2013 ഡിസംബർ 31, ചൊവ്വാഴ്ച

തിതിക്ഷ - എന്താണ്‌ തിതിക്ഷ

തിതിക്ഷ - എന്താണ്‌ തിതിക്ഷ  

സഹനം സര്‍വ്വദു:ഖാനാം അപ്രതീകാരപൂര്‍വ്വകം
ചിന്താ വിലാപരഹിതം സാ തിതിക്ഷ നി ഗത്യതേ   

അധ്യാത്മ മണ്ഡലത്തില്‍ പ്രവേശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കുള്ള ഉപദേശങ്ങളില്‍ ഒന്നായ തിതിക്ഷ സംജ്ഞയുടെ അര്‍ഥമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‍. 

അതിനെ മനനം ചെയ്യുമ്പോള്‍ അതിന്റെ വിസ്താരം സാധകന്‌ അനന്തമായി അനുഭവപ്പെടും. ശ്രുതിയ്ക്കും സ്മ്ര്‌തിയ്ക്കും അനുസ്ര്‌തമായി വിവാഹാദികര്‍മങ്ങളെല്ലാം നിര്‍വഹിച്ച്‍ ഗ്രഹസ്ഥാശ്രമത്തിലേയ്ക്ക്‍ പ്രവേശിച്ച്‌ ജീവിയ്ക്കുന്നവന്‌ ദു:ഖത്തിനെ തരണം ചെയ്യാന്‍ വേറൊരു ഗ്രന്ഥത്തിന്റെയോ വേറൊരു പഠനത്തിന്റെയോ മറ്റൊരുത്തന്റെ ഉപദേശത്തിന്റെയോ ആവശ്യമില്ല. ദു:ഖങ്ങള്‍  വന്നാല്‍ത്തന്നെ ഇതെല്ലാം എന്റെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണ്‌ എന്ന്‍ അറിയും. ഈ ദു:ഖത്തിനെ ഞാന്‍ ധീരനായി അനുഭവിയ്ക്കും, ഇതിന്‌ ഞാന്‍ കരയില്ല. എന്റെ മുന്നില്‍ എത്തുന്ന ഒന്നിനോടും എനിയ്ക്ക്‍ പ്രതികാരമുണ്ടാവില്ല. ഇത്‍ അവനോ അവളോ കാണിച്ചതല്ല. അവന്‌ കാണിയ്ക്കാനുള്ള ശേഷിയോ ശേമൂഷിയോ ഒന്നുമില്ല. എന്നെ ദുഖത്തിലാഴ്‍ത്തുവാനോ എന്നെ പാഠം പഠിപ്പിയ്ക്കുവാനോ എന്നെ വേദനിപ്പിയ്ക്കാനോ എനിയ്ക്കല്ലാതെ വേറൊരുത്തന്‌ കഴിവില്ല. ഈ കാര്യം എനിയ്ക്ക്‍ വേദനിയ്ക്കുമെന്ന്‍ അവന്‍ അറിഞ്ഞിട്ടല്ല ചെയ്തത്‍. ഞാന്‍ പണ്ട്‌ ചെയ്തതിന്റെ പ്രതിബിംബമായി വന്നതുകൊണ്ടാണ്‌ ഞാന്‍ വേദനിച്ചത്‍. അതുകൊണ്ട് എന്റെ വേദനയ്ക്ക്‍ അവനും അവളുമൊന്നുമല്ല ഉത്തരവാദി;എന്റെ പൂര്‍വ്വകര്‍മ്മങ്ങളുടെ സ്മരണകളും വ്ര്‌ത്തികളുമാണ്. അത്‍ ഇങ്ങനെ വേദനിച്ച്‍ വേണം തീരാന്‍.  ഇത്‍ എന്റെ പരിണാമമാണ്‌. എന്നെ വേദനിപ്പിയ്ക്കാനൊന്നും നിന്റെ കര്‍മ്മങ്ങള്‍ പര്യാപ്തങ്ങളല്ല. എന്നെ വേദനിപ്പിയ്ക്കുന്നുവെങ്കില്‍ അത്‍ ഞാനാണ്‌. എന്നെ ഞാന്‍ വേദനിപ്പിയ്ക്കുന്നുവെങ്കില്‍ എന്നെ ഉരുക്കി ശുദ്ധമാക്കാനാണ്‌. അത്‍ തീരുമാനിച്ചിറങ്ങിയ ഞാന്‍ നിന്നാല്‍ വേദനിയ്ക്കപ്പെടുകയില്ല. നിന്നെ ഇതിനായി നിയോഗിച്ചതും നിന്നെ ഈ സമയത്ത്‍ അയച്ചതും ഈശ്വരന്‍ പോലുമല്ല;എന്റെ പൂര്‍വ്വകര്‍മ്മങ്ങള്‍ സമഷ്ടിയില്‍ എത്തിയിട്ടാണ് ആ നിയോഗം പൂര്‍ണ്ണമാക്കുന്നത്‍. അതുകൊണ്ട്‍ ഈ കാര്യത്തില്‍ ഞാന്‍ ഈശ്വരനേയും അഭയം പ്രാപിയ്ക്കില്ല . ഈശ്വരനെ നിന്ദിയ്ക്കില്ല. എന്റെ കര്‍മ്മകലാപങ്ങളില്‍ ഒന്നിനെപോലും നിത്യനും നിരാമയനുമായ ഈശ്വരനെ ഞാന്‍ വലിച്ചിഴയ്ക്കില്ല. അതിനുവേണ്ടി ഞാന്‍ കപ്പം കൊടുക്കില്ല. അതിനുവേണ്ടി ഞാന്‍ നമസ്കരിയ്ക്കില്ല. അതിനുവേണ്ടി ഞാന്‍ സാധനങ്ങള്‍ സ്വരൂപിയ്ക്കില്ല. അതിനായി ഒരു വസ്തുവും ഞാന്‍ ഹോമിയ്ക്കില്ല. അതിനായി ഒരു വിളക്കുപോലും ഞാന്‍ കത്തിയ്ക്കില്ല. കാരണം എന്റെ ഓരോ വാക്കും ഈ പ്രപഞ്ചത്തില്‍ വീഴുമ്പോള്‍ ആകാശം ആ ശബ്ദം സ്വീകരിയ്ക്കുന്നുണ്ട്. ഈ വായുവില്‍ എന്റെ ശരീരം നീങ്ങുമ്പോഴുള്ള ഓരോ സ്പര്‍ശവും അവ്യാക്ര്‌തമായ വായുദേവതയില്‍ എത്തുന്നുണ്ട്‍. എന്റെ രൂപഭാവങ്ങളുടെ അംശങ്ങള്‍ അത്രയും ഈ അഗ്നിയില്‍ വിലയം പ്രാപിയ്ക്കുന്നുണ്ട്‌. നാളെ എന്റെ വാക്ക്‍ മനസ്സിലും എന്റെ മനസ്സ്‍ പ്രാണനിലും എന്റെ പ്രാണന്‍ പരദേവതയിലും വിലയം പ്രാപിയ്ക്കുന്നതുവരെ ഞാനുണ്ടാക്കിയ കര്‍മ്മകലാപങ്ങളത്രയും എന്റെ വിശ്വവേനയില്‍നിന്ന്‍ എന്റെ തൈജസഭാവത്തില്‍ നിന്ന്, എന്റെ പ്രാജ്ഞഭാവത്തിലെത്തി, വിശ്വനില്‍നിന്ന്‍ വിരാട്ടിലൂടെ, തൈജസനില്‍നിന്ന്‍ ഹിരണ്യഗര്‍ഭനിലൂടെ, പ്രാജ്ഞനില്‍നിന്ന്‍ ഈശ്വരനിലൂടെ വിശ്വവിശാലമായി നില്‍ക്കുമ്പോള്‍, അതാണ്‌ എനിയ്ക്കുള്ള അനുഭവങ്ങളായി വരുന്നതത്രയും. ആ അനുഭവങ്ങള്‍ക്കുള്ളത്‍ അത്രയും ഞാന്‍തന്നെ വിട്ടതാണെന്ന്‍ ഞാന്‍ തിരിച്ചറിയുന്നു. അവ തിരിച്ചുവരുമ്പോള്‍ എന്നെ വേദനിപ്പിയ്ക്കുവാനുള്ള എന്റെ കര്‍മ പദ്ധതികളാണെന്ന്‍ ഞാനറിയുന്നു. അതിന്‌ കാരണമായി നിന്ന നീ ഞാനില്‍ അനുഭവിയ്ക്കുന്നപോലെ നാളെ അനുഭവിയ്ക്കുന്നതോര്‍ത്ത്‍ മാത്രം ഞാന്‍ ദു:ഖിയ്ക്കുന്നു. മറ്റൊരു ദു:ഖം എനിയ്ക്കില്ല.  ഒരുത്തന്‍ എന്നെ നോക്കി തെറിവിളിച്ചാല്‍, നീ ക്ര്‌ത്യസമയത്ത്‍തന്നെ എന്നെ തെറിവിളിച്ചിരിയ്ക്കുന്നു. ഞാന്‍ പണ്ട്‍ മുകളിലേയ്ക്കെറിഞ്ഞ ഒരു കട്ട ഇന്ന്‍ നിന്നിലൂടെ എനിയ്ക്ക്‍ അത്‍ തീര്‍ന്നുകിട്ടി. നിനക്ക്‍ സ്നേഹാദരത്തോടെ നമോവാകം.

അധ്യാത്മവിഷയത്തില്‍ രതിയുള്ളവര്‍ ഇത്‌ മനനം ചെയ്യുന്നത്‍ ഉത്തമമായിരിയ്ക്കും. ശീലിയ്ക്കുന്നത്‍ ബ്രഹ്മവിദ്യാനുഭവത്തിലേയ്ക്കുള്ളൊരു  പടിയായി തീരും. 

2013 ഡിസംബർ 24, ചൊവ്വാഴ്ച

മനോഭാവനപോലെ സംഭവിയ്ക്കുന്നു


യം യം ലോകം മനസാ സംവിഭാതി വിശുദ്ധസത്ത്വ: കാമയതേ യാംശ്ച കാമാന്‍
തം തം ലോകം ജയതേ താംശ്ച കാമാം സ്തസ്‍മാദാത്മജ്ഞം ഹ്യര്‍ച്ചയേദ്‍ ഭൂതികാമ:
1.3.10 മുണ്ഡകം

വിശുദ്ധമായ അന്ത:കരണത്തോടു കൂടിയ മനുഷ്യന്‍ ഭോഗങ്ങളില്‍നിന്നും സര്‍വ്വഥാ വിരക്തനായി നിര്‍മ്മലമായ അന്ത:കരണത്തോടെ നിരന്തരമായി പരബ്രഹ്മ പരമേശ്വരനെ ധ്യാനിക്കുന്നുവെങ്കില്‍ അപ്പോള്‍ അദ്ദേഹത്തെ പ്രാപിക്കുവാന്‍ അവനു കഴിയുന്നു. എന്നാല്‍ അവന്‍ സര്‍വ്വഥാ നിഷ്‍ക്കാമനായിരിക്കുന്നില്ലെങ്കില്‍ എന്തെല്ലാം ലോകാഭിലാഷങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുവോ അപ്രകാരം ഏതെല്ലാം ഭോഗങ്ങളെ ഇച്ഛിക്കുന്നുവോ അതാതിന്റേതായ ലോകങ്ങളെ ജയിച്ചടക്കുന്നു. ആ ലോകങ്ങളില്‍ പോവുകയും അവിടുള്ള ഭോഗങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യത്തെ അഭിലഷിക്കുന്ന മനുഷ്യന്‍ ശരീരത്തില്‍നിന്നും ഭിന്നമായി ആത്മാവിനെ അറിയുന്ന അന്ത:കരണയുക്തമായ വിവേക പുരുഷനെ സേവിക്കുകയും സല്‌ക്കരിക്കുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്‍ തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തെല്ലാം ആഗ്രഹിക്കുന്നുവോ അത്‍ പൂര്‍ണ്ണമായി ഭവിയ്ക്കുന്നു.

മനുഷ്യനില്‍ കുടികൊള്ളുന്ന അപാരശക്തിയെ കുറിച്ച്‍ ഇതില്‍ പ്രതിപാദിയ്ക്കുന്നു. മനസ്സില്‍ ഏതൊന്നിനെയാണോ യം യം ലോകം ഏതേത്‍ വിധം ലോകങ്ങളെയാണോ മനസാ സംവിഭാതി, മനസ്സുകൊണ്ട്‍ വിഭാവനം ചെയ്യുന്നത്‍, തം തം ലോകം ജയതേ എന്ന്‍ പറയുന്നു. ഏതൊന്നിനെയാണോ ധ്യാനിയ്ക്കുന്നത്‍, ഒരു ഉറച്ച തീരുമാനത്തില്‍, അചഞ്ചലമായ തീരുമാനത്തില്‍ ഉറച്ചുനിന്ന്‍, അത്‍ നേടണമെന്ന ഉല്‍ക്കടമായ അഭിലാഷമുണ്ടാക്കിയെടുത്താല്‍, അത്തരത്തിലുള്ള ഭാവനയെ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞാല്‍, തം തം ലോകം ജയതേ, തീര്‍ച്ചയായും ആ ലോകത്തെ, ആ കാര്യത്തെ, ജയിയ്ക്കാം, നേടാം എന്ന്‍ ഘോഷിയ്ക്കുന്നു. ഈ സിദ്ധാന്തം ഭൗതിക കാര്യങ്ങളില്‍ പലര്‍ക്കും അനുഭവവേദ്യമാണ്‌ എന്നത്‍ അവിതര്‍ക്കമാണല്ലൊ. എന്നാല്‍ ഇതേ സിദ്ധാന്തംതന്നെ അലൗകികതയിലേയ്ക്കെത്തുമ്പോള്‍, അവിടെ ഈ വാദം വിലപ്പോവില്ല. ഇതിനോടുകൂടി ഒരു നിബന്ധനകൂടി വെയ്ക്കുന്നുണ്ട്‍. ആ നിബന്ധനയാണ്‌ സംവിഭാതി വിശുദ്ധസത്ത്വ: എന്നത്‍. ഇത്രയേഉള്ളു. വിശുദ്ധ അന്ത:കരണത്താല്‍ വിഭാവനം ചെയ്യുന്നുവെങ്കില്‍ ബ്രഹ്മത്തെ ഗ്രഹിയ്ക്കാം എന്ന്‍ പറയുന്നു.

ഇതര ദേവതോപാസന


കാമൈസ്തൈസ്തൈര്‍ഹ്ര്‌തജ്ഞാനാ: പ്രപദ്യന്തേന്യദേവതാ:
തം തം നിയമമാസ്‍ഥായ പ്രക്ര്‌ത്യാ നിയതാ: സ്വയാ   ഗീത : 7.20

സ്വയാ പ്രക്ര്‌ത്യാ = തങ്ങളുടെ സ്വഭാവത്തിനാല്‍
നിയതാ: = വശിക്ര്‌തന്മാരായി
തൈ: തൈ: കാമൈ: = അതാത്‌ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി (പുത്രകീര്‍ത്തിശത്രുജയാദി വിഷങ്ങള്‍)
ഹ്ര്‌തജ്ഞാനാ: = അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി
തം തം നിയമം = അതാതു ദേവന്മാരുടെ ഉപാസനയില്‍, അതാതു നിയമത്തെ
ആസ്ഥായ = ആശ്രയിച്ച്‍, സ്വീകരിച്ച്‍
അന്യദേവതാ:     അന്യദേവന്മാരെ
പ്രപദ്യന്തേ : ഭജിയ്ക്കുന്നു

തങ്ങളുടെ സ്വഭാവത്തിനാല്‍, പൂര്‍വ്വജന്മവാസനകളാല്‍, വശീകരിക്കപ്പെട്ടവരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും ആയ ജനങ്ങള്‍ (അതാതു ദേവന്മാരുടെ ഉപാസനയില്‍ ഉപവാസാദി ലക്ഷണമായിരിക്കുന്ന) അനേകം നിയമങ്ങളെ സ്വീകരിച്ച്‍ ഇതരദേവന്മാരെ ഭജിയ്ക്കുന്നു.

പുത്രപശുസ്വര്‍ഗ്ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേക വിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന്‍ അന്യന്മാരായ ദേവന്മാരെ പ്രാപിയ്ക്കുന്നു. അവര്‍ തങ്ങളുടെ പ്രക്ര്‌തിക്ക്‍ വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക്‍ പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു. പ്രക്ര്‌തി എന്നു പറഞ്ഞാല്‍ ജന്മജന്മാന്തരങ്ങളില്‍ സമ്പാദിക്കപ്പെട്ടിട്ടുള്ള സംസ്കാരവിശേഷം, അല്ലെങ്കില്‍ സ്വഭാവം എന്നര്‍ത്ഥം. ആസ്ഥായാ = ആശ്രയിച്ചിട്ട്‍, അതില്‍ വിശ്വസിച്ചിട്ട്‍.

ഇവിടെ ഹ്ര്‌തജ്ഞാനാ: എന്ന വാക്ക്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‍. അപഹരിയ്ക്കപ്പെട്ട ജ്ഞാനത്തോട്‍ കൂടിയവരായി, എന്നാണ്‌ പറയുന്നത്‍. അപഹരിയ്ക്കുക എന്നാല്‍ കളവ്‌ ചെയ്യുക എന്ന ഒരു സാമാന്യ അര്‍ഥം സാധാരണ ജനങ്ങള്‍ ആ വാക്ക്‍ കേള്‍ക്കുമ്പോള്‍ നല്‍കുന്നു. അപഹരിയ്ക്കുക എന്ന വാക്കിന്‌ കളവ്‍ എന്ന അര്‍ഥമില്ല. ജനങ്ങളുടെ മധ്യത്തില്‍നിന്ന്‍‍, എല്ലാവരുടേയും മുന്നില്‍വെച്ച്‍, സമൂഹമധ്യത്തില്‍നിന്ന്‍,  ബലംപ്രയോഗിച്ച്‍ കൊണ്ടുപോകുന്നതിനെയാണ്‌ അപഹരിയ്ക്കുക  എന്ന്‍ പറയുന്നത്‍. കളവിനേക്കാള്‍ ഇതിന്‌ പ്രബലത കൂടും. കക്കുന്നവന്‍ പലതിനേയും ഭയക്കുന്നു. ആരെങ്കിലും കണ്ടാലോ എന്ന ഭയം അവനെ സദാ പിന്‍തുടരുന്നു. എന്നാല്‍ അപഹരിയ്ക്കുന്നവന്‍ സമൂഹമധ്യത്തില്‍നിന്നാണ്‌ കൊണ്ടുപോകുന്നത്‍. അവന്‌ ആര്‌ കണ്ടാലും ഒരു ചുക്കുമില്ല. വേണമെങ്കില്‍ അവരെയൊക്കെ വകവരുത്തിക്കൊള്ളാം എന്ന ഭാവത്തിലാണ്‌ അപഹരിയ്ക്കുന്നവന്റെ വരവ്‍. 

എന്റെ പൂര്‍വ്വജന്മാര്‍ജിത വാസനാപ്രേരിതമായി ചെയ്യുന്ന കര്‍മ്മങ്ങള്‍, എന്റെ നൈമിത്തിക കര്‍മ്മത്തേക്കാള്‍ അത്‍ പ്രബലമായിട്ടായിരിയ്ക്കും ചെയ്യുന്നത്‍.  ആ സമയത്ത്‍ എന്റെ ഞാന്‍ എന്ന ബോധം നഷ്ടപ്പെടുന്നു. അതുകൊണ്ട്‍ ഏത്‍ അറ്റം വരെ പോകാനും ഞാന്‍ തയ്യാറാകുന്നു. എന്റെ ബോധത്തെ (അന്ത:സ്ഥിത പരമാര്‍ത്ഥ തത്ത്വത്തെ) ആ വാസനകള്‍ മറയ്ക്കുന്നു.  അപ്പോള്‍ ആ കര്‍മ്മത്തെ സഫലീകരിയ്ക്കാന്‍ എന്നില്‍നിന്നന്യമായ ശക്തികളെ വിശ്വസിയ്ക്കുകയും അവയെ ആശ്രയിയ്ക്കുകയും ചെയ്യുന്നു. ഇത്‌ അന്യദേവതാ ആശ്രയം . കര്‍മ്മത്തിന്റെ വിവിധ തലങ്ങള്‍ പഠന വിധേയമാക്കുമ്പോഴാണ്‌ ഇതിന്റെ അറിവ്‍ ഉണ്ടാവുന്നത്‍.

2013 ഡിസംബർ 3, ചൊവ്വാഴ്ച

ദേഹാഭാവം മോക്ഷകവാടം

ദേഹാഭാവം മോക്ഷകവാടം

ഉണര്‍ന്നിരിക്കുന്ന അവസ്ഥ - ജാഗരണാവസ്ഥ - സ്വഭാവമായിരിക്കുന്ന ജീവാത്മാവിന്‌  മോക്ഷാവസ്ഥ സാധ്യമല്ല.

ദേഹഭാവം ജാഗരണാവസ്ഥയില്‍ ജീവാത്മാവിന്റെ സ്വഭാവമാണ്‌. ദേഹബോധം ഉള്ളിടത്തോളം ദ്വൈതത്ത്വം നിലനില്‍ക്കുകയും ഏകാത്മകത്ത്വം പ്രകടീഭൂതമാകാതിരിക്കുകയും ചെയ്യുന്നു. ഗാഢസുഷുപ്തിയില്‍ ദേഹബോധം നശിക്കുന്നു. ദേഹാവബോധം സുഷുപ്തിയുടെ സ്വഭാവമാണ്‌. ഇത്‍ രണ്ടും ഒരേ സമയത്ത്‍ ഒരുവനില്‍ ഉണ്ടാവുക സാധ്യവുമല്ല

ദേഹാദി സംസക്തിമതോ ന മുക്തി:
മുക്തസ്യ ദേഹാദുഅഭിമത്യഭാവ:
സുപ്തസ്യ നോ ജാഗരണണ് ന ജാഗ്രത:
സ്വപ്നസ്തയോര്‍ ഭിന്നഗുണാശ്രയത്വാത്‍     വി.ചൂ. 339

ദേഹാദികളില്‍ ആസക്തനായവന്‌ മുക്തിയില്ല. മുക്തന്‌ ദേഹാദികളില്‍ അഭിമാനവുമില്ല. ഉറങ്ങിയവന്‍ ഉണര്‍ന്നിരിക്കുന്നില്ല. ഉണര്‍ന്നിരിക്കുന്നവന്‍ ഉറങ്ങുന്നുമില്ല, കാരണം അവ രണ്ടും വിരുദ്ധ സ്വഭാവത്തോടു കൂടിയതാകുന്നു. ന സ പുനരാവര്‍ത്തതേ, എന്ന്‍ ശ്രുതി അരുളുന്നു. 

ബഹിര്‍നിരോധ: പദവീ വിമുക്തേ 

മനോവ്ര്‌ത്തികള്‍ ബാഹ്യപദാര്‍ത്ഥങ്ങളെ ഗ്രഹിയ്ക്കാതിരിക്കുക എന്നത്‍ മോക്ഷത്തിലേയ്ക്കുള്ള പടിയാണ്‌ . 

സങ്കല്‍പം വര്‍ജ്ജയേത്‍ തസ്മാദ്‍ സര്‍വ്വാനര്‍ത്ഥസ്യ കാരണം. സര്‍വ്വ ദുഖങ്ങള്‍ക്കും, സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണം സങ്കല്പം തന്നെ.  സങ്കല്പത്തില്‍ നിന്ന്‍ കര്‍മ്മം ഉത്ഭവിക്കുന്നതുകൊണ്ട്‍ ജീവാത്മാവ്‍ കര്‍മ്മനിരതനാകുന്നു. അത്‍ ദു:ഖകാരണമാകുന്നു. ക്രിയാനാശേ ഭചേച്ചിന്താ, നാശോഽസ്മാദ്‍ വാസനക്ഷയ:

സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ്‌ കര്‍മ്മം. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ത്യാജ്യമാണ്‌. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുമ്പോള്‍ കര്‍മ്മങ്ങള്‍ അസ്തമിയ്ക്കുന്നു. സങ്കല്പങ്ങളെ  കര്‍മ്മപഥത്തിലെത്താന്‍ അനുവദിയ്ക്കാഞ്ഞാല്‍ സങ്കല്പങ്ങള്‍ ക്ഷയിക്കും. കര്‍മ്മമാണ്‌ വാസനകളെ ഉല്പന്നമാക്കുന്നത്‍. 

ചിന്താ നാശം കര്‍മനാശം
കര്‍മ്മനാശം വാസനക്ഷയം
വാസനക്ഷയം മോക്ഷപ്രാപ്തി

വാസനാക്ഷയംതന്നെയാണ്‌ മോക്ഷം എന്നിരിയ്ക്കെ, കര്‍മ്മനാശത്തിന്‌ വിവേകികള്‍ ശ്രമിയ്ക്കേണ്ടിയിരിക്കുന്നു.

2013 ഡിസംബർ 2, തിങ്കളാഴ്‌ച

എന്റെ ലോകം എന്റെ സ്ര്‌ഷ്ടി


എന്റെ ലോകം എന്റെ സ്ര്‌ഷ്ടി

യദാ സുഷുപ്തോ ഭവതി യദാ ന കസ്യ ച ന വേദ, ഹിതാനാം നാഡ്യോ ദ്വാസപ്തതി:സഹസ്രാണി ഹ്ര്‌ദയാത്‍ പുരീതതമഭിപ്രതിഷ്ഠന്തേതാഭീ: പ്രത്യവസ്ര്‌പ്യ പുരീതതിശേതേ  - ബ്ര്‌.ഉ. 2/1/19

എപ്പോഴാണോ സുഷുപ്തനായിതീരുന്നത്‍ എപ്പോഴാണോ ഒന്നിനേയും അറിയാതിരിക്കുന്നത്‍ അപ്പോള്‍ ഹിതകള്‍ എന്ന്‍ പറയുന്ന എഴുപത്തീരായിരം നാഡികള്‍ ഋദയത്തില്‍നിന്ന്‍ പുരീതത്തിനെ അഭിമുഖീകരിച്ച്‍ ഗമിക്കുന്നു. അവയില്‍കൂടി പ്രത്യവസര്‍പ്പണം ചെയ്തിട്ട് - പിന്‍വലിഞ്ഞിട്ട്‍ - പുരീതത്തില്‍ ശയിക്കുന്നു. 

കുറിപ്പ്‍ : ശരീരത്തില്‍, ഋദയത്തില്‍ നിന്ന്‍ പുറപ്പെടുന്ന 100 x 101 x 72000 എഴുപത്തിരണ്ട്‍കോടി എഴുപത്തിരണ്ട്‍ ലക്ഷം
നാഡികളിലൂടെ പ്രാണന്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഗാഢസുഷുപ്തിയില്‍ ആ പ്രാണന്‍ ഋദയപുണ്ഡരീകത്തില്‍ വസിക്കുന്നു. ജാഗരണത്തില്‍, ഉണര്‍ന്നിരിക്കുമ്പോള്‍ എഴുപത്തീരായിരം നാഡികളും ഉന്മത്തമാവുകയും പ്രാണന്‍ പുരീതത്തില്‍നിന്ന്‍ ഋദയാഭിമുഖമായിതീരുകയും ചെയ്യുന്നു. ഗാഡസുഷുപ്തിയില്‍ ഋദയാന്തര്‍ഭാഗത്തെ അവ്യാക്ര്‌തമായ ആത്മസ്വരുപം എപ്പോള്‍ വ്യാക്ര്‌തമാകുന്നുവോ അപ്പോള്‍  ജാഗ്രത്‍ അനുഭവപ്പെടുന്നു, പ്രപഞ്ചബോധം ഉണ്ടാകുന്നു, ലോകം സ്ര്‌ഷ്ടമാകുന്നു. വീണ്ടും സുഷുപ്തിയില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നു. 

യഥോര്‍ണ്ണനാഭിസ്തന്തുനോച്ചരേദ്‍ -  എന്ന്‍ ഋഷി ശിഷ്യനെ ഉപദേശിക്കുന്നു. എട്ടുകാലി തന്നില്‍നിന്നുതന്നെ നൂലുണ്ടാക്കി അതിന്റെ സാമ്രാജ്യം സ്ര്‌ഷ്ടിക്കുന്നു, വലയുണ്ടാക്കുന്നു, പിന്നീട്‍ ആ വലയിലെ നൂല്‌ മുഴുവനും അതിന്റെ ഉദരത്തിലേയ്ക്ക്‍തന്നെ വലിച്ചെടുത്ത്‍ ആ പൂര്‍വ്വസ്ഥിതിയെ പ്രാപിയ്ക്കുന്നു.  എന്റെ ജഗത്ത്‍ എന്നില്‍നിന്ന്‍ ഉല്‍ഭവിച്ച്‍ എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു. സുഷുപ്തിയില്‍ അവ്യാക്ര്‌തമായിത്തീരുന്ന ആത്മതത്ത്വം ഏത്‍ വിധത്തില്‍ വ്യാകരണമായിത്തീരുന്നു എന്നതിന്‌ ഋഷി വീണ്ടും പറയുന്നു -  യഥാഽഗ്നേക്ഷുദ്രാവിസ്‍ഫുലിംഗാവ്യുച്ചരന്ത്യേവമേ വാസ്‍മാദാത്മന: - എപ്രകാരമാണോ അഗ്നിയില്‍നിന്ന്‍ ക്ഷുദ്രങ്ങളായ - നൈമിഷികങ്ങളായ, തുച്ഛങ്ങളായ - ചെറിയ ചെറിയ വിസ്‍ഫുലിംഗങ്ങള്‍ - തീപ്പൊരികള്‍ - വ്യുച്ചരിക്കുന്നത്‍, വിസര്‍ജ്ജിയ്ക്കുന്നത്‍,  പലവിധത്തില്‍ ഉദ്‍ഗമിയ്ക്കുന്നത്‍, അല്ലെങ്കില്‍ പലതായി ഉദ്‍ഗമിക്കുന്നത്‍, അതേ പ്രകാരംതന്നെ എല്ലാ ലോകങ്ങളും എല്ലാ ദേവതമാരും ( ഇന്ദ്രിയങ്ങളും }  എല്ലാ ഭൂതങ്ങളും വ്യുച്ചരിക്കുന്നു. (വിസര്‍ജ്ജിയ്ക്കുക = വിശേഷേണ സര്‍ജ്ജിയ്ക്കുക)

സത്യത്തില്‍ അകലുന്നു ലോകം


അസത്യത്തില്‍ സമ്മേളിയ്ക്കുകയും സത്യത്തില്‍ വിഘടിയ്ക്കുകയും ചെയ്യുക എന്നതാണ്‌ മാനവ ജീവിതം

ഒരു ഗ്രാമത്തില്‍ താമസ്സിച്ചിരുന്ന ജനങ്ങള്‍ ആരും തമ്മില്‍തമ്മില്‍ ഒരു സഹകരണവും ഉണ്ടായിരുന്നില്ല. എല്ലാവരും അവനവന്റെ കാര്യം നോക്കി നടക്കും.  ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരില്‍ ചില വ്യക്തികള്‍ക്ക്‍ തോന്നി, ഇത്‍ ശരിയല്ല, എന്തെങ്കിലും പരിഹാരം കാണേണ്ടിയിരിക്കുന്നു.  ഗ്രാമത്തിലെ എല്ലാ വീട്ടിലും കയറിയിറങ്ങി, ഒരു സ്ഥലത്ത്‍ കൂടാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ എല്ലാവരും അന്ന്‍ ഒത്തുകൂടി.

മുതിര്‍ന്നവരില്‍ ചിലര്‍ പറഞ്ഞു, നമ്മുടെ ഗ്രാമത്തിലെ ജനങ്ങളെല്ലാം സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ്‌. എല്ലാവരുടെയും ജീവിത നിലവാരം മെച്ചമുള്ളതാണെങ്കില്‍ അത്‍ നമുക്ക്‍ സ്വീകരിക്കാം. എന്നാല്‍ എത്രയോ കുടുംബങ്ങള്‍ രോഗത്താലും ദാരിദ്ര്യത്താലും മറ്റും കഷ്ടപ്പെടുന്നു, ആരും സഹായിക്കാനില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു. നമ്മുടെ ഗ്രാമത്തില്‍ നടക്കാന്‍ നല്ല പാതകളില്ല, രോഗങ്ങള്‍ക്ക്‍ വിദഗ്ധ ചികിത്സയ്ക്ക്‍ നല്ല ഭിഷഗ്വരനില്ല, ആശുപത്രിയില്ല, ശുദ്ധജലം ആവശ്യത്തിന്‌ ഇല്ല, പ്രാര്‍ത്ഥിയ്ക്കാന്‍ ഒരു ക്ഷേത്രം ഇല്ല.  ഇത്തരം പല കുറവുകളും നാം അഭിമുഖീകരിക്കുന്നു. നാമെല്ലാവരും കൂടി ഒത്തുചേര്‍ന്ന്‍, പരസ്പര സഹായ സഹകരണത്തിലൂടെ നീങ്ങിയാല്‍, ഇതൊക്കെ നമുക്ക്‍ പരിഹരിക്കാവുന്നതേ ഉള്ളു. 

എല്ലാവരും ഇത്‍ അംഗീകരിച്ചു. അതിനായി ഒരു കര്‍മ്മസമിതി ഉണ്ടാക്കി, കുറച്ചുപേരടങ്ങുന്ന ഒരു നല്ല കമ്മറ്റിയും രൂപീകരിച്ചു. നാട്ടുകാര്‍ എല്ലാവരും പറഞ്ഞു, ആദ്യം നമുക്ക്‍ ഒരു അമ്പലം പണിയാം. അമ്പലം പണിതാല്‍ എല്ലാവരും അവിടെ വരുമല്ലൊ. അവിടെ ഒത്തു ചേരാനും സൗകര്യമായിരിക്കും. ഗ്രാമക്കാരുടെ ആവശ്യപ്രകാരം ഒരു അമ്പലം പണിയാന്‍ തീരുമാനമായി. ഒരാള്‌ അമ്പലത്തിനുള്ള സ്ഥലം കൊടുത്തു. വേറെ ചിലര്‍ പണിയെടുക്കാന്‍ തയ്യാറായി. അമ്പലത്തിന്റെ പണി കഴിയാറായി. ഇതില്‍ ഏത്‍ ദേവനെ പ്രതിഷ്ഠിക്കണം എന്ന പ്രശ്നം വന്നു. സഭ ചേര്‍ന്നു. ഗ്രാമക്കാര്‍ പറഞ്ഞു, എല്ലാം കൊണ്ടും എന്തുകൊണ്ടും ആദരണീയനും സ്വീകാര്യനുമൊക്കെയാണ്‌ ശ്രീരാമന്‍. അതുകൊണ്ട്‍ സീതാരാമന്മാരുടെ തന്നെയാവട്ടെ അമ്പലം.  അത്‍ തീരുമാനമായി. വളരെ ആര്‍ഭാടപൂര്‍വ്വം സീതാരാമ വിഗ്രഹം പ്രതിഷ്ഠിച്ചു.

വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞതോടെ പല ദിക്കിലും മുറുമുറുപ്പ്‍ തുടങ്ങി. വൈഷ്ണവര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. ശൈവര്‍ പറഞ്ഞു, അമ്പലത്തിന്‌വേണ്ടി ഞങ്ങളും ധനം കൊടുത്തിട്ടുണ്ട്‍, എന്നാല്‍ ശിവലിംഗം പ്രതിഷ്ഠിച്ചില്ല. പ്രശ്നം സങ്കീര്‍ണ്ണമായി. ഗ്രാമസഭ വിളിച്ചു ചേര്‍ത്തു.  ശൈവര്‍ ശിവലിംഗത്തിനുവേണ്ടി വാദിച്ചു. വൈഷ്ണവര്‍ അവരുടെ വിഗ്രഹത്തിനുവേണ്ടി വാദിച്ചു. ഒടുവില്‍ വൈഷ്ണവരെ അനുനയിപ്പിച്ചു, ശിവലിംഗം പ്രതിഷ്ഠിക്കാന്‍ തീരുമാനമായി. രാമസീതാ വിഗ്രഹങ്ങളെ വിസര്‍ജ്ജനം ചെയ്തു,  ആദ്യത്തേതിനേക്കാള്‍ ഗംഭീരമായി ശിവലിംഗ പ്രതിഷ്ഠ നടത്തി. അതോടെ വൈഷ്ണവര്‍, രാമ ആരാധകര്‍ അതിന്റെ അരികിലൂടെപോലും വരാതായി. മാത്രമല്ല, തങ്ങളുടെ പ്രതിഷ്ഠിച്ച വിഗ്രഹത്തെ വിസര്‍ജ്ജനം ചെയ്തതില്‍ അതീവ ദു:ഖികളുമായി.  പ്രശ്നം മൂര്‍ച്ഛിച്ചു.  വീണ്ടും ഗ്രാമ സഭ ചേര്‍ന്നു. ദേവിയെ പ്രതിഷ്ഠിക്കാമെന്ന്‍ തീരുമാനമായി.  ദേവീ വിഗ്രഹം പ്രതിഷ്ഠിച്ചു. അപ്പോ ശാക്തേയര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. മറ്റുള്ളവര്‍ എല്ലാം വിട്ടു നിന്നു. ഗ്രാമമുഖ്യന്മാര്‍ ആകെ വിഷമത്തിലായി.  ഈ നാട്ടുകാരെ മുഴുവനും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ മുമ്പ്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാവുകയാണ്‌ ചെയ്തത്‍. ഇവരെ ഒന്നിപ്പിക്കാന്‍ കഴിയുന്നില്ലല്ലൊ. നേതാക്കാള്‍ എല്ലാവരും അമ്പലത്തില്‌ ഇരുന്ന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു, നമുക്ക്‍ എങ്ങിനെ ഈ വിഷമ ഘട്ടത്തെ തരണം ചെയ്യാം എന്ന്‍. തല പുകഞ്ഞ്‍ ആലോചിച്ചിട്ടും യാതൊരു എത്തും പിടിയും കിട്ടിയില്ല, ആര്‍ക്കും ഒന്നും നിര്‍ദ്ദേശിക്കാനും ഇല്ലായിരുന്നു. എല്ലാം പയറ്റിക്കഴിഞ്ഞിട്ടാണ്‌ എല്ലാവരും ഇരിക്കുന്നത്‍. ആ സമയത്താണ്‌ ഒരു മഹാത്മാവ്‍ ആ വഴിയ്ക്ക്‍ വരുന്നത്‍ കണ്ടത്‍.  കമ്മറ്റിക്കാരെല്ലാവരും കൂടി ആ മഹാത്മാവിനെ സമീപിച്ച്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്കരിച്ചുകൊണ്ട്‍ പറഞ്ഞു, ഹേ സ്വാമിന്‍, അങ്ങ്‍ ഞങ്ങളുടെ പ്രശ്നത്തിന്‌ ഒരു പരിഹാരം ഉപദേശിക്കണം. കമ്മറ്റിക്കാര്‍ അവരുടെ പ്രശ്നം അവതരിപ്പിച്ചു.  ക്ഷേത്രം ഉണ്ടാക്കിയതും അതില്‍ പ്രതിഷ്ഠ നടത്തിയതും ആദ്യത്തെ പ്രതിഷ്ഠ വേണ്ടെന്ന്‍ വെച്ച്‍ മറ്റൊരു പ്രതിഷ്ഠ നടത്തിയതും, അങ്ങനെ നാല്‌ പ്രതിഷ്ഠ നടത്തിയതും, അമ്പലം ഉണ്ടാക്കാനുള്ള ചെലവിനേക്കാള്‍ എത്രയോ ഇരട്ടി പ്രതിഷ്ഠ നടത്താനും വിസര്‍ജ്ജനം ചെയ്യാനും വീണ്ടും പ്രതിഷ്ഠ നടത്താനുമൊക്കെയായി ചെലവാക്കി. ഞങ്ങളുടെ ഉദ്ദേശ്യം തന്നെ ഗ്രാമവാസികളെ ഒന്നിപ്പിക്കുക എന്നതായിരുന്നു.  ഇത്രയൊക്കെ ചെയ്തിട്ടും  ഗ്രാമവാസികള്‍ ഒന്നിക്കുന്നതിനു പകരം വിഘടിക്കുകയാണ്‌ ചെയ്യുന്നത്‍. ഇതിനൊരു പരിഹാരം അങ്ങ്‍ നിര്‍ദ്ദേശിക്കണം എന്ന്‍ പറഞ്ഞ്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ വണങ്ങി.

മഹാത്മാവ്‍ പറഞ്ഞു, ഗ്രാമവാസികളെ എല്ലാവരെയും ഒന്നിപ്പിയ്ക്കുക എന്നതല്ലേ നിങ്ങളുടെ ഇച്ഛ. അതെ. അത്‍ വളരെ ലളിതമാണ്‌. അമ്പലം വേണ്ടെന്ന്‍ വെച്ച്‍ അത്‍ ഒരു ഹോട്ടല്‍ ആക്കുക.  എല്ലാവരും ഒന്നിയ്ക്കും.

സത്യത്തില്‍ വിഘടിക്കുകയും അസത്യത്തില്‍ സമ്മേളിക്കുകയും ചെയ്യുന്നതാണ്‌ മാനവ ജീവിതം.

2013 നവംബർ 14, വ്യാഴാഴ്‌ച

ശിവസ്മരണ




ബാലേന്ദു ലേഖയും ഗംഗാ ഭുജംഗവും മൗലേ വസിക്കുന്ന ദേവന്‍ മദീശ്വരന്‍
കാലാനലജ്വാല കോലും വിലോചനം ഫാലേ വിളങ്ങുന്ന ദേവന്‍ മദീശ്വരന്‍
കാളകൂടം വിഷം കണ്ഠേ വസിക്കുന്ന കാളീസഹായനാം ദേവന്‍ മദീശ്വരന്‍ 
ശൂലം കപാലവും മാനും കുഠാരവും നാലും ധരിക്കുന്ന ദേവന്‍ മദീശ്വരന്‍ 

വ്യാഘ്രചര്‍മംകൊണ്ടു വസ്ത്രമുടുക്കുന്ന ശിഘ്രപ്രസാദിയാം ദേവന്‍ മദീശ്വരന്‍ 
വാമാങ്കവാസേ വസിക്കുന്ന ഗൗരിയെ സാമോദമീക്ഷിക്കുമീശന്‍ മദീശ്വരന്‍
അദ്രീശശാപം വലിച്ചു കുലച്ചോരു രുദ്രന്‍ മഹാദേവദേവന്‍ മദീശ്വരന്‍ 
സമ്മോഹനാസ്ത്രം തൊടുത്തോരു കാമനെ ചെമ്മേദഹിപ്പിച്ച ദേവന്‍ മദീശ്വരന്‍ 

ഭൂതോയ ചന്ദ്രാര്‍ക്ക വഹ്നിഹോത്രാകാശ വാതാഷ്ടമൂര്‍ത്തിയാം ദേവന്‍ മദീശ്വരന്‍
കാലനെ ശൂലേന കീലനം ചെയ്തൊരു നീലകാണ്ഠന്‍ മഹാദേവന്‍ മദീശ്വരന്‍
നിത്യന്‍ നിരാമയന്‍ നിഷ്കളന്‍ നിര്‍മ്മലന്‍ സത്യന് സനാതനന്‍ ദേവന്‍ മദീശ്വരന്‍
അന്താദിഹീനന്‍ വിരിഞ്ചാദികാരണന്‍ ചിന്താദിസാധകന്‍ ദേവന്‍ മദീശ്വരന്‍

സന്തോഷഭൂഷണന്‍ സന്താപശോഷണന്‍ സംസാരഭൂഷണന്‍ ദേവന്‍ മദീശ്വരന്‍
വൈരാഗ്യഭാഗ്യദന്‍ വൈമല്യനായകന്‍ വൈരിവിദ്ധ്വംസനന്‍ ദേവന്‍ മദീശ്വരന്‍
സച്ചില്‍സ്വരൂപന്‍ സ്വയംപ്രകാശന്‍ശിവന്‍ മച്ചിത്തവ്ര്‌ത്തിയാം ദേവന്‍ മദീശ്വരന്‍
സജ്ജനസംഗമം കൊണ്ടുവേണം സഖേ സച്ചിദാനന്ദാവബോധം ശരീരിണാം.

ബ്രഹ്മനും വിഷ്ണുവും മുഗ്ദ്ധേന്ദുചൂഡനും


ബ്രഹ്മനും വിഷ്ണുവും മുഗ്ദ്ധേന്ദുചൂഡനും ബ്രഹ്മാണ്ഡ ഭാണ്ഡ പ്രവര്‍ത്തകന്മാരവര്‍

ഒന്നെങ്കിലും ഭിന്ന മന്ദാശയന്മാര്‍ക്ക്‍ മൂന്നായ്‍ വിളങ്ങുന്നു സേവിച്ചു കൊള്ളുവാന്‍



യാതൊരു ദേവന്റെ സാന്നിധ്യയോഗേന ഭൂതപ്രപഞ്ചം വിരി
ഞ്ചാദി ദ്ര്‌ശ്യതേ

അദ്ദേവനെന്നുടെ ദേവന്‍ ദയാശീലനുദ്ദമനിത്യപ്രകാശന്‍ നിരഞ്ജനന്‍

യാതൊരു ദേവന്റെ സാത്വികാംശംകൊണ്ടു ജാതനാം വിഷ്ണു ജഗന്നാഥനായതും

യേതൊരു ദേവന്റെ രാജസാംശംകൊണ്ടു ഭൂതകര്‍ത്താവാം വിരിഞ്ചന്‍ ഭവിച്ചതും

യാതൊരു ദേവന്റെ താമസാംശംകൊണ്ടു ഭൂതനാം രുദ്രന്‍ ജഗദ്ധ്വംസിയായതും

യാതൊരു ദേവനെദ്ധ്യാനിക്ക കാരണം ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും

യാതൊരു ദേവനുണ്ടെന്നു ബോധിക്കയാല്‍ വീതരാഗത്വം നരന്നു വരുന്നതും

യാതൊരു ദേവന്‍ സമീപസ്ഥനെങ്കിലും ജാതഭ്രമന്മാര്‍ക്കു ദൂരസ്ഥനായ്‍ വരും

യാതൊരു ദേവന്‍ ഗുണത്രയം ലംഘിച്ചു വീതസംഗം ചിദാനന്ദമാകുന്നതും

അങ്ങനെയെല്ലാമിരിക്കും മഹാദേവനിങ്ങുള്ളിലുള്ളവന്‍ നമ്മുടെ ദൈവതം.


തന്റെ അപാരമായ കഴിവിനെ തിരിച്ചറിയുക

ഒരു മനുഷ്യന്‌ അപാരമായ കഴിവുണ്ട്‍. മനുഷ്യനെ ജനനം മുതല്‍ക്കുതന്നെ ബന്ധിപ്പിച്ച്‍ നിര്‍ത്താനാണ്‌  അച്ഛനമ്മമാരും വീട്ടുകാരും നാട്ടുകാരും സമൂഹവും മതങ്ങളും രാഷ്ട്രീയവും എല്ലാം ശ്രമിക്കുന്നത്‍.  ആരും സ്വതന്ത്രരാവുന്നത്‍ ആര്‍ക്കും ഇഷ്ടമല്ല.

ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ കുട്ടി കണ്ണ്‍ തുറന്നിരിക്കുമ്പോഴും ആരെയും നോക്കുന്നില്ലെന്ന്‍ തോന്നും. കുട്ടിയുടെ ദ്ര്‌ഷ്ടി ആ സമയത്ത്‍ അനന്തതയില്‍ വിലസുന്നതായി നമുക്ക്‍ കാണാം. എന്തിനെയോ സൂക്ഷ്മമായി ആ കുഞ്ഞ്‍ കാണുന്നു. അത്യന്തം സൂക്ഷ്മമായിട്ടുള്ളത്‍ ഈശ്വരതത്ത്വമാണ്‌, പരമാത്മതത്ത്വമാണ്‌. അതിലാണ്‌ ആ കുഞ്ഞ്‍ അത്തരം സന്ദര്‍ഭങ്ങളില്‍ രമിക്കുന്നത്‍. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ അതിനുമുമ്പത്തെ ഓരോ ജന്മങ്ങളും ആ ജന്തുവിന്‌ ഓര്‍മ്മ വരുന്നുണ്ട്‍ (ജന്തു എന്നാണ്‌ ഈ അവസ്ഥയിലുള്ള ജീവാത്മാവിന്‌ പറയുന്നത്‍). ആ ജന്മങ്ങളില്‍ അനുഭവിച്ച സുഖങ്ങളും നരകയാതനകളും ആ ജന്തുവിന്‌ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നു. മാതാവിന്റെ കുക്ഷിയില്‍ കിടക്കുമ്പോള്‍ വളരെ നേരിയ തൊലികളുള്ള ആ ജന്തു, അമ്മയുടെ ശരീരത്തിന്റെ ചൂട്‍ സഹിക്കവയ്യാതെ അത്യധികം ദു:ഖിക്കുന്നു, മാതാവ്‍ കഴിക്കുന്ന ചൂടുള്ളതും എരിവുകൂടിയതും ചമര്‍പ്പുള്ളതുമൊക്കെയായ ആഹാരത്തിന്റെ ചൂടും എരിവും പുളിയും എല്ലാം ആ നിസ്സഹായനായ ജന്തു അനുഭവിക്കുകയും അതീവ ദു:ഖത്തിലാവുകയും ചെയ്യുന്നു. മലമൂത്രാദികളുടെ നടുവില്‍ കിടന്ന്‍ ക്ര്‌മികീടാദികള്‍ ആ ജന്തുവിനെ ശരീരത്തില്‍ മുഴുവനും കടിക്കുന്നു, അതിനെ വേദനിപ്പിക്കുന്നു. ബാഹ്യലോകത്തുനിന്നുള്ള ശബ്ദകോലാഹലങ്ങളും മാതാവിന്റെ മാനസിക ചിന്തകളും സംഘര്‍ഷങ്ങളും എല്ലാം ആ ബലഹീനനായ കുഞ്ഞിനെ ബാധിക്കുന്നു. അവിടെ കിടന്ന്‍ പ്രതികരിക്കാന്‍ കഴിവില്ലാത്ത ആ കുഞ്ഞ്‍  പ്രാര്‍ത്ഥിക്കുന്നു, ഹേ ജഗദീശ്വരാ, എന്നെ എത്രയും പെട്ടെന്ന്‍ ബാഹ്യലോകത്തിലേക്ക്‍ കൊണ്ടുപോകണമേ, അവിടെ എത്തിയാല്‍ ഞാന്‍ നിന്നെത്തന്നെ സ്മരിച്ച്‍, നീ പറഞ്ഞിട്ടുള്ളതുപ്രകാരം ജീവിച്ചുകൊള്ളാം എന്ന്‍ വാക്ക്‍ കൊടുക്കുന്നു. ഇതൊന്നും ആധുനിക വൈദ്യശാസ്ത്രമോ അഭ്യസ്ഥവിദ്യരാണെന്നഭിമാനിക്കുന്നവരോ കണക്കാക്കാറില്ല, അവര്‍ അതിനെകുറിച്ച്‍ അജ്ഞരുമാണ്‌.  പുറത്തു വരുന്നതിനുമുമ്പ്‍ ഉണ്ടായിരുന്ന ഓര്‍മ്മകള്‍ മുഴുവനും നഷ്ടപ്പെടുന്നതോടെ ഒന്നിനും ശക്തിയില്ലാത്ത ആ കുഞ്ഞ്‍ മറ്റുള്ളവരുടെ ദയകൊണ്ട്‍ ജീവിക്കുന്നു.

അമ്മയുടെയും വീട്ടുകാരുടെയും ഇഷ്ടാനുസരണമാണ്‌ ആ കുഞ്ഞിന്റെ ഓരോ കാര്യങ്ങളും നടത്തുന്നത്‍. കുഞ്ഞിന്റെ ഇഷ്ടങ്ങള്‍ എന്താണെന്ന്‍ അറിയാത്തതുകൊണ്ട്‍, തന്റെ ഇഷ്ടംതന്നെയാണ്‌ കുഞ്ഞിന്റെ ഇഷ്ടവും എന്ന്‍ വീട്ടുകാരും തീരുമാനിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും കൂടെ വളരുന്ന കുട്ടിയെ ചെറുപ്പം മുതല്‍തന്നെ എല്ലാവിധ വേണ്ടാത്തരങ്ങളും പഠിപ്പിക്കുന്നു. കള്ളത്തരങ്ങളും ചതിയും വെറുപ്പും വിദ്വേഷവും എല്ലാം കുഞ്ഞില്‍ കുത്തിവെക്കുന്നു.  എവിടെയോ ദ്ര്‌ഷ്ടി ഉറപ്പിച്ച്‍ മലര്‍ന്ന്‍ കിടക്കുന്ന കുട്ടിയുടെ ദ്ര്‌ഷ്ടിയെ പലതും പറഞ്ഞും കാണിച്ചുകൊടുത്തും ദ്ര്‌ഷ്ടിയെ ആകര്‍ഷിക്കുന്നു. ഒന്നിനോടും പ്രതികരിക്കാത്ത  കുട്ടിയാണെങ്കില്‍ അതിനെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. പ്രസവിച്ച ഉടന്‍ തന്നെ കുട്ടിയെ കരയിപ്പിക്കുന്നു. കുട്ടി കരഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളവരൊക്കെ കരയും കുട്ടി കരഞ്ഞാലോ, എല്ലാവരും സന്തോഷിക്കും. മറ്റുള്ളവന്റെ ദു:ഖത്തില്‍ സന്തോഷിക്കുവാന്‍ ആദ്യമേ കുട്ടിയെ പഠിപ്പിക്കുന്നു. മലര്‍ന്ന്‍ കിടന്ന്‍ കളിക്കുമ്പോള്‍ എന്തെങ്കിലും ഒരു സാധനം കാണിച്ചുകൊടുത്ത്‍ അതിന്റെ നേരെ കുട്ടി കൈ നീട്ടാന്‍ തുടങ്ങിയാല്‍, സാധനത്തിനെ പുറകോട്ട്‍ വലിച്ചിട്ട്‍ പറയും, തരില്ല്യ തരില്ല്യ എന്ന്‍. ഓഹോ, ഇങ്ങിനെയാണ്‌ വേണ്ടത്‍ എന്ന്‍ ആ കുട്ടി പഠിക്കുന്നു.  ഇത്‍ അച്ഛന്‍ ഇത്‍ അമ്മ ഇത്‍ മുത്തച്ഛന്‍ എന്നൊക്കെ പറഞ്ഞ്‍ പഠിപ്പിക്കും.   ആരും തന്നെ പരമശിവന്റെ ഒരു പടം കാണിച്ചുകൊടുത്ത്‍ ഇത്‍ ഈശ്വരന്‍, ഇത്‍ ദേവി, ഇത്‍ ബ്രഹ്മം,  എന്നൊന്നും ആരും പറഞ്ഞുകൊടുക്കുന്നത്‍ കണ്ടിട്ടില്ല.  നീ മകനാണ്‌, നീ രാജനാണ്‌, ആണാണ്‌, നീ പെണ്ണാണ്‌ എന്നൊക്കെ പറഞ്ഞ്‍ ധരിപ്പിക്കും.  എന്നാല്‍ നീ ഈ ശരീരമല്ല, നീ സത്യസ്വരൂപനാണ്‌, നീ ശാന്തനാണ്‌, ശാന്തസ്വരൂപനാണ്‌, നീ നാശമില്ലാത്തവനാണ്‌, നീ  ജനനമോ മരണമോ ഇല്ലാത്തവനാണ്‌, നീ സച്ചിദാനന്തസ്വരൂപമാണ്‌, നീ ഈ ദേഹമല്ല, നീ ആത്മാവാണ്‌, നീ സോഹമാണ്‌, നീ അപാര കഴിവുള്ളവനാണ്‌, നീ തന്നെയാണ്‌ ഈശ്വരന്‍, നീതന്നെയാണ്‌ ബ്രഹ്മം, ഇത്യാദി ഒന്നുംതന്നെ ആരും പറഞ്ഞുകൊടുക്കുന്നതോ പഠിപ്പിക്കുന്നതോ കണ്ടിട്ടില്ല. കുറച്ച്‍ വളര്‍ന്നു കഴിഞ്ഞ്‍, കുട്ടി സത്യം പറഞ്ഞാല്‍ അത്‍ അച്ഛനമ്മമാര്‍ക്ക്‍ ഇഷ്ടമല്ല. അതുകൊണ്ട്‍ അവനെ അസത്യം പറയാന്‍ പഠിപ്പിക്കും.  നിഷ്കളങ്കരായ കുട്ടികളെ അച്ഛനമ്മമാര്‍ക്കുതന്നെ ഇഷ്ടമല്ല. വീട്ടില്‍ വന്ന മറ്റൊരു കുട്ടിയ്ക്കോ ഒരു ഭിക്ഷക്കാരനോ എന്തെങ്കിലും സാധനം ആ കുട്ടി അവന്റെ നിഷ്കളങ്കതയാല്‍ എടുത്തു കൊടുത്താല്‍ അതൊന്നും ആര്‍ക്കും ഇഷ്ടമല്ല. 

കുട്ടിയുടെ ഉള്ളിലുള്ള കഴിവിനെ മൂടിവെച്ച്‍, അതിനെ പുറത്തു ചാടാന്‍ അനുവദിക്കാതെ, ആ കുട്ടിയെ വളര്‍ത്തുന്നവന്റെ ഇഷ്ടത്തിനനുസരിച്ച്‍ വളര്‍ത്തിക്കൊണ്ടു വരുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവന്റെതന്നെ കഴിവിനെ കുറിച്ച്‍ അജ്ഞനായിത്തീരുന്നു, തീരാദു:ഖത്തില്‍ പെട്ട്‍ പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന ജീവിതചക്രത്തിലേക്ക്‍ പ്രവേശിക്കുന്നു. 

വേണ്ടാത്തതൊന്നും കുട്ടിയെ പഠിപ്പിക്കാതിരിക്കുക, വേണ്ടാത്തതൊന്നും ശീലിപ്പിക്കാതിരിക്കുക.  പ്രബോധനപ്രേരിതങ്ങളായ വാക്കുകളും കഴിവിനെകുറിച്ചുള്ള ബോധം വളര്‍ത്തുന്ന ആശയങ്ങളും കുട്ടികളോട്‌ പറഞ്ഞ്‍ അറിയിക്കുക.  എന്നിട്ട്‍ നോക്കൂ, അവന്‍ ആരായിത്തീരുന്നു എന്ന്‍. 

2013 നവംബർ 6, ബുധനാഴ്‌ച

കാലനുവേണ്ടി കാലം കഴിയ്ക്കുന്നു



രാവിലെ കുറച്ച്‍ പഴഞ്ചോറോ കഞ്ഞിയോ വല്ല മാങ്ങാക്കറിയും കൂട്ടി കഴിച്ച്‍ പറമ്പിലോ പാടത്തോ പോയി കൈക്കോട്ട്‍ കിളയ്ക്കുകയും കന്നുപൂട്ടുകയും പോലത്തെ കഠിനങ്ങളായ ജോലികള്‍ ചെയ്ത്‍ ഉച്ചയ്ക്ക്‍ വീട്ടില്‍വന്ന്‍ കഞ്ഞിയോ ചോറോ വല്ല പപ്പയ്യാകൊണ്ടോ കൈപ്പയ്ക്കകൊണ്ടോ ഒക്കെയുള്ള കറിയോ ഉപ്പേരിയോ കൂട്ടി കഴിച്ച്‍, വീണ്ടൂം വെള്ളം തേവാനോ, പുല്ലരിയാനോ, വാഴവെയ്ക്കാനോ ഒക്കെ പോയി, വൈകുന്നേരം വന്ന്‍ ശരീരശുദ്ധിയൊക്കെ വരുത്തി‍ പത്ത്‍ മിനുട്ട്‍ വല്ല ഈശ്വരനാമവും ജപിച്ച്‍  എന്തെങ്കിലും ഒരു കറിയോ തേങ്ങാച്ചമ്മന്തിയോ കൂട്ടി കുറച്ച്‍ കഞ്ഞിയും മുക്കിക്കുടിച്ച്‍ കിടന്നുറങ്ങി രാവിലെ വീണ്ടും അതേ പണികളൊക്കെത്തന്നെ ഏടുത്ത്‍ ജീവിച്ചിരുന്നവരാണ്‌ എന്റെ അച്ഛനും അച്ഛച്ഛനുംമെല്ലാം. അവരൊക്കെ അമ്പതും നൂറും കിലൊ ഭാരമുള്ള നെല്ലിന്‍ ചാക്കോ മറ്റെന്തിങ്കിലുമൊക്കെ തലയിലും വെച്ച്‍ കിലോമീറ്ററുകളോളം നടന്ന്‍ പോയിരുന്നു. ഇന്ന്‍ 20mg ഫാറ്റ്‍, 20mg കാര്‍ബോഹൈഡ്രേറ്റ്‍, 20mg കൊഴുപ്പ്‍, 10mg വിറ്റാമിന്‍ എ., 5mg വിറ്റാമിന്‍ ബി, 7mg വിറ്റാമിന്‍ സി, ഇത്ര ഗ്രാം മറ്റ്‍ മൂലകങ്ങള്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ  നേരം മാംസം, ഒന്നോരണ്ടോ നേരം മത്സ്യം എന്ന തോതിലൊക്കെ തൂക്കി അളന്ന്‍ ആറ്റിക്കുറുക്കി, ലോകാരോഗ്യ സംഘടനയും (W.H.O) ആധുനിക വൈദ്യശാസ്ത്രവും ഡോക്‍ടര്‍മാരും, ഡയറ്റീഷ്യന്മാരുമൊക്കെ നിഷ്‍കര്‍ഷിയ്ക്കുന്നതനുസരിച്ച്‍ ഭക്ഷണം കഴിച്ചിട്ടും ഒരു രണ്ടുകിലോ പച്ചക്കറി സഞ്ചിയുംകൊണ്ട്‍ അര കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക്‍,  ആധുനിക വിദ്യാഭ്യാസവും, പുരോഗമിച്ച്  വളര്‍ന്ന്‍ പടര്‍ന്ന്‍ പന്തലിച്ച്‍ നില്‍ക്കുന്ന മോഡേണ്‍ സയന്‍സും ആരോഗ്യശാസ്ത്രവും  പരിനിഷ്ണാതരായ ഡോക്‍ടര്‍മാരും സൂപ്പര്‍സ്പെഷ്യാലിറ്റി  ആശുപത്രികളും, ഔഷധങ്ങളും, എന്നെ കൊണ്ടെത്തിച്ചിരിയ്ക്കുന്നു. മനുഷ്യന്റെ കഴിവുകളെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുകയും വെറുമൊരു അടിമത്തത്തിലേക്ക്‍ തള്ളിവിടുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസവും അതിന്റെ പണിയാളന്മാരും എല്ലാവരും സ്വതന്ത്രരാണെന്ന്‍ ആണയിടുകയും ചെയ്യുന്നു. എന്തിലാണ്‌ സ്വതന്ത്രത അനുഭവപ്പെടുന്നത്‍, ഏതിലാണ്‌ സ്വതന്ത്രത അനുഭവപ്പെടുന്നത്‍, എന്ന്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ചിന്തിയ്ക്കാനുള്ള കഴിവുംകൂടി ഇല്ലാതാക്കിയതാണോ സ്വതന്ത്രത എന്ന്‍ പറയുന്നത്.  


ജീവിതം ജീവിച്ച്‍ തീര്‍ത്തു, ഭംഗിയോടെ, ചാരുതയോടെ, സന്തോഷത്തോടെ എന്ന്‍  വിട്ടുപിരിയുന്ന ജീവാത്മാവിന്‌ ഒരിക്കലും തോന്നാതെ, കാലനെയും കാത്ത്‍ ദിവസങ്ങള്‍ തള്ളിനീക്കി, എല്ലാ ഡോക്‍ടര്‍മാരെയും കണ്ട്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക്‍ കുറെ ലക്ഷങ്ങളും കൊടുത്ത്‍, ശരീരത്തിലെ പല ഭാഗങ്ങളും മുറിച്ച്‍ കളഞ്ഞ്‍, ജീവച്ഛവംപോലെ കിടന്ന്‍, എല്ലാവരെയും ബുദ്ധിമുട്ടിച്ച്‍, കാലനെയും കാത്ത്‍ കിടന്ന്‍, ആഗ്രഹങ്ങള്‍ എല്ലാം ബാക്കിയായി,  അവന്‍തന്നെ അറിയാതെ ഒരു ദിവസം മരിച്ചുപോകുന്നു.  ആധുനിക സയന്‍സ്‍ മനുഷ്യന്‌ സമ്മാനിച്ച ഒരു ഓമല്‍പുരസ്കാരം.  അനുഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടും, അതുതന്നെ വാരിപ്പുണരാന്‍ ഓടുന്ന നശിച്ച ഒരു തലമുറ വീണ്ടും വീണ്ടും ജനിച്ച്‍ വളരുന്നു.


സ്വന്തം അനുഭവം ഓര്‍മ്മിക്കുക REMEMBER OWN EXPERIENCE


സ്വന്തം അനുഭവം ഓര്‍മ്മിക്കുക

അഞ്ചോ പത്തോ അമ്പതോ നൂറോ ഇരുനൂറോ ഏക്കര്‍ സ്ഥലവും വീടും വളപ്പും, പറമ്പും, പാടവും, കുറെ കന്നും പശുക്കളും ആടും കോഴിയും പട്ടിയും പൂച്ചയും പത്തും പതിനഞ്ചും അംഗങ്ങളും ഇരുപതും ഇരുപത്തഞ്ചും ജോലിക്കാരും പുല്ലും നെല്ലും ചാമയും വാഴയും ഉഴുന്നും മുതിരയും ഇഞ്ചിയും മഞ്ഞളും എള്ളും കുരുമുളകും  മുളകും പച്ചക്കറികളും തെങ്ങും കവുങ്ങും മോടനും പുഞ്ചയും കുറെ വിരുന്നുകാരും ബന്ധുക്കളും കൂട്ടും കൂട്ടായ്‍മകളും, എട്ടും പത്തും മക്കളും,  എല്ലാ വിശേങ്ങളിലും  കല്ല്യാണങ്ങളിലും മരണങ്ങളിലും അടിയന്തിരങ്ങളും ഒക്കെ പങ്കുകൊള്ളുകയും, ഇവരെയൊക്കെ സന്തോഷിപ്പിച്ചും, സ്വയം സമാധാനിച്ചും, ഒരു ആശുപത്രിയുടെ തിണ്ണയും നിരങ്ങാതെ, ടോക്കണെടുത്ത്‍ മണിക്കൂറുകളോളം ഡോക്‍ടറെ കാണാന്‍ കാത്ത്‍കെട്ടി കിടക്കാതെ,  ശരീരത്തിന്റെ എവിടേയും വെട്ടികീറി മുറിയ്ക്കാതെ, ഒരു അവയവവും മുറിച്ചുകളയാതെ മുട്ടിന്റെ എല്ലും, വായിലെ പല്ലും ഒന്നും തേയാതെ, പ്രഷറോ പ്രമേഹമോ മറ്റ്‍ മാരകരോഗങ്ങളോ ഒന്നുമില്ലാതെ, തൊണ്ണൂറും നൂറും വയസ്സുവരെ യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ, യാതൊരു രോഗവുമില്ലാതെ, എല്ലാ ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും ഏറ്റുവാങ്ങിയിട്ടും സന്തോഷത്തോടും ശാന്തിയോടും സമാധാനത്തോടും കൂടി ജീവിയ്ക്കുകയും, തന്റെ സമസ്ര്‌ഷ്ടങ്ങളെ മുഴുവനും അതേ പോലെ സന്തോഷത്തോടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കുകയും ചെയ്ത്‍, ഒടുവില്‍, മക്കളേ, ഇനി ഞാന്‍ പോവുകയാണ്‌ എന്ന് പറഞ്ഞ്‍ ചിരിച്ചുകൊണ്ട്‍ ഈ ജീവിതത്തില്‍നിന്ന്‍ എന്റെ മുന്നത്തെ തലമുറ മറഞ്ഞുപോവുകയും ചെയ്തുവെങ്കില്‍, വെറും അഞ്ചോ പത്തോ സെന്റ്‍ സ്ഥലത്ത്‍ വലിയൊരു വീടും വെച്ച്‍, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, അത്യാവശ്യം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസങ്ങള്‍ എല്ലാം ഉള്ള ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും മാത്രമായി, മാന്യമായൊരു ജോലിയും, നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിയ്ക്കുകയും ചെയ്യുന്ന, നല്ല അറിവുള്ളവനാണെന്ന്‍ അഭിമാനിക്കുകയും ചെയ്യുന്ന, എന്റെ വീട്ടില്‍ ഒരാള്‍ക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക്‍, എന്നും രോഗവും ഡോക്‍ടറും ആശുപത്രിയും മരുന്നും മന്ത്രവുമായി ഭയവിഹ്യലരായി ജീവിയ്ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ എന്റെ പൂര്‍വ്വീകരൊക്കെ വിവരമില്ലാത്തവരും അവര്‍ പിന്‍തുടര്‍ന്നിരുന്നതൊക്കെ അന്ധവിശ്വാസവും ആയിരുന്നു എന്ന്‍ പറയുന്ന നാണംകെട്ട ഒരു തലമുറ. 

എന്റെ അപ്പൂപ്പനോ അച്ഛനോ പൂര്‍വീകരൊ ഒക്കെ വീട്‍ കൊണ്ടുനടത്തിയിരുന്ന കാലത്ത്‍ അവരുടെ അപ്പനപ്പൂമന്മാരുടെ പ്രേതങ്ങളൊന്നും അവരെ വിരട്ടാന്‍വെണ്ടി വീടിനുചുറ്റും കറങ്ങി നടക്കാതിരിയ്ക്കുകയും, ഇന്ന്‍  ഞാന്‍ വീട്ടുകാര്യങ്ങള്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയപ്പോള്‍, വീടിനകത്തും പുറത്തും  എന്റെ അപ്പനപ്പൂന്മാരുടെ 
പ്രേതങ്ങള്‍ എന്നെയും കുടുംബത്തേയും ചാടിപ്പിടിക്കാന്‍ മുതിരുകയോ, ഭയപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നുവെങ്കില്‍ ഞാന്‍ ഭരിയ്ക്കാന്‍ കൊള്ളരുതാത്തവനാണെന്നാണ്‌ അര്‍ഥം.

ദു:ഖം ഒരു സങ്കല്പം മാത്രം



സങ്കല്‍പ്പനങ്ങളുടേയും ഭാവനകളുടേയും ലോകത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ദു:ഖങ്ങള്‍ മാത്രമേ എനിയ്ക്ക് എന്നിലും ചുറ്റുപാടിലും കാണാനൊക്കൂ, അനുഭവപ്പെടുകയുമുള്ളു. സുഖവും ദു:ഖവും സങ്കല്‍പ്പത്തില്‍ മാത്രമേ ഉള്ളു. വാസ്തവത്തില്‍ അതിന്‌ നിലനില്‍പ്പില്ല. അല്ലെന്ന്‍ തോന്നുന്നുവെങ്കിലും, ഇത്‍ രണ്ടും ഒരു അവസ്ഥയാണ്‌. അവസ്ഥ ഉത്ഭവിക്കുന്നതും നശിക്കുന്നതുമാണ്‌. അതുകൊണ്ട്‍ ദു:ഖത്തിനോ സന്തോഷത്തിനോ ഉണ്മയില്ല. 

ഇത്രയും സൗന്ദര്യമുള്ളൊരു പ്രക്ര്‌തി, ജഗദീശ്വരി മനുഷ്യന്‌ കനിഞ്ഞ്‍ അനുഗ്രഹിച്ചനുവദിച്ച ഈ പ്രക്ര്‌തിയിലെ ദ്ര്‌ശ്യവിന്യാസങ്ങളിലുള്ള സൗന്ദര്യത്തെ ആസ്വദിയ്ക്കാതെ, ബാഹ്യപ്രപഞ്ചത്തില്‍നിന്ന്‍ കിട്ടിയതിനെയൊക്കെ,   വിഷയങ്ങളാക്കി അന്തരിന്ദ്രിയമണ്ഡലത്തില്‍ സ്ര്‌ഷ്ടിച്ച്‍, അതിലിരുന്ന്‍ രമിയ്ക്കുകയും, അതൊക്കെ പ്രക്ര്‌തീശ്വരിയുടെ വിക്ര്‌തികളാണെന്ന്‍ പറഞ്ഞ്‍, അതിനൊക്കെ കര്‍ത്തവ്യ കര്‍മ്മങ്ങളുടെ ന്യായീകരണവും കൊടുത്ത്‍, കുറെ കഴിയുമ്പോള്‍, ഇത്രയും നല്ലൊരു മനുഷ്യജീവിതം കിട്ടിയിട്ട്‍, അത്‌ ഞാന്‍ മധുരോദാത്തമായി  ജീവിച്ചില്ലല്ലോ എന്നോര്‍ത്ത്‍ പരിതപിയ്ക്കുമ്പോഴേയ്ക്കും, ജന്മം തീരാറായിരിയ്ക്കുന്നു എന്ന ഒരു തിരിച്ചറിവിലേയ്ക്കെത്തുമ്പോള്‍ ആ വ്യക്തി അനുഭവിയ്ക്കുന്ന ആന്തരികമായ ഒരു സംഘര്‍ഷവും ബാഹ്യമായൊരു ഭാരവും അനുഭവപ്പെട്ട്‍, റോഡരികിലെ പട്ടിയുടെ ജീവിതം പോലെ, അവനേയും ഹോമിയ്ക്കുന്ന ഒരു തലത്തിലേയ്ക്ക്‍ മാനവ ജീവിതം കൂപ്പു കുത്തിക്കൊണ്ടിരിയ്ക്കുന്ന ഒരവസ്ഥ.  

ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.

 പാമ്പിന്റെ  വായില്‍ തവള അകപ്പെട്ടിരിക്കുന്നു. പാമ്പ്‍ അതിനെ മെല്ലെമെല്ലെ തിന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ തന്റെ  മുന്നിലൂടെ ഒരു പാറ്റ പാറി നടക്കുന്നത്‍  തവള കണ്ടത്‍.  ഈ ഒരു അവസ്ഥയില്‍ ഇരിക്കുന്ന തവള, ഏത്‍ നിമിഷവും പാമ്പ്‍ അതിനെ വിഴുങ്ങുമെന്ന അവസ്ഥയിലും, തവളയ്ക്ക്‍ ആ പാറ്റയെ പിടിക്കണം, തിന്നണം. വളരെ കാഠിന്യത്തോടെ ചിന്തിക്കേണ്ടതാണ്‌ ഈ ഒരു ആശയം.  ഇതാ ആയുസ്സ്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. മാനവ ജന്മത്തിന്റെ ആത്യന്തികോദ്ദേശമായ ജ്ഞാനാര്‍ജ്ജനത്തിന്‌ എന്തുകൊണ്ട്‍ മുതിരുന്നില്ല. 


മാന്ധാചലേശ്വരി സ്തുതി

മാന്ധാചലേശ്വരി സ്തുതി

വന്ദേ നീലകളേബരാം ത്രിനയനാംദംഷ്ട്രാകരാളാനനാം
ഘണ്ടാ മര്‍മശരാവമുണ്ഡ ഭുജഗൈ: ഖഡ്വാങ്‍ഗശൂലാസിഭി:
ആരൂഢാഷ്ടഭുജാം കിരീടരശനാഘോഷാദിഭിര്‍ഭൂഷണൈ -
രാശീ‍ര്‍ഷാങ്‍ഘ്രിവിടങ്‍കിതാം ഭഗവതീമ്‌ മാന്ധാത്ര്‌ശൈലേശ്വരീമ്‍  

മഞ്ജീരൈര്‍മുഖരീക്ര്‌താങ്‍ഘ്രിയുഗളാം സന്ധ്യാഭ്രശോണാംബരാം
ചഞ്ചദ്‍ഘോരക്ര്‌പാണപാണികമലാ മുജ്ജ്ര്‌‍മ്‍ഭിതഭ്രൂലതാം
സാരംഭപ്രസരത്‍സ്‍ഫുലിംങ്‍ഗ നയനാമുച്ചാട്ടഹാസസ്വനൈര്‍-
നിര്‍ധൂതാഖിലസങ്‍ഭയാമനുഭജേ മാന്ധാത്ര്‌ശൈലേശ്വരീമ്‌   

വന്ദേ വക്ഷസിവ്ര്‌ക്ണദാനവിശിരോ മാലാമയം കഞ്ജുകം
കര്‍ണേ കുഞ്ജരകുണ്ഡലം കടിതടേ ഭോഗീന്ദ്രകാഞ്ചീഗുണമ്‍
ഹസ്തേദാരികരക്തപങ്കിലമുഖം ധ്ര്‌ത്വാ ഖലാനാം ഭയം
ശിഷ്ടാനാമഭയം ച യാ ദിശതി താം മാന്ധാത്ര്‌ശൈലേശ്വരീമ്‌

സ്മേരാപാങ്‍ഗവിലോകവിഭ്രാമരസൈ: ശൂലാദിഭിശ്ചായുധൈ:
സാധൂനാം ച ദുരാത്മനാം ച ഋദയഗ്രന്ധിംസകൗതൂഹലമ്‌
കുന്തന്തീമ്‍ ഭുവനത്രയൈകജനനീം വാത്സല്യവാരാന്‌നിധിം
വന്ദേഽസ്മത്‍ കുലദേവതാം ശരണദാം മാന്ധാത്ര്‌ശൈലേശ്വരീമ്‌

ശുദ്ധാന്ത:കരണസ്യ ശമ്‍ഭുചരണാം ഭോജേപ്രപന്നാത്മനോ
നിഷ്കാമസ്യ തപോധനസ്യ, ജഗതാം ശ്രേയോവിധാനാര്‍ഥിന:
മാന്ധാതുര്‍ഹിതകാരിണീം ഗിരിസുതാ പുത്രീം ക്ര്‌പാവര്‍ഷിണീം
വന്ദേ ഭക്തപരായണാം ഭഗവതീമ്‍ മാന്ധാത്ര്‌ശൈലേശ്വരീമ്‌

കൈലാസാദവതീര്യഭാര്‍ഗവ വരക്ഷോണീഗതേ പാവന
ക്ഷേത്രേസന്നിഹിതാംസദാ ഹരിഹരബ്രഹ്മായാദിഭി: പൂജിതാം
ഭക്താനുഗ്രഹകാതരാം, സ്ഥിരചരപ്രാണിവ്രജസ്യാംബികാം
മാന്ധാതുര്‍വശവര്‍തിനീമനുഭജേ മാന്ധാത്ര്‌ശൈലേശ്വരീമ്‌

സംഖ്യാതീതഭടൈര്‍വ്രതേനരിപുണാ സാമൂതിരിക്ഷോണിപേ
നാക്രാന്തസ്യനിജാങ്‍ഘ്രീമാത്രശരണസ്യാത്യല്പസേവാഭ്ര്‌ത:
പ്രാണംവല്ലുഭഭൂമിപസ്യതിലശസ്തേഷാംശിരച്ഛേദനൈ-
രക്ഷന്തിമനുകമ്പയാനുകലയേ മാന്ധാത്ര്‌ശൈലേശ്വരീമ്‍

തുര്യസ്ഥാനവിഹാരിണീമശരണാനുദ്ധ്വര്‍തുമാകാംക്ഷിണീ
മാര്‍ഷോര്‍വ്യാമവതാരിണീം ഭ്ര്‌ഗുവരക്ഷേത്രേസ്ഥിരാവാസിനീമ്‍
ഭക്താനാമഭയങ്കരീമവിരളോത്സര്‍പത്‍ ക്ര്‌പാനിര്‍ഝരീം
വാതാധീശ സഹോദരീം പരിഭജേ മാന്ധാത്ര്‌ശൈലേശ്വരീമ്‌ 


ദ്ര്‌ശ്യത്തെ വിട്ട്‍ ദ്ര്‌ക്കിലേക്ക്‍


ദ്ര്‌ശ്യത്തെ വിട്ട്‍ ദ്ര്‌ക്കിലേക്ക്‍ തിരിയുന്നതാണ്‌ അദ്വൈതം. ആധുനിക ശാസ്ത്രം ദ്ര്‌ക്കിനെപ്പറ്റി അറിയുന്നില്ല. ദ്ര്‌ക്ക്‍ എന്ന ഒന്ന്‍ ഉണ്ട്‍ എന്ന ബോധമില്ലാതെ, ദ്ര്‌ശ്യത്തെ മാത്രം അന്വേഷിയ്ക്കുന്നതാണ്‌ ആധുനികശാസ്ത്രം. അത്‍ രോഗത്തിലേക്കും ദു:ഖത്തിലേക്കും മാത്രമേ നയിക്കൂ.

അദ്വൈതത്തെ ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തി‍ല്‍ നിര്‍വ്വചിക്കുന്നത്‍ വിഡ്ഡിത്തമാണ്‌.  ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എന്ന്‍ പറയുമ്പോള്‍ അടിസ്ഥാനതത്ത്വം ആധുനികശാസ്ത്രമാണെന്നും അദ്വൈതം വെറും ഏഴാംകൂലിയാണെന്നും സമര്‍ത്ഥിയ്ക്കുകയാണ്‌ ചെയ്യുന്നത്‍. കേവലസത്യമെന്ന ബ്രഹ്മദര്‍ശനമാണ്‌ അദ്വൈതം അഥവാ വേദാന്തം. അതാണ്‌ പ്രമാണം.  ആധുനിക ശാസ്ത്രം പ്രമേയംമാത്രമാണ്‌. ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എന്തിന്‌ നിര്‍വ്വചിക്കണം. അദ്വൈതത്തിന്‌ വേറെ ഒന്നിന്റെയും പ്രമാണം ആവശ്യമില്ല. അത്‍ സ്വയം പ്രമാണമാണ്‌.  പ്രമാണത്തിനെ പ്രമേയമാക്കി അവതരിപ്പിക്കുമ്പോള്‍, പ്രമേയത്തിന്‌ പ്രാമുഖ്യം കൊടുക്കാനും പ്രമാണത്തിനെ നശിപ്പിക്കാനുമേ ഉതകുള്ളു. പ്രമാണമായ അദ്വൈതത്തിന്റെ തലം ദര്‍ശിച്ചവര്‌ ബ്രഹ്മസ്വരൂപികളായി വിളങ്ങി. ആ ദാര്‍ശനികരുടെ സാരള്‌യമായ  ദാര്‍ശനികസവിശേഷതകളെ മുഴുവനും മാനവന്റെ ഉത്‍കര്‍ഷത്തിനായി നിരുപാധികം പരമ്പരയാ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ആധുനികശാസ്ത്രത്തിന്റെ സാങ്കേതികജടിലങ്ങളായ തത്ത്വങ്ങള്‍ മുഴുവനും ബൗദ്ധിക സ്വത്തവകാശത്തിന്നടിമപ്പെടുത്തി, (patent) മാനവ ജീവിതത്തിന്റെ സുരഭിലങ്ങളായ ജീവിത ദര്‍ശനങ്ങളെ മുഴുവനും ജടിലങ്ങളാക്കി, കച്ചവട താല്പര്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ മാനവനെ നന്നാക്കാനല്ല. ഒരു ചാക്ക്‍ അരിയോ ഒരു ചാക്ക്‍ നെല്ലോ ഒറ്റക്ക്‍ തലയിലേക്ക്‍ വെച്ച്‍ നാഴികകളോളം തലച്ചുമടായി കൊണ്ടുപോയിരുന്ന, ഈ ശാസ്ത്രസാങ്കേതികകളൊന്നും ഇല്ലാതിരുന്ന എന്റെ മുമ്പത്തെ തലമുറ, അരക്കിലൊ പച്ചക്കറി സഞ്ചിയും തൂക്കി അര കിലോമീറ്റര്‍ ദൂരംകൂടി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‍ ആധുനികനെ കൊണ്ടെത്തിച്ചത്‍, അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തലങ്ങളിലേക്ക്‍ കൊണ്ടെത്തിച്ചത്‍, ആധുനികശാസ്ത്രത്തിന്റെ വരദാനം മാത്രമാണ്‌.  സാന്മാര്‍ഗ്ഗിക ശാസ്ത്രത്തിന്റെ  അഗാധ തലങ്ങളെ മുഴുവന്‍ നശിപ്പിച്ചത്‍,  മാനവനെന്ന ഏകബിന്ദുവിലേയ്ക്ക്‍ ഈ ലോകത്തെ കൊണ്ടുപോകാനൊരുങ്ങിയതും, മാനവനെ കൊണ്ടെത്തിച്ചതും, ഭാരതീയ ദര്‍ശനങ്ങളിലെ ഏകാത്മസങ്കല്‍പ്പങ്ങളെ മുഴുവന്‍ ചവിട്ടി അരച്ചുചേര്‍ത്തത്‍, ആധുനിക ശാസ്ത്രത്തിന്റെ അഹന്ത ഒന്നുമാത്രമാണ്‌. ആ അഹന്തയുടെ വ്ര്‌ശ്ചികപുച്ഛത്തില്‍നിന്ന്‍ ആയിരമായിരം പരാജയങ്ങളേറ്റുവാങ്ങിയ ആധുനികശാസ്ത്രം ഇന്ന്‍ ഏതോ സ്നേഹത്തിന്റെ, ഏതോ വിശ്വാസത്തിന്റെ, ഏതോ ജാജ്ജ്വല്യമാനമായ മാനവസങ്കലപ്പത്തിന്റെ പ്രാചീനഭാരതീയ ആദ്ധ്യാത്മികതയിലേയ്ക്ക്‍ ചേര്‍ത്തുവെയ്ക്കാനൊരുങ്ങതത്രയും, ആ ആദ്ധ്യാത്മിക ദര്‍ശനത്തെ നന്നാക്കുവാനല്ല, മറിച്ച്‌ നശിപ്പിക്കുവാനാണ്‌.

വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിക്കുന്നില്ല


വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നു എന്നാണ്‌ നാം സാധാരണ പറയാറുള്ളത്‌. അല്ലെങ്കില്‍ മനസ്സ്‍ വിഷയങ്ങളില്‍ ആക്ര്‌ഷ്ടമാകുന്നു എന്നും പറയും.

ഏതെങ്കിലും ഒരു വിഷയത്തെ എടുത്ത്‍ അതിനെ അതിന്റെ സ്ഥാനത്തുതന്നെ നിര്‍ത്തി, ആ വിഷയത്തെ നിരീക്ഷിച്ചാല്‍, അത്‍  മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍ പെട്ടെന്ന്‍ ബോധ്യമാകും.  ഏതെങ്കിലും ഒരു വിഷയത്തിന്‌  മനസ്സിനെ ആകര്‍ഷിയ്ക്കാനുള്ള കഴിവോ ശക്തിയോ ഇല്ല.  എല്ലാ വിഷയങ്ങളും എല്ലാവരേയും ഒരേപോലെയോ ഭിന്നഭിന്ന ഭാവത്തിലോ ആകര്‍ഷിയ്ക്കുന്നില്ല. ഏതെങ്കിലും ഒരു വിഷയം എന്നെ ആകര്‍ഷിയ്ക്കുന്നതായാല്‍ ആ വിഷയം മറ്റെല്ലാവരേയും അതേ തോതില്‍ ആകര്‍ഷിയ്ക്കണം. അത്‌ ഉണ്ടാകുന്നില്ല. കാരണം വിഷയങ്ങള്‍ക്ക്‍ ആകര്‍ഷണശേഷി ഇല്ല. അപ്പൊള്‍ വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍ വരുന്നു.

അങ്ങിനെയെങ്കില്‍, മനസ്സ്‍ വിഷയങ്ങളെ ആകര്‍ഷിയ്ക്കുന്നൂ എന്ന്‍ വരുമോ..? സൂക്ഷ്മമായി സംശോധനം ചെയ്താല്‍ ബോധ്യമാകുന്നു, മനസ്സ്‍ വിഷയത്തിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍. എന്റെ മനസ്സ്‍ ഒരു വിഷയത്തെ ആകര്‍ഷിയ്ക്കുന്നുവെങ്കില്‍, എല്ലാവരുടേയും മനസ്സ്‍,  ആ വിഷയത്തിലേയ്ക്ക്‍ ആക്ര്‌ഷ്ടമാകണം. അതും സംഭവിയ്ക്കുന്നില്ല. കാരണം മനസ്സിനും ആകര്‍ഷണശേഷി ഇല്ല എന്ന്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും. 

വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല, മനസ്സ്‍ വിഷയങ്ങളേയും ആകര്‍ഷിയ്ക്കുന്നില്ല.  എന്നിട്ടും ആകര്‍ഷിയ്ക്കപ്പെടുന്നുണ്ടല്ലോ എന്ന സംശയം ബാക്കിയാകുന്നു. ഇതെന്താണ്‌ എന്ന്‍ നോക്കാം.

അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും, മനസ്സും,  ബാഹ്യപ്രപഞ്ചത്തിലേയ്ക്ക്‍ സദാ ആക്ര്‌ഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു എന്ന്‍ തോന്നുന്നുവെങ്കിലും,  വാസ്തവത്തില്‍ അത്‌ പുറത്തേയ്ക്ക്‍ ആകര്‍ഷിയ്ക്കപ്പെടുകയല്ല ചെയ്യുന്നത്‌. ഇന്ദ്രിയങ്ങളടക്കം മനസ്സ്‍ സദാ ആത്മാവിലാണ്‌ ആക്ര്‌ഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്‌. ആത്മാവാണ്‌ എല്ലാ ഇന്ദ്രിയങ്ങളേയും ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുന്നത്‌.  എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ എപ്പോഴും ആക്ര്‌ഷ്ടമായിരിയ്ക്കണം എന്ന സിദ്ധാന്തമാണ്‌ ഇതില്‍ നിന്നും ഗ്രഹിയ്ക്കേണ്ടത്‌. എന്നാല്‍ ആത്മാവിലേയ്ക്ക്‍ ആക്ര്‌ഷ്ടമാകേണ്ടതിന്‌ പകരം, ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍നിന്ന്‍ വികര്‍ഷിയ്ക്കുകയാണ്‌  ചെയ്യുന്നത്‌.  ആത്മാവില്‍നിന്ന്‍ വികര്‍ഷിയ്ക്കുമ്പോള്‍, മറ്റുള്ള എന്തിലെങ്കിലും ആകര്‍ഷിതമാകുന്നു എന്ന പ്രതീതി ഉളവാകുന്നു.  വാസ്തവത്തില്‍ ആകര്‍ഷണമല്ല, മറിച്ച്‍, വികര്‍ഷണമാണ്‌ സംഭവിയ്ക്കുന്നത്‌. 

ഉദാത്തമായ പുരോഗതി


എനിയ്ക്ക്‍ ഉപയോഗമില്ലാത്തതെന്ന്‍ ഞാന്‍ വിചാരിയ്ക്കുന്ന, എനിയ്ക്ക്‍ ഉപകാരമില്ലാത്തതെന്ന്‍ ഞാന്‍ കരുതുന്ന, എനിയ്ക്ക്‍ ഉപദ്രവമുള്ളതെന്ന്‍ ഞാന്‍ നിഗമിയ്ക്കുന്ന, സകല ജീവികളേയും കൊന്നൊടുക്കണമെന്നും, അതൊക്കെ മാനവന്റെ ശത്രുക്കളാണെന്നുമൊക്കെ, ലോകത്തിലെ ഏതോ ഒരു കുടുസ്സ്‍ മുറിയ്ക്കകത്തിരുന്ന്‍ ഒരു മേശപ്പുറത്തേയ്ക്ക്‍ ഒരു ബള്‍ബും തൂക്കിയിട്ട്‍, രണ്ട്‍ മൂന്ന്‍ ടെസ്റ്റ്‍ ട്യൂബും ഒരു റിട്ടോര്‍ട്ടും, കുറച്ച്‍ പിപ്പറ്റും ബ്യൂററ്റും വെച്ച്‍, അതില്‍ കുറേ പൊക്കാനും, പൊന്തിയ്ക്കാനും, പുകയ്ക്കാനും വേണ്ടി പരിസരത്തെ മുഴുവന്‍ മലിനീകരിച്ച്‍, അതിനായി ആയിരക്കണക്കിന്‌ മിണ്ടാപ്രാണികളെ  ഞെക്കിക്കൊന്ന്‍,  ഞങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനുള്ള സകലതും കണ്ടെത്തിയിരിയ്ക്കുന്നുവെന്നും, അതുകൊണ്ട്‍ നിങ്ങള്‍ എന്ത്‍ തോന്നിവാസം വേണമെങ്കിലും ചെയ്തുകൊള്ളുവിന്‍ എന്നും, എങ്ങിനെ വേണമെങ്കിലും ജീവിച്ചുകൊള്ളുവിന്‍ എന്നും, എന്ത്‍ ചീഞ്ഞതും പഴുത്തതും പുഴുത്തതും ഒക്കെ തിന്നോളിന്‍ എന്നും, ഞങ്ങളുണ്ട്‍ നിങ്ങളെ രക്ഷിയ്ക്കാന്‍ എന്നും ലോകരോട്‍ വിളിച്ച്‍ പറയുന്ന ആധുനിക ശാസ്ത്രവും, അതില്‍ എഴുതിവെച്ചിരിയ്ക്കുന്ന അപ്രാപ്യമായ കുറേ സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും, അതിന്റെ അന്ത:സ്സത്ത അറിയാതെ, അത്‌ പഠിയ്ക്കാനും പഠിപ്പിയ്ക്കാനും കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്ന വിദ്യാഭ്യാസ ദുരന്ധരന്മാരും, അതിനെ ചൂഷണംചെയ്യുന്ന വെറും സാമ്പത്തികദര്‍ശനം മാത്രം കൈമുതലാക്കി വിലസുന്ന കുത്തകബഹുരാഷ്ട്രകമ്പനികളും,  നാല്‌ കാശ്‍ ഉണ്ടാക്കാമെന്നതിനപ്പുറം ഒന്നും ഇല്ലാത്ത അതിനെ പഠിയ്ക്കാനിറങ്ങുന്ന ആധുനികമാനവനും, എല്ലാം കൂടി മാനവ ജീവിതത്തെ വിഷപങ്കിലമാക്കി, ഇനി അഭയത്തിന്‌ ഒരിടമില്ലാത്തൊരവസ്ഥയിലേയ്ക്ക്‍ മാനവ സമൂഹം എത്തിയിരിയ്ക്കുന്നു.  ഒറൊറ്റ രോഗത്തിനെങ്കിലും ശാശ്വത പരിഹാരം ഇന്നേവരെ കണ്ടെത്താന്‍ കഴിയാത്ത, ഈ ആരോഗ്യമേഖല, ഇന്ന്‍  മനുഷ്യന്‍ എന്ത്‍ കഴിയ്ക്കണമെന്നും എന്ത്‍ കാണണമെന്നും എന്ത്‍ ചിന്തിയ്ക്കണമെന്നും എന്ത്‍ പഠിയ്ക്കണമെന്നും, എങ്ങിനെ വര്‍ത്തമാനം പറയണമെന്നും, എന്ത്‍ പ്രവര്‍ത്തിയ്ക്കണമെന്നും ഒക്കെ തീരുമാനിയ്ക്കുന്നത്‍ അവനവനല്ല. ഓരോരുത്തരുടേയും വീട്ടിലെ അടുക്കള ഭരിയ്ക്കുന്നത്‌ സിനിമയിലേയും സീരിയലിലേയും പരസ്യങ്ങളിലേയും മറ്റുള്ള ആരുടെയൊക്കെയോ അടിമകളായ നായികാനായകരാണ്‌.  ലോകം മുഴുവനും ശാന്തിയ്ക്കും സമാധാനത്തിനും ശാശ്വതസന്തോഷത്തിനും ഉറ്റ്‍ നോക്കുന്നത്‍ ഈ മണ്ണിലേയ്ക്കാണ്‌, ഇവിടുത്തെ ദര്‍ശനസവിശേഷതയിലേയ്ക്കാണ്‌. അതിന്‌ കാരണം അഹിംസ പരമമായ ധര്‍മ്മമാണെന്ന്‍ കൊട്ടിഘോഷിയ്ക്കുന്ന അപൗരുഷേയവാണീയാണ്‌. ശ്രുതികളിലേയും സ്മ്ര്‌തികളിലേയും അര്‍ഥവാദ പരങ്ങളായ തഥ്യകളെ എന്റെ പ്രിയാപ്രിയങ്ങള്‍ക്കായി വളച്ചുകെട്ടി വ്യാഖ്യാനിയ്ക്കുന്നത്‍തന്നെ വേദ നിന്ദയാണെന്നും വേദ നിന്ദ ഈശ്വര നിന്ദയാണെന്നും അതിലൊക്കെത്തന്നെ വെളിവാക്കിയിട്ടുണ്ട്‍.  

 ഞാന്‍ ചാക്കില്‍ കെട്ടി വെച്ചിരിയ്ക്കുന്ന അമ്പത്‍ കിലോ അരി, അതില്‍ നിന്ന്‍ അമ്പത്‍ ഗ്രാം അരി എലി തിന്നു എന്ന്‍ പറഞ്ഞ്‍  അമ്പതുരൂപയുടെ എലിവിഷം വാങ്ങി വെച്ച്‍ വീട്ടിലുള്ളതും അതിന്റെ പരിസരത്തുള്ളതും ആ വളപ്പിലുള്ളതും അയല്‍പക്കത്തുള്ളതുമായ സകല എലികളേയും കൊല്ലണമെന്ന്‍ പഠിപ്പിയ്ക്കുന്ന ഒരു ശാസ്ത്രത്തിന്‌, ഏതോ ഒരു നാട്ടില്‍ ഒരു വ്യക്തിയെ എലി കടിച്ചിട്ട്‍ അയാള്‍ക്ക്‍ എലിപ്പനി വന്നു, അതുകൊണ്ട്‍ നാട്ടിലുള്ള സകല എലികളേയും കൊന്നൊടുക്കണമെന്ന്‍ പഠിപ്പിയ്ക്കുന്ന ഒരു ശാസ്ത്രവും അതിന്റെ പണിയാളന്മാരും,  വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ശത്രുതയുടേയും വ്ര്‌ശ്ചികപുച്ഛത്തിലേയ്ക്ക്‍ എത്തിച്ച്‍ കണ്ണില്‍കണ്ട സകലതിനേയും കൊന്നൊടുക്കുന്ന തലത്തിലേയ്ക്ക്‍ അധ:പ്പധിച്ചിരിയ്ക്കുന്ന ഇന്നത്തെ മാനവന്‍ അതിനെ മുഴുവനും കെട്ടിപ്പുണരുകയും, അതിനെ പുരോഗതി എന്ന്‍ പേരിട്ട്‍ വിളിയ്ക്കുകയും ചെയ്യുന്നു.  ഇത്ര ഗ്രാം കാര്‍ബോഹൈഡ്രൈറ്റ്‍, ഇത്രഗ്രാം ഫേറ്റ്‍, ഇത്രഗ്രാം വിറ്റാമിന്‍, ഇത്രഗ്രാം പ്രോട്ടീന്‌ എന്നൊക്കെ ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം സമീക്ര്‌ത ഭക്ഷണം കഴിയ്ക്കുന്ന ഇന്നത്തെ ഞാന്‍,  വളരെ നിസ്സാരമായ പ്രമേഹവും പ്രഷറും കൊണ്ട്‍തന്നെ നീറിനീറി ചത്തുപോകുന്നു. അതിന്‌ പ്രതിവിധി ഒന്നുമില്ലാ എന്ന്‍ ഈ വീമ്പിളക്കുന്ന ശാസ്ത്രത്തിന്‌ വിളിച്ചു പറയാന്‍ യാതൊരു നാണവുമില്ല. ഇതാണ്‌ പുരോഗതി.

കാളീ നാടകം - നാരായണ ഗുരു


കാളീ നാടകം - നാരായണ ഗുരു

കടും പന്തുകൊങ്കത്തടം താളമേളം പിടിച്ചംബരീജാലസംഗീതന്ര്‌ത്തം
തുടിക്കിങ്കിണീവേണുവീണാപ്രയോഗം ചെവിക്കൊണ്ടു തങ്കക്കുടക്കൊങ്കരണ്ടും
കളം കുങ്കുമീപങ്കമാലേയലേപം പളുങ്കൊത്തമുത്തുപ്പടങ്കല്പവ്ര്‌ക്ഷ-
ത്തലം പൂങ്കുലയ്ക്കൊത്തുകോര്‍ത്തീട്ടു മാലാകളങ്കാവിഹീനം കലാപിച്ചു-
മേതാനലങ്കാരബന്ധങ്ങളും മറ്റു-മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും

പിടിയ്ക്കുള്ളടക്കിക്കൊടുക്കും വയറ്റിന്നടിയ്ക്കോമനപ്പൂമണിപ്പട്ടുടുത്തമ്മുടിച്ചിയ്ക്കുകച്ചപ്പുറം വച്ചിറുക്കിക്കടിയ്ക്കാമവണ്ടിക്കുടത്തീന്നിഴിഞ്ഞ
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിയ്ക്കും അനങ്ഗന്റെ തൂണീരമോടേറ്റു തമ്മില്‍
പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നുങ്കണങ്കാലടിക്കച്ഛപം തോറ്റു തോയേ  തപസ്സിന്നു പോകുന്നപാദാഗ്രശോഭം   ണങ്കാലടിത്താമരപ്പൂവിലോലം
കളിയ്ക്കുന്ന പൂന്തേന്‍ നുകര്ന്നാത്തമോദം വിളങ്ങുന്ന  ദേവാങ്‍ഗനാഗാനമേളം

കളം വീണ നാനാവിധം വാദ്യഭേദം ശ്രവിച്ചും സഖീചാരുനര്യാണിതന്നില്
ഝണത്‍കാരപൂരം വഹിച്ചും നടന്നും മുദാശോഭകൈലാസശ്ര്‌ങ്ഗേ ലസിച്ചും
തദാ ദേവനാരീസമക്ഷം വഹിച്ചും നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാനന്ദമോടാവിരാശാ- വധിയ്ക്കൂള്ള കാമം ലഭിച്ചും സുഖിച്ചും
രമിച്ചും സ്വകാര് യേഷ്വലം സം- ഭ്രമിച്ചങ്കുരിച്ചത്തലും മൂലമാക്കീ വിള-
ങ്ങുന്നിവണ്ണം ഭവത്ത്ര്‌ക്കടക്കണ്‍ ചുളിച്ചൊന്നു നോക്കായ്കമൂലം ക്ര്‌പാലോ! നമസ്തേ നമസ്തേ

നമസ്തേ മഹാഘോരസംസാരവാരാ- ന്നിധിയ്ക്കക്കരെക്കേറുവാന്‍ ത്ര്‌പ്പദത്താരിണ-
ക്കപ്പലല്ലാതൊരാലംബനം മറ്റെ- നിയ്ക്കൊന്നുമില്ലംബ, കാരുണ്യരാശേ,
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന ത്ര്‌ക്ക- ണ്ണിണത്തേന്‍ കടാക്ഷം ലഭിപ്പാനണഞ്ഞേന്‍,
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ- ടൊലാ തേ നമസ്തേ, നമസ്തേ നമസ്തേ
പണം പെണ്ണിലും മണ്ണിലും ചെന്നു പുക്കാ- ശ്വസിച്ചാത്തമോദം ഗുണം കെട്ടു
ദു:ഖിച്ചുപോവാനയയ്കൂല്ലഹം ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണംകെട്ടു
പെട്ടൊരുമായാവിലാസം ക്ഷണം ക്ഷീണ- ലോകപ്രപഞ്ചപ്രവാഹംക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബാ, നമസ്തേ നമസ്തേ !

ഭുവനേശ്വരീ കവചം BHUVANESWARI KAVACHAM


ഭുവനേശ്വരീ കവചം  (രുദ്രയാമല തന്ത്രം) 
ഓം ശ്രീ ഗണേശായ നമ:

ദേവ്യുവാച:
ദേവേശ ഭുവനൈശ്വര്യാ യാ യാ വിദ്യാ: പ്രകാശിതാ:
ശ്രുതാശ്ചാധിഗതാ: സര്‍വ്വാ: ശ്രോതുമിച്ഛാമി സാമ്പതമ്‍
ത്രൈലോക്യ മംഗളം നാമ കവചം യത്‍ പുരോദിതമ്‍
കഥയസ്വ മഹാദേവ മമ പ്രീതികരം പരമ്‍

ഈശ്വര ഉവാച
ശ്രുണു പാര്‍വതി വക്ഷ്യാമി സാവധാനാവധാരയ
ത്രൈലോക്യ മംഗളം നാമ കവചം മന്ത്ര വിഗ്രഹമ്‍
സിദ്ധവിദ്യാമയം ദേവി സര്‍വൈശ്വര്യ സമന്വിതം
പഠനാദ്ധാരണാന്‍ മര്‍ത്യസ്ത്രൈലോക്യൈശ്വര്യ ഭാഗ്‍ഭവേത്‍

ഓം അസ്യ ശ്രീ ഭുവനേശ്വരീ ത്രൈലോക്യ മംഗള കവചസ്യ 
ശിവ ഋഷി: വിരാട്‌ ഛന്ദ: ജഗദ്ധ്വാത്രി ഭുവനേശ്വരീ ദേവത:, 
ധര്‍മ്മാരഥ കാമ മോക്ഷാര്‍ഥേ ജപേ വിനിയോഗ:

ഹ്രിം ബീജം മേ ശിര: പാതു ഭുവനേശ്വരീ ലലാടകമ്‍
ഐം പാതു ദക്ഷനേത്രം മേ ഹ്രിം പാതു വാമലോചനമ്‍
ശ്രീം പാതു ദക്ഷകര്‍ണം മേ ത്രിവര്‍ണാത്മാ മഹേശ്വരീ
വാമ കര്‍ണം സദാ പതു ഐം ഘ്രാണം പാതുമേ സദാ
ഹ്രിം പാതു വദനം ദേവീ ഐം പാതു രസനാം മമ
വാക്‌പുടാ ച ത്രിവര്‍ണാത്മാ കണ്ഠം പാതു പരാത്മികാ
ശ്രീം സ്കന്ധൗ പാതു നിയതം ഹ്രിം ഭുജൗ പാതു സര്‍വദാ
ക്ലിം കരൗ ത്രിപുടാ പാതു ത്രിപുരൈശ്വര്യദായിനീ
ഓം പാതു ഋദയം ഹ്രീം മേ മധ്യദേശം സദാവതു
ക്രൗം പാതു നാഭിദേശം മേ ത്ര്യക്ഷരീ ഭുവനേശ്വരീ

സര്‍വബീജപ്രദാ പ്ര്‌ഷ്ഠം പാതു സര്‍വവശങ്കരീ
ഹ്രിം പാതു ഗുഹ്യദേശം മേ നമോ ഭഗവതീ കടിമ്‍
മാഹേശ്വരീ സദാപാതു ശംഖിനീ ജാനുയുഗ്മകമ്‍
അന്നപൂര്‍ണാ സദാ പാതു സ്വാഹാ പാതു പദദ്വയമ്‍
സപ്തദശാക്ഷരാ പായാദന്നപൂര്‍ണാഖിലം വപു :
താരം മായാ രമാകാമാ ഷോഡശാര്‍ണാ തത: പരമ്‍
ശിര:സ്ഥാ സര്‍വദാ പാതു വിംശത്യര്‍ണാത്മികാ പരാ
താരം ദുര്‍ഗേ യുഗേ രക്ഷിണീ സ്വാഹേതി ദശാക്ഷരാ
ജയ ദുര്‍ഗ ഘനശ്യാമാ പാതു മാം സര്‍വ്വതോ മുദാ
മായാ ബീജാദികാ ചൈഷാ ദശാര്‍ണാ ച തത: പരാ

ഉത്തപ്ത കാഞ്ചനാഭാസാ ജയദുര്‍ഗാഽഽനനേഽവതു (ജയദുര്‍ഗാ ആനനേ അവതു)
താരം ഹ്രിം ദും ച ദുര്‍ഗായൈ നമോഽഷ്ടാ‍ര്‍ണാത്മികാ പരാ
ശംഖചകരധനുര്‍ബാണധരാ മാം ദക്ഷിണേഽവതു
മഹിഷ മര്‍ദ്ദിനീ സ്വാഹാ വസുവര്‍ണ്ണാത്മികാ പരാ
നൈ ഋത്യാം സര്‍വ്വദാ പാതു മഹിഷാസുര നാശിനീ
മായാ പത്മാവതീ സ്വാഹാ സപ്താര്‍ണാ പരികീര്‍തിതാ
പത്മാവതീ പത്മസംസ്ഥാ പശ്ചിമൈ മാം സദാഽവതു
പാശാങ്കുശപുടാ മായോ സ്വാഹാ ഹി പരമേശ്വരീ
ത്രയോ ദശാര്‍ണാ താരാദ്യാ അശ്വാരൂഢാഽനലേഽവതു
സരസ്വതീ പഞ്ചസ്വരേ നിത്യക്ലിന്നേ മദദ്രവേ 

സ്വാഹാ വ സ്വക്ഷരാ വിദ്യാ ഉത്തരേ മാം സദാഽവതു
താരം മായാ ച കവചം ഖേ രക്ഷേത്‍ സ്തനം വധു:
ഹും ക്ഷേം ഹ്രീം ഫട്‍ മഹാവിദ്യാ ദ്വാദശാ‍ര്‍ണാഖിലപ്രഭാ
ത്വരിതാഷ്ടാഹിഭി പായാ‍ച്‍ഛിവകോണേ സദാ ച മാമ്‌
ഐം ക്ലിം സൗ: സതതം ബാലാമൂര്‍ദ്ധ്വദേശേ തതോഽവതു
ബിന്ദ്വന്താ ഭൈരവി ബാലാ ഹസ്തൗ മാം ച സദാഽവതു
ഇതി തേ കഥിതം പുണ്യം ത്രൈലോക്യ മംഗളം പരമ്‌
സാരാത്സാരതരം പുണ്യം മഹാവിദൗഘ വിഗ്രഹം
അസ്യാപി പഠനാത്സദ്യ: കുബേരോഽപി ധനേശ്വര:
ഇന്ദ്രാദ്യാ: സകലാ ദേവാ ധാരണാത്‍ പഠനാദ്യത:

സര്‍വ്വസിദ്ധീശ്വരാ: സന്ത: സര്‍വ്വൈശ്വര്യമവാപ്നുയു:
പുഷ്‍പാഞല്യഷ്ടകം ദദ്യാന്‍ മൂലേനൈവ പ്ര്‌ഥക്‍ പ്ര്‌ഥക്‍
സംവത്സരക്ര്‌തായാസ്തു പൂജായാ: ഫലമാനുയാത്‍
പ്രീതിമന്യോഽന്യത: ക്ര്‌ത്വാ കമലാ നിശ്‍ചലാ ഗ്ര്‌ഹേ 
വാണീച്ച നിവ സേദ്‍വക്ത്രേ സത്യം സത്യം ന: സംശയ:
യോ ധാരയതി പുണ്യാത്മാ ത്രൈലോക്യം മംഗളാഭിധമ്‌
കവചം പരമം പുണ്യം സോഽപി പുണ്യവതാം വര:
സര്‍വ്വൈശ്വര്യയുതോ ഭൂത്വാ ത്രൈലോക്യ വിജയീ ഭവേത്‍
പുരുഷോ ദക്ഷിണേ ബാഹൗ നാരീ വാമഭുജേ തഥാ
ബഹുപുത്രവതീ ഭൂയാദ്‍ വന്ധ്യാപി ലഭതേ സുതമ്‍

ബ്രഹ്മാസ്ത്രാദീനി ശസ്ത്രാണി നൈവ ക്ര്‌ന്തന്തിതം ജനമ്‍
ഏകത്‍ കവചമജ്ഞാത്വാ യോ ഭജേദ്‍ ഭുവനേശ്വരീമ്‍
ദാരിദ്ര്യം പരമം പ്രാപ്യ സോഽചിരാന്‍ മ്ര്‌ത്യുമാപ്നുയാത്‍
ഇതി ശ്രീ രുദ്രയാമലേ തന്ത്രേ ദേവീശ്വര സംവാദേ
ത്രൈലോക്യ മംങ്‍ഗളം നാമ ഭുവനേശ്വരീ കവചം സമ്പൂര്‍ണ്ണം

ശ്രീ ധര്‍മ്മശാസ്താ സ്തുതി AYYAPPA STUTI




പാണ്ഡ്യഭൂപതീന്ദ്ര പൂര്‍വ പുണ്യമോഹനാക്ര്‌തേ
പണ്ഡിതാര്‍ച്ചിതാങ്ഘ്രി പുണ്ഡരീക പാവനാക്ര്‌തേ
പൂര്‍വചന്ദ്രതുണ്ഡ വേത്രദണ്ഡവീര്യവാരിധേ
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം  

ആദിശങ്കരാച്യുത പ്രിയാത്മസംഭവപ്രഭോ
ആദിഭൂതനാഥ സാധു ഭക്തചിന്തിതപ്രദ
ഭൂതിഭൂഷ വേദഘോഷ പാരിതോഷ ശാശ്വത
പൂര്‍ണപുഷ്കലസമേത ഭൂതനാഥ പാഹി മാം           

പഞ്ചബാണകോടി കോമളാക്ര്‌തേ ക്ര്‌പാനിധേ
പഞ്ചഗവ്യപായസാന്ന പാനകാദിമോദിത
പഞ്ചഭൂത സഞ്ചയപ്രപഞ്ചഭൂതപാലക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം          

ചന്ദ്രസൂര്യ വീതിഹോത്ര നേത്ര വക്ത്രമോഹന
സാന്ദ്രസുന്ദര സ്മിതാര്‍ദ്ര കേസരിന്ദ്രവാഹന
ഇന്ദ്രവന്ദനീയപാദ സാധുവ്ര്‌ന്ദ ജീവന
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം                    

അത്യുദാരഭക്ത ചിത്തരങ്ഗ നര്‍ത്തന പ്രഭോ
നിത്യശുദ്ധ നിര്‍മലാദ്ധ്വിതീയധര്‍മപാലക
സത്യരൂപ മുക്തിരൂപ സര്‍വദേവതാത്മക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം               

വീരബാഹു വര്‍ണനീയ വീര്യശൗര്യവാരിധേ
വാരിജാസനാദി ദേവവന്ദ്യ സുന്ദരാക്ര്‌തേ
വാരണേന്ദ്ര വാജിസിംഹവാഹ ഭക്തശേവധേ
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം

സാമഗാനലോല ശാന്തശീല ധര്‍മ പാലക                          
സോമസുന്ദരാസ്യ സാധുപൂജനീയ പാദുക
സാമദാനഭേദദണ്ഡ ശാസ്ത്രനീതി ബോധക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം

സുപ്രസന്ന ദേവദേവ സത്‍ഗതി പ്രദായക                       
ചിത്‍പ്രകാശധര്‍മപാല സര്‍വഭൂതനായക
സുപസിദ്ധ പഞ്ചശൈല സന്നികേതന നര്‍തക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം

ശൂല-ചാപ-ബാണ-ശംഖ-വജ്ര-ശക്തിശോഭിത                
ബാലസൂര്യകോടി ഭാസുരാങ്ഗ ഭൂതസേവിത
കാലചക്ര സംപ്രവ്ര്‌ത്ത കല്പനാസമന്വിത
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം 

അത്ഭുവാത്മ ബോധസത്സനാതനോപാദശക                 
ബുദ്‍ബുദോപമ പ്രപഞ്ച വിഭമ പ്രകാശക
സപ്രഥ പ്രഗത്ഭചിത്ത്‍ പ്രകാശദിവ്യദേശിക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം.
ശുഭം

അഹല്ല്യയും ശംഭൂകനും AHALYA - SAMBHUKAN

ഓം ശ്രീ രാമചന്ദ്രായ നമ:  ഓം ശ്രീ ഹനുമതേ നമ: 

രണ്ട്‌ സംശയങ്ങള്‍ക്കുള്ള നിവാരണം. ഒന്ന്‍ : തന്റേതായ ഒരു തെറ്റും ചെയ്യാത്ത അഹല്യയെ എന്തിന്‌ ശപിച്ചു. രണ്ട്. ശൂദ്രനായ ശംഭൂകനെ എന്തിന്‌ രാമന്‍ വധിച്ചു.


എല്ലാ രാമായണ കര്‍ത്താക്കളും അവരവര്‍ വര്‍ണ്ണിയ്ക്കാന്‍ പോകുന്ന രാമചരിത്രം വേദസമ്മതമാണെന്ന്‍ അതിന്റെ ആരംഭത്തില്‍ത്തന്നെ സധൈര്യം ഉദ്‍ഘോഷിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിയ്ക്കുന്നതെല്ലാം വേദസമ്മതമാണ്‌ എന്നാണ്‌. ഇതിനെ പാഠകര്‍ കാണാതെ പോകുന്നു.   

രാമായണ കര്‍ത്താക്കള്‍ ഘോഷിച്ചതെല്ലാം പദാനുപദം ശരിയാണെന്നും സത്യമാണെന്നുമൊക്കെയാണോ പറയുന്നത്‍ എന്ന സംശയം വരാം. അതെ, ശരിയാണ്‌, സത്യമാണ്‌, കാരണം, അതെല്ലാം പണ്ഡിതര്‍ പഠനവിധേയമാക്കിയിട്ടുണ്ട്‍, വേദവിജ്ഞാനങ്ങളുമായി താരതമ്യം ചെയ്തിട്ടുമുണ്ട്‍, അവരൊന്നും വിയോജിപ്പുകളോ എതിര്‍പ്പുകളോ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച്‍ അഭിനന്ദിച്ചിട്ടുണ്ടുതാനും. ആ പണ്ഡിതരൊക്കെ പറഞ്ഞത്‍ ശരിയാണെന്ന്‍ എങ്ങിനെ തീരുമാനിയ്ക്കാം. തീര്‍ച്ചയായും തീരുമാനിയ്ക്കാം, കാരണം അവര്‍ക്കൊക്കെ നമ്മെക്കാളൊക്കെ അധികം അറിവുണ്ടായിരുന്നു. അത്തരക്കാരുടെ ഇതര ഗ്രന്ഥങ്ങളില്‍നിന്ന്‍ അവരുടെ വിനയവും സൗശീല്യവും ദയ, കാരുണ്യം, സമത്വഭാവന, ജ്ഞാനം, ഭക്തി, വൈരാഗ്യം ഇത്യാദികളെല്ലാം ദ്ര്‌ഷ്ടമാണ്‌. അത്തരത്തിലുള്ള ഗ്രന്ഥങ്ങളൊന്നും പില്‍ക്കാലത്ത്‍ മറ്റ്‍ ആരാലും രചിയ്ക്കപ്പെട്ടില്ലാ എന്നതുതന്നെ അതിനെ സാധൂകരിയ്ക്കുകയും ചെയ്യുന്നു. മനുഷ്യന്‍ തലമുറയിലൂടെ മാറിമാറി വരുമ്പോള്‍, അവന്‍ അറിവില്‍ നിന്ന്‍ അറിവില്ലായ്മയിലേയ്ക്കാണ്‌ വളരുന്നത്‍. എന്നെക്കാള്‍ അറിവ്‌ എന്റെ അച്ഛനുണ്ടായിരുന്നു. എന്റെ അച്ഛന്റെ അറിവിനേക്കാള്‍ അച്ഛച്ഛന്‌ അറിവുണ്ടായിരുന്നു. അതിനും അപ്പുറത്തേയ്ക്കുള്ള തലമുറയ്ക്ക്‍ എത്ര അറിവുണ്ടായിരിരുന്നിട്ടുണ്ടാവും... ഇങ്ങനെ ചിന്തിയ്ക്കണം. എന്റെ മുന്‍തലമുറയ്ക്ക്‍ അറിവുണ്ടായിരുന്നു എന്ന്‍ വാദിയ്ക്കുന്നതിന്റെ സാംഗത്യമെന്താണ്‌? ഇത്‍ വാദമൊന്നുമല്ല, പരമാര്‍ഥമാണ്‌. എന്റെ അച്ഛച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ മുപ്പതും നാല്‍പ്പതും അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു, ഏക്കര്‍ കണക്കിന്‌ ക്ര്‌ഷിയും കന്നുകാലികളും ആടും കോഴിയും പട്ടിയും പൂച്ചയും അതിഥികളും ഭിക്ഷക്കാരും, വീട്ടിലെ പണിക്കാരും, എല്ലാംകൂടി, അദ്ദേഹം നോക്കി നടത്തിയിരുന്നതും, എല്ലാ അംഗങ്ങളെയും ഒരേപോലെ കാണുകയും എല്ലാവരുടെയും സുഖസൗഖ്യാദികളില്‍ ശ്രദ്ധിയ്ക്കുകയും, ആര്‍ക്കും ഒരു കുറവും വരാതെ നോക്കുകയും, യാതൊരു അടിപിടിയോ വാക്കേറ്റമോ ഒന്നുമില്ലാതെ, കുടുംബത്തിനെ മുന്നോട്ടുനയിയ്ക്കുകയും, ഒക്കെ ചെയ്തവനാണ്‌. അദ്ദേഹം നൂറാമത്തെ വയസ്സില്‍ വളരെ ആരോഗ്യത്തോടും സമാധാനത്തോടും ശാന്തിയോടും കൂടി ജീവിയ്ക്കയും, യാതൊരു രോഗവുമില്ലാതെ നൂറുവയസ്സുവരെ ജീവിച്ച്‍, സന്തോഷത്തോടെ മരിച്ചുപോവുകയും ഒക്കെ ചെയ്തു. എങ്ങിനെ ജീവിയ്ക്കണമെന്ന്‍ അവര്‍ അറിഞ്ഞിരുന്നു. ആ അറിവ്‍ അവര്‍ക്കുണ്ടായിരുന്നു. എനിയ്ക്ക്‍ ആ അറിവില്ല്യ. വളരെ ചെറുപ്പത്തില്‍തന്നെ വാര്‍ദ്ധക്യജന്യങ്ങളായ രോഗങ്ങള്‍ പിടിപെടുകയും യുവാവസ്ഥയില്‍ത്തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ധവും യക്ര്‌ത്തിന്‌ തകരാറും കിഡ്‍നിയ്ക്ക്‍ തകരാറും, ആരോടും യോജിയ്ക്കാന്‍ പറ്റായ്കയും എന്നും വഴക്കും വക്കാണവും, പിടിച്ചുപറിയും കളവും ചതിയും ഭീകരവാദപ്രവര്‍ത്തനങ്ങളും തീവ്രവാദചെയ്തികളും ബോംബ്‌ വെയ്ക്കലും പൊട്ടിയ്ക്കലും നശിപ്പിയ്ക്കലും കോഴയും കൈക്കൂലിയും നാടിനെ കാടാക്കുകയും കാടിനെ റോടാക്കുകയും അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കുകയും പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മമ്മാര്‍തന്നെ ചവറ്റുകൂനയിലേയ്ക്ക്‍  വലിച്ചെറിയുകയും ഒക്കെ ചെയ്യുന്നത്‍ അറിവില്ലായ്മയല്ലാതെ മറ്റെന്താണ്‌. ബാഹ്യമായ സകലതിനെയും അഴിച്ച്‍ അപഗ്രഥിച്ച്‍ പഠിച്ചാലൊന്നും അറിവുണ്ടാവില്ല, അറിവില്ലായ്മ മാത്രമേ ഉണ്ടാകൂ. 

വേദവ്യാസ വിരചിതമായ അദ്ധ്യാത്മരാമായണം മൂലം, എഴുത്തച്ഛന്‍ മലയാളത്തിലേയ്ക്ക്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ്‌ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‍ എന്ന രൂപത്തില്‍ ഉള്ളത്‌. പലഭാഗങ്ങളും എഴുത്തച്ഛന്‍ വിട്ടുകളഞ്ഞിട്ടുണ്ട്‍, കുറച്ചൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.  അതിന്റെ തുടക്കത്തില്‍തന്നെ എഴുത്തച്ഛന്‍ പറയുന്നു : 

പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍, വേദസമ്മിതമായ്‍ മുമ്പുള്ള ശ്രീരാമായണം ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍
ഇവിടെ ഉള്ളതേ ഞാന്‍ പറഞ്ഞിട്ടുള്ളു, അത്‍ വേദസമ്മിതവുമാണ്‌. ഇതാണ്‌ എഴുത്തച്ഛന്‍ പറഞ്ഞത്‌.  

ലോകത്തിലെ സകല സുന്ദര വസ്തുക്കളും ചേര്‍ത്തുവെയ്ക്കണമെന്ന്‍ പ്രജാപതിയ്ക്ക്‍ തോന്നി. (തന്നിലെ സ്പന്ദാത്മകമായ ശിവശ്ശക്തി ഒരു ഊര്‍ജ്ജപ്രസരംപോലെ തുടിയ്ക്കുമ്പോള്‍, കര്‍മ്മനിരതനാവുന്ന ജീവാത്മാവ്‌, അജ്ഞാനത്തിലേയ്ക്ക്‍ എടുത്ത്‍ എറിയപ്പെടുന്നു എന്ന്‍ സാരം. സകല കര്‍മ്മങ്ങളും അജ്ഞാനമാണ്‌ എന്നര്‍ഥം) അങ്ങിനെ ചേര്‍ത്തുവെച്ചപ്പോള്‍ അതൊരു സ്ത്രീരൂപമായി. അതില്‍ സ്വയം പ്രവേശിച്ച്‍ അതിന്‌ പ്രാണന്‍ നല്കി. ആ സ്ത്രീരൂപത്തിന്‌ അഹല്ല്യ എന്ന്‍ നാമകരണം ചെയ്തു. അങ്ങിനെ ആ സ്ത്രീരൂപം ഒരു സുന്ദരിയായ കന്യകയായി. ലോകസൗന്ദര്യത്തെ വെല്ലുന്ന ആ കന്യക സ്വന്തം സൗന്ദര്യത്തില്‍ അഹങ്കാരമുള്ളവളായി. തന്റെ സൗന്ദര്യത്തില്‍ അഹങ്കാരം തോന്നിയപ്പോള്‍, ബ്രഹ്മാവ്‍ ഉപായം ചിന്തിച്ചു.. ഇവളെ എന്തു ചെയ്യും എന്ന്‍ അലോചിച്ച പ്രജാപതി, ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ തീരുമാനിച്ചു.  ദാനം ചെയ്യുന്നതോടെ അഹങ്കാരം നശിയ്ക്കുമല്ലോ എന്ന്‍ പ്രജാപതി വിചാരിച്ചു.  (അഹങ്കാരത്തിന്റെ ശമനം ദാനംകൊണ്ടുണ്ടാകുന്നൂ എന്ന്‍ ഭാരതീയ ചിന്ത.)

അതെ, എന്റെ കൈവശമുള്ള വസ്തുക്കള്‍ ദാനം ചെയ്യുമ്പോഴാണ്‌ ഞാന്‍ അഹങ്കാരമുക്തനാകുന്നതും ആ വസ്തു അതിന്റെ യഥാര്‍ത്ഥ ഉടമയില്‍ എത്തുന്നതും എന്ന്‍ ഭാരതീയ ദര്‍ശനം. വസ്തുക്കളിന്മേലുള്ള എന്റെ സ്വാമിത്തം, ഉടമസ്ഥത, ഇല്ലാതാക്കി, അതിന്മേല്‍ വേറൊരുത്തന്റെ സ്വാമിത്ത്വത്തിനുടമയാക്കുന്നതിനെ ദാനം എന്ന്‍ ഭാരതീയ ചിന്ത. സ്വസ്വത്ത്വ നിവ്ര്‌ത്തി; പരസ്വത്ത്വാപാതനം ഇതി ദാനം. വസ്തു കൈവശം വെയ്ക്കുമ്പോള്‍ അഹങ്കാരം വര്‍ദ്ധിയ്ക്കുന്നു. അതില്ലാതാവാന്‍ അതിന്റെ ശരിയായ ആവശ്യക്കാരന്‌, അതിന്റെ ശരിയായ ഉടമസ്ഥന്‌, അത്‍ അര്‍ഹിയ്ക്കുന്നവന്‌, കൈമാറണം. അങ്ങിനെ കൈമാറുന്നതോടെ, നേടിയതിനെ ഉപഭോഗം ചെയ്ത്‌ ത്യജിച്ചതായതുകൊണ്ട്, ആ വസ്തുവിന്മേല്‍ ജീവാത്മാവിന്‌ മമത ഇല്ലാതാകുന്നു. അതോടേ ആ ഒരു ദുര്‍ഗ്ഗുണത്തില്‍നിന്ന്‍ മോചിതനാകുന്നു. തേന ത്യക്തേന ഭുഞ്ജിത, മാ ഘ്‌ത കസ്യസിദ്ധനം, എന്ന പദത്തിലേയ്ക്കുയരുന്നു.  

വിവരമറിഞ്ഞ ദേവേന്ദ്രന്‍ പ്രജാപതിയെ സമീപിച്ച്‍ കുശലപ്രശ്നം നടത്തി. തനിയ്ക്ക്‍ വേണമെന്ന്‍ പറയാനുള്ള ചങ്കൂറ്റം കാണിച്ചില്ല പക്ഷേ ദേവേന്ദ്രന്റെ ഇംഗിതം പ്രജാപതി മനസ്സിലാക്കി. ഒരു ഭോഗിയ്ക്ക്‍ കൊടുക്കണോ അതോ ഒരു യോഗിയ്ക്ക്‍ കൊടുക്കണോ എന്ന്‍ ചിന്തിച്ച്‍ ഒടുവില്‍ യോഗിയ്ക്ക്‍ തന്നെ കൊടുക്കുന്നതാണുത്തമമെന്ന്‍ നിര്‍ണ്ണയിച്ചു. കാരണം പ്രേയസ്സിനേക്കാള്‍ ഉത്തമം ശ്രേയസ്സാണല്ലോ. അതിനായി അന്വേഷിച്ചു, ഒരു മുനിയെ കണ്ടെത്തി, അത്‍ ഗോതമഋഷി. ഗോതമന്‌ അഹല്യയെ ദാനം നല്കി. 

തന്റെ സൗന്ദര്യത്തില്‍ അഹല്യയ്ക്ക്‍ അഭിമാനമുണ്ടായിരുന്നു എന്ന്‍ ആദ്യം സൂചിപ്പിച്ചു. അതുപോലെ, അഹല്യയെ അനുഭവിയ്ക്കണമെന്ന്‍ ആദ്യം മുതലേ ഇന്ദ്രനും മനസ്സില്‍ വെച്ചുപുലര്‍ത്തിയിരുന്നു. ദേഹാഭിമാനവും അധാര്‍മികമായി അസ്തേയത്തിനുള്ള ഇച്ഛയും ജീവാത്മാവിനെ അന്യഥാ പ്രേതാദി യോനികളിലേയ്ക്കെത്തിയ്ക്കുന്നു, അല്ലെങ്കില്‍ അധ:പ്പതിപ്പിയ്ക്കുവാന്‍ കാരണമായിത്തീരുന്നു, എന്ന്‍ ഈ ഒരു പ്രകരണത്തില്‍നിന്നും മനസ്സിലാക്കാം. അസ്തേയം എന്നാല്‍ അന്യന്റെ മുതല്‌ കൈവശപ്പെടുത്തുകയും കരുതിവെയ്ക്കുകയും ചെയ്യുക. പലരും എത്രയോ തലമുറകള്‍ക്കുള്ളതാണ്‌ സമ്പാദിച്ചുകൂട്ടുന്നത്‌, ധനമായും ഭൂമിയായും ഒക്കെ. അതൊക്കെ മറ്റ്‍ ആരെല്ലാമോ അനുഭവിയ്ക്കേണ്ടതാണ്‌, അതാണ്‌ ഞാന്‍ വാങ്ങിച്ചുകൂട്ടുന്നത്‌. ഇതുതന്നെ അസ്തേയം.

ഗോതമഋഷിയുടെ ആശ്രമത്തിലെത്തിയ അഹല്യ  ആശ്രമാന്തരീക്ഷത്തിലെ യോഗമയമായ ജീവിതചര്യകളാല്‍ കാലാന്തരത്തില്‍ ഒരു യോഗിനിയുടെ അവസ്ഥയിലേയ്ക്കെത്തി. തന്റെ മനോമണ്ഡലത്തിന്റെ അകക്കാമ്പുകളില്‍ താന്‍ ലോകസുന്ദരിയാണെന്ന അഭിമാനവും അതില്‍നിന്നുത്ഭൂതമാകുന്ന ആസക്തിയും സബീജരൂപേണതന്നെ കിടന്നു. ബീജം ജീവസ്സുള്ളതാണെങ്കില്‍ എവിടെ സൂക്ഷിച്ചാലും, അനുകൂല കാലാവസ്ഥ സംജാതമായാല്‍, ഒരു ഭോഗിയുടെ കൊട്ടാരമായാലും വേണ്ടില്ല, ഒരു  യോഗിയുടെ ആശ്രമമായാലും വേണ്ടില്ല,  അത്‍ മുളയ്ക്കും, കിളിര്‍ക്കും, എന്നതിന്‌ പ്രത്യക്ഷ ഉദാഹരണമാണിത്‌.  ഇത്തരത്തിലുള്ളതില്‍നിന്ന്‍ നമ്മളെടുക്കേണ്ടത്‌ ഇതൊക്കെയാണ്‌.

ഉണങ്ങിയ ഇലകളും കാട്ടിലെ ചോലയിലെ വെള്ളവും കുടിച്ച്‍ തപസ്സനുഷ്ഠിച്ചിരുന്ന വിശ്വാമിത്രന്‍വരെ ഉര്‍വ്വശിയില്‍ അനുരക്തനായിട്ടില്ലേ, അതുകൊണ്ട്‍, ഞാനും അതുപോലത്തെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിലെന്താണ്‌ തെറ്റ്‍ എന്നല്ല ചിന്തിയ്ക്കേണ്ടത്‌. വിശ്വാമിത്രന്റെ ചെയ്തികളെ കഥാരൂപത്തില്‍ വര്‍ണ്ണിച്ചത്‍, അതുപോലെ ചെയ്യാനുള്ള ഒരു ലൈസന്‍സ്‍ ആയിട്ടല്ല എടുക്കേണ്ടത്‌.  അങ്ങനെയൊക്കെ ജീവിച്ചുപോന്ന വിശ്വാമിത്രനുവരെ ആ ഒരു അബന്ധം പറ്റിയിട്ടുണ്ടെങ്കില്‍,  നെയ്യും ചോറും തിന്നുന്ന  ഹേ മനുഷ്യാ, നിന്റെയൊക്കെ ഗതിയെന്താണ്‌ എന്നാണ്‌ ചോദിയ്ക്കേണ്ടത്‌. അതാണ്‌ ബുദ്ധിയുള്ളവന്‍ ചിന്തിയ്ക്കേണ്ടത്‍. ഇതിനെ അറിവെന്ന്‍ പറയും.

ഗോതമന്‍ പറഞ്ഞത്‌ ഹേ ഇന്ദ്രാ, നിന്റെ ആസക്തി അടക്കാന്‍  നിന്റെ കൈവശം ഇന്ദ്രലോകത്ത്‍ തന്നെ ധാരാളം പോംവഴികള്‍ ഉണ്ടല്ലോ (ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ ....... ഇത്യാദികളുണ്ടല്ലോ എന്ന്‍ വ്യംഗ്യം), അതൊക്കെ പോരാഞ്ഞിട്ട്‍, ദേവലോകത്തുനിന്ന്‍ (അമ്ര്‌ത്യലോകത്തുനിന്ന്)  നിനക്ക്‍ ഈ മ്ര്‌ത്യുലോകത്ത്‌ വരേണ്ടി വന്നുവോ.. (പ്രേതാദി യോനി പ്രാപ്തി, അല്ലെങ്കില്‍ അധ:പ്പതനം എന്ന്‍ സാരം).  അതും ഒരു മഹര്‍ഷിയുടെ ആശ്രമം വരെ എത്താനുള്ള അഹങ്കാരം നിന്നിലുണ്ടായല്ലോ.  സ്തീയോനിപ്രാപ്തിയായിരുന്നു നിന്റെ ലക്ഷ്യമെങ്കില്‍ എനിയ്ക്കൊരു സന്ദേശം കൊടുത്തയച്ചാല്‍ മതിയായിരുന്നില്ലേ, നിന്റെ ഇംഗിതം സാക്ഷാല്‍ക്കരിയ്ക്കുമായിരുന്നു. അതിന്‌ ഈവിധം അധാര്‍മിക വഴികള്‍ സ്വീകരിയ്ക്കേണ്ടിയിരുന്നില്ല എന്ന്‍ സൗമ്യതയോടെ ഗോതമന്‍ പറഞ്ഞു. ഏതായാലും നിനക്ക്‍ വേണ്ടത്‍ സ്ത്രീയോനിയാണല്ലോ, ഈ നിമിഷം മുതല്‍ നിന്റെ ശരീരത്തില്‍, ഒന്നിനുപകരം ഒരായിരം സ്ത്രീയോനികള്‍ ഉല്‍പ്പന്നമാകട്ടേ.. എന്ന്‍ ഞാന്‍ നിനക്കൊരു വരം തരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലക്കിയ ദേവേന്ദ്രന്‍ കരഞ്ഞുകൊണ്ട് ഗോതമന്റെ കാല്‍ക്കല്‍വീണ്‌ ക്ഷമാപണവും ശാപമുക്തിയ്ക്കുമായി പ്രാര്‍ത്ഥിച്ചു.  ശ്രീരാമാവതാരത്തില്‍ രമസീതാ സ്വയംവര സമയത്ത്‍ ഈ ആയിരം യോനികള്‍ നിനക്ക്‍ ആയിരം ചക്ഷുസ്സുകളായി തീര്‍ന്ന്‍, ശ്രീരാമവിവാഹം കാണാനുള്ള സദ്‍ഭാഗ്യം ഉണ്ടാകും, അതോടെ നീ ഇതില്‍നിന്ന്‍ മുക്തനാവും. ഇന്ദ്രന്‍ ഉടനെ സ്ഥലം വിട്ടു. അഹല്യയുടെ നേര്‍ക്ക്‍ നോക്കി ഗോതമന്‍ പറഞ്ഞു,  ഒരു ഋഷിപത്നിയായിട്ടുകൂടി നിനക്ക്‍ നിന്റെ സൗന്ദര്യത്തിലുള്ള അഹങ്കാരം നശിച്ചില്ല, നിന്റെ ആസക്തിയ്ക്ക് ശമനം വന്നില്ല, അത്‌ നിന്നെ നിന്റെ സമനില തെറ്റിച്ചു. അതിനൊരു പ്രായശ്ചിത്തമെന്ന നിലയ്ക്ക്‍ നീ ഒരു പാഷാണമായി തീരട്ടെ, ഒരു കല്ല്‌ ആയിത്തീരട്ടെ.  അഹല്യ മുനിയുടെ കാല്‍ക്കല്‍വീണ്‌ മാപ്പിരന്നു. മഹാത്മാക്കളുടെ ഋദയം അതീവ ലോലമായതിനാല്‍, മറ്റുള്ളവരുടെ ദു:ഖം കാണാന്‍ പറ്റില്ല. ഉടനെ അനുഗ്രഹത്തിന്റെ വചനങ്ങള്‍ -ശ്രീരാമാവതാരത്തില്‍ ഭഗവാന്റെ ചരണസ്പര്‍ശമേല്‍ക്കുന്നതോടെ, നിന്റെ സ്വരൂപം നിനക്ക്‍ തിരിച്ചുകിട്ടും, പതിലോകത്തെ പ്രാപിയ്ക്കാനും സാധിയ്ക്കും. 
അഹല്യ ആശ്രമമുറ്റത്ത്‍തന്നെ സമാധിസ്ഥയായി ഇരുന്നു. രാമനാമവും ജപിച്ച്‍.  മനുഷ്യജീവിതത്തില്‍ പല തെറ്റുകളും സംഭവ്യമാണ്‌. 

എന്നാല്‍ താന്‍ ചെയ്ത തെറ്റിനെ അഹല്യ മൂടി വെച്ചില്ല. താന്‍ ചെയ്ത തെറ്റിനെ അഹല്യ ന്യായീകരിച്ചില്ല. അഹല്യ ഉടനെ പ്രജാപതിയായ, തന്റെ പിതാവായ, ബ്രഹ്മാവിന്‌ ഫോണ്‍ചെയ്തില്ല, ആളെ കൂട്ടിയില്ല, ജാഥ നയിച്ചില്ല, മുദ്രാവാക്യങ്ങള്‍ വിളിച്ചില്ല, മന്ത്രിമാര്‍ക്ക്‍ നിവേദനങ്ങള്‍ കൊടുത്തില്ല, രാജാവിനെ കാണാന്‍ പോയില്ല. മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും കത്തയച്ചില്ല, ഒരു ന്യായാലയത്തിലും ഹേബിയസ്‍ കോര്‍പ്പസ്‍ ഫയല്‍ ചെയ്തില്ല. 

എന്നാല്‍ തന്റെ തെറ്റ്‍,  അത്‌ ലോകരുടെ മുന്നില്‍ വിളിച്ചു പറയത്തക്കവിധം പുറത്ത്‍, പെരുവഴിയില്‍തന്നെ ഇരുന്നു. വഴിയാത്രക്കാരൊക്കെ അവരുടെ കാലുകൊണ്ട്‍ എന്നെ ചവിട്ടട്ടെ, ഞാന്‍ അത്രയ്ക്ക്‍ വലിയ പാപമാണ്‌ ചെയ്തിട്ടുള്ളത്‌. കാറ്റത്തും മഴയത്തും വെയിലത്തും പതറാതെ, അഹല്യ തന്റെ സാധനയില്‍ നിമഗ്നയായി.   ഞാനാണ്‌ ഇത്തരത്തിലൊരു കര്‍മ്മം ചെയ്തതെങ്കില്‍, ഞാന്‍ എന്തായിരിയ്ക്കും ചെയ്യുക. ലോകരോട്‍ വിളിച്ചു പറഞ്ഞ്‍ പശ്ചാത്തപിയ്ക്കുമോ, അതോ അതിനെ ഗോപ്യമായി വെയ്ക്കുമോ, ആരും അറിയാതിരിയ്ക്കാന്‍. എന്നിട്ട്‍ നീറിനീറി ചാകുമോ. ചിന്തിയ്ക്കുക. ഗൗതമന്‍ അഹല്യയ്ക്ക്‍ ശാപമല്ല കൊടുത്തത്‍ മറിച്ച്‍ താന്‍ ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തം ചെയ്യാനാണ്‌ പറഞ്ഞത്‌. എന്താണ്‌ പ്രായശ്ചിത്തം.. ഏകാഗ്രചിത്തയായി പരമാത്മധ്യാനത്തില്‍ മുഴുകുക. ഏതുവരെ, ഭഗവാന്റെ പാദസ്പര്‍ശം ഏല്‍ക്കുന്നതുവരെ. താന്‍ എവിടെ നില്‍ക്കുന്നുവോ, എത്‍ അവസ്ഥയില്‍ ആണോ, അതേ അവസ്ഥയിലിരുന്ന്‍, ഏകാഗ്രചിത്തതയോടെ ഈശ്വരനാമം ജപിച്ചാല്‍, കയ്യില്‍ പത്തുരൂപയുമെടുത്ത്‍ ഏതോ ക്ഷേത്രത്തിലിരിയ്ക്കുന്ന ക്ഷേത്രജ്ഞനെ കാണാന്‍ പോകണ്ട, മറിച്ച്‍ ക്ഷേത്രജ്ഞനായ ശ്രീരാമന്‍ അഹല്ല്യയെതേടി കാട്ടിലെത്തും.വിളിച്ചാല്‍ വിളിപ്പുറത്ത്‍ വരുന്നതാണ്‌ ഈശ്വരതത്ത്വം. വിളിപ്പുറത്ത്‍ വരുക എന്ന്‍ പറഞ്ഞാല്‍, ഒരു സഞ്ചിയുമെടുത്ത്‍ ഏതോ ഭിക്ഷു വരുന്നതുപോലെ വരുന്നു എന്നല്ല, മറിച്ച്‍  സാധകന്‍തന്നെ ഈശ്വരനായി ഭവിയ്ക്കുന്ന അവസ്ഥ. ബ്രഹ്മവിത്‍ ബ്രഹ്മൈവ ഭവതി:  ബ്രഹ്മത്തെ അറിയാന്‍ കെല്പുള്ളവന്‍ ബ്രഹ്മംതന്നെയായി തീരുന്നു, എന്ന്‍ ഉപനിഷത്‍ പ്രമാണം.

ഇത്രയും പറഞ്ഞത്‌ രാമായണത്തിലെ ആ ഭാഗത്തിലെ കഥയുടെ കുറച്ചുഭാഗം. ഇനി വൈദികമായി ഇതിനെന്താണര്‍ഥം.

വൈദികസാഹിത്യത്തില്‍ ഇന്ദ്രന്‍ സൂര്യനാണ്‌. പരമൈശ്വര്യവാന്‍ എന്ന ഹേതുവിനാല്‍ സൂര്യന്‌ ജഡവസ്തുവെങ്കിലും ഇന്ദ്രനെന്നു പേരായി. 

അഹസ്‌ എന്നാല്‍ പകല്‍. അഹോരാത്രം എന്നാല്‍ പകലും രാത്രിയും - രാപ്പകല്‍ - എന്നാണല്ലോ അര്‍ഥം. ല്ല്യ എന്ന വാക്കിന്‌ ലയിയ്ക്കുന്നത്‍, ലയിച്ചത്‍ എന്നൊക്കെ അര്‍ഥം. അഹല്ല്യ എന്ന വാക്കിന്‌ പകല്‍ ലയിയ്ക്കുന്നത്‌ എന്ന്‍ അര്‍ഥം പറയും. പകല്‍ എവിടെയാണ്‌ ലയിയ്ക്കുന്നത്‍. തീര്‍ച്ചയായും, പകല്‍ രാത്രിയില്‍ പോയി ലയിയ്ക്കുന്നു. രാത്രിയുടെ നാഥന്‍ സോമമാണ്‌. സോമം ചന്ദ്രന്‍. സോമനാണ്‌ ഗോ-തമനായ ചന്ദ്രന്‍. ഗോതമന്‍ കുളിയ്ക്കാന്‍ പോയി എന്ന്‍ പറഞ്ഞാല്‍ ചന്ദ്രന്‍ സാഗരത്തില്‍ ആണ്ടു, ചന്ദ്രന്‍ അസ്തമിച്ചു എന്ന്‍ അര്‍ഥം. അഹല്ല്യ ലയിയ്ക്കുന്നത്‍ രാത്രിയുടെ നാഥനായ സോമനിലാണ്‌, ഗോതമനിലാണ്‌. അഹല്യയുടെ ഭര്‍ത്താവ്‍ ഗോതമന്‍. 

സൂര്യന്‌ ഇഷ്ടം പകലിനോടാണ്‌. പകലിനും ഇഷ്ടം സൂര്യനോടാണ്‌. അപ്പോഴെ പകല്‍ പകലായി നിലനില്‍ക്കുകയുള്ളു. സൂര്യനുണ്ടെങ്കിലേ പകല്‍ ഉള്ളു. പകല്‍ ലയിയ്ക്കുന്നത്‍ രാത്രിയില്‍ ആണെങ്കിലും, രാത്രിയുടെ നാഥനായ സോമനിലാണെങ്കിലും, ഗോതമനിലാണെങ്കിലും, സോമന്റെ സൗന്ദര്യം സൂര്യന്റെ വരദാനമാണ്‌. അഹല്ല്യയുടെ ഭര്‍ത്താ-വ്‍ സോമനാണ്‌. ഭര്‍ത്താവാകുന്ന സോമനാകുന്ന ഗോതമന്‍ പോയി എന്നു പറയുമ്പോള്‍, രാത്രി കഴിഞ്ഞു, സൂര്യന്‍ ഉദിച്ചു എന്ന്‍ അര്‍ഥം. സൂര്യന്‍ പകലിന്റെ ജാരനാണ്‌. ആ സൂര്യന്‍ പകലിനെ പ്രാപിച്ചു എന്ന്‍ പറഞ്ഞാല്‍ എല്ലായിടത്തും തന്റെ കിരണങ്ങള്‍ വാരി വിതറി എന്ന്‍ മനസ്സിലാക്കണം. 

വൈദിക സാഹിത്യത്തിലെ ചില നാമങ്ങള്‍ പുരാണേതിഹാസങ്ങളിലേയ്ക്കെത്തുമ്പോള്‍ അതിനെ വ്യാഖ്യാനിയ്ക്കുന്നത്‍ എത്ര വികലമായിട്ടാണെന്ന്‍ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം കുറിച്ചു എന്ന്‍ മാത്രം. വൈദിക സംജ്ഞകളെ സാധാരണക്കാരന്‌ മനസ്സിലാവാന്‍ മഹര്‍ഷിമാര്‍ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും പിന്നീട്‍ ഉപനിഷത്തുക്കളും രചിച്ചു. കുറച്ചുകൂടി മുന്നോട്ടുപോയി വൈദിക സിദ്ധാന്തങ്ങള്‍ കഥാരൂപേണ, പുരാണങ്ങള്‍ക്ക്‍ രൂപം നല്കി. അതും മതിയാവാതെ വന്നപ്പോള്‍ ഒടുവില്‍ രാമായണ മഹാഭാരതാദി ഇതിഹാസങ്ങള്‍ രചിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ആദ്യം പഠനവിധേയമാക്കിയാല്‍ ഇന്ദ്രന്‍ ഗോതമനെ പറ്റിച്ച്‍ അഹല്ല്യയുമായി വേഴ്‍ച നടത്തിയെന്നും ശ്രീരാമന്‍ സീതയെ ത്യജിച്ചു എന്നും ഒക്കെ പഠിയ്ക്കും. ഇത്‍ സനാതന ധര്‍മ്മത്തിന്റെ അപചയവുമാണ്‌. അങ്ങിനെ പഠിച്ചാല്‍ എല്ലാ കഥാപാത്രങ്ങളോടും വിദ്വേഷവും പകയും ഒക്കെ ഉണ്ടാവും. അദ്വേഷാ സര്‍വ്വഭൂതാനാം എന്ന തത്ത്വം ചുണ്ടിലും കടലാസ്സിലുമൊക്കെയായി ഒതുങ്ങുകയും ചെയ്യും. പുരാണേതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ളത്‍ ആചരിയ്ക്കാന്‍ തുനിയാതെ, അതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത്‍ ലോക൪‍ക്കുമുന്നില്‍ വിളമ്പുമ്പോള്‍, ഞാനും ഇതൊക്കെ വായിച്ചിരിയ്ക്കുന്നു എന്ന്‌ അവരൊക്കെയൊന്നറിയട്ടെ എന്ന അഹന്ത ഒന്നുകൂടി പുഷ്ടിപ്പെടും. അതോടെ ഉള്ള അറിവും പോയിക്കിട്ടും.

വേറൊരു വൈദിക വ്യാഖ്യാനം കൂടി നോക്കാം.  ഹലം എന്നുപറഞ്ഞാല്‍ കലപ്പ (കന്നുപൂട്ടാനുള്ള കരി). ഹല്യം എന്നാല്‍ ഉഴുതത്‌, ഉഴുന്നുനിരത്തിയത്‌. (ഉഴുന്നുനിരത്തിയ ഭൂമി). അഹല്യം എന്നാല്‍ ഉഴാത്തത്‌, ഉഴാന്‍ ഉചിതമല്ലാത്തത്‌, ഊഷരം (ഊഷരഭൂമി). അപ്പോള്‍ അഹല്യ എന്ന വൈദിക സംജ്ഞയ്ക്ക്‍ ഊഷരം എന്ന്‍ അര്‍ത്ഥം. ഗോ + തമം = ഗോതമം (ഗൗതമം). ഗോ ശബ്ദത്തിന്‌ പശു എന്ന്‍ അര്‍ഥമുണ്ട്. ഗോ ശബ്ദത്തിന്‌ പ്ര്‌ഥ്വി എന്നും അര്‍ത്ഥം. തമം എന്ന ശബ്ദത്തിന്‌ തമസ്സ്‍, അന്ധകാരം, ജഡം, കട്ടിയുള്ളത്‌, കാഠിന്യമുള്ളത്‌ എന്നൊക്കെ അര്‍ഥം വരും. ഗോതമമായ ഭൂമി ഊഷരഭൂമിയാണെന്ന്‍ അര്‍ഥം. ഗോതമന്റെ ഭൂമി അഹല്ല്യമാണ്‌, ഭൂമി മുഴുവനും അതി കഠിനമായ സൂര്യതേജസ്സിനാല്‍ ജലാംശം മുഴുവനും വറ്റി, ഇനി അത്‌ ഉഴുവാനുംകൂടി സാധ്യമല്ലാതെ ഊഷരമായി തീര്‍ന്നിരിയ്ക്കുന്നു. അതിനെ ഊഷ്മളമാക്കണമെങ്കില്‍ വര്‍ഷം (മഴ) പെയ്യണം. മഴയുടെ ഉല്‍പാദാവ്‌ ഇന്ദ്രനാണ്‌. ഇന്ദ്രന്‍ ആ ഊഷരഭൂമിയില്‍ മഴപെയ്യിച്ച്‍ അതിനെ ഊഷ്മളമാക്കിതീര്‍ത്തു. ഇതാണ്‌ കഥയിലെ വൈദികമായ മറ്റൊരര്‍ഥം.  അതിന്‌ ഇന്ദ്രനെ അനുമോദിച്ചുകൊണ്ട്‍ പറഞ്ഞു, അല്ലയോ ഇന്ദ്രാ നീ വര്‍ഷത്തിന്റെ യോനിയാണ്‌, ഉത്ഭവസ്ഥാനമാണ്‌. നിന്റെ ശരീരമാസകലം വര്‍ഷത്തിന്റെ ഉത്ഭവസ്ഥാനമായി മാറട്ടെ, അങ്ങനെ പ്രപഞ്ചത്തില്‍ ഒരിടത്തും ഊഷരഭൂമി ഉണ്ടാവതിരിയ്ക്കട്ടെ. അഹല്ല്യയോടായി പറഞ്ഞു, ഹേ പ്ര്‌ഥ്വീ, ജലത്തിന്റെ അഭാവത്താല്‍ അനുഭവവേദ്യമായ നിന്റെ കാഠിന്യം ഇന്ദ്രന്റെ സഹായത്താല്‍ ഇപ്പോള്‍ ഇല്ലാതായി. അതിനായിക്കൊണ്ട്‍ നീ ജഗദീശ്വരനെ സ്മരിയ്ക്കുക. ആ സ്മരണയില്‍ നീ ഏകാഗ്രയാവുക.   

ശംഭൂകന്‍:
ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണം അവസാനിയ്ക്കുന്നു എന്നാണ്‌ പണ്ഡിത മതം. ശംഭൂക വധവും മറ്റും ഉത്തരരാമായണഭാഗത്താണ്‌ വരുന്നത്‌. ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണം അവസാനിയ്ക്കുന്നുവെങ്കില്‍ ശംഭൂകനും മറ്റും പിന്നീടുണ്ടായ പലരും എഴുതി ചേര്‍ത്തതാവാം, അതുകൊണ്ട്‍ അതൊന്നും ആധികാരികമല്ലാ എന്ന്‍ വരുന്നു.  ശ്രീരാമന്‍ ശംഭൂകനെ വധിച്ചു എന്നാണ്‌ പറയുന്നത്‌. വധിയ്ക്കുന്നത്‌ മോക്ഷപ്രാപ്തിയാണ്‌. കൊല്ലലല്ല. കൊല്ലുന്നവന്‌ പുണ്യപാപങ്ങളുടെ ആഘാതമുണ്ടാവും. വധത്തില്‍ അതില്ല. ക്ഷത്രിയ ധര്‍മ്മവും രാജധര്‍മ്മവും നിറവേറ്റി എന്ന്‍ വേണം കരുതാന്‍. അതുകൊണ്ടൊക്കെത്തന്നെയല്ലേ പതിനൊന്നായിരം സംവത്സരം ശ്രീരാമന്‍ രാജ്യം ഭരിച്ചു എന്ന്‍ പറയുന്നതും. അത്രയും കാലം ഒരു രാജാവുതന്നെ ഭരിയ്ക്കണമെങ്കില്‍ ആ ഭരണത്തില്‍ ഒരു ന്യൂനതയും ഉണ്ടാവരുതല്ലൊ. ശംഭൂക വധത്തിനുശേഷം ശംഭൂകന്റെ ഭാര്യയോ കുട്ടികളോ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായിട്ടോ ജാഥ നയിച്ചതായിട്ടോ ഹൈകോര്‍ട്ടിലോ സുപ്രീംകോര്‍ട്ടിലോ ഹെബിയസ്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തതായിട്ടോ ഒന്നും പറഞ്ഞിട്ടില്ല. അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇല്ലാത്ത ഒരു അമര്‍ഷവും വിദ്വേഷവും എനിയ്ക്കെന്തിന്‌ ഉണ്ടാവണം. ഞാനാരാ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനോ..   പിന്നെ എന്തിന്‌ അതില്‍ ആവലാതി. രണ്ട്‌, രാമോ ധര്‍മ വിഗ്രഹ: എന്ന്‍ വാത്മീകിതന്നെ പറയുന്നുവല്ലൊ. രാമന്‍ ധര്‍മവിഗ്രഹമാണെങ്കില്‍, രമന്‍ ചെയ്തതൊക്കെ ധര്‍മ്മം തന്നെ എന്ന്‍ എടുക്കുന്നതാണ്‌ വിവേകം. വധം ധര്‍മ്മമാണോ എന്ന മറുചോദ്യം ഉണ്ടാവാം. കുരുക്ഷേത്ര യുദ്ധം ധര്‍മ്മയുദ്ധമാണെന്ന്‍ വ്യാസന്‍തന്നെ അവകാശപ്പെടുന്നു .  അതും വധം തന്നെയാണല്ലൊ. ധര്‍മ്മവിഗ്രഹനായ രാമന്‍ ധര്‍മ്മമേ ചെയ്യൂ. ശംഭൂകവധം ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയായിരുന്നു എന്ന്‍ ധരിക്കുന്നതാണ്‌ ഉചിതം. പുഴയില്‍നിന്ന്‍ മണല്‍വാരുന്നതും കുന്നുകളെ മുഴുവന്‍ ഇടിച്ചു നിരത്തുന്നതും വയല്‍ നികത്തുന്നതുമൊക്കെ പ്രക്ര്‌തിവിരുദ്ധമാണെന്നും, അധാര്‍മികമാണെന്നും ഒക്കെ അറിഞ്ഞതുകൊണ്ടല്ലേ, അതൊക്കെ കുറ്റക്ര്‌ത്യങ്ങളായി ഭരണകൂടം കാണുന്നതും അതിനൊക്കെ നിയമങ്ങള്‍ ഉണ്ടാക്കുന്നതും, പലരും ശിക്ഷിയ്ക്കപ്പെടുന്നതും. എന്താ, അങ്ങിനെ ശിക്ഷിയ്ക്കപ്പെടുന്നവരെ ഒരിയ്ക്കലും ഒരു കൊലക്കുറ്റത്തിന്‌ കേസ്‌ എടുത്തിട്ടല്ലല്ലൊ. അവരൊന്നും ആരേയും കൊന്നിട്ടില്ലല്ലൊ.  ഇതിനെതിരെ എന്താ ആരും കാര്യമായി ഒച്ചവെയ്ക്കാത്തത്‍.

ശംഭൂകന്‍ ഉടലോടെ സ്വര്‍ഗത്തില്‍പോകണം എന്ന ഇച്ഛയോടെയാണ്‌ തപസ്സ്‍ തുടങ്ങിയത്‌. അതും താഴെ അഗ്നി കത്തിച്ച്‍, മരക്കൊമ്പില്‍ ആ അഗ്നിയിലേയ്ക്ക് തല കീഴായി കിടന്നുകൊണ്ടായിരുന്നു തപസ്സ്‍. ഞാനും എന്റെ കുടുംബവും പരിവാരങ്ങളുമൊക്കെ കഴിയുന്ന വീട്ടില്‍, വീടും സ്ഥലവും എന്റേതാണ്‌, എന്റെ പേരിലാണ്‌, എന്നൊക്കെ പറഞ്ഞ്‍ ആ വീട്ടില്‍ എനിയ്ക്ക് തുണിയൊന്നുമുടുക്കതെ ദിഗംബരനായി കഴിയാന്‍ പറ്റ്വോ.. അങ്ങിനെ ചെയ്താല്‍ അതിനുള്ള ശിക്ഷയായി ഒരു മാനസികാരോഗ്യ ചികിത്സാലയത്തിലാക്കില്ലേ..  തപസ്സ്‍ ചെയ്യുന്നതിന്‌ ശ്രുത്യുക്തവും സ്മ്ര്‌ത്യുക്തവുമായ വഴികളുണ്ട്‌. അതിലൂടെ വേണം തപസ്സ്‍ ചെയ്യാന്‍. പ്രക്ര്‌തിവിരുദ്ധമായി ഒരു പ്രജ പ്രവര്‍ത്തിച്ചാല്‍ അതിന്‌ തക്കതായ ശിക്ഷകൊടുക്കാന്‍ രാജാവ്‌ ബാധ്യസ്ഥനാണ്‌. തപസ്സിലൂടെ നേടേണ്ടത്‍ അറിവാണ്‌, അറിവില്ലായ്മയല്ല. ശംഭൂകന്റെ തപസ്സ്‍ ശ്രീരാമന്‍ രാജാവായതിനുശേഷമായിരുന്നു എന്നത്‍ സാന്ദര്‍ഭികം മാത്രം. ദശരഥന്റെ സ്വര്‍ഗ്ഗവാസത്തിനു മുമ്പായിരുന്നു ശംഭൂകന്‍ ഇത്തരത്തിലൊരു തപസ്സനുഷ്ഠിയ്ക്കാന്‍ തീരുമാനിച്ചതെങ്കില്‍, അന്നും ഇതുതന്നെയാകുമായിരുന്നു ഗതി. ഇവിടെ ശ്രൂദ്രനെന്നോ ബ്രാഹ്മണനെന്നോ ഒന്നും നോക്കിയിട്ടല്ല വധം. മാരീചന്‍ എന്ന ഒരു മാനിനെ വെറുതെ കൊന്നില്ലേ എന്ന്‍ എന്തുകൊണ്ടാണ്‌ ആരും ചോദിയ്ക്കാത്തത്‌. അതൊരു മിണ്ടാപ്രാണി ആയിരുന്നില്ലേ.  പാഞ്ചഭൗതിക ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക്‍ പോകാന്‍ പറ്റില്ല. അത്‌ പ്രക്ര്‌തി വിരുദ്ധമാണ്‌. തന്റേടമുണ്ടെങ്കില്‍  നാമൊക്കെ അതുപോലെ ഒരു തപസ്സ്‍ ചെയ്യാന്‍ തുനിയുകയാണ്‌ വേണ്ടത്‍.  അത്തരത്തിലുള്ള പല തപസ്സുകളും ചെയ്തതിന്റെ ഫലമായിട്ടാണ്‌ രാവണനും മറ്റും ബ്രഹ്മാവ്‌ പല കഴിവുകളും കൊടുത്തതും അതുകൊണ്ടാണ്‌ നിരാകാര ബ്രഹ്മത്തിന്‌ സാകരരൂപം ധരിയ്ക്കെണ്ടി വന്നതും. ശംഭൂകന്‍ തപസ്സുചെയ്ത്‌ വിജയിച്ചാല്‍ ബ്രഹ്മാവ്‍ വീണ്ടും അത്തരത്തിലുള്ള കഴിവുകള്‍ കൊടുത്താല്‍, അതിന്‌ ശ്രീരാമനെ കാരണക്കാരനാക്കില്ലേ നാമൊക്കെ, കാരണം ധര്‍മ്മവിഗ്രഹനായ രാമന്‍ എന്തുകൊണ്ട്‍ ശംഭൂകനെ അന്നുതന്നെ കൊന്നുകളഞ്ഞില്ല എന്ന്‍ ചോദിയ്ക്കില്ലേ...  
   
പുരാണങ്ങളെക്കുറിച്ചും ഇതിഹാസങ്ങളെക്കുറിച്ചും പരാമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന്‍ സ്വയം ചിന്തിയ്ക്കണം. ഞാന്‍ രാമനാണോ, രാവണനാണോ, ഞാന്‍ ശൂര്‍പ്പണഖയാണോ ശബരിയാണോ, ഞാന്‍ കുംഭകര്‍ണ്ണനാണോ ലക്ഷ്മണനാണോ.... ഞാന്‍ ധ്ര്‌തരാഷ്ട്രരാണോ ധര്‍മ്മപുത്രരാണോ, ഞാന്‍ ശകുനിയാണോ വിദുരരാണോ... ഞാന്‍ ദു:ശ്ശാസനനാണോ അര്‍ജ്ജുനനാണോ.  എന്നില്‍ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവന്‌ ആരിലും ഒരു കുറവോ കൂടുതലോ ദര്‍ശിയ്ക്കാന്‍ സാധ്യമല്ല. 

2013 നവംബർ 5, ചൊവ്വാഴ്ച

ഭൗതികത ദു:ഖ പൂരിതം


ഭൗതികത ദു:ഖ പൂരിതം

ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ്‌ എല്ലാ ദു:ഖങ്ങളും എന്ന്‍ ശാസ്ത്ര ലോകം വിളിച്ചോതുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‍ എന്ന്‍ ആരോഗ്യശാസ്ത്രത്തിന്റെ കാവാലന്മാര്‍ ഘോഷിക്കുന്നു.  ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ്‌ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നത്‍ എന്ന്‍ ഭരണകൂടം വിളംബരം ചെയ്യുന്നു. ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ്‌ കുടുംബങ്ങള്‍ തകരുന്നത്‍ എന്ന്‍ സാമൂഹ്യ പരിഷ്‍കര്‍ത്താക്കള്‍ ഏറ്റു പറയുന്നു.  ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ്‌ മാനവന്‍ അജ്ഞാനത്തില്‍നിന്ന്‍ കരകയറാത്തതെന്ന്‍  സാഹിത്യനായകന്മാരും ആക്‍ടിവിസ്റ്റുകളും വിളിച്ചുപറയുന്നു.  ഭൗതിക യാഥ്യാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ്‌ വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും  വര്‍ദ്ധിക്കുന്നത്‍ എന്ന്‍ മതമേലാളന്മാരും മത സംഘടനകളും പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, മാനവസമൂഹത്തിന്റെ സകലമാന കഷ്ടതകള്‍ക്കും ദു:ഖങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണം ഭൗതിക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ പറ്റാത്തതാണെന്നാണ്‌ എല്ലാ രാഷ്ട്രീയ കക്ഷികളും ഭരണനേതാക്കളും സര്‍ക്കാരും  എഴുത്തുകാരും സംഘടനകളും മതങ്ങളും മതസംഘടനകളും ഒക്കെ പറയുന്നത്‍. 

കഴിഞ്ഞ ഒരു അമ്പതോ അതിലധികമോ വര്‍ഷങ്ങളായി ലോകമെമ്പാടും മാനവനെ ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉതകുന്ന, സഹായിക്കുന്ന വിദ്യാ സങ്കേതങ്ങളാണ്‌ എല്ലായിടത്തും ഉരുത്തിരിഞ്ഞ്‍ വന്നത്‍.  ഇപ്പോള്‍ ഭൗതിക യാഥാര്‍ത്ഥ്യങ്ങളുമായി, ഭൗതിക സാഹചര്യങ്ങളുമായി, എല്ലായിടത്തും എല്ലാവരും പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  

ഭൗതികതയെ വാരിപ്പുണര്‍ന്നുകൊണ്ട്‍ ആര്‌ തന്നെ ജീവിച്ചാലും, അത്‍ അവനെ രോഗത്തിലേക്കും ദു:ഖത്തിലേക്കും മാത്രമേ നയിക്കൂ. ഭൗതികതയില്‍ ദു:ഖങ്ങള്‍ അകറ്റാനുള്ള, രോഗങ്ങളെ ഇല്ലാതാക്കാനുള്ള, ഒന്നുംതന്നെ ഇല്ലാ എന്ന്‍ സുവ്യക്തമായിത്തന്നെ അറിയുക. എല്ലാ ദു:ഖങ്ങള്‍ക്കും, എല്ലാ രോഗങ്ങള്‍ക്കും കാരണം ഭൗതികതയോടുള്ള മാനവന്റെ അമിതമായ ആവേശം ഒന്നുമാത്രമാണ്‌. 

ഭൗതികതയ്ക്ക്‍ ഇത്രയൊന്നും പ്രാമുഖ്യം കൊടുക്കാതെ ജീവിച്ചിരുന്ന തലമുറയായിരുന്നു ഒരു അമ്പത്‍ വര്‍ഷങ്ങള്‍ക്ക്‍ അപ്പുറം ഉണ്ടായിരുന്നത്‍. ഇന്നത്തെ അപേക്ഷിച്ച്‍ അവര്‍ക്ക്‍ ഇത്രയധികം ദു:ഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന്‍ നമ്മുടെതന്നെ അനുഭവങ്ങളില്‍ നിന്നും സിദ്ധമാണ്‌.  ഉള്ളതുകൊണ്ട്‍, കിട്ടിയതുകൊണ്ട്‍, കിട്ടുന്നതുകൊണ്ട്‍ സന്തുഷ്ടരായി സംത്ര്‌പ്തരായി അവര്‍ അവരുടെ അടുത്ത തലമുറയ്ക്ക്‍ കാണിച്ചു തന്നിട്ടാണ്‌ വിട്ടു പോയത്‍. നമ്മുടെയൊക്കെ അനുഭവവും അതിനോട്‌ ഒത്തുചേര്‍ന്നു പോകുന്നതുതന്നെയാണല്ലൊ. പക്ഷെ നമ്മുടെ ജീവിതവും സകല കര്‍മ്മകലാപങ്ങളും എല്ലാം കൂടി, നാം ആ കഴിഞ്ഞുപോയ തലമുറകളേക്കാള്‍ വളരെ കഷ്ടതകളും ദു:ഖങ്ങളും രോഗങ്ങളും അനുഭവിക്കുന്നു. 

ഇതില്‍നിന്നും വിവരമുള്ളവന്‍ മനസ്സിലാക്കേണ്ടത്‍, ഭൗതിക യാഥാര്‍ത്ഥ്യങ്ങളോട്‌ എത്രമാത്രം മിത്രതയും അഭിനിവേശവും പുലര്‍ത്തുന്നുവോ അത്രയും ദു:ഖവും മ്ര്‌ത്യുവും പ്രദാനം ചെയ്യുന്നു. 

കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുന്നത്‍ കര്‍മ്മസന്യാസം


കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുന്നത്‍ കര്‍മ്മസന്യാസം

മഹാഭാരതത്തില്‍ വിദുരര്‍ മൈത്രേയ മഹര്‍ഷിയുടെ അരികിലെത്തി ഒരു സംശയം ഉന്നയിക്കുന്നുണ്ട്‍. ഹസ്തിനാപുരത്തിലെ മന്ത്രിയായി എത്രയോ വര്‍ഷം കഴിച്ചുകൂട്ടിയ ആളാണ്‌ വിദുരര്‍. നല്ല പണ്ഡിതന്‍ എന്ന്‍ പറഞ്ഞാല്‍ പോരെന്ന്‍ തോന്നുന്നു, അപാര പണ്ഡിതന്‍ തന്നെ എന്ന്‍ വിശേഷിപ്പിക്കാം. അപാര പണ്ഡിതനും നിയമജ്ഞനുമൊക്കെയാണ്‌ വിദുരര്‍. എത്രയോ രാജാക്കന്മാരെ കണ്ടറിഞ്ഞ ആളാണ്‌. എത്രയോ സാധാരണക്കാരെ കണ്ട ആളാണ്‌. സാക്ഷാല്‍ വേദവ്യാസ പുത്രനുമാണ്‌. 

അദ്ദേഹം ചോദിക്കുകയാണ്‌, ഹേ ഭഗവന്‍, ഈ ലോകത്ത്‍ കണ്ടുവരുന്ന വിചിത്രമായൊരു സത്യമാണ്‌ - 

സുഖായ കര്‍മ്മാണി കരോതി ലോകാ: 
നതൈഹി സുഖം വ അന്യദുപാരമം വ 
വിന്ദ്യേത ഭൂയ: തത്‌ ഏവ ദു:ഖംയതത്രൈ 
യുക്തം ഭവന്‍ വദേന്‍

ലോകത്തില്‍ സകല ജന്തുക്കളും സുഖത്തിനായിട്ട് അനുസ്യൂതം കര്‍മ്മം ചെയ്യുന്നു, പ്രവര്‍ത്തിയ്ക്കുന്നു. നിരന്തരം സുഖം ഉണ്ടായിക്കൊണ്ടിരിയ്ക്കണം എന്ന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‍. അനുസ്യൂതം പ്രവ്ര്‌ത്തി അതിനുവേണ്ടിയിട്ടാണ്‌. എന്നാല്‍ സര്‍വ്വത്ര ദു:ഖം മാത്രമേ കാണാന്‍ കഴിയുന്നുള്ളു. ഇതെന്താണിങ്ങനെ എന്ന്‍ അങ്ങ്‍ എന്നോട്‍ പറയണം, എനിയ്ക്ക്‍ പറഞ്ഞു തരണം.  

കഥകളിലും കവിതകളിലുമൊക്കെ മാത്രമേ സുഖം എന്ന്‍ എഴുതിക്കാണുന്നുള്ളു. മറ്റ്‍ എവിടെയും സുഖം കാണുന്നുമില്ല.  ഇതാണ്‌ വിദുരരുടെ സംശയം.  കഥകളും കവിതകളുമൊക്കെ എഴുതുമ്പോള്‍ കഥാകാരന്മാരും മറ്റും എഴുതും, ഒരു പാട്‌ കഷ്ടപ്പെട്ട്‍, കുറെ പ്രയത്നമൊക്കെ ചെയ്ത്, എന്നിട്ട്‍ വിവാഹമൊക്കെ കഴിച്ച്‍ രണ്ടുപേരും സുഖമായി ജീവിച്ചു എന്ന്‍, ഇങ്ങനെ എല്ലാ കഥകളും എഴുതി അവസാനിപ്പിക്കും. എല്ലാത്തിനും വിവാഹമൊക്കെ കഴിച്ച്‍ സുഖമായി ജീവിച്ചു എന്നാണ്‌ എല്ലാവരും എഴുതുന്നത്‍. ദ്ര്‌ശ്യ ആവിഷ്കാരങ്ങളില്‍, നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും എല്ലാം ഇതുതന്നെ കാണാം,  അതിനുശേഷം, വിവാഹം കഴിഞ്ഞ്‍ അവര്‍ സുഖമായി ജീവിച്ചു, എന്ന്‍.  പക്ഷെ അനുഭവമുള്ളവര്‍ക്ക്‍ അറിയാം, ഇനിയാണ്‌ കഥ ആരംഭിയ്ക്കാന്‍ പോകുന്നുള്ളു എന്ന്‍. 

കര്‍മ്മങ്ങള്‍ എന്തെല്ലാമോ ചെയ്ത്‍ കൂട്ടിയാലേ സുഖം ഉണ്ടാവൂ എന്നാണ്‌ എല്ലാവരും കരുതുന്നത്‍. കരുതുക മാത്രമല്ല, അതിലാണ്‌ വിശ്വസിക്കുന്നതുതന്നെ. ലോകത്ത്‍ അറിയപ്പെടുന്ന കാലം മുതല്‍ക്കുള്ള   ചരിത്രമെടുത്ത്‍ പരിശോധിച്ചാല്‍, കര്‍മ്മം ചെയ്ത്‍ കൂട്ടിയിട്ട്‍ ആര്‍ക്കെങ്കിലും നിത്യസുഖം കിട്ടിയിട്ടുണ്ട്‍ എന്ന്‍ പറയാന്‍ പറ്റുമോ. അതേപോലെത്തന്നെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ, കര്‍മ്മം ചെയ്തിട്ട്‍ എല്ലാ ദു:ഖവും നീങ്ങി, പൂര്‍ണ്ണത്ര്‌പ്തനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നുണ്ടോ.

ഇതിന്റെ പൊരുളെന്താണ്‌.  കര്‍മ്മം ചെയ്തതുകൊണ്ട്‍ ഒരിക്കലും ശാശ്വത സുഖം കിട്ടില്ല എന്നുതന്നെയാണ്‌. കര്‍മ്മത്തില്‍നിന്നുള്ള മോചനമാണ്‌, കര്‍മ്മത്തില്‍നിന്നുള്ള മുക്തിയാണ്‌ സ്വാതന്ത്ര്യം. കര്‍മ്മങ്ങള്‍ അനുസ്യൂതം ചെയ്ത്‍ കഴിയുമ്പോള്‍, മനുഷ്യനാണെങ്കില്‍, അതിന്റെ വ്യര്‍ത്ഥത ബോധ്യപ്പെടണം. കര്‍മ്മവ്യര്‍ത്ഥതയുടെ അനുഭവമാണ്‌ കര്‍മ്മമുക്തി.  സുഖവും ശാന്തിയും സമാധാനവും എല്ലാം ആത്മാവിന്റെതന്നെ സ്വരൂപമാണ്‌. ശുദ്ധബുദ്ധമുക്ത സ്വരൂപനായ ആത്മാവില്‍നിന്നു മാത്രമേ സുഖസമാധാനാദികള്‍ സ്ഫുരിക്കുകയുള്ളു. അല്ലാതെ കര്‍മ്മത്തില്‍നിന്നോ സന്താനങ്ങളില്‍നിന്നോ ധനത്തില്‍നിന്നോ ശാസ്ത്രാദികളുടെ പഠനപാഠനങ്ങളില്‍നിന്നോ ഇതൊന്നും ലഭിയ്ക്കില്ല. ന കര്‍മ്മണാ ന പ്രജയാ ന ധനേന ന പ്രവചനേന ലഭ്യ എന്നാണ്‌ ശ്രുതി അരുളുന്നത്‍. അതുകൊണ്ട്‍ കര്‍മ്മമുക്തിയ്ക്കായിക്കൊണ്ട്‍വേണം കര്‍മ്മം ചെയ്യാന്‍. അങ്ങിനെ ചെയ്യുമ്പോള്‍ വൈകാതെത്തന്നെ കര്‍മ്മവൈരാഗ്യം ഭവിക്കുകയും വിരാഗത പ്രകടമാവുകയും സുഖശാന്ത്യാദികള്‍ അനുഭൂതമാവുകയും ചെയ്യും.