യം യം ലോകം മനസാ സംവിഭാതി വിശുദ്ധസത്ത്വ: കാമയതേ യാംശ്ച കാമാന്‍
തം തം ലോകം ജയതേ താംശ്ച കാമാം സ്തസ്‍മാദാത്മജ്ഞം ഹ്യര്‍ച്ചയേദ്‍ ഭൂതികാമ:
1.3.10 മുണ്ഡകം
മനുഷ്യനില്‍ കുടികൊള്ളുന്ന അപാരശക്തിയെ കുറിച്ച്‍ ഇതില്‍ പ്രതിപാദിയ്ക്കുന്നു. മനസ്സില്‍ ഏതൊന്നിനെയാണോ യം യം ലോകം ഏതേത്‍ വിധം ലോകങ്ങളെയാണോ മനസാ സംവിഭാതി, മനസ്സുകൊണ്ട്‍ വിഭാവനം ചെയ്യുന്നത്‍, തം തം ലോകം ജയതേ എന്ന്‍ പറയുന്നു. ഏതൊന്നിനെയാണോ ധ്യാനിയ്ക്കുന്നത്‍, ഒരു ഉറച്ച തീരുമാനത്തില്‍, അചഞ്ചലമായ തീരുമാനത്തില്‍ ഉറച്ചുനിന്ന്‍, അത്‍ നേടണമെന്ന ഉല്‍ക്കടമായ അഭിലാഷമുണ്ടാക്കിയെടുത്താല്‍, അത്തരത്തിലുള്ള ഭാവനയെ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞാല്‍, തം തം ലോകം ജയതേ, തീര്‍ച്ചയായും ആ ലോകത്തെ, ആ കാര്യത്തെ, ജയിയ്ക്കാം, നേടാം എന്ന്‍ ഘോഷിയ്ക്കുന്നു. ഈ സിദ്ധാന്തം ഭൗതിക കാര്യങ്ങളില്‍ പലര്‍ക്കും അനുഭവവേദ്യമാണ് എന്നത്‍ അവിതര്‍ക്കമാണല്ലൊ. എന്നാല്‍ ഇതേ സിദ്ധാന്തംതന്നെ അലൗകികതയിലേയ്ക്കെത്തുമ്പോള്‍, അവിടെ ഈ വാദം വിലപ്പോവില്ല. ഇതിനോടുകൂടി ഒരു നിബന്ധനകൂടി വെയ്ക്കുന്നുണ്ട്‍. ആ നിബന്ധനയാണ് സംവിഭാതി വിശുദ്ധസത്ത്വ: എന്നത്‍. ഇത്രയേഉള്ളു. വിശുദ്ധ അന്ത:കരണത്താല്‍ വിഭാവനം ചെയ്യുന്നുവെങ്കില്‍ ബ്രഹ്മത്തെ ഗ്രഹിയ്ക്കാം എന്ന്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ