2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

മനസ്സാണ്‌ കര്‍മ്മം ചെയ്യുന്നത്‍




ഭാവതീര്‍ത്ഥം പരം തീര്‍ത്ഥം പ്രമാണം സര്‍വകര്‍മ്മസു
അന്യഥാലിംഗതേ കാന്താ അന്യഥാലിംഗതേ സുതാ

ഭാവതീര്‍ത്ഥം പരം തീര്‍ത്ഥം പ്രമാണം സര്‍വകര്‍മ്മസു.

കര്‍മം ചെയ്യുന്നത്‍ അവയവങ്ങള്‍ കൊണ്ടാണ്‌. എന്നാല്‍ അതിനുള്ള പ്രചോദനം മനസ്സാണ്‌. മനസ്സില്ലാതെ കര്‍മ്മമില്ല.  ഒരേ കര്‍മ്മത്തിന്‌ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥ മാനസിക അവസ്ഥകളില്‍ വ്യത്യസ്ഥ ഫലങ്ങളാണ്‌ ഉളവാകുന്നത്‍. കര്‍മ്മത്തോടൊപ്പംതന്നെ കര്‍മ്മഫലങ്ങളും നില്‍ക്കുന്നു. അതെന്താ, ഒരേ കര്‍മ്മമല്ലേ, ഫലം എങ്ങിനെ വ്യത്യസ്ഥമാകുന്നു   എന്ന്‍ സംശയിച്ചേയ്ക്കാം.  രാവിലെ ഒരു കര്‍മം ചെയ്തു. അതേ കര്‍മം വൈകുന്നേരവും ചെയ്തു. രണ്ടിന്റെയും ഫലം ഒന്നുതന്നെ ആവണ്ടേ.  ഓരോകര്‍മം ചെയ്യുന്ന സമയത്തും ചെയ്യുന്നവന്റെ ഭാവനയ്ക്ക്‍ അനുഗുണമായിട്ടാണ്‌ കര്‍മ്മഫലം രൂപാന്തരപ്പെടുന്നത്‍. രാവിലെ കുട്ടി വിശന്ന്‍ വാശിപിടിച്ചപ്പോള്‍ ഒരടി കൊടുത്തു. വൈകുന്നേരം കുട്ടി കഴിക്കാതിരുന്നപ്പോള്‍ ഒരടി കൊടുത്തു. അടി എന്ന തലത്തില്‍ രണ്ടുകര്‍മ്മവും ഒന്നുതന്നെ, എന്നാല്‍ രണ്ടിന്റെയും ഫലം ഒന്നല്ല. മനസ്സിന്റെ ഭാവത്തിലാണ്‌ കര്‍മ്മഫലങ്ങള്‍ കിടക്കുന്നത്‍. ഒരേ കര്‍മ്മം വ്യത്യസ്ഥ സമയത്ത്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലങ്ങളും വ്യത്യസ്ഥമാണ്‌ എന്നത്‍ നമുക്കുതന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്‌, പക്ഷെ അതിനെ സ്വാംശീകരിക്കാനുള്ള കഴിവിനെ നാം‍ ഉപയോഗപ്പെടുത്തുന്നില്ല, അതിനെ മനനം ചെയ്ത്‍ ഉറപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന്‍ മാത്രം. കര്‍മ്മത്തിന്റെ കെട്ടുപാടുകളില്‍ പെട്ട്‍ പരതന്ത്രനായി ജീവിക്കുന്ന മാനവപ്രക്ര്‌തി സ്വമേധയെ പണയപ്പെടുത്തി ജീവിയ്ക്കുമ്പോള്‍ ദു:ഖസന്തപ്തമായ ജീവിതത്തെ വാരിപ്പുണരുന്നു.

അന്യഥാലിംഗതേ കാന്താ അന്യഥാലിംഗതേ സുതാ

ഒരാള്‍ തന്റെ പത്നിയെ ആലിംഗനം ചെയ്യുന്നു. തന്റെ പുത്രിയെയും ആലിംഗനം ചെയ്യുന്നു. ആലിംഗനം എന്ന തലത്തില്‍ രണ്ട്‍ കര്‍മ്മവും ഒന്നുതന്നെ. പത്നിയെ അലിംഗനം ചെയ്യുന്ന സമയത്തെ തന്റെ ഭാവഹാവാദികള്‍തന്നെ പുത്രിയെ ആലിംഗനം ചെയ്യുന്ന സമയത്തും ഉള്ളതെങ്കില്‍ രണ്ടിന്റെയും ഫലം എന്തായിരിക്കും എന്ന്‍ ചിന്തിക്കുക. തീര്‍ച്ചയായും ഒന്ന്‍ ധര്‍മ്മവും മറ്റേത്‍ അധര്‍മ്മവുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: