2013 നവംബർ 14, വ്യാഴാഴ്‌ച

തന്റെ അപാരമായ കഴിവിനെ തിരിച്ചറിയുക

ഒരു മനുഷ്യന്‌ അപാരമായ കഴിവുണ്ട്‍. മനുഷ്യനെ ജനനം മുതല്‍ക്കുതന്നെ ബന്ധിപ്പിച്ച്‍ നിര്‍ത്താനാണ്‌  അച്ഛനമ്മമാരും വീട്ടുകാരും നാട്ടുകാരും സമൂഹവും മതങ്ങളും രാഷ്ട്രീയവും എല്ലാം ശ്രമിക്കുന്നത്‍.  ആരും സ്വതന്ത്രരാവുന്നത്‍ ആര്‍ക്കും ഇഷ്ടമല്ല.

ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ കുട്ടി കണ്ണ്‍ തുറന്നിരിക്കുമ്പോഴും ആരെയും നോക്കുന്നില്ലെന്ന്‍ തോന്നും. കുട്ടിയുടെ ദ്ര്‌ഷ്ടി ആ സമയത്ത്‍ അനന്തതയില്‍ വിലസുന്നതായി നമുക്ക്‍ കാണാം. എന്തിനെയോ സൂക്ഷ്മമായി ആ കുഞ്ഞ്‍ കാണുന്നു. അത്യന്തം സൂക്ഷ്മമായിട്ടുള്ളത്‍ ഈശ്വരതത്ത്വമാണ്‌, പരമാത്മതത്ത്വമാണ്‌. അതിലാണ്‌ ആ കുഞ്ഞ്‍ അത്തരം സന്ദര്‍ഭങ്ങളില്‍ രമിക്കുന്നത്‍. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ അതിനുമുമ്പത്തെ ഓരോ ജന്മങ്ങളും ആ ജന്തുവിന്‌ ഓര്‍മ്മ വരുന്നുണ്ട്‍ (ജന്തു എന്നാണ്‌ ഈ അവസ്ഥയിലുള്ള ജീവാത്മാവിന്‌ പറയുന്നത്‍). ആ ജന്മങ്ങളില്‍ അനുഭവിച്ച സുഖങ്ങളും നരകയാതനകളും ആ ജന്തുവിന്‌ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നു. മാതാവിന്റെ കുക്ഷിയില്‍ കിടക്കുമ്പോള്‍ വളരെ നേരിയ തൊലികളുള്ള ആ ജന്തു, അമ്മയുടെ ശരീരത്തിന്റെ ചൂട്‍ സഹിക്കവയ്യാതെ അത്യധികം ദു:ഖിക്കുന്നു, മാതാവ്‍ കഴിക്കുന്ന ചൂടുള്ളതും എരിവുകൂടിയതും ചമര്‍പ്പുള്ളതുമൊക്കെയായ ആഹാരത്തിന്റെ ചൂടും എരിവും പുളിയും എല്ലാം ആ നിസ്സഹായനായ ജന്തു അനുഭവിക്കുകയും അതീവ ദു:ഖത്തിലാവുകയും ചെയ്യുന്നു. മലമൂത്രാദികളുടെ നടുവില്‍ കിടന്ന്‍ ക്ര്‌മികീടാദികള്‍ ആ ജന്തുവിനെ ശരീരത്തില്‍ മുഴുവനും കടിക്കുന്നു, അതിനെ വേദനിപ്പിക്കുന്നു. ബാഹ്യലോകത്തുനിന്നുള്ള ശബ്ദകോലാഹലങ്ങളും മാതാവിന്റെ മാനസിക ചിന്തകളും സംഘര്‍ഷങ്ങളും എല്ലാം ആ ബലഹീനനായ കുഞ്ഞിനെ ബാധിക്കുന്നു. അവിടെ കിടന്ന്‍ പ്രതികരിക്കാന്‍ കഴിവില്ലാത്ത ആ കുഞ്ഞ്‍  പ്രാര്‍ത്ഥിക്കുന്നു, ഹേ ജഗദീശ്വരാ, എന്നെ എത്രയും പെട്ടെന്ന്‍ ബാഹ്യലോകത്തിലേക്ക്‍ കൊണ്ടുപോകണമേ, അവിടെ എത്തിയാല്‍ ഞാന്‍ നിന്നെത്തന്നെ സ്മരിച്ച്‍, നീ പറഞ്ഞിട്ടുള്ളതുപ്രകാരം ജീവിച്ചുകൊള്ളാം എന്ന്‍ വാക്ക്‍ കൊടുക്കുന്നു. ഇതൊന്നും ആധുനിക വൈദ്യശാസ്ത്രമോ അഭ്യസ്ഥവിദ്യരാണെന്നഭിമാനിക്കുന്നവരോ കണക്കാക്കാറില്ല, അവര്‍ അതിനെകുറിച്ച്‍ അജ്ഞരുമാണ്‌.  പുറത്തു വരുന്നതിനുമുമ്പ്‍ ഉണ്ടായിരുന്ന ഓര്‍മ്മകള്‍ മുഴുവനും നഷ്ടപ്പെടുന്നതോടെ ഒന്നിനും ശക്തിയില്ലാത്ത ആ കുഞ്ഞ്‍ മറ്റുള്ളവരുടെ ദയകൊണ്ട്‍ ജീവിക്കുന്നു.

അമ്മയുടെയും വീട്ടുകാരുടെയും ഇഷ്ടാനുസരണമാണ്‌ ആ കുഞ്ഞിന്റെ ഓരോ കാര്യങ്ങളും നടത്തുന്നത്‍. കുഞ്ഞിന്റെ ഇഷ്ടങ്ങള്‍ എന്താണെന്ന്‍ അറിയാത്തതുകൊണ്ട്‍, തന്റെ ഇഷ്ടംതന്നെയാണ്‌ കുഞ്ഞിന്റെ ഇഷ്ടവും എന്ന്‍ വീട്ടുകാരും തീരുമാനിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും കൂടെ വളരുന്ന കുട്ടിയെ ചെറുപ്പം മുതല്‍തന്നെ എല്ലാവിധ വേണ്ടാത്തരങ്ങളും പഠിപ്പിക്കുന്നു. കള്ളത്തരങ്ങളും ചതിയും വെറുപ്പും വിദ്വേഷവും എല്ലാം കുഞ്ഞില്‍ കുത്തിവെക്കുന്നു.  എവിടെയോ ദ്ര്‌ഷ്ടി ഉറപ്പിച്ച്‍ മലര്‍ന്ന്‍ കിടക്കുന്ന കുട്ടിയുടെ ദ്ര്‌ഷ്ടിയെ പലതും പറഞ്ഞും കാണിച്ചുകൊടുത്തും ദ്ര്‌ഷ്ടിയെ ആകര്‍ഷിക്കുന്നു. ഒന്നിനോടും പ്രതികരിക്കാത്ത  കുട്ടിയാണെങ്കില്‍ അതിനെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. പ്രസവിച്ച ഉടന്‍ തന്നെ കുട്ടിയെ കരയിപ്പിക്കുന്നു. കുട്ടി കരഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളവരൊക്കെ കരയും കുട്ടി കരഞ്ഞാലോ, എല്ലാവരും സന്തോഷിക്കും. മറ്റുള്ളവന്റെ ദു:ഖത്തില്‍ സന്തോഷിക്കുവാന്‍ ആദ്യമേ കുട്ടിയെ പഠിപ്പിക്കുന്നു. മലര്‍ന്ന്‍ കിടന്ന്‍ കളിക്കുമ്പോള്‍ എന്തെങ്കിലും ഒരു സാധനം കാണിച്ചുകൊടുത്ത്‍ അതിന്റെ നേരെ കുട്ടി കൈ നീട്ടാന്‍ തുടങ്ങിയാല്‍, സാധനത്തിനെ പുറകോട്ട്‍ വലിച്ചിട്ട്‍ പറയും, തരില്ല്യ തരില്ല്യ എന്ന്‍. ഓഹോ, ഇങ്ങിനെയാണ്‌ വേണ്ടത്‍ എന്ന്‍ ആ കുട്ടി പഠിക്കുന്നു.  ഇത്‍ അച്ഛന്‍ ഇത്‍ അമ്മ ഇത്‍ മുത്തച്ഛന്‍ എന്നൊക്കെ പറഞ്ഞ്‍ പഠിപ്പിക്കും.   ആരും തന്നെ പരമശിവന്റെ ഒരു പടം കാണിച്ചുകൊടുത്ത്‍ ഇത്‍ ഈശ്വരന്‍, ഇത്‍ ദേവി, ഇത്‍ ബ്രഹ്മം,  എന്നൊന്നും ആരും പറഞ്ഞുകൊടുക്കുന്നത്‍ കണ്ടിട്ടില്ല.  നീ മകനാണ്‌, നീ രാജനാണ്‌, ആണാണ്‌, നീ പെണ്ണാണ്‌ എന്നൊക്കെ പറഞ്ഞ്‍ ധരിപ്പിക്കും.  എന്നാല്‍ നീ ഈ ശരീരമല്ല, നീ സത്യസ്വരൂപനാണ്‌, നീ ശാന്തനാണ്‌, ശാന്തസ്വരൂപനാണ്‌, നീ നാശമില്ലാത്തവനാണ്‌, നീ  ജനനമോ മരണമോ ഇല്ലാത്തവനാണ്‌, നീ സച്ചിദാനന്തസ്വരൂപമാണ്‌, നീ ഈ ദേഹമല്ല, നീ ആത്മാവാണ്‌, നീ സോഹമാണ്‌, നീ അപാര കഴിവുള്ളവനാണ്‌, നീ തന്നെയാണ്‌ ഈശ്വരന്‍, നീതന്നെയാണ്‌ ബ്രഹ്മം, ഇത്യാദി ഒന്നുംതന്നെ ആരും പറഞ്ഞുകൊടുക്കുന്നതോ പഠിപ്പിക്കുന്നതോ കണ്ടിട്ടില്ല. കുറച്ച്‍ വളര്‍ന്നു കഴിഞ്ഞ്‍, കുട്ടി സത്യം പറഞ്ഞാല്‍ അത്‍ അച്ഛനമ്മമാര്‍ക്ക്‍ ഇഷ്ടമല്ല. അതുകൊണ്ട്‍ അവനെ അസത്യം പറയാന്‍ പഠിപ്പിക്കും.  നിഷ്കളങ്കരായ കുട്ടികളെ അച്ഛനമ്മമാര്‍ക്കുതന്നെ ഇഷ്ടമല്ല. വീട്ടില്‍ വന്ന മറ്റൊരു കുട്ടിയ്ക്കോ ഒരു ഭിക്ഷക്കാരനോ എന്തെങ്കിലും സാധനം ആ കുട്ടി അവന്റെ നിഷ്കളങ്കതയാല്‍ എടുത്തു കൊടുത്താല്‍ അതൊന്നും ആര്‍ക്കും ഇഷ്ടമല്ല. 

കുട്ടിയുടെ ഉള്ളിലുള്ള കഴിവിനെ മൂടിവെച്ച്‍, അതിനെ പുറത്തു ചാടാന്‍ അനുവദിക്കാതെ, ആ കുട്ടിയെ വളര്‍ത്തുന്നവന്റെ ഇഷ്ടത്തിനനുസരിച്ച്‍ വളര്‍ത്തിക്കൊണ്ടു വരുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവന്റെതന്നെ കഴിവിനെ കുറിച്ച്‍ അജ്ഞനായിത്തീരുന്നു, തീരാദു:ഖത്തില്‍ പെട്ട്‍ പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന ജീവിതചക്രത്തിലേക്ക്‍ പ്രവേശിക്കുന്നു. 

വേണ്ടാത്തതൊന്നും കുട്ടിയെ പഠിപ്പിക്കാതിരിക്കുക, വേണ്ടാത്തതൊന്നും ശീലിപ്പിക്കാതിരിക്കുക.  പ്രബോധനപ്രേരിതങ്ങളായ വാക്കുകളും കഴിവിനെകുറിച്ചുള്ള ബോധം വളര്‍ത്തുന്ന ആശയങ്ങളും കുട്ടികളോട്‌ പറഞ്ഞ്‍ അറിയിക്കുക.  എന്നിട്ട്‍ നോക്കൂ, അവന്‍ ആരായിത്തീരുന്നു എന്ന്‍. 

അഭിപ്രായങ്ങളൊന്നുമില്ല: