ദേഹാഭാവം മോക്ഷകവാടം
ഉണര്‍ന്നിരിക്കുന്ന അവസ്ഥ - ജാഗരണാവസ്ഥ - സ്വഭാവമായിരിക്കുന്ന ജീവാത്മാവിന് മോക്ഷാവസ്ഥ സാധ്യമല്ല.
ദേഹഭാവം ജാഗരണാവസ്ഥയില്‍ ജീവാത്മാവിന്റെ സ്വഭാവമാണ്. ദേഹബോധം ഉള്ളിടത്തോളം ദ്വൈതത്ത്വം നിലനില്‍ക്കുകയും ഏകാത്മകത്ത്വം പ്രകടീഭൂതമാകാതിരിക്കുകയും ചെയ്യുന്നു. ഗാഢസുഷുപ്തിയില്‍ ദേഹബോധം നശിക്കുന്നു. ദേഹാവബോധം സുഷുപ്തിയുടെ സ്വഭാവമാണ്. ഇത്‍ രണ്ടും ഒരേ സമയത്ത്‍ ഒരുവനില്‍ ഉണ്ടാവുക സാധ്യവുമല്ല
ദേഹാദി സംസക്തിമതോ ന മുക്തി:
മുക്തസ്യ ദേഹാദുഅഭിമത്യഭാവ:
സുപ്തസ്യ നോ ജാഗരണണ് ന ജാഗ്രത:
സ്വപ്നസ്തയോര്‍ ഭിന്നഗുണാശ്രയത്വാത്‍ വി.ചൂ. 339
ദേഹാദികളില്‍ ആസക്തനായവന് മുക്തിയില്ല. മുക്തന് ദേഹാദികളില്‍ അഭിമാനവുമില്ല. ഉറങ്ങിയവന്‍ ഉണര്‍ന്നിരിക്കുന്നില്ല. ഉണര്‍ന്നിരിക്കുന്നവന്‍ ഉറങ്ങുന്നുമില്ല, കാരണം അവ രണ്ടും വിരുദ്ധ സ്വഭാവത്തോടു കൂടിയതാകുന്നു. ന സ പുനരാവര്‍ത്തതേ, എന്ന്‍ ശ്രുതി അരുളുന്നു.
ബഹിര്‍നിരോധ: പദവീ വിമുക്തേ
മനോവ്ര്‌ത്തികള്‍ ബാഹ്യപദാര്‍ത്ഥങ്ങളെ ഗ്രഹിയ്ക്കാതിരിക്കുക എന്നത്‍ മോക്ഷത്തിലേയ്ക്കുള്ള പടിയാണ് .
സങ്കല്‍പം വര്‍ജ്ജയേത്‍ തസ്മാദ്‍ സര്‍വ്വാനര്‍ത്ഥസ്യ കാരണം. സര്‍വ്വ ദുഖങ്ങള്‍ക്കും, സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണം സങ്കല്പം തന്നെ. സങ്കല്പത്തില്‍ നിന്ന്‍ കര്‍മ്മം ഉത്ഭവിക്കുന്നതുകൊണ്ട്‍ ജീവാത്മാവ്‍ കര്‍മ്മനിരതനാകുന്നു. അത്‍ ദു:ഖകാരണമാകുന്നു. ക്രിയാനാശേ ഭചേച്ചിന്താ, നാശോഽസ്മാദ്‍ വാസനക്ഷയ:
സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ് കര്‍മ്മം. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ത്യാജ്യമാണ്. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുമ്പോള്‍ കര്‍മ്മങ്ങള്‍ അസ്തമിയ്ക്കുന്നു. സങ്കല്പങ്ങളെ കര്‍മ്മപഥത്തിലെത്താന്‍ അനുവദിയ്ക്കാഞ്ഞാല്‍ സങ്കല്പങ്ങള്‍ ക്ഷയിക്കും. കര്‍മ്മമാണ് വാസനകളെ ഉല്പന്നമാക്കുന്നത്‍.
ചിന്താ നാശം കര്‍മനാശം
കര്‍മ്മനാശം വാസനക്ഷയം
വാസനക്ഷയം മോക്ഷപ്രാപ്തി
വാസനാക്ഷയംതന്നെയാണ് മോക്ഷം എന്നിരിയ്ക്കെ, കര്‍മ്മനാശത്തിന് വിവേകികള്‍ ശ്രമിയ്ക്കേണ്ടിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ