പേടിച്ചുള്ളതൊക്കെപ്പറഞ്ഞു.

ജനകമഹാരാജാവിന്റെ‍ പണ്ഡിതസദസ്സില്‍ വന്ദി എന്ന ഒരു പണ്ഡിതനാല്‍ പരാജയപ്പെട്ട തന്റെ പിതാവിനെ സമുദ്രത്തില്‍ താഴ്ത്തി മ്ര്‌ത്യുലോകത്തേയ്ക്കയച്ച വന്ദിയെ വാദത്തില്‍ തോല്‍പ്പിയ്ക്കണം എന്ന്‍ തീരുമാനിച്ച്, അമ്മാവനായ ശ്വേതകേതുവുമൊത്ത്‍ ജനകരാജന്റെ രാജധാനിയിലേയ്ക്ക്‍ പുറപ്പെട്ടു.  കൊട്ടാരം കാവല്‍ക്കാര്‍ കുട്ടികളെ അകത്തേയ്ക്ക്‍ പ്രവേശിപ്പിയ്ക്കാന്‍ അനുവാദമില്ലെന്ന്‍ പറഞ്ഞു. ഞങ്ങള്‍ വന്ദിയുമായി വാദത്തിലേര്‍പ്പെടാനാണ്‌ വന്നിട്ടുള്ളത്‍ എന്ന്‍ പറഞ്ഞപ്പോള്‍, കുട്ടികള്‍ക്ക്‍ പ്രവേശനമില്ല എന്നാണ്‌ കാവല്‍ക്കാര്‍ മറുപടി പറഞ്ഞത്‌.  ദ്വാരപാലരും അഷ്ടാവക്രനും തമ്മിലുള്ള സംവാദങ്ങള്‍ വളരെ മര്‍മ്മപ്രാധാന്യങ്ങളുള്ളതാണ്‌.

ബാലന്മാരാ വിപ്രരിങ്ങോട്ടുകേറാ
വ്ര്‌ദ്ധപ്രാജ്ഞബ്രാഹ്മണരേ കടക്കൂ - എന്നൊക്കെയുള്ള വാദങ്ങള്‍ ദ്വാരപലര്‍ മുഴക്കി.

എന്നാല്‍ വയസ്സുകൊണ്ട്‍  ആരും മഹാത്മാക്കളാകുന്നില്ല  അറിവുള്ളവനാണ്‌  വ്ര്‌ദ്ധന്‍ എന്നും മറ്റും അഷ്ടാവക്രന്‍ വാദിച്ചു.

വേദപ്രഭാവം കലരുന്ന വ്ര്‌ദ്ധരാണ്‌ ഞങ്ങള്‍. ജ്ഞാനാഗമത്താല്‍ ഇരുത്തം വന്നവരാണ്‌. വിജിതേന്ദ്രിയരാണ്‌. അഗ്നി ചെറുതാണെങ്കിലും കൊട്ടാല്‍ പൊള്ളും. അതുപോലെ  ഞങ്ങളും പ്രായംകൊണ്ട്‍ പന്ത്രണ്ടേ കാണൂ, കുട്ടികളാണെന്ന്‍ തോന്നും, പക്ഷെ, ജ്ഞാനത്തില്‍ വ്ര്‌ദ്ധരാണ്‌. തല നരച്ചതുകൊണ്ട്‍ വ്ര്‌ദ്ധനാവില്ല -

നരച്ചുപോയ്‍ തലയെന്നൊന്നുകൊണ്ടു-
നരന്‍ പാര്ത്താല്‍ വ്ര്‌ദ്ധനാകുന്നതല്ല

എന്നൊക്കെ പലതും പറഞ്ഞുനോക്കി.  എത്ര അര്‍ഥവത്തതാണ്‌ ഈ വാദങ്ങള്‍. വയസ്സിന്‌ മൂത്തവര്‍ക്ക്‍ അതിന്റെ ബഹുമാനം ലഭിയ്ക്കും.

ഭാരതീയ വിജ്ഞാനശാഖകളുടെ ആഴം ഒന്നു ചിന്തിച്ച്‍ നോക്കൂ. ഈ മണ്ണില്‍ വയസ്സിനെ ആദരിയ്ക്കുകയും ബഹുമാനിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‍. അത്‌ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നാം പാരമ്പര്യമായി സ്വാംശീകരിച്ചും അംഗീകരിച്ചും പോന്നിട്ടുള്ളതാണ്‌. എന്നാല്‍ പ്രായംകൊണ്ട്‍ ആരും പൂജനീയരാവുന്നില്ല. ഭാരതം  വിദ്യയെയാണ്‌, അറിവിനെയാണ്‌ അംഗീകരിയ്ക്കുന്നത്‌, അത്‍ ഏത്‍ പ്രായക്കാരായാലും ശരി. വെറും മുപ്പത്തിരണ്ട്‍ വയസ്സ്‍ പ്രായമായപ്പോഴേയ്ക്കും ദിഗന്തങ്ങളെ വിറപ്പിച്ചുകൊണ്ട്‍, ഈ രാഷ്ട്രത്തിന്റെ നാലു മൂലയ്ക്കും ഓരോ മഠങ്ങള്‍ സ്ഥാപിച്ച്‍ അദ്വൈതസത്യത്തെ ലോകരെക്കൊണ്ട്‍ അംഗീകരിപ്പിച്ച, സര്‍വജ്ഞപീഠം കയറിയ ഒരു വീരപുത്രന്‍, ശ്രീമദ്‍ ശങ്കരാചാര്യര്‍, അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ഈ മണ്ണില്‍നിന്നും തന്റെ ലോകത്തേയ്ക്ക്‍ യാത്രയായപ്പോള്‍, ഹേ ജഗദീശ്വരാ, ഇതെന്തൊരു നീതിയാണ്‌ എന്ന്‍   ഒരിയ്ക്കലെങ്കിലും വിധാതാവിനോട്‍ ചോദിയ്ക്കാന്‍ തോന്നുന്നില്ലേ,  മഹാത്മാവാകുന്നത്‌ അറിവുകൊണ്ടാണ്‌. ഭാരതം എന്നും അര്‍ത്ഥത്തേക്കാള്‍ വിലകൊടുത്തത്‌ വിദ്യയ്ക്കാണ്‌, അറിവിനാണ്‌.

കുട്ടികള്‍ ഈ വിധമെല്ലാം  പറഞ്ഞപ്പോള്‍, കാവല്‍ക്കാരന്‍ പറഞ്ഞു, നീ ഏതാണ്ട്‍ വെറും പത്തുവയസ്സ്‍ മാത്രം പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടി, ജ്ഞാനികള്‍ ഇരിയ്ക്കുന്നിടത്തേയ്ക്ക്‍ പോകാമെന്നോ...? അത്‌ നടക്കില്ല.  എന്നാല്‍ മറ്റൊരു കാര്യം ചെയ്യാം. എന്താണതെന്ന്‍ അഷ്ടാവക്രന്‍ ചോദിച്ചു:

ഉപായത്തില്‍ കൊണ്ടുവിടാന്‍ ശ്രമിയ്ക്കാം
ഭവാനെ ഞാന്‍, യത്നമുള്‍ക്കൊണ്ടുകൊള്‍ക !!

ആരും കാണാതെ നിങ്ങളെ അവിടെ കൊണ്ടെത്തിയ്ക്കാം, പക്ഷേ അതിന്റെ വരുംവരായ്കകള്‍ നിങ്ങള്‍തന്നെ സഹിയ്ക്കണം. അതു മതിയോ...  

ജനകന്റെ ദ്വാരപാലകരും ഇന്നത്തെ സര്‍ക്കാര്‍ ആപ്പീസിലെ ശിപായിമാരെപ്പോലെ ആയിരുന്നോ എന്ന്‍ തോന്നണ്ട. കുട്ടികള്‍ അഗാധ പാണ്ഡിത്യമുള്ളവരാണെന്ന്‍ ബോധ്യപ്പെട്ടതുകൊണ്ട്‌ അവരെ എങ്ങിനെയെങ്കിലും സഹായിയ്ക്കാമെന്ന്‍ കരുതിയിട്ടാണ്‌ ഈ ആശയം മുന്നോട്ട്‍ വെച്ചത്‌. നിയമവിരുദ്ധമെങ്കിലും ജനഹിതത്തിനനുസരിച്ച്‍ ഉപായം പറഞ്ഞു കൊടുത്തൂ എന്ന്‍ മാത്രം.

അഷ്ടാവക്രന്‍ പറഞ്ഞു, അതു പറ്റില്ല, ബ്രാഹ്മണന്‍ നേര്‍ വഴിയിലൂടെ ചരിയ്ക്കുന്നവനാണ്‌.  നിങ്ങള്‍ ചെന്ന്‍ രാജാവിനെ കാര്യം ധരിപ്പിയ്ക്കൂ..

കാവല്‍ക്കാര്‍ രാജാവിനെ കാര്യം ധരിപ്പിച്ചു.  രാജാവ്‍ സ്വയം വന്ന്‍  വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ വന്ദിയുമായി വാദപ്രതിവാദം നടത്താന്‍ വന്നതാണെന്ന്‍ അഷ്ടാവക്രന്‍ പറഞ്ഞു.

വിദേഹരാജസ്യ മഹീപതേസ്തൗ വിപ്രാവുഭൗ മാതുലഭാഗിനേയൗ
പ്രവിശ്യ യജ്ഞായതനം വിവാദേ ബന്ദിം നിജഗ്രാഹതുരപ്രമേയമ്‌  132/4


ജനകമഹാരാജാവ്‍ പറഞ്ഞു,  ഹേ ബ്രാഹ്മണ കുമാരാ .. ഇവിടുത്തെ സദസ്സില്‍ എത്ര പണ്ഡിതരുണ്ട്‌ എന്ന്‍ നിനക്കറിയുമോ, അവരെല്ലാം വന്ദിയുടെ വാഗ്‍ബലം ശരിയ്ക്കും അറിഞ്ഞവരാണ്‌. വന്ദിയുടെ ശക്തിയെ നന്നായറിയുന്ന അവരൊക്കെ സൂര്യനുദിച്ചാല്‍ സ്വന്തം പ്രകാശം നശിയ്ക്കുന്ന നക്ഷത്രങ്ങളെപ്പോലെ ആയവരാണ്‌. നിനക്കും ആ ഗതി വരണമെന്നാശിയ്ക്കുന്നുവോ..?

മോഹിയ്ക്കുന്നു വന്ദിയെ വെല്ലുവാന്‍ നീ
വന്ദിക്കെഴും ശക്തിതാന്‍ കണ്ടിടാതെ
മുന്‍പയാളോടേറ്റ ഭൂദേവര്‍ മങ്ങീ
തീക്ഷ്ണാംശുവോടേറ്റ താരങ്ങള്‍ പോലെ

വന്ദിയുടെ പാണ്ഡിത്യത്തേയും വാഗ്‍മിത്വത്തേയും രാജാവ്‌ ഒട്ടധികം പുകഴ്ത്തിക്കൊണ്ട്‍ പറഞ്ഞു, ഹേ കുട്ടീ, വന്ദി വെറുമൊരു മാന്‍പേടയല്ല, അവന്‍ സിംഹമാണ്‌, സിംഹം.   രാജാവിന്റെ ഈ നിഗമനം അഷ്ടാവക്രന്‌ അത്രയ്ക്കങ്ങ്‌ രസിച്ചില്ലാ എന്ന്‍ തോന്നുന്നു.

രാജാവിനെ സംബോധന ചെയ്തുകൊണ്ട് അഷ്ടാവക്രന്‍ പറഞ്ഞു, ഹേ മഹാരാജാവേ, എന്നെപ്പോലുള്ളവരുടെ മുമ്പില്‍പ്പെടാത്തിടത്തോളം അത്തരക്കാരൊക്കെ സ്വയം സിംഹമാണെന്ന്‍ പറയും. അതിനുള്ള അവസരം ഉണ്ടായിട്ടില്ലല്ലോ.

അഷ്ടാവക്രനെ പല പരീക്ഷണങ്ങളിലൂടേയും കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ച ജനകന്‌,  രാജസദസ്സിലേയ്ക്ക്‍ ഈ കുട്ടിയെ കൂട്ടിക്കൊണ്ടുപോകാം എന്ന്‍ തോന്നി. അങ്ങനെ അഷ്ടാവക്രനും ശ്വേതകേതുവും രാജസദസ്സിലേയ്ക്ക്‍ ആനയിയ്ക്കപ്പെട്ടു.

രാജ സദസ്സിലെത്തിയ അഷ്ടാവക്രന്‍, താന്‍ വാദത്തിനായി എത്തിയതാണെന്ന്‍ വന്ദിയോട്‍ പറഞ്ഞു. ബാലനായ അഷ്ടാവക്രനെ പലതും പറഞ്ഞ്‍ വന്ദി ഭയപ്പെടുത്താന്‍ നോക്കി.  ഉറങ്ങുന്ന പുലിയെ ഉണര്‍ത്തുന്നത് നല്ലതിനല്ല, തുടങ്ങിയ ഭയപ്പെടുത്തുന്ന പലതും പറഞ്ഞു.

അഷ്ടാവക്രന്‍  ഏറ്റവും നിര്‍ഭയനായി വാദം ചെയ്യണമെന്ന്‍ പറഞ്ഞു.  രണ്ടുപേരും ശാസ്ത്രാര്‍ത്ഥം ചെയ്യാന്‍ തുടങ്ങി.  വളരെ അര്‍ഥഗംഭീരമായ തത്വങ്ങളാല്‍ പോഷിതമായ വാദങ്ങള്‍ ഇവിടെ വ്യാസന്‍ ചേര്‍ത്തുവെയ്ക്കുന്നത്‌ അത്യാകര്‍ഷണീയമാണ്‌.  വന്ദിയും അഷ്ടാവക്രനും തമ്മിലുള്ള ശാസ്ത്രവാദത്തില്‍, വന്ദി പരാജപ്പെട്ടു.

അനേന വൈ ബ്രാഹ്മണാ: ശുശ്രുവാംസോ വാദേ ജിത്വാ സലിലേ മഞ്ജിതാ: കില
താനേവ ധര്‍മാനയമദ്യ ബന്ദീ പ്രാപ്നോതു ഗ്ര്‌ഹ്യാപ്സു നിമജ്ജയൈനമ്‌      134/23

തന്റെ പിതാവിനെയടക്കം കുറെ ബ്രാഹ്മണരെ സമുദ്രത്തില്‍ മുക്കിയ വന്ദിയെ സമുദ്രത്തില്‍ മുക്കണമെന്ന് അഷ്ടാവക്രന്‍ ജനകമഹാരാജാവിനോട്‍ അഭ്യര്‍ത്ഥിച്ചു.

അപ്പോള്‍ വന്ദി പറഞ്ഞു, കുമാരാ, ഞാന്‍ വരുണന്റെ പുത്രനാണ്‌. എന്നെ സമുദ്രത്തില്‍ മുക്കിയതുകൊണ്ട്‍ എനിയ്ക്ക്‍ ഒന്നും സംഭവിയ്ക്കില്ല.  എന്റെ പിതാവ്‌ ഒരു യജ്ഞം കഴിയ്ക്കുന്നുണ്ട്‍. അതില്‍ ബ്രാഹ്മണരെ വേണമായിരുന്നു. വാദത്തില്‍ പരാജിതരായ ബ്രാഹ്മണരെ എല്ലാം ആ യജ്ഞത്തിലേയ്ക്കാണ്‌ കൊണ്ടുപോയിട്ടുള്ളത്‍. അങ്ങയുടെ പിതാവ്‍ കഹോഡന്‍ സഹിതം എല്ലാ ബ്രാഹ്മണരും ഉടന്‍ തന്നെ തിരിച്ചുവരുന്നതായിരിയ്ക്കും. എനിയ്ക്ക്‍ എന്റെ പിതാവിന്റെ അരികിലേയ്ക്ക്‍ പോകാനുള്ള സമയമായിരിയ്ക്കുന്നു.  ഈ സംഭാഷണം നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍, യജ്ഞത്തിനായി പറഞ്ഞയയ്ക്കപ്പെട്ട എല്ലാ ബ്രാഹ്മണരും തിരിച്ചെത്തി. അഷ്ടാവക്രനെ കണ്ട കഹോഡന്‍ അതി സന്തോഷവാനായിട്ട്‍ പറഞ്ഞു,  ഹേ പ്രിയ പുത്രാ, നീ മധുബില എന്ന പേരുണ്ടായിരുന്ന സമംഗാ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുക. നിന്റെ ശരീരത്തിന്റെ വളവുകള്‍ എല്ലാം മാറി, എല്ലാ പാപത്തില്‍നിന്നും മുക്തനായിത്തീരും. അതുപ്രകാരം അഷ്ടാവക്രന്‍ സമംഗാതീര്‍ത്ഥസ്നാനം ചെയ്തു, ശരീരത്തിന്റെ വളവുകളെല്ലാം അപ്രത്യക്ഷമായി. മഹാത്മാവായ അഷ്ടാവക്രന്റെ സ്പര്‍ശത്താല്‍ സമംഗ പരിശുദ്ധമായി.

പിന്നീട്‌ ജനകമഹാരാജാവ്‍ അഷ്ടാവക്രനെ തന്റെ ഗുരുവായി വരിച്ച്‍ ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ഉപായം ചോദിച്ചു.  അപ്പോള്‍ അഷ്ടാവക്രന്‍ പറയുന്നു - മോക്ഷമിച്ഛസി ഹേ താത, വിഷയാന്‍ വിഷവത്‍ ത്യജ;  ഹേ വത്സാ, നീ മോക്ഷമാണ്‌ ഇച്ഛിയ്ക്കുന്നതെങ്കില്‍ വിഷയങ്ങളെ വിഷം പോലെ ത്യജിയ്ക്കുക, എന്ന്‍ പറഞ്ഞുകൊണ്ട്‍ ആരംഭിയ്ക്കുന്നതാണ്‌ അഷ്ടാവക്രീയം എന്ന്‍ പറയുന്ന അഷ്ടാവക്ര ഗീത.

ശുഭം

അഭിപ്രായങ്ങളൊന്നുമില്ല: