ഓം ശ്രീ രാമചന്ദ്രായ നമ: ഓം ശ്രീ ഹനുമതേ നമ:
രണ്ട് സംശയങ്ങള്‍ക്കുള്ള നിവാരണം. ഒന്ന് : തന്റേതായ ഒരു തെറ്റും ചെയ്യാത്ത അഹല്യയെ എന്തിന് ശപിച്ചു. രണ്ട്. ശൂദ്രനായ ശംഭൂകനെ എന്തിന് രാമന് വെട്ടിക്കൊന്നു.
ആമുഖമായി രണ്ടുവരി കുറിയ്ക്കാന്‍ ഇച്ഛിയ്ക്കുന്നു.
രാമായണം ഒരിയ്ക്കലെങ്കിലും ഒരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കാതെയാണ് മിയ്ക്കവരും സംശയങ്ങള്‍ ഉന്നയിയ്ക്കുന്നത്. അത്തരക്കാരോട് ഒരു അപേക്ഷയേ ഉള്ളു, ഒന്ന് സശ്രദ്ധം ഇതൊക്കെ വായിച്ചുനോക്കുക. ഇതര മതസ്ഥര്‍ എന്തെങ്കിലും ആക്ഷേപം ഉന്നയിയ്ക്കുമ്പോള്‍ അതിന് തക്ക മറുപടി കൊടുക്കാന്‍ സാധിയ്ക്കാത്തതും അതിനെകുറിച്ചുള്ള അറിവ് ഇല്ലാത്തതുകൊണ്ടാണ്. ഈ ഒരു ച്യുതിയ്ക്ക് അറുതി വരുത്താന്‍ ഇതൊക്കെ നല്ലവണ്ണം വായിയ്ക്കുക എന്നതാണ്. വെറുതെ ആരുടെയെങ്കിലും വായില്‍നിന്ന് കൊഴിഞ്ഞ വാക്കുകളെ എടുത്ത് പയറ്റിയാല്‍ അത് തനിയ്ക്കുതന്നെ നാളേയ്ക്ക് വിനയാകും.
ശംഭൂകന് എന്ന ശൂദ്രനെ വെട്ടിക്കൊന്നു എന്നൊക്കെ പറയുന്നത് സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിയുടേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയും, ഇസ്ലാം മതഭ്രാന്തന്മാരുടേയും ഒക്കെ ഭാഷയാണ്. ഹിന്ദുവിന്റേയോ സനാതന ധര്മ്മിയുടേയോ ഭാഷ ഇതല്ല. അതും യുഗയുഗാന്തരങ്ങളായി ലോകമൊട്ടുക്കും പഠനപാഠനങ്ങള്ക്ക് വിധേയമായി വരുന്ന ഒരു ആത്മീയ ഗ്രന്ഥത്തിലെ ഒരു സംഭവം വിവരിയ്ക്കാന്‍ വേണ്ടി ഉപയോഗിച്ച വാക്കുകള്‍. മറ്റേതെങ്കിലും മത ഗ്രന്ഥത്തിനെക്കുറിച്ചാണ് ഈ ഒരു വാക്ക് ഉപയോഗിച്ചതെങ്കില്‍, ഇത് വായിയ്ക്കേണ്ടി വരില്ലായിരുന്നു. ഈ ഒരു സ്വാതന്ത്ര്യമാണ് നമ്മളെയൊക്കെ ഇത്തരം ഹീനമായ വാക്കുകളുപയോഗിയ്ക്കാന് പ്രാപ്തരാക്കുന്നത് എന്ന് ആമുഖമായി സൂചിപ്പിച്ചുകൊള്ളട്ടെ. വാക്കുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഓരോ വാക്കിന്റെ കൂടെയും എന്റെ മനസ്സുകൂടി ചേരുന്നുണ്ട്, മനസ്സുകൂടി പോകുന്നുണ്ട്. മനോ മേ വാച പ്രതിഷ്ഠിത: എന്നും വാങ് മേ മനസി: പ്രതിഷ്ഠിത: എന്നും പ്രമാണം. ഒരു പ്രമാണവും ഇല്ലെങ്കിലും ഈ തത്ത്വം എല്ലാവര്ക്കും അറിയുന്നതാണ്. ഞാന്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലായില്ലെങ്കില്‍, ഞാന്‍ ആ വാക്ക് പ്രയോഗിച്ച സമയത്ത് എന്റെ മനസ്സ് അതിനൊപ്പമില്ലായിരുന്നു എന്നാണര്‍ഥം. അതിന് അവനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല, തെറ്റ് എന്റേതാണ്. അതല്ലെങ്കില്‍ അത് കേള്‍ക്കുന്ന സമയത്ത് അവന്റെ മനസ്സ് ആ ശബ്ദത്തിന്റെ കൂടെ ഇല്ലായിരുന്നു എന്നാണ്. ഏത് ആയാലും മനസ്സാണ് പറയുന്നതും മനസ്സാണ് കേള്‍ക്കുന്നതും. കര്‍ണ്ണങ്ങള്‍ ജഡമാണ്, അതിന് ചൈതന്യമില്ല. അതിന് കേള്‍ക്കാനുള്ള കഴിവില്ല. കേള്‍ക്കാനുള്ള കഴിവ് ചെവിയ്ക്കാണെങ്കില്, ലോകത്തുള്ളവര്‍ക്കെല്ലാം കേള്‍വിശക്തി വേണ്ടേ, അതില്ലല്ലൊ. ചെവി ഉണ്ടായിട്ടും കേള്‍ക്കാത്തവര്‍ എത്രയോ ഉണ്ടല്ലൊ. ചെവിയ്ക്ക് ചൈതന്യം കൊടുക്കുന്നത് അതിന്റെ ഇന്ദ്രിയമാണ്, അതിന്റെ ദേവനാണ്. ഭദ്രം കര്‍ണ്ണേഭി ശ്രുണുയാമ ദേവ: എന്ന വേദവാക്യം സ്മരണീയം.
ഞാന്‍ ഒരു ബ്രാഹ്മണനാണെങ്കില്, എവിടെയെങ്കിലും ഒരു ബ്രാഹ്മണന് കൊല്ലപ്പെട്ടു എന്ന് കേട്ടാല്‍ അത് എന്നില്‍ ഒരു അസ്വാസ്ഥ്യം ഉളവാക്കും. ഞാന്‍ ഒരു ശൂദ്രനായതുകൊണ്ട്, ശംഭൂകന് എന്ന ശൂദ്രനെ രാമന് എന്ന ക്ഷത്രിയന് വധിച്ചു എന്ന് കേള്‍ക്കുമ്പോള്‍, എന്നിലും അസ്വാസ്ഥ്യമുണ്ടാവും. ക്ഷാത്രമാഹാത്മ്യം എന്റെ വര്‍ണ്ണ മാഹാത്മ്യത്തേക്കാള് മുന്നിലാണെന്നും എന്റെ വര്ണ്ണമാഹാത്മ്യം അതിനേക്കാള്‍ മോശമാണെന്നും പൂര്‍ണ്ണമായി തിരിച്ചറിയുന്നതുകൊണ്ടാണ് അത് തോന്നുന്നത്. അതായത് ഞാനും ശംഭൂകനും ഒരേ വര്ണ്ണക്കാരനായതുകൊണ്ടുള്ള വികാരപ്രകടനമാണത്. എന്നാല്‍ ഏറ്റവും മഹത്തായത് ശൂദ്രനാണെന്ന് വേദാന്തങ്ങള്‍ വിളിച്ചോതുന്നത് ഞാന്‍ കാണാതെപോയി. അതിനും ഞാന്‍ മറ്റുള്ള വര്‍ണ്ണത്തിനെ കുറ്റം പറയുന്നു. മനുസ്മ്ര്തി ഒന്നിനും കൊള്ളരുതാത്തതാണെന്നും അതിലുള്ളതെല്ലാം പ്രാക്ര്തമാണെന്നും, ഭഗവദ്ഗീത വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുന്നതാണെന്നും, അതുകൊണ്ട് അതൊക്കെ കത്തിച്ചുകളയണമെന്നും, ഭഗവദ്ഗീത റഷ്യയില്‍ നിരോധിയ്ക്കണമെന്ന് കോടതില്‍ കേസ് കൊടുത്തതുമൊക്കെ, അന്യമതസ്ഥനായ ഞാന്‍ പേറിക്കൊണ്ട് നടക്കുന്ന തത്ത്വശാസ്ത്രങ്ങളെല്ലാം അഞ്ച് കാശിന് കൊള്ളരുതാത്തതായതുകൊണ്ടും മറ്റേതിനെ ഞാന്‍ ഭയക്കുന്നതുകൊണ്ടുമല്ലേ. ലോകത്തുള്ള ഒരു നിറവും കാവിയുടെ അടുത്തേയ്ക്ക് എത്താത്തതുകൊണ്ടാണല്ലോ അതിനെ എതിര്‍ക്കുന്നത്. ആ എതിര്‍പ്പ് അതിനെ ഭയക്കുന്നതുകൊണ്ടാണല്ലൊ. ആര്‍എസ്എസ് എന്ന സംഘടനയെയും അതിന്റെ കാവിക്കൊടിയേയും ആരെല്ലാമാണോ എതിര്‍ക്കുന്നത് അത് അവരുടെ ഭയംകൊണ്ടാണ്. കാരണം എന്റെ സംഘടനയും അതിന്റെ ചിഹ്നവും ഒന്നിനും കൊള്ളാത്തതാണെന്ന് എനിയ്ക്കുതന്നെ ഉറപ്പുള്ളതായതുകൊണ്ടാണ്. ഹൈന്ദവ മതത്തേയും ഹൈന്ദവ പ്രസ്ഥാനങ്ങളേയും എതിര്‍ക്കുകയും നശിപ്പിയ്ക്കുകയും ഇതര മതസ്ഥര്‍ ചെയ്യുന്നുവെങ്കില്‍, അവന്റെ മതത്തില്‍ നല്ലത് ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെയാണ്. നല്ലതിന് ഒരു പബ്ലിസിറ്റിയോ ഒരു കൊട്ടിഘോഷിയ്ക്കലോ, ഒരു സംവരണമോ ആവശ്യമില്ല. ആവശ്യക്കാരന്കേട്ടറിഞ്ഞ് വന്ന് വാങ്ങിക്കോളും. ആരും വന്നില്ലെങ്കിലും അതിന്റെ നന്മയ്ക്ക് കോട്ടമൊന്നും സംഭവിയ്ക്കുന്നില്ല.
ഇനി വിഷയത്തിലേയ്ക്ക് -
എല്ലാ രാമായണ കര്‍ത്താക്കളും അവരവര്‍ വര്‍ണ്ണിയ്ക്കാന്‍ പോകുന്ന രാമചരിത്രം വേദസമ്മതമാണെന്ന് അതിന്റെ ആരംഭത്തില്‍ത്തന്നെ സധൈര്യം ഉദ്ഘോഷിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിയ്ക്കുന്നതെല്ലാം വേദസമ്മതമാണ് എന്നാണ്. ഇതിനെ പാഠകര്‍ കാണാതെ പോകുന്നു.
രാമായണ കര്‍ത്താക്കള്‍ ഘോഷിച്ചതെല്ലാം പദാനുപദം ശരിയാണെന്നും സത്യമാണെന്നുമൊക്കെയാണോ പറയുന്നത് എന്ന സംശയം വരാം. അതെ, ശരിയാണ്, സത്യമാണ്, കാരണം, അതെല്ലാം പണ്ഡിതര്‍ പഠനവിധേയമാക്കിയിട്ടുണ്ട്, വേദവിജ്ഞാനങ്ങളുമായി താരതമ്യം ചെയ്തിട്ടുമുണ്ട്, അവരൊന്നും വിയോജിപ്പുകളോ എതിര്‍പ്പുകളോ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച് അഭിനന്ദിച്ചിട്ടുണ്ടുതാനും. ആ പണ്ഡിതരൊക്കെ പറഞ്ഞത് ശരിയാണെന്ന് എങ്ങിനെ തീരുമാനിയ്ക്കാം. തീര്‍ച്ചയായും തീരുമാനിയ്ക്കാം, കാരണം അവര്‍ക്കൊക്കെ നമ്മെക്കാളൊക്കെ അധികം അറിവുണ്ടായിരുന്നു. അത്തരക്കാരുടെ ഇതര ഗ്രന്ഥങ്ങളില്‍നിന്ന് അവരുടെ വിനയവും സൗശീല്യവും ദയ, കാരുണ്യം, സമത്വഭാവന, ജ്ഞാനം, ഭക്തി, വൈരാഗ്യം ഇത്യാദികളെല്ലാം ദ്ര്ഷ്ടമാണ്. അത്തരത്തിലുള്ള ഗ്രന്ഥങ്ങളൊന്നും പില്ക്കാലത്ത് മറ്റ് ആരാലും രചിയ്ക്കപ്പെട്ടില്ലാ എന്നതുതന്നെ അതിനെ സാധൂകരിയ്ക്കുകയും ചെയ്യുന്നു. മനുഷ്യന് തലമുറയിലൂടെ മാറിമാറി വരുമ്പോള്‍, അവന് അറിവില്‍ നിന്ന് അറിവില്ലായ്മയിലേയ്ക്കാണ് വളരുന്നത്. എന്നെക്കാള്‍ അറിവ് എന്റെ അച്ഛനുണ്ടായിരുന്നു. എന്റെ അച്ഛന്റെ അറിവിനേക്കാള്‍ അച്ഛച്ഛന് അറിവുണ്ടായിരുന്നു. അതിനും അപ്പുറത്തേയ്ക്കുള്ള തലമുറയ്ക്ക് എത്ര അറിവുണ്ടായിരിരുന്നിട്ടുണ്ടാവും... ഇങ്ങനെ ചിന്തിയ്ക്കണം. എന്റെ മുന്‍തലമുറയ്ക്ക് അറിവുണ്ടായിരുന്നു എന്ന് വാദിയ്ക്കുന്നതിന്റെ സാംഗത്യമെന്താണ്? ഇത് വാദമൊന്നുമല്ല, പരമാര്‍ഥമാണ്. എന്റെ അച്ഛച്ഛന് ജീവിച്ചിരുന്നപ്പോള്‍ മുപ്പതും നാല്‍പ്പതും അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു, ഏക്കര്‍ കണക്കിന് ക്ര്ഷിയും കന്നുകാലികളും ആടും കോഴിയും പട്ടിയും പൂച്ചയും അതിഥികളും ഭിക്ഷക്കാരും, വീട്ടിലെ പണിക്കാരും, എല്ലാംകൂടി, അദ്ദേഹം നോക്കി നടത്തിയിരുന്നതും, എല്ലാ അംഗങ്ങളെയും ഒരേപോലെ കാണുകയും എല്ലാവരുടെയും സുഖസൗഖ്യാദികളില് ശ്രദ്ധിയ്ക്കുകയും, ആര്‍ക്കും ഒരു കുറവും വരാതെ നോക്കുകയും, യാതൊരു അടിപിടിയോ വാക്കേറ്റമോ ഒന്നുമില്ലാതെ, കുടുംബത്തിനെ മുന്നോട്ടുനയിയ്ക്കുകയും, ഒക്കെ ചെയ്തവനാണ്. അദ്ദേഹം നൂറാമത്തെ വയസ്സില്‍ വളരെ ആരോഗ്യത്തോടും സമാധാനത്തോടും ശാന്തിയോടും കൂടി ജീവിയ്ക്കയും, യാതൊരു രോഗവുമില്ലാതെ നൂറുവയസ്സുവരെ ജീവിച്ച്, സന്തോഷത്തോടെ മരിച്ചുപോവുകയും ഒക്കെ ചെയ്തു. എങ്ങിനെ ജീവിയ്ക്കണമെന്ന് അവര്‍ അറിഞ്ഞിരുന്നു. ആ അറിവ് അവര്‍ക്കുണ്ടായിരുന്നു. എനിയ്ക്ക് ആ അറിവില്ല്യ. വളരെ ചെറുപ്പത്തില്‍തന്നെ വാര്ദ്ധക്യജന്യങ്ങളായ രോഗങ്ങള്‍ പിടിപെടുകയും യുവാവസ്ഥയില്‍ത്തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ധവും യക്ര്ത്തിന് തകരാറും കിഡ്നിയ്ക്ക് തകരാറും, ആരോടും യോജിയ്ക്കാന്‍ പറ്റായ്കയും എന്നും വഴക്കും വക്കാണവും, പിടിച്ചുപറിയും കളവും ചതിയും ഭീകരവാദപ്രവര്‍ത്തനങ്ങളും തീവ്രവാദചെയ്തികളും ബോംബ് വെയ്ക്കലും പൊട്ടിയ്ക്കലും നശിപ്പിയ്ക്കലും കോഴയും കൈക്കൂലിയും നാടിനെ കാടാക്കുകയും കാടിനെ റോടാക്കുകയും അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കുകയും പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മമ്മാര്തന്നെ ചവറ്റുകൂനയിലേയ്ക്ക് വലിച്ചെറിയുകയും ഒക്കെ ചെയ്യുന്നത് അറിവില്ലായ്മയല്ലാതെ മറ്റെന്താണ്. ബാഹ്യമായ സകലതിനെയും അഴിച്ച് അപഗ്രഥിച്ച് പഠിച്ചാലൊന്നും അറിവുണ്ടാവില്ല, അറിവില്ലായ്മ മാത്രമേ ഉണ്ടാകൂ.
വേദവ്യാസ വിരചിതമായ അദ്ധ്യാത്മരാമായണം മൂലം, എഴുത്തച്ഛന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്ന രൂപത്തില്‍ ഉള്ളത്. പലഭാഗങ്ങളും എഴുത്തച്ഛന് വിട്ടുകളഞ്ഞിട്ടുണ്ട്, കുറച്ചൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. അതിന്റെ തുടക്കത്തില്‍തന്നെ എഴുത്തച്ഛന് പറയുന്നു :
പാദസേവകനായ ഭക്തനാം ദാസന് ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍, വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്
ഇവിടെ ഉള്ളതേ ഞാന്‍ പറഞ്ഞിട്ടുള്ളു, അത് വേദസമ്മിതവുമാണ്. ഇതാണ് എഴുത്തച്ഛന് പറഞ്ഞത്.
ലോകത്തിലെ സകല സുന്ദര വസ്തുക്കളും ചേര്ത്തുവെയ്ക്കണമെന്ന് പ്രജാപതിയ്ക്ക് തോന്നി. (തന്നിലെ സ്പന്ദാത്മകമായ ശിവശ്ശക്തി ഒരു ഊര്‍ജ്ജപ്രസരംപോലെ തുടിയ്ക്കുമ്പോള്‍, കര്‍മ്മനിരതനാവുന്ന ജീവാത്മാവ്, അജ്ഞാനത്തിലേയ്ക്ക്‍ എടുത്ത് എറിയപ്പെടുന്നു എന്ന് സാരം. സകല കര്‍മ്മങ്ങളും അജ്ഞാനമാണ് എന്നര്‍ഥം) അങ്ങിനെ ചേര്‍ത്തുവെച്ചപ്പോള്‍ അതൊരു സ്ത്രീരൂപമായി. അതില്‍ സ്വയം പ്രവേശിച്ച് അതിന് പ്രാണന് നല്കി. ആ സ്ത്രീരൂപത്തിന് അഹല്ല്യ എന്ന് നാമകരണം ചെയ്തു. അങ്ങിനെ ആ സ്ത്രീരൂപം ഒരു സുന്ദരിയായ കന്യകയായി. ലോകസൗന്ദര്യത്തെ വെല്ലുന്ന ആ കന്യക സ്വന്തം സൗന്ദര്യത്തില്‍ അഹങ്കാരമുള്ളവളായി. തന്റെ സൗന്ദര്യത്തില്‍ അഹങ്കാരം തോന്നിയപ്പോള്‍, ബ്രഹ്മാവ് ഉപായം ചിന്തിച്ചു.. ഇവളെ എന്തു ചെയ്യും എന്ന് അലോചിച്ച പ്രജാപതി, ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ തീരുമാനിച്ചു. ദാനം ചെയ്യുന്നതോടെ അഹങ്കാരം നശിയ്ക്കുമല്ലോ എന്ന് പ്രജാപതി വിചാരിച്ചു. (അഹങ്കാരത്തിന്റെ ശമനം ദാനംകൊണ്ടുണ്ടാകുന്നൂ എന്ന് ഭാരതീയ ചിന്ത.)
അതെ, എന്റെ കൈവശമുള്ള വസ്തുക്കള്‍ ദാനം ചെയ്യുമ്പോഴാണ് ഞാന്‍ അഹങ്കാരമുക്തനാകുന്നതും ആ വസ്തു അതിന്റെ യഥാര്‍ത്ഥ ഉടമയില്‍ എത്തുന്നതും എന്ന് ഭാരതീയ ദര്‍ശനം. വസ്തുക്കളിന്മേലുള്ള എന്റെ സ്വാമിത്തം, ഉടമസ്ഥത, ഇല്ലാതാക്കി, അതിന്മേല് വേറൊരുത്തന്റെ സ്വാമിത്ത്വത്തിനുടമയാക്കുന്നതിനെ ദാനം എന്ന് ഭാരതീയ ചിന്ത. സ്വസ്വത്ത്വ നിവ്ര്ത്തി; പരസ്വത്ത്വാപാതനം ദാനം. വസ്തു കൈവശം വെയ്ക്കുമ്പോള്‍ അഹങ്കാരം വര്‍ദ്ധിയ്ക്കുന്നു. അതില്ലാതാവാന്‍ അതിന്റെ ശരിയായ ആവശ്യക്കാരന്, അതിന്റെ ശരിയായ ഉടമസ്ഥന്, അത് അര്‍ഹിയ്ക്കുന്നവന്, കൈമാറണം. അങ്ങിനെ കൈമാറുന്നതോടെ, നേടിയതിനെ ഉപഭോഗം ചെയ്ത് ത്യജിച്ചതായതുകൊണ്ട്, ആ വസ്തുവിന്മേല് ജീവാത്മാവിന് മമത ഇല്ലാതാകുന്നു. അതോടേ ആ ഒരു ദുര്‍ഗ്ഗുണത്തില്‍നിന്ന്‍ മോചിതനാകുന്നു. തേന ത്യക്തേന ഭുഞ്ജിത, മാ ഘ്ത കസ്യസിദ്ധനം, എന്ന പദത്തിലേയ്ക്കുയരുന്നു.
വിവരമറിഞ്ഞ ദേവേന്ദ്രന് പ്രജാപതിയെ സമീപിച്ച് കുശലപ്രശ്നം നടത്തി. തനിയ്ക്ക് വേണമെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചില്ല പക്ഷേ ദേവേന്ദ്രന്റെ ഇംഗിതം പ്രജാപതി മനസ്സിലാക്കി. ഒരു ഭോഗിയ്ക്ക് കൊടുക്കണോ അതോ ഒരു യോഗിയ്ക്ക് കൊടുക്കണോ എന്ന് ചിന്തിച്ച് ഒടുവില്‍ യോഗിയ്ക്ക് തന്നെ കൊടുക്കുന്നതാണുത്തമമെന്ന്‍ നിര്‍ണ്ണയിച്ചു. കാരണം പ്രേയസ്സിനേക്കാള്‍ ഉത്തമം ശ്രേയസ്സാണല്ലോ. അതിനായി അന്വേഷിച്ചു, ഒരു മുനിയെ കണ്ടെത്തി, അത് ഗോതമഋഷി. ഗോതമന് അഹല്യയെ ദാനം നല്കി.
തന്റെ സൗന്ദര്യത്തില്‍ അഹല്യയ്ക്ക് അഭിമാനമുണ്ടായിരുന്നു എന്ന് ആദ്യം സൂചിപ്പിച്ചു. അതുപോലെ, അഹല്യയെ അനുഭവിയ്ക്കണമെന്ന്‍ ആദ്യം മുതലേ ഇന്ദ്രനും മനസ്സില്‍ വെച്ചുപുലര്‍ത്തിയിരുന്നു. ദേഹാഭിമാനവും അധാര്‍മികമായി അസ്തേയത്തിനുള്ള ഇച്ഛയും ജീവാത്മാവിനെ അന്യഥാ പ്രേതാദി യോനികളിലേയ്ക്കെത്തിയ്ക്കുന്നു, അല്ലെങ്കില്‍ അധ:പ്പതിപ്പിയ്ക്കുവാന്‍ കാരണമായിത്തീരുന്നു, എന്ന് ഈ ഒരു പ്രകരണത്തില്‍നിന്നും മനസ്സിലാക്കാം. അസ്തേയം എന്നാല്‍ അന്യന്റെ മുതല്‍ കൈവശപ്പെടുത്തുകയും കരുതിവെയ്ക്കുകയും ചെയ്യുക. പലരും എത്രയോ തലമുറകള്‍ക്കുള്ളതാണ് സമ്പാദിച്ചുകൂട്ടുന്നത്, ധനമായും ഭൂമിയായും ഒക്കെ. അതൊക്കെ മറ്റ് ആരെല്ലാമോ അനുഭവിയ്ക്കേണ്ടതാണ്, അതാണ് ഞാന്‍ വാങ്ങിച്ചുകൂട്ടുന്നത്. ഇതുതന്നെ അസ്തേയം.
ഗോതമഋഷിയുടെ ആശ്രമത്തിലെത്തിയ അഹല്യ ആശ്രമാന്തരീക്ഷത്തിലെ യോഗമയമായ ജീവിതചര്യകളാല്‍ കാലാന്തരത്തില്‍ ഒരു യോഗിനിയുടെ അവസ്ഥയിലേയ്ക്കെത്തി. തന്റെ മനോമണ്ഡലത്തിന്റെ അകക്കാമ്പുകളില്‍ താന്‍ ലോകസുന്ദരിയാണെന്ന അഭിമാനവും അതില്‍നിന്നുത്ഭൂതമാകുന്ന ആസക്തിയും സബീജരൂപേണതന്നെ കിടന്നു. ബീജം ജീവസ്സുള്ളതാണെങ്കില്‍ എവിടെ സൂക്ഷിച്ചാലും, അനുകൂല കാലാവസ്ഥ സംജാതമായാല്‍, ഒരു ഭോഗിയുടെ കൊട്ടാരമായാലും വേണ്ടില്ല, ഒരു യോഗിയുടെ ആശ്രമമായാലും വേണ്ടില്ല, അത് മുളയ്ക്കും, കിളിര്‍ക്കും, എന്നതിന് പ്രത്യക്ഷ ഉദാഹരണമാണിത്. ഇത്തരത്തിലുള്ളതില്‍നിന്ന്‍ നമ്മളെടുക്കേണ്ടത് ഇതൊക്കെയാണ്.
ഉണങ്ങിയ ഇലകളും കാട്ടിലെ ചോലയിലെ വെള്ളവും കുടിച്ച് തപസ്സനുഷ്ഠിച്ചിരുന്ന വിശ്വാമിത്രന്‍വരെ ഉര്‍വ്വശിയില്‍ അനുരക്തനായിട്ടില്ലേ, അതുകൊണ്ട്, ഞാനും അതുപോലത്തെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിലെന്താണ് തെറ്റ് എന്നല്ല ചിന്തിയ്ക്കേണ്ടത്. വിശ്വാമിത്രന്റെ ചെയ്തികളെ കഥാരൂപത്തില്‍ വര്‍ണ്ണിച്ചത്, അതുപോലെ ചെയ്യാനുള്ള ഒരു ലൈസന്‍സ് ആയിട്ടല്ല എടുക്കേണ്ടത്. അങ്ങനെയൊക്കെ ജീവിച്ചുപോന്ന വിശ്വാമിത്രനുവരെ ആ ഒരു അബന്ധം പറ്റിയിട്ടുണ്ടെങ്കില്‍, നെയ്യും ചോറും തിന്നുന്ന ഹേ മനുഷ്യാ, നിന്റെയൊക്കെ ഗതിയെന്താണ് എന്നാണ് ചോദിയ്ക്കേണ്ടത്. അതാണ് ബുദ്ധിയുള്ളവന് ചിന്തിയ്ക്കേണ്ടത്. ഇതിനെ അറിവെന്ന് പറയും.
ഗോതമന് പറഞ്ഞത് ഹേ ഇന്ദ്രാ, നിന്റെ ആസക്തി അടക്കാന്‍ നിന്റെ കൈവശം ഇന്ദ്രലോകത്ത് തന്നെ ധാരാളം പോംവഴികള്‍ ഉണ്ടല്ലോ (ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ ....... ഇത്യാദികളുണ്ടല്ലോ എന്ന് വ്യംഗ്യം), അതൊക്കെ പോരാഞ്ഞിട്ട്, ദേവലോകത്തുനിന്ന് (അമ്ര്ത്യലോകത്തുനിന്ന്) നിനക്ക് ഈ മ്ര്ത്യുലോകത്ത് വരേണ്ടി വന്നുവോ.. (പ്രേതാദി യോനി പ്രാപ്തി, അല്ലെങ്കില്‍ അധ:പ്പതനം എന്ന് സാരം). അതും ഒരു മഹര്‍ഷിയുടെ ആശ്രമം വരെ എത്താനുള്ള അഹങ്കാരം നിന്നിലുണ്ടായല്ലോ. സ്തീയോനിപ്രാപ്തിയായിരുന്നു നിന്റെ ലക്ഷ്യമെങ്കില്‍ എനിയ്ക്കൊരു സന്ദേശം കൊടുത്തയച്ചാല്‍ മതിയായിരുന്നില്ലേ, നിന്റെ ഇംഗിതം സാക്ഷാല്‍ക്കരിയ്ക്കുമായിരുന്നു. അതിന് ഈവിധം അധാര്‍മിക വഴികള്‍ സ്വീകരിയ്ക്കേണ്ടിയിരുന്നില്ല എന്ന് സൗമ്യതയോടെ ഗോതമന് പറഞ്ഞു. ഏതായാലും നിനക്ക് വേണ്ടത് സ്ത്രീയോനിയാണല്ലോ, ഈ നിമിഷം മുതല്‍ നിന്റെ ശരീരത്തില്‍, ഒന്നിനുപകരം ഒരായിരം സ്ത്രീയോനികള്‍ ഉല്‍പ്പന്നമാകട്ടേ.. എന്ന് ഞാന്‍ നിനക്കൊരു വരം തരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലക്കിയ ദേവേന്ദ്രന് കരഞ്ഞുകൊണ്ട് ഗോതമന്റെ കാല്‍ക്കല്‍വീണ് ക്ഷമാപണവും ശാപമുക്തിയ്ക്കുമായി പ്രാര്‍ത്ഥിച്ചു. ശ്രീരാമാവതാരത്തില്‍ രമസീതാ സ്വയംവര സമയത്ത് ഈ ആയിരം യോനികള്‍ നിനക്ക് ആയിരം ചക്ഷുസ്സുകളായി തീര്‍ന്ന്, ശ്രീരാമവിവാഹം കാണാനുള്ള സദ്‍ഭാഗ്യം ഉണ്ടാകും, അതോടെ നീ ഇതില്‍നിന്ന് മുക്തനാവും. ഇന്ദ്രന് ഉടനെ സ്ഥലം വിട്ടു. അഹല്യയുടെ നേര്‍ക്ക് നോക്കി ഗോതമന് പറഞ്ഞു, ഒരു ഋഷിപത്നിയായിട്ടുകൂടി നിനക്ക് നിന്റെ സൗന്ദര്യത്തിലുള്ള അഹങ്കാരം നശിച്ചില്ല, നിന്റെ ആസക്തിയ്ക്ക് ശമനം വന്നില്ല, അത് നിന്നെ നിന്റെ സമനില തെറ്റിച്ചു. അതിനൊരു പ്രായശ്ചിത്തമെന്ന നിലയ്ക്ക് നീ ഒരു പാഷാണമായി തീരട്ടെ, ഒരു കല്ല് ആയിത്തീരട്ടെ. അഹല്യ മുനിയുടെ കാല്‍ക്കല്‍വീണ് മാപ്പിരന്നു. മഹാത്മാക്കളുടെ ഋദയം അതീവ ലോലമായതിനാല്‍, മറ്റുള്ളവരുടെ ദു:ഖം കാണാന്‍ പറ്റില്ല. ഉടനെ അനുഗ്രഹത്തിന്റെ വചനങ്ങള്‍ -ശ്രീരാമാവതാരത്തില്‍ ഭഗവാന്റെ ചരണസ്പര്‍ശമേല്‍ക്കുന്നതോടെ, നിന്റെ സ്വരൂപം നിനക്ക് തിരിച്ചുകിട്ടും, പതിലോകത്തെ പ്രാപിയ്ക്കാനും സാധിയ്ക്കും.
അഹല്യ ആശ്രമമുറ്റത്ത്‍തന്നെ സമാധിസ്ഥയായി ഇരുന്നു. രാമനാമവും ജപിച്ച്. മനുഷ്യജീവിതത്തില്‍ പല തെറ്റുകളും സംഭവ്യമാണ്.
എന്നാല്‍ താന്‍ ചെയ്ത തെറ്റിനെ അഹല്യ മൂടി വെച്ചില്ല. താന്‍ ചെയ്ത തെറ്റിനെ അഹല്യ ന്യായീകരിച്ചില്ല. അഹല്യ ഉടനെ പ്രജാപതിയായ, തന്റെ പിതാവായ, ബ്രഹ്മാവിന് ഫോണ്ചെയ്തില്ല, ആളെ കൂട്ടിയില്ല, ജാഥ നയിച്ചില്ല, മുദ്രാവാക്യങ്ങള്‍ വിളിച്ചില്ല, മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ കൊടുത്തില്ല, രാജാവിനെ കാണാന്‍ പോയില്ല. മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും കത്തയച്ചില്ല, ഒരു ന്യായാലയത്തിലും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തില്ല.
എന്നാല്‍ തന്റെ തെറ്റ്, അത് ലോകരുടെ മുന്നില്‍ വിളിച്ചു പറയത്തക്കവിധം പുറത്ത്, പെരുവഴിയില്‍തന്നെ ഇരുന്നു. വഴിയാത്രക്കാരൊക്കെ അവരുടെ കാലുകൊണ്ട് എന്നെ ചവിട്ടട്ടെ, ഞാന്‍ അത്രയ്ക്ക് വലിയ പാപമാണ് ചെയ്തിട്ടുള്ളത്. കാറ്റത്തും മഴയത്തും വെയിലത്തും പതറാതെ, അഹല്യ തന്റെ സാധനയില്‍ നിമഗ്നയായി. ഞാനാണ് ഇത്തരത്തിലൊരു കര്‍മ്മം ചെയ്തതെങ്കില്‍, ഞാന്‍ എന്തായിരിയ്ക്കും ചെയ്യുക. ലോകരോട് വിളിച്ചു പറഞ്ഞ് പശ്ചാത്തപിയ്ക്കുമോ, അതോ അതിനെ ഗോപ്യമായി വെയ്ക്കുമോ, ആരും അറിയാതിരിയ്ക്കാന്‍. എന്നിട്ട് നീറിനീറി ചാകുമോ. ചിന്തിയ്ക്കുക. ഗൗതമന് അഹല്യയ്ക്ക് ശാപമല്ല കൊടുത്തത് മറിച്ച് താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാനാണ് പറഞ്ഞത്. എന്താണ് പ്രായശ്ചിത്തം.. ഏകാഗ്രചിത്തയായി പരമാത്മധ്യാനത്തില്‍ മുഴുകുക. ഏതുവരെ, ഭഗവാന്റെ പാദസ്പര്‍ശം ഏല്‍ക്കുന്നതുവരെ. താന്‍ എവിടെ നില്ക്കുന്നുവോ, എത് അവസ്ഥയില്‍ ആണോ, അതേ അവസ്ഥയിലിരുന്ന്, ഏകാഗ്രചിത്തതയോടെ ഈശ്വരനാമം ജപിച്ചാല്‍, കയ്യില്‍ പത്തുരൂപയുമെടുത്ത്‍ ഏതോ ക്ഷേത്രത്തിലിരിയ്ക്കുന്ന ക്ഷേത്രജ്ഞനെ കാണാന്‍ പോകണ്ട, മറിച്ച് ക്ഷേത്രജ്ഞനായ ശ്രീരാമന് അഹല്ല്യയെതേടി കാട്ടിലെത്തും.വിളിച്ചാല്‍ വിളിപ്പുറത്ത് വരുന്നതാണ് ഈശ്വരതത്ത്വം. വിളിപ്പുറത്ത് വരുക എന്ന് പറഞ്ഞാല്‍, ഒരു സഞ്ചിയുമെടുത്ത് ഏതോ ഭിക്ഷു വരുന്നതുപോലെ വരുന്നു എന്നല്ല, മറിച്ച് സാധകന്‍തന്നെ ഈശ്വരനായി ഭവിയ്ക്കുന്ന അവസ്ഥ. ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി: ബ്രഹ്മത്തെ അറിയാന്‍ കെല്പുള്ളവന് ബ്രഹ്മംതന്നെയായി തീരുന്നു, എന്ന് ഉപനിഷത് പ്രമാണം.
ഇത്രയും പറഞ്ഞത് രാമായണത്തിലെ ആ ഭാഗത്തിലെ കഥയുടെ കുറച്ചുഭാഗം. ഇനി വൈദികമായി ഇതിനെന്താണര്‍ഥം.
വൈദികസാഹിത്യത്തില്‍ ഇന്ദ്രന് സൂര്യനാണ്. പരമൈശ്വര്യവാന്‍ എന്ന ഹേതുവിനാല്‍ സൂര്യന് ജഡവസ്തുവെങ്കിലും ഇന്ദ്രനെന്നു പേരായി.
അഹസ് എന്നാല്‍ പകല്‍. അഹോരാത്രം എന്നാല്‍ പകലും രാത്രിയും - രാപ്പകല്‍ - എന്നാണല്ലോ അര്‍ഥം. ല്ല്യ എന്ന വാക്കിന് ലയിയ്ക്കുന്നത്, ലയിച്ചത് എന്നൊക്കെ അര്‍ഥം. അഹല്ല്യ എന്ന വാക്കിന് പകല്‍ ലയിയ്ക്കുന്നത് എന്ന് അര്‍ഥം പറയും. പകല്‍ എവിടെയാണ് ലയിയ്ക്കുന്നത്. തീര്‍ച്ചയായും, പകല്‍ രാത്രിയില്‍ പോയി ലയിയ്ക്കുന്നു. രാത്രിയുടെ നാഥന് സോമമാണ്. സോമം ചന്ദ്രന്. സോമനാണ് ഗോ-തമനായ ചന്ദ്രന്. ഗോതമന് കുളിയ്ക്കാന്‍ പോയി എന്ന് പറഞ്ഞാല്‍ ചന്ദ്രന് സാഗരത്തില്‍ ആണ്ടു, ചന്ദ്രന് അസ്തമിച്ചു എന്ന് അര്‍ഥം. അഹല്ല്യ ലയിയ്ക്കുന്നത് രാത്രിയുടെ നാഥനായ സോമനിലാണ്, ഗോതമനിലാണ്. അഹല്യയുടെ ഭര്‍ത്താവ് ഗോതമന്.
സൂര്യന് ഇഷ്ടം പകലിനോടാണ്. പകലിനും ഇഷ്ടം സൂര്യനോടാണ്. അപ്പോഴെ പകല്‍ പകലായി നിലനില്ക്കുകയുള്ളു. സൂര്യനുണ്ടെങ്കിലേ പകല്‍ ഉള്ളു. പകല്‍ ലയിയ്ക്കുന്നത് രാത്രിയില്‍ ആണെങ്കിലും, രാത്രിയുടെ നാഥനായ സോമനിലാണെങ്കിലും, ഗോതമനിലാണെങ്കിലും, സോമന്റെ സൗന്ദര്യം സൂര്യന്റെ വരദാനമാണ്. അഹല്ല്യയുടെ ഭര്ത്താ-വ് സോമനാണ്. ഭര്‍ത്താവാകുന്ന സോമനാകുന്ന ഗോതമന് പോയി എന്നു പറയുമ്പോള്‍, രാത്രി കഴിഞ്ഞു, സൂര്യന് ഉദിച്ചു എന്ന് അര്‍ഥം. സൂര്യന് പകലിന്റെ ജാരനാണ്. ആ സൂര്യന് പകലിനെ പ്രാപിച്ചു എന്ന് പറഞ്ഞാല്‍ എല്ലായിടത്തും തന്റെ കിരണങ്ങള്‍ വാരി വിതറി എന്ന് മനസ്സിലാക്കണം.
വൈദിക സാഹിത്യത്തിലെ ചില നാമങ്ങള്‍ പുരാണേതിഹാസങ്ങളിലേയ്ക്കെത്തുമ്പോള്‍ അതിനെ വ്യാഖ്യാനിയ്ക്കുന്നത് എത്ര വികലമായിട്ടാണെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം കുറിച്ചു എന്ന് മാത്രം. വൈദിക സംജ്ഞകളെ സാധാരണക്കാരന് മനസ്സിലാവാന്‍ മഹര്‍ഷിമാര്‍ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും പിന്നീട് ഉപനിഷത്തുക്കളും രചിച്ചു. കുറച്ചുകൂടി മുന്നോട്ടുപോയി വൈദിക സിദ്ധാന്തങ്ങള്‍ കഥാരൂപേണ, പുരാണങ്ങള്‍ക്ക് രൂപം നല്കി. അതും മതിയാവാതെ വന്നപ്പോള്‍ ഒടുവില്‍ രാമായണ മഹാഭാരതാദി ഇതിഹാസങ്ങള്‍ രചിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ആദ്യം പഠനവിധേയമാക്കിയാല്‍ ഇന്ദ്രന് ഗോതമനെ പറ്റിച്ച് അഹല്ല്യയുമായി വേഴ്ച നടത്തിയെന്നും ശ്രീരാമന് സീതയെ ത്യജിച്ചു എന്നും ഒക്കെ പഠിയ്ക്കും. ഇത് സനാതന ധര്‍മ്മത്തിന്റെ അപചയവുമാണ്. അങ്ങിനെ പഠിച്ചാല്‍ എല്ലാ കഥാപാത്രങ്ങളോടും വിദ്വേഷവും പകയും ഒക്കെ ഉണ്ടാവും. അദ്വേഷാ സര്‍വ്വഭൂതാനാം എന്ന തത്ത്വം ചുണ്ടിലും കടലാസ്സിലുമൊക്കെയായി ഒതുങ്ങുകയും ചെയ്യും. പുരാണേതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ളത് ആചരിയ്ക്കാന്‍ തുനിയാതെ, അതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ലോക൪ക്കുമുന്നില്‍ വിളമ്പുമ്പോള്‍, ഞാനും ഇതൊക്കെ വായിച്ചിരിയ്ക്കുന്നു എന്ന് അവരൊക്കെയൊന്നറിയട്ടെ എന്ന അഹന്ത ഒന്നുകൂടി പുഷ്ടിപ്പെടും. അതോടെ ഉള്ള അറിവും പോയിക്കിട്ടും.
വേറൊരു വൈദിക വ്യാഖ്യാനം കൂടി നോക്കാം. ഹലം എന്നുപറഞ്ഞാല്‍ കലപ്പ (കന്നുപൂട്ടാനുള്ള കരി). ഹല്യം എന്നാല്‍ ഉഴുതത്, ഉഴുന്നുനിരത്തിയത്. (ഉഴുന്നുനിരത്തിയ ഭൂമി). അഹല്യം എന്നാല്‍ ഉഴാത്തത്, ഉഴാന് ഉചിതമല്ലാത്തത്, ഊഷരം (ഊഷരഭൂമി). അപ്പോള്‍ അഹല്യ എന്ന വൈദിക സംജ്ഞയ്ക്ക് ഊഷരം എന്ന് അര്‍ത്ഥം. ഗോ + തമം = ഗോതമം (ഗൗതമം). ഗോ ശബ്ദത്തിന് പശു എന്ന് അര്‍ഥമുണ്ട്. ഗോ ശബ്ദത്തിന് പ്ര്ഥ്വി എന്നും അര്‍ത്ഥം. തമം എന്ന ശബ്ദത്തിന് തമസ്സ്, അന്ധകാരം, ജഡം, കട്ടിയുള്ളത്, കാഠിന്യമുള്ളത് എന്നൊക്കെ അര്‍ഥം വരും. ഗോതമമായ ഭൂമി ഊഷരഭൂമിയാണെന്ന് അര്‍ഥം. ഗോതമന്റെ ഭൂമി അഹല്ല്യമാണ്, ഭൂമി മുഴുവനും അതി കഠിനമായ സൂര്യതേജസ്സിനാല്‍ ജലാംശം മുഴുവനും വറ്റി, ഇനി അത് ഉഴുവാനുംകൂടി സാധ്യമല്ലാതെ ഊഷരമായി തീര്‍ന്നിരിയ്ക്കുന്നു. അതിനെ ഊഷ്മളമാക്കണമെങ്കില്‍ വര്‍ഷം (മഴ) പെയ്യണം. മഴയുടെ ഉല്‍പാദാവ് ഇന്ദ്രനാണ്. ഇന്ദ്രന് ആ ഊഷരഭൂമിയില്‍ മഴപെയ്യിച്ച് അതിനെ ഊഷ്മളമാക്കിതീര്‍ത്തു. ഇതാണ് കഥയിലെ വൈദികമായ മറ്റൊരര്‍ഥം. അതിന് ഇന്ദ്രനെ അനുമോദിച്ചുകൊണ്ട് പറഞ്ഞു, അല്ലയോ ഇന്ദ്രാ നീ വര്‍ഷത്തിന്റെ യോനിയാണ്, ഉത്ഭവസ്ഥാനമാണ്. നിന്റെ ശരീരമാസകലം വര്‍ഷത്തിന്റെ ഉത്ഭവസ്ഥാനമായി മാറട്ടെ, അങ്ങനെ പ്രപഞ്ചത്തില്‍ ഒരിടത്തും ഊഷരഭൂമി ഉണ്ടാവതിരിയ്ക്കട്ടെ. അഹല്ല്യയോടായി പറഞ്ഞു, ഹേ പ്ര്ഥ്വീ, ജലത്തിന്റെ അഭാവത്താല്‍ അനുഭവവേദ്യമായ നിന്റെ കാഠിന്യം ഇന്ദ്രന്റെ സഹായത്താല്‍ ഇപ്പോള്‍ ഇല്ലാതായി. അതിനായിക്കൊണ്ട് നീ ജഗദീശ്വരനെ സ്മരിയ്ക്കുക. ആ സ്മരണയില്‍ നീ ഏകാഗ്രയാവുക.
ശംഭൂകന്:
ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണം അവസാനിയ്ക്കുന്നു എന്നാണ് പണ്ഡിത മതം. ശംഭൂക വധവും മറ്റും ഉത്തരരാമായണഭാഗത്താണ് വരുന്നത്. ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണം അവസാനിയ്ക്കുന്നുവെങ്കില്‍ ശംഭൂകനും മറ്റും പിന്നീടുണ്ടായ പലരും എഴുതി ചേര്‍ത്തതാവാം, അതുകൊണ്ട് അതൊന്നും ആധികാരികമല്ലാ എന്ന് വരുന്നു. ശ്രീരാമന് ശംഭൂകനെ വധിച്ചു എന്നാണ് പറയുന്നത്. വധിയ്ക്കുന്നത് മോക്ഷപ്രാപ്തിയാണ്. കൊല്ലലല്ല. കൊല്ലുന്നവന് പുണ്യപാപങ്ങളുടെ ആഘാതമുണ്ടാവും. വധത്തില്‍ അതില്ല. ക്ഷത്രിയ ധര്‍മ്മവും രാജധര്‍മ്മവും നിറവേറ്റി എന്ന് വേണം കരുതാന്‍. അതുകൊണ്ടൊക്കെത്തന്നെയല്ലേ പതിനൊന്നായിരം സംവത്സരം ശ്രീരാമന് രാജ്യം ഭരിച്ചു എന്ന് പറയുന്നതും. അത്രയും കാലം ഒരു രാജാവുതന്നെ ഭരിയ്ക്കണമെങ്കില്‍ ആ ഭരണത്തില്‍ ഒരു ന്യൂനതയും ഉണ്ടാവരുതല്ലൊ. ശംഭൂക വധത്തിനുശേഷം ശംഭൂകന്റെ ഭാര്യയോ കുട്ടികളോ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായിട്ടോ ജാഥ നയിച്ചതായിട്ടോ ഹൈകോര്‍ട്ടിലോ സുപ്രീംകോര്‍ട്ടിലോ ഹെബിയസ് പെറ്റീഷന് ഫയല്‍ ചെയ്തതായിട്ടോ ഒന്നും പറഞ്ഞിട്ടില്ല. അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇല്ലാത്ത ഒരു അമര്‍ഷവും വിദ്വേഷവും എനിയ്ക്കെന്തിന് ഉണ്ടാവണം. ഞാനാരാ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനോ.. പിന്നെ എന്തിന് അതില്‍ ആവലാതി. രണ്ട്, രാമോ ധര്‍മ വിഗ്രഹ: എന്ന് വാത്മീകിതന്നെ പറയുന്നുവല്ലൊ. രാമന് ധര്മവിഗ്രഹമാണെങ്കില്, രമന് ചെയ്തതൊക്കെ ധര്‍മ്മം തന്നെ എന്ന് എടുക്കുന്നതാണ് വിവേകം. പുഴയില്‍നിന്ന് മണല്‍വാരുന്നതും കുന്നുകളെ മുഴുവന്‍ ഇടിച്ചു നിരത്തുന്നതും വയല്‍ നികത്തുന്നതുമൊക്കെ പ്രക്ര്തിവിരുദ്ധമാണെന്നും, അധാര്‍മികമാണെന്നും ഒക്കെ അറിഞ്ഞതുകൊണ്ടല്ലേ, അതൊക്കെ കുറ്റക്ര്ത്യങ്ങളായി ഭരണകൂടം കാണുന്നതും അതിനൊക്കെ നിയമങ്ങള്‍ ഉണ്ടാക്കുന്നതും, പലരും ശിക്ഷിയ്ക്കപ്പെടുന്നതും. എന്താ, അങ്ങിനെ ശിക്ഷിയ്ക്കപ്പെടുന്നവരെ ഒരിയ്ക്കലും ഒരു കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടല്ലല്ലൊ. അവരൊന്നും ആരേയും കൊന്നിട്ടില്ലല്ലൊ.
ശംഭൂകന് ഉടലോടെ സ്വര്ഗത്തില്പോകണം എന്ന ഇച്ഛയോടെയാണ് തപസ്സ് തുടങ്ങിയത്. അതും താഴെ അഗ്നി കത്തിച്ച്, മരക്കൊമ്പില്‍ ആ അഗ്നിയിലേയ്ക്ക് തല കീഴായി കിടന്നുകൊണ്ടായിരുന്നു തപസ്സ്. ഞാനും എന്റെ കുടുംബവും പരിവാരങ്ങളുമൊക്കെ കഴിയുന്ന വീട്ടില്‍, വീടും സ്ഥലവും എന്റേതാണ്, എന്റെ പേരിലാണ്, എന്നൊക്കെ പറഞ്ഞ് ആ വീട്ടില്‍ എനിയ്ക്ക് തുണിയൊന്നുമുടുക്കതെ ദിഗംബരനായി കഴിയാന്‍ പറ്റ്വോ.. അങ്ങിനെ ചെയ്താല്‍ അതിനുള്ള ശിക്ഷയായി ഒരു മാനസികാരോഗ്യ ചികിത്സാലയത്തിലാക്കില്ലേ.. തപസ്സ് ചെയ്യുന്നതിന് ശ്രുത്യുക്തവും സ്മ്ര്ത്യുക്തവുമായ വഴികളുണ്ട്. അതിലൂടെ വേണം തപസ്സ് ചെയ്യാന്‍. പ്രക്ര്തിവിരുദ്ധമായി ഒരു പ്രജ പ്രവര്‍ത്തിച്ചാല്‍ അതിന് തക്കതായ ശിക്ഷകൊടുക്കാന്‍ രാജാവ് ബാധ്യസ്ഥനാണ്. ശംഭൂകന്റെ തപസ്സ് ശ്രീരാമന് രാജാവായതിനുശേഷമായിരുന്നു എന്നത് സാന്ദര്ഭികം മാത്രം. ദശരഥന്റെ സ്വര്‍ഗ്ഗവാസത്തിനു മുമ്പായിരുന്നു ശംഭൂകന് ഇത്തരത്തിലൊരു തപസ്സനുഷ്ഠിയ്ക്കാന്‍ തീരുമാനിച്ചതെങ്കില്‍, അന്നും ഇതുതന്നെയാകുമായിരുന്നു ഗതി. ഇവിടെ ശ്രൂദ്രനെന്നോ ബ്രാഹ്മണനെന്നോ ഒന്നും നോക്കിയിട്ടല്ല വധം. മാരീചന് എന്ന ഒരു മാനിനെ വെറുതെ കൊന്നില്ലേ എന്ന് എന്തുകൊണ്ടാണ് ആരും ചോദിയ്ക്കാത്തത്. അതൊരു മിണ്ടാപ്രാണി ആയിരുന്നില്ലേ. പാഞ്ചഭൗതിക ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകാന്‍ പറ്റില്ല. അത് പ്രക്ര്തി വിരുദ്ധമാണ്. തന്റേടമുണ്ടെങ്കില്‍ നിങ്ങളും അതുപോലെ ഒരു തപസ്സ് ചെയ്യാന്‍ തുനിയുകയാണ് വേണ്ടത്. അത്തരത്തിലുള്ള പല തപസ്സുകളും ചെയ്തതിന്റെ ഫലമായിട്ടാണ് രാവണനും മറ്റും ബ്രഹ്മാവ് പല കഴിവുകളും കൊടുത്തതും അതുകൊണ്ടാണ് നിരാകാര ബ്രഹ്മത്തിന് സാകരരൂപം ധരിയ്ക്കെണ്ടി വന്നതും. ശംഭൂകന് തപസ്സുചെയ്ത് വിജയിച്ചാല്‍ ബ്രഹ്മാവ് വീണ്ടും അത്തരത്തിലുള്ള കഴിവുകള്‍ കൊടുത്താല്‍, അതിന് ശ്രീരാമനെ കാരണക്കാരനാക്കില്ലേ നിങ്ങളൊക്കെ, കാരണം ധര്‍മ്മവിഗ്രഹനായ രാമന് എന്തുകൊണ്ട് ശംഭൂകനെ അന്നുതന്നെ കൊന്നുകളഞ്ഞില്ല എന്ന് ചോദിയ്ക്കില്ലേ...
പുരാണങ്ങളെക്കുറിച്ചും ഇതിഹാസങ്ങളെക്കുറിച്ചും പരാമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ എവിടെ നില്ക്കുന്നു എന്ന് സ്വയം ചിന്തിയ്ക്കണം. ഞാന്‍ രാമനാണോ, രാവണനാണോ, ഞാന്‍ ശൂര്‍പ്പണഖയാണോ ശബരിയാണോ, ഞാന്‍ കുംഭകര്ണ്ണനാണോ ലക്ഷ്മണനാണോ.... ഞാന്‍ ധ്ര്തരാഷ്ട്രരാണോ ധര്മ്മപുത്രരാണോ, ഞാന്‍ ശകുനിയാണോ വിദുരരാണോ... ഞാന്‍ ദു:ശ്ശാസനനാണോ അര്‍ജ്ജുനനാണോ. എന്നില്‍ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവന് ആരിലും ഒരു കുറവോ കൂടുതലോ ദര്ശിയ്ക്കാന് സാധ്യമല്ല.
2 അഭിപ്രായങ്ങൾ:
എന്തോന്നിത് ?ഇതെങ്ങിനെ വായിക്കും ? എന്ത് കളർ ആണിത്
ഇതിൽ ഉത്തരെന്ത്?
അപ്രസക്തമായ വാചക കസർത്ത് മാത്രം.
ചോദ്യവുമായി ബന്ധപ്പെട്ട് ഉത്തരം ഇങ്ങനെയല്ല നൽകുക. ഇതിൽ പരാമർശിച്ച sambookan ഉടലോടെ സ്വർഗതതിൽ എത്താൻ കൊതിച്ചതിന് വെട്ടിക്കൊന്നു എന്ന ഉത്തരം മതിയായിരുന്നു.അങ്ങനെയെങ്കിൽ യുധിഷ്ഠിരന് ഉടലോടെ സ്വർഗത്തിൽ എത്താൻ പാടുണ്ടായിരുന്നോ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ