2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച


അഹംകാരകര്‍ത്രധീനാ കാര്യസിദ്ധിര്‍നേശ്വരാധീനാ പ്രമാണാഭാവാത്‍ - സാംഖ്യദര്‍ശനം 6.64



കാര്യസിദ്ധി: - ജീവന്റെ കാര്‍മാദികാര്യസിദ്ധി

അഹംകാരകര്‍ത്രധീനാ - അഹംകാരാദിയുക്തനായ കര്‍ത്താവിന്നധീനനാണ്‌
ന ഈശ്വരാധീനാ - ഈശ്വരാധീനമല്ല
പ്രമാണാഭാവാത്‍ - പ്രമാണത്തിന്റെ അഭാവത്താല്‍


അഹങ്കാരയുക്തനായ കര്‍ത്താവിന്റെ അധീനത്തിലാണ്‌ കര്‍മാദികാര്യസിദ്ധി. ഈശ്വരന്‍ തുടങ്ങിയ അന്യസത്തകളുടെ അധീനത്തിലല്ല. ലൗകികവും വൈദികവുമായ സകല കാര്യങ്ങളുടെയും സമ്പാദനം അഹങ്കാരവിശിഷ്ടനായ കര്‍ത്താവിന്‌ അഥവാ ജീവാത്മാവിന്‌ അധീനമാണ്‌. 



ചിലര്‍ കാര്യസിദ്ധി ഈശ്വരാധീനമാണ്‌ എന്നഭിപ്രായപ്പെടുന്നുണ്ട്‍. ഈ അഭിപ്രായം ശരിയല്ല. കാരണം അതിന്‌ പ്രമാണമില്ല. എല്ലാ പ്രവ്ര്‌ത്തികളും ഈശ്വരാധീനമാണെങ്കില്‍ കര്‍മഫലം അനുഭവിക്കുന്നതിനുള്ള ബാധ്യത ജീവാത്മാവിനില്ല. ചിലര്‍ സുഖികളും ചിലര്‍ ദു:ഖികളുമായിട്ടാണ്‌ കാണപ്പെടുന്നത്‍. ഇത്‍ ഈശ്വരന്‍ പക്ഷപാതിയാണെന്ന്‍ വരുത്തുന്നു. ന്യായസ്വരൂപനായ ഈശ്വരനില്‍ പക്ഷപാതിത്വം ആരോപിക്കുന്നത്‍ ശരിയല്ല. സര്‍ഗരചനയില്‍ ഈശ്വരന്‍ കര്‍ത്താവാണ്‌, എന്നാല്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ ഈശ്വരന്‍ പ്രേരയിതാവ്‌ അഥവാ ഉപദേഷ്ടാവ്‍ ആണെന്നിരിക്കിലും ആ പ്രേരണ, ആ ഉപദേശം സ്വീകരിക്കണമോ വേണ്ടയോ എന്ന്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജീവാത്മാവിനുണ്ട്‍. കര്‍മം ചെയ്യുന്നതിന്‌ ജീവാത്മാവ്‍ സ്വതന്ത്രനാണ്‌.



ജീവാത്മാവ്‍ കര്‍മം ചെയ്യുന്നതിന്‌ സ്വതന്ത്രമായതുകൊണ്ട് കര്‍മഫല അനുഭവവും ജീവാത്മാവിന്റെ കാരണത്താല്‍ തന്നെയാണ്‌. ജീവാത്മാവ്‍ അനുഭവിക്കുന്ന സുഖദു:ഖാദികള്‍ക്ക്‍ ഈശ്വരനാണ്‌ കാരണം എന്ന്‍ പറയുന്നത് എങ്ങിനെ നോക്കിയാലും ഉത്തരം കിട്ടില്ല.  കര്‍മം ചെയ്യാനുള്ള പ്രേരണ തരുന്നത്‍ ഈശ്വരനല്ലേ, അതുകൊണ്ട്‍ കര്‍മാദിഫലവും ഈശ്വരന്‍തന്നെ തരുന്നു എന്ന്‍ പറയാമല്ലോ എന്ന്‍ ധരിച്ചാല്‍ അത്‍ ശരിയല്ല. നല്ലൊരു കര്‍മം ചെയ്യാന്‍ ഇശ്വരന്‍ പ്രേരിപ്പിക്കുമ്പോള്‍ അത്‍ ചെയ്യാതെ മറ്റൊരു നല്ലതല്ലാത്ത കര്‍മ്മം ജീവാത്മാവ്‍ ചെയ്യാന്‍ തയ്യാറാകുന്നത്‍ ഈശ്വര പ്രേരിതമാണെന്ന്‍ പറയാന്‍ പറ്റില്ല, കാരണം ആ ഉപദേശത്തെ, ആ പ്രേരണയെ സ്വീകരിക്കാനോ അസ്വീകരിക്കാനോ ജീവാത്മാവ്‌ സ്വതന്ത്രനാണ്‌ എന്നതുകൊണ്ട്‍. പണ്ട്‍ എന്നോ ഒരു കാലത്ത്‍ ചെയ്ത കര്‍മത്തിന്റെ നല്ലതോ നല്ലതല്ലാത്തതോ ആയ ഫലം ഇന്ന്‍ അനുഭവിക്കുമ്പോള്‍ കര്‍മം ചെയ്തത്‍ എപ്പോഴാണെന്ന്‍ ഓര്‍ക്കാത്തതുകൊണ്ട്‍ ഈശ്വരനാണ്‌ കര്‍മഫലം തരുന്നത്‍ എന്ന്‍ സാമാന്യമായി നാം പറഞ്ഞുപോരുന്നു എന്ന്‍ മാത്രം.



ജീവാത്മാവിന്‌  സത്‍കര്‍മം ചെയ്യാനുള്ള പ്രേരണയാണ്‌ ഈശ്വരന്‍ തരുന്നത്‍. ജീവാത്മാവ്‍ സ്വതന്ത്രനായതുകൊണ്ട്‍ ഇഷ്ടമുള്ള കര്‍മം ചെയ്ത്‍ പോരുന്നു. അത്‍ ആ ജീവാത്മാവിന്‌ ദു:ഖത്തിലേക്കുള്ള വാതായനമായി മാറുന്നു.  പാപസംയുക്തമായ കര്‍മ്മം ചെയ്യാന്‍ ഒരിക്കലും ഈശ്വരന്‍ പ്രേരണ നല്‍കില്ലെന്ന്‍ ഏവരും സമ്മതിക്കുന്നതാണല്ലൊ. അങ്ങിനെ ഈശ്വരന്‍ പ്രേരിപ്പിച്ചാല്‍, ഈശ്വരന്റെ ഈശ്വരത്ത്വം തന്നെ ഇല്ലാതാവുകയും പക്ഷപാതിയാവുകയും ചെയ്യുന്നു. പാപ കര്‍മ്മം ജീവാത്മാവിന്റെ സ്വാതന്ത്ര്യത്താലാണ്‌ ചെയ്ത്‍ കൂട്ടുന്നത്‍. അതുകൊണ്ട്‍ ലോകത്ത്‍ ദു:ഖം മാത്രമേ കാണുന്നുള്ളു.


അഭിപ്രായങ്ങളൊന്നുമില്ല: