കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുന്നത്‍ കര്‍മ്മസന്യാസം
മഹാഭാരതത്തില്‍ വിദുരര്‍ മൈത്രേയ മഹര്‍ഷിയുടെ അരികിലെത്തി ഒരു സംശയം ഉന്നയിക്കുന്നുണ്ട്‍. ഹസ്തിനാപുരത്തിലെ മന്ത്രിയായി എത്രയോ വര്‍ഷം കഴിച്ചുകൂട്ടിയ ആളാണ് വിദുരര്‍. നല്ല പണ്ഡിതന്‍ എന്ന്‍ പറഞ്ഞാല്‍ പോരെന്ന്‍ തോന്നുന്നു, അപാര പണ്ഡിതന്‍ തന്നെ എന്ന്‍ വിശേഷിപ്പിക്കാം. അപാര പണ്ഡിതനും നിയമജ്ഞനുമൊക്കെയാണ് വിദുരര്‍. എത്രയോ രാജാക്കന്മാരെ കണ്ടറിഞ്ഞ ആളാണ്. എത്രയോ സാധാരണക്കാരെ കണ്ട ആളാണ്. സാക്ഷാല്‍ വേദവ്യാസ പുത്രനുമാണ്.
അദ്ദേഹം ചോദിക്കുകയാണ്, ഹേ ഭഗവന്‍, ഈ ലോകത്ത്‍ കണ്ടുവരുന്ന വിചിത്രമായൊരു സത്യമാണ് -
സുഖായ കര്‍മ്മാണി കരോതി ലോകാ:
നതൈഹി സുഖം വ അന്യദുപാരമം വ
വിന്ദ്യേത ഭൂയ: തത് ഏവ ദു:ഖംയതത്രൈ
യുക്തം ഭവന്‍ വദേന്‍
ലോകത്തില്‍ സകല ജന്തുക്കളും സുഖത്തിനായിട്ട് അനുസ്യൂതം കര്‍മ്മം ചെയ്യുന്നു, പ്രവര്‍ത്തിയ്ക്കുന്നു. നിരന്തരം സുഖം ഉണ്ടായിക്കൊണ്ടിരിയ്ക്കണം എന്ന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‍. അനുസ്യൂതം പ്രവ്ര്‌ത്തി അതിനുവേണ്ടിയിട്ടാണ്. എന്നാല്‍ സര്‍വ്വത്ര ദു:ഖം മാത്രമേ കാണാന്‍ കഴിയുന്നുള്ളു. ഇതെന്താണിങ്ങനെ എന്ന്‍ അങ്ങ്‍ എന്നോട്‍ പറയണം, എനിയ്ക്ക്‍ പറഞ്ഞു തരണം.
കഥകളിലും കവിതകളിലുമൊക്കെ മാത്രമേ സുഖം എന്ന്‍ എഴുതിക്കാണുന്നുള്ളു. മറ്റ്‍ എവിടെയും സുഖം കാണുന്നുമില്ല. ഇതാണ് വിദുരരുടെ സംശയം. കഥകളും കവിതകളുമൊക്കെ എഴുതുമ്പോള്‍ കഥാകാരന്മാരും മറ്റും എഴുതും, ഒരു പാട് കഷ്ടപ്പെട്ട്‍, കുറെ പ്രയത്നമൊക്കെ ചെയ്ത്, എന്നിട്ട്‍ വിവാഹമൊക്കെ കഴിച്ച്‍ രണ്ടുപേരും സുഖമായി ജീവിച്ചു എന്ന്‍, ഇങ്ങനെ എല്ലാ കഥകളും എഴുതി അവസാനിപ്പിക്കും. എല്ലാത്തിനും വിവാഹമൊക്കെ കഴിച്ച്‍ സുഖമായി ജീവിച്ചു എന്നാണ് എല്ലാവരും എഴുതുന്നത്‍. ദ്ര്‌ശ്യ ആവിഷ്കാരങ്ങളില്‍, നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും എല്ലാം ഇതുതന്നെ കാണാം, അതിനുശേഷം, വിവാഹം കഴിഞ്ഞ്‍ അവര്‍ സുഖമായി ജീവിച്ചു, എന്ന്‍. പക്ഷെ അനുഭവമുള്ളവര്‍ക്ക്‍ അറിയാം, ഇനിയാണ് കഥ ആരംഭിയ്ക്കാന്‍ പോകുന്നുള്ളു എന്ന്‍.
കര്‍മ്മങ്ങള്‍ എന്തെല്ലാമോ ചെയ്ത്‍ കൂട്ടിയാലേ സുഖം ഉണ്ടാവൂ എന്നാണ് എല്ലാവരും കരുതുന്നത്‍. കരുതുക മാത്രമല്ല, അതിലാണ് വിശ്വസിക്കുന്നതുതന്നെ. ലോകത്ത്‍ അറിയപ്പെടുന്ന കാലം മുതല്‍ക്കുള്ള ചരിത്രമെടുത്ത്‍ പരിശോധിച്ചാല്‍, കര്‍മ്മം ചെയ്ത്‍ കൂട്ടിയിട്ട്‍ ആര്‍ക്കെങ്കിലും നിത്യസുഖം കിട്ടിയിട്ടുണ്ട്‍ എന്ന്‍ പറയാന്‍ പറ്റുമോ. അതേപോലെത്തന്നെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ, കര്‍മ്മം ചെയ്തിട്ട്‍ എല്ലാ ദു:ഖവും നീങ്ങി, പൂര്‍ണ്ണത്ര്‌പ്തനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നുണ്ടോ.
ഇതിന്റെ പൊരുളെന്താണ്. കര്‍മ്മം ചെയ്തതുകൊണ്ട്‍ ഒരിക്കലും ശാശ്വത സുഖം കിട്ടില്ല എന്നുതന്നെയാണ്. കര്‍മ്മത്തില്‍നിന്നുള്ള മോചനമാണ്, കര്‍മ്മത്തില്‍നിന്നുള്ള മുക്തിയാണ് സ്വാതന്ത്ര്യം. കര്‍മ്മങ്ങള്‍ അനുസ്യൂതം ചെയ്ത്‍ കഴിയുമ്പോള്‍, മനുഷ്യനാണെങ്കില്‍, അതിന്റെ വ്യര്‍ത്ഥത ബോധ്യപ്പെടണം. കര്‍മ്മവ്യര്‍ത്ഥതയുടെ അനുഭവമാണ് കര്‍മ്മമുക്തി. സുഖവും ശാന്തിയും സമാധാനവും എല്ലാം ആത്മാവിന്റെതന്നെ സ്വരൂപമാണ്. ശുദ്ധബുദ്ധമുക്ത സ്വരൂപനായ ആത്മാവില്‍നിന്നു മാത്രമേ സുഖസമാധാനാദികള്‍ സ്ഫുരിക്കുകയുള്ളു. അല്ലാതെ കര്‍മ്മത്തില്‍നിന്നോ സന്താനങ്ങളില്‍നിന്നോ ധനത്തില്‍നിന്നോ ശാസ്ത്രാദികളുടെ പഠനപാഠനങ്ങളില്‍നിന്നോ ഇതൊന്നും ലഭിയ്ക്കില്ല. ന കര്‍മ്മണാ ന പ്രജയാ ന ധനേന ന പ്രവചനേന ലഭ്യ എന്നാണ് ശ്രുതി അരുളുന്നത്‍. അതുകൊണ്ട്‍ കര്‍മ്മമുക്തിയ്ക്കായിക്കൊണ്ട്‍വേണം കര്‍മ്മം ചെയ്യാന്‍. അങ്ങിനെ ചെയ്യുമ്പോള്‍ വൈകാതെത്തന്നെ കര്‍മ്മവൈരാഗ്യം ഭവിക്കുകയും വിരാഗത പ്രകടമാവുകയും സുഖശാന്ത്യാദികള്‍ അനുഭൂതമാവുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ